Saturday, May 31, 2008

ഷെയറിംഗ് അക്കോമഡേഷനും പ്രവാസ ജീവിതവും.

ജോലിക്കുള്ള വേതനം ഒരിടത്ത് സ്ഥിരമായി നില്‍ക്കുകയും, താമസം/വെള്ളം/കറണ്ട്/കഞ്ഞി ചിലവുകള്‍ സ്ഥിരമായി ഉയര്‍ന്ന് ഉയര്‍ന്ന് പോവുകയും ചെയ്തു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാല പ്രവാസ ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നായി ഷെയറിംഗ് അക്കോമഡേഷന്‍ മാറിയത് ജീവിത ചിലവ് കുറയ്ക്കുവാനുള്ള പ്രവാസിയുടെ വ്യഗ്രതയില്‍ നിന്നുമാണ്.

പത്തടി നീളവും പന്ത്രണ്ടടി വീതിയും ഉള്ള ഇടുങ്ങിയ റൂമുകളിലെ വിശാലതയില്‍ മേലോട്ട് രണ്ടും നെരപ്പേ നാലും കട്ടിലുകളിലൊന്നിന്റെ ആഡംബരത്തില്‍ പ്രവാസ ജീവിതം നയിക്കുന്നവന്റെ നാട്ടിലെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്ന റൂമുകളുടെ എണ്ണം ഏറ്റവും കുറഞ്ഞത് മൂന്നെണ്ണം ആയിരിക്കും. ഭാര്യക്കും പൊന്നുമക്കള്‍ രണ്ടു പേര്‍ക്കുമായി പണി കഴിപ്പിച്ചിട്ടിരിക്കുന്ന മണി സൌധത്തിന്റെ എല്ലാ റൂമുകളിലും വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഒരു പക്ഷേ കുടുംബാംഗങ്ങളുടെ ശ്രദ്ധയെത്തുക പോലുമുണ്ടാകില്ല. വര്‍ഷത്തിലൊരിക്കലെ ആഡംബരത്തിന് വേണ്ടി മറ്റു പതിനൊന്ന് മാസവും നരകയാതനയെന്ന തത്വം പ്രവാസി തന്റെ ജീവിതവീഥിയില്‍ എഴുതി ചേര്‍ത്തിരിക്കുന്നു. ചേട്ടന്‍/ഇക്ക/ഇച്ചായന്‍ വരുമ്പോള്‍ മാത്രം തുറക്കപ്പെടുന്ന റൂമുകളിലെ പൊടിയടിച്ച് പെയിന്റടിച്ച് മാസം ഒന്ന് തള്ളി നീക്കി തിരിച്ച് വീണ്ടും ചേട്ടന്‍/ഇക്ക/ഇച്ചായന്‍ വന്ന് കുടുസ്സു റൂമിലെ ബെഡ് സ്പെയിസ്സില്‍ ചേക്കേറും.

ബെഡ് സ്പെയിസ് എന്നാല്‍ ബെഡ് ഇടാനുള്ള സ്ഥലം മാത്രമായിരിക്കും ലഭ്യമാവുക. നാട്ടിലേക്ക് പോകാനും വരാനും ഉപയോഗിക്കുന്ന സ്യൂട്ട് കേയ്സ് ഏറ്റവും താഴെയുള്ള കട്ടിലിന്നടിയില്‍, വസ്ത്രം തൂക്കാന്‍ ഭിത്തിയില്‍ അടിച്ച നാലഞ്ചാണികള്‍, പതിനാറു പേര്‍ക്ക് പെരുമാറാ‍ന്‍ ബാത്ത് റൂം ഒന്ന്, പടല പിണക്കങ്ങളുടെ ഭാഗമായി അടുക്കള ഭാഗം വെച്ചതിനാല്‍ അടുക്കളയില്‍ കുത്തി നിറക്കപ്പെട്ട നാലഞ്ചു ഗ്യാസുകുറ്റികളും അടുപ്പുകളും, നില‍യ്ക്കാതെ ഓടി കൊണ്ടിരിക്കുന്ന ടി.വി. ഒന്ന്, ചീഞ്ഞ സോക്സിന്റെ മടുപ്പിക്കുന്ന രൂക്ഷ ഗന്ധം തങ്ങി നില്‍ക്കുന്ന റൂമുകള്‍, പ്രവാസിയുടെ ഷെയറിംഗ് അക്കോമഡേഷന്റെ നേര്‍ ചിത്രം അവിടെ കഴിയുന്നു. എക്സിക്യൂട്ടീവ് ബാച്ചിലര്‍ എന്ന ഓമന പേരില്‍ അറിയപ്പെടുന്ന വെള്ള കോളര്‍ ജീവനക്കാരന്റെ താമസ വിശേഷമാണീ പറഞ്ഞത്.

നീല കോളര്‍ കാരന്റെ താമസ വിശേഷം പറയാതിരിക്കുകയാണ് ഭേതം. റുമിന്റെ വലിപ്പം പത്തുക്ക് പത്ത്. താമസക്കാര്‍ പന്ത്രണ്ട്. നിലത്ത് നാല് കട്ടില്‍. മുകളിലേക്ക് മൂന്ന്. നടുക്ക് നാലുക്ക് നാല് സ്ഥലം ലീവിങ്ങ് സ്പെയിസാണ്. അവിടെയും ടി.വി യൊന്നുണ്ടാകും. കട്ടിലുകളുടെ തലയ്ക്കലും കാല്‍ക്കലുമായിട്ടായിരിക്കും സ്ഥാവര ജംഗമം മുഴുവന്‍. ചീഞ്ഞ സോക്സിന്റെ മടുപ്പിക്കുന്ന മണം ഇവിടേയും എക്സിക്യൂട്ടീവ് ബാച്ചിലര്‍ അക്കോമഡേഷനിലേതിന് തുല്യമായിരിക്കും. അടുക്കളയില്‍ ദേശീ, ബംഗാളി, പാകിസ്ഥാനി, നേപ്പാളി, ശ്രീലങ്കന്‍, ഫിലിപ്പൈനി ഗ്യാസ് കുറ്റികളും അടുപ്പുകളും വെവ്വേറെയുണ്ടാകും. തമ്മില്‍ തല്ല് ഉണ്ടാകുന്നത് അപൂര്‍വ്വം ആയിരിക്കും. തല്ലു പിടിക്കാന്‍ എപ്പോഴും അന്യ രാജ്യക്കാര്‍ ഉണ്ടാകും എന്നതിനാല്‍ നാം സംഘടിതരായിരിക്കും. അതിനാലാണ് രാജ്യാന്തര അടുപ്പു കുറ്റികളും അടുപ്പുകളും അടുക്കളയില്‍ ഉണ്ടാകുന്നത്. ഒരു കാര്യത്തില്‍ നീല കോളര്‍ ജീവനക്കാരന്‍ ഭാഗ്യവാനായിരിക്കും. എന്തെന്നാല്‍ ബാത്ത് റൂമുകള്‍ നാലു പേര്‍ക്ക് ഒന്നുണ്ടാകും. കാരണം ബാത്ത് റൂമിലെ തിരക്ക് കാരണം സൈറ്റിലേക്ക് പോകല്‍ താമസ്സിക്കരുത് എന്ന ശുദ്ധ വിചാരം ഭരിക്കുന്നതിനാല്‍ കമ്പനി മുതലാളി ബാത്ത് റൂമിന്റെ കാര്യത്തില്‍ എപ്പോഴും ഉദാര മനസ്കനായിരിക്കും. ഇത് നീല കോളര്‍ ഷെയറിംഗ് അക്കോമഡേഷന്റെ നീറുന്ന നേര്‍ ചിത്രം.

ഇന്നിയാണ് ഏറ്റവും ദുഷ്കരമായ ഷെയറിംഗ് ഫാമിലിയുടെ കദന കഥ കടന്ന് വരുന്നത്. വിവാഹിതന്‍ പ്രവാസം തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അന്നന്നത്തെ അഷ്ടിക്ക് വക തികഞ്ഞില്ലാ എങ്കില്‍ കൂടിയും കുടുംബത്തെ എങ്ങിനെ ഇക്കരെ കടത്താം എന്നുള്ളതായിരിക്കും ഊണിലും ഉറക്കിലും ചിന്തിക്കുക. കുടുംബ വിസക്ക് ഗള്‍ഫ് ഭരണ കൂടങ്ങള്‍‍ നിഷ്‌കര്‍ഷിക്കുന്ന ശമ്പള മാനദണ്ഡങ്ങള്‍ എങ്ങിനേയും മറി കടന്ന് കുടുംബ വിസ തരപ്പെടുത്തി ഭാര്യയേയും മക്കളേയും കടല്‍ കടത്തുന്ന ഗള്‍ഫ് പ്രവാസി ആദ്യമായി തിരയുന്നത് ഷെയറിംഗ് ഫാമിലി അക്കോമഡേഷന്‍ ആയിരിക്കണമല്ലോ? എഴുന്നൂറ്റി അമ്പത് ദിര്‍ഹം ബെഡ് സ്പെയിസിന് വാടക കൊടുക്കാനില്ലാതെ ജീവിച്ച് പോകവേയായിരിക്കും കുടുംബത്തെ താമസിപ്പിക്കുവാന്‍ അക്കോമഡേഷന് തപ്പുന്നത്. സ്റ്റുഡിയോ ഫ്ലാറ്റിന് പോലും അമ്പതിനായിരം ദിര്‍ഹം കൊടുക്കേണ്ടി വരുന്നിടത്ത് ഷെയറിംഗ് അക്കോമഡേഷന്‍ അല്ലാതെ മറ്റൊരു മാര്‍ഗ്ഗവും തിരഞ്ഞെടുക്കാനുണ്ടാകില്ലല്ലോ? തുശ്ച വരുമാനക്കാരന് കുടുംബത്തോടൊപ്പം താമസിക്കുവാ‍നായി ഫ്ലാറ്റുകള്‍ പങ്കു വെച്ച് തുടങ്ങിയത് അങ്ങിനെയാണ്.

രണ്ടു ബെഡ് റും ഹാള്‍ ഫ്ലറ്റെടുക്കുന്നു. ബെഡ് റൂമുകള്‍ വീതം വെച്ച് താമസം ആരംഭിക്കുന്നു. അടുക്കളയും എറായവും* കുളിമുറിയും പൊതു സ്വത്തായിരിക്കും. പാചകം ചിലയിടത്ത് ഒന്നിച്ചും മറ്റു ചിലിടത്ത് വെവ്വേറെയും ആയിരിക്കും. ഇതൊക്കെയാണല്ലോ ഷെയറിങ്ങ് ഫാമിലി എന്ന് കേള്‍ക്കുമ്പോള്‍ തോന്നുന്നത്. വാടക കൂടി കൂടി വന്നപ്പോള്‍ ഇതിലും ചില മാറ്റങ്ങള്‍ വന്നു. ഹാള്‍ ഇല്ലാതായി. അതും ഒരു റുമായി പരിവര്‍ത്തനപ്പെടുത്തി മൂന്ന് ഫാമിലി താമസിക്കാന്‍ തക്ക തരത്തിലാക്കി തുടങ്ങി. ബാല്‍ക്കണിയുണ്ടെങ്കില്‍ അവിടെ കെട്ടി മറച്ച് ചെറിയൊരു എറായം നിര്‍മ്മിക്കപ്പെട്ടു. അങ്ങിനെ വാടക ചിലവ് കുറയ്ക്കുവാനായി തുടങ്ങിയ ഷെയറിങ്ങ് ഫാമിലി സംവീധാനം ഒരു കച്ചവടമായി മാറുവാന്‍ പിന്നെ അധികം കഴിയേണ്ടി വന്നില്ല. ആദ്യം ഒരു ഫ്ലാറ്റെടുത്ത് വാടക കുറയ്ക്കാനായി ഒരു ഫാമിലിയെ കൂടെ കൂട്ടിയ ആള്‍ ഹാള്‍ കൂടി വാടകക്ക് കൊടുക്കാം എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു ഫ്ലാറ്റെടുത്ത് റൂമുകള്‍ തിരിച്ച് വാടകക്ക് കൊടുത്തും ലാഭം ഉണ്ടാക്കാം എന്ന് മനസ്സിലാക്കുക കൂടിയായിരുന്നു. അത് മനസ്സിലാക്കിയവര്‍ക്ക്‍ ഷെയറിങ്ങ് അക്കോമഡേഷന്‍ എന്നാല്‍ ലൈസന്‍സ് വേണ്ടാത്ത നഷ്ട സാധ്യതയില്ലാത്ത കച്ചവടമായി മാറാനും കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല.

