Saturday, July 05, 2008

മലയാളത്തില്‍ പരീക്ഷയെഴുതിയ ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടി.

“ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടിയ്ക്കെന്താ മലയാളത്തില്‍ പരീക്ഷയെഴുതി കൂടെ?”
ചോദ്യം ഉമ്മന്‍ചാണ്ടി സാറിന്റെ സ്വന്തം തറവാട്ടു വക സ്കൂളിലെ സ്വന്തം പ്രധാനാദ്ധ്യാപികയുടേതാണ്.

ചാണ്ടി സാറിന്റെ പുതുപള്ളിയിലുള്ള തറവാട്ടു സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്നും “സാത്താന്റെ പാഠപുസ്തകം” തിരിച്ചു വാങ്ങിയത് ഒരു ഇടതു പക്ഷ രക്ഷാകര്‍ത്താവിന് തീരെ സുഖിച്ചില്ല. അതിയാന്‍ പരാതിയുമായി കാണേണ്ടവരെ കാണേണ്ടുന്ന രീതിയില്‍ കണ്ടു.

ഉത്തരവാദപ്പെട്ടവര്‍ സ്കൂളിലെത്തി വിവരങ്ങള്‍ തിരക്കിയപ്പോള്‍ സ്കൂള്‍ അധികൃതരുടെ ഭാഗം തികച്ചും ന്യായം:

“ആ കുട്ടി ഇംഗ്ലീഷ് മീഡിയത്തിലാണ്. ഏഴാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകം തെറ്റി കൊടുത്തതാണ്. അത് തിരിച്ച് വാങ്ങിയെന്നേയുള്ളൂ‍....”
ഹോ എന്നാ വിനയം!

അപ്പോള്‍ പിന്നെ കുട്ടി കഴിഞ്ഞ ടേമില്‍ പരീക്ഷയെഴുതിയത് മലയാളത്തിലാണല്ലോയെന്നായി പത്രക്കാര്‍.

അതിന് മറുപടിയായിട്ടാണ് ചാണ്ടി സാറിന്റെ സ്വന്തം തറവാട്ടു സ്കൂളിലെ സ്വന്തം പ്രധാനാദ്ധ്യാപിക തുള്ളിതെറിച്ചുകൊണ്ട് ഇങ്ങിനെ തൊള്ള തുറന്നത്.

“കോളേജില്‍ വരെ മലയാളത്തില്‍ പരീക്ഷയെഴുതാം. പിന്നാണോ ഏഴാം ക്ലാസില്‍? ആദ്യം പോയി നിയമം പഠിച്ചിട്ട് വാടോ...”

മലയാളം മീഡിയത്തില്‍ പഠിയ്ക്കുന്ന തന്റെ കുട്ടി ഒറ്റ ദിനം കൊണ്ട് ഇംഗ്ലീഷ് മീഡിയത്തിലേയ്ക്ക് ഉടലോടെ ഉയര്‍ത്തപ്പെട്ടതറിഞ്ഞ രക്ഷാകര്‍ത്താവ് കണ്ണും മിഴിച്ച് നിന്ന കാഴ്ചയാണ് “സാത്താന്റെ പാഠപുസ്തക” വിവാദത്തിലെ ഏറ്റവും പുതിയ കൌതുകം.

ഏഴാം ക്ലാസിലെ സാമൂഹ്യപാഠം കുട്ടികളില്‍ നിന്നും തിരിച്ചു വാങ്ങിയെന്ന തെറ്റിനെ ന്യായീകരിയ്ക്കാന്‍ ഉളിപ്പേതുമില്ലാതെ കുട്ടിയെ സംബന്ധിച്ച പച്ചകള്ളം ദൃശ്യമാധ്യമങ്ങളിലൂടെ വിളിച്ച് പറയാന്‍ മടിയില്ലാത്ത ആയമ്മ, ഉമ്മന്‍ചാണ്ടി സാറിന്റെ തറവാട്ടു സ്കൂളിന് ഏറ്റവും അനുയോജ്യയായ പ്രധാനാദ്ധ്യാപിക തന്നെ.

അക്ഷരങ്ങളെ അഗ്നിക്കിരയാക്കാന്‍ അക്ഷരവിരോധികള്‍ക്ക് ചൂട്ടുപിടിച്ചു കൊടുക്കുന്ന പ്രതിപക്ഷ നേതാവിന്റെ കളരിയും ഒരു വേള തറവാട്ടു വക സ്കൂളു തന്നെയായിരുന്നിരിയ്ക്കണമല്ലോ?