Friday, December 23, 2011

പഞ്ചവടിപ്പാലം ഓര്‍മ്മ പെടുത്തുന്നത്.


 1984  മോഡല്‍ സിനിമ.
നാട്ടിന്റെയും നാട്ടാരുടേയും നാട്ടു കള്ളന്മാരുടെയും കരിഞ്ചന്തക്കാരുടെയും കഥ. കെ.ജി. ജോര്‍ജ്ജ് അന്ന് പറഞ്ഞു വെച്ചത് കേരളത്തിനു എക്കാലത്തേക്കും വേണ്ടിയുള്ള കഥ തന്നെ.

മുല്ലപ്പെരിയാറിന്റെ പേരില്‍ ഒഴുക്കപ്പെടുന്ന മുതല കണ്ണീര്‍  പഞ്ചവടിപ്പാലത്തെ വീണ്ടും ഓര്‍മ്മയിലേക്ക് കൊണ്ട് വരുന്നു.

ദുശാസനക്കുറുപ്പ്, മണ്ഡോദരിയമ്മ, ശിഖണ്ഡിപ്പിള്ള, യൂദാസ് കുഞ്ഞ്,  ബറാബാസ്, അനാര്‍ക്കലി, അവറാച്ചന്‍, സ്വാമി, ആബേല്‍, രാഹേല്‍, ഇസഹാക്ക്, തരകന്‍, ജഹാംഗീര്‍, കാതരോയന്‍, പൂതന, അങ്ങിനെ മിക്കവാറും വെള്ളിത്തിരയില്‍ മുപ്പതാണ്ട് മുന്നേ മിന്നി മറഞ്ഞ കഥാ പാത്രങ്ങള്‍ ഒക്കെയും ഇന്ന് മുല്ലപ്പെരിയാറിന്റെ വേദിയില്‍ പുനര്‍ജ്ജനിച്ചിരിക്കുന്നു.

ദേണ്ടെ ദുശ്ശാസന കുറുപ്പ് കത്തിക്കയറുകയാണ്...


അങ്ങിനെ പാലം...
സോറി അണക്കെട്ട് അപകടത്തില്‍ ആയിക്കഴിഞ്ഞു.

അഴിമതിയുടെ അക്ഷയ ഖനിയാണ് തുറക്കപ്പെടാന്‍ പോകുന്നത്. 

ഇന്നി  ബറാബസിന്റെ ഊഴം.അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം...ഒരു കറുത്ത വാവിന്റെ അകലത്തില്‍  ബറാബസ് ഉണ്ട്. ഏതു നിമിഷം  വേണമെങ്കിലും ബറാബസ് കാത്തിരിപ്പ് അവസാനിപ്പിച്ചേക്കാം....

പാലം... സോറി..
അണക്കെട്ട് അപകടത്തില്‍ ആണ്. പക്ഷെ ഒഴുകി പോകുന്ന ജീവനുകള്‍ അല്ല ഇപ്പോള്‍ ഒഴുക്കപ്പെടുന്ന  മുതല കണ്ണീരിന്റെ ഹേതു. അത് അനന്തമായ അഴിമതിയുടെ വാതായനങ്ങള്‍ തുറക്കപ്പെടുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന ആനന്ദ കണ്ണീര്‍ ആണ്.

ഈശ്വരാ രക്ഷിതോ... യൂദാസ് കുഞ്ഞന്മാരുടെ ഒറ്റില്‍ നിന്നും - ഈ തുണ്ട് ഭൂമിയെ!

Monday, December 19, 2011

ഗീബത്സിന്റെ ജാര സന്തതികള്‍ !


ഗീബല്സ്  ആത്മ ഹത്യ ചെയ്തത്   മക്കള്‍ ആറു പേരെ സയനൈഡില്‍ അവസാനിപ്പിച്ചു ഭാര്യ മഗ്ദയെ വെടിവെച്ചു  കൊന്നിട്ടാണ്. ഗീബത്സിന്റെ പരമ്പര അതോടെ അന്ന് അഡോള്‍ഫ് ഹിട്ലരിനോടൊപ്പം ചത്തൊടുങ്ങി എന്ന് ചരിത്രം. പക്ഷെ ഗീബത്സിന്റെ സന്തതി പരമ്പര ഇന്നും ജീവിച്ചിരിക്കുന്നു. ഇങ്ങു കൊച്ചു കേരളത്തില്‍...  അത് പക്ഷെ ഗീബത്സിന്റെ ജാര സന്തതി  പരമ്പര ആണെന്ന് മാത്രം.

നാസി ജര്‍മനയില്‍ ഹിട്ലരുടെ എല്ലാ കൊള്ളരുതായ്മകള്‍ക്കും വെള്ള പൂശുകയായിരുന്നു അദ്ദേഹത്തിന്റെ പ്രോപ്പഗണ്ടാ   മിനിസ്ടര്‍ ആയിരുന്ന  ഗീബല്സില്‍ നിക്ഷിപ്തം ആയിരുന്ന കര്‍ത്തവ്യം. "ഒരു കളവു പല  വട്ടം പറഞ്ഞാല്‍ അത് സത്യം ആയി മാറും" എന്ന ലോക തത്വത്തിന്റെ ഉപജ്ഞാതാവ്.  പക്ഷെ മലയാളക്കരയില്‍  ഗീബത്സിന്റെ ജാര സന്തതി പരമ്പര തിമിര്‍ത്താടുകയാണ്. പത്തു തവണ പറഞ്ഞാല്‍ ഏത് കളവും ഇന്ന് ഭൂമി മലയാളത്തില്‍ സത്യം ആയി മാറും. ഓരോ നേതാവും ഓരോ  പാര്‍ട്ടിയും  ഓരോ പ്രോപ്പഗണ്ടാ മിനിസ്ടരും ആണ്. കളവുകള്‍ മാത്രം പറഞ്ഞു കൊണ്ടിരിക്കുന്ന, തെറ്റാണു ചെയ്യുന്നത് എന്ന് പൂര്‍ണ വിശ്വാസം ഉള്ള കാര്യങ്ങള്‍ പോലും ഒരിളിപ്പുമില്ലാതെ,  ജനങ്ങള്‍ക്ക്‌ വേണ്ടി എന്ന് ആണയിടാന്‍ കഴിയുന്ന ഗീബത്സിന്റെ ജാര സന്തതികള്‍...

മുഖ്യ മന്ത്രി മുതല്‍ പ്രതി പക്ഷ നേതാവ് വരെ ഒരെണ്ണം പോലും സത്യം പറയില്ല. എല്ലാവരും എപ്പോഴും ജനപക്ഷത്ത് ആണ് എന്ന വ്യജേന നാടിന്റെ നന്മകളെ ഊറ്റി കുടിക്കും. ജനമോ എപ്പോഴും മറു പക്ഷത്തും. ജനപക്ഷത്തു നില്‍ക്കുന്ന ഏതെങ്കിലും ജനകീയന്‍ ഉണ്ടെങ്കില്‍ അവനെ ഗീബല്സീയന്‍ സിദ്ധാന്ധത്തില്‍ മുക്കി കൊല്ലും. അണികള്‍ തെരുവില്‍ തല്ലി മരിക്കും. അഴിമതിയില്‍, പെണ്‍ വാണിഭത്തില്‍, വ്യാജ  വാറ്റില്‍, കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ എല്ലാം ഒറ്റ കെട്ടും. എപ്പോഴും ഭരണ പ്രതിപക്ഷ കക്ഷികളുടെ ഒരു അധോലോക രാഷ്ട്രീയ അടിത്തറയില്‍ ആണ് മുഖ്യ ധാര രാഷ്ട്രീയം കെട്ടിപ്പടുത്തിരിക്കുന്നത്. പുറമേ നിന്ന് നോക്കിയാല്‍ പരസ്പരം കടിച്ചു കീറാന്‍ വെമ്പല്‍ കൊള്ളുന്ന പ്രത്യായ ശാസ്ത്രങ്ങള്‍. പക്ഷെ അഴിമതിയുടെയും അവമതിയുടെയും ചൂഷണത്തിന്റെയും ജനദ്രോഹത്തിന്റെയും  കാര്യത്തില്‍ എല്ലാ കൊടികളെയും നേതാക്കന്മാരെയും  കൂട്ടി യോജിപ്പിക്കുന്ന ഒരു അദൃശ്യ ചങ്ങല കേരള രാഷ്ട്രീയത്തെ ചൂഴ്ന്നു നില്‍ക്കുന്നു. അത് ഏറ്റവും ഒടുവില്‍ വെളിവാക്ക പെട്ടത് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആണ് താനും.

ചപ്പാത്തെ  സമരം മുഖ്യ ധാര രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തതിനു ശേഷം പെട്ടെന്ന് സമരത്തിന്റെ ഗതി മാറിയത് ജയലളിത ഒരു പ്രസ്താവന ഇറക്കിയതിനു ശേഷം ആണ്. കമ്പത്തും തേനിയിലും ഉള്ള കേരള നേതാക്കന്മാരുടെ ഭൂ സ്വത്തിന്റെ വിവരം പുറത്തു വിടും എന്ന ഭീഷണിക്ക് ശേഷം സമരങ്ങളുടെ ഗതി മാറി. കേരള സര്‍ക്കാരിന്റെ നില നില്പ് തന്നെ അപകടത്തില്‍ ആക്കാന്‍ തക്ക ശേഷിയുള്ള പിറവം ഉപ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഇടതു പക്ഷത്തിനു വ്യക്തമായ മേല്‍കൈ ലഭിക്കാന്‍ കഴിയും ആയിരുന്ന മുല്ലപ്പെരിയാര്‍ സമര മുഖത്ത്  നിന്നും പിന്മാറാന്‍ തയ്യാറാണെന്ന് സര്‍വ്വ കക്ഷി സംഘം പ്രധാന മന്ത്രിയെ കണ്ടപ്പോള്‍ ആദ്യം പറഞ്ഞത് പിണറായി വിജയന്‍ ആണ്. തുടര്‍ന്ന് സര്‍വ്വ കക്ഷി സംഘത്തില്‍ പെട്ട എല്ലാവരും അതേറ്റു പിടിച്ചു. പ്രധാന മന്ത്രിയില്‍ നിന്നും വ്യക്തമായ  ഒരു ഉറപ്പും ലഭിക്കാതെ തിരിച്ചു പോരും വഴി ഉമ്മന്‍ ചാണ്ടി പറഞ്ഞത് പ്രധാന മന്ത്രി ഉടന്‍ പ്രശ്നത്തില്‍ ഇടപെടും എന്നാണ്. അങ്ങിനെ അല്ല എന്ന് കൃത്യം ആയി അറിയാവുന്ന പ്രതിപക്ഷത്തെ ഒരാള്‍ പോലും ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ എതിര്‍ത്തില്ല. സത്യത്തോട് പുല ബന്ധം പോലും ഇല്ലാത്ത ഒരു സംഗതിയെ സത്യം ആയി അവതരിപ്പിച്ച മുഖ്യ മന്ത്രിയുടെ  ഗീബല്സീയന്‍ പ്രസ്താവനയെ മറ്റെല്ലാ ഗീബല്സുകളും കൈടിച്ചു അങ്ങീകരിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ജയലളിത തന്റെ പ്രസ്താവനയില്‍ ഉറച്ചു നിന്ന് കൊണ്ട് കേരള ഭൂ ഉടമകളുടെ പേര് വിവരം പ്രഖ്യാപിച്ചാല്‍ തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തെ കുറിച്ച് കൂട്ടായി ചര്‍ച്ച ചെയ്യാനുള്ള അവസരമാക്കുക ആയിരുന്നു ദില്ലി യാത്രയുടെ രഹസ്യ അജണ്ട എന്ന് തോന്നുന്ന തരത്തില്‍ ആയിരുന്നു സമരത്തിനുണ്ടായ വഴിത്തിരുവുകള്‍.

ഓരോ പാര്‍ട്ടികളും കമ്മിറ്റി കൂടിയതിനു ശേഷം സെക്രട്ടറിയോ പ്രസിടെണ്ടോ വിളിച്ചു കൂട്ടുന്ന പത്ര സമ്മേളനങ്ങളില്‍ ഓരോ തവണയും കേള്‍ക്കുന്നത് ഗീബല്സീയന്‍ ഗീര്‍വാണങ്ങള്‍  ആണ്. പരസ്പരം കണ്ടാല്‍ മുഖം തിരിച്ചു നടക്കുന്ന നേതാക്കന്മാര്‍ ഒരുമിച്ചിരിന്ന് കൂടുന്ന മീറ്റിങ്ങുകളില്‍  ആദ്യമത്യാന്തം തൊഴുത്തില്‍  കുത്തും തമ്മിലടിയും ആയിരിക്കും. എന്നാല്‍ വെളുക്കെ ചിരിച്ചു കൊണ്ട് പത്രക്കാരോട് പറയുക ഒറ്റ കെട്ടായി തീരുമാനം എടുത്തു എന്നും. എടുത്ത തീരുമാനങ്ങള്‍ ഒരു പക്ഷെ ചര്‍ച്ചക്ക് പോലും വന്നിട്ടുണ്ടാവില്ല.

ജനാധിപത്യ വ്യവസ്ഥിതിയില്‍ എല്ലാം അറിയേണ്ടുന്നത് പ്രജകള്‍ തന്നെയാണ്.  ജനാധിപത്യ പാര്‍ട്ടികള്‍ നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും പാര്‍ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടിയല്ല. ജനങ്ങള്‍ക്ക്‌ വേണ്ടിയാണ്. ഓരോ പാര്‍ടിയുടെയും ആശയങ്ങളും സന്ദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയും ജന നന്മക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ആണ് ഓരോ പാര്‍ടി പ്രവര്ത്തകന്റെയും ധര്‍മം. അത് കൊണ്ഗ്രെസ്സ് ആയാലും കമ്മ്യുണിസ്റ്റ്  ആയാലും സംഘപരിവാര്‍ ആയാലും ലീഗ് ആയാലും അങ്ങിനെ തന്നെ. പക്ഷെ ഇപ്പോഴും പാര്‍ട്ടികള്‍ക്ക് ഉള്ളില്‍  നടക്കുന്ന സംഗതികളും ചര്‍ച്ചകളും ജനങ്ങളില്‍ നിന്നും ഒളിച്ചു വെച്ച് ജനത്തെ സുഖിപ്പിക്കുന്ന  പ്രസ്താവനകള്‍ ആണ്  ഓരോ പാര്‍ട്ടിക്കാരും  നടത്തികൊണ്ടിരിക്കുന്നത്.

