Friday, January 23, 2009

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ബൂലോഗ സീമകള്‍.

എനിയ്ക്ക് എറണാകുളം എം.ജി. റോഡിനു അഭിമുഖമായി ചുറ്റുമതിലോടു കൂടിയ പത്തു സെന്റ് സ്ഥലവും ഒരു വീടും ഉണ്ടെന്നു കരുതുക. വീട് എന്റെ സ്വന്തം. മതില്‍ ഞാന്‍ വെച്ചത്. ആധാരം എന്റെ സ്വന്തം പേരില്‍. വീട്ടിനും പത്തു സെന്റിനും കൂടി വര്‍ഷാവര്‍ഷം കരമൊടുക്കുന്നതും ഞാന്‍ തന്നെ. എന്നും രാവിലെ എന്റെ സ്വന്തം മതിലില്‍ ഞാന്‍ നാട്ടുകാരേയും സര്‍വ്വ നായന്മാരേയും പച്ചത്തെറിപറഞ്ഞു കൊണ്ടു ചുവരെഴുത്തു നടത്തിയാല്‍ എന്തായിരിയ്ക്കും പരിണതി? ആദ്യം സ്ഥലത്തെ മിതവാദികള്‍ ഉപദേശിയ്ക്കും. ഉപദേശിയ്ക്കാന്‍ വന്നവരേയും ചേര്‍ത്ത് ഞാന്‍ പിറ്റേന്നും തെറിയെഴുതും. അപ്പോ ഉപദേശിയ്ക്കാന്‍ വരിക സ്ഥലത്തെ പ്രധാനികളില്‍ ചിലരാകും. തൊട്ടടുത്ത ദിനം ഞാന്‍ കരമൊടുക്കുന്ന എന്റെ സ്വന്തം ചുവരില്‍ മിതവാദികളേയും പ്രധാനികളേയും ചേര്‍ത്ത് തെറിയെഴുതും. പിന്നെ തെറിയ്ക്കുത്തരം മുറിപ്പത്തല്‍ തന്നെയാകും. കേസാകും. കോടതിയാകും. അഴിയെണ്ണലും എണ്ണിയ്ക്കലുമൊക്കെയാകും. ജനാധിപത്യ വ്യവസ്ഥിതിയില്‍ മുറിപ്പത്തലിന്റെ പ്രാധാന്യവും ഒട്ടും കുറച്ചു കാണേണ്ടുന്ന ഒന്നല്ലല്ലോ?

ചിത്രകാരന്‍ എന്ന ബ്ലോഗര്‍ അദ്ദേഹത്തിന്റെ കരമൊടുക്കാത്ത, ഗൂഗിളില്‍ നിന്നും ദാനമായി കിട്ടിയ മതിലില്‍ കഴിഞ്ഞ കുറേ നാളുകളായി എഴുതി കൊണ്ടിരുന്നതും ഇതു തന്നെ. മുലയ്ക്ക് മുമ്പുള്ള പല പോസ്റ്റുകളും പ്രകോപനപരമായിരുന്നു. സരസ്വതീ ദേവി ഒരു പ്രതീകമാണ്. വിദ്യയുടേയും സംസ്കാരത്തിന്റേയും പ്രതീകം. ആ പ്രതീകത്തിന്റെ പാന്റീസിന്റെ അളവു അന്വേഷിച്ചു കൊണ്ടു അതിയാന്‍ ഇട്ട പോസ്റ്റ് അദ്ദേഹത്തിന്റെ ബൂലോഗ നാറ്റങ്ങളില്‍ ഏറ്റവും ഒടുവിലെത്തേതായി എന്നേയുള്ളു. അതിനു മുന്നേ അദ്ദേഹം എഴുതിയിട്ട പല പോസ്റ്റുകളും ഒരു സംസ്കാരത്തിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു. കുന്തീ ദേവിയെ കുറിച്ചദ്ദേഹം എഴുതിയിട്ട പോസ്റ്റ് ഒരു ഉദാഹരണം മാത്രം.

