Sunday, July 27, 2008

ഹേയ്...ബൂലോഗമേ മലയാള ഭാഷയ്ക്കൊരു കൈത്താങ്ങാകൂ!


മലയാളം മലയാളികളിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി യൂണിക്കോഡില്‍ ക്രോഡീകരിയ്ക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്ന പദമുദ്ര ഒരു സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ മലയാളം നിഘണ്ടുവാണ്.

മലയാളം മരിയ്ക്കുകയാണോ എന്ന ചോദ്യത്തിന് മലയാളം മരിച്ചു കൊണ്ടേയിരിയ്ക്കുന്നു എന്ന് തന്നെ ഉത്തരം പറയേണ്ടി വരും. പതിനായിരക്കണക്കിന് പദങ്ങളാല്‍ സമ്പന്നമായ മലയാളത്തിന്റെ ഇന്ന് ഉപയോഗത്തിലുള്ള പദങ്ങള്‍ കേവലം മൂവായിരത്തിനും താഴെ മാത്രമേ ഉള്ളൂ‍ എന്ന് തിരിച്ചറിയുമ്പോള്‍ മാത്രമേ മലയാളം മലയാളിയില്‍ നിന്നും എന്ത് മാത്രം അകന്നു പോയിരിയ്ക്കുന്നു എന്ന് മനസ്സിലാകുള്ളൂ. മലയാളം ബ്ലോഗുകളില്‍ ഇന്ന് എഴുതപ്പെടുന്ന പോസ്റ്റുകളിലെ എല്ലാ വാക്കുകളും കൂടെയെണ്ണിയാലും ഈ മൂവായിരത്തിനുള്ളില്‍ നില്‍ക്കും. പത്രങ്ങളും ആനുകാലികങ്ങളും പുതിയ കഥകളും കവിതകളും ലേഖനങ്ങളും എല്ലാം കൂടി പരതിയാലും പദങ്ങള്‍ മൂവായിരത്തിനും മുകളില്‍ കാണില്ല തന്നെ.

പദമുദ്ര എന്ന സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ നിഘണ്ടു പദ്ധതിയിലേയ്ക്ക് പദങ്ങള്‍ ചേര്‍ക്കാന്‍ ഒരവസരം കിട്ടിയപ്പോഴാണ് മലയാള ഭാഷ എന്നില്‍ നിന്നും എത്രയോ അകലെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഭാഷയില്ലാത്തവന്റെ മലയാള ഭാഷാ ബ്ലോഗിങ്ങാണ് ഞാന്‍ നടത്തുന്നത് എന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടാക്കിയത് പദമുദ്ര എന്ന നിഘണ്ടു പദ്ധതിയാണ് എന്ന് പറയുന്നതില്‍ സന്തോഷമേ ഉള്ളൂ. മലയാള ഭാഷയിലേയ്ക്ക് തിരികെ ചെല്ലാനായിരുന്നു പിന്നെയെന്റെ ശ്രമം. മക്കളുടെ മലയാളം പാഠപുസ്തകങ്ങളും ശബ്ദതാരാവലിയും ഒക്കെ എടുത്ത് വെച്ച് മലയാളം പഠിയ്ക്കാന്‍ തുടങ്ങി. അപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ മലയാളത്തിന്റെ മഹത്വം മനസ്സിലാകുന്നത്. ജീവിതത്തില്‍ ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്ത എത്രയോ വാക്കുകള്‍ മലയാളത്തില്‍ ഉണ്ട്? ആ വാക്കുകളൊന്നും കേട്ടിട്ടു പോലുമില്ലാത്ത ഞാനും മലയാളിയാണ്!

മലയാളത്തിന്റെ പദസമ്പത്ത് കാലഹരണപ്പെടുകയാണ്. ഭാഷ അങ്ങിനെയാണ്. നമ്മള്‍ അകലുന്നതിനേക്കാള്‍ വേഗം അത് നമ്മളില്‍ നിന്നും അകലും. അങ്ങിനെ അകന്ന് കൊണ്ടിരിയ്ക്കുന്ന ഭാഷയെ നമ്മുടെ വിരല്‍ തുമ്പിലേയ്ക്ക് വീണ്ടുമെത്തിയ്ക്കാന്‍ പദമുദ്ര എന്ന നിഘണ്ടു പദ്ധതിയ്ക്ക് കഴിയും എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല.