അങ്ങിനെ റൂമുകള്‍ വീണ്ടും വീണ്ടും വിഭജിക്കപ്പെട്ടു. ജിപ്സം ബോര്‍ഡും പ്ലൈയും ഒക്കെ കൊണ്ട് റൂമുകള്‍ ഇരട്ടിക്കപ്പെട്ടു. രണ്ടു ബെഡ് റൂം ഹാളില്‍ നാലില്‍ കൂടുതല്‍ കുടുംബങ്ങള്‍ ചേക്കേറി. അതോടൊപ്പം വില്ലകള്‍ വാടകക്കെടുത്തും ഭാഗം വെപ്പ് തുടങ്ങി. പഞ്ചായത്തീരാജ് നിലവില്‍ വന്ന കാലത്ത് അന്നത്തെ ഭരണ കക്ഷികക്ക് അനുകൂലമായി വാര്‍ഡുകള്‍ വിഭജിക്കപ്പെട്ടതു പോലെ ഇടിഞ്ഞ് വീഴാറാ‍യ വില്ലകളില്‍ റുമുകളെ വിഭജിച്ച് റൂമുകള്‍ക്കുള്ളില്‍ റുമുകള്‍ സൃഷ്ടിക്കപ്പെട്ടു. വില്ലകളിലെ കാര്‍ ഷെഡ് വരെ റൂമുകളായി പരിണമിച്ചു. ഒരു കുടുംബത്തിനായി പണികഴിക്കപ്പെട്ട വില്ലകളിലും ഫ്ലാറ്റുകളിലും അസംഖ്യം കുടുംബങ്ങള്‍ പാര്‍പ്പ് തുടങ്ങി. ഇതെല്ലാം അനധികൃതമായിരുന്നു. എല്ലാം അറിയാമായിരുന്നിട്ടും ഭരണ കൂടം കണ്ടില്ലാ എന്ന് നടിച്ചത് പാര്‍പ്പിട പ്രശ്നം രൂക്ഷമായത് കൊണ്ടാണെന്നും ഈ നാട്ടില്‍ ഭരണ കൂടത്തിന്റെ കണ്ണു വെട്ടിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ലാ എന്നും ഷെയറിങ്ങ് അക്കോമഡേഷന്‍ കച്ചവടക്കാര്‍ മനസ്സിലാക്കിയില്ല. അങ്ങിനെയിരിക്കുമ്പോഴാണ് എല്ലാ പരിധികളും ലംഘിച്ച് ഷെയറിങ്ങ് അക്കോമഡേഷന്‍ പുതിയ സംസ്കാരത്തിന് തുടക്കമിട്ടത്. അതെങ്ങനെയെന്നല്ലേ?

മൂന്ന് ബെഡ്‌‌റൂം ഫ്ലാറ്റാണ് ഇവിടുത്തെ കഥാപാത്രം. മൂന്ന് കിടപ്പ് മുറിയുള്ള ഒരു ഫ്ലാറ്റില്‍ എത്ര കുടുംബത്തിന് കഴിയാം?
മൂന്ന് കുടുംബത്തിന്?
നാലോ?
അഞ്ച് കുടുംബത്തിനോ?
അല്ലേ അല്ല. പത്ത് കുടുംബങ്ങള്‍ വരെ മൂന്ന് കിടപ്പ് മുറികള്‍ ഉള്ള ഒരു ഫ്ലാറ്റില്‍ ചേക്കേറുന്നു എന്നത് വിശ്വസിക്കാന്‍ കഴിയുമോ? വിശ്വസിക്കണം. എങ്ങിനെയെന്നല്ലേ?

ആദ്യം മൂന്ന് കിടപ്പ് മുറികളുള്ള ഫ്ലാറ്റെടുക്കുന്നു. ഇവിടെ റുമുകള്‍ ഒന്നും വിഭജിക്കപ്പെടുന്നില്ല. പത്ത് കുടുംബത്തിലെ ഭര്‍ത്താക്കന്മാരെല്ലാം കൂടി ഒരു റൂമില്‍. ഭാര്യമാരും കുട്ടികളും മറ്റൊരു റൂമില്‍. മുന്നാമതൊരു റൂം മണിയറയാണ്. എല്ലാ ദിവസവും ഒരു കുടുംബത്തിന് ആ റൂം ഉപയോഗിക്കാം. അതായത് എല്ലാ ഭാര്യമാരും ഭര്‍ത്താക്കന്മാരും ബാച്ചിലര്‍ സ്റ്റാറ്റസില്‍ രണ്ടു റൂമുകളിലായി കഴിയുന്നു. പത്ത് ദിവസത്തില്‍ ഒരിക്കല്‍ കുടുംബമായി മറ്റൊരു റൂമിലും. ഷെയറിങ്ങ് അക്കോമഡേഷന്റെ ഏറ്റവും നീചമായ പരിണാമമായിരുന്നു ഇത്. ഇതും സംഭവിക്കപ്പെട്ടു. തുശ്ചമായ വരുമാനത്തില്‍ വിദേശത്ത് കുടുംബത്തോടൊപ്പം കഴിയണം എന്ന മധ്യവര്‍ഗ്ഗത്തിന്റെ ചിന്തയില്‍ നിന്നുമാണ് ഇത്രയും മ്ലേഛമായ സംസ്കാരത്തിലേക്ക് പ്രവാസം വഴുതി വീണത്.

അങ്ങിനെ ഷെയറിങ്ങ് അക്കോമഡേഷന്‍ എല്ലാ പരിധികളും ലംഘിച്ചു തുടങ്ങി എന്ന് കണ്ടിടത്താണ് ഭരണകൂടം ചില നിബന്ധനകളുമായി രംഗത്ത് വന്ന് തുടങ്ങിയത്. ആദ്യ ഘട്ടമെന്ന നിലയില്‍ വില്ലകളില്‍ നിന്നും ഷെയറിങ്ങ് അക്കോമഡേഷന്‍ എന്ന ലൈസന്‍സ് ഇല്ലാ കച്ചവട പരിപാടി ഒഴിപ്പിച്ച് തുടങ്ങി. താമസം വിനാ ഫ്ലാറ്റുകളിലേക്കും ഒഴിപ്പിക്കല്‍ വ്യാപിപ്പിക്കപ്പെടും. അതായത്, തങ്ങളുടെ വരുമാനത്തിനുള്ളില്‍ നിന്ന് കൊണ്ട് വിദേശത്ത് കുടുംബത്തോടൊപ്പം താമസിക്കാന്‍ കഴിയുന്നവരിലേക്ക് മാത്രമായി പ്രവാസത്തിലെ കുടുംബവിസാ സംവീധാനം ചുരുക്കപ്പെടും എന്ന് സാരം.

ലഭ്യമാക്കപ്പെടുന്ന സൌകര്യങ്ങളെ വന്‍ സാമ്പത്തിക ലാഭത്തിനായി ദുരുപയോഗപ്പെടുത്തുക എന്ന കുതന്ത്രത്തിന്റെ അനന്തരഫലാണ് ഇന്ന് പ്രവാസ ഭൂമികയില്‍ ഏര്‍പ്പെടുത്തപ്പെടുന്ന എല്ലാ നിബന്ധനകളും നിയന്ത്രണങ്ങളും എന്ന് ഒരിക്കല്‍ കൂടി ഇപ്പോഴത്തെ ഭരണകൂട നടപടികളും നമ്മേ ഓര്‍മ്മപ്പെടുത്തുന്നു!
--------------------------------
* ലിവിങ്ങ് റും.

Thursday, May 29, 2008

സാംസ്കാരിക വകുപ്പ് മന്ത്രിക്ക് ഒരു മലയാള ബ്ലോഗര്‍ സമര്‍പ്പിക്കുന്ന പരാതി.

സര്‍,

അമ്മ മലയാളത്തെ ഒരു വികാരമായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു സമൂഹം കമ്പൂട്ടറിനെ മലയാളം പഠിപ്പിച്ച് വിവര സാങ്കേതിക വിദ്യയുടെ ഏറ്റവും ന്യൂതനമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി വായുവില്‍ വളര്‍ത്തിയെടുക്കുന്ന മലയാള ഭാഷയെ കുറിച്ച് താങ്കള്‍ക്ക് അറിവുണ്ടാകുമല്ലോ? മലയാളത്തില്‍ ബ്ലോഗ് എഴുതുക എന്നാല്‍ അവരവരുടെ സൃഷ്ടികള്‍ കമ്പൂട്ടറില്‍ ടൈപ്പ് ചെയ്തിടുക എന്ന് മാത്രമല്ല അര്‍ത്ഥമാക്കേണ്ടുന്നത്. പുസ്തകങ്ങളില്‍ നിന്നും അകന്നു ഇന്റര്‍നെറ്റിന്റെയും വിവരസാങ്കേതിക വിദ്യയുടേയും മാസ്മരിക ലോകത്ത് വിഹരിക്കുന്ന പുതു തലമുറക്ക് മലയാളത്തോട് ചേര്‍ന്ന് നില്‍ക്കാനുള്ള അവസരവും ഏറ്റവും ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ നമ്മുടെ മാതൃഭാഷയിലൂടെ തന്നെ സന്ദേശങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യവും എല്ലായിപ്പോഴും ഒരു കീ ബോര്‍ഡിനപ്പുറം അമ്മ മലയാളത്തെ വായിക്കാനുള്ള അനുഗ്രവുമാണ് മലയാള ഭാഷാ ബ്ലോഗിങ്ങിന്റെ സവിശേഷത.

കഴിഞ്ഞ രണ്ടര വര്‍ഷക്കാലമായി മലയാള ബ്ലോഗിങ്ങ് സമൂഹം യാതൊരു വിധ പ്രതിഫലവും പ്രതീക്ഷിക്കാതെ മലയാളത്തില്‍ എഴുതി കൂട്ടിയ ലേഖനങ്ങളും കഥകളും കവിതകളും മറ്റുള്ളവര്‍ക്ക് പാഠമാകാന്‍ കഴിയുന്ന തരത്തിലുള്ള അനുഭവകുറിപ്പുകളും ഏകദേശം ഒരു ലക്ഷം കവിയും. നല്ല എണ്ണം പറഞ്ഞ എഴുത്ത് കാരും നിരീക്ഷകരും നിറഞ്ഞ് നില്‍ക്കുന്നതാണ് മലയാളം ബ്ലോഗിങ്ങ്. ബൂലോഗം എന്ന സങ്കല്പ സമൂഹം സൃഷ്ടിച്ച് ആത്മ സംതൃപ്തിക്ക് വേണ്ടി മാത്രം എഴുതി മറ്റുള്ളവര്‍ക്ക് വായിക്കാനായി സമര്‍പ്പിക്കുന്ന മലയാള ബ്ലോഗിങ്ങിന് തുല്യം വെക്കാന്‍ മലയാള ഭാഷാ സാഹിത്യ സാംസ്കാരിക രംഗത്ത് മറ്റെന്തെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു സര്‍ക്കാര്‍ ഏജന്‍സിയുടേയും സാമ്പത്തികമോ ധാര്‍മ്മികമോ ആയ സഹായമില്ലാതെ വിവര സാങ്കേതിക രംഗത്ത് മലയാള ഭാഷ വളര്‍ന്ന് വരുവാനായി ബ്ലോഗ് സമൂഹം ചെയ്യുന്ന സേവനം തുല്യതയില്ലാത്തതാണ്.