ചിത്രകാരന്‍ എഴുതിയിട്ട പോസ്റ്റുകളേക്കാള്‍ വികലമായ പോസ്റ്റുകള്‍ അനവധി ബൂലോഗത്ത് വന്നു പോയിട്ടുണ്ട്. പക്ഷേ ചിത്രകാരനും മറ്റു പോസ്റ്റുകളുടെ ഉടമകളും തമ്മിലുള്ള വിത്യാസം ചിത്രകാരന്റെ സമ്മിതിയായിരുന്നു. മലയാള ബ്ലോഗെഴുത്തിനെ ജനകീയവത്ക്കരിയ്ക്കാന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നൊരു കാലഘട്ടത്തില്‍ ബ്ലോഗെഴുത്തിലൂടെ അദ്ദേഹം തന്നെ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പോസ്റ്റുകളുമായി വന്നത് തെറ്റാണ്. രേഷ്മ തുണിയഴിച്ചാ‍ല്‍ അതൊരു വാര്‍ത്തയല്ല. പക്ഷേ മീരാജാസ്മിന്റെ തുണിയുടെ ഇറക്കം ഇത്തിരി കുറഞ്ഞാല്‍ പോലും അതു വാര്‍ത്തയാകും.

ബ്ലോഗെന്ന ഇണ്ട്രാക്ടീവ് മീഡിയയിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും പലപ്പോഴും പ്രകോപനപരമായിരുന്നു. വയോധികനായ ഒരു ബ്ലോഗറെ അദ്ദേഹം എരപ്പാളി കൂട്ടിയാണ് എപ്പോഴും അഭിസംബോധന ചെയ്യുക. തനിയ്ക്കിഷ്ടമില്ലാത്ത കമന്റു വന്നാല്‍ കമന്റിന്റെ ഉടമയെ തന്തയ്ക്ക് വിളിച്ചു കൊണ്ടു മറുകമന്റെഴുതുന്നതും അദ്ദേഹത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നൊരു മര്യാദയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇന്ന് മലയാള ബ്ലോഗിങ്ങിലെ മര്യാദകേടിന്റെ പര്യായം തന്നെ ചിത്രകാരനാണ്. അഥവാ, തന്റെ ബ്ലോഗിലും മറ്റു ബ്ലോഗുകളിലെ ചര്‍ച്ചകളിലും എതിര്‍ വാദം ഉന്നയിയ്ക്കുന്നവരെ ഏറ്റവും കൂടുതല്‍ തന്തയ്ക്ക് വിളിച്ചിട്ടുള്ളത് ഈ സാംസ്കാരിക പ്രവര്‍ത്തകനാണെന്നുള്ളതില്‍ ആര്‍ക്കും ഏതെങ്കിലും തരത്തിലുള്ള തര്‍ക്കം ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ബൂലോഗത്തെ എഴുതി നാറ്റിയ്ക്കുന്നതില്‍ നിന്നും ചിത്രകാരനെ പോലെയുള്ളവരെ തടയുന്നതിനു ഇപ്പോള്‍ വന്നിരിയ്ക്കുന്ന നിയമപരമായ നടപടികള്‍ കാരണമാകുമെങ്കില്‍ അത് മലയാള ബ്ലോഗെഴുത്തിനു എന്നും ഗുണകരമായിരിയ്ക്കും. എന്ത് ചെറ്റത്തരവും എഴുതി പോസ്റ്റാന്‍ കഴിയുന്ന ഒരു മാധ്യമമായി ബ്ലോഗിനെ കാണുന്നവര്‍ക്ക് ഒരു പാഠമാകാന്‍ ചിത്രകാരനെതിരെ വരുന്ന ക്രിമിനല്‍ കേസ് ഒരു നിമിത്തമാകണം. ബ്ലോഗെഴുത്തിലൂടെ ലോകം സംസ്കരിയ്ക്കപ്പെടും എന്നൊന്നും കരുതണ്ട. പക്ഷേ ഇന്ന് വളര്‍ന്നു വരുന്നൊരു തുറന്നെഴുത്ത് സംസ്കാരത്തിന്റെ ഗതി തെറ്റാതിരിയ്ക്കാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണ്.

