Friday, February 26, 2010

വെറുപ്പിന്റെ രാഷ്ട്രീയം.

ജനായത്ത ഭരണ ക്രമത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ അധികാര സ്ഥാനങ്ങളിലെത്തിയാല്‍ അയാള്‍ പിന്നെ സമൂഹത്തിന്റെ പൊതു സ്വത്താണ് എന്നാണല്ലോ വെയ്പ്. വാര്‍ഡുമെമ്പറായാലും പ്രധാനമന്ത്രിയായാലും തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ എതിരാളിയുടെ പോലും പ്രതിനിധിയാണ് തിരഞ്ഞെടുക്കപ്പെടുന്നയാള്‍. പാര്‍ട്ടിക്കുപരി പ്രവര്‍ത്തിക്കാന്‍ പ്രതിനിധികള്‍ക്ക് കഴിയില്ല എന്ന വസ്തുത നില നില്‍ക്കേ തന്നെ നമ്മുടെ ജനായത്ത ഭരണക്രമത്തില്‍ പ്രജകളെ ഒന്നായി കാണാന്‍ പ്രതിനിധികള്‍ക്ക് കഴിയുന്നിടത്തേ ജനാധിപത്യം പൂര്‍ണ്ണതയില്‍ എത്തുകയും ഉള്ളു. ജാതി മത വര്‍ണ്ണ രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കും എന്നു പ്രതിജ്ഞയെടുത്താണ് വാര്‍ഡു തലം മുതല്‍ ജനപ്രതിനിധികള്‍ അധികാരം ഏറ്റെടുക്കുന്നതും. അതുകൊണ്ട് തന്നെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടേയോ പ്രസ്ഥാനത്തിന്റേയോ പ്രവര്‍ത്തകന്‍ ആണെങ്കില്‍ കൂടിയും അയാള്‍ സമൂഹത്തെ മൊത്തം പ്രതിനിധീകരിക്കാന്‍ ബാധ്യസ്ഥനാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ജനായത്ത ഭരണക്രമത്തില്‍ ജനാധിപത്യത്തിന്റെ ഈ അടിസ്ഥാന തത്വം തന്നെ ബലികഴിക്കപ്പെടുന്ന കാഴ്ചയാണ് അനുദിനം നാം കാണുന്നത്.

കൊല്ലം മേയറെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പുറത്താക്കിയതും ഇമ്മാതിരി അസ്സഹിഷ്ണതയുടെ പരിണതിയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി പൊതുരംഗത്ത് വന്നൊരാള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവായിരിക്കുന്നിടത്തോളം എതിരാളിയുടെയോ എതിര്‍ ചേരികളുടേയോ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം തെറ്റായിരിക്കാം. പക്ഷേ ഒരു കോര്‍പ്പറേഷന്‍ മേയറായി പാര്‍ട്ടിക്കാരന്‍ മാറുമ്പോള്‍ പാര്‍ട്ടിക്കുപരിയായി സമൂഹത്തോടും അയാള്‍ ചരിക്കുന്ന ചുറ്റുപാടുകളോടും ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. നിരീശ്വരവാദിയാണെങ്കിലും ദേവാലയങ്ങളുടെ പൊതു പരിപാടികളിലും ഉത്ഘാടന ചടങ്ങുകളിലും ഒക്കെ മാര്‍ക്സിസ്റ്റ് പാര്‍ട്ടീ നേതാക്കന്മാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടീ നേതാക്കന്മാരും പങ്കെടുക്കുന്നതും അതു കൊണ്ട് തന്നെ.

ആര്‍.എസ്സ്.എസ്സ് എന്നത് ഭാരതത്തില്‍ നിരോധിക്കപ്പെട്ട ഒരു സംഘടനയല്ല. നിരോധിക്കപ്പെടേണ്ട സംഘടനകള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്ന ഭാരതത്തില്‍ ആര്‍.എസ്സ്.എസ്സും നിരോധിക്കപ്പെടേണ്ട ഒരു സംഘടനയായിരിക്കാം. പക്ഷേ ഇപ്പോള്‍ നിരോധിക്കപ്പെട്ടിട്ടില്ല. അങ്ങിനെയൊരു സംഘടനയുടെ ഒരു പരിപാടിക്ക് ക്ഷണിക്കപ്പെട്ടാല്‍ ഒരു ജനപ്രതിനിധി അത് നിരസിക്കേണ്ടതുണ്ടോ? ആ ജനപ്രതിനിധി പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തെ ആര്‍.എസ്സ്.എസ്സ് എതിര്‍ക്കുന്നു എന്നത് ജനപ്രതിനിധിയായ മേയര്‍ക്ക് അവരുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിനു എങ്ങിനെ തടസ്സമാകും? ആര്‍.എസ്സ്.എസ്സ് പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവല്ല. ബഹുമാനപ്പെട്ട കൊല്ലം മേയറാണ്. സ്വാഭാവികമായും ജനപ്രതിനിധികള്‍ ഇങ്ങിനെ ക്ഷണിക്കപ്പെടാറുമുണ്ട്. വ്യവസ്ഥാപിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ആര്‍.എസ്സ്.എസ്സ്. അങ്ങിനെ അല്ലെങ്കില്‍ അതിനെ നിയമം കൊണ്ട് നിരോധിക്കെണ്ടത് ഭരണ കൂടമാണ്. അത് ചെയ്യാത്തിടത്തോളം ഒരിക്കലും ആര്‍.എസ്സ്.എസ്സും അനഭിമതരാകുന്നില്ല. പോരെങ്കില്‍ ഒരിക്കല്‍ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകളെ ഭരണത്തിലിരിക്കാന്‍ അനുവദിച്ച ഒരു പാര്‍ട്ടിയുടെ കാര്യത്തിലെങ്കിലും.

എതിര്‍ ചേരിയിലുള്ളവരുടെ ഒരു നന്മയെ നമ്മുടെ രാഷ്ട്രീയത്തിലെ മറുചേരി ഒരിക്കലും അംഗീകരിക്കാറില്ല. എപ്പോഴും എതിര്‍ചേരിയെ ചെളിവാരിയെറിയുക എന്നതാണ് നമ്മുടെ കീഴ്വഴക്കം. കെ.ആര്‍.ഗൌരിയമ്മയെ കോണ്‍ഗ്രസ്സ് സ്വാധീനമുള്ള കുട്ടനാട് വികസന സമിതി എന്ന സന്നദ്ധസംഘടന അനുമോദിച്ചതാണ് ജെ.എസ്സ്.എസ്സ് എന്ന പാര്‍ട്ടിയുണ്ടാകാന്‍ കാരണം. അനുമോദനം സ്വീകരിച്ച കെ.ആര്‍. ഗൌരിയമ്മ പാര്‍ട്ടിക്ക് അനഭിമതയായി. അവര്‍ അനഭിമതയാകാന്‍ പാര്‍ട്ടിക്ക് മറ്റുകാരണങ്ങളും ഉണ്ടാകാം. പക്ഷേ അതിന്റെയൊക്കെ തുടക്കം ആ അനുമോദനം തന്നെ ആയിരുന്നു. എതിര്‍ പാര്‍ട്ടിക്കാരിയെ അനുമോദിക്കാന്‍ കോണ്‍ഗ്രസ്സ് സ്വാധീനമുള്ള ഒരു സന്നദ്ധസംഘടന ശ്രമിച്ചതിനെ ശ്ലാഘിക്കുകയായിരുന്നില്ലേ വേണ്ടത്? എന്തു തന്നെയാ‍യാലും കെ.ആര്‍.ഗൌരിയമ്മ മികച്ച ഒരു പാര്‍ലമെന്റേറിയനും പൊതുസമ്മതിയുള്ള നേതാവും ആയിരുന്നു എന്നുള്ളത് തന്നെയല്ലേ വസ്തുത? അത് എതിര്‍ ചേരിയിലുള്ളവര്‍ അംഗീകരിച്ചാല്‍ അതിനെ ഉള്‍കൊള്ളാന്‍ സ്വന്തം പാര്‍ട്ടിക്ക് കഴിയാത്തത് നമ്മുടെ രാഷ്ട്രീയത്തിന്റെ അസ്സഹിഷ്ണുതയല്ലേ വെളിവാക്കുന്നത്? എതിര്‍ ചേരിയുടെ നന്മകളെ ഉള്‍കൊള്ളാന്‍ നമ്മുടെ പാര്‍ട്ടികള്‍ക്ക് കഴിയാറേയില്ല. സ്വന്തം പാര്‍ട്ടിക്കാരുടെ നന്മകളെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. പിന്നല്ലേ എതിര്‍ ചേരിയുടെ. ഹല്ല പിന്നെ!