ഏകദേശം മൂവായിരത്തോളം എഴുത്ത് കാരും എത്രയോ ഇരട്ടി വായനക്കാരും ഉള്ള ഈ സമൂഹം ഇന്നൊരു പ്രതിസന്ധിയിലാണ്. മലയാള ബ്ലോഗ് സമൂഹം ഉരുക്കഴിച്ചെടുത്ത അവരുടെ രചനകള്‍ യാതൊരു തത്വദീക്ഷയും ഇല്ലാതെ കേരള്‍സ് ഡോട് കോം എന്ന വെബ് പത്രം കോപ്പി ചെയ്തിരിക്കുന്നു! എഴുത്ത് കാരുടെ അറിവോ സമ്മതമോ കൂടാതെ കേരള്‍സ് ഡോട് കോം അവരുടെ വെബ് സൈറ്റില്‍ ബൂലോഗത്തെ ശ്രദ്ധേയമായ മിക്ക ബ്ലോഗ് പോസ്റ്റുകളും കോപ്പിയടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നതിനെതിരേ ഈ സമൂഹം അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്.

ഈ പകല്‍ വെട്ടി കൊള്ള കേരള്‍സ് ഡോട് കോമിന്റെ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുവാന്‍ ശ്രമിച്ചു എങ്കിലും വളരെ നിഷേധാത്മകമായ ഒരു നിലപാടാണ് അതിന്റെ നേതൃത്വത്തില്‍ ഉള്ളവരില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയത്. പരാതി സന്ദേശമയച്ചവരെ അവരുടെ സൈറ്റ് സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കിയതിലൂടെ കട്ട മുതല്‍ ചോദിച്ച് ചെന്ന ഉടമസ്ഥനെ കട്ടവന്‍ ബന്ധനസ്ഥനാക്കുന്ന അവസ്ഥയാണ് കേരള്‍സ് ഡോട് കോമില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കൂടാതെ പരാതി പെട്ടവര്‍ക്ക് പ്രകോപനപരമായ മറു സന്ദേശം അയച്ചും ഭീഷണിപ്പെടുത്തിയും കേരള്‍സ് ഡോട് കോം അവരുടെ നിഷേധാത്മക നിലപാട് തുടരുകയാണ്.

കേരള്‍സ് ഡോട് കോമിന്റെ ഉടമസ്ഥന്‍ കൊട്ടാരക്കരയിലുള്ള ഒരു അവിനാശ് ആണെന്നും രെജിസ്ട്രേഡ് ഓഫീസ് ശ്രീനഗറില്‍ ആണെന്നും കമ്പനിയുടെ പേര് അനശ്വര ഗ്രൂപ്പ് ഓഫ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആണെന്നുമാണ് അവരുടെ വെബ് സൈറ്റില്‍ നിന്നും മനസ്സിലാകുന്നത്. വിവര സാങ്കേതിക രംഗത്തെ പകര്‍പ്പവകാശത്തിന്റെ പരിധിയിലും ബൌദ്ധിക സ്വത്തവകാശ നിയമത്തിന്റെ പരിധിയിലും വരുന്ന കുറ്റകരമായ ഒരു നടപടിയായി കേരള്‍സ് ഡോട് കോമിന്റെ ചെയ്തിയെ കാണണം എന്ന് വിനീതമായി അപേക്ഷിക്കുകയാണ്. വിവര സാങ്കേതിക രംഗത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്നായി ഈ വിഷയത്തെ കണ്ട് മലയാള ഭാഷയുടെ വളര്‍ച്ചക്ക് അനുഗുണമായ രീതിയില്‍ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടായില്ലാ എങ്കില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തുടര്‍കഥയാകും.

മലയാള ഭാഷയെ പ്രവാസത്തിലിരുന്നും സ്നേഹിക്കുന്ന ഒരു വല്യ സമൂഹത്തിന്റെ പ്രതിഷേധവും പരാതിയുമാണിത്. കേരള്‍സ് ഡോട് കോമിനെതിരേ വേണ്ടുന്ന രീതിയിലുള്ള നടപടികള്‍ക്ക് ഞങ്ങള്‍ അങ്ങയുടെ സഹായം തേടുന്നു.

അനുകൂലമായ നടപടി പ്രതീക്ഷിച്ചുകൊണ്ട്,
സസ്നേഹം
അഞ്ചല്‍ക്കാരന്‍
shehabu@gmail.com
P.A. Shehabu
P.B. No. 70029
Sharjah, U.A.E.

----------------------------------------------------
(ഇതുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായിട്ടുള്ള ചര്‍ച്ചകളും ലേഖനങ്ങളും പ്രതിഷേധ കുറിപ്പുകളും എഴുത്തു കുത്തുകളും ലിങ്കായി ചേര്‍ക്കുന്നു.)

1. സജിയുടെ ബ്ലോഗിലെ ചര്‍ച്ച : ബ്ലോഗുകള്‍ കേരള്‍സ് ഡോട് കോമില്‍

2. രാജ് നീട്ടിയത്തിന്റെ ബ്ലോഗില്‍ : Banned from reading my content

3. മയൂരയുടെ ബ്ലോഗില്‍ : 1. Boot legging bloggers posts, shame on you kerala dot com
2. പോസ്റ്റും കട്ടു ബാനും ചെയ്തു


4. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ : 1.മോഷണം മോഷണം തന്നെ പാരില്‍
2. Kerals.com ന്റെ പുതിയ വിരട്ടല്‍ തന്ത്രം (header gorging)

5. കണ്ണൂസിന്റെ ബ്ലോഗില്‍: Are u a thief Mr. Kerals Dot Com

6. വല്യമ്മായിയുടെ ബ്ലോഗില്‍: Content theft by kerals.com

7. കണ്ണൂസിന്റെ ബ്ലോഗില്‍: കേരള്‍സ് ഡോട് കോമിന്റെ മാപ്പ്

8. അഗ്രജന്റെ ബ്ലോഗില്‍: ബ്ലോഗ് മോഷണം.

9. COPY WRITE VOILATIONS എന്ന ബ്ലോഗില്‍:Kerals.com-The new wave of plagiarism from blogs

10. സിബുവിന്റെ ബ്ലോഗില്‍: Kerals.com - a theif who stalks its victims.html

11. അരവിന്ദിന്റെ ബ്ലോഗില്‍: Content theft by kerals.com

12. തുളസി കക്കട്ടിലിന്റെ ബ്ലോഗില്‍: Content theft by kerals.com

13. ഡാലിയുടെ ബ്ലോഗില്‍: The story of robbery: plagiarism by kerals.com

14. A world of my own എന്ന ബ്ലോഗില്‍: A short term course on "How to plagiarize" by kerals.com

15. പ്രമോദ് കെ.എമ്മിന്റെ ബ്ലോഗില്‍: Content theft by kerals.com

16. രേഷ്മയുടെ ബ്ലോഗില്‍: Content theft by kerals.com

17. സതീഷ് മാക്കോത്തിന്റെ ബ്ലോഗില്‍: ചോദിച്ചാല്‍ തരുമായിരുന്നല്ലോ കേരള്‍സേ...

18. ബ്ലോഗാര്‍ത്ഥി എന്ന ബ്ലോഗില്‍: Stealing-2.0
-------------------------------------------------------

ഈ കത്ത് ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രിക്ക് അയക്കുന്നു.
അദ്ദേഹത്തിന്റെ വിലാസം:
ശ്രീ. എം.എ. ബേബി,
റൂം നമ്പര്‍ 208, സെക്കന്റ് ഫ്ലോര്‍,
നോര്‍ത്ത് സാന്റ്വിച്ച് ബ്ലോക്ക്,
സെക്രട്ടറിയേറ്റ്, തിരുവനന്തപുരം.
ഈ മയില്‍ : minister-education@kerala.gov.in


കോപ്പി സൈബര്‍ സെല്ലിനും അയക്കുന്നു.

ഇത് സൈബര്‍ സെല്ലില്‍ രെജിസ്ടര്‍ ചെയ്യാനുള്ള ലിങ്ക്. ഇവിടെ പേര് രെജിസ്റ്റര്‍ ചെയ്തെങ്കില്‍ മാത്രമേ സൈബര്‍ സെല്ലിലേക്ക് പരാതി അയക്കാന്‍ കഴിയുള്ളൂ. സൈബര്‍ സെല്ലിന്റെ ഈ മെയില്‍ ഐഡി cyberkeralam@cdactvm.in എന്നതാണ്.സൈബര്‍ സെല്ലുമായി ബന്ധപ്പെടാനുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

Saturday, May 24, 2008

ശിഹാബുദ്ദീന്‍‌ പൊയ്ത്തുംകടവിനെ ആദരിച്ചു.


അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യൂ.ഏ.യീ കൂട്ടായ്മയായ “അസ്ക” മൂന്നാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാവ്യാഞ്ജലി - 2008 ന്റെ വേദിയില്‍ വെച്ച് അക്കാദമി അവാര്‍ഡും പത്മരാജന്‍ പുരസ്കാരവും നേടിയ ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ആദരിച്ചു. മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കമായ മഹാകവി കുമാരനാശാന്റെ വീണപൂവിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അസ്കയുടെ മൂന്നാം പിറന്നാള്‍ മഹാകവിക്ക് സമര്‍പ്പിച്ച സ്മരണാഞ്ജലിയായിരുന്നു. അമ്മ മലയാളത്തെ ഒരു വികാരമായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ജോര്‍ജ്ജ് ടി. ജോണ്‍ അസ്കയുടെ സ്നേഹോപഹാരം ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് സമ്മാനിച്ചു.

തനിക്ക് ലഭിച്ച പത്മരാജന്‍ പുരസ്കാരം തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വെച്ച് തന്റെ അഭാവത്തില്‍ സമ്മാനിക്കപ്പെടുന്ന അതേ നിമിഷത്തില്‍ ഈ പ്രവാസ ഭൂമികയില്‍ ആദരിക്കപ്പെടുക എന്ന ദൈവദത്തമായ മുഹൂര്‍ത്തത്തിനാണ് കാവ്യാഞ്ജലി-2008 വേദിയാകുന്നതെന്ന് ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു വെച്ചപ്പോള്‍ മഹാകവി കുമാരനാ‍ശാന്റെ സ്മരണകളിരമ്പി നിന്ന വേദി അക്ഷരാര്‍ത്ഥത്തില്‍ അതിന്റെ ഏറ്റവും മഹത്തായ നിമിഷങ്ങള്‍ക്ക് കൂടി സാക്ഷ്യം വഹിക്കുകയായിരുന്നു.


പ്രിയപ്പെട്ട കഥാകാരന് ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍.

