Friday, May 02, 2008

കാഴ്ചയാകുന്ന ദുരന്തങ്ങള്‍‌.....

ഭാരതത്തിന്റെ തലസ്ഥാന നഗരിയിലെ എണ്ണിയാലൊടുങ്ങാത്ത മന്ത്രാലയ ഓഫീസുകള്‍ മുതല്‍ നമ്മുടെ ഗ്രാമങ്ങളിലെ ഗ്രാമ പഞ്ചായത്തും വില്ലേജ് ആഫീസും വരെ ഭാരത പൌരനെ സേവിക്കാന്‍ ഉടുത്തൊരുങ്ങി നില്‍ക്കുന്ന സര്‍ക്കാര്‍ സംവീധാനങ്ങള്‍ എത്രയാണിന്ന് ഭാരത ദേശത്തുള്ളത്. വില്ലേജാഫീസ് എന്ന ഭരണ സംവീധാനമാണല്ലോ ഒരു പൌരന്റെ അടിസ്ഥാനാവകാശങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കേണ്ട ഏറ്റവും താഴേ തട്ടിലുള്ള സര്‍ക്കാര്‍ ഏജന്‍സി. അതായത് ഒരു സാധാരാണ പൌരന് ജീവിക്കാന്‍ വേണ്ടുന്ന അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാകാന്‍ അയാള്‍ നേരേ അനന്തപുരിയിലേക്കോ ഇന്ദ്രപ്രസ്ഥത്തിലേക്കോ വണ്ടി കേറാതെ വില്ലേജാഫീസിലൂടെയും ഗ്രാമ പഞ്ചായത്തിലൂടെയും അയാള്‍ക്ക് വേണ്ടുന്നത് നേടിയെടുക്കാം എന്ന് ചുരുക്കം. അതങ്ങനെ തന്നെയാകണമല്ലോ?

ഭാ‍രതത്തിലെവിടെയെങ്കിലും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ ദുരന്തങ്ങളുടെ ആഴവും പരപ്പും ഏറ്റവും അടുത്തറിയാന്‍ കഴിയുന്നതും ഉടനടി പ്രതികരിക്കാന്‍ കഴിയുന്നതും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഗ്രാമങ്ങളിലെ പ്രാധിനിത്യമായ വില്ലേജാഫീസുകള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കുമാണ്. ജനങ്ങളുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ഈ സര്‍ക്കാര്‍ സംവീധാനങ്ങള്‍ നല്‍കുന്ന പ്രകൃതി ദുരന്ത ചിത്രങ്ങള്‍ പഠിച്ച് നിമിഷങ്ങള്‍ കൊണ്ട് പ്രതിവിധി കണ്ടെത്തി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ നമ്മുടെ ഭരണ നേതൃത്വങ്ങള്‍ക്ക് കഴിയും. പക്ഷേ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് നിരീക്ഷിക്കാന്‍ ദില്ലിയില്‍ നിന്നും ആള്‍ക്കാര്‍ വന്ന് ദുരന്തത്തിന്റെ മേല്‍പ്പരപ്പ് മാത്രം കണ്ട് പഞ്ചനക്ഷത്ര ഹോട്ടല്‍ വാസവും കഴിഞ്ഞ് അങ്ങ് ദില്ലിയിലേക്ക് തിരിച്ച് പോയി പരിഹാരം നിര്‍ദ്ദേശിക്കാം എന്നത് എവിടെ തുടങ്ങിയ കീഴവഴക്കമാണ്?

വികേന്ദ്രീകൃത ഭരണ ക്രമത്തില്‍ ഭരണ സംവീധാനത്തിന്റെ എല്ലാ മുക്കിലും മൂലയിലും സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്ളപ്പോള്‍ ആ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പഠിച്ച് പരിഹാരം തേടേണ്ടുന്നതിന് പകരം കേന്ദ്രീകൃത ഭരണ സംവീധാനത്തിന്റെ അസൌകര്യങ്ങളിലേക്ക് പ്രകൃതി ദുരന്തങ്ങള്‍ ചുരുങ്ങിപ്പോകുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുന്നത്? ദുരന്തരങ്ങളിലേക്കിറങ്ങി ചെന്ന് ജനതക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിയുന്ന നേതാക്കന്മാര്‍ അത് ചെയ്യാനായി ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനെയല്ല ഇവിടെ പരാമര്‍ശ വിധേയമാക്കുന്നത്. ദുരന്ത കാഴ്ചകള്‍ ആഘോഷമാക്കുന്ന കേവലം പോക്കുവരവ് സംഘങ്ങള്‍ മാത്രമായ ദുരന്ത പഠന ദൌത്യസേനയേയാണ്.