അസ്സഹിഷ്ണുതയുടെ പങ്കാളിത്തത്തില്‍ നിന്നും ഒരു രാഷ്ട്രീയ പ്രസ്ഥാനവും മോചിതമല്ല എന്നതാണ് സത്യം. കാലാകാലം ചീത്തവിളിച്ചു നടന്ന അബ്ദുല്ലകുട്ടിയും ശിവരാമനുമെല്ലാം കോണ്‍ഗ്രസ്സിനു സ്വീകാര്യമാണ്. ഒരിക്കല്‍ തങ്ങളുടെ തന്നെ പ്രസിഡന്റായിരുന്ന കെ.മുരളീധരന്‍ അസ്സ്വീകാര്യനും. കൂടെ നിന്നപ്പോള്‍ അബ്ദുല്‍ നാസര്‍ മദനിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കാണ്‍ഗ്രസിനു സ്വീകാര്യം. അന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ഇടതു പക്ഷത്തിനും മദനി അസ്സ്വീകാര്യന്‍. ഇപ്പോള്‍ മദനി മറുകണ്ടം ചാടിയപ്പോള്‍ പാര്‍ട്ടികളും കളം മാറ്റി. ശ്രേയസ് കുമാ‍റിന്റെ വയനാട് ഭൂമി പുറമ്പോക്കാണെന്ന് ആദ്യം പറഞ്ഞത് ഉമ്മന്‍ ചാണ്ടിയും ഐക്യമുന്നണിയും. അന്ന് പക്ഷേ കുമാര്‍ ഇടത്തായിരുന്നു. ഇപ്പോള്‍ ശ്രേയസ്സ് കുമാറും പപ്പായും മറുകണ്ടം ചാടി. കാണ്‍ഗ്രസിനു ശ്രേയസ് കുമാറിന്റെ ഭൂമി അദ്ദേഹത്തിന്റെ തറവാ‍ട്ടു സ്വത്തുമായി! ഇന്നലെ വരെ മാര്‍ക്സിസ്റ്റായിരുന്നൊരുവന്‍ ഇന്ന് മുതല്‍ ലീഗാകുന്നു! ഇന്നലെ വരെ ലീഗായൊരുവന്‍ ഇന്നു മുതല്‍ മാര്‍ക്സിസ്റ്റാകുന്നു! ആദര്‍ശം എവിടെ? എന്ത് ആശയത്തിന്റെ പേരിലാണ് ഇവര്‍ ജനത്തെ അഭിമുഖീകരിക്കുന്നത്? ഇരട്ടത്താപ്പും കുതികാല്‍ വെട്ടും അസ്സഹിഷ്ണൂതയും കേരള രാഷ്ട്രീയത്തിന്റെ ശാപമായി മാറിയിട്ട് കാലമേറെയായി.

നയപ്രഖ്യാപന പ്രസംത്തിനു ശേഷം നിയമസഭ വിട്ടു പുറത്തേക്ക് വന്ന ഗവര്‍ണ്ണര്‍ പ്രതിപക്ഷ നേതാവിനെ അഭിവാദ്യം ചെയ്തത് എന്തോ അക്ഷന്തവ്യമായ അപരാധമായി പോയി എന്ന രീതിയിലാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയുടെ പ്രതികരണം. വെറുപ്പിന്റെ രാഷ്ട്രീയം ഏറ്റവും നന്നായി ഉപയോഗിക്കുന്നവരാണ് ഭരണ കക്ഷിയുടെ സെക്രട്ടറിയും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും എല്ലാം. ആരും ആരില്‍ നിന്നും ഒട്ടും തന്നെ വിത്യസ്ഥരല്ല.

എതിര്‍പ്പിന്റേയും അസ്സഹിഷ്ണുതയുടേയും രാഷ്ട്രീയമാണ് നമ്മുടെ നാടിനെ ഇന്ന് ഭരിക്കുന്നത്. അതിനെ രാഷ്ട്രീയം എന്നു പറയുന്നതു പോലും രാഷ്ട്രത്തോടു ചെയ്യുന്ന തെറ്റാകും. അരാഷ്ട്രീയ വാദികള്‍ രാഷ്ട്രീയം കയ്യാളുന്ന സാഹചര്യം സംജാതമായതാണ് നാട് കുട്ടിച്ചോറാകാന്‍ കാരണം. ആര്‍ക്കും ആരോടും ഒരു തരത്തിലുള്ള ഉത്തരവാദിത്തവുമില്ല. ആര്‍ക്കും ആരോടും വിധേയത്വം ഇല്ല. ആര്‍ക്കും ആരോടും സ്നേഹമോ ബഹുമാനമോ അനുകമ്പയോ ദയയോ ദാക്ഷണ്യമോ സൌഹാര്‍ദ്ദമോ ഒന്നുമില്ല. ഉള്ളത് വെറുപ്പ്, വിരോധം, അറപ്പ്, അസ്സഹിഷ്ണുത തുടങ്ങിയ വികാരങ്ങള്‍ മാത്രം! നാട് മുടിയാന്‍ പിന്നെന്തു വേണ്ടൂ....

Sunday, February 21, 2010

കശ്ശാപ്പു ചെയ്യപ്പെടുന്ന മലയാള സിനിമ.

സ്വതവേ ദുര്‍ബല. പോരെങ്കില്‍ ഗര്‍ഭിണിയും എന്ന രീതിയാലിട്ടുണ്ട് വര്‍ത്തമാന കാല മലയാള സില്‍മയുടെ വര്‍ത്തമാനം. മലയാളം പറയുന്നോര്‍ പണ്ടേ അമ്മാണിയിമ്മാണി. അപ്പോ മലയാള സില്‍മ കാണുന്നോരും അമ്മാണിയാകണമല്ലോ? കോടികള്‍ പുകച്ചുണ്ടാക്കുന്ന സില്‍മയുടെ സീഡിയോ മുക്കാചക്രത്തിനു മൂന്നാം പക്കം മുക്കിനു മുക്കിനു സുലഭവും! ഇറങ്ങുന്ന സില്‍മകളോ മിക്കതും കുക്കൂതറയും. കൂട്ടത്തില്‍ അന്തിയായാല്‍ പിന്നെ നാലാം കിട സീരിയലുകള്‍ കുടുംബിനികളെ വീടുകളില്‍ തളച്ചിടുക കൂടി ചെയ്യുന്നതോടെ മലയാള സില്‍മ കാണാന്‍ ആളെ കാശിനു വെക്കണമെന്നായി. ഇപ്പോള്‍ സൂപ്പര്‍ താരങ്ങളുടെ ചിലവില്‍ അതും നടക്കുന്നിടത്താണ് കാര്യങ്ങള്‍.

അയല്‍ സംസ്ഥാനങ്ങളില്‍ രണ്ടു മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്നേയുണ്ടായിരുന്ന പേക്കൂത്തുകള്‍ നമ്മുടെ നാട്ടാചാരമാകാന്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഒന്നാം പാതം വരെ കാത്തിരിക്കേണ്ടി വന്നത് എന്നതായാലും കഷ്ടമേ കഷ്ടം തന്നെ. എം.ജീ.ആറിന്റേയും എന്‍.ടി.ആറിന്റേയും ശിവാജിയുടേയും ഒക്കെ വസന്തകാലത്ത് നമ്മുക്കും ഉണ്ടായിരുന്നു പൂക്കാലങ്ങള്‍. മലയാള സില്‍മയുടെ എക്കാലത്തേയും സൂപ്പര്‍ താരം പ്രേം നസീറും സത്യനും മധുവും ഒക്കെ മലയാളിയുടെ അഹങ്കാരങ്ങളായിരുന്ന ഒരു കാലം. അന്നൊക്കെ ആകാശം മുട്ടേ കട്ടൌട്ടുകള്‍ ഉയരുമായിരുന്നു - കേരളത്തിലല്ല - തമിഴ് നാട്ടിലും ആന്ധ്രയിലും കര്‍ണ്ണാടകയിലും മറ്റും. പ്രദര്‍ശിപ്പിക്കുന്ന സിനിമാ കൊട്ടകകളിലേക്ക് ആനയും അമ്പാരിയും ആര്‍പ്പു വിളികളും ഒക്കെയായി ഫിലീം പെട്ടികള്‍ ആനയിക്കപ്പെടുമായിരുന്നു. സൂപ്പര്‍ താരങ്ങളുടെ ഭീമാകാരങ്ങളായ കട്ടൌട്ടുകളില്‍ പാലഭിഷേകം നടത്തപ്പെടുമായിരുന്നു. പക്ഷേ അന്നൊന്നും നമ്മുടെ സൂപ്പര്‍ സ്റ്റാറുകളുടെ കട്ടൌട്ടുകള്‍ ആകാശം മുട്ടേ ഉയരുമായിരുന്നില്ല. പാ‍ലഭിഷേകം നടത്തപ്പെടുമായിരുന്നില്ല. ഫിലിം പെട്ടികള്‍ക്ക് മുന്നില്‍ ആനന്ദനൃത്തം ചവിട്ടുമായിരുന്നില്ല. കാരണം “ഫാന്‍സ് അസോസിയേഷന്‍” എന്ന ഏര്‍പ്പാട് ഇന്നിന്റെ അത്രയും കൂതറയായിരുന്നില്ല അന്ന്.

അന്യസംസ്ഥാനങ്ങളിലെ എഴുപതുകള്‍ താരാരാധന ഏറ്റവും തീഷ്ണമായിരുന്നപ്പോഴും ഇതര സിനിമള്‍ തീയേറ്ററുകളില്‍ കൂവി തോല്‍പ്പിക്കപ്പെടുന്ന സ്ഥിതി ഉണ്ടായിരുന്നില്ല. അവിടങ്ങളിലെ ഫാന്‍സ് അസോസിയേഷനുകള്‍ പൂര്‍ണ്ണമായി തന്നെ സന്നദ്ധ സംഘടനകളും ആയിരുന്നു. പൊതുജനത്തിന്റേയും തങ്ങളുടെ ആരാധകരുടേയും ദൈനംദിന ജീവിതത്തില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നേരിട്ട് തന്നെ ഇടപെടാന്‍ ഫാന്‍സ് അസോസിയേഷനുകളിലൂടെ താരങ്ങള്‍ക്ക് ഒരു പരിധി വരെ കഴിഞ്ഞിട്ടും ഉണ്ട്. അതു കോണ്ടൊക്കെ തന്നെയാണ് അധികാരകേന്ദ്രങ്ങളായി മാറാനും അവര്‍ക്കൊക്കെ കഴിഞ്ഞത്. ഏറ്റവും ഒടുവില്‍ ചിരംജീവിയുടെ ഫാന്‍സ് അസോസിയേഷനും ആന്ധ്രയില്‍ ഉണ്ടാക്കിയിട്ടുള്ള സേവന മേഖല ചെറുതല്ല. ബ്ലഡ് ബാങ്കുകളുടെ ഒരു ചങ്ങല തന്നെ അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്റെ നിയന്ത്രണത്തില്‍ നടക്കുന്നുണ്ട്. അദ്ദേഹം “പ്രചാരാജ്യം പാര്‍ട്ടി” ഉണ്ടാക്കിയപ്പോള്‍ ആ പാര്‍ട്ടിക്ക് കിട്ടിയ സ്വീകാര്യതയും ഫാന്‍സ് അസോസിയേഷനുകളിലൂടെ അദ്ദേഹം നേടിയ ജനപിന്തുണയുടെ ഫലമാണ്.

