Monday, July 02, 2007

"ഹെല്പ് ലൈന്‍”

വെള്ളിയാഴ്ച പുലര്‍‌ച്ചെ ഫോണ്‍ പതിവില്ലാത്തതാണ്. ബെല്ല് കേട്ടപ്പോള്‍ തന്നെ പന്തികേട് മണത്തു. ശരി തന്നെ. അങ്ങെ തലക്കല്‍ ചങ്ങാതിയുടെ വിറയാര്‍ന്ന ശബ്ദം.
“.....മോന്‍ മരിച്ചു...”ഒരു നിമിഷം തരിച്ചിരുന്നു പോയി. ആറ്റു നോറ്റിരുന്ന് ചങ്ങാതിക്ക് ലഭിച്ച ആദ്യ കുട്ടി...ഇന്നലെ പുലര്‍‌ച്ചെപിറന്ന കുട്ടിയെ കാണാന്‍ ഇന്ന് പോകാനിരുന്നതാണ്.
ദൈവമെ എങ്ങിനെയാണിവനെയൊന്ന് സമാധാനിപ്പിക്കുക.
വിറയാര്‍ന്ന ശബ്ദം വീണ്ടും:
“ചങ്ങാതീ ഇവിടുത്തെ അടുത്ത നടപടികള്‍ എങ്ങിനെയാ...”
അപ്പോഴാണ് അതേ കുറിച്ചോര്‍ത്തത്. വിദേശത്ത് ജനിച്ച പാസ്‌പോര്‍ട്ടായിട്ടില്ലാത്ത ഭാരതീയന്‍ പിറന്നാപിറ്റേന്ന് മരണപ്പെട്ടാല്‍ എന്താപ്പൊ ചെയ്ക. സുഹൃത്തിന്റെ സംശയ നിവാരണം എന്റെ ധാര്‍മികതയായി. പ്രവാസിയുടെ അന്ത്യ ചടങ്ങുകളെ കുറിച്ച് ഒരേകദേശ ധാരണയുണ്ട്. ഇല്ലാത്തവര്‍ അതേ കുറിച്ച് അല്പം അറിഞ്ഞിരിക്കേണ്ടത് പ്രവാസീയത്തില്‍ അത്യന്തം ഗുണകരമത്രെ. പക്ഷെ ഇവിടെ ഒരു ദിവസം മാത്രം പ്രായമായ പ്രവാസ ഭാരതീയന്റെ മരണാനന്തര നടപടികള്‍ എന്താണ്? ഒരു പിടിയുമില്ല.
അപ്പോഴാണ് ദുബൈ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റിന്റെ ഹെല്പ് ലൈന്‍ നമ്പര്‍ കയ്യിലുള്ളത് ഓര്‍ത്തത്. നേരെ വിളിച്ചു ചോദിക്കാം.
മൊബൈല്‍ എടുത്ത് ടയല്‍ ചെയ്തു. ബെല്ലടി മാത്രം മിച്ചം...
പുലര്‍ച്ചെയായതു കൊണ്ടായിരിക്കും.കുറെ കഴിഞ്ഞു വീണ്ടും വിളിച്ചു. സ്ഥിതി തഥൈവ. പത്തോളം വിളികള്‍ക്ക് ശേഷം കോണ്‍സുലേറ്റിന്റെ എമര്‍ജന്‍സി ഹെല്പ് ലൈന്‍ മൊബൈല്‍ ഫൊണിന്റെ അങ്ങെ തലക്കല്‍ പരുക്കന്‍ പ്രതികരണം.
മറുതലക്കല്‍ : “ഹല്ലോ...”
ഞാന്‍ : “ഹെല്പ് ലൈനല്ലെ...”മലയാളി മങ്കയായിരിക്കുമെന്നൊരൂഹത്തില്‍ ചോദ്യം മലയാളത്തില്‍ തന്നെയാക്കി.
മറുതലക്കല്‍ : “അതെ എന്തു വേണം....?”വെള്ളിയാഴ്ച രാവിലത്തെ ഉറക്കം നഷ്ടപെട്ട സര്‍വ്വ ദേഷ്യവും ആറ്റികുറിക്കിയതായിരുന്നു ആ ചോദ്യം.
ഞാന്‍ : “മാഡം എന്റെ ഒരു ചങ്ങാതിയുടെ കുഞ്ഞ് ഇന്ന് രാവിലെ മരിച്ചു പോയി....ഇന്നലെ രാവിലെ ജനിച്ച കുട്ടിയാണ്....അടുത്ത നടപടികള്‍ എങ്ങിനെയൊക്കെയാണെന്ന് അറിയില്ല... നിങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുമോ...” കൂടുതല്‍ ബുദ്ധിമുട്ടിക്കണ്ടയെന്നു കരുതി പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ചു.പക്ഷെ ഇരുപത് മിനിറ്റെടുത്തു എന്റെ ചങ്ങാതിയുടെം ഭാര്യയുടെം മരണപെട്ട കുട്ടീടേം വിശേഷങ്ങള്‍ ആ ആന്റിയോട് ഓതി തീര്‍ക്കാന്‍.
ഒടുവില്‍...“ആ വക കാര്യങ്ങള്‍ എനിക്കറിയില്ല. എനിക്ക് ദൈനം ദിനം നടക്കുന്ന നടപടിക്രമങ്ങളേ അറിയുള്ളു...നിങ്ങള്‍ ഈ നമ്പരില്‍ വിളിക്കൂ” മറ്റൊരു നമ്പര്‍ തന്നിട്ട് മലയാളി വനിത ഫോണ്‍ കട്ട് ചെയ്തു.
വീണ്ടും ആ പുതിയ നമ്പരിലേക്ക്... ഏഴെട്ട് തവണത്തെ നിരന്തര ശ്രമഫലമായി ഉറക്കച്ചടവുള്ള “ഹലോ” കേട്ടു. വീണ്ടും ചോദ്യം, മറുപടി. കുട്ടിയുടേം അമ്മേടേം അച്ഛന്റെം വിശേഷങ്ങള്‍...അച്ഛന്റെ വീട്ടു വിശേഷങ്ങള്‍ അതങ്ങനെ കത്തി കയറുകയാണ്.
ഒടുവില്‍...“ഒരു കാര്യം ചെയ്യൂ...ഇത് ഞാന്‍ ഇടപെടുന്ന വിഭാഗമല്ല...നിങ്ങള്‍ കോണ്‍സുലേറ്റിന്റെ സെക്കൂരിറ്റി ഓഫീസില്‍ വിളിച്ചിട്ട് അവരോട് പറഞ്ഞാല്‍ ആ വിഭാഗത്തിന്റെ നമ്പര്‍ തരും.അതാ നല്ലത്...”
ഞാന്‍ : “സെക്കുരിറ്റി ഓഫീസിന്റെ നമ്പര്‍ എത്രയാ”
മറുതലക്കല്‍ : “അയ്യോ അതെനിക്കറിയില്ല... ഞാന്‍ ഒരു നമ്പര്‍ തരാം. ആ നമ്പരില്‍ വിളിച്ചാല്‍ സെക്കുരിറ്റി ഓഫീസിന്റെ നമ്പര്‍ കിട്ടും...” വീണ്ടും പുതിയൊരു നമ്പര്‍.എടുത്തത് ഹിന്ദി വാല. എന്റെ ഹിന്ദി അയാള്‍ക്കും അയാളുടെ മലയാളം എനിക്കും പെട്ടെന്ന് മനസ്സിലായതിനാല്‍ വിശേഷ വിസ്താരമില്ലാതെ സെക്കുരിറ്റി ഓഫീസിന്റെ നമ്പര്‍ ഉടനടി ലഭ്യമായി. പിന്നെ സെക്കുരിറ്റി ഓഫീസിന്റെ നമ്പരിലേക്ക്.
ഭാഗ്യം...രണ്ടാമത്തെ റിംങില്‍ “ഹലോ” കേട്ടു. ദൈവമേ മലയാളി ആയിരിക്കല്ലെ...
ദൈവം വിളികേട്ടു. ഹിന്ദി വാല തന്നെ. കാര്യം അറിയാവുന്ന ഹിന്ദിയിലും ഇങ്ലീഷിലുമൊക്കെയായി പറഞ്ഞു ഫലിപ്പിച്ചു. ഭാഷ പ്രശ്നം ഉണ്ടായതിനാല്‍ കൂടുതല്‍ വിസ്താരമില്ലാതെ മറ്റൊരു നമ്പര്‍ കിട്ടി. റിങ്ങ് ചെയ്യുന്നുണ്ട്. ഇപ്പോള്‍ പതിനാലാമത്തെ തവണയാണെന്നു മാത്രം.