കണ്ടാല്‍ മുഖം തിരിക്കുന്ന നേതാക്കന്മാര്‍ നിറഞ്ഞ,  അഭിപ്രായങ്ങള്‍ക്ക് അജഗജാന്തരം  ഉള്ള സി.പി.എമ്മില്‍ വിഭാഗീയത ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന്  നിര്‍ലജ്ജം പത്രക്കാരോടും ജനത്തോടും പറയും. പക്ഷെ സി.പി.എമ്മില്‍ വിഭാഗീയത ഇല്ലാത്തതു കളവു പറയുന്ന കാര്യത്തില്‍ മാത്രമാണെന്ന് ഇന്ന് ഓരോ സാധാരണ കാരനും അറിയാം.

ലീഗിന്റെ പാര്‍ടി സമ്മേളനത്തിന് ശേഷം സ്ഥിരം ആയി കേള്‍ക്കുന്ന ഒരു പ്രസ്താവനയാണ് "എല്ലാം പാണക്കാട് തങ്ങളുടെ തീരുമാനത്തിന് വിട്ടു" എന്നത്. അതും പേരും  നുണയാണ്. കേരള രാഷ്ട്രീയത്തില്‍ പാണക്കാട് തറവാട്ടിന്  മാത്രമായി എന്തെങ്കിലും തീരുമാനം എടുക്കാന്‍ കഴിയുമോ? തീരുമാനം എടുക്കുക എല്ലായിപ്പോഴും   കുഞ്ഞാലി കുട്ടി തന്നെയായിരിക്കും. പക്ഷെ പറയുന്നതോ പാണക്കാട്  തങ്ങള്‍ എല്ലാം തീരുമാനിക്കും എന്ന കളവും.

കോണ്‍ഗ്രസ്‌  മീറ്റിങ്ങുകളില്‍ അജണ്ട ഒന്നും, ചര്‍ച്ച വേറൊന്നും, തീരുമാനം മറ്റൊന്നും ആയിരിക്കും. തുടര്‍ന്ന്, പത്രക്കാരോടും ജനത്തോടും വിശദീകരിക്കുന്നത് ഇതൊന്നും അല്ലാത്ത മറ്റു  എന്തെങ്കിലും ഒക്കെ ആയിരിക്കുകയും ചെയ്യും. പത്ര സമ്മേളനത്തിലെ വിശദീകരണം കേള്‍ക്കുമ്പോള്‍  തങ്ങള്‍ ഉള്‍പെട്ട മീറ്റിങ്ങില്‍ എടുത്ത തീരുമാനം ആണോ ഇതെന്ന രീതിയില്‍ അന്തം വിട്ടിരിക്കുന്നത് കാണാം - ചില സാധുക്കള്‍. ചിലപ്പോഴെങ്കിലും പ്രതികരിക്കുന്നത് വി.എം.സുധീരന്‍ മാത്രവും! ഓരോ നേതാവും ഓരോ ഗ്രൂപ്പ്‌ ആയ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ ഓരോരോ വഴിക്കായിരിക്കും എങ്കിലും തീരുമാനം ഏകഖണ്ഡം ആയിട്ടാണെന്ന് പച്ച കള്ളം പത്രക്കാര്‍ക്ക് മുന്നില്‍ എഴുന്നുള്ളിക്കാന്‍ പ്രസിടെന്റിനു ഒരു മനസാക്ഷി കുത്തും ഉണ്ടാവാറില്ല.

പത്ര സമ്മേളനം വിളിച്ചിട്ട് "ലീഗിന് അഞ്ചു മന്ത്രി സ്ഥാനം യൂ.ഡി.എഫ് സര്‍ക്കാരില്‍ ഉണ്ടാകും" എന്ന് പോയ നിയമ സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രസ്താവിച്ച പാണക്കാട് തങ്ങള്‍ക്കു അറിയാം - അതൊരു വെറും വാക്കാണെന്നും അങ്ങിനെ ഒരു തീരുമാനം എടുത്തിട്ടില്ല എന്നും. എന്നിട്ടും യാതൊരു വിധ ഭാവ വിത്യാസവും ഇല്ലാതെ ആണ് ആ പ്രസ്താവന ലീഗിന്റെ ആത്മീയ നേതാവ് പുറപ്പെടുവിച്ചത്. മഞ്ഞളാം കുഴി അലിയുടെ അനുയായികളെ തൃപ്തി പെടുത്താന്‍ അങ്ങിനെ ഒരു പ്രസ്താവന ലീഗ് നേതാവിന് വേണ്ടി വന്നു എന്നതാണ് വസ്തുത. ആത്മീയ നേതാവും കേരളത്തില്‍ ഗീബല്സീയന്‍ പ്രഭാവത്തില്‍ തന്നെ! ആ കളവിന്റെ തുടര്‍ കളവുകള്‍ ഇടയ്ക്കിടയ്ക്ക് ഇപ്പോഴും അലയടിക്കുന്നത് കേള്‍ക്കാം.

പോയ സര്‍ക്കാരിന്റെ കാലത്ത് അവസാനം ആയി അവതരിപ്പിച്ച ബജറ്റില്‍ ഡോക്ടര്‍ തോമസ്‌ ഐസക് പറഞ്ഞ ഒരു ഹിമാലയന്‍ കളവായിരുന്നു നാല്‍പതിനായിരം കോടി രൂപ മുടക്കി കേരളത്തിലെ റോഡുകള്‍ നവീകരിക്കും എന്നത്. ഫണ്ട് കൊണ്ട് വരുന്നത് ഭാവിയില്‍ തുടങ്ങാന്‍ പോകുന്ന അല്‍ബറാക് ഇസ്ലാമിക് ബാങ്കില്‍ നിന്നും വായ്പ എടുത്തിട്ടും. ബാങ്ക് തുടങ്ങിയിട്ട് പോലും ഇല്ല. ഇല്ലാത്ത ബാങ്കില്‍ നിന്നും കിട്ടാത്ത വായ്പ കൊണ്ട് കേരളത്തിന്റെ റോഡു വികസനം. കളവാണെന്ന് ഐസക്കിന് അറിയാം. എന്നിട്ടും അത് ബജറ്റില്‍ ഉള്‍പെടുത്താന്‍ തക്ക ചങ്കൂറ്റം ഉണ്ടാകുന്നത് രക്തത്തില്‍ ഗീബത്സിന്റെ പാരമ്പര്യം  ഇഴകി ചേര്‍ന്നിരിക്കുന്നത് കൊണ്ട് മാത്രമാണ്.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശി അവധിയില്‍ പ്രവേശിച്ച കാര്യം വെളുപ്പെടുത്തിയ പിണറായി വിജയന്‍റെ പത്ര സമ്മേളനത്തില്‍ കല്ല്‌ വെച്ച നുണ പറയുമ്പോഴും അദ്ധേഹത്തിന്റെ ശരീര ഭാഷയില്‍ ഒരു വ്യതിയാനവും ഉണ്ടായിരുന്നില്ല. പെണ്‍ കേസില്‍ സഖാവിനെ പുറത്താക്കുക ആയിരുന്നു എന്ന പകല്‍ പോലത്തെ സത്യം മറച്ചു വെച്ച് എത്ര തന്മയത്വത്തോടെ ആണ് പാര്‍ട്ടി  സെക്രട്ടറി പത്രക്കാരുടെയും ജനങ്ങളുടെയും മുന്നില്‍ പച്ച കള്ളം പറഞ്ഞത്. അതേ കള്ളം അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കൊടിയേരിയും അതേ പടി ആവര്‍ത്തിച്ചു. നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നത് നാടിന്റെ ആഭ്യന്തര മന്ത്രി ആയിരുന്നു എന്നോര്‍ക്കണം!

കളവുകളില്‍ നിന്നും കളവുകളിലെക്കുള്ള ഞാണിന്‍മേല്‍ കളിയാണ് ഇന്നത്തെ കേരള രാഷ്ട്രീയം.  അഴിമതി ആരോപണങ്ങള്‍ പോലും കല്ല്‌ വെച്ച നുണകള്‍ ആണ്. കൃത്യമായി സംഭവിക്കുന്ന  അഴിമതികള്‍ പുറത്ത് വരാതിരിക്കാന്‍ ഓരോരുത്തരും പരസ്പരം സഹായിക്കുകയും ചെയ്യും. ഇല്ലാത്ത അഴിമതികഥകള്‍ വിളിച്ചു പറഞ്ഞു കോലാഹലം ഉണ്ടാക്കി യഥാര്‍ത്ഥ അഴിമതികളെ മറച്ചു വെക്കാനാണ് നേതാക്കന്മാര്‍ പരസ്പരം ശ്രമിക്കുന്നത്. അഴിമതിയില്‍ മുങ്ങി കേരളം നില്‍ക്കുമ്പോഴും ഒരു അഴിമതിക്കാരും പിടിക്കപെടാത്തതും ശിക്ഷിക്കപെടാത്തതും ആരോപിക്കുന്നവരും ഇരകളും തമ്മിലുള്ള ഇഴയടുപ്പം കൊണ്ടാണ്.

നാസി ജര്‍മനിയോടും അഡോള്‍ഫ് ഹിട്ലരോടും ദേശീയ സോഷ്യലിസത്തോടും ഗീബല്സിനു കൂറ് ഉണ്ടായിരുന്നു. താന്‍ വിശ്വസിച്ച പ്രത്യായ ശാസ്ത്രത്തിനും ജനതക്കും നേതാവിനും വേണ്ടിയാണ് ഗീബല്സ് കളവുകള്‍ പ്രചരിപ്പിച്ചു കൊണ്ടേയിരുന്നത്. പക്ഷെ ഭൂമി മലയാളത്തിലെ ഗീബത്സിന്റെ ജാര സന്തതികള്‍ക്ക് കൂറ് തങ്ങളുടെ കീശകളോട് മാത്രമാണ്. തങ്ങളുടെ തല്പര്യങ്ങളോട് മാത്രമാണ്. ജനതയോടോ,അണികളോടോ, എന്തിനു ആശ്രിതരോടോ പോലും ലവലേശം ആത്മാര്‍ഥതയോ  സ്നേഹമോ താല്പര്യമോ ഉണ്ടെന്നു തെറ്റിദ്ധരിക്കേണ്ട. ഗീബല്സും മലയാള രാഷ്ട്രീയവും തമ്മില്‍ അല്പം എങ്കിലും വേറിട്ട്‌ നില്‍ക്കുന്നത് ഇക്കാര്യത്തില്‍ ആണ് താനും. അവിടെയും ഭേതം ഗീബല്സു ആണ്!

നുണപരിശോധനാ യന്ത്രങ്ങള്‍ക്കു  പോലും കേരള രാഷ്ട്രീയത്തിലെ നുണകളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയില്ല. നുണ പറയുമ്പോള്‍ ഉണ്ടാകുന്ന തലച്ചോറിന്റെ  വ്യതിയാനങ്ങള്‍ ആണല്ലോ നുണ പരിശോധനാ യന്ത്രത്തിന്റെ വിജയത്തിന് അടിസ്ഥാനം. ഗീബത്സിന്റെ നുണകള്‍ ഗീബല്സിനെ സംബന്ധിച്ചിടത്തോളം സത്യം ആയതിനാല്‍ ശരീര ചലനങ്ങളിലും തലച്ചോറിലും ഒരു വ്യതിയാനവും ഉണ്ടാക്കില്ല. കേരളത്തിന്റെ  രാഷ്ട്രീയ നേതാക്കന്മാരെ നുണ പരിശോധനക്ക് വിധേയം ആക്കിയാലും സ്ഥിതി അതായിരിക്കും. നുണ പരിശോധനാ യന്ത്രം നാണിച്ചു തല താഴ്ത്തും. 

Friday, December 16, 2011

തലപ്പാവുകാരന്റെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങള്‍


ണ്ടായിരത്തി എട്ടിലെ കെണിയില്‍ നിന്നും നാം രക്ഷപെട്ടു. അതു പക്ഷേ മുജ്ജന്മ സുക്രുതം. പക്ഷേ ഇപ്പോ പെടും എന്നാണു തോന്നുന്നത്. അല്ല പെട്ടു എന്നതു തന്നെയാണു ശരി. ഭാരതത്തിലെ സാമ്പത്തിക രംഗം മുച്ചൂടും നശിപ്പിച്ചത് സാമ്പത്തിക വിദഗ്ദനായ മന്മോഹന്‍ സിങ്ങ് തന്നെയാണ് എന്ന് ഒരാള്‍ അനുമാനിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ കടുത്ത മന്മോഹന ഭക്തന്മാര്‍ക്കു പോലും കഴിയും എന്നു തോന്നുന്നില്ല. ആഗോള വല്‍ക്കരണം കൊണ്ടു ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും രക്ഷപെട്ടിട്ടില്ല എന്ന  സത്യം മുന്നില്‍ വാ പിളര്‍ന്നു നില്‍ക്കുമ്പോഴും ഭാരത്തിനു ഒരിക്കലും അനുഗുണം അല്ലാത്ത ആഗോള വല്‍ക്കരണവും സ്വകാര്യ വല്‍ക്കരണവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഭാരതത്തിന്റെ സാമ്പത്തിക രംഗം അപകടകരമായ അവസ്ഥാ വിശേഷത്തിലേക്കു വീഴാന്‍ കാരണം.