മലയാളം കമ്പൂട്ടറുകളില്‍ സജീവമാകുന്നതോടു കൂടി പദങ്ങളുടെ ഉപയോഗം കൂടണം. കമ്പൂട്ടറില്‍ തന്നെ വാക്കുകള്‍ തിരയാനുള്ള അവസരം സംജാതമാക്കുകയാണ് പദമുദ്ര ലക്ഷ്യമിടുന്നതും. പദമുദ്രയും പരമ്പരാഗത മലയാളം നിഘണ്ടുവും തമ്മില്‍ വ്യത്യാസപ്പെടുന്നത് അതിന്റെ ഉപയോഗത്തിലുള്ള ലാളിത്യം കൊണ്ടാണ്. അക്ഷരമാല കൃത്യമായി അറിയാത്ത ഒരുവന് പരമ്പരാഗത നിഘണ്ടുവില്‍ നിന്നും വാക്കര്‍ത്ഥം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിയ്ക്കും. എന്നാല്‍ പദമുദ്രയില്‍ ഒരു പദത്തിന്റെ അര്‍ത്ഥം എന്താണെന്നറിയാന്‍ നിശ്ചിത സ്ഥലത്ത് പദം ടൈപ്പ് ചെയ്ത് തിരയാനുള്ള നിര്‍ദ്ദേശം കൊടുത്താല്‍ മാത്രം മതി. ആ വാക്കിന്റെ അര്‍ത്ഥങ്ങളും പദഛേദം അടക്കം ബന്ധപ്പെട്ട വിവരങ്ങളും അടുത്ത നിമിഷം നമ്മുടെ മുന്നിലെത്തും. അതായത് കേവല ഭാഷാ പരിജ്ഞാനം ഇല്ലാത്ത ഒരാള്‍ക്ക് പോലും പദമുദ്രയിലൂടെ വാക്കര്‍ത്ഥങ്ങള്‍ ലളിതമായി മനസ്സിലാക്കാന്‍ കഴിയും എന്ന് ചുരുക്കം.

പദമുദ്രയുടെ ക്രോഡീകരണം പുരോഗമിയ്ക്കുന്നത് ജനകീയമായിട്ടാണ്. നിലവില്‍ ഇരുപത്തഞ്ചോളം അംഗങ്ങള്‍ ഈ പദ്ധതിയില്‍ പങ്കു ചേര്‍ന്നിരിയ്ക്കുന്നു. നമ്മുക്ക് ഏവര്‍ക്കും സുപരിചിതനായ തമനു എന്ന ബ്ലോഗറാണ് ഏറ്റവും കൂടുതല്‍ വാക്കുകള്‍ ഇതുവരെ പദമുദ്രയ്ക്ക് സംഭാവന ചെയ്തിരിയ്ക്കുന്നത്. തൊട്ടു പിറകില്‍ മുസ്തഫ തൊഴിയൂറെന്ന അഗ്രജന്‍ ഉണ്ട്. അചിന്ത്യയും, ശിവകുമാറും, കൈപ്പള്ളിയും, സിദ്ധാര്‍ത്ഥനും, രെഞ്ജിത് സിങ്ങും, പച്ചാളവും, ജിജിയും, അനില്‍ശ്രീയും, കണ്ണൂസും, സുനില്‍ കെ.ചെറിയാനും, എതിരവന്‍ കതിരവനും, ഹരിയണ്ണനും, തറവാടിയും, ഉമേഷ് നായരും, കരീം മാഷും, അതുല്യയും, സനാതനനും തങ്ങളുടേതായ സംഭാവനകള്‍ മലയാള ഭാഷയ്ക്ക് നല്‍കി കൊണ്ടാണ് പദമുദ്രയുടെ വളര്‍ച്ചയില്‍ പങ്കാളികളാകുന്നത്. ആര്‍ക്കും ഈ പദ്ധതിയില്‍ തങ്ങളുടേതായ പങ്കു ചേര്‍ക്കാനുള്ള അവസരം ഈ പദ്ധതിയുടെ ചുക്കാന്‍ പിടിയ്ക്കുന്ന നമ്മുടെ പ്രിയപ്പെട്ട സുഹൃത്ത് സിദ്ധാര്‍ത്ഥന്‍ ഒരുക്കുന്നുണ്ട്.

ഏതൊരു ഭാഷാ സ്നേഹിയ്ക്കും ഈ പദ്ധതിയോട് ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാം.പദമുദ്രയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതോടെ നിങ്ങളും ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു. ചേര്‍ക്കപ്പെടുന്ന പദങ്ങള്‍ പരിശോധിച്ച് നല്‍കിയിരിയ്ക്കുന്ന അര്‍ത്ഥങ്ങളുടെ ആധികാരികത എഡിറ്ററന്മാര്‍ ഉറപ്പാക്കിയതിന് ശേഷം പദമുദ്രയിലേയ്ക്ക് മുതല്‍കൂട്ടും. ഏഴ് പേരുടെ ഒരു സമിതിയാണ് എഡിറ്റോറിയല്‍ ബോര്‍ഡ്. അവരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വാക്കുകള്‍ അംഗീകരിയ്ക്കപ്പെടുകയുള്ളൂ. അതുകൊണ്ട് തന്നെ പദമുദ്രയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും തുലോം വിരളമാണ്. ഇന്ന് കേവല ഭാഷാ പരിജ്ഞാനം ഇല്ലാത്തവര്‍ക്ക് കൂടി ഉപയോഗിയ്ക്കാന്‍ കഴിയുന്ന പദമുദ്ര നാളെ ഓണ്‍ലൈന്‍ ഉപയോഗത്തില്‍ മലയാള ഭാഷയ്ക്ക് ഒഴിച്ക് കൂടാന്‍ വയ്യാത്ത ഒരു സങ്കേതം ആയിരിയ്ക്കും എന്ന് സംശയമില്ല തന്നെ.