പക്ഷേ കേരളത്തിലോ?
ഫാന്‍സില്ലാതെ സ്റ്റാറില്ലാത്ത കാലം. സൂപ്പര്‍ സ്റ്റാറുകളെ സംരക്ഷിക്കാന്‍ ഫാന്‍സുകളും ഫാന്‍സുകളെ സംരക്ഷിക്കാന്‍ സുപ്പര്‍ സ്റ്റാറുകളും - ഒരു പരസ്പര സഹായ സഹകരണ സംഘമായി അങ്ങിനെ പോകുന്നു. മമ്മൂട്ടിയോ മോഹന്‍ലാലോ അഭിനയിക്കുന്ന ചിത്രങ്ങള്‍ തീയറ്ററില്‍ പോയി കാണാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു. മമ്മൂട്ടിയുടെ സിനിമയെ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ കൂകി തോല്‍പ്പിക്കുന്നു എന്നതല്ല കാര്യം. അല്ലെങ്കില്‍ മോഹന്‍ലാലിന്റെ സിനിമയെ മമ്മൂട്ടി ഫാന്‍സുകാര്‍ കൂകി കുളമാക്കുന്നു എന്നും അല്ല. മമ്മൂട്ടിയുടെ സിനിമ കളിക്കുന്ന തീയറ്ററില്‍ സാധാരണ പ്രേക്ഷകനു ശല്യമാകുന്നത് മമ്മൂട്ടി ഫാന്‍സിന്റെ ബഹളം തന്നെയാണ്. മോഹന്‍ലാലിന്റെ സിനിമ കുളമാക്കുന്നത് മോഹന്‍ലാല്‍ ഫാന്‍സുകാരും. ഇവരുടെ കൈയടിയും ഡയലോഗ് ഡെലിവറിക്ക് ഇടക്ക് ഉണ്ടാക്കുന്ന ആര്‍പ്പുവിളികളും പടക്കം പൊട്ടിക്കലും കൊട്ടിപ്പാട്ടും ഒക്കെയായി സൂപ്പര്‍ താരങ്ങളുടെ സിനിമയെ ആഘോഷമാക്കുന്ന ഫാന്‍സുകാര്‍ സാധാരണക്കാരെ തീയറ്ററുകളില്‍ നിന്നും ആട്ടിപായിക്കുകയാണ്. എന്തായാലും മമ്മൂട്ടിയുടെ സിനിമയെ കൂകാന്‍ മോഹന്‍ലാലിന്റെ ഫാന്‍സുകാരോ മോഹന്‍ലാലിന്റെ സില്‍മയെ കൂകാന്‍ മമ്മൂട്ടി ഫാന്‍സോ ധൈര്യപ്പെടാറില്ല.

ഇരു ഫാന്‍സുകാര്‍ക്കും ഒന്നിച്ചിരുന്നു കൂകാനാണ് ഇളമുറ താരങ്ങളുടെ സിനിമ സൃഷ്ടിക്കപ്പെടുന്നത്. പുതുതലമുറ താരങ്ങളുടെ സിനിമ പ്രദര്‍ശന വിജയം നേടും എന്നു തോന്നിയാല്‍ ഇരു ഫാന്‍സുകാരും കൂലിക്ക് ആളെ വെച്ച് ആ സിനിമകള്‍ തീയറ്ററില്‍ നിന്നും ആട്ടിപായിക്കുകയാണ്. സിനിമ തുടങ്ങിയാല്‍ ഒടുക്കം വരെ കൂകല്‍. ആളൊന്നുക്ക് ഇരുന്നൂറ് രൂപയും ബിരിയാണിയും ആണെന്നാണ് സിനിമയുടെ പിന്നാമ്പുറത്തെ കിംവദന്തി. സൂപ്പര്‍ താരങ്ങളുടെ ചവറുകള്‍ കണ്ട് സഹികെട്ടൊരു പ്രേക്ഷകന്‍ ജീവിതവും കഥയും ഉള്ളൊരു സിനിമ കാണാന്‍ ആഗ്രഹിച്ചാല്‍ അത് മിക്കവാറും പുതുതലമുറ താരങ്ങളുടെ സിനിമയായിരിക്കും. അത് കാണാന്‍ ഇരു സൂപ്പറുകളുടേയും ആരാധകര്‍ എന്ന് അവകാശപ്പെടുന്ന ജീവികള്‍ സമ്മതിക്കുമില്ല. അവിടെയാണ് അന്യഭാഷാ ചിത്രങ്ങള്‍ നമ്മുടെ തീയറ്ററുകളെ കീഴടക്കുന്ന സാഹചര്യം ഉണ്ടാകുന്നത്. അന്യ ഭാഷാ ചിത്രങ്ങളെ കൂകാനോ കൈയടിക്കാനോ പടക്കം പൊട്ടിക്കാനോ ആരും മുതിരാതിരിക്കുന്നതിനാല്‍ ആ ചിത്രങ്ങള്‍ സ്വസ്ഥതയോടെ ആസ്വാദിക്കാന്‍ പ്രേക്ഷകനു കഴിയുന്നു. അതു കൊണ്ട് തന്നെ ആ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശന വിജയം നേടുകയും ചെയ്യുന്നു. അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ വന്‍ പ്രദര്‍ശന വിജയം നേടുന്നതിനു ഇതുമാത്രമായിരിക്കില്ല ഒരു പക്ഷേ കാരണം. മറ്റു കാരണങ്ങളും ഉണ്ടാകാം. ഇതും ഒരു കാരണം ആണെന്നു മാത്രം.

മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ വെച്ച് സിനിമ പിടിക്കാന്‍ പണം വേണ്ട എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. തിലകന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഇവരുടെ ഡേറ്റ് ലഭിക്കുന്നൊരുവനു ചങ്കൂറ്റമുണ്ടേല്‍ പടം തുടങ്ങും മുന്നേ കോടികള്‍ ലാഭം നേടി മിണ്ടാട്ടിരിക്കാം. ഒന്നര കോടി രൂപ സൂപ്പര്‍ സ്റ്റാറിന്റെ പ്രതിഫലമാണേല്‍ ഒരു അമ്പതു ലക്ഷം മുടക്കി ഇവരുടെ കാള്‍ ഷീറ്റ് വാങ്ങുക. സൂപ്പറുകളുടെ ബാക്കി പണത്തിനു പകരം വിദേശ രാജ്യങ്ങളിലെ പ്രദര്‍ശനാവകാശം കൊടുക്കാമെന്നു സമ്മതിച്ചാല്‍ ബാക്കി ഒരു കോടി അതില്‍ തന്നെ നേരിട്ട് തട്ടിക്കിഴിക്കാം. സാറ്റലൈറ്റ് അവകാശം ഏറ്റവും കുറഞ്ഞത് ഒന്നേകാല്‍ കോടിക്കും ഒന്നൊരകോടിക്കും ഇടക്ക് വിറ്റു പോകും. വീസീഡിയുടെ പകര്‍പ്പവകാശം എഴുപത്തി അഞ്ചു ലക്ഷം മുതല്‍ ഒന്നൊരക്കോടിവരെ കൊണ്ടു വരും. വീസീഡിയുടെ പണം പടം ഇറങ്ങി കഴിഞ്ഞേ കിട്ടുള്ളു എങ്കിലും അഡ്വാന്‍സ് ഒരു ഇരുപത്തി അഞ്ചു ലക്ഷം എങ്കിലും കിട്ടും. ഒന്നാം നിര തിയറ്ററുകള്‍ നല്‍കുന്ന അഡ്വാന്‍സ് വേറേയും. അതായത് ഒന്നാം കിട തീയേറ്ററുകള്‍ നല്‍കുന്ന അഡ്വാന്‍സും വീസീഡിയുടെ അഡ്വാന്‍സും കൊണ്ടു പടം പിടിക്കാം.