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളില്‍ ആണെന്ന വചനം നമ്മള്‍ മനപൂര്‍വ്വം മറന്നു. വിദേശ ഫണ്ടുകള്‍ ഭാരതത്തെ അങ്ങു ദത്തെടുക്കും എന്നു ധരിച്ചവശായ മന്മൊഹനനും കൂട്ടരും ഭാരതത്തിന്റെ ആത്മാവിനെ വരെ വിറ്റു തുലക്കുന്നിടത്ത് കാര്യങ്ങല്‍ എത്തി നില്‍ക്കുന്നു. ചോരയുള്ളിടത്തേ കൊതുകിനു കൌതുകം ഉണ്ടാവുള്ളൂ. ചൂഷണത്തിനു സാധ്യതയുള്ളിടത്തേ വിദേശ ഫണ്ടുകള്‍ക്കും താല്പര്യം ഉണ്ടാവുള്ളൂ എന്നര്‍ത്ഥം. പണപ്പെരുപ്പം നാല്പതു ശതമാനത്തിനും മുകളില്‍ എത്തി സാമ്പത്തിക രംഗം മുച്ചൂടും മുടിഞ്ഞു പോയ മെക്സിക്കോ ഒന്നാന്തരം ഉദാരണം. അടുത്തിടെ പാപ്പര്‍ സ്യൂട്ടായ ഐസ്‌ലാന്റ് ഏറ്റവും ഒടുവിലത്തെ സാക്ഷ്യം.  ഒരു കാലത്ത് ആഗോള വല്‍ക്കരണത്തിന്റേയും സ്വകാര്യ വല്‍ക്കരണത്തിന്റേയും സ്വര്‍ഗ്ഗമായിരുന്നു തകര്‍ന്നടിഞ്ഞ ഈ രാജ്യങ്ങള്‍ ഒക്കെയും.

എല്ലാം തകര്‍ന്നു. അല്ലെങ്കില്‍ തകര്‍ന്നു കൊണ്ടേയിരിക്കുന്നു. ഗ്രീസ്, ഇറ്റലി, പൊര്‍ച്ചുഗല്‍ അങ്ങിനെ അങ്ങിനെ തകര്‍ന്നടിയുന്ന സാമ്പത്തിക ശക്തികള്‍ നമ്മുക്ക് മുന്നില്‍ ഉണ്ട്. ആദ്യം തന്നെ അമേരിക്ക പൊട്ടി. ബ്രിട്ടനും അതിന്റെ പിറകേ... ആഗോള വല്‍ക്കരണവും സ്വകാര്യ വല്‍ക്കരണവും ഒരിക്കലും ഒരു രാജ്യത്തെയും രക്ഷപെടുത്തിയിട്ടില്ലാ എന്നു ഭാരതത്തിന്റെ മുഴുവന്‍ ജനങ്ങളും മനസ്സിലാക്കിയാലും ഭാരതത്തിലെ ഏറ്റവും പ്രശസ്ഥനായ ഒരു സാമ്പത്തിക വിദഗ്ദനു അതു മനസ്സിലാകുന്നില്ല. അയാള്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി പോയി എന്നതു ഭാരതത്തിന്റെ ഗതികേട്!

"കക്കുന്തോറും മുടിയും... മുടിയുന്തോറും കക്കും."
ഇതിനെ അന്വോര്‍ത്വം ആക്കുന്നതാണ് മന്മോഹന്‍ സിങ്ങിന്റെ ഭരണ പരിഷ്കാരങ്ങള്‍. എല്ലാ മുതലാളിത്വ രാജ്യങ്ങളും കരുതുന്നതു പോലെ മന്മോഹന്‍ സിങ്ങും ധരിക്കുന്നതു ഒഹരി വിപണിയാണ് നാടിന്റെ ആത്മാവ് എന്നാണ്. ഓഹരി വിപണി ഉയര്‍ന്നു നിന്നാല്‍ പുറം ലോകം വെറുതേ അങ്ങു ധരിച്ചോളും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ശക്തമാണെന്നു. ശ്രദ്ധമുഴുവനും ഓഹരി വിപണിയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന നാടിന്റെ ആസൂത്രണ വിദഗ്ദര്‍ കണ്ടില്ലാന്നു നടിച്ചത് അനുനിമിഷം തകര്‍ന്നടിയുന്ന കാര്‍ഷിക മേഖലയെയാണ്. ഉണ്ണാനുള്ളത് പ്രാദേശികമായി തന്നെ ഉല്പാദിപ്പിക്കന്‍ കഴിയാതെ വന്നാല്‍ ദാരിദ്ര്യം ആയിരിക്കും ഫലം എന്നത് മന്മോഹന സിങ്ങിനും കൂട്ടര്‍ക്കും അറിയാത്തതൊന്നും അല്ല. പക്ഷേ അവര്‍ക്ക് എപ്പോഴും താല്പര്യം ഭാരതത്തെ മറ്റൊരു അമേരിക്ക ആക്കുക എന്നതാണ്. അതിനു വേണ്ടിയുള്ള നയ രൂപീകരണങ്ങളാണ് നമ്മുടെ സാമ്പത്തിക വിദഗ്ദര്‍ നടത്തി കൊണ്ടേയിരിക്കുന്നത്. അമേരിക്കക്ക് എപ്പോഴെങ്കിലും ഒരു പക്ഷേ ഇന്‍ഡ്യ ആകാന്‍ കഴിയുമായിരിക്കും. പക്ഷേ ഒരിക്കലും... ഒരിക്കലും ഭാരതത്തിനു അമേരിക്ക ആകാനേ കഴിയില്ല തന്നെ.

സാമ്പത്തിക പ്രതിസന്ധി തുടങ്ങിയതു അമേരിക്കന്‍ ബാങ്കുകള്‍ പാപ്പരായതു മുതലാണല്ലോ? അതു തുടങ്ങിയത് ഭവനവായ്പകള്‍ കിട്ടാകടങ്ങള്‍ ആയതു മുതലാണ്. ലാഭം മാത്രം നോക്കി ഈടിന്റെ യഥാര്‍ത്ഥ മൂല്യം കണക്കാക്കാതെ വന്‍ പലിശക്ക് വീടിന്റെയോ ഭൂമിയുടേയോ വിലയുടെ തൊണ്ണൂറു ശതമാനമോ അതിലധികമോ വായ്പ അനുവദിച്ച നിമിഷം തന്നെ ബാങ്കിങ്ങ് തകര്‍ച്ചയുടെ ഒന്നാം ഘട്ടം ആരംഭിക്കുകയായിരുന്നു. കാരണം, ഭൂമിയുടെ അല്ലെങ്കില്‍ കെട്ടിടത്തിന്റെയോ വില റിയല്‍ എസ്റ്റേറ്റ് കമ്പനികളാല്‍ ഊതി വീര്‍പ്പിച്ചു നിര്‍ത്തുകയായിരുന്നു.  തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാങ്കുകള്‍ ഈട് പിടിച്ചെടുത്ത് ലേലത്തിനു വെച്ചു. ലേലം കൊള്ളാന്‍ ആളില്ല. ഈടിനു നല്‍കിയ വായ്പക്ക് തുല്യം വില വരാതെ അല്ലെങ്കില്‍ എടുക്കാന്‍ ആളില്ലാതെ കിട്ടാക്കടങ്ങള്‍ പെരുകിയപ്പോള്‍ ബാങ്കുകളുടെ പ്രവര്‍ത്തനം താറുമാറായി. തൊഴിലുകള്‍ വെട്ടികുറക്കപെട്ടു തുടര്‍ന്നു ക്രെഡിറ്റ് കാര്‍ഡുകളും വാഹന വായ്പകളും വ്യക്തി ഗത വായ്പകളും കിട്ടാക്കടങ്ങള്‍ ആയി തുടങ്ങി. അങ്ങിനെ ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ച സമ്പൂര്‍ണ്ണമായി. ആഗോളവല്‍ക്കരണം ഒരു ഹിസ്റ്റീരിയ ആയി ലോകത്ത് പടര്‍ന്ന കാലഘട്ടം ആയിരുന്നതു കൊണ്ട് അമേരിക്കയില്‍ ഉണ്ടായ സാമ്പത്തിക തകര്‍ച്ച ലോകമെമ്പാടും പടര്‍ന്നു പിടിക്കാന്‍ കൂടുതല്‍ സമയം ഒന്നും വേണ്ടായിരുന്നു.

തകര്‍ച്ചയുടെ ആ പരമ്പരയില്‍ നിന്നും ഭാരതം രക്ഷപെട്ടത് ഭാരതത്തിന്റെ മികവുറ്റ ബാങ്കിങ്ങ് ഘടനയുടെ പ്രത്യേകത കൊണ്ടായിരുന്നു. ഭൂപണയ വായ്പകളുടെ കാര്യത്തില്‍  ഭാരതീയ ബാങ്കുകള്‍ ഈടിന്റെ മൂല്യം കണക്കാക്കുന്ന രീതിയും ലോണിന്റെ പാറ്റേണും എപ്പോഴും ഈടിന്റെ മൂല്യം വായ്പയുടെ മൂല്യത്തിനു മുകളില്‍ നിര്‍ത്താന്‍ ഭാരതീയ ബാങ്കുകള്‍ക്ക് കഴിയും വിധമാണ്. അതിന് അഭിനന്ദിക്കേണ്ടത് ഇന്ദിരാ ഗാന്ധിയെ ആണ്. അല്ലാതെ മന്മോഹന സിദ്ധാന്ധങ്ങളെ അല്ല. ഇപ്പോഴും ബാങ്കിങ്ങ് മേഖല ഭാരതത്തില്‍ സുദൃഢം തന്നെ. മന്മോഹന സംഘം എത്ര ശ്രമിച്ചിട്ടും അതു തകര്‍ക്കാന്‍ കഴിയാത്തത് ബാങ്കിങ്ങ് മേഖലയിലെ തൊഴിലാളി സംഘടനകളുടെ ഇടപെടല്‍ കൊണ്ടു മാത്രവും.

ബാങ്കിങ്ങ് മേഖലക്ക് ഒരു പോറലും ഭാരതത്തില്‍ ഏല്‍ക്കില്ല തന്നെ. പക്ഷേ മറ്റു മേഖലകള്‍ പ്രതിസന്ധിയില്‍ ആണു. പരമ പ്രധാനം പെട്രോളിന്റെ വില നിശ്ചയിക്കുന്നതില്‍ ഗവണ്മെന്റിനു ഉണ്ടായിരുന്ന നിയന്ത്രണം എടുത്ത് കളഞ്ഞത് തന്നെ. എണ്ണയുടെ അന്താരാഷ്ട്ര ചലനങ്ങള്‍ക്ക് ഒപ്പിച്ച് ഭാരതത്തില്‍ എണ്ണയുടെ വില നിശ്ചയിക്കാം എന്നു വന്നിടത്ത് ഇപ്പോഴത്തെ പ്രതിസന്ധി തുടങ്ങുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ എണ്ണ വില പത്തു തവണ കൂടി. ഫലം പണപ്പെരുപ്പവും വിലകയറ്റവും അതു പോലെ തന്നെ കൂടി. എണ്ണവില കൂടുമ്പോള്‍ മൊത്ത വില സൂചിക കൂടും ഒപ്പം പണപ്പെരുപ്പവും. പണപ്പെരുപ്പം കൂടുമ്പോള്‍ രൂപയുടെ വില ഇടിയും. രൂപയുടെ വില ഇടിയുമ്പോള്‍ അസംസ്കൃ എണ്ണയുടെ ഇറക്കുമതി ചിലവ് കൂടും വീണ്ടും എണ്ണ വില കൂടും തുടര്‍ന്ന് പണപ്പെരുപ്പവും അതിങ്ങനെ തുടരും.

യൂറോപ്പില്‍ ബാധിച്ച സാമ്പത്തിക മാന്ദ്യം മാറിയാലും ഇന്നി ഭാരതത്തിന്റെ സാമ്പത്തിക രംഗത്തിനു സ്ഥിരത ഉണ്ടാകില്ല. യൂറോപ്പിലെ മാന്ദ്യം അവസാനിക്കുമ്പോള്‍ അവിടെ ഉല്പാദനം കൂടും. ഉല്പാദനം കൂടുമ്പോള്‍ എണ്ണയുടെ ഉപഭോഗവും കൂടും. എണ്ണയുടെ ഉപഭോഗം കൂടുമ്പോള്‍ എണ്ണ വില കുത്തനെ കയറും. അന്താരാഷ്ട്ര എണ്ണ വിപണിക്കൊപ്പം ഭാരതത്തിലും എണ്ണ വില കൂടും. വ്യാവസായിക വളര്‍ച്ച ഉച്ചസ്ഥായിയില്‍ ആയ രണ്ടായിരത്തി എട്ടിന്റെ ആദ്യ പാദത്തില്‍ എണ്ണ വില നൂറ്റി നാല്പത് ഡോളറിനു മുകളില്‍ പോയിട്ടും ഭാരതത്തില്‍ പെട്രോള്‍ വില നാല്പതു രൂപയ്ക്ക് അടുത്ത് നിര്‍ത്താന്‍ കഴിഞ്ഞത് വില നിയന്ത്രിക്കാനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തം ആയിരുന്നതു കൊണ്ടാണ്. പക്ഷേ ഇന്നി അതു നടപ്പില്ല. എണ്ണ വില അന്താരാഷ്ട്ര തലത്തില്‍ കൂടും മുന്നേ ഇന്നി ഭാരതത്തില്‍ ഇന്ധന വില കൂടും.  ലോക സാമ്പത്തിക രംഗം മാന്ദ്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപെടുമ്പോള്‍ ഇന്ധന വിലയില്‍ ഉണ്ടാകുന്ന ഉയര്‍ച്ചയില്‍ തട്ടി പണപ്പെരുപ്പം ഉയര്‍ത്തും എന്നതില്‍ തര്‍ക്കമില്ല എന്നു സാരം.

