Wednesday, July 11, 2007

തിരോന്തരം വിമാനതാവളത്തില്‍ സംഭവിച്ചതെന്തന്നാല്‍

ആദ്യത്തെ മടക്കയാത്ര. ഗള്‍ഫിലേക്ക് വണ്ടി കേറീട്ട് രണ്ടാം വര്‍ഷാവസാനം നാട്ടിലേക്ക്. എല്ലാ ഗള്‍ഫ് മോഹികളേം പോലെ “പൊന്നു കൊയ്യുക” എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഗള്‍ഫില്‍ ലാന്റ് ചെയ്യുമ്പോള്‍ എനിക്കും ഉണ്ടായിരുന്നുള്ളു എന്നത് എടുത്ത് പറയേണ്ടല്ലോ. രണ്ടു വര്‍ഷം കഴിഞ്ഞപ്പൊള്‍ നാട്ടിലേക്ക് പോകാന്‍ “വിളിക്കുറി” തന്നെയായി ശരണം. ഒരുവന് അത്യാവശ്യം വരുമ്പോള്‍ വിളി നീണ്ടു നീണ്ടു പോകുന്നതാണല്ലോ വിളിക്കുറിയുടെ ഒരു സാമാന്യ നീതി. അങ്ങിനെ എല്ലാരും വിളിച്ച് ഈര്‍ക്കില്‍ പോലായ കുറിയിലെ ചില്ലറയും വാങ്ങി കന്നി മടങ്ങല്‍.

വിളിക്കുറിയില്‍ നിന്നും കിട്ടിയ ചില്ലറയും സഹമുറിയരോടും സഹപ്രവര്‍ത്തകരോടും കടമാക്കിയതും ഒക്കെയായി ഒരു പേര്‍ഷ്യക്കാരനാകാന്‍ തക്ക വണ്ണം ഒരു വിധം പേഴ്സ് നിറഞ്ഞു. സോപ്പ്, ചീപ്പ്, കണ്ണാടി,യാര്‍ഡ്‌ലി പൌഡര്‍, ടൈഗര്‍ബാം, കോടാലി തൈലം, ഞെക്കുമ്പം കരയുന്ന കളിപ്പാട്ടങ്ങള്‍, ബ്രഷ്, പേസ്റ്റ്, കുറച്ച് തുണിത്തരങ്ങള്‍, സ്പ്രേ, ടേപ്പ് റിക്കര്‍ഡര്‍, കാസറ്റുകള്‍ തുടങ്ങിയ ഒരു ഗള്‍ഫ് കാരന്റെ അവധിക്ക് പോക്കില്‍ നിര്‍ബന്ധമാക്കപെട്ട എല്ലാ സാധനങ്ങളും കുത്തിനിറച്ച പെട്ടിയുമായി നമ്മുടെ സ്വന്തം തിരോന്തരത്തെ അന്താരാഷ്ട്രാ വിമാനതാവളത്തില്‍ പുലര്‍ച്ചേ ആറ് മുപ്പതിന് കൃത്യസമയത്ത് ലാന്റഡ്.

ടേപ്പ് റിക്കോര്‍ഡര്‍ ഒഴികെ ഇലക്ട്രോണിക്ക് സാധനങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ടും സ്വര്‍ണ്ണം നാട്ടിലും കിട്ടത്തില്ലേ എന്ന സാമാന്യ ബോധം കൊണ്ടും ഗ്രീന്‍ ചാനല്‍ വഴി കടക്കാന്‍ ശ്രമിച്ചപ്പോള്‍ മുഴുവന്‍ വെള്ളയിട്ട ഒരു ചേച്ചി മാടി മാടി വിളിച്ചു. പെട്ടിയിലെന്തുണ്ടെന്ന് ചോദ്യം. സത്യം സത്യമായി തന്നെ പറഞ്ഞു. “സോപ്പ്, ചീര്‍പ്പ്, കണ്ണാടി...”
ചേച്ചി : “ഇലക്ട്രോണിക്ക് സാധനങ്ങള്‍ ...”
ഞാന്‍: “ഒരു ടേപ്പ് റിക്കോര്‍ഡര്‍ മാത്രം”
ചേച്ചി: “സ്വര്‍ണ്ണം..?”
ഞാന്‍: “ഒരു തരിയില്ല മാഡം”
ചേച്ചി: “കള്ളം പറയരുത് കയ്യില്‍ സ്വര്‍ണ്ണവും പെട്ടിയില്‍ ഇലക്ട്രോണിക്സ് സാധനങ്ങളും ഉണ്ടെന്നും ഞങ്ങള്‍ക്കറിയാം. എന്താ എല്ലാം അഴിച്ചിട്ട് പരിശോധിക്കണോ?”
ഞാന്‍ എന്റെ കയ്യില്‍ ഒന്നുമില്ലന്ന് വീണ്ടും തറപ്പിച്ചു പറഞ്ഞു.
“ശരി..പെട്ടിയിലുള്ളതും കയ്യിലുള്ളതും എല്ലാം ഈ പേപ്പറില്‍ എഴുതി താ” എന്നായി ചേച്ചി. ഈ ഹതഭാഗ്യന്‍ ഓര്‍മ്മയിലുള്ളതെല്ലാം എഴുതി കൊടുത്തു.
“അഴിച്ചു നോക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ താങ്കള്‍ സമാധാനം പറയേണ്ടി വരും...ദേണ്ടെ ആ ക്യൂവിന്റെ അങ്ങേ തലക്കല്‍ പോയി നില്‍ക്കൂ...”
ഓര്‍ഡറിട്ടട്ട് ചേച്ചി അടുത്ത ഇരയുടെ അടുത്തേക്ക് പോയി. ഊഴം കാത്തു നില്‍ക്കുന്ന അറവുമാടുകള്‍ക്ക് ഏറ്റവും പിറകില്‍ ഊഴം കാത്തു ഞാനും നിന്നു.

അല്പം കഴിഞ്ഞപ്പോള്‍ ഒരു പരസഹായി എത്തി. പോലീസ് കാരനാണോ പോര്‍ട്ടറാണോ എന്നോര്‍മ്മയില്ല. വര്‍ഷം പത്ത് പതിമൂന്ന് കഴിഞ്ഞേ.
പരസഹായി: “താങ്കള്‍ ആദ്യമായി വരികയാണല്ലേ.”
ശ്ശെടാ ഇതെങ്ങനെ ഇയാള്‍ മനസ്സിലാക്കി എന്നോര്‍ത്ത് ഇതികര്‍ത്യമൂഢനായി നില്‍ക്കുമ്പോള്‍ അയാള്‍ തുടര്‍ന്നു.
“താങ്കള്‍ ഒരു മുന്നൂറ് ദിര്‍ഹം പാസ്പോര്‍ട്ടില്‍ വച്ചിങ്ങ് താ. എല്ലാം ഞാന്‍ ശരിയാക്കിതരാം. ഇതെല്ലാം അഴിച്ചിട്ട് നോക്കിയാല്‍ വല്ലിയ ഡ്യൂട്ടി വരും. പിന്നെ ഉച്ചയാകും പോകാനും. ഞാനങ്ങ് ഒതുക്കി തരാം.”
എഴുതി കൊടുത്ത സാധനങ്ങളുടേ ലിസ്റ്റില്‍ പെടാത്ത എന്തെങ്കിലുമുണ്ടെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഓര്‍ത്തും അറവ് മാടുകളുടെ ക്യൂ ഇങ്ങിനെ പോയാല്‍ എന്റെ ഊഴം എപ്പോഴെത്തുമെന്ന് പേര്‍ത്തും നിന്ന എനിക്ക് ഒരു പിടി വള്ളി കിട്ടിയ സന്തോഷം.
കേട്ട പാതി കേള്‍ക്കാത്ത പാതി ദിര്‍ഹം മുന്നൂറെടുത്ത് മടക്കി പാസ്പോര്‍ട്ട് പരസാഹായിയുടെ കയ്യില്‍ കൊടുത്തു. നടപടി ക്രമങ്ങള്‍ കഴിഞ്ഞ് പാസ്പോര്‍ട്ട് കയ്യില്‍ കിട്ടി. ഒരു നിമിഷം പാഴാക്കാതെ പുറത്തേക്കിറങ്ങി.

ദിര്‍ഹം മുന്നൂറ് പോയെങ്കിലെന്ത് ഗള്‍ഫില്‍ നിന്നും ആദ്യം വരുന്ന മകനെ കാണാന്‍ വെമ്പല്‍ കൊണ്ടു നില്‍ക്കുന്ന ഉപ്പാന്റേം ഉമ്മാന്റേം അടുത്ത് കൂടുതല്‍ അലച്ചിലില്ലാതെ എത്തിച്ചേരാന്‍ പറ്റിയല്ലോ. അതു തന്നെ സന്തോഷം. കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ അടുത്ത പരോപകാരി പ്രത്യക്ഷപ്പെട്ടു.

“സാര്‍ ദിര്‍ഹമോ ഡോളറോ റിയാലോ മറ്റോ ഉണ്ടോ?. എക്സ്ചേഞ്ച് റേറ്റിനേക്കാള്‍ നല്ല റേറ്റ് തരാം”
ഇല്ല എന്ന് പറയാന്‍ എടുത്ത് നാവ് “എക്സ്ചേഞ്ച് റേറ്റിനേക്കാള്‍ നല്ല റേറ്റ് തരാം” എന്ന് കേട്ടപ്പോള്‍ പുറത്തേക്ക് തുപ്പിയത് “എന്ത് വില തരും.” എന്നായിരുന്നു.
മാര്‍ക്കറ്റ് റേറ്റിനേക്കാള്‍ പതിനഞ്ച് ശതമാനം കൂടുതലായിരുന്നു പരോപകാരി ഓഫര്‍ ചെയ്തത്. ശരി എങ്കില്‍ കുറച്ച് ദിര്‍ഹം ഉണ്ട് എന്ന് പറഞ്ഞപ്പോള്‍, ഇവിടെ കസ്റ്റംസ് പ്രശ്നമാണ്. നിങ്ങള്‍ ശംഖുമുഖം ബീച്ചിനടുത്ത് വണ്ടി നിര്‍ത്തിയാല്‍ മതി. ഞാനങ്ങ് വരാം എന്നായി പരോപകാരി.

വണ്ടി വിട്ടു. ഞാന്‍ ഒരു ലക്ഷം ഇന്‍ഡ്യന്‍ രൂപക്ക് തുല്ല്യമായ ദിര്‍ഹം പരോപകാരി പറഞ്ഞ റേറ്റ് വച്ച് എടുത്ത് എണ്ണി റെഡിയാക്കി തയ്യാറായിരുന്നു. വണ്ടി ശംഖുമുഖം ബീച്ചിനടുത്ത് നിര്‍ത്തി. പിറകില്‍ സ്കൂട്ടറില്‍ പരോപകാരിയും ഒപ്പം ഒരു ചങ്ങാതീം.
ഡീല്‍ തുടങ്ങി. എത്ര സൌമ്യമായ ചെറുപ്പക്കാരന്‍. ഒരു കാര്യം പറയാന്‍ ഒമ്പത് “സാര്‍” വിളിക്കും. ഏകദേശം എട്ടായിരം ദിര്‍ഹം ഞാന്‍ കൊടുത്തു. പകരം ഒരു ലക്ഷം രൂപ വാങ്ങി. അമ്പതിന്റെ നോട്ടുകളാണ്. എണ്ണി നോക്കികൊണ്ടിരിക്കുമ്പോള്‍ പരോപകാരി വീണ്ടും “സാര്‍ വേറെ ഉണ്ടെങ്കില്‍ കുറച്ചു കൂടി നല്ല റേറ്റ് തരാം.”
എന്റെ ഉള്ളിലെ ദുരാഗ്രഹി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പണം എണ്ണി നോക്കാന്‍ പിതാജീനെ ഏല്പിച്ചിട്ട് ഞാന്‍ കയ്യിലുണ്ടായിരുന്ന ‍ ബാക്കി ദിര്‍ഹം കൂടി പരോപകാരിക്ക് കൊടുത്തു.

കൊടുത്തത് മാത്രമേ ഓര്‍മ്മയുള്ളു. സ്കൂട്ടര്‍ മിന്നി മറഞ്ഞത് ഏത് ഭാഗത്ത് കൂടിയാണെന്ന് പോലും കണ്ടില്ല. പടച്ചവനേ ചതി പറ്റിയല്ലോ എന്നോര്‍ത്തിരിക്കുമ്പോള്‍ വാപ്പയുടെ ആര്‍ത്തനാദം.

“ഈ നോട്ടും നല്ലതല്ല. എല്ലാ നോട്ടിനും ഒരേ നമ്പര്‍....”

പിന്നിതു വരെ ഫോറിന്‍ കറന്‍സിയുമായി തിരോന്തരത്ത് ഇറങ്ങിയിട്ടില്ല എന്നു മാത്രമല്ല ഹാന്‍ഡ് ബാഗല്ലാതെ മറ്റൊന്നും കൂടെ കൂട്ടാറുമില്ല.