ഒരു സൂപ്പര്‍ താരത്തെ വെച്ച് തരക്കേടില്ലാത്ത ഒരു സിനിമ പിടിക്കാന്‍ രണ്ടരക്കോടി മതീയെന്നു വെക്കുക. സാറ്റലൈറ്റിന്റെ അവകാശം ഒന്നരക്കോടി. സീഡിയുടെ അവകാശം ഏറ്റവും കുറഞ്ഞത് എഴുപത്തി അഞ്ച് ലക്ഷം. വിദേശ രാജ്യങ്ങളിലെ പ്രദര്‍ശനാവകാശം ഒരു കോടി. ഇതു മൂന്നും കൂടി മാത്രം വരവ് മൂന്നേകാല്‍ കോടി! പടം പിടുത്തം തുടങ്ങും മുന്നേ ലാഭം എഴുപത്തി അഞ്ചു ലക്ഷം! സിനിമ എന്ത്?കഥയെന്ത്? ഇതിവൃത്തം എന്ത്? സാങ്കേതികത്വം എന്ത്? മറ്റു അഭിനേതാക്കള്‍ ആര്? ഒന്നും പ്രശ്നമല്ല. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ അറുബോറുകളാകുന്നതിനുള്ള കാരണം മറ്റെന്താണ്? വെറും കാള്‍ ഷീറ്റു കൊണ്ട് ഏറ്റവും കുറഞ്ഞത് എഴുപത്തി അഞ്ച് ലക്ഷം ഉണ്ടാക്കാമെങ്കില്‍ സിനിമയെ കുറിച്ച് ആര്‍ക്ക് എന്തു ചിന്തിക്കാന്‍? എന്ത് കോപ്രായമാണെങ്കിലും ആദ്യത്തെ രണ്ടാഴ്ച തീയറ്ററുകള്‍ നിറക്കുവാന്‍ ഫാന്‍സുകാര്‍ കൈയും മെയ്യും മറന്ന് പണിയെടുക്കുക കൂടി ചെയ്താല്‍ പിന്നെ എന്തു സിനിമ? എല്ലാം ഒരു തരം കറക്ക് കമ്പനി! വെയ് രാജാ... വെയ്യ്. ഒന്നു വെച്ചാ രണ്ടു കിട്ടും...

അത്ഭുതപ്പെടുത്തിയ മറ്റൊരു സംഗതിയുണ്ട്. ഒരു ഫാന്‍സുകാരന്‍ പറഞ്ഞറിവാണ്. അദ്ദേഹം അംഗമായിരിക്കുന്ന ഫാന്‍സ് അസോസിയേഷന്റെ താരം അഭിനയിച്ചിട്ടുള്ള സിനിമകള്‍ റിലീസ് ദിവസങ്ങളില്‍ തന്നെ കാണുന്നൊരുവന്‍. പക്ഷേ കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷമായി ഒരു സിനിമ പോലും അദ്ദേഹം പണം കൊടുത്ത് കണ്ടിട്ടില്ല പോലും. ഫാന്‍സ് അസോസിയേഷന്‍ നല്‍കുന്ന പാസ്സില്‍ ആണ് ആ ചങ്ങാതി പടം കാണുന്നത് എന്ന്. എത്രത്തോളം ശരിയുണ്ടെന്ന് അറിയില്ല. പക്ഷേ ഒന്നുണ്ട്. ഡിസംബറില്‍ ഇറങ്ങിയ ഒരു സൂപ്പര്‍ താര സിനിമയുടെ മിക്കവാറും എല്ലാ പ്രദര്‍ശനങ്ങളിലും അദ്ദേഹം പ്രേക്ഷകനായിരുന്നു. വെറുതെയല്ലേല്‍ അങ്ങിനെ പടം കാണാന്‍ കഴിയില്ലല്ലോ?

മലയാള സിനിമ ഗതികേടിന്റെ വക്കിലാണ്. മാക്ട, ഫെഫ്ക്ക, അമ്മ, ചേമ്പര്‍, വിനയന്‍, തിലകന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ഇടവേള എല്ലാം കൂടി നമ്മുടെ സിനിമയെ കാലപുരിക്കയച്ച് കഴിഞ്ഞു. തിലകനിലെ നടന്‍ ആത്മഹത്യ ചെയ്യുമെന്ന് തിലകനും, തിലകനെന്ന മനുഷ്യനിലെ നടന്‍ എന്നേ ആത്മഹത്യ ചെയ്തു കഴിഞ്ഞൂവെന്ന് ബി. ഉണ്ണികൃഷ്ടനും. എന്നാല്‍, മലയാള സിനിമ എന്നേ ഇവന്മാരാല്‍ കശ്ശാപ്പുചെയ്യപ്പെട്ടു കഴിഞ്ഞു എന്നതല്ലേ വസ്തുത? ഉദകകൃയ പോലും നേരാം വണ്ണം നിര്‍വ്വഹിക്കപ്പെടാതെ മലയാള സിനിമയുടെ ആത്മാവ് ഗതികിട്ടാതലയുന്നത് പ്രേക്ഷകന്‍ മനസിലാക്കുന്നുണ്ട്. പക്ഷേ ജീര്‍ണ്ണിച്ച മലയാള സിനിമയുടെ പ്രേതത്ത പങ്കു വെച്ചെടുക്കാനാണ് താരസംഘടനകളും സൂപ്പര്‍ താരങ്ങളും ശിങ്കിടികളും ഒക്കെ മത്സരിക്കുന്നത്. മേപ്പടി ശവംതീനികള്‍ എല്ലാം കൂടി കടിച്ചു വലിക്കുന്ന മലയാള സിനിമയുടെ പ്രേതത്തെ നേരാം വണ്ണം ഒന്നു മറവുചെയ്യാനെങ്കിലും ആരെങ്കിലും തയ്യാറായെങ്കില്‍....

Wednesday, February 17, 2010

അപ്പി ചുമക്കുന്ന ബാല്യങ്ങള്‍!

അപ്പി.
ആദിയില്‍ അപ്പി തീട്ടമായിരുന്നു. കാഷ്ടമെന്ന തീട്ടം. അത് കാലയാപനത്തില്‍ മലമായി മാറി. അപ്പിയെന്ന പേര് അപ്പിക്ക് എപ്പോ വന്നു എന്നു ചരിത്രകാരന്മാര്‍ എവിടേയും രേഖപ്പെടുത്തിയിട്ടുള്ളതായി അറിവില്ല. എപ്പോഴോ തീട്ടത്തിനു “അപ്പി” എന്ന പേരങ്ങ് വീണു. അത്ര തന്നെ. എന്തായാലും ചേരുന്ന പേരു തന്നേന്നുള്ളതില്‍ ഭൂമിമലയാളത്തിനെന്തേലും സംശയം ഉണ്ടെന്നു തോന്നുന്നുമില്ല. കണ്ടാലറക്കുമെങ്കിലും കേള്‍ക്കുമ്പോള്‍ ഒന്നോമനിക്കാന്‍ തോന്നിപോകുന്ന നല്ല ക്യൂട്ടായ പേര്. അതു കൊണ്ട് അറപ്പുളവാകുന്ന തീട്ടത്തിനു പകരം ഓമനത്തമുള്ള അപ്പിയെന്ന പേരില്‍ തന്നെ നമ്മുക്ക് ഈ പുരാണം തുടരാം.

വായുവില്ലാതെ, വെള്ളമില്ലാതെ, ചോരയും നീരുമില്ലാതെ മനുഷ്യനില്ല എന്നതു പോലെ തന്നെയാണ് അപ്പിയുടെ കാര്യവും. പൌഡറിട്ട് സെന്റടിച്ച് മുടി ചീകി പുറത്തിറങ്ങി വിലസുമ്പോഴും അവന്റെ അടിവയറ്റില്‍ ഇത്തിരി അപ്പിയില്ലാതിരിക്കില്ല. പ്രാഥമിക കൃത്യങ്ങളെല്ലാം അധിക ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞാലും ആട് കിടന്നിടത്ത് ഒരൊന്നൊന്നര പൂടയെങ്കിലും കാണാതിരിക്കില്ല എന്നതു പോലെ അപ്പിയൊഴിഞ്ഞ വയറാണേലും ഇത്തിരിയെങ്കിലും അവിടെ ബാക്കിയുണ്ടാകും എന്നാണ് അലോപ്പതി, ആയൂര്‍വ്വേദ, സിദ്ധമര്‍മ്മാണി വിത്യാസമില്ലാതെ ഭിഷ്വഗ്ഗരന്മാരും പുകള്‍പെറ്റ ശാസ്ത്രകാരന്മാരും പറയുന്നത്.

എപ്പോഴെങ്കിലും അപ്പിയില്‍ ചവിട്ടിയിട്ടില്ലാത്തവരും ഉണ്ടാകില്ല. അടിവയറ്റില്‍ ചുമന്ന് കൊണ്ട് നടക്കുമ്പോഴും വഴിയിരമ്പില്‍ ആരാലും ഉപേക്ഷിച്ചു പോയയിത്തിരി അപ്പിമേല്‍ ചവിട്ടിയാല്‍ പിന്നെ ഏതൊരാള്‍ക്കും ഒരു പരവശമാണ്. എങ്ങിനേയും അതൊന്നു കഴുകി ഒഴുവാക്കിയാലും അപ്പി ഒപ്പിച്ച അറപ്പില്‍ നിന്നും പെട്ടൊന്നൊന്നും വിടുതല്‍ ലഭിക്കാറുമില്ല. എപ്പോഴും കൂടെയുള്ളപ്പോഴും അടുത്തു കണ്ടാല്‍ അറപ്പാണ് പാവം അപ്പിയോട് ലോകത്തിന്.

അങ്ങിനെയൊള്ള പാവം അപ്പി ഇപ്പോ ആധുനിക അപ്പികള്‍ക്ക് അറപ്പല്ലാതായിരിക്കുന്നു! പണ്ടൊക്കെ കുഞ്ഞുങ്ങള്‍ക്ക് അപ്പിയിടാന്‍ ഒരോ സമയം ഉണ്ടായിരുന്നു. രാവിലെ പ്രാഥമിക കൃത്യം കൃത്യമായി നടത്തുവാന്‍ അപ്പികള്‍ക്ക് മാതാപിതാക്കള്‍ ഒരോ സമയം നിശ്ചയിച്ച് അതിനവരെ പ്രാപ്തരാക്കുമായിരുന്നു. പക്ഷേ ഇപ്പോ കാലം മാറി. ഡയപ്പെര്‍ എന്ന ഓമന പേരില്‍ ഒരു കോണകം എപ്പോഴും അപ്പികള്‍ക്ക് കെട്ടി കൊടുക്കും. അതോടെ മമ്മിയുടെ പണി തീര്‍ന്നു. അപ്പിയിടണമെന്ന് അപ്പിക്ക് തോന്നിയാല്‍ എപ്പോ വേണേലും അപ്പിയിടാം. മമ്മിക്ക് അപ്പിയിടണമെന്ന് തോന്നുമ്പോഴോ മറ്റോ കക്കൂസില്‍ കേറുന്ന സമയത്ത് അപ്പിയേം കൊണ്ടു പോയി കോണകം അഴിച്ചു നോക്കും അപ്പി അപ്പിയിട്ടോന്ന്. അപ്പിയിട്ടാല്‍ കോണകം അഴിച്ച് ഒരേറ്. അപ്പിയെ ഒന്നു കഴുകി അപ്പിയെല്ലാം കളഞ്ഞ് മറ്റൊരു കോണകം ഉടുപ്പിക്കും. അതായത് അപ്പിക്ക് എപ്പോ വേണേലും അപ്പിയിടാം എന്നു ചുരുക്കം!