പണപ്പെരുപ്പം കുറക്കാന്‍ റിസര്‍വ്വ് ബാങ്കിനു കൂടുതല്‍ ഒന്നും ചെയ്യാന്‍ ഇപ്പോള്‍ കഴിയില്ല. അവര്‍  മാസാമാസം കൂടിയിരുന്ന് റിസര്‍വ്വ് ആന്റ് റിവേഴ്സ് റിപ്പൊ റേറ്റ് ഇരുപത്തി അഞ്ച് പൈസ കൂട്ടും അല്ലാതെ എന്തു ചെയ്യാന്‍? പാവങ്ങള്‍... അവിടേയും തെറ്റാണ് ചെയ്യുന്നത്. പണപ്പെരുപ്പത്തിന്റെ തോത് കുറക്കാന്‍ പലിശ നിരക്ക് കൂട്ടുമ്പോള്‍ വിപണിയില്‍ പണ ലഭ്യത കുറയും. കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടെ വായ്പകളുടെ പലിശ കൂടും. പലിശ ചിലവ് കൂടുമ്പോള്‍ എണ്ണവില കൂടുന്നത് പോലെ തന്നെ സമ്പൂര്‍ണ്ണ വില കയറ്റം ഫലം. വീണ്ടും വിലകയറ്റം തന്നെ. പിന്നെയും ലവന്മാര്‍ കൂടിയിരുന്നു അവലോകനം നടത്തും. അവലോകനത്തിനൊടുവില്‍ പതിവുപോലെ ഇരുപത്തി അഞ്ചു പൈസ കൂട്ടും. പിന്നെയും പലിശ കൂടും. വായ്പ ചിലവു കൂടും വില കയറ്റവും...

ആഗോള വല്‍ക്കരണത്തിന്റെ ഭാഗമായ സാമ്പത്തിക അടിമത്വത്തിന്റെ ഫലമായി കാര്‍ഷിക മേഖലയ്ക്ക് നല്‍കിയിരുന്ന സബ്സിഡികള്‍ ഒരന്തവും ഇല്ലാതെ വെട്ടികുറച്ചത് കാര്‍ഷിക മേഖലയിലെ കൂട്ട ആത്മഹത്യകള്‍ക്കും ഹെതുവായി. കാര്‍ഷിക മേഖല എങ്ങിനെ എങ്കിലും മുടിപ്പിച്ചിട്ട് ഭാരതം എന്ന അനന്ത സാധ്യതകള്‍ ഉള്ള വിപണിയിലേക്ക് കടന്നു വരാന്‍ ആഗോള കുത്തകകള്‍ മത്സരിക്കുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കേന്ദ്രീകൃത കൃഷിയിടങ്ങള്‍ക്ക് വന്‍ സബ്സിഡികള്‍ നല്‍കുമ്പോഴാണ് അത്താഴ പഷ്ണിക്കാരുടെ കൃഷിയിടങ്ങളിലെ മുക്കാല്‍ ചക്ര സബ്സിഡികള്‍ വെട്ടി കുറക്കേണ്ടി വന്നത്. ചോദിക്കാനും പറയാനും ആരും ഇല്ലാ എന്ന അവസ്ഥ. കാരണം - എല്ലാം അറിയുന്ന ഒരാള്‍ പ്രധാന മന്ത്രിയായിരിക്കുന്നിടത്ത് സര്‍വ്വതും സുരക്ഷിതം ആയിരിക്കും എന്നു നാം തെറ്റിദ്ധരിച്ചു. എല്ലാം അയാളെ ഏല്പിച്ച് നാം സുഖ സുഷുപ്തിയില്‍ ആയി.

ഏറ്റവും ഒടുവില്‍ ചെറുകിട കച്ചവട മേഖലയില്‍ കൂടി വിദേശ ഫണ്ട് അനുവദിക്കാനുള്ള ശ്രമം നടക്കുന്നു. കാരണം പറയുന്നത് ഉപഭോക്താവിനു വില കുറവില്‍ ഗുണമേന്മയുള്ള സാധനങ്ങള്‍ ലഭിക്കും എന്നാണ്. ആഗോള ഭീമന്മാര്‍ ഭാരത ജനതയെ സേവിക്കാനല്ല ഇങ്ങോട്ടു കടന്നു വരുന്നത്. മാക്സിമം ലാഭം തന്നെയാണ് അവരുടെ ഉന്നം. കൃഷിടങ്ങള്‍ പാട്ടത്തിനെടുത്ത് അവിടെ ജനിതക മാറ്റങ്ങള്‍ വരുത്തിയ അത്യുല്പാദന ശേഷിയുള്ള അന്തക വിത്തുകള്‍ വിതച്ചു വന്‍ വിളവെടുപ്പ് നടത്തി ലാഭം കൊയ്യുക എന്നതാണ് സംഭവിക്കാന്‍ പോകുന്നത്. പതുക്കെ പതുക്കെ കര്‍ഷകര്‍ എന്ന വിഭാഗം തന്നെ ഇല്ലാതാകും.

മത്സരത്തിന്റെ ഭാഗമായി ചെറുകിട കച്ചവടക്കാരെ പൂട്ടിക്കാന്‍ ആദ്യ കാലങ്ങളില്‍ ചില ആനുകൂല്യങ്ങളും വിലക്കുറവും ഒക്കെ ഉപഭോക്താവിനു നല്‍കാന്‍ ഇവര്‍ ശ്രമിക്കും എങ്കിലും പതുക്കെ അതൊക്കെ ഇല്ലാതാകും. സമ്പന്നര്‍ക്ക് മാത്രം കടന്നു ചെല്ലാന്‍ കഴിയുന്ന ഇടങ്ങളായി വന്‍ വിദേശ വില്പന കേന്ദ്രങ്ങള്‍ മാറി കഴിയുമ്പോള്‍ സാധാരണക്കാരനു അടുപ്പു പുകക്കാന്‍ പാക്കരന്റെ പല ചരക്ക് കട കാണില്ല. ഒന്നുകില്‍ അയാള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടാകും അല്ലെങ്കില്‍ വിദേശ കുത്തകക്കാരന്‍ നടത്തുന്ന കേന്ദ്രീകൃത കൃഷിയിടത്തിലെ തൊഴിലാളി ആയിട്ടുണ്ടാകും.

ചെറുകിട വ്യാപാരമേഖല കൂടി വിദേശ കുത്തകകള്‍ക്ക് തുറന്ന് കൊടുക്കണം എന്ന് വാദിക്കുന്നവര്‍ മിക്കവരും പറയുന്ന ഒരു ന്യായം ഭാരതത്തില്‍ ഇപ്പോള്‍ ഉല്പാദിപ്പിക്കപ്പെടുന്ന വിഭവങ്ങളില്‍ നല്ലൊരു ശതമാനവും വിളവെടുത്ത് ശേഖരിച്ച് സൂക്ഷിച്ചു വെക്കാന്‍  കഴിയാതെ നശിച്ചു പോകുന്നു. അതിനു തടയിടാന്‍ പുതിയ നയത്തിനു കഴിയും, വിദേശ ഫണ്ടുകള്‍ സുസ്സജ്ജമായ ശേഖരണ കേന്ദ്രങ്ങള്‍ തുടങ്ങി വിഭവങ്ങള്‍ സൂക്ഷിക്കും എന്നതാണ്. രാഹുല്‍ ഗാന്ധിയും അങ്ങിനെ പ്രസ്ഥാവന നടത്തുന്നതു കേട്ടു, വിഭവങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സര്‍ക്കാറിനു കഴിയില്ലാ... വിദേശിയര്‍ക്കേ കഴിയുള്ളൂ എന്നു പറയുന്നിടത്ത് സര്‍ക്കാര്‍ തന്നെ പരാജയം ആണെന്നു സമ്മതിക്കുന്നതിനു തുല്യം ആണ്. നാടിന്റെ സമ്പത്ത് സൂക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഒരു സാമ്പത്തിക വിദഗ്ദന്റെ നേതൃത്വത്തില്‍ ആണെന്നുള്ളത് അതിനേക്കാള്‍ മാനക്കേട്.

വിദേശ ഫണ്ടുകള്‍ക്ക് ഒരിക്കലും ഭാരതത്തോടു എന്തെങ്കിലും കൂറുണ്ടാകും എന്ന് ധരിക്കുന്നതേ അബദ്ധമാണ്. ഇപ്പോള്‍ ഓഹരി വിപണി എത്തപ്പെട്ടിരിക്കുന്ന ദുരന്തം തന്നെ അതിനു ഉദാഹരണം. ഭാരതത്തിന്റെ സാമ്പത്തിക നില അപകടത്തിലേക്ക് എന്ന സൂചന കിട്ടിയ നിമിഷം തന്നെ അവര്‍ ഫണ്ടുകള്‍ പിന്‍ വലിച്ചു തുടങ്ങി. ഫലം എന്താണ്? ഭാരതത്തിലെ സാധാരണ നിക്ഷേപകനു അവന്റെ നാമമാത്രമായ നിക്ഷേപം നഷ്ടപ്പെടുന്ന അവസ്ഥ. ഓഹരി വിപണിയിലേക്ക് സാധാരണ നിക്ഷേപകനെ ആകര്‍ഷിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെയാണ് മുങ്കൈ എടുത്തത്. ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ടു നിസ്സാഹയനായി നില്‍ക്കുന്ന സാധാരണ ഭാരതീയ നിക്ഷേപകന്‍ ആത്മഹത്യയുടെ വക്കിലും. വിദേശ ഫണ്ടുകള്‍ അപകടം മുങ്കൂട്ടി കണ്ട് നേരത്തെ തന്നെ അവരുടെ നിക്ഷേപങ്ങള്‍ സംരക്ഷിച്ചു കഴിഞ്ഞിരുന്നു.

സാമ്പത്തിക രംഗത്ത് നിന്നും എങ്ങിനെ വിദേശ ഫണ്ടുകള്‍ പിന്‍ വലിഞ്ഞോ അതേ പോലെ തന്നെ കാര്‍ഷിക രംഗത്ത് നിന്നും ചില്ലറ വ്യാപാര മേഖലയില്‍ നിന്നും തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ നിന്നും ഒക്കെ അവര്‍ പിന്‍ വലിയും. അപ്പോഴേക്കും നമ്മുടെ സ്വയം പര്യാപ്തത നമ്മുക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകും. മണ്ണും വിത്തും ജലവും മാനഭംഗ പെട്ടിട്ടുണ്ടാകും. തകര്‍ന്നടിഞ്ഞ് കഴിയുന്ന കാര്‍ഷിക വിപണന മേഖല തിരികേ കൊണ്ടു വരുവാന്‍ ഒരു പക്ഷേ നമ്മുക്ക് കഴിയണം എന്നില്ല. ഫലം ഭക്ഷണത്തിനായി വിദേശ കപ്പലുകള്‍ തീരത്തണയുന്നതും കാത്തിരിക്കുന്ന അവസ്ഥയുണ്ടാകും.

മന്മോഹന്‍ സിങ്ങിനു പിഴക്കുന്നുണ്ട്. അമേരിക്കക്ക് പറ്റിയ നേതാവായിരിക്കും ഒരു പക്ഷേ മന്മോഹന്‍ സിങ്ങ്. പക്ഷേ ഭാരതത്തിനു അദ്ദേഹം ദോഷം മാത്രമേ ചെയ്യുന്നുള്ളു. ഭാരതീയരെയും ഭാരതത്തിന്റെ സാമ്പത്തിക ശാസ്ത്രത്തേയും ഭാരതത്തിന്റെ കര്‍ഷകരേയും വിശ്വാസത്തില്‍ എടുത്ത് മുന്നോട്ടു പോകാന്‍ കഴിയാത്തിടത്തോളം മന്മോഹന്‍ സിങ്ങ് കടുത്ത അപരാധമാണ് നാട്ടിനു ചെയ്തു കൊണ്ടിരിക്കുന്നത്. അമേരിക്കയെ ഭാരതത്തിലേക്ക് പറിച്ച് നടാനുള്ള വെമ്പലില്‍ മന്മോഹന്‍ സിങ്ങും കൂട്ടരും നാട്ടിന്റെ ആത്മാവിനെയാണ് കുരുതി കൊടുക്കുന്നത്.

ആഗോള വല്‍ക്കരണം ഒരു രാജ്യത്തിനും ഭൂഷണം അല്ല. ഒരോ രാജ്യവും സ്വയം പര്യാപ്തമാവുകയാണ് വേണ്ടത്. ആഗോളവല്‍ക്കരണം ഏതെങ്കിലും രാജ്യത്തെ സാമ്പത്തികമായി ഉന്നമനത്തില്‍ എത്തിച്ചിട്ടും ഇല്ല - നാളിതു വരെ. വിഭവങ്ങള്‍ പരസ്പരം വിപണനം ചെയ്യുന്നതിനു നാടിന്റെ സാമ്പത്തിക മേഖല കുത്തകകള്‍ക്ക് അടിയറവ് വെക്കേണ്ടുന്നതൊന്നും ഇല്ല. വിദേശ വിപണി കീഴ്പ്പെടുത്താന്‍ നാം വെമ്പല്‍ കൊള്ളുന്നതിനു മുന്നേ രാജ്യത്തിന്റെ കാര്‍ഷിക വിപണന സാമ്പത്തിക മേഖലകള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.  ഉല്പാദന ചിലവു കുറച്ചാല്‍ നമ്മുടെ ഉല്പന്നങ്ങള്‍ക്ക് വിപണികള്‍ താനേ തുറക്കെപ്പെടും.