ഒരു പ്രകൃതി ദുരന്ത സ്ഥലത്തെ ജീവിതം നരക തുല്യമാണ്. അവിടുത്തെ തന്നെ പ്രാദേശിക ഭരണ സംവീധാനങ്ങളും ആ നരകയാതനയുടെ ഇരകള്‍ ആയിരിക്കും എന്നതില്‍ തര്‍ക്കമേതുമില്ലല്ലോ. അതുകൊണ്ട് തന്നെ ദുരന്തത്തിന്റെ തീവ്രത ഏറ്റവും നന്നായി ഭരണ സിരാകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ കഴിയുന്നതും ഈ പ്രാദേശിക സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായിരിക്കും. അതിന് പകരം പ്രളയമുണ്ടാകുമ്പോള്‍, വരള്‍ച്ചയുണ്ടാകുമ്പോള്‍ അങ്ങ് ദില്ലിയിലേ ഏതെങ്കിലും നിശാക്ലബ്ബുകളില്‍ ഒന്നില്‍ ആര്‍മ്മാദിച്ചിരിക്കുന്ന ഒരു ഉദ്യോഗസ്ഥനെ ദുരന്തകാഴ്ചകാട്ടാനായി ഹെലികോപ്റ്ററില്‍ ഇങ്ങാട്ട് എഴുന്നുള്ളിച്ചിട്ട് ആര്‍ക്ക് എന്ത് ചേതം? അവര്‍ വരും ദുരന്ത കാഴ്ചകള്‍ കണ്ട് കണ്‍കുളിര്‍ന്ന് മടങ്ങും. പിന്നെയും റിപ്പോര്‍ട്ട് നല്‍കേണ്ടുന്നത് പ്രാദേശിക സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെയായിരിക്കുകയും ചെയ്യും. ആദ്യം തന്നെ പ്രകൃതി ദുരന്തങ്ങളുടെ വിശദമായ വിശകലനം അങ്ങ് ഭരണ സിരാകേന്ദ്രത്തില്‍ എത്തിച്ച് പരിഹാരം തേടേണ്ടുന്നതിന് പകരം തലപ്പത്ത് നിന്നുള്ള എഴുന്നുള്ളത്തിന് ശേഷം മാത്രം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പരിഹാരം കാണാനുള്ള ശ്രമം അപലപനീയമാണ്. അഥവാ, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ നേരിട്ടെത്തി മുഖം കാണിച്ചാലേ പരിഹാരം ഉണ്ടാവുകയുള്ളൂ എന്ന കേന്ദ്ര മന്ത്രാലയങ്ങളുടെ നിലപാടുകള്‍ നയപരമായി തന്നെ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

ഒരു പ്രശ്നത്തിന് പരിഹാരം കാണാന്‍ തിരുവനന്തപുരത്ത് നിന്നും ഒരു കൂട്ടര്‍ കുഞ്ഞു കൂട്ടി പാരിവാരങ്ങള്‍ അടക്കം ദില്ലിയിലേക്ക് പറക്കുന്നു-സര്‍ക്കാര്‍ ചിലവില്‍. അവിടെ ഹോട്ടലിലോ കേരളാ ഹൌസിലോ മറ്റോ തങ്ങുന്നു-സര്‍ക്കാര്‍ ചിലവില്‍. ഒന്നു രണ്ടു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് കളിയൊന്നുമില്ലാത്ത നിമിഷങ്ങളൊന്നില്‍ മന്ത്രി പുംഗവനെ മുഖം കാണിച്ചെന്ന് വരുത്തി തിരോന്തരത്തേക്ക് മടങ്ങുന്നു. മന്ത്രി പുംഗവനെ കണ്ടെന്നും സര്‍വ്വ പ്രശ്നങ്ങള്‍ക്കും പരിഹാരമായെന്നും ഇന്നി കേരളത്തില്‍ തേനും പാലുമൊഴുകുമെന്നും ദില്ലീ യാത്രാ സംഘം തിരോന്തരം എയര്‍പ്പോര്‍ട്ടില്‍ തന്നെ പത്ര സമ്മേളനം വിളിച്ച് സായൂജ്യമടയുന്നു.

ക്രിക്കറ്റ് കളിയൊന്നും ഇല്ലാത്ത മറ്റൊരു ദിനം മന്ത്രി പുംഗവന്റെ ആപ്പീസ് ഇങ്ങാട്ട് വിളിച്ച് “നിങ്ങള്‍ വന്നതൊക്കെ ശരി. നിങ്ങളെയൊക്കെ കണ്ടതില്‍ മന്ത്രി അതിയായി സന്തോഷിക്കുന്നു. പക്ഷേ ഇപ്പം ഒന്നും തടയൂല്ലാ..”എന്ന് അരുളുന്നു. പിന്നെ കേരളത്തിലങ്ങോളമിങ്ങോളം കേന്ദ്ര മന്ത്രിയേയും തെറിവിളിച്ച് സര്‍ക്കാര്‍ സ്പോണ്‍സേഡ് പ്രകടനങ്ങല്‍ നടക്കുന്നു. പ്രകടനങ്ങള്‍ക്ക് നേരേ അടി കല്ലേറ് ലാത്തിച്ചാര്‍ജ്ജ് പിന്നെ പ്രകടനക്കാരുടെ പൊതു സ്വത്തിന്മേലുള്ള കലാപാരിപാടികള്‍...അതേ തുടര്‍ന്ന് വരുന്ന ഹര്‍ത്താലെന്ന ഓമനപ്പേരിലുള്ള ബന്ദ്. അപ്പോഴേക്കും ദുരന്തങ്ങള്‍ മറന്ന് ഭരണകൂടവും ആപ്പീസുകളും ഹര്‍ത്താലുകള്‍ ആഘോഷിക്കാന്‍ തുടങ്ങുകയായി.

ദുരന്തത്തിന്നിരയായവര്‍ പിച്ചച്ചട്ടിയും പേറി സര്‍ക്കാര്‍ ആപ്പീസുകള്‍ നിരങ്ങാന്‍ തുടങ്ങിയിട്ടുണ്ടാകും അപ്പോഴേക്കും. സെന്‍സേഷനുകള്‍ക്കുള്ള വഹ‍ ഇല്ലാതാവാവുന്നതോടെ പത്രക്കാരും ദുരന്ത ബാധിതരേ കൈയ്യൊഴിഞ്ഞ് “പാറമടയിലെ അനധികൃത പൊട്ടിക്കലുകളിലെ സെന്‍സേഷനുകള്‍” തേടിയിറങ്ങുകയായി. അങ്ങിനെ ജനവും ദുരന്തങ്ങള്‍ മറന്നു തുടങ്ങും.


വിവര സാങ്കേതിക വിദ്യ അതിന്റെ ഏറ്റവും ഉയര്‍ന്ന വേഗതയും സൌകര്യങ്ങളും തരുന്ന ഇക്കാലത്ത് ആ സൌകര്യങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കാതെ ദില്ലിയിലേക്ക് നേരിട്ടെത്തി പരാതി സമര്‍പ്പിച്ച് പരിഹാരം തേടുന്ന ഇന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുടെ കലാപരിപാടി ഫ്യൂഡല്‍ ഭരണക്രമത്തിലെ ജന്മിത്വത്തിനെ മുഖം കാണിക്കുക എന്ന അടിയാളന്മാരുടെ അടിമത്വത്തില്‍ നിന്നും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഭരണക്രമവും വിടുതല്‍ നേടിയിട്ടില്ല എന്ന ഭയാനകമായ യാഥാര്‍ത്ഥ്യത്തെയാണ് വെളിവാക്കുന്നത്.