ഇതിനിടക്ക് ചങ്ങാതിയുടെ വിളി വരുന്നുമുണ്ട്....
എന്താപ്പോ ചെയ്ക. സമയം പത്തോളമെത്തുന്നു. വെള്ളിയാഴ്ചയാണ്. വേറെയാരെ വിളിക്കാനാ. ഒടുവില്‍ ലൈനെടുത്തു. മലയാളിയാണ്. കഥ ഒരാവര്‍ത്തി കൂടി. അപ്പോഴേക്കും ഞാന്‍ പരിക്ഷീണനായി കഴിഞ്ഞിരുന്നു...
ഒടുവില്‍ ഹെല്പ് ലൈനില്‍ നിന്നും ഞാനാ സഹായ സ്വരം ശ്രവിച്ചു-
“ഇങ്ങിനെയുള്ള കേസുകള്‍ക്ക് ഇന്ന് ഓഫീസ് അവധിയാണ്....നിങ്ങള്‍ ഏതെങ്കിലും ലോക്കല്‍‌സിനോട് ചോദിച്ചാല്‍ കൂടുതല്‍ വിവരം ലഭിക്കുമായിരിക്കും...”

എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കുമുമ്പ്-
“ഠപ്പേ...”
ഹെല്പ് ലൈന്‍ കട്ടായി.