ലാഭം മാത്രമാണ് വിദേശ ഫണ്ടുകള്‍ ലക്ഷ്യം വെക്കുന്നത്. രാജ്യ സേവനം അവരുടെ ലക്ഷ്യമേ അല്ല. അതു നന്നായി അറിയാവുന്ന ഒരാള്‍ പ്രധാനമന്ത്രി ആയി ഇരുന്നു കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തുരങ്കം വെക്കാന്‍ വിദേശ കുത്തകകള്‍ക്ക് അവസരം ഒരുക്കുന്നത് നാടിന്റെ ശാപമാണ്.

Saturday, December 10, 2011

നമ്മുടെ പെണ്‍കൊച്ചുങ്ങളും നമ്മുടെ സമുദായവും!

വ്യത്യസ്ത മത വിഭാഗങ്ങങ്ങളിലെ പ്രേമ ബന്ധങ്ങളും മിശ്ര വിവാഹങ്ങളും   ഇന്നും ഇന്നലെയും തുടങ്ങിയ പ്രതിഭാസങ്ങള്‍  അല്ല. ആണും പെണ്ണും തമ്മില്‍ കണ്ടു മുട്ടുന്നതും പരിചയപ്പെടുന്നതും പരിചയം പിന്നെ പ്രണയത്തിലേക്ക് വഴിമാറുന്നതും പ്രണയം വിവാഹത്തിലേക്ക് എത്തുന്നതും അല്ലെങ്കില്‍  വഴി പിരിഞ്ഞു പോകുന്നതും ഒന്നും  പുതുമയുള്ള കാര്യങ്ങളും അല്ല. കറയറ്റ പ്രണയത്തില്‍ ജാതി മത വര്‍ണ കുബേര കുചേല വ്യതിയാനങ്ങള്‍ ഒന്നും കടന്നു വരാറും ഇല്ല. 

ഇതര മത പ്രണയങ്ങള്‍ എക്കാലത്തും എതിര്‍ക്ക പെട്ടിട്ടുണ്ട്. നല്ല കരളുറപ്പുള്ള ചിലര്‍ എല്ലാ എതിര്‍പ്പുകളേയും അവഗണിച്ചു ഇഷ്ടങ്ങളെ വരിക്കുന്നു. സമൂഹത്തോടും സമുദായ കൊമരങ്ങളോടും
ജീവിതത്തോടും പോരടിച്ചു ജീവിത വിജയം നേടുന്നു. ചിലര്‍ ഇഷ്ട വിവാഹത്തിന് ശേഷം ഒന്നിച്ചു ജീവിച്ചു കൊള്ളാം എന്ന ഉടമ്പടി ഏകപക്ഷിയമായോ സംയുക്തമായോ അവസാനിപ്പിച്ചു പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്നു. ഇതൊക്കെ കാലങ്ങള്‍ ആയി സംഭവിച്ചു കൊണ്ടിരിക്കുന്ന സംഗതികള്‍.

പ്രണയങ്ങള്‍, പ്രത്യേകിച്ചും ഇതര സമുദായ അംഗങ്ങള്‍  തമ്മിലുള്ള പ്രണയങ്ങള്‍ ഇന്നലെ നാല്‍ക്കവലകളിലെ   ചായ പീടികകളിലും ബാര്‍ബര്‍ ഷാപ്പുകളിലും ഒക്കെയായിരുന്നു ചര്‍ച്ചകള്‍. അവിടെ ഒരു ഇട്ടാവട്ടത്തില്‍ ഇരുന്നുള്ള പരദൂഷണത്തില്‍ എരിവും പുളിയും ചേര്‍ന്ന പ്രണയങ്ങളും ചര്‍ച്ചക്ക് വിഷയം ആകും ആയിരുന്നു. രക്ഷകര്‍ത്താക്കള്‍  ബന്ധുക്കള്‍ നാട്ടുകാര്‍ തുടങ്ങിയ തടസങ്ങളെ അതി ജീവിക്കാന്‍ കഴിയില്ല എന്ന് തോന്നിയാല്‍ കമിതാക്കള്‍ മുമ്പും പിറകും ചിന്തിക്കാതെ ഉറ്റവരെയും ഉടയവരെയും വിട്ടു ഒളിച്ചോടുകയും പതിവായിരുന്നു. അതും ഇമ്മാതിരി ഗ്രാമ സഭാ കാര്യലയങ്ങളിലെ ചര്‍ച്ചകള്‍ക്ക് വിഷയീ ഭവിക്കാറുണ്ട്. അതൊക്കെ ഇന്നലത്തെ കാര്യം.

ഇന്ന്-

കഥയൊക്കെ മാറിയിരിക്കുന്നു. ചര്‍ച്ചകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടറും യൂണികോഡും ഒക്കെ ഉപയോഗിക്കാന്‍ കഴിയുന്ന വിദ്യ സമ്പന്നരായ ഒരു സമൂഹം ഇടപെടുന്ന നവ മാധ്യമത്തില്‍ നിന്നും പക്ഷെ പ്രതീക്ഷിക്കുന്ന ചര്‍ച്ചകളോ ചിന്താ ശകലങ്ങലോ അല്ല ഇക്കാര്യത്തില്‍  ഉരിതിരിയുന്നത്. നല്ലൊരു വിഭാഗവും ജാതിയും മതവും വര്‍ണവും രാഷ്ട്രീയവും ഒക്കെ നോക്കി മാത്രമാണ് പ്രതികരിക്കുന്നത്. ഒരു പക്ഷെ ഇന്നലെകളെക്കാള്‍ യുവത്വം വര്‍ഗീയ വല്‍ക്കരിക്ക പെട്ടിരിക്കുന്നു എന്നര്‍ത്ഥം.

ഇരുപത്തി മൂന്നു വയസുള്ള ഷിഫ എന്ന പെണ്ണും ദീപു എന്ന ആണും എലാപ്പാറയില്‍ നിന്നും വീട് വിട്ടു പോയിരിക്കുന്നു.  പ്രാഥമിക നിരീക്ഷണങ്ങള്‍ക്ക് ശേഷം പീരുമേട് പോലിസ് കേസെടുത്തു. തുടര്‍ന്നു ലുക്ക്‌ ഔട്ട്‌ നോട്ടീസും പോലീസ് പുറത്ത് വിട്ടു. പതിവ് പോലെ സംഗതി നേരെ നവ നാല്‍ക്കവല  ആയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ചര്‍ച്ചയും തുടങ്ങി. നിരവധി ചര്‍ച്ചകളിലെ ഒരു ഉദാഹരണം.

ഒരു സമുദായ സ്നേഹി മേപ്പടി ലുക്ക്‌ ഔട്ട്‌ നോട്ടീസ് കോപ്പീ പേസ്റ്റ് ചെയ്തു ഒലിപ്പീരു തുടങ്ങി. അതിങ്ങനെ:

"ദയാവായി ഇത് ഷെയര്‍ ചെയ്യുക .... എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഇതിലെ നമ്പറില്‍ വിവരം അറിയിക്കുക

ഈ സംഘി വല വീശലില്‍ നമ്മുടെ എത്ര സഹോതരിമാര്‍ അറിഞ്ഞും അറിയാതെയും അകപ്പെട്ടു പോകുന്നു .... എവിടെക്കാണ്‌ നമ്മുടെ സമുദായത്തിന്റെ പോക്ക് .... എന്ത് കൊണ്ടാണ് ഒരു ബോധവല്‍കരണത്തിന് നമ്മുടെ സമുദായ നേതൃത്വം മുന്നോട്ടു വരാത്തത് ..????" 

മറ്റൊരു സമുദായി:
Love jihad aropichavar avarude pazhaya ajanda nammalil aropikkukayirunnu....... beware 

പോസ്ടിട്ട സമുദായിയുടെ മറുപടി:
"സംഘി വല വീശല്‍ നടക്കുന്നില്ല എന്ന് നമുക്ക് പറയാന്‍ കഴിയില്ല .... അത് പതുക്കെ പതുക്കെ നമ്മെ കാര്‍ന്നു തിന്നുകയാണ് ...നമുക്ക് ചുറ്റും വലയം തീര്‍ത്തു കഴിഞ്ഞിരിക്കുന്നു ..... ഇത് ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്നതു പ്രവാസി സഹോതരന്മാരെ തന്നെയാണെന്ന് പറയേണ്ടി വരും ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ ..... സ്വന്തം കുടുംബത്തില്‍ നിന്നും മഹല്ലുകള്‍ കേന്ദ്രീകരിച്ചും ശക്തമായ ബോധവല്കരണം ഈ വിഷയത്തില്‍ ആവശ്യമാണ്‌ ...നൌഫല്‍ സാഹിബ്‌ .... ഫേസ് ബുക്കില്‍ ഇടക്കൊക്കെ ഓരോ വാര്‍ത്ത‍ വരുന്നു എന്നതിനെക്കാളേറെ നാട്ടില്‍ ഇതൊരു സത്രം സംഭവം ആയിരിക്കുന്നു ..... ശക്തമായ ബോധവല്കരണം ഈ വിഷയത്തില്‍ നടത്തിയില്ല എങ്കില്‍ ഇത് ഒരു വന്‍ നാഷതിലെക്കായിരിക്കും സമുധായാതെ നയിക്കുക ...."

ചര്‍ച്ച അങ്ങിനെ മുന്നോട്ടു പോവുകയാണ്. നമ്മുടെ പെങ്കൊച്ചിനെ മറ്റവന്‍മാരില്‍ ഒരുവന്‍ അടിച്ചോണ്ട് പോയിരിക്കുന്നു. പ്രതികരിക്കൂ സഹോദരന്മാരെ എന്നതാണ് ആഹ്വാനം.

പെണ്‍കുട്ടി ചതിക്ക പെട്ടതാണെങ്കില്‍ അത് ജാതി മത വര്‍ണ്ണ വ്യത്യാസങ്ങള്‍ നോക്കി അപലപിക്കേണ്ട സംഗതി അല്ല.   ആ പെണ്‍കുട്ടിയെ ജീവതത്തിലേക്ക് തിരിച്ചു കൊണ്ട് വരേണ്ടുന്നത് സമൂഹത്തിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം  ആണ് താനും. അതല്ല പരസ്പരം ഇഷ്ട പെട്ടവരെ ഇതര സമുദായങ്ങള്‍ ആയതു കൊണ്ട് ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കാത്ത സമൂഹത്തിന്റെ മര്‍ക്കട മുഷ്ടിക്കു മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ പുറപെട്ടു പോയവര്‍ ആണെങ്കില്‍ അവര്‍ ജീവിക്കട്ടെ. പതുക്കെ പതുക്കെ നാട്ടുകാരും വീട്ടുകാരും ഒക്കെ അവരെ അംഗീകരിച്ചു കൊള്ളും. മിശ്ര വിവാഹിതരായ ഡസന്‍ ദമ്പതിമാരെ നേരിട്ടറിയാം - സുഖവും സന്തോഷം ആയി ജീവിക്കുന്നവരെ. ആദ്യത്തെ ആവേശം ഒക്കെ കഴിഞ്ഞു പൊരുത്ത കേടുകള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നും പരസ്പരം വഴി പിരിഞ്ഞ മിശ്ര വിവാഹക്കാരെയും  അറിയാം. പക്ഷെ ജാതകവും പൊരുത്തവും മുഹൂര്‍ത്തവും ഒക്കെ നോക്കി വിവാഹിതരായിട്ടു പിരിഞ്ഞു പോയ ദാമ്പത്യങ്ങളെക്കാള്‍ അവരുടെ എണ്ണം ഒരിക്കലും കൂടുതല്‍ അല്ല!

ഹൈന്ദവ പെണ്‍കുട്ടിയെ മുസ്ലീം പയ്യന്‍ പ്രണയിച്ചാല്‍ അത് ലൌ ജിഹാദ്. മുസ്ലീം പെണ്‍കുട്ടിയെ ഹൈന്ദവ പയ്യന്‍ പ്രണയിച്ചാല്‍ അത് ആര്‍.എസ്.എസ്. ഗൂഡാലോചന! പിന്നെ ചര്‍ച്ചയോട് ചര്‍ച്ച. പ്രണയം എന്നതിന്റെ അര്‍ഥം എന്താണെന്നോ അത് മുന്നോട്ടു വെക്കുന്ന മാനവികത എന്തെന്നോ  ഈ ചര്‍ച്ചാ കൂട്ടര്‍ക്ക് എന്തെങ്കിലും ബോധം ഉണ്ടോ എന്നറിയില്ല. ഇഷ്ട വിവാഹങ്ങളില്‍ ഇഷ്ടം മാത്രമാണ് പൊരുത്തം. അവിടെ സമ്പത്തും ജാതകവും തറവാടിത്വവും സ്ത്രീധനവും ഒന്നും കടന്നു വരാറില്ല. എന്തിനു, വിവാഹത്തിന്റെ പേരില്‍ കാട്ടി കൂട്ടുന്ന ഒരു അരാജകത്വവും പ്രണയ വിവാഹങ്ങളില്‍ കാണില്ല.  പരസ്പരം ഇഷ്ടപ്പെട്ടവര്‍ ഒന്നിച്ചു ജീവിക്കട്ടെ. ചതിയുണ്ടെങ്കില്‍ അത് കണ്ടെത്തി പരിഹാരം കാണാം.