പദങ്ങളെ കുറിച്ചുള്ള ചര്‍ച്ചയ്ക്കും പദമുദ്ര അവസരം ഒരുക്കുന്നുണ്ട്. ചിത്രങ്ങളുടെ സഹായത്തോടെ വാക്കര്‍ത്ഥം ചേര്‍ക്കാനും പദമുദ്രയില്‍ കഴിയും. പദമുദ്രയുടെ പ്രവര്‍ത്തന രീതികള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ഉതകുന്ന തരത്തിലാണ് നിഘണ്ടുവിന്റെ ആമുഖം. ആമുഖം മനസ്സിലാക്കിയതിന് ശേഷം ആര്‍ക്കും പദമുദ്രയിലേയ്ക്ക് ലളിതമായി പദങ്ങള്‍ കൂട്ടി ചേര്‍ക്കാം.

കമ്പൂട്ടറിന്റെ മലയാള ഉപയോഗം ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയിട്ടുള്ളവര്‍ മലയാള ബ്ലോഗെഴുത്ത് കാരാണ് എന്നതുകൊണ്ട് തന്നെ മലയാള ബ്ലോഗറന്മാരുടെ കൂട്ടായ ശ്രമം ഉണ്ടായാല്‍ മലയാളത്തിലെ മുഴുവന്‍ വാക്കുകളും ഈ നിഘണ്ടുവില്‍ ക്രോഡീകരിയ്ക്കുവാന്‍ കഴിയുമെന്നതില്‍ സംശയമൊന്നുമില്ല. മലയാളത്തിന്റെ കാലഹരണപ്പെട്ടുകൊണ്ടിരിയ്ക്കുന്ന പദസമ്പത്തിന് ഒരു പുനര്‍ജനി തന്നെയായിരിയ്ക്കും പദമുദ്രയിലൂടെ സംഭവിയ്ക്കുന്നത്.

പദമുദ്രയുടെ സാങ്കേതിക വിഭാഗത്തിന് മേല്‍നോട്ടം നല്‍കുന്നത് കൈപ്പള്ളിയും ഓണ്‍ലൈന്‍ നിഘണ്ടു പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത് സിദ്ധാര്‍ത്ഥനും ആണ്.

പദമുദ്രയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പദമുദ്ര എന്ന ബ്ലോഗും സന്ദര്‍ശിയ്ക്കാം.

പദമുദ്ര എന്ന സമ്പൂര്‍ണ്ണ ഓണലൈന്‍ നിഘണ്ടു പദ്ധതിയ്ക്ക് സര്‍വ്വ മംഗളങ്ങളും!
ഗ്യാലറികളിലെ ആരവം ഒട്ടും ചോരാതെ ബൂലോഗത്തേയ്ക്ക്....

ചന്ദ്രികയുടെ സ്പോര്‍ട്ട്സ് ലേഖകന്‍ കമാല്‍ വരദൂറിന്റെ ബ്ലോഗ് ഗ്യാലറികളിലെ അവേശവും ആരവവും ഒട്ടും ചോരാതെ കായിക പ്രേമികളിലേയ്ക്ക് എത്തിയ്ക്കുന്ന ബ്ലോഗ് എന്നതിലുപരി മലയാള ബ്ലോഗിങ്ങില്‍ കായികമേളകള്‍ ആധികാരികമായി ചര്‍ച്ച ചെയ്യുന്ന ഏക ബ്ലോഗ് എന്ന പ്രാധാന്യവും അര്‍ഹിയ്ക്കുന്നു. ലോക കായിക മാമാങ്കങ്ങളുടെ വിശദമായ റിപ്പോര്‍ട്ടുകള്‍ ഒട്ടും ചൂടാറാതെ അദ്ദേഹം ബൂലോഗത്തോടും പങ്കു വെയ്ക്കുന്നു.

കായിക മേളകളുടെ റിപ്പോര്‍ട്ടുകളോടൊപ്പം തന്നെ തന്റെ നിലപാടുകളും വിശകലനങ്ങളും വിശദീകരിയ്ക്കുന്ന കമാല്‍ വരദൂറിന്റെ പോസ്റ്റുകള്‍ ബൂലോഗത്തിന് മുതല്‍ കൂട്ടാണ് എന്ന് പറയാതെ വയ്യ.

കമാല്‍ വരദൂറിന്റെ ബ്ലോഗിലേയ്ക്കുള്ള ലിങ്ക് ഇവിടെ.