Tuesday, May 20, 2008

ഡോ. ഷാഹിദാ ബീവിയുടെ ശാസ്ത്രീയ കൂടോത്രം!മലയാള മനോരമയില്‍ കണ്ട ഒരു ക്ലാസ്സിഫൈഡാണ് മുകളില്‍.

“അവസാന തലമുറക്ക് ദൈവരാജ്യത്തിന്റെ സുവിശേഷവും”
“ഊശോമിശിഹായുടെ വീണ്ടും വരവും....”
“ജോസഫ് ഇടമറുകിന്റെ ശാസ്ത്രാധിഷ്ഠിത ജ്യോതിഷ വാസ്തുശാസ്ത്രവും”
ഒക്കെ വിളംബരം ചെയ്തിരിക്കുന്ന മനോരമയിലെ ക്ലാസിഫൈഡില്‍ ഷാഹിദാ ബീവിയുടെ പരസ്യം വേറിട്ട് നില്‍ക്കുന്നത് അവരുടെ പരസ്യത്തില്‍ “Dr." കടന്ന് വരുന്നത് കൊണ്ടാണ്.

രണ്ട് പരസ്യങ്ങളാണ് ഡാക്കിട്ടറുടേതായിട്ട് മനോരമയില്‍ വന്നിട്ടുള്ളത്.

ഒന്ന്: “സര്‍വ്വ പ്രശ്നത്തിനും പരിഹാരം അറബിക് കര്‍മ്മങ്ങളിലൂടെ പ്രോസസ് ചെയ്ത് സര്‍വ്വ മതസ്ഥര്‍ക്കും രെജിസ്ട്രേഡ് തപലാലിലൂടെ അയക്കപ്പെടും.”

രണ്ട്: “ആയിരത്തി ഒരുന്നൂറ് രൂപക്ക് തപാലിലൂടെ മദ്യപാനം നിര്‍ത്തി കൊടുക്കപ്പെടും.”

ഒന്നാമത്തെ പരസ്യത്തില്‍ ഡാക്കിട്ടറുടെ പ്രസ്ഥാനം “ദാറുല്‍ഷിഫാ ജ്യോതിഷാലയം” ആണെങ്കില്‍ രണ്ടാമത്തെ പരസ്യത്തില്‍ ജ്യോതിഷാലയം മുറിഞ്ഞുപോയ “ദാറുല്‍ ഷിഫ”യാണ്.

എറണാകുളം ജില്ലയിലെ തായിക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഷിഫ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരി ഡോക്ടര്‍ എന്ന പദവി തന്റെ പേരിനൊപ്പം ചേര്‍ത്ത് കൂടോത്ര കച്ചവടം നടത്തുന്നതിലെ കൌതുകമാണ് Dr. ഷാഹിദാ ബീവിയുടെ പരസ്യം ഒരു പോസ്റ്റായി മാറാന്‍ കാരണം. കൂടോത്രവും ശുദ്രവും വാ‍സ്തുവും യന്ത്രവും ചാത്തന്‍സേവയും ഒക്കെ ടി.വി.യിലൂടെയും പത്രങ്ങളിലൂടെയും നിരന്തര പരസ്യ പ്രചാരണങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്നിടത്ത് ഷാഹിദാ ബീവിയുടെ പരസ്യം തെറ്റാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ കൂടോത്രം കൂട്ടിലാക്കി കൊറിയര്‍ ചെയ്ത് തരുന്നത് ഡോക്ടര്‍ ഷാഹിദയാകുമ്പോള്‍ അവിടെ വാര്‍ത്ത ജനിക്കപ്പെടുന്നു.

യഥാര്‍ത്ഥത്തില്‍ ഈ ഷാഹിദ ഡോക്ടറാണോ? ആണെങ്കില്‍ കൂടോത്രം പ്രാക്ടീസ് ചെയ്യാന്‍ മെഡിക്കല്‍ അസോസിയേഷന്‍ അനുവദിച്ചിട്ടുണ്ടോ? ഇന്നി സിദ്ധവൈദ്യത്തിലോ കൂടോത്രത്തിലോ ചാത്തന്‍ സേവയിലോ മറ്റോ ഡോക്ടറേറ്റോ ഫെലോഷിപ്പോ വല്ലതും ലഭിച്ചിട്ടുണ്ടാകുമോ? അങ്ങിനെയാണെങ്കില്‍ കൂടോത്രത്തില്‍ ഡോക്ടറേറ്റ് നല്‍കുന്ന യൂണിവേഴ്സിറ്റി ഏതാണ്? ഒരു പരസ്യം സ്വീകരിക്കുമ്പോള്‍ ആ പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലെ ഏറ്റവും പ്രാഥമിക കാര്യങ്ങളെങ്കിലും ശരിയാണോ എന്ന് അന്വോഷിക്കാനുള്ള ധാര്‍മ്മികമായ ബാധ്യത പത്രക്കാര്‍ക്കില്ലേ?

ധാര്‍മ്മികത:
ഹയ്യോ പറഞ്ഞ് തീര്‍ന്നില്ല....
ദേണ്ടെ പോന്ന് മറ്റൊരു ക്ലാസ്സിഫൈഡ്.

“ സര്‍വ്വ മതസ്ഥര്‍ക്കും സര്‍വ്വ പ്രശ്ന പരിഹാര കേന്ദ്രം പെരിങ്ങോട്ടുകര ദേവസ്ഥാനം ".

മിന്നി മറഞ്ഞത് സര്‍വ്വ ദുരാചാരങ്ങളേയും അടിമുടി എതിര്‍ക്കുന്ന നമ്മുടെ സ്വന്തം പുരോഗമന പ്രസ്ഥാനത്തിന്റെ സ്വന്തം ചാനലില്‍ തന്നെ. ഹോ... ഇന്നിയിപ്പോ തര്‍ക്കത്തിന് പോയാല്‍ ആ ദേവസ്വം മന്ത്രിപുംഗവന്റെ വായിലിരിക്കുന്നതും കൂടി കേള്‍ക്കേണ്ടി വരും. ഞാനൊന്നും പറഞ്ഞില്ലേ എന്റെ സുധാകര നാരായണാ...

Monday, May 19, 2008

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ആദരിക്കുന്നു.പ്രിയരെ,

അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യൂ.ഏ.യീ ലെ കൂട്ടായ്മയായ “അസ്ക” യുടെ മൂന്നാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാവ്യാഞ്ജലി-2008ന്റെ വേദിയില്‍ വെച്ച്‍ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥക്കുള്ള രണ്ടായിരത്തി ഏഴിലെ അവാര്‍ഡും പത്മരാജന്‍ പുരസ്കാരവും നേടിയ നമുക്കിടയിലെ ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ആദരിക്കുന്നു.

മഹാകവി കുമാരനാശാന്റെ വീണപൂവിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ “അസ്ക” അതിന്റെ മൂന്നാം ജന്മദിനാഘോഷങ്ങള്‍ മഹാകവിക്ക് സമര്‍പ്പിക്കുകയാണ്. മലയാള കവിതയിലെ കാല്പനിക വസന്തത്തിന് തുടക്കമായ വീണപൂവിനെ അധികരിച്ച് ശ്രീ. മുരളി മംഗലത്ത് അണിയിച്ചൊരിക്കിയിരിക്കുന്ന നൃത്ത സംഗീത ശില്പവും ആശാന്‍ കവിതകളുടെ ആ‍ലാപനങ്ങളും കൊണ്ട് മഹാകവിക്ക് ഈ പ്രവാസ ഭൂമിക നല്‍കുന്ന കാവ്യാഞ്ജലിയില്‍ ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ആശാന്‍ അനുസ്മരണ പ്രഭാഷണം നടത്തും.


രണ്ടായിരത്തി എട്ട് മെയ് ഇരുപത്തി മൂന്നാം തീയതി ദുബായി കരാമ സെന്ററില്‍ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ വെച്ച് നടക്കുന്ന ഈ അക്ഷര കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ shehabu@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

നന്ദി

Thursday, May 15, 2008

ദയവായി ഈ കുട്ടികളെ വെറുതേ വിട്ടേക്കൂ...

പത്താം ക്ലാസിന്റെ ഫലം വന്നു. കൂടെ വാദങ്ങളുടേയും അപവാദങ്ങളുടേയും പെരുമഴ പാച്ചിലും.

വിജയം തൊണ്ണൂറ്റി രണ്ട് ശാതമാനത്തിനും മുകളില്‍ എത്തിയത് ഏറെ സന്തോഷം തരുന്ന ഒരു വാര്‍ത്തയായിരുന്നു. എസ്.എസ്.എല്‍.സി ഫലത്തിന്റെ വരവിനോടൊപ്പം എല്ലാ വര്‍ഷവും വരുന്ന പരാജിതരുടെ ആത്മഹത്യ വാര്‍ത്തകള്‍ ഏറെകുറഞ്ഞ അല്ലെങ്കില്‍ തീരെയില്ലാത്ത ഒരു വര്‍ഷം കൂടിയാണ് കടന്ന് പോയത് എന്നതും സന്തോഷ ദായകം തന്നെ.

ആരും തോല്‍ക്കാത്ത പത്താം ക്ലാസ് പരീക്ഷയുടെ ഫലമാണ് നമ്മുക്ക് വേണ്ടത്. പത്താം ക്ലാസ് പാസ്സാകത്തവന് മണ്ണ ചുമട്, റോഡ് പണി, കെട്ടിടം പണികള്‍ പോലും ലഭ്യമാകാത്ത കാലം. പത്തിന് മുമ്പേ പാസ്പോര്‍ട്ടാഫീസില്‍ അപേക്ഷ കൊടുത്ത് പ്രവാസിയാകാന്‍ തയ്യാറെടുക്കന്നവന് പത്താം ക്ലാസ് പാസ്സായില്ലങ്കില്‍ മണലാരണ്യത്തിലെ മണ്ണ് ചുമട് പോലും അന്യം. നാട്ടില്‍ കൊടി പിടിക്കാന്‍ പത്താം ക്ലാസ് വേണ്ട. അത്ര തന്നെ. അതു കൊണ്ട് തന്നെയാണ് അമ്പതാം വയസ്സിലും പ്രവാസികള്‍ എട്ട് പേരുറങ്ങുന്ന കുടുസ്സു മുറിയിലെ ആഢംബരത്തിലും പത്തെഴുതി പാസ്സാകാന്‍ ശ്രമിക്കുന്നത്.

എല്ലാവരും പത്താം ക്ലാസ് പാസ്സായാലും പകുതി ജയിച്ചാലും പത്തിന്റെ മേന്മയില്‍ ആര്‍ക്കെങ്കിലും കേരള സര്‍ക്കാറോ ദേശീയ ഗവണ്മെന്റോ അല്ലെങ്കില്‍ സുധാകരന്‍ സാറിന്റെ സഹകരണ വകുപ്പോ തൊഴില്‍ കൊടുക്കുകയൊന്നുമില്ലല്ലോ? പത്ത് കഴിഞ്ഞതിന് ശേഷം അവനവന്റെ കഴിവുകള്‍ക്ക് അനുസരിച്ച് സര്‍ക്കാരാശ്രയത്തിലോ അവനവനാശ്രയത്തിലോ പഠിച്ച് പണമൊഴുക്കി കഴിവ് തെളിയിച്ച് ഉയര്‍ന്നതലത്തില്‍ എത്തി തൊഴില്‍ നേടി വിദേശങ്ങളില്‍ സേവനം നല്‍കി വേതനം പറ്റി ജീവിക്കാം. അപ്പോള്‍ പത്തല്ല പ്രധാനം അതിന് ശേഷമുള്ള പഠനവും പണത്തിന്റെ കരുത്തുമാണ്. പിന്നെ എന്തു കൊണ്ട് നൂറ് ശതമാനത്തേയും വിജയിപ്പിച്ചു കൂടാ?