നമ്മുടെ സമുദായത്തിന് ഇതെന്തു പറ്റി എന്ന് വിലപിക്കുന്ന സമുദായ സ്നേഹികള്‍ സ്വസമുദായത്തില്‍ പെട്ട പിതാവിനാല്‍  പീഡിപ്പിക്ക പെട്ട് കൊല ചെയ്യപ്പെട്ട കുഞ്ഞിനെ കുറിച്ചോ പെണ്‍വാണിഭത്തിനു നേതൃത്വം കൊടുക്കുന്ന സ്വസമുദായത്തിലെ ക്രിമിനലുകളെ കുറിച്ചോ എന്തെങ്കിലും ഉരിയാടിയതായി അറിവില്ല. ഏറ്റവും ഒടുവില്‍ വടക്കുള്ള ഒരു യതീം ഖാനയില്‍ പീഡിപ്പിക്ക പെട്ട അനാഥരായ പെണ്‍കുട്ടികളെ കുറിച്ച് ഒരിടത്തും  ആവലാതി പെട്ടും കണ്ടില്ല. പ്രായ പൂര്‍ത്തിയായ പെണ്‍കുട്ടി തനിക്കു ഇഷ്ടമുള്ള ഒരാളോട് ചേര്‍ന്നതില്‍ അല്ല ഈ ഹമുക്കുകളുടെ  അമര്‍ഷവും. "ഞങ്ങള്‍ക്ക് ഭോഗിക്കേണ്ട പെണ്ണിനെ നീ കൊണ്ട് പോയി ഭോഗിക്കേണ്ട" എന്നതില്‍ കവിഞ്ഞ ഒരു ചിന്തയും ഇവന്മാരുടെ വികാര പ്രകടനങ്ങള്‍ക്കില്ല തന്നെ.

സമുദായത്തില്‍ നടമാടുന്ന അനാചാരങ്ങള്‍ക്കും അനീതികള്‍ക്കും നേരെ പുറം തിരിഞ്ഞു നിന്നിട്ട് കവലകളില്‍ സദാചാര പോലീസ് ചമഞ്ഞു പിതാവിനെയും പുത്രിയേയും പോലും ചിത്ര വധത്തിനു വിധേയം ആക്കുന്ന നവ മാധ്യമ ചര്‍ച്ചക്കാര്‍ ആദ്യം  ചെയ്യേണ്ടുന്നത്  സ്വസമുദായത്തിലെ പെണ്‍കുട്ടികള്‍ നേരിടുന്ന സ്ത്രീധനം എന്ന ദുരന്തത്തിനെതിരെ പോരാടുകയാണ്. മാമാ മാരും മാമി മാരും ആയി സ്വ സമുദായ അംഗങ്ങള്‍ മാറുന്നതിനെ തടയാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ പെണ്‍ വാണിഭക്കാരുടെ ഒരു ലിസ്റ്റ് എടുത്താല്‍ ഒരു പക്ഷെ ഭൂരിപക്ഷം മുസ്ലീം നാമധാരികള്‍ ആയിരിക്കും എന്നതില്‍ സംശയം ഇല്ല തന്നെ.

സമൂഹത്തിലെ സ്വ സമുദായ പുഴു കുത്തുകളെ കണ്ടില്ലെന്നു നടിച്ചു  നമ്മുടെ പെങ്കൊച്ചിനെ മറ്റവന്‍ അടിച്ചോണ്ട് പോയി എന്ന് വിലപിച്ചിട്ട് എന്ത് കാര്യം?

Thursday, December 08, 2011

ഇറച്ചി കടകളിലെ മനുഷ്യാവകാശം.

നഴ്സുമാര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ വാര്‍ത്ത അല്ലാതായിട്ടു കാലങ്ങളായി. വെറും  ശമ്പളം മാത്രം ലക്‌ഷ്യം ആക്കുന്ന ഒരാള്‍ക്കും നാഴ്സാവാന്‍ കഴിയില്ല തന്നെ. ദീനാനുകമ്പയും സേവന തല്പരതയും സാമൂഹ്യ പ്രതിബദ്ധതയും ഉന്നതമായ മാനുഷിക മൂല്യങ്ങളും ഒക്കെ കൂടി ചേര്‍ന്ന ഒരാള്‍ക്കേ നഴ്സിംഗ് പ്രൊഫെഷന്‍ തിരഞ്ഞെടുക്കാനും അതില്‍ ശോഭിക്കാനും കഴിയുള്ളൂ. അങ്ങിനെയുള്ളവര്‍ കുറെയൊക്കെ സഹന ശക്തി ഉള്ളവരും പ്രതികൂല  സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു  ജീവിക്കാന്‍ കഴിയുന്നവരും ആയിരിക്കും. ഈ സഹന ശക്തി എപ്പോഴും ചൂഷണ വിധേയം ആയിരിക്കുകയും ചെയ്യും.

തരം കിട്ടിയാല്‍ തങ്ങളുടെ തന്നെ ശുശ്രൂഷയില്‍ കഴിയുന്നവരും തരമുണ്ടാക്കി സഹ ജീവനക്കാരും പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ വിഭാഗം എപ്പോഴും അരക്ഷിതാവസ്ഥയില്‍ തന്നെയായിരിക്കും തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ വ്യാപരിക്കുന്നത്. പീഡനങ്ങള്‍ക്കെതിരെ  പരാതി  പെട്ടാല്‍ മിക്കവാറും വാദി തന്നെ പ്രതിയാകുന്ന അവസ്ഥകളും ഉണ്ടാകും. അത് കൊണ്ട് തന്നെ തൊഴില്‍ മേഖലയില്‍ നിന്നും ഉണ്ടാകുന്ന തിക്താനുഭവങ്ങളെ കണ്ടില്ല എന്ന് നടിച്ചും കഴിയുന്നിടത്തോളം സ്വയം  ഒഴിവായും ഒതുങ്ങി കൂടിയും കഴിയുന്ന സമൂഹത്തിലെ ഏറ്റവും അനിവാര്യം ആയ ഒരു തൊഴില്‍ മേഖലയില്‍ - അല്ല സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗത്തെ എപ്പോഴും അടിമകള്‍ ആക്കി വെക്കാനാണ് "ആശുപത്രി വ്യാപാരികള്‍" ശ്രമിക്കുന്നത്.

ഇറച്ചി കടകളും  ഇപ്പോഴുള്ള ആശുപത്രികളും തമ്മില്‍ എന്തെങ്കിലും തരത്തില്‍ വ്യത്യാസം ഉണ്ടെങ്കില്‍ അത്  ഇറച്ചി കാര്‍ന്നെടുക്കുന്നതില്‍ മാത്രമേ ഉള്ളൂ. ഒരിടത്ത് കൊന്നതിനു ശേഷം തോലുരിച്ചു മാംസം അറുത്തു എടുക്കുന്നു. മറ്റൊരിടത്ത് ഇരയുടെ മാംസം  ജീവനോടെ കാര്‍ന്നെടുക്കുന്നു.

പണം ഉണ്ടാക്കാനുള്ള എളുപ്പ വഴി എന്ന നിലക്കാണ് ഇന്ന് മിക്കവാറും എല്ലാ ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്. മനുഷ്യന് ഏറ്റവും വിലപ്പെട്ടത്‌ ജീവനായത്‌ കൊണ്ട് തന്നെ അതിനെ നിലനിര്‍ത്താന്‍ എന്ത് വില കൊടുക്കാനും മനുഷ്യന്‍ എപ്പോഴും തയ്യാറായിരിക്കും. കിട്ടുന്ന ജീവനെ തട്ടി കളിച്ചു തടിച്ചു കൊഴുക്കുന്ന മാനേജുമെന്റുകള്‍ ഇറച്ചി കടയിലെ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സ് മാരെയും പിഴിയുന്നു. ഡോക്ടറന്മാരെ പിഴിഞ്ഞെടുക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. കാരണം ഇറച്ചി കടയിലെ അറവുകാര്‍ ഈ വിഭാഗം ആയതു കൊണ്ട് അവരെ അവരുടെ സ്വര്‍ഗത്തില്‍ വിഹരിക്കാന്‍ വിടുകയാണ് പതിവ്. അറവു കാരന്‍ ഇല്ലാതെ ഇറച്ചിക്കട നടന്നു പോകില്ലല്ലോ?

കേരളത്തിന്റെ സ്വന്തം മാലാഖമാര്‍ക്ക് ലോകമെമ്പാടും അര്‍ഹിക്കുന്ന അംഗീകാരവും പ്രതിഫലവും സേവന മേഖലയില്‍ സുരക്ഷിതത്വവും ലഭിക്കുമ്പോള്‍ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാലാഖ കുട്ടികള്‍ക്ക് മാനഹാനിയും, പീഡനവും, തൊഴില്‍ മേഖലയിലെ അരക്ഷിതാവസ്ഥയും ആണ് നാം കനിഞ്ഞു നല്‍കുന്നത്. സഹികെട്ട് സേവന വേതന വ്യവസ്ഥയില്‍ മാറ്റം ആവശ്യപ്പെട്ടാല്‍ ക്രൂരം ആയ ശിക്ഷയും പീഡനവും. കൂട്ടം ചേര്‍ന്നാല്‍ തെരിവിലിട്ടു തല്ലലും
പിന്നെ കൊല്ലാകൊലയും അപവാദ പ്രചാരണവും. കേരളത്തിന്റെ സ്വന്തം മാലാഖ കുട്ടികളെ ദില്ലിയിലോ മുംബായിലോ ഇട്ടു തല്ലിയാല്‍ നാം ചന്ദ്രഹാസം ഇളക്കും. നമ്മുടെ ഭൂമി മലയാളത്തില്‍ ആണെങ്കില്‍ പിന്നെ "അവളുമാര്‍ക്ക് അത് ഇത്ര അഹങ്കാരമോ? അത് തന്നെ വേണം" എന്ന നിലപാടും.

ഏറ്റവും ഒടുവില്‍ കൊല്ലത്തെ പ്രശസ്തമായ ശങ്കേഴ്സിലും കൊച്ചിയിലെ അമൃതയിലും നേഴ്സുമാര്‍ ആക്രമിക്കപ്പെട്ടു - പട്ടാപകല്‍ പരസ്യം ആയി. ചാനലുകളില്‍ കൂടി ലൈവായി നാം അത് കണ്ടു ആസ്വാദിച്ചു. ദില്ലിയിലും മുംബയിലും കല്‍ക്കട്ടയിലും മലയാളീ നഴ്സുമാര്‍ അക്രമിക്കപെട്ടപ്പോള്‍ ഇരയുടെ പക്ഷം പിടിച്ചു നിരന്തര ചര്‍ച്ചകളും വിശകലങ്ങളും നടത്തിയ ദ്രിശ്യ ശ്രവ്യ  മാധ്യമങ്ങള്‍ എല്ലാം ഒരേ പോലെ അക്രമങ്ങളെ കണ്ടില്ല എന്ന് നടിച്ചു സുഖം ആയി ഉറങ്ങുന്നു. ചാനലുകള്‍ അടിക്കുന്ന വഴിയെ മാത്രം ചരിക്കുന്ന നമ്മളും ഇതൊന്നും കാണുന്നേയില്ല.


അമ്മ നടത്തുന്ന ഇറച്ചി കടയില്‍ ആണെങ്കിലും അമ്മാമമാര്‍  നടത്തുന്ന അറവു ശാലകളില്‍ ആണെങ്കിലും ഉപ്പാപ്പമാര്‍ നടത്തുന്ന പീടികകളില്‍ ആണെങ്കിലും പീഡിപ്പിക്ക പെടുന്ന നഴ്സുമാര്‍ സമൂഹത്തിന്റെ സഹതാപവും സ്നേഹവും ആദരവും അര്‍ഹിക്കുന്നുണ്ട്. ഡോക്ടറന്മാരുടെ കഴുത്തറപ്പന്‍ സമരം പോലെ അല്ല ഇത്. ഇവരുടെ സമരം അതിജീവനത്തിനു വേണ്ടിയുള്ളതാണ്. ലക്ഷങ്ങള്‍ എണ്ണി വാങ്ങുന്ന ഡോക്ടറന്മാരുടെ സമരം ജനദ്രോഹവും ഇവരുടെ സമരം ജനപക്ഷവും ആയിട്ടാണ് കണക്കാക്കേണ്ടുന്നത്. വേട്ടക്കാരന്റെ അത്യാഗ്രഹവും ഇരയുടെ പ്രാണ വേദനയും തമ്മിലുള്ള വ്യത്യാസം ഇരു സമരങ്ങളിലും തൊട്ടറിയാം.

ശങ്കേഴ്സിലും അമൃതയിലും തുടങ്ങിയിട്ടേ ഉള്ളൂ എന്നാണ് തോന്നുന്നത്. ജൂബിലിയിലും അസീസിയായിലും അമലയിലും തുടങ്ങി ഭൂമിമലയാളത്തിലെ സ്വകാര്യ ആശുപത്രികള്‍ എന്ന ഇറച്ചി കടകളിലെ നഴ്സുമാര്‍ കൂട്ട സമരത്തിന്റെ പാതയിലാണെന്നാണ് പിന്നാമ്പുറം. അതി ജീവനത്തിനു വേണ്ടിയുള്ള ഈ സഹന സമരത്തെ അടിച്ചമര്‍ത്താന്‍  പച്ചയിറച്ചി വ്യാപാരികള്‍ക്കു അധികാരത്തിന്റെ കൂട്ടുണ്ടാവും എന്നുറപ്പ്.  അറവു ശാലയില്‍ നിന്നും എറിഞ്ഞു കൊടുക്കുന്ന ഉച്ചിഷ്ടം നക്കി വാലും കാലിന്റിടയില്‍ തിരുകി യജമാന ഭക്തിയോടെ മുരളുന്ന ചാനലുകലുക്കും മാധ്യമങ്ങള്‍ക്കും ഈ സമരം ഒരു വാര്‍ത്തയും ആകില്ല. അപ്പോഴും പ്രതീക്ഷയുള്ളത് നവീന മാധ്യമങ്ങളില്‍ ആണ്.

അടിമ കച്ചവടത്തിന് തുല്യം ആയ കേരളത്തിലെ നഴ്സിംഗ് മേഖലയിലെ അതിജീവനത്തിനു വേണ്ടിയുള്ള  സമരത്തിന്‌ കേരള സമൂഹത്തിന്റെ പിന്തുണ അനിവാര്യം ആണ്. കിരാത ഭരണ കൂടങ്ങളെ മറിക്കാന്‍ തക്ക ശേഷിയുള്ള നവീന മാധ്യമങ്ങളിലെ ആശയ സംവാദങ്ങള്‍ക്ക് സമൂഹത്തിന്റെ ശ്രദ്ധ അര്‍ഹിക്കുന്ന നഴ്സുമാരുടെ സമരത്തിന്‌ പിന്തുണ നല്‍കാന്‍ കഴിയണം. അത് ഈ സമൂഹം നില നില്‍ക്കേണ്ടുന്നതിനു ആവശ്യം ആണ്.