അദ്ദേഹത്തിന്റെ ബ്ലോഗില്‍ അദ്ദേഹത്തിനു ഇഷ്ടമുള്ളത് എഴുതുന്നു. അത് വായിയ്ക്കാന്‍ ആരെയും നിര്‍ബന്ധിയ്ക്കുന്നില്ലല്ലോ? അദ്ദേഹത്തിന്റെ എഴുത്ത് ഇഷ്ടമില്ലാത്തവര്‍ അതു വായിയ്ക്കണ്ട. ചിത്രകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി വാദിയ്ക്കുന്നവര്‍ മുന്നോട്ടു വെയ്ക്കുന്ന വാദഗതികളാണിത്. അല്ലെങ്കില്‍ പൊതുവേ ബ്ലോഗിങ്ങിലെ വിവാദ പോസ്റ്റുകളിന്മേല്‍ നടക്കുന്ന ചര്‍ച്ചകളില്‍ മുന്നോട്ടു വരുന്നൊരു വാദമാണിത്. ഇവിടെ വീണ്ടും നമ്മുക്ക് എം.ജി.റോഡിലെ എന്റെ ചുറ്റുമതിലിലേയ്ക്കു വരാം. ഞാന്‍ എന്നും രാവിലെ സര്‍വ്വ നായന്മാരേയും തെറിപറഞ്ഞു എന്റെ സ്വന്തം ചുവരില്‍ ഞാന്‍ തെറിയെഴുതുന്നു. അതു വായിയ്ക്കാനോ അഭിപ്രായം പറയാനോ ഞാനാരേയും ക്ഷണിയ്ക്കുന്നില്ലല്ലോ? എന്റെ ചുവരില്‍ ഞാന്‍ എഴുതുന്ന തെറികള്‍ ഇഷ്ടപ്പെടുന്നവര്‍ മാത്രം വായിച്ചാല്‍ മതി. നിനക്കൊന്നും എന്റെ ചുവരെഴുത്ത് ഇഷ്ടമല്ലാ എങ്കില്‍ നീയൊന്നും അതു വായിച്ചു തലപുണ്ണാക്കേണ്ട. എന്റെ നിലപാട് വളരെ ലളിതം. പക്ഷേ മുറിപ്പത്തലുകള്‍ക്ക് ഈ ലാളിത്യം മനസ്സിലാകില്ലല്ലോ?

ചിത്രകാരന്റെ എഴുത്ത് ഇഷ്ടപ്പെടുന്നു, അദ്ദേഹത്തിന്റെ ഭാഷ ഇഷ്ടമല്ല, ശൈലി കൊള്ളാം, ഇടപെടലുകള്‍ കൊള്ളില്ല തുടങ്ങിയ രീതിയിലൊക്കെ അഭിപ്രായങ്ങള്‍ തലങ്ങും വിലങ്ങും വരുന്ന സമയമാണ്. കേസ് കൊടുക്കണ്ടായിരുന്നു, ഇവിടുത്തെ പ്രശ്നം ഇവിടെ തീര്‍ക്കാമായിരുന്നു-അങ്ങിനെ നീണ്ടു നീണ്ടു പോകുന്നു അഭിപ്രായങ്ങളും ചര്‍ച്ചകളും. ബ്ലോഗെഴുത്തും വായനയും ഇന്ന് ബ്ലോഗ് വായിയ്ക്കുന്ന ആയിരത്തില്‍ താഴെ വായനക്കാരില്‍ മാത്രം ചുരുങ്ങികൂടേണ്ട ഒന്നാണെങ്കില്‍ ഇപ്പറഞ്ഞതൊക്കെയും ശരി തന്നെ. പക്ഷേ ചിത്രകാരന്‍ തന്നെ ബ്ലോഗിങ്ങിന്റെ പ്രചാരകന്‍ കൂടിയാണല്ലോ. ആശയാവിഷ്കാരവും അഭിപ്രായസ്വാതന്ത്ര്യവും ഒക്കെ സൌഹൃദാന്തരീക്ഷത്തില്‍ നടത്തുവാന്‍ ഏറ്റവും ഉത്തരവാദപ്പെട്ട ഒരാള്‍ കൂടിയാണ് ചിത്രകാരന്‍. എന്തെന്നാല്‍ ബ്ലോഗിങ്ങിന്റെ സന്ദേശം പേറി ജില്ലകള്‍ തോറും ശില്പശാലകള്‍ സംഘടിപ്പിക്കുന്ന ഒരാളാണ് ചിത്രകാരന്‍. അദ്ദേഹത്തില്‍ നിന്നും ബ്ലോഗെഴുത്തിലൂടെ വിദ്വോഷം വളര്‍ത്താന്‍ കഴിയും എന്ന സന്ദേശം പുറത്ത് വരുവാന്‍ പാടില്ലായിരുന്നു. അറിഞ്ഞോ അറിയാതയോ അദ്ദേഹം അങ്ങിനെ വിദ്വോഷം വളര്‍ത്തുവാന്‍ കാരണക്കാരന്‍ ആയിട്ടുണ്ട്. അദ്ദേഹം അതിനു കാരണമായപ്പോള്‍ ബ്ലോഗിങ്ങിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ സീമകള്‍ നിശ്ചയിയ്ക്കുന്നതിനും അദ്ദേഹം തന്നെ നിമിത്തമാ‍യി എന്നത് ഒരു പക്ഷേ യാദൃശ്ചികമായിരിയ്ക്കാം.