പത്താം ക്ലാസില്‍ കൃതൃമമായ വിജയം ഉണ്ടാക്കണം എന്നല്ല പറഞ്ഞ് വരുന്നത്. എല്ലാവരും വിജയിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ്. പത്താം ക്ലാസ് പഠനം ആയാസ രഹിതമാക്കി കൂടുതല്‍ വിജയം ഉറപ്പാക്കുകയാണ് വേണ്ടത്. അടുത്ത വര്‍ഷം നൂറ് ശതമാനവും വിജയിക്കാന്‍ പ്രാര്‍ത്ഥിക്കാം!

ഈ വര്‍ഷത്തെ തൊണ്ണൂറ്റി രണ്ട് ശതമാനം വിജയത്തെ തട്ടിപ്പായി കാണാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം മറക്കുന്നു. തങ്ങളുടേ കുട്ടികളെ പഠിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകത ഒരു രക്ഷാകര്‍ത്താവിനേയും മാത്സര്യത്തിന്റേതായ ഈ കാലഘട്ടത്തില്‍ ആരും പറഞ്ഞ് പഠിപ്പിക്കേണ്ടുന്നതില്ല. തങ്ങളുടെ മക്കള്‍ ജയിക്കണം എന്ന ആഗ്രഹമില്ലാത്ത ഒരു രക്ഷാകര്‍ത്താവും ഉണ്ടാകും എന്ന് തോന്നുന്നില്ല. അവരവരുടെ മക്കളുടെ പഠനത്തിന് വേണ്ടി മുണ്ടു മുറുക്കിയുടുക്കുന്ന രക്ഷാകര്‍ത്താക്കളുടേയും തങ്ങളുടെ സ്കൂളുകളില്‍ നൂറ് മേനി വിളയിക്കാന്‍ പെടാപാട് പെടുന്ന അദ്ധ്യാപകരുടേയും പ്രയത്നത്തിന്റെ ഫലമാണ് പത്തിലെ ഉയര്‍ന്ന വിജയ ശതമാനം. അല്ലാതെ കൃതൃമമായി ഉണ്ടാക്കിയെടുത്തതാണ് ഈ വര്‍ഷത്തെ പത്തിന്റെ ഫലമെന്ന വ്യാഖ്യാനം എല്ലാ വിഷയങ്ങള്‍ക്കും ഏ പ്ലസ്സ് വാങ്ങി വിജയിച്ചവരേയും കഷ്ടിച്ച് ജയിച്ചവരേയും ഒക്കെ ചവിട്ടി മെതിക്കുന്നതിന് തുല്യമാണ്.

രണ്ടായിരത്തി ഏഴ് രണ്ടായിരത്തി എട്ട് അദ്ധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി വിജയി സര്‍ക്കാറിന്റെ ഔദാര്യത്തില്‍ മാത്രം വിജയിച്ചതാണ് എന്ന് വരുന്നത് ഉറക്കമിഴിച്ചിരുന്ന് പഠിച്ച് പത്ത് കടന്ന എല്ലാ കുട്ടികളോടും ചെയ്യുന്ന ക്രൂരതയാണ്. അവരെ വിജയ സോപാ‍നത്തിലേക്ക് ആ‍നയിച്ച അദ്ധ്യാപകരുടെ ഉദ്ദേശ്യ ശുദ്ധിയേയും നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയേയും ചോദ്യം ചെയ്യുന്ന വിവാദങ്ങളിലേക്ക് രാഷ്ട്രീയ ചര്‍ച്ചകള്‍ നീളുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല.

പത്തിന്റെ ചോദ്യങ്ങള്‍ ലളിതമായിരിക്കാം. ആകട്ടെ. എഴുതുന്ന കുട്ടികളില്‍ ഭൂരിപക്ഷവും വിജയിക്കട്ടെ. പത്ത് ജയിച്ചു എന്ന് കണ്ട് ഒരു സര്‍ക്കാറും ജീവിക്കാനുള്ള സംവീധാനങ്ങള്‍ ഒരുക്കാത്തിടത്തോളം പത്ത് എന്ന കടമ്പ ഏറ്റവും എളുപ്പം കടക്കാന്‍ കഴിയുന്ന തരത്തിലേക്ക് പത്തിന്റെ പരീക്ഷ ലളിത വല്‍ക്കരിക്കുകയാണ് ചെയ്യേണ്ടുന്നത്. എല്ലാവരും ജയിക്കട്ടെ. ജീവിത വിജയം ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊണ്ട് സ്വയം പഠിച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് മാത്രം ആയിരിക്കുമല്ലോ? അത് പത്ത് ജയിച്ചാലും ഇല്ലെങ്കിലും ജീവിതത്തില്‍ വിജയിക്കേണ്ടുന്നവന്‍ വിജയിക്കും അല്ലാത്തവന്‍ പരാജയപ്പെടും.

എസ്.എസ്.എല്‍.സി പരീക്ഷയിലും മൂല്യനിര്‍ണ്ണയത്തിലും വെള്ളം ചേര്‍ത്തു എന്ന് വാര്‍ത്ത പരക്കുന്നത് ഈ വര്‍ഷം പാസ്സായ എല്ലാ കുട്ടികളുടേയും ഉപരി പഠനത്തിനെ വിപരീ‍തമായി ബാധിക്കും എന്നതില്‍ സംശയലേശമില്ല തന്നെ. പഠിച്ച് ജയിച്ചവരുടെ അദ്ധ്വാനത്തെ കുറച്ച് കാണലാകുമത്. ജയിച്ചവരെ അംഗീകരിക്കുക. പാളിച്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് പരീക്ഷയെഴുതിയ കുട്ടികളുടെ കുറ്റമല്ല. അത് സംഘാടകരുടെ പിടിപ്പ് കേടാണ്. ആ പിടിപ്പ് കേട് ഈ വര്‍ഷം പത്ത് ജയിച്ച കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളിലേക്ക് നീങ്ങരുത്. വരും വര്‍ഷങ്ങളില്‍ ആവുന്നത്ര കുട്ടികളെ വിജയിപ്പിക്കാന്‍ ശ്രമിക്കുക. പത്തിന് ശേഷം അവരവരുടെ വിധി അവരവര്‍ തന്നെ തിരഞ്ഞെടുക്കട്ടെ!

Monday, May 12, 2008

ഫല്‍ഗൂന് വീണുകിട്ടിയ മഹാഭാഗ്യം

ഓര്‍ക്കാപുറത്താണ് ആ സന്ദേശം ഫല്‍ഗുനനെ തേടിയെത്തിയത്. അഞ്ചു ലക്ഷം ദിര്‍ഹം സമ്മാനം. കേവലം എഴുന്നൂറ് ദിര്‍ഹം പ്രതിമാസ വരുമാനത്തില്‍ പ്രവാസ ജീവിതമാരംഭിച്ച ഫല്‍ഗു ജീവിതത്തിന്റെ രണ്ടറ്റവും ഒരു വിധം കൂട്ടി യോജിപ്പിച്ചുകൊണ്ട് പേര്‍ഷ്യക്കാരന്റെ വേഷം ധരിച്ചു ജീവിച്ചു പോകവേയാണ് പതിനേഴ് വര്‍ഷത്തിന് ശേഷം ആ വാര്‍ത്ത ജീവിതമാകെ മാറ്റിമറിക്കുമാറ് ഫല്‍ഗുവിലേക്കെത്തിയത്.

പതിനേഴുവര്‍ഷമായി ഫല്‍ഗു പ്രവാസിയായിട്ട്. ആദ്യം തുടങ്ങിയടത്ത് തന്നെയാണോ ജീവിതം എന്ന് ചോദിച്ചാല്‍ അല്ല എന്ന് സത്യസന്ധമായി ഫല്‍ഗു ഉത്തരം പറയും. നിഷ്കളങ്കമായ ഒരു ചിരിയില്‍ ഫല്‍ഗുവിന്റെ ജീവിത വിജയം നിങ്ങള്‍ക്ക് കേള്‍ക്കാം.

മൂന്ന് സഹോദരിമാരും അമ്മയും അടങ്ങുന്ന കുടുംബം നോക്കേണ്ടുന്ന ഉത്തരവാദിത്തം ഫല്‍ഗുവിനെ ഏല്പിച്ച് കൂലിപണിക്കാരനായ അപ്പന്‍ നേരത്തേ അന്ത്യവിശ്രമം തേടിയതു കൊണ്ട് പതിനാലാം വയസ്സില്‍ പഠനം ഉപേക്ഷിച്ച് ഫല്‍ഗു കെട്ടിടം പണിക്ക് സഹായിയായി തന്റെ കരീയര്‍ ആരംഭിച്ചു. അന്നന്നത്തെ അപ്പം തേടിയുള്ള പരക്കം പാച്ചിലില്‍ തന്റെ മൂന്ന് സഹോദരിമാരും ഫല്‍ഗുവിനോടൊപ്പം കെട്ടിടം പണിക്ക് കൂടി. നാലുപേരും കൂടി അദ്ധ്വാനിച്ച് അല്ലലില്ലാതെ കഴിയവയാണ് തലവരിയൊന്നും കൊടുക്കാതെ ഹെല്‍പ്പര്‍ തസ്തികയില്‍ ഫല്‍ഗുവിന് ദുബായിലേക്ക് വിസ തരപ്പെടുന്നത്. പരദേശത്താണെങ്കില്‍ മാത്രമേ പണിയെടുക്കൂ എന്ന ജനുസ്സില്‍ പെട്ട ആളല്ലാത്തതു കൊണ്ട് തന്നെ ദുബായില്‍ വിമാനമിറങ്ങുമ്പോള്‍ പുതിയൊരു സൈറ്റില്‍ പണിക്ക് വന്നു എന്ന ഒരു തരം വികാരമേ ഫല്‍ഗുവിനുണ്ടായിരുന്നുള്ളു.

സഹോദരിമാരെ കൂലിപണിക്ക് വിടാതിരിക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമായേ ഫല്‍ഗു തന്റെ ഗള്‍ഫ് യാത്രയേ കണ്ടുള്ളു. ആദ്യമാസം ശമ്പളമായി കിട്ടിയ പണം നാട്ടിലേക്കയച്ച് ഫല്‍ഗു സഹോദരിമാരോട് കൂലിപണിക്ക് പോകുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സഹോദരിമാരുടെ കൂലിപണി അവസാനിപ്പിച്ചത് തന്നെയാണ് ഫല്‍ഗൂനെ സംബന്ധിച്ചിടത്തോളം ഏറ്റവും വല്ലിയ നേട്ടമായതെന്ന് ഫല്‍ഗു സഹമുറിയന്മാരോട് അല്പം അഹങ്കാരത്തോടെതന്നെയാണ് പറയാറ്.