സാമൂഹ്യ  മനസാക്ഷി ഉണരണം. അല്ലെങ്കില്‍ ഇവര്‍ അടിച്ചു ഒതുക്ക പെട്ടേക്കാം...

Monday, December 05, 2011

പപ്പയുടെ സ്വന്തം മകന്‍ - മമ്മിയുടെയും.

വൃദ്ധരായ മാതാ പിതാക്കളെ  വൃദ്ധ സദനത്തില്‍ ആക്കിയിട്ടു തിരികെ വരുകയായിരുന്നു അവര്‍.  കാറിന്റെ പിന്‍ സീറ്റില്‍  വിഷാദ മൂകനായി ഒമ്പത് വയസ്സുകാരന്‍ മകന്‍.
"എന്താടാ ഒന്നും മിണ്ടാത്തത് ..." അച്ഛന്‍ ചോദിച്ചു.
"അല്ല അച്ഛാ അവിടെ അപ്പുപ്പനും അമ്മുമ്മയും ഒറ്റക്കല്ലേ? അത് ഓര്‍ത്തതാ."
"അല്ല മോനെ അവിടെ വേറെ ഒരു പാട് അപ്പുപ്പന്മാരും അമൂമ്മമാരും ഉണ്ട്.  അവരെ നോക്കാന്‍ നേഴ്സ് ആന്റിമാരും ഒക്കെ ഉണ്ട്..."
"അപ്പോ അവര്‍ക്ക് അവിടെ താമസിക്കാന്‍ പൈസ കൊടുക്കേണ്ടേ പപ്പാ?"
"വേണം മോനെ. അതൊക്കെ പപ്പാ കൊടുത്തിട്ടുണ്ട്." അമ്മയുടെ മറുപടി.
"ഒരു പാട് പൈസ ആകുമോ മമ്മി?"
"ഈ ചെക്കനിതെന്നാത്തിന്റെ സൂക്കേടാ. അതൊന്നും നീയിപ്പോ അറിയേണ്ട. അവന്റെയൊരു പുന്നാരം," മമ്മി കയര്‍ത്തു.
"അല്ല മമ്മി... അപ്പൂപ്പനെയും അമ്മുമ്മയേയും കൊണ്ടാക്കിയിടത്ത് വയസ്സാകുമ്പോള്‍  പപ്പയേയും മമ്മിയേയും എനിക്കും കൊണ്ടാക്കണ്ടേ. അത് കൊണ്ട് ചോദിച്ചതാ."
മകന്റെ മറുപടി നിഷ്കളങ്കം ആയിരുന്നു! 

Friday, December 02, 2011

മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സ്വാഭാവിക മരണം അനുവദിക്കണം!


നൂറ്റി പതിനാറാണ്ട് കഴിയുന്ന മുല്ലപ്പെരിയാര്‍ അണകെട്ട് ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കഴിയുന്നു. നമ്മള്‍ മലയാളികള്‍ പൊട്ടും എന്ന് പറയും, നെഞ്ചത്തടിക്കും, നിലവിളിക്കും. കഴിഞ്ഞൊരു ദിവസം തേനിയിലെ ഒരു കര്‍ഷ സംഘടനാ നേതാവ് അബ്ബാസ് പറഞ്ഞതാണ് ഇക്കാര്യത്തില്‍ ശരിക്കും ശരി.

"മഴ തുടങ്ങുമ്പോള്‍ മലയാളീ മക്കള്‍ അണപൊട്ടും അണപൊട്ടും എന്നു നിലവിളിക്കും. മഴ കഴിയുമ്പോള്‍ നിലവിളിയും നില്‍ക്കും. ഞങ്ങള്‍ കഴിഞ്ഞ പത്തു നാല്പതു വര്‍ഷം ആയി കാണുന്ന നാടകം ആണിത്... ആയതു കൊണ്ട് ഇപ്പൊഴത്തെ ബഹളങ്ങളിലും ഞങ്ങള്‍ക്ക് പുതുമയൊന്നും ഇല്ല."

അബ്ബാസിന്റെ നിരീക്ഷണത്തില്‍ ചില സത്യങ്ങള്‍ ഉണ്ട് താനും. പതിവു നിലവിളിയില്‍ നിന്നും വ്യത്യാസ്തമായി ഇപ്പോഴത്തെ നിലവിളിക്ക് ഒച്ച കൂടുന്നതിനു പിന്നില്‍ ഒരര്‍ത്ഥത്തില്‍ യശ്ശശരീരനായ ടി.എം.ജേക്കബ്ബിനോട് നാം ഭൂമിമലയാളം കടപ്പെട്ടിരിക്കുന്നു. പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന പിറവം ഉപതിരഞ്ഞെടുപ്പാണ് ഉമ്മന്‍ ചാണ്ടി മുതല്‍ അച്യുതാനന്ദന്‍ വരെയുള്ള നേതാക്കന്മാര്‍ പൊട്ടാന്‍ പോകുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ഓര്‍ത്തു വിങ്ങിപൊട്ടാനുള്ള കാരണം!

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരു ജലബോംബ് തന്നെയാണ് എന്നതില്‍ സംശയമില്ല തന്നെ. അപകടത്തില്‍ ആയ അണക്കെട്ട് പുനര്‍ നിര്‍മ്മിക്കണം എന്നു പറയുമ്പോള്‍ പഴകിയ ഒരു ബോംബ് നിര്‍വ്വീര്യമാക്കിയിട്ട് പുതിയത് ഒന്നു ഉണ്ടാക്കി വെക്കണം എന്നതാണര്‍ത്ഥം. സുര്‍ക്കീ മിശ്രിതത്തിന്റെ ഉറപ്പില്‍ നൂറ്റാണ്ട് പിന്നിട്ട അണകെട്ട് പൊളിച്ചു മാറ്റി പുതിയത് ഒന്നു നിര്‍മ്മിക്കുമ്പോള്‍ നമ്മള്‍ ആദ്യം അറിയേണ്ടുന്ന സംഗതി നിര്‍മ്മാണ മേഖല നൂറ്റാണ്ടു പിന്നിടുമ്പോള്‍ എത്തി നില്‍ക്കുന്ന ദുരവസ്ഥയെ കുറിച്ചു കൂടിയാണ്. വെട്ടിമലത്തും കുംഭകോണവും കൊടികുത്തി വാഴുന്ന ഇക്കാലത്ത് അവനവന്‍ കീശമാത്രം ലക്ഷ്യാമാക്കുന്ന നിര്‍മ്മാണ വിദഗ്ദരും കമ്പനികളും അണക്കെട്ടിന്റെ സുരക്ഷിതത്വത്തില്‍ എത്ര മാത്രം ശ്രദ്ധാലുക്കള്‍ ആയിരിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ശവപ്പെട്ടി കുംഭകോണം മുതല്‍ കോമണ്‍ വെല്‍ത്ത് അഴിമതി വരെ എണ്ണിയാല്‍ ഒടുങ്ങാത്ത കഴുത്തറുപ്പന്‍ അഴിമതി കഥകള്‍ ആധുനിക ഭാരതത്തെ ചൂഴ്ന്ന് നില്‍ക്കുന്നു. അതായത് കോടാനു കോടി വെട്ടിമലത്താനുള്ള വാതായനങ്ങള്‍ തുറന്നിടുന്ന ബൃഹത്ത് പദ്ധതിയാണ് അണക്കെട്ട് പുനര്‍നിര്‍മ്മാണം എന്നര്‍ത്ഥം.

സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും ഒടുവില്‍ ഡാം പുനര്‍നിര്‍മ്മിക്കാനുള്ള സാഹചര്യം ഏതെങ്കിലും വിധത്തില്‍ ഉരിതിരിഞ്ഞാലും അതിന്റെ ഈട് നൂറ്റാണ്ടു മുന്നേ നിര്‍മ്മിക്കപ്പെട്ട അണക്കെട്ടിനു ഉണ്ടായിരുന്നതു പോലെ ഉണ്ടാകണം എന്നില്ല - അതു സാങ്കേതം എത്ര മാത്രം പുരോഗമിച്ചിട്ടുണ്ട് എങ്കിലും. ചുരുക്കത്തില്‍ താരതമ്യേന ഈടുള്ള അത്ര വല്ല്യേ കുഴപ്പങ്ങള്‍ ഒന്നും ഉണ്ടാക്കാത്ത പ്രത്യക്ഷത്തില്‍ തന്നെ ഈടുറ്റ ഒരു നിര്‍മ്മിതി ഇടിച്ചു നിരത്തി ദുര്‍ബലമായ മറ്റൊന്നു ഉണ്ടാക്കി വരും തലമുറയെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ തക്ക പരുവത്തില്‍ ഒരു ജലബോംബ് പുനര്‍ സൃഷ്ടിക്കാന്‍ വേണ്ടി നടക്കുന്ന വിലാപങ്ങള്‍ എതിര്‍ക്കപ്പെടണം. വേണ്ടത് മുല്ലപ്പെരിയാറിനു കുറുകേയുള്ള പടുകൂറ്റന്‍ ജലസംഭരണി ഇല്ലാതാവുകയാണ്.

ഡാം നിര്‍മ്മിക്കുന്നതിനു വേണ്ടി ഏറ്റവും കുറഞ്ഞത് ഒരു പതിനഞ്ചു വര്‍ഷം എങ്കിലും വേണ്ടി വരും എന്നു കണക്കാക്കാം. അങ്ങിനെയെങ്കില്‍ ഈ പതിനഞ്ചു വര്‍ഷം അണക്കെട്ടിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ആര്‍ക്കെങ്കിലും പ്രവചിക്കാന്‍ കഴിയുമോ? എന്തിനേറെ? അണക്കെട്ട് അപകടത്തില്‍ പെട്ടാല്‍ ഉണ്ടാകാവുന്ന അപകടത്തിന്റെ തോത് എന്തായിരിക്കുമെന്ന് പഠിക്കാന്‍ റൂര്‍ക്കേല ഐ.ഐ.ടിയുമായി ഒപ്പിട്ട കരാറിലെ വ്യവസ്ഥ ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ്. അപ്പോ ഈ ആറുമാസം അണക്കെട്ടിനു അപകടം ഒന്നും വരില്ലാ എന്ന് ആരാണ് നിശ്ചയിച്ചിരിക്കുന്നത്?

അണക്കെട്ടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കേള്‍ക്കുന്ന ഭാരതത്തിന്റെ പരമോന്നോത നീതി പീഠം കേസ് അവധിക്കു വെച്ചു അവധിക്കു വെച്ച് മുമ്പോട്ടു പോകുന്നു. അടുത്ത ഹിയറിങ്ങ് ജനുവരി ഒമ്പതാം തീയതി. അപകടത്തില്‍ ആയ അണകെട്ട് തകര്‍ന്നാല്‍ നമ്മള്‍ പറയുന്നതു പോലെ അല്ലെങ്കില്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന പോലെ മുപ്പത് ലക്ഷത്തില്‍ അധികം ജനങ്ങള്‍ ഒറ്റയടിക്ക് കൊല്ലപ്പെടാവുന്ന ഒരു കേസില്‍ കോടതിയുടെ മെല്ലെപ്പോക്ക് നയം തന്നെ കുറ്റകരമായ അനാസ്ഥയല്ലേ? പറയപ്പെടുന്നതു പോലെ തന്നെ ഭീതിതം ആയിരിക്കും സംഭവിക്കുന്നത് എങ്കില്‍ ലോകം കണ്ട ഏറ്റവും ദാരുണവും ഭീവത്സവുമായ ഈ പ്രതിസന്ധിയേക്കാള്‍ പ്രാധാന്യമുള്ള എന്ത് കാര്യമാണ് ഇന്‍ഡ്യാ മഹാരാജ്യത്ത് പരമോന്നത നീതിപീഠത്തിനു പരിഗണിക്കാനുള്ളത്?

നൂറ്റി പതിനാറു വര്‍ഷം മുമ്പ് നിര്‍മ്മിക്കപ്പെട്ട ഡാമിനു അന്നു കല്പിച്ചിരുന്ന ആയുസ് അമ്പത് വര്‍ഷമാണ്. പക്ഷേ ഡാം ഇപ്പോഴും നിലനില്‍ക്കുന്നു. ഇടക്ക് ഗ്രൌട്ടടിച്ച് ശക്തിപ്പെടുത്തി എന്നതൊന്നും കണക്കില്‍ എടുക്കേണ്ട. പ്രധാന നിര്‍മ്മിതിയുടെ ബലവും നൂറ്റാണ്ടു മുമ്പത്തെ നിര്‍മ്മിതിയുടെ സാങ്കേതിക വിദ്യയുടെ മികവുമാണ് ഡാം ഇന്നും നിലനില്‍ക്കാന്‍ കാരണം. ഇപ്പോഴത്തെ സാങ്കേതിക വിദ്യായാണ് ഏറ്റവും മികച്ചത് എന്ന തെറ്റിദ്ധാരണയാണ് നമ്മേ ഭരിക്കുന്നത്. സിമന്റും കോണ്‍ക്രീറ്റും കണ്ടുപിടിക്കപ്പെടാതിരുന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ട എടുപ്പുകള്‍ ഒരു കുഴപ്പവും ഇല്ലാതെ നൂറ്റാണ്ടുകള്‍ പിന്നിട്ട് ഇപ്പോഴും നമ്മുക്ക് മുന്നില്‍ ഉണ്ട്. അണക്കെട്ടിനു തുല്ല്യം അല്ലാ എങ്കിലും ലോകത്തിലെ ഏറ്റവും വല്ലിയ ഒറ്റ നിര്‍മ്മിതിയായ ചൈനാ വന്മതില്‍ ഒരു ഉദാഹരണം മാത്രം. അതായത് ഡാം അപകടത്തില്‍ ആണ് എന്നതു വസ്തുത. അതു പക്ഷേ കാലപഴക്കം കൊണ്ടോ സുര്‍ക്കിയുടെ സാങ്കേതം കൊണ്ടോ അല്ല. നൂറ്റി മുപ്പത്തിയാറ് അടി ഉയരത്തില്‍ ആയിരത്തി ഇരുന്നൂറ് അടി നീളത്തില്‍ പതിനഞ്ചു ദശലക്ഷം ഘനയടി  വെള്ളം കെട്ടി നില്‍ക്കുന്നത് ഏതു സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ ആണെങ്കിലും അപകടകരം തന്നെയെന്നതാണ് വസ്തുത. അത് ഇല്ലാതാവുക തന്നെ ചെയ്യണം - ഒരു നിമിഷം മുന്നേ.

മുല്ലപ്പെരിയാര്‍ മാത്രമല്ല. എല്ലാ ഡാമുകളും ജല ബോംബുകള്‍ തന്നെയാണ്. പറഞ്ഞ് കേള്‍ക്കുന്നതു പോലെ റിക്ടര്‍ സ്കെയില്‍ ആറോ അതിനടുത്തോ വരുന്ന ഏതൊരു ഭൂകമ്പവും മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ മാത്രമല്ല ഒഴിക്കി കൊണ്ട് പോവുക. കൂടെ കുറഞ്ഞത് അര ഡസന്‍ ഡാമുകളെങ്കിലും ഒലിച്ചു പോകും. ഒരു പക്ഷേ അപ്പോള്‍ ഏറ്റവും ഒടുക്കമായിരിക്കും മുല്ലപ്പെരിയാര്‍ ഒലിച്ചു പോവുക. ആദ്യമാദ്യം ആധുനിക സാങ്കേതിക വിദ്യ ഒലിച്ചു പോകാനാണ് സാധ്യത. കട്ടുമുടിച്ചതിന്റെ ബാക്കിയായിരിക്കുമല്ലോ ഇപ്പോള്‍ കാണുന്ന ഡാമിന്റെ ഭീമാകാര രൂപങ്ങള്‍ .

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇല്ലാതാവുന്നതോടെ തമിഴ് നാടിന്റെ പശ്ചിമ ഘട്ടത്തിലെ കാര്‍ഷിക രംഗം തകരും. അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ അവിടുത്തെ സര്‍ക്കാര്‍ കണ്ടെത്തിക്കോളും. അക്കാര്യത്തില്‍ നമ്മേളേക്കാള്‍ എത്രയോ മുന്നിലാണ് കാര്‍ഷിക വൃത്തി ഒരു സംസ്കാരമായി കൊണ്ടു നടക്കുന്ന തമിഴ് ജനത. എന്നാല്‍ അതോടൊപ്പം നമ്മുടെ കാര്യവും കഷ്ടത്തില്‍ ആകും എന്ന് ഭയപ്പെടണം. ആ അവസ്ഥ പക്ഷേ ഡാം പൊട്ടുന്നതിനേക്കാള്‍ ഭീകരം ആയിരിക്കും. അതും പരിഹരിക്കാന്‍ കഴിയും. മെട്രോയും മെടോ സിറ്റികളും നഗരങ്ങളെ സ്മാര്‍ട്ടാക്കല്‍ പദ്ധതികള്‍ നടപ്പാക്കലും ഒക്കെയായി കോടികള്‍ ഒഴുക്കുന്നതിനു മുന്നേ തീറ്റയുടെ കാര്യത്തില്‍ ഭരണകൂടം കേവല ശ്രദ്ധ കൊടുത്താല്‍ പച്ചക്കറികളും അരിയും ഒക്കെ യധേഷ്ടം ഉല്പാദിപ്പിക്കാന്‍ നമ്മുക്കും കഴിയും. അതിനു ഡാം ഉണ്ടാക്കി തമിഴ് നാടിനു കൊടുക്കാം എന്നു നാം വീമ്പിളക്കുന്ന സമ്പത്തിന്റെ ചെറിയൊരു അംശം മതിയാകും. കര്‍ഷകര്‍ക്ക് പലിശയില്ലാത്ത വായ്പകളും സബ്സിഡികളും നല്‍കി കാര്‍ഷിക രംഗം പുനരുജ്ജീവിപ്പിച്ച് വിഭവങ്ങളും കാര്‍ഷിക വിളകളും നശിച്ചു പോകാതെ ശേഖരിച്ച് സൂക്ഷിച്ച് കൃത്യമായി വിതരണം ചെയ്താല്‍ തീറ്റക്കായി ചുരം ഇറങ്ങി വരുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ക്കായി കാത്തിരിക്കുന്ന ഗതികേട് ഒഴിവാക്കാം.

ഡാം തകരാന്‍ അനുവദിക്കുകയാണ് ഇത്തരുണത്തില്‍ നാം ചെയ്യേണ്ടത്. തകരാന്‍ പോകുന്ന ഡാമിനെ ചൂണ്ടി ഭീതി പടര്‍ത്തുന്ന ദൃശ്യശ്രവ്യ മാധ്യമങ്ങള്‍ക്ക് പൊതുജനത്തെ തങ്ങളുടെ മാധ്യമങ്ങളുടെ മുന്നില്‍ പിടിച്ചിരുത്തി ടാമ്പറിങ്ങ് റേറ്റ് കൂട്ടി പരസ്യ വരുമാനം കൂട്ടുക എന്നതില്‍ കവിഞ്ഞ് എന്തെങ്കിലും ലക്ഷ്യം ഉണ്ട് എന്ന് കരുതുന്നത് തന്നെ വിഡ്ഢിത്തം ആണ്. ലാഭത്തിനപ്പുറം, സേവനം കുത്തക മാധ്യമങ്ങളുടെ ലക്ഷ്യമേ അല്ല എന്നത് ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരിക്കുന്ന ഒരോ നിമിഷവും നാം ഓര്‍ത്തു കൊണ്ടേയിരിക്കണം. ഇന്ന് ഏതെങ്കിലും മന്ത്രിമാരോ പൌരമുഖ്യന്മാരോ ഉള്‍പ്പെട്ട ഒരു പെണ്‍‌വാണിഭ കേസ് പുറത്ത് വന്നാല്‍ കഴിഞ്ഞു ചാനലുകളിലെ മുല്ലപ്പെരിയാര്‍!

രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ പിറവം ഉപതിരഞ്ഞെടുപ്പ് വരെ പ്രതീക്ഷിച്ചാല്‍ മതി. ഇത് തിരിച്ചറിയണം എങ്കില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ അടിവാരത്തില്‍ വര്‍ഷങ്ങളായി തുടരുന്ന അതിജീവനത്തിന്റെ സമരത്തോടു രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും സ്വീകരിച്ച നിലപാടുകള്‍ മാത്രം വിശകലനം ചെയ്താല്‍ മതി. ഇപ്പോഴത്തെ ഭൂചലനത്തിന്റെ പിന്നാലെ സമരം ചെയ്യാനും നിരാഹാരം കിടക്കാനും മുല്ലപ്പെരിയാറില്‍ ചെന്ന നേതാക്കന്മാര്‍ അറിയുന്നത് അവിടെ ചപ്പാത്ത് എന്നൊരു സ്ഥലം ഉണ്ട് എന്നും അവിടെ ഒരു സമര പന്തല്‍ ഉണ്ട് എന്നും അവിടെ വര്‍ഷങ്ങളായി ഭീതിയുടെ താഴ്വരയില്‍ അതിജീവനത്തിനു വേണ്ടി സഹന സമരം നടക്കുന്നുണ്ട് എന്നുമാണ്‍. അപ്പോ പിന്നെ ഇന്നി വേറെ പന്തല്‍ വേണ്ടല്ലോ എന്നു കരുതി അവിടെ തന്നെ അവരോടൊപ്പം ചേര്‍ന്ന് അങ്ങ് ധര്‍ണ്ണയും ഉപവാസ സമരവും പുറം‌പൂച്ചു കാരായ നേതാക്കന്മാര്‍ കൊട്ടും കുരവുമായി ആരംഭിച്ചു എന്നു മാത്രം. പിറവം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും സമരപന്തലില്‍ ചപ്പാത്തുകാര്‍ മാത്രമാകും.

അക്ഷരാര്‍ത്ഥത്തില്‍ ഇന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുരന്തമുഖത്ത് ആത്മാര്‍ത്ഥതയുള്ള ഒരു സമരവും നിലപാടും ഉണ്ടെങ്കില്‍ അത് അടിവാരത്ത് മരണം മുന്നില്‍ കണ്ട് കഴിയുന്ന വര്‍ഷങ്ങളായി ജീവനു വേണ്ടി സമരം ചെയ്യുന്ന ആ ഒരു പിടി മനുഷ്യജന്മങ്ങളുടേതു മാത്രമാണ്. ബാക്കിയെല്ലാം വെറും പടം. സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ ലൈക്ക് അടിച്ചും പോസ്റ്റര്‍ പതിച്ചും കളിക്കുന്നതും അതില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ല തന്നെ!

മുല്ലപ്പെരിയാര്‍ ഡാമിനു സ്വാഭാവിക മരണം അനുവദിക്കണം. കേരളത്തിന്റെ ഉത്തരവാദിത്വത്തില്‍ അതു പൊളിച്ചാല്‍ നമ്മുടെ ചിലവില്‍ പുനര്‍നിര്‍മ്മിക്കേണ്ടി വരും. സ്വാഭാവിക മരണം സംഭവിച്ചാല്‍ അതു ഒഴിവാകും. വീണ്ടും ഒരു ദുരന്തം കെട്ടിപ്പടുക്കാന്‍ ആരും ആവശ്യപ്പെടില്ലല്ലോ? പക്ഷേ തകര്‍ച്ച സംഭവിച്ചാല്‍ വന്‍ ദുരന്തം അഭിമുഖീകരിക്കേണ്ടി വരും. അതിനുള്ള പരിഹാരത്തെ കുറിച്ചാണ് നാം ഇപ്പോള്‍ ചിന്തിക്കുകയും, ചര്‍ച്ച ചെയ്യുകയും, പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യേണ്ടത്. ഇപ്പോള്‍ ഡാം പുനര്‍ നിര്‍മ്മാണത്തിനു വേണ്ടി അലമുറയിട്ട് വെറുതെ ഒഴുക്കി കളയുന്ന ഊര്‍ജ്ജവും ശ്രദ്ധയും അപകടം സംഭവിച്ചാല്‍ ഒരു ജീവന്‍ പോലും അപകടത്തില്‍ ആകാതെ എങ്ങിനെ അപകടത്തെ നേരിടാം എന്നു ചിന്തിക്കുന്നതിലേക്ക് മാറ്റാം. ഒരു നിമിഷം വൈകാതെ അതിനുള്ള ശ്രമം തുടങ്ങാം.

അടുത്ത നിമിഷം ഡാം പൊട്ടാം എന്ന അടിയന്തിര സ്ഥിതി മുന്നില്‍ കണ്ട് ഏറ്റവും അപകട മേഖലയില്‍ കഴിയുന്നവരെ എത്രയും വേഗം സുരക്ഷിത മേഖലയിലെക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങാം.  വെള്ളം സ്വഭാവിക വഴിത്താരയിലൂടെ അറബിക്കടലില്‍ എത്തിക്കാനുള്ള ബണ്ടുകളും മതിലുകളും പുതിയ കൈവഴികളും ഒക്കെ ഉണ്ടാക്കി തകരുന്ന ഡാമിനെ അതര്‍ഹിക്കുന്ന ബഹുമാനത്തോടെയും സ്നേഹത്തോടെയും അറബി കടലില്‍ കൊണ്ട് ചെന്ന് സമാധിയിരുത്താം. അതൊരു പക്ഷേ ലോകത്തിനു തന്നെ മാതൃകയായേക്കാം. അസാധ്യമായി ഒന്നും ഇല്ലാ എന്ന് ഖനിയില്‍ പെട്ട മനുഷ്യരെ മാസങ്ങള്‍ക്ക് ശേഷം ജീവനോടെ പുറം ലോകത്തെത്തിച്ച നിശ്ചയ ദാര്‍ഢ്യം നമ്മുക്ക് മുന്നില്‍ പുഞ്ചിരിയോടെ നില്‍ക്കുന്നുണ്ടല്ലോ?

മറന്നു പോകരുത്!

മുല്ലപ്പെരിയാര്‍ ഡാം ജല ബോംബാണ്. അതു പൊളിച്ച് പുതിയത് നിര്‍മ്മിക്കുക എന്നാല്‍ ഉഗ്രസ്ഫോടക ശേഷിയുള്ള ബോംബ് നിര്‍വ്വീര്യമാക്കിയിട്ട് പുതിയത് ഒന്നു നിര്‍മ്മിച്ച് സൂക്ഷിക്കുന്നതു പോലെ അപകടകരമാണ്. ഡാം ഇല്ലാതാവുകയാണ് നാട്ടിന്റെ സുരക്ഷക്ക് ആവശ്യം. കേരളത്തിനു ജീവനും തമിഴ് നാടിനു വെള്ളവും എന്ന മുദ്രാവാക്യത്തിനു പകരം "ഡാമിന്റെ സുരക്ഷിത മരണവും കേരളത്തിനു ഭീതിയില്‍ നിന്നുള്ള മോചനവും"എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം.

പ്രിയപ്പെട്ട മുല്ലപ്പെരിയാര്‍ ഡാമേ,
നേരുന്നു നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി....
നിനക്കാത്മ ശാന്തി!