ഇപ്പോ ഡയപ്പെര്‍ കെട്ടിയ അപ്പികളെ കാണുമ്പോള്‍ അപ്പി ചവിട്ടിയ പോലെ അറപ്പാ. അപ്പിയിട്ടിട്ട് നിക്കുവാണോ അപ്പി എന്നെങ്ങിനെയറിയാന്‍ കഴിയും? അപ്പികള്‍ക്ക് അപ്പിയിടണമെന്നോ മൂത്രം ഒഴിക്കണമെന്നോ തോന്നുമ്പോള്‍ അമ്മയോടോ അച്ഛനോട് അടക്കത്തില്‍ കാര്യം പറഞ്ഞ് തങ്ങളുടെ ബുദ്ധിമുട്ടൊഴുവാക്കിയിരുന്ന അപ്പികളുടെ കാലം കഴിഞ്ഞു. ഇപ്പോ എപ്പോ വേണേലും എവിടെ വെച്ചും അപ്പിയിടുന്ന അപ്പികളുടെ അപ്പീലില്ലാത്ത കാലം. അപ്പിയോട് സ്വാഭാവികമായും ഉണ്ടാകേണ്ട അറപ്പും അകല്‍ച്ചയും അപ്പികളില്‍ നിന്നും കുഞ്ഞിലേ തന്നെ അന്യമാവുകയാണ്. എപ്പോഴും പൊതിഞ്ഞു കൊണ്ടു കൂടെ കൊണ്ട് നടക്കുന്നതിനോട് എങ്ങിനെ കുഞ്ഞുങ്ങള്‍ക്ക് അറപ്പുണ്ടാകാന്‍?

ഡയപ്പര്‍ എന്നത് അടിച്ചേല്പിക്കപെട്ട ആഢംബരമാണ്. ഇന്നിന്റെ അമ്മമാര്‍ക്ക് ഡയപ്പറില്ലാതെയുള്ള നിമിഷങ്ങളെ കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയില്ല. മനുഷ്യമാലിന്യം മനുഷ്യനില്‍ നിന്നും പുറത്ത് വന്നാല്‍ എത്രയും വേഗം മറവു ചെയ്യുകയെന്നത് മനുഷ്യധര്‍മ്മമാണ്. അതും ചുമന്ന് കൊണ്ട് സമൂഹത്തെ മലീമസമാക്കുന്നത് എതിര്‍ക്കപ്പെടേണ്ട തെറ്റും. കുഞ്ഞുങ്ങളെല്ലാം അപ്പിയും ചുമന്ന് കൊണ്ട് നടക്കുകയാണ്. അവര്‍ക്ക് പോലും അറിയില്ല അവര്‍ അപ്പിയിട്ടിട്ടാണ് നടക്കുന്നത് എന്ന്.

അമ്മമാരുടെ ഒക്കത്തിരുന്ന് കുഞ്ഞുങ്ങള്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയാല്‍ പക്ഷേ ആധുനിക മമ്മിമാര്‍ കെണിഞ്ഞത് തന്നെ. ഒരു സാരി അല്ലേല്‍ ചുരിദാര്‍ വാങ്ങിയാല്‍ പിന്നെ അതിനെ വെള്ളം കാണിക്കുക എന്ന ചടങ്ങേയിന്നില്ലാലോ? ആയിരക്കണക്കിനു പണം എണ്ണി കൊടുത്ത് വാങ്ങുന്ന സാരിയോ ചുരീദാറോ ജീവിതത്തില്‍ ഒരിക്കലും കഴുകാന്‍ കഴിയില്ല. വെള്ളം കാണിക്കാന്‍ കഴിയാത്ത വസ്ത്രമാണ് ഇന്നിന്റെ ഫാഷന്‍. ഇട്ടത് തന്നെ വീണ്ടും വീണ്ടും സെന്റടിച്ച് ഇസ്തിരിയിട്ട് എടുത്തുടുക്കും. അതിലുമേലെങ്ങാനും കുഞ്ഞുങ്ങള്‍ മൂത്രമൊഴിച്ചാലോ അപ്പിയിട്ടാലോ സംഗതി കുഴഞ്ഞു. അതായത് ഒരിക്കലും വെള്ളം കാണാത്ത വിഴുപ്പും ചുമന്ന് കൊണ്ട് മമ്മി, മമ്മിയുടെ കൂടെ അപ്പിയും ചുമന്ന് കൊണ്ട് കുഞ്ഞും! അപ്പോ ഡയപ്പറില്ലാത്ത ശിശുസംരക്ഷണത്തെ കുറിച്ച് ആധുനിക അമ്മമാര്‍ക്ക് ചിന്തിക്കുവാനേ കഴിയില്ല തന്നെ.

ഡയപ്പെര്‍ എന്ന കോണകം കുഞ്ഞുങ്ങളുടെ ശുചിത്വ ബോധത്തെ സാരമായി ബാധിക്കും. മലമൂത്ര വിസര്‍ജ്ജനത്തിനു കൃത്യമായ സമയ ക്രമം ചുട്ടയിലേ ശീലിപ്പിക്കപ്പെടുന്നില്ല എന്നത് അവരെ അറപ്പുകളില്‍ നിന്നും അകറ്റില്ല. ബാല്യത്തിലേ ശീലിക്കേണ്ട കാര്യങ്ങളില്‍ ചിലതുകളില്‍ ഒന്ന് കൃത്യമായ മലമൂത്ര വിസര്‍ജ്ജനവും പെടും. അതിനു പ്രത്യേക സമയ ക്രമം ഒന്നുമില്ലാ എന്ന ബോധമാണ് അറിഞ്ഞു കൊണ്ട് ഡയപ്പെര്‍ എന്ന സാധനം ഉപയോഗിക്കുന്നതിലൂടെ കുട്ടികളില്‍ നാം വളര്‍ത്തുന്നത്. ഒരു യാത്രയിലോ മറ്റോ അത്യാവശ്യത്തിനുപയോഗിക്കുന്ന ഒന്നായിരുന്നു ഈ കോണകം എങ്കില്‍ ശുചിത്വത്തെ മുന്‍ നിര്‍ത്തി അതിനെ ന്യായീകരിക്കാമായിരുന്നു. പക്ഷേ ഇന്ന് ഇരുപത്തി നാലുമണിക്കൂറും കുഞ്ഞുങ്ങള്‍ ഡയപ്പറും കെട്ടി നടക്കുകയാണ്.

ഡയപ്പെര്‍ കെട്ടി നില്‍ക്കുന്ന കുട്ടിയെ ഒന്നോമനിക്കാന്‍ ഏതൊരാളും ഒന്നറക്കുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. അപ്പിയിട്ട് ഡയപ്പെറില്‍ പൊതിഞ്ഞ് നടക്കുന്ന കുഞ്ഞുങ്ങള്‍ ഇന്നിന്റെ ദുര്‍വിധിയാണ്. എന്തു ചെയ്യാം എല്ലാം വിഴുപ്പുകള്‍. കൂട്ടത്തില്‍ ഇതും!

Monday, February 15, 2010

വീണ്ടും ചില നിക്കാഹ് കാര്യങ്ങള്‍.

ഭ്രാന്തിനെ അലങ്കാരമാക്കുന്ന ഒരു സമൂഹം.
ഭ്രാന്തുകളല്ലാത്തതായി നമ്മുടെ സമൂഹത്തില്‍ എന്തെങ്കിലും ഉണ്ടോ എന്നു സംശയമായിരിയ്ക്കുന്നു. അത്തരത്തില്‍ നോക്കിയാല്‍ നമ്മുടെ വിവാഹാഘോഷങ്ങളും ഭ്രാന്തിന്റെ ഏറ്റവും ദുര്‍ഘടമായ ഒരു ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു. ധൂര്‍ത്തും പൊങ്ങച്ചവും പിച്ചത്തരവും കൊണ്ട് നമ്മുടെ വിവാഹ ചടങ്ങുകള്‍ എത്രത്തോളം അധഃപതിക്കാമോ അത്രത്തോളവും അതിനും താഴേയ്ക്കും അധഃപതിച്ചിരിക്കുന്നു എന്നതാണ് വസ്തുത.

കല്ല്യാണ ആലോചന മുതല്‍ ധൂര്‍ത്തും ആരംഭിക്കുകയായി. ആദ്യം പെണ്ണുകാണല്‍. ചെറുക്കന്‍ പോയി മൂക്ക് മുട്ടേ വലിച്ച് കേറ്റി ഏമ്പക്കവും വിട്ട് പെണ്ണിനെ ഇഷ്ടപെടാതെ തിരിച്ചു പോരും. ഡസന്‍ കണക്കിനു പെങ്കൊച്ചുങ്ങളെ കണ്ടെങ്കില്‍ മാത്രമേ ലവന് എവിടേലും ഇഷ്ടംകൂടാന്‍ കഴിയുള്ളു. പെണ്ണുകാണുക എന്നത് ഹോബിയാക്കിയവരും കുറവല്ല. ഇന്നി ലവന് ഇഷ്ടം വന്നാലോ പിന്നെ വീട്ടുകാരുടെ കെട്ടുകാഴ്ചയായി. സ്വന്തക്കാരേം ബന്ധുക്കളേം കുഞ്ഞുകുട്ടി പരാധീനങ്ങളെയെല്ലാം വലിച്ചു വാരി ഒരു പോക്കാണ്. ചെറുക്കന് ഇഷ്ടപ്പെട്ട പെണ്ണിനെ വീട്ടുകാര്‍ക്കും സ്വന്തക്കാര്‍ക്കും കൂട്ടുകാര്‍ക്കും എല്ലാം ഇഷ്ടം വരണമല്ലോ? ഈ കൂട്ടപൊരിച്ചിലില്‍ ഒടങ്കൊല്ലികള്‍ ആരേലും ഉണ്ടേല്‍ ചെറുക്കന് വീണ്ടും പെങ്കൊച്ചുങ്ങളുടെ തിണ്ണ നിരങ്ങാം. ഒടുവില്‍ ചെറുക്കനും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എല്ലാര്‍ക്കും ഇഷ്ടമായാല്‍ പിന്നെ അടുത്ത ചടങ്ങായി. അതാണ് അച്ചാരം എന്ന ചടങ്ങ്.

ആണും പെണ്ണും ചേര്‍ന്നാണ് ഒരുമിച്ച് ജീവിച്ച് കൊള്ളാം എന്ന വിവാഹ ഉടമ്പടിയില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ കല്ല്യാണ ചിലവ് അടക്കമുള്ള എല്ലാ ചിലവുകളും വഹിക്കേണ്ടത് പെണ്ണിന്റെ വീട്ടുകാരാണ്. അതിലൊന്നാണ് ഈ അച്ചാരം എന്ന ദുഷിച്ച നാറിയ പ്രവണത. പെണ്ണിനെ വളര്‍ത്തി വിവാഹ പ്രായമെത്തിക്കേണ്ടതിനും ആണിനെ വളര്‍ത്തി വിവാ‍ഹ പ്രായമെത്തിക്കേണ്ടതിനും തമ്മില്‍ എന്തെങ്കിലും അന്തരം ഉണ്ടോ എന്നു സംശയമാണ്. ഒരു പക്ഷേ വളര്‍ത്ത് ചിലവ് കൂടുതല്‍ പെണ്‍കുട്ടികള്‍ക്കായിരിക്കുകയും ചെയ്യും. എന്നിട്ടും വിവാഹ കമ്പോളത്തില്‍ പെണ്ണിനു വിലവേണേല്‍ പൊന്നും വേണം. കേട്ടിട്ടില്ലേ തട്ടാന്റെ പരസ്യം ടീവിയില്‍ അടിക്കടി മുഴങ്ങുന്നത്.

“.... പെണ്ണായാല്‍ പൊന്നു വേണം....” അത് പറഞ്ഞ് പറഞ്ഞ് അങ്ങ് ഉറപ്പിക്കുകയാണ്. (എന്നേ നിരോധിക്കേണ്ട പരസ്യമാണത്.)

അതായത് പറഞ്ഞ് വരുന്നത് എന്തെന്നാല്‍ ആണിനു പെണ്ണിനേം പെണ്ണിനു ആണിനേം, ഇവരിരുവരേം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇഷ്ടമായാല്‍ പിന്നെ അടുത്ത നടപടി അച്ചാരം ആണെന്നാണല്ലോ? അച്ചാരം എന്നാല്‍ എന്താണ്? ഏറ്റവും ലളിതമായി അച്ചാരത്തെ നമ്മുക്ക് ഇങ്ങിനെ നിര്‍വചിക്കാം. അച്ചാരം എന്നാല്‍ കല്ല്യാണ ചിലവിനു ചിറക്കന്റെ കോണകം വരെ വാങ്ങാന്‍ വേണ്ടി പെണ്ണിന്റെ വീട്ടുകാര്‍ ചെറുക്കന്റെ വീട്ടുകാര്‍ക്ക് കൊടുക്കുന്ന കൈക്കൂലി. തങ്ങളുടെ പെങ്കൊച്ചിനെ കെട്ടി കൊണ്ടു പോയി വീട്ടുകാരുടെ ഭാരം ഒഴിവാക്കാന്‍ വേണ്ടി ചെറുക്കന്റെ വീട്ടുകാര്‍ക്കോ ചെറുക്കനോ കൊടുക്കുന്ന കോഴ. അച്ചാരം വാങ്ങി കഴിഞ്ഞാല്‍ പിന്നെ ഒരു ആര്‍മ്മാദമാണ് ചെറുക്കനും വീട്ടുകാര്‍ക്കും.

സാക്ഷിയാകേണ്ടി വന്ന രണ്ടു കല്ല്യാണങ്ങളെ നമ്മുക്ക് പരീക്ഷണ നിരീക്ഷണത്തിനു വിധേയമാക്കാം - അച്ചാര പണം എങ്ങിനെ വിനിയോഗിക്കപ്പെടുന്നു എന്ന്.

കല്ല്യാണം നമ്പര്‍ ഒന്ന്: അച്ചാരമില്ലാത്ത കല്ല്യാണം.
വേദി: കല്ല്യാണ വസ്ത്രങ്ങള്‍ എടുക്കുന്ന സമയം.
കല്ല്യാണ വസ്ത്രങ്ങള്‍ എടുക്കുക എന്നാല്‍ ചെറുക്കനും പെണ്ണിനും മാത്രമല്ല വസ്ത്രം വേണ്ടത്. ചെറുക്കന്റെ ഉമ്മയും ബാപ്പയും മുതല്‍ അതങ്ങ് തുടങ്ങും. കല്ല്യാണം നമ്പര്‍ ഒന്നില്‍ അച്ചാരമില്ല. അതായത് വസ്ത്രം എടുക്കല്‍ മുതല്‍ എല്ലാം ചെറുക്കന്റെ സ്വന്തം കൈയില്‍ നിന്നും വേണം. വിവാഹ സാരി മുതല്‍ ഏറ്റവും നല്ല വസ്ത്രം ഏറ്റവും വില കുറച്ച് കിട്ടുന്നിടം വരെ ജൌളി കടകളിലൂടെ കയറിയിറക്കും. ഒടുവില്‍ ചെറുക്കന്റെ കീശക്കൊത്ത രീതിയില്‍ വസ്ത്രമെടുക്കല്‍. വീടെത്തുമ്പോള്‍ കുറഞ്ഞ ചിലവില്‍ നല്ല വസ്ത്രം. ബ്രാന്‍ഡുകള്‍ക്കല്ല അവിടെ പണം ചിലവഴിക്കപ്പെട്ടത്. വസ്ത്രത്തിനാണ്. കാരണം ചിലവഴിക്കപ്പെട്ട പണം അദ്ധ്വാനിച്ചവന്റെ സ്വന്തം പണമാണ്.

ഇന്നി കല്ല്യാണം നമ്പ്ര് രണ്ട്: അച്ചാരമുള്ള കല്ല്യാണം.
വേദി: പഴയതു തന്നെ. വസ്ത്രമെടുക്കല്‍ ചടങ്ങ്.
ടീവിയില്‍ ഏറ്റവും കൂടുതല്‍ പരസ്യം പ്രത്യക്ഷപ്പെടുന്ന ജൌളിക്കടയാണ് ചെക്കന്റേം വീട്ടുകാരുടേം ഉന്നം. വിവാഹ സാരികളുടെ വില തുടങ്ങുന്നത് തന്നെ ഇരുപതിനായിരത്തിനു മുകളില്‍. ഏറ്റവും വിലകൂടിയ സാരി. അതിനനുസരിച്ച് മറ്റുള്ളവയും. കാരണം പെണ്ണിന്റെ ഉപ്പ എന്ന സാധു ആ ജീവനാന്തം അദ്ധ്വാനിച്ച പണമാണ് ഇവിടെ ഹോമിക്കപ്പെടുന്നത്. ചെറുക്കന്റെ അടിവസ്ത്രവും ചപ്പലും വരെ വാങ്ങുന്നത് പെണ്ണിന്റെ ഉപ്പാന്റെ പണം കൊണ്ട്. ഏറ്റവും കുറഞ്ഞത് ഒരു രണ്ടു ലക്ഷം രൂപ അവിടെ തീരും. പണം ബ്രാന്‍ഡുകള്‍ തിന്നു... അത്ര തന്നെ! നാട്ടിലെ പെണ്ണ്, പെണ്ണിന്റെ ഉപ്പാന്റെ പണം, വലിയെടാ... വലി!

സ്ത്രീധനം എന്ന ഏര്‍പ്പാട് എതിര്‍ക്കപ്പെടേണ്ടതിനേക്കാള്‍ എതിര്‍ക്കപ്പെടേണ്ട ദുരാചാരമാണ് മുസ്ലീങ്ങള്‍ക്കിടയില്‍ രൂഢമൂലമായിരിക്കുന്ന അച്ചാരം എന്ന ആണത്തമില്ലാത്ത പോക്രിത്തരം. പെണ്ണിന്റെ വീട്ടുകാരുടെ ചിലവില്‍ വിവാഹ ചിലവുകള്‍ മുഴുവന്‍ നടത്തേണ്ടി വരുന്നതിലെ ക്രൂരത ഒരു തരത്തിലും ന്യായീകരിക്കപ്പെടുന്നില്ല.

കല്ല്യാ‍ണ കുറിയിലെ ധൂര്‍ത്തും ഇങ്ങിനെയൊക്കെ തന്നെ. ഒരു കല്ല്യാണ കുറിക്ക് അമ്പതോളം രൂപ വില വരുന്ന സാഹചര്യം ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒരു രണ്ടായിരം കുറിയെങ്കിലും അടിക്കും. കല്ല്യാണ കുറി കൊടുത്ത് വിളിച്ചാലേ കല്ല്യാണം കൂടാന്‍ ആളു വരുള്ളു എന്നാണോ? പക്ഷേ, സംശയം ശരിയാണ്. കുറി കൊടുത്ത് വിളിച്ചില്ലേല്‍ ഇന്ന് അതും പരാതിയാകുന്നതിനും സാക്ഷിയാകേണ്ടി വന്നു.

ഫോണ്‍ ഇന്ന് ആഢംബരമല്ല. മിക്കവാറും എല്ലാ വീടുകളിലും ഇന്ന് ടെലഫോണ്‍ ഉണ്ട്. അല്ലെങ്കില്‍ മൊബൈല്‍ ഫോണുകളുണ്ട്. ഒരു ഫോണ്‍ വിളിയില്‍ കല്ല്യാണം വിളി ഒതുക്കിയാല്‍ എന്തുമാത്രം ചിലവു കുറക്കാം. കിലോമീറ്ററുകള്‍ കാറോടുന്നതിന്റെ പണം, വിളിക്കായി പോകുന്നവരുടെ വഴിചിലവുകള്‍, വിളിക്കാനെത്തുന്നവര്‍ക്കുള്ള വിരുന്നൊരുക്കല്‍ അങ്ങിനെ അങ്ങിനെയെന്തൊക്കെ... പക്ഷേ ഫോണില്‍ വിളിച്ചാല്‍ വിളിയാകില്ല. മുഖാമുഖം വിളിച്ചാലേ വിളി വിളിയാകുള്ളു പോലും. പിന്നെ ഈ ടെലഫോണ്‍ എന്നു പറയുന്ന കുന്ത്രാണ്ടം എന്നാത്തിനുള്ളതാ? ആ... ആര്‍ക്കറിയാം.

വളയിടീല്‍ എന്നൊരു പേക്കൂത്താണ് അടുത്തത്. അതായത് പെണ്ണിനെ ചെറുക്കനും പാരാവാരങ്ങള്‍ക്കും ഇഷ്ടപെട്ടാല്‍ അച്ചാരം എന്ന കോഴ. ആ കോഴയുടെ ഒരു ഭാഗമെടുത്ത് കുറേ സ്വര്‍ണ്ണാഭരണങ്ങളുമൊക്കെയായി അടുത്തൊരു കൂട്ട പൊരിച്ചില്‍. തീറ്റ തന്നെയാണ് ഇവിടുത്തേം പ്രധാന കാര്യപരിപാടി. പിന്നെ കുറേ പരാതികളും പരിഭവങ്ങളും. എനിക്ക് ഇടാന്‍ തന്ന വള ലവള്‍ക്ക് ഇടാന്‍ കൊടുത്തതിനേക്കാല്‍ ചെറുതായി പോയി... എനിക്ക് കോഴിക്കാല്‍ കിട്ടിയില്ല... പെണ്ണിന്റെ ഉമ്മാമ മിണ്ടിയില്ല... പെണ്ണിന്റാങ്ങിള കണ്ണുരുട്ടി കാണിച്ചു... അങ്ങിനെ പോകും പാരാദൂരങ്ങളും പരിഭവങ്ങളും. വളയിടല്‍ ചടങ്ങോടെ കല്ല്യാണം അലസി പിരിയുന്നതും ദുര്‍ലഭമല്ല.

കല്ല്യാണ തലേന്ന് മൈലാഞ്ചി. അതിലെന്ത് കാര്യമാണുള്ളതെന്ന് ഒരെത്തും പിടിയും കിട്ടിയിട്ടില്ല. കല്ല്യാണ തലേന്ന് ചെറുക്കന്റെ വീട്ടുകാരെല്ലാം കൂടി വാരി വലിച്ച് പെണ്ണിന്റെ വീട്ടിലെത്തും. പെണ്ണിന്റെ സുന്ദരമായ കരങ്ങളില്‍ വെറ്റില വെച്ച് മൈലാഞ്ചി തൊടലാണ്. ഒടുക്കം പെണ്ണിന്റെ കരം ഒരു പരുവത്തിലാകും എന്നതല്ലാതെ ഇതുകൊണ്ടെന്താണോ എന്തോ ഗുണമുള്ളത്. ദോഷം പറയരുതല്ലോ വെട്ടിവിഴുങ്ങാന്‍ ഇവിടേം അവസരം ധാരാളം! തീറ്റ തന്നെയാണ് പ്രശ്നം!

പിറ്റേന്ന് കല്ല്യാണം. ഒടേതമ്പുരാനേ അതൊന്നു കാണേണ്ട കാഴ്ച തന്നെ. നിക്കാഹിപ്പോള്‍ പൂര്‍ണ്ണമായും ആഡിറ്റോറിയങ്ങളിലേക്ക് പറിച്ചു നടപ്പെട്ടു കഴിഞ്ഞിരിക്കുകയാണല്ലോ? ആഡിറ്റോറിയത്തിനു വാടക ഏറ്റവും കുറഞ്ഞത് ഇരുപതിനായിരം. അതും പോര. നിക്കാഹ് നടക്കുന്നിടം അലങ്കരിക്കണം. അതിനു വേറൊരു പതിയ്യായിരം. കല്ല്യാണം കൂടാന്‍ എത്തുന്നവര്‍ക്ക് നിക്കാഹോ താലികെട്ടോ മാലയിടലോ കാണാന്‍ കഴിയില്ല. വീഡിയോക്കാരന്റേം ലൈറ്റടിപ്പ് കാരുടേം പൃഷ്ടം കണ്ട് ഉണ്ണാനായി പോകാം - കൈകഴുകാതെ. പിന്നെ അവിടെയൊരു കുതിരയെടുപ്പാണ്. ബിരിയാണിയടിക്കാനുള്ള പരക്കം പാച്ചില്‍!

ഇന്ന് കല്ല്യാണ സദ്യകള്‍ക്കും മാറ്റം വന്നിരിക്കുന്നു. പണ്ടൊക്കെ മട്ടന്‍ ബിരിയാണിയാണേല്‍ കൂടെ ഒരു പപ്പടവും അച്ചാ‍റും മാത്രമാകും അനുസാരി. ഇന്ന് മട്ടന്‍ ബിരിയാണിക്കൊപ്പം ചിക്കന്‍ ഫ്രൈ ഒഴിവാക്കാനാകാതെ വന്നിരിക്കുന്നു. കൂടെ ഐസ്ക്രീം, പഴം, ഹല്‍‌വ പിന്നെ എന്തൊക്കെയോ... അജീര്‍ണ്ണം പിടിക്കാതെ ഒരു കല്ല്യാണവും അവസാനിക്കുന്നില്ല! ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞത് മുന്നൂറ് രുപയാണ് ഇന്ന് കല്ല്യാണ സദ്യയുടെ താരിഫ്! എന്തിന്? ചിക്കന്‍ ഫ്രൈ ഒഴിവാക്കിയാല്‍ തന്നെ രൂപ എഴുപത്തി അഞ്ച് ലാഭിക്കാം. ആ ചിക്കന്‍ ഫ്രൈയുടെ പണം കൊണ്ട് എത്ര സാധുക്കളുടെ ദുരന്തങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കാണാം?

പെണ്ണിനെന്തു പ്രാധാന്യം? ഒന്നുമില്ല. പൊന്നിനാണ് പ്രാധാന്യമെല്ലാം...

ഒരു കിലോ സ്വര്‍ണ്ണം ഇന്ന് ഒരാഢംബരമേ അല്ലാതായി മാറിയിരിക്കുന്നു. ആഭരണം സ്വര്‍ണ്ണത്തില്‍ തന്നെ വേണമെന്ന ശാഠ്യം നമ്മുക്ക് എവിടെ നിന്നും ലഭിച്ചു? ഉച്ചി മുതല്‍ പെരുങ്കാലു വരെ സ്വര്‍ണ്ണത്തില്‍ മുങ്ങിയ പെണ്ണിന് എന്തു സൌന്ദര്യമാണുണ്ടാവുക? പെണ്ണിന്റെ ഉപ്പാടെ പ്രതാപം പ്രകടിപ്പിക്കാനല്ലാതെ പെണ്ണിനെ പൊന്നില്‍ പൊതിയുന്നതു കൊണ്ട് എന്ത് ഗുണമാണുള്ളത്? ആഭരണങ്ങളിലെ മിതത്വമല്ലേ സൌന്ദര്യത്തെ പൂര്‍ണ്ണമാക്കുന്നത്? എന്തോ അങ്ങിനെയാണ് ലളിതമായ ബുദ്ധിയില്‍ തോന്നുന്നത്.

താലികെട്ടുന്നതിനു ചെറുക്കന്റെ പെങ്ങള്‍ക്ക് കോഴയായി സ്വര്‍ണ്ണം! താലി കെട്ടു കഴിഞ്ഞാല്‍ പിന്നെ പാലു കുടി. ഒരു ഗ്ലാസ് പാല്‍ ചെറുക്കനും പെണ്ണും വേദിയില്‍ വെച്ച് പങ്കിട്ട് കഴിക്കണം. പാലുകുടി കഴിഞ്ഞാല്‍ ഗ്ലാസ്സ് തിരികെ പെണ്ണിന്റെ ഉമ്മാന്റെ കൈയില്‍ കൊടുക്കണം. തിരിച്ചു കൊടുക്കുന്ന ഗ്ലാസ്സില്‍ പുയ്യാപ്ല പാലു കൊടുത്തതിനു കൈകൂലിയായി അമ്മായിക്ക് സ്വര്‍ണ്ണം നല്‍കണം! അതും ആ ഗ്ലാസ്സില്‍ തന്നെ പൊന്നിട്ടു കൊടുക്കണം! പെണ്ണിനെ കെട്ടി വീട്ടില്‍ വരുമ്പോള്‍ സ്വീകരിക്കുന്ന ചെറുക്കന്റെ ഉമ്മാക്കും കൊടുക്കണം സ്വര്‍ണ്ണം. അവിടെ വെറും കൊടുപ്പല്ല. ചെറുക്കന്റെ ഉമ്മാന്റെ സാരിയിലോ ഉടുതുണിയിലോ കെട്ടി കൊടുക്കണം. അതിന്റെ പേരാണ് മുന്തീകെട്ട്. കെട്ട് സാധാരണ കെട്ടാണേലും പൊന്നുകൊണ്ട് കെട്ടണം എന്നു മാത്രം.

ചുരുക്കത്തില്‍ “പൊന്നേ...” നീ തന്നെ താരം!

നിക്കാഹ്:

മനുഷ്യന് അനുവദിക്കപ്പെട്ടിട്ടുള്ള ഏറ്റവും വിശുദ്ധമായ ചടങ്ങുകളില്‍ ഒന്ന്. ഇന്നി അധഃപതിക്കാന്‍ ഒട്ടും തന്നെ ബാക്കിയില്ല. പെണ്ണിനു കുറ്റിച്ചൂലിന്റെ വില പോലും കല്പിക്കപ്പെടുന്നില്ല ഒരു നിക്കാഹിലും. പൊന്നിനും ധൂര്‍ത്തിനും പൊങ്ങച്ചത്തിനും വേണ്ടി ഒരോ പെണ്ണും തലകുനിക്കുന്ന ചടങ്ങായി മാറിയിരിക്കുന്നു നിക്കാഹുകള്‍. ലക്ഷക്കണക്കിനു ചിലവിടുന്ന വിവാഹ മാമാങ്കങ്ങള്‍ സാധുക്കളായ പെണ്‍കുട്ടികളുടെ ജീവിത മോഹങ്ങളുടെ കടയ്ക്കല്‍ കൂടിയാണ് കത്തിവെക്കുന്നത്. കല്ല്യാണ കുറിയില്‍ വരുത്തുന്ന മിതത്വം പോലും മറ്റൊരു പെണ്‍കുട്ടിക്ക് ജീവിതം നല്‍കാന്‍ കാരണമാകാം എന്നതാണ് സത്യം. ദുര്‍ബലരെ കണ്ടില്ലാന്ന് നടിച്ച് നാടടച്ച് സദ്യയൂട്ടി നടത്തുന്ന കല്ല്യാണ മാമാങ്കങ്ങള്‍ കൊണ്ട് എന്തു കാര്യം? ആര്‍ക്കെന്തു ഗുണം?

ഭ്രാന്ത് ഒരു തെറ്റല്ല. പക്ഷേ അത് അലങ്കാരമായി കൊണ്ടു നടക്കുന്നതോ? വിവാഹഘോഷങ്ങള്‍ ഇന്ന് വിഭ്രമാത്മകമായി മാറിയിരിക്കുന്നു. ആ ഭ്രാന്തിനെ നാം അലങ്കാരവും ആഢംബരവുമാക്കി മാറ്റിയിരിക്കുന്നു! സമൂഹത്തോടു നീതി പുലര്‍ത്താത്ത ഭ്രാന്തമായ വിവാഹ ചടങ്ങുകളില്‍ നിന്നും വിട്ടു നില്‍ക്കുക എന്നതല്ലാതെ ഈ കോപ്രായങ്ങളോടു പ്രതികരിക്കാന്‍ മറ്റൊരുപായവുമില്ല തന്നെ!

Thursday, February 11, 2010

മണവാട്ടിയായവള്‍....

നെത്തോലി കുഞ്ഞിനെ പോലെയൊരു പെങ്കൊച്ച്. ഒന്നാം വര്‍ഷ പ്രീ ഡിഗ്രിയിലേക്കുള്ള പ്രവേശനം നടക്കുമ്പോള്‍ വിമുക്തഭടനായ പിതാവിന്റെ നിഴല്‍ പറ്റി ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍ തലകുനിച്ച് നിന്നവള്‍. അതായിരുന്നു ആദ്യ ദര്‍ശനം!

ഒന്നാംവര്‍ഷക്കാരുടെ പ്രവേശനം കഴിഞ്ഞു. ക്ലാസ്സുകള്‍ തുടങ്ങി. പുതുമുഖങ്ങളെ പരിചയപ്പെടല്‍ പരിപാടിയിക്കിടയിലെ ഒരു നിമിഷം. പരിചയപ്പെടലിന്റെ വിഷയങ്ങള്‍ എപ്പോഴും ആവര്‍ത്തിയ്ക്കപ്പെടുന്നത് തന്നെ. പേര്, നാട്, ഹോബി, പാടുമോ, നൃത്തം ചെയ്യുമോ അങ്ങിനെ അങ്ങിനെ.....വെറുതേ ചില ചോദ്യങ്ങള്‍. അങ്ങിനെയുള്ള വെറും ചോദ്യങ്ങള്‍ക്ക് അവളും വെറും വെറുതേ ഉത്തരം പറഞ്ഞു. പക്ഷേ നൃത്തം ചെയ്യുമോ എന്ന ചോദ്യത്തിന് “ഒപ്പന” കളിക്കും എന്ന മറുപടി. മാപ്പിളപാട്ടും ഒപ്പനയും നാടന്‍ ശീലുകളും ഒക്കെ ഹരമായിരുന്ന കാലമായിരുന്നു എങ്കിലും “ഓ... ഒപ്പന നൃത്തമാണോ?” എന്നൊരു കളിയാക്കലുമായി അടുത്ത പുതുമുഖ നാരിയുടെ പരിചയപ്പെടല്‍ ചടങ്ങിലേക്ക്....

ദിവസങ്ങള്‍ കൊഴിഞ്ഞു...പുതുമുഖങ്ങള്‍ പഴയ മുഖങ്ങളായി തുടങ്ങി. പരിചയപ്പെടലും പെടുത്തലുമൊക്കെ കഴിഞ്ഞു. സമരം, അടി, പിടി, കല്ലേറ് തുടങ്ങി പഠനം ഒഴികെ ബാക്കി കലാപരിപാടികളൊക്കെയായി കാമ്പസ് പതിവ് പോലെ മുന്നോട്ട്. പതിവ് പോലെ തന്നെ കാമ്പസ് വീക്കും കടന്നു വന്നു. നാലുഹൌസുകളില്‍ ഒന്ന് എല്ലോ ഹൌസ്. എല്ലോ ഹൌസിന്റെ ക്യാപ്റ്റന്‍ ഞാന്‍. മത്സരിക്കാനുള്ള കുട്ടികളെ കണ്ടെത്തണം. കുട്ടികളെ തപ്പിയിറങ്ങി..

ഒപ്പനക്ക് കുട്ടികള്‍ വേണം. പുതുമുഖ പരിചയപ്പെടലിനിടക്ക് പരിചയപ്പെട്ട ഒപ്പന കളിക്കുന്ന ഒരു പെണ്‍ കുട്ടി ഓര്‍മ്മയിലെത്തി. നേരേ തേര്‍ഡ് എഫിലേക്ക്.

“കുട്ടീ... ഒപ്പനക്ക് ചേരുന്നുണ്ടോ?”
“ഒപ്പനക്ക് സ്കൂളില്‍ വെച്ച് ഞാന്‍ മണവാട്ടിയാ‍യിട്ടാണ് കളിച്ചത്....”
“അതു ശരി....അപ്പോ ചേരുന്നില്ലാ എന്നാണോ?”
“മണവാട്ടിയാക്കാമെങ്കില്‍ വരാം...”
“ഞാനൊന്നാലിചിക്കട്ടെ...”

ഒപ്പനക്കുള്ള മണവാട്ടി കോളേജ് ബ്യൂട്ടിയായിരിയ്ക്കുമെന്ന് നേരത്തേ തന്നെ നിശ്ചയിച്ചിരുന്നതു കൊണ്ട് തന്നെ അതൊരു വെറും വാക്കായിരുന്നു. കുട്ടിനേതാവായിരുന്നതു കൊണ്ടുള്ള ഡിപ്ലോമാറ്റിക്കായുള്ള ഒരു മറുപടി അത്ര മാത്രം.

പക്ഷേ വിധി മറ്റൊന്നായിരുന്നു!

അവള്‍ ഇന്ന് എന്റെ മണവാട്ടി. രണ്ടു കുഞ്ഞുങ്ങളുടെ അമ്മ. പ്രവാസത്തിന്റെ പ്രയാസങ്ങളിലും തോളോടു ചേര്‍ന്ന്.....

കാമ്പസ് എനിക്ക് തന്ന മണവാട്ടി.

പ്രണയം കാമ്പസുകളില്‍ നിന്നും നെറ്റില്‍ തൂങ്ങി മൊബൈല്‍ വഴി ഹോട്ടല്‍ മുറികളിലെക്ക് ചേക്കേറുന്ന ഇക്കാലത്ത് ഇരുപത് വര്‍ഷം മുന്നേയുള്ള ആ ദിനങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലേക്ക് കൊണ്ടു വരുന്നത് എത്ര സുന്ദരമായ നിമിഷങ്ങളാണ്...