മൂന്ന് വര്‍ഷത്തെ പ്രവാസത്തിനിടക്ക് ആദ്യം ലഭിച്ച അവധിക്ക് മടങ്ങി പോക്കില്‍ ഫല്‍ഗു മൂത്ത ചേച്ചിയുടെ വിവാഹം അധികം ആഢംബരമൊന്നുമില്ലാതെ ഭംഗിയായി തന്നെ നടത്തി. പെങ്ങളുടെ ഭര്‍ത്താവിന് ഒരു വിസതരപ്പെടുത്താനും ഫല്‍ഗുവിന് അധികം അദ്ധ്വനിക്കേണ്ടി വന്നില്ല. ഒരോ മുമ്മൂന്ന് വര്‍ഷം കൂടുമ്പോഴും നാട്ടിലേക്ക് പറക്കുന്ന ഫല്‍ഗു ഒരോതവണയും ഒരോ ചേച്ചിമാരുടേയും വിവാഹം നടത്തി. വിവാഹാനന്തരം അളിയന്മാര്‍ ദുബായിലേക്കെത്തുകയും ചെയ്തു കൊണ്ടിരുന്നു. മൂന്ന് ചേച്ചിമാരുടേം വിവാഹശേഷവും വീട് പുതുക്കി പണിയണം എന്ന ബന്ധുക്കളുടേം കൂട്ടുകാരുടേം നിര്‍ബന്ധം അനുസരിക്കപെടാതെ അവശേഷിച്ചു എന്ന് മാത്രം.

നാലാം ലീവിനുള്ളപോക്കില്‍ ഫല്‍ഗുവും വീവാഹിതനായി. ഒരു ചെറുചടങ്ങ്. സ്ത്രീധനമൊന്നും ഫല്‍ഗുവിന് പ്രശ്നമല്ലായിരുന്നു. കൊടുക്കുവാന്‍ നാട്ടുകാര്‍ തയ്യാറുമായിരുന്നു. പക്ഷേ ഫല്‍ഗു തിരഞ്ഞെടുത്തത് ഒരു ഭാര്യയായിരുന്നു. വിലപേശാന്‍ ഫല്‍ഗുവിന് വശമുണ്ടായിരുന്നുമില്ല. ഫല്‍ഗുവിന് അതിന് താല്പര്യവുമുണ്ടായിരുന്നില്ല. മൂന്ന് പെങ്ങള്‍മാരും ഭര്‍ത്താക്കന്മാരോടോപ്പം ഗള്‍ഫില്‍ സുഖമായി കഴിയുന്നു. ഫല്‍ഗുവും ഭാര്യയെ വിസിറ്റ് വിസയില്‍ കൊണ്ടു വന്നിരുന്നു. ഇപ്പോള്‍ മൂന്ന് പെണ്‍കുട്ടികള്‍ ഫല്‍ഗുവിനൊണ്ട്. മൂന്ന് പേരും പഠിക്കാന്‍ മിടുക്കരുമാണ്. ഇതെല്ലാം നേടികൊടുത്തത് ഫല്‍ഗുവിന്റെ അദ്ധ്വാനമാണെന്ന് നാട്ടുകാരും ദുബായി ജീവിതമാണെന്ന് ഫല്‍ഗുവും. ഫല്‍ഗുവിന്റെ വാദഗതിയാണ് ശരിയെന്ന് വിധിച്ചുകൊണ്ട് ഇതാ ഇപ്പോള്‍ ഈ വല്ലിയ സമ്മാനവും.

അഞ്ചുലക്ഷം ദിര്‍ഹം! ലോട്ടറിയെടുക്കുകയെന്നത് ജീവിതത്തിലൊരിക്കലും ഫല്‍ഗു ചെയ്യാത്ത ഒരു കൃത്യം. നാട്ടിലേക്ക് പണമയച്ചപ്പോള്‍ കിട്ടിയ കൂപ്പണില്‍ പേരെഴുതി എക്സ്ചേഞ്ചില്‍ വച്ചിരുന്ന ഒരു പെട്ടിയില്‍ നിക്ഷേപിക്കുക മാത്രമേ ഫല്‍ഗു ചെയ്തുള്ളു. ഒരാഴ്ചകഴിഞ്ഞപ്പോള്‍ സമ്മാ‍ന വിവരവുമായി മൊബൈല്‍ ശബ്ദിച്ചു.

പിന്നെ എല്ലാം പെട്ടെന്ന് കഴിഞ്ഞു. പതിനേഴ് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഭാഗ്യവാന് പൌരസമിതി ഗംഭീര സ്വീകരണം തന്നെ നല്‍കി. അദ്ധ്വാനിയായ ഫല്‍ഗുവിനെ കണ്ടുപഠിക്കാന്‍ പൌരമുഖ്യന്മാര്‍ പുതു തലമുറയോട് അലമുറയിട്ടു. സ്വീകരണം കഴിഞ്ഞ് പോകവേ ഫല്‍ഗു പ്രത്യാകമായി കൊണ്ടു വന്നിട്ടുണ്ടാകുമെന്ന് പൌരമുഖ്യര്‍ വെറുതേ കരുതിയ നിറമുള്ള ലഹരിക്ക് വേണ്ടി പൂമുഖത്ത് തിരക്കഭിനയിച്ച് നിന്നവര്‍‍ നിരാശരായി. ഫല്‍ഗുവിന്റെ ജീവിതത്തില്‍ ലഹരി പാനീയങ്ങള്‍ക്ക് പ്രസക്തിയൊന്നും ഉണ്ടായിരുന്നില്ല എന്ന തിരിച്ചറിവോടെ പൌരപ്രമാണിമാര്‍ ഫല്‍ഗുവിന്റെ വീടു വിട്ടിറങ്ങി.

ഫല്‍ഗൂനനെ കൊണ്ട് വീട് പൊളിച്ച് പുതിയത് പണിയിക്കാന്‍ നാട്ടുകാരും വീട്ടുകാരും പരിചയക്കാരും വിശിഷ്യാ കോണ്ട്രാക്ടര്‍മാരുമൊക്കെ വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നു. ഗള്‍ഫിലുള്ള സഹോദരിമാരും കുടുംബവീട് പൊളിച്ച് പുതിയത് പണിയണം എന്ന നിര്‍ബന്ധത്തിലായിരുന്നു. പഴയ വീടിന്റെ കുറവുകളേ കുറിച്ചും പുതിയ വീട് വന്നാലുണ്ടാകാന്‍ പോകുന്ന ഗുണങ്ങളെ കുറിച്ചും ഫല്‍ഗൂന്റെ ഭാര്യ നിര്‍ത്താതെ പതം പറഞ്ഞ് ഒടുവില്‍ ഫല്‍ഗൂന്റെ കൊണ്ട് തറവാട് പൊളിപ്പിച്ചു. പുതിയ വീട്ടിന്റെ പണി ഒരര്‍ത്ഥത്തില്‍ ഫല്‍ഗൂന് സന്തോഷം ഉണ്ടാക്കുകയും ചെയ്തു. രാവിലെ മുതല്‍ വെറുതെയിരിക്കുക എന്ന ശിക്ഷയില്‍ നിന്നും താല്‍കാലികമായെങ്കിലും ഒരു മോചനമായല്ലോ. നേരം പരപരാ വെളുക്കുമ്പോള്‍ തന്നെ ഫല്‍ഗു കവറോളും ഇട്ട് വീടിന്റെ പണിക്കാരേം പ്രതീക്ഷിച്ച് നില്‍ക്കും. എട്ട് മണിക്ക് പണിക്ക് കയറേണ്ടവര്‍ കൃത്യം ഒമ്പത് മണിക്ക് തന്നെ എത്തും. ഫല്‍ഗു പുലര്‍ച്ചേ നാലു മണിക്ക് തന്നെ റെഡിയായിട്ടുണ്ടാവും. വാടക വീട്ടില്‍ നിന്നും പുതുവീട്ടിന്റെ പണിസ്ഥലത്തേക്ക് നടന്നെത്തുകയെന്നതും ഫല്‍ഗൂന് സമയം പോക്കാനുള്ള ഒരു ഉപാധിയായി.

ലോട്ടറി കിട്ടിയോനെ പണിക്കാര്‍ നന്നായി തന്നെ സേവിച്ചു. വീടു പണി കഴിഞ്ഞപ്പോഴേക്കും ലോട്ടറി വീണ ബാങ്ക് അക്കൌണ്ട് ഈര്‍ക്കിലി പരുവമായി കഴിഞ്ഞിരുന്നു എന്നത് ഫല്‍ഗൂന് മാത്രമറിയാവുന്ന സത്യം. ഭാര്യക്ക് അതിലൊന്നും ശ്രദ്ധിക്കാന്‍ സമയമുണ്ടായിരുന്നില്ല. ടി.വിയിലെ പുതു പരസ്യങ്ങള്‍ നോക്കി വീട് ആധുനിക വത്കരിക്കുക എന്ന അദ്ധ്വാ‍നത്തിലായിരുന്നു ഭാര്യ മുഴുവന്‍ സമയവും. രണ്ടു നിലക്ക് തലയുയര്‍ത്തി നിന്ന വീട് കാണെ കാണെ ഫല്‍ഗൂന് സന്തോഷത്തെക്കാളേറേ നഷ്ടബോധമാണ് ഉണ്ടായത്. ദുബായിലെ ഒറ്ററൂമിലെ എട്ടു പേരെന്ന ആഢംബരം ഫല്‍ഗൂന് ഗൃഹാതുരത്വം ആയി.

വീട് പണി കഴിയവേ ഫല്‍ഗൂ തൊഴില്‍ രഹിതനായി. ചെയ്യാന്‍ പണിയൊന്നും ഇല്ല. ഫല്‍ഗു പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. വെറുതെയിരിക്കുക എന്ന കൃത്യത്തിനായി പുലര്‍ച്ചേ നാലുമണിക്ക് കൃത്യമായി ഉറക്കമെഴുന്നേല്‍ക്കാതിരിക്കാന്‍ ഫല്‍ഗുവിന് കഴിഞ്ഞില്ല. പിന്നെ വൈകുംവരെ വെറുതെയിരിക്കുക എന്നത് ഫല്‍ഗുവിനെ സംബന്ധിച്ചിടത്തോളം വല്ലാത്ത പരീക്ഷണവുമായി കഴിഞ്ഞിരുന്നു. തൂമ്പയുമായി പുരയിടത്തില്‍ ഇറങ്ങാമെന്ന് കരുതിയപ്പോള്‍ ഭാര്യമാത്രമല്ല വിലക്കിയത്. അടുത്ത പുരയിടത്തില്‍ പണിയെടുത്തുകൊണ്ടിരുന്ന വേലായുധനും പറയാനുണ്ടായിരുന്നത്:
“ഫല്‍ഗു മുതലാളി കൂന്താലിയെടുക്കുകയോ? അയ്യോ പാടില്ല. നാളെ ഞാന്‍ കുഞ്ഞികുട്ടനെ ഇങ്ങോട്ട് പറഞ്ഞ് വിടാം”
എന്നാണ്. പിറ്റേന്ന് മുതല്‍ കുഞ്ഞികുട്ടന്‍ ചാര്‍ജെടുക്കുകയും ചെയ്തു.

അങ്ങിനെ എങ്ങോട്ട് തിരിഞ്ഞാലും ആവശ്യപ്പെടാതെ തന്നെ പരിചാരകന്മാര്‍. ഫല്‍ഗുവിന് ശ്വാസം മുട്ടലായി പരിചാരക വൃന്ദം വീട്ടിലും മുറ്റത്തുമൊക്കെയായി കറങ്ങി നടന്നു. രാവിലെ നാലുമണിക്ക് ഉറക്കമുണരാതിരിക്കാന്‍ ഫല്‍ഗുവിന് കഴിഞ്ഞതേയില്ല. ഉറക്കം വിട്ടെഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങളെല്ലാം കഴിഞ്ഞ് ടി.വി. യുടെ മുന്നില്‍ കുത്തിപ്പിടിച്ചിരിക്കുക ക്രിത്യസമയത്ത് പ്രാതല്‍ ഉച്ചയൂണ് അത്താഴം ഇടക്ക് ഒന്നു രണ്ട് ചായ അങ്ങിനെയായി ഫല്‍ഗൂന്റെ ദിനചര്യ. ഇതൊന്നുമായും ഇഴകിചേരാന്‍ ഫല്‍ഗൂന് കഴിഞ്ഞുമില്ല. വെറുതെയിരിക്കുക എന്ന ദുഷ്കരമായ അവസ്ഥക്ക് അടിമയാകാന്‍ ഫല്‍ഗൂന് കഴിയുമായിരുന്നില്ല.

അങ്ങിനെയിരിക്കയാണ് ഫല്‍ഗൂന് സ്വയം ചെയ്യാവുന്ന ഒരിക്കലും പരിചാരകന്മാര്‍ ശല്യം ചെയ്യാത്ത ഒരു നേരമ്പോക്ക് ലഭിച്ചത്. കാലിന്റെ മടമ്പില്‍ ഒരു ചെറിയ ചൊറിച്ചില്‍. ടി.വീ. ദര്‍ശിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫല്‍ഗു മടമ്പില്‍ ചെറുതായി ചൊറിഞ്ഞു കൊണ്ടിരിക്കും. ചൊറിഞ്ഞു തുടങ്ങിയടത്ത് ഒരു കുരുപ്പ് മൂന്ന് നാലു ദിനം കൊണ്ട് പ്രത്യക്ഷപെട്ടപ്പോള്‍ ഫല്‍ഗുവിനുണ്ടായ സന്തോഷം സമ്മാനം ലഭിച്ചു എന്ന് സന്ദേശം ലഭിച്ചപ്പോഴുണ്ടായതിനേക്കാള്‍ എത്രയോ വലുതായിരുന്നു. വളര്‍ന്ന് വരുന്ന കുരുപ്പിനെ പരിപോഷിപ്പിച്ച് ഫല്‍ഗു അനിര്‍വചനീയമായ ഒരു നിര്‍വൃതിയോടെ ടി.വി.യുടെ മുന്നിലിരുന്നു. ദിവസങ്ങള്‍ കഴിയവേ കുരുപ്പ് വലുതായി കൊണ്ടിരുന്നു. മറ്റാരെങ്കിലും കണ്ട് തന്റെ കുരുപ്പ് ചികിത്സിപ്പിക്കാന്‍ ശ്രമിക്കുമോ എന്ന ചിന്തയില്‍ നിന്നും ഉയര്‍ന്ന ഭയത്തില്‍ ഫല്‍ഗു തന്റെ ചൊറി രഹസ്യമാക്കി തന്നെ വെച്ചു.ലുങ്കിയുടെ തുമ്പ് മറച്ച് ലുങ്കിക്കടിയിലൂടെ കാലിന്റെ മടമ്പ് ചൊറിഞ്ഞ് കൊണ്ട് ഫല്‍ഗു രഹസ്യമായി ആ അനുഭൂതി നുണഞ്ഞ് കോണ്ട് ദിനങ്ങള്‍ തള്ളി നീക്കി. ചെറിയ കുരുപ്പ് വൃണമായി മാറവേ ലുങ്കിയുടെ മറവിനെ അവഗണിച്ച് പുറപെട്ട ദുര്‍ഗന്ധത്താല്‍ കണ്ടുപിടിക്കപെട്ട വൃണത്തെ സുഖപ്പെടുത്താന്‍ ഭാര്യയും മക്കളും പരിചാരകന്മാരും ശ്രമിച്ചത് സ്വീകരണമുറിയില്‍ നിന്നും ഫല്‍ഗൂ അപ്രത്യക്ഷമാകാന്‍ കാരണമായി. പതിവുപോലെ ഒരു ദിനം പുലര്‍ച്ചേ നാലുമണിക്ക് ഉറക്കമെഴുന്നേറ്റ ഫല്‍ഗൂനെ പിന്നെയാരും കണ്ടിട്ടില്ല.

ഫല്‍ഗു എവിടെ എന്ന ചോദ്യം ഇപ്പോള്‍ ആരും ചോദിക്കുന്നില്ല. പെണ്മക്കള്‍ മൂന്ന് പേരും എവിടെയാണെന്നും ആര്‍ക്കും അറിയില്ല. ഭാര്യ ഒരുമുഴം കയറില്‍ നിത്യ ശാന്തി പ്രാപിച്ചതിന് ശേഷം ആ കുട്ടികളെ ചില ദിനങ്ങള്‍ കൂടി മാത്രമേ വീട്ടില്‍ കണ്ടുള്ളു. ദുബായിലായിരുന്ന ഫല്‍ഗൂന്റെ ഓപ്പോള്‍ മാ‍ര്‍ക്കൊന്നും ആ അത്യഹിതം നടന്നിട്ട് നാട്ടിലേക്ക് വരാനും കഴിഞ്ഞില്ല. അവര്‍ക്ക് അവരുടേതായ തിരക്കുകള്‍ ഉണ്ടായിരുന്നു.

ഫല്‍ഗുനനും തിരക്കായിരുന്നു. ശരീരമാസകലം പൊട്ടിയൊലിക്കുന്ന വൃണങ്ങളുമായി ധര്‍മ്മാശുപത്രിയിലെ മൂലക്ക് നിര്‍ത്താതെ ചൊറിഞ്ഞ് കൊണ്ടേയിരിക്കുകയാണ് അദ്ധ്വാനിയായ ഫല്‍ഗു. ചൊറികുത്തല്‍ എന്ന തന്റേത് മാത്രമായ തൊഴില്‍ അവിരാമം തുടരാനിപ്പോള്‍ ഫല്‍ഗൂന് തടസ്സമേതുമില്ല തന്നെ.

(വായനക്കാരാ: കഥ തികച്ചും സാങ്കല്പികമാണ് കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരും)

Saturday, May 10, 2008

അമേരിക്കയില്‍‌ നിന്നും ലോകം കാംക്ഷിക്കുന്നത് എന്തെന്നാല്‍...

അമേരിക്കയില്‍ ഒരു പ്രസിഡന്റിനെ തിരഞ്ഞെടുക്കുക എന്നാല്‍ ഏക ധ്രുവ ലോക ക്രമത്തില്‍ ഒരു അന്താരാഷ്ട്രാ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് തുല്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്നതിലുപരി അന്താരാഷ്ട്രാ പൊതു സമൂഹത്തിന് വേണ്ടി എന്തു ചെയ്യുന്നു എന്നുള്ളതാണ് ചിന്തനീയം. അമേരിക്കയുടെ ഭരണത്തലവന്‍ കഴിവ് കെട്ടവനും ഹിംസയെ പ്രോത്സാഹിപ്പിക്കുന്നവനും സ്വന്തം പ്രജകള്‍ക്ക് പോലും അനഭിമതനും ആയിതീര്‍ന്നാല്‍ ലോക സമാധാനത്തിനും പൊതു ജീവിതത്തിനും ആ പ്രസിഡന്റ് പദവി ഏല്പിക്കുന്ന അഘാതങ്ങള്‍ ചെറുതല്ലാത്തതായിരിക്കും. ഇന്ന് ലോകം നേരിടുന്ന പ്രതിസന്ധികള്‍ തന്നെയാണ് അതിനുദാഹരണം.


ഒരു രാജ്യത്തെ ഭരണ കൂടത്തിന്റെ വീഴ്ചയില്‍ നിന്നും ജനതയുടെ ശ്രദ്ധ തിരിച്ച് വിടുവാന്‍ പലപ്പോഴും ഭരണാധികാരികള്‍ കാട്ടുന്ന ചെപ്പടി വിദ്യകളില്‍ ഒന്നാണ് അന്യ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്ന് കയറ്റം. ആ നശിച്ച സെപ്തംബര്‍ പതിനൊന്നിന്റെ തലേന്ന് വരെ ഭൂ‍ലോകത്തെ ഏറ്റവും സുരക്ഷിതരായ ഒരു സമൂഹമാണ് തങ്ങെളെന്നായിരുന്നു അമേരിക്കന്‍ ജനത കരുതിയിരുന്നത്. ഏതാനും കൂലിപടയാളികള്‍ ഒന്നിരുത്തി ചിന്തിച്ച് ഒത്തുപിടിച്ചപ്പോള്‍ തകര്‍ന്നത് ഒരു ഇരട്ട കെട്ടിടം മാത്രം ആയിരുന്നില്ല. ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തികളാണ് തങ്ങളെന്ന അതുവരെയുണ്ടായിരുന്ന അമേരിക്കന്‍ പൊതു സമൂഹത്തിന്റെ വിശ്വാസം കൂടിയാണ്. ആ തകര്‍ച്ചയുടെ അടിവേര് ചെന്ന് നില്‍ക്കുന്നത് ആഭ്യന്തര സുരക്ഷയില്‍ ഭരണകൂടത്തിനുണ്ടായ ഭീതിതമായ പിഴവിലേക്കാണ്. ആ പിഴവ് മറച്ച് വെക്കാനാണ് ആദ്യം അഫ്‌ഗാനിസ്ഥാനിലേക്കും പിന്നെ ഇറാക്കിലേക്കും അമേരിക്കന്‍ ഭരണകൂടം ഇരച്ച് കയറിയത്.

ആറ് വര്‍ഷത്തിനിപ്പുറവും അക്രമകാരികളെ അമര്‍ച്ച ചെയ്യാന്‍ തങ്ങളെ കൊണ്ട് കഴിഞ്ഞിട്ടില്ല എന്ന് അമേരിക്കന്‍ ഭരണകൂടം കുറ്റ സമ്മതം നടത്തുമ്പോള്‍ ആറ് വര്‍ഷത്തിനപ്പുറം അമേരിക്കന്‍ പൌരന്മാര്‍ എത്രത്തോളം സുരക്ഷിതരായിരുന്നു അല്ലെങ്കില്‍ ലോകം എത്രത്തോളം അപകട രഹിതമായിരുന്നു എന്ന് കൂടി ചിന്തിക്കണം. തങ്ങളുടെ പിഴവുകളുടെ ഫലമായി ഉണ്ടായ ഒരു സംഭവത്തിന് പ്രതികാരത്തിനിറങ്ങി തിരിച്ചവര്‍ ലോകത്ത് കൂടുതല്‍ അനാഥരെ സൃഷ്ടിച്ചു. അനാഥത്വം തീവ്രവാദികള്‍ക്കും ഭീകരതക്കും ജന്മം നല്‍കി. അങ്ങിനെ അമേരിക്കയുടെ താരതമ്യേന കഴിവു കെട്ട, ലോക സമൂഹത്തിന്റെ നിലനില്പിനെ കുറിച്ച് ചിന്തിക്കാത്ത ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ കീഴില്‍ ലോകം ഏറ്റവും ദുര്‍ഘടമായ പാതയിലൂടെ സഞ്ചരിക്കാന്‍ നിര്‍ബന്ധിതമായി. അമേരിക്കന്‍ പ്രസിഡന്റിന്റെ പിടിപ്പുകേടില്‍ ലോകം ദുരന്തങ്ങളില്‍ നിന്നും ദുരന്തങ്ങളിലേക്ക് പ്രയാണം നടത്തവേയാണ് രണ്ടായിരത്തി എട്ടിലെ പൊതു തിരഞ്ഞെടുപ്പ് കടന്ന് വരുന്നത്.


ഹില്ലാരി ക്ലീന്റണ്‍ അമേരിക്കയുടെ പ്രഥമ വനിതയായിരുന്ന ഒരു കാലഘട്ടത്തില്‍ അവരുടെ നയ ചാതുരിയില്‍ അത്ഭുതം തോന്നിയിരുന്നു. ഡയാന രാജകുമാരി ലോകത്തിന് എങ്ങിനെ പ്രിയപ്പെട്ടവളായിരുന്നുവോ അതിന് തുല്യമോ അല്ലെങ്കില്‍ ഒരു പടി കൂടിയോ ലോകം ഹില്ലാരിയെ സ്നേഹിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. രണ്ടായിരത്തി എട്ടിലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശ്രീമതി ഹില്ലാരി സ്ഥാനാര്‍ത്ഥിയാകും എന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ അമേരിക്കയില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുന്നു എന്നതിലുപരി ലോക ക്രമത്തിന് പുതിയ മാനങ്ങള്‍ ഉണ്ടാകും എന്ന സന്തോഷമാണ് ലോക സമാധാനം കാംക്ഷിക്കുന്ന ഏവര്‍ക്കും ഉണ്ടായത്. ബാരിക്ക് ഒബാമയുടെ സ്ഥാനാര്‍ത്ഥിത്വം ഹില്ലാരിക്ക് ഉറക്കം നഷ്ടപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ മുതലാണ് ശ്രീമതി ഹില്ലാരിയുടെ തനിനിറം പുറത്ത് വരാന്‍ തുടങ്ങിയത്.

രണ്ടായിരത്തി എട്ടില്‍ അമേരിക്കയുടെ പ്രസിഡന്റ് താനായിരിക്കുമെന്ന് ഉറപ്പിച്ച് പ്രചാരണം ആരംഭിച്ച ശ്രീമതി ഹില്ലാരി തിരഞ്ഞെടുപ്പ് പ്രകൃയയില്‍ നിന്നും പതുക്കെ പതുക്കെ പുറന്തള്ളപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരിക്കലും ഇങ്ങിനെയൊരു പരിണതി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച നിമിഷങ്ങളില്‍ ശ്രീമതി ഹില്ലാരി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. നോര്‍ത്ത് കാരളൈന്‍ പ്രൈമറിയിലെ പരാജയവും ഇന്‍‌ഡ്യാനയിലെ നിറമില്ലാത്ത വിജയവും ഹില്ലാ‍രി ക്ലിന്റണെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള മത്സരയോട്ടത്തില്‍ നിന്നും പിന്‍‌വാങ്ങാന്‍ നിര്‍ബന്ധിതയാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അതാത് രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന് വേണ്ടി നടത്തപ്പെടുന്ന പ്രൈമറികളിലെ വോട്ടെടുപ്പ് അവസാ‍നത്തോടടുക്കുമ്പോള്‍ തുടക്കം മുതല്‍ തന്നെ ഹില്ലാരിയെ പിന്തള്ളിയ ഒബാമ തന്റെ സ്ഥാനാര്‍ത്ഥിത്വം അവസാനം നടന്ന രണ്ട് പ്രൈമറികളില്‍ കാട്ടിയ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ ഉറപ്പിച്ചിരിക്കുന്നു.


ഒരു തിരിച്ചുവരവ് ഹില്ലാരിക്ക് ഇന്നി അപ്രാപ്യമാണ്. അത് മറ്റേരേക്കാളും അറിയുന്നത് ഹില്ലാരിക്കാണ് താനും. പിന്നെയും അവസാനം ഫലം വരുന്നതു വരെയും പോരാടും എന്ന നിലപാടിലേക്ക് ഹില്ലാരി നീങ്ങുന്നത് എന്തു കൊണ്ടാണ്? ഒന്നും കാണാതെയാകില്ല ഹില്ലാരി ഈ തീരുമാനം എടുത്തിരിക്കുക.ആന്റി ക്ലൈമാക്സിലേക്ക് നീങ്ങുന്ന ഹില്ലാരി ഒബാമ പോരാട്ടത്തിനൊടുവില്‍ ഹില്ലാരി തന്നെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയാകുന്നിടത്ത് ആയിരിക്കും ഈ നാടകങ്ങള്‍ അവസാനിക്കുക. സൂപ്പര്‍ ഡെലിഗേറ്റുകളുടെ പിന്തുണയോടെ ഹില്ലാരി അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മെക്കയനോട് പരാജയം ഏറ്റു വാങ്ങുകയും ചെയ്യും.


സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്കെതിരേ പോലും ഏത് നെറികെട്ട പ്രചാരണവും നടത്താന്‍ മടിക്കാത്ത, പൊട്ടിക്കരഞ്ഞും പുലഭ്യം പറഞ്ഞും വോട്ടു കൂട്ടാന്‍ ശ്രമിക്കുന്ന ശ്രീമതി ഹില്ലാരി ക്ലിന്റണില്‍ നിന്നും അമേരിക്കയോ അല്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹമോ എന്ത് പ്രതീക്ഷിക്കണം? പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പോലും ആകുന്നതിന് മുന്നേ ഒരു രാഷ്ട്രത്തിനെതിരേ യുദ്ധ പ്രഖ്യാപനം നടത്തുന്ന ശ്രീമതി ഹില്ലാരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കക്കും ലോകത്തിനും വരുത്തി വെക്കാന്‍ പോകുന്ന വിനകള്‍ എന്തൊക്കെയാകും? എന്ത് വിലകൊടുത്തും വിജയം വരിക്കാന്‍ ശ്രമിക്കുന്ന ഒരു നേതാവും ഒരു ജനതക്കും ഹിതകരമല്ല. ശ്രീമതി ഹില്ലാരിയെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും തടയാന്‍ ശ്രമിക്കുന്ന ഡെമോക്രാറ്റ് പാര്‍ട്ടീ പ്രവര്‍ത്തകര്‍ ലോകത്തെ തന്നെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

അമേരിക്കയില്‍ ഒരു മാറ്റം അനിവാര്യമാണ്. ബാരിക് ഒബാമ അമേരിക്കയില്‍ മാറ്റത്തിന് നാന്നി കുറിക്കുമെന്ന് ലോകം കരുതുന്നു. ആ മാറ്റം സമാധാനപരമായ ലോക ക്രമത്തിനും അനിവാര്യമാണ്. ബാരിക്ക് ഒബാമയില്‍ ലോകം വേറിട്ട ഒരു അമേരിക്കന്‍ പ്രസിഡന്റിനെയാണ് ദര്‍ശിക്കുന്നത്. അന്താരാ‍ഷ്ട്രാ സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് അമേരിക്കന്‍ പ്രസിഡന്റാകുന്ന ബാരിക് ഒബാമക്ക് ഉയരാന്‍ കഴിയുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബാരിക് ഒബാമ മത്സരിക്കാന്‍ ഉണ്ടാകില്ല.

ലോകത്തെ ഏറ്റവും പരിഷ്കൃത സമൂഹം വംശീയതയുടെ പേരില്‍ ബാരിക്ക് ഒബാമയെ പിന്നിലേക്ക് മാറ്റി ശ്രീമതി ഹില്ലാരിയെ സ്ഥാനാര്‍ത്ഥിയാക്കും. പെണ്ണിനെ പ്രസിഡന്റാക്കാന്‍ മടിക്കുന്ന അമേരിക്കന്‍ യാഥാസ്തിക സമൂഹം ഹില്ലാരി എന്ന പെണ്ണിനെതിരേ വോട്ട് കുത്തും. ശ്രീമാന്‍ ബുഷിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയായ, യുദ്ധവെറിയില്‍ മുന്‍‌ഗാമിയേക്കാള്‍ ഒട്ടും പിന്നിലല്ലാത്ത മെക്കയന്‍ ലോകത്തെ ബുഷിന്റെ പാതയിലൂടെ തന്നെ ആട്ടിതെളിക്കും. യുദ്ധങ്ങള്‍ പരമ്പരയാകും. അനാഥര്‍ ഇന്നിയും കൂടും. തീവ്രവാദം ലോകക്രമമായി തീരും. ഇതില്‍ കൂടുതല്‍ ഒന്നും ലോകത്തെ വന്‍ ശക്തിയില്‍ നിന്നും പ്രതീക്ഷിക്കുക വയ്യ.

Monday, May 05, 2008

ആരും അച്ചായനെ അനുകരിക്കാന്‍‌ ശ്രമിക്കരുതേ...

(ഇതൊരു പുനര്‍ പോസ്റ്റിങ്ങാണ്. ഇന്നലെ ഒരു പോസ്റ്റിനുള്ള വഹ നമ്മുടെ ബുഷണ്ണന്‍ തന്നിരുന്നു. ഇന്ന് ചൊറിയും കുത്തിയിരുന്നിട്ടും ഒരു പോസ്റ്റിനുള്ള വഹയും കിട്ടിയില്ല. എന്നാ പിന്നെ പഴയതൊന്നെടുത്ത് പൊടി തട്ടിയിട്ടേക്കാമെന്ന് വെച്ചു. മധുരമുള്ള ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ച് പ്രവാസം മതിയാക്കി ആറേഴ് വര്‍ഷം മുമ്പ് കുടുംബത്തോടൊപ്പം വിശ്രമ ജീവിതത്തിനായി നാട് പുല്‍കിയിട്ട് ഉറ്റവരാലും സ്വന്തം മക്കളാലും അവഗണിക്കപ്പെട്ട് വൃദ്ധസദനത്തില്‍ അവസാനത്തെ വണ്ടിയും കാത്ത് കഴിയുന്ന അച്ചായനെ ഒന്നു കൂടി സ്മരിക്കാന്‍‍ ഒരവസരവും. ഈ പോസ്റ്റില്‍ പരാമര്‍ശിക്കുന്ന മകള്‍ പോലും അച്ചായന് വാര്‍ദ്ധക്യത്തില്‍ തുണയല്ല. കെട്ടിയോനൊപ്പം അമേരിക്കാവില്‍ സുഖവാസത്തിലായ ആ മകള്‍ക്കറിയേണ്ടല്ലോ ഈ പോസ്റ്റിന്റെ പിന്നമ്പുറത്ത് അച്ചായന്‍ നേരിട്ട പ്രതിസന്ധികള്‍...)


സംഭവം നടക്കുന്നത് പന്ത്രണ്ട് വര്‍ഷം മുമ്പ്.
ആ ദിനങ്ങളില്‍ അച്ചായനാകെ വിഷമത്തിലായിരുന്നു. കാരണം മകളുടെ മെഡിസിന്‍ പ്രവേശനം പണത്തിന്റെ കുറവില്‍ തട്ടി മുന്നോട്ട് നീങ്ങാതെ നില്‍ക്കുകയാണ്. സഹമുറിയന്മാരായ ഞങ്ങള്‍ അഞ്ചു പേരും കഴിയാവുന്നതൊക്കെ ചെയ്തിട്ടും ഒരുമാതിരി പരിചയമുള്ളവരോടൊക്കെ പണം കടമായി വങ്ങിയിട്ടും ഒരു വിളിക്കുറി നടത്തിയിട്ടും ഇനിയും വേണം അച്ചായന്‌ മകളുടെ പഠനത്തിന് തലവരി കെട്ടാന്‍ ദിര്‍ഹം 25,000/=. തലവരി അടക്കാനുള്ള അവസാന ദിനത്തിന് രണ്ടു പകലുകള്‍ മാത്രം ബാക്കി‌.

പണത്തിന് വഴിയേതും കാണാതെ അച്ചായന്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചത്‌ ഞങ്ങള്‍ വ്യസനത്തോടെ തിരിച്ചറിഞ്ഞിരിന്നു. പ്രയാസം കാണാന്‍ നില്‍ക്കാതെ ഞങ്ങള്‍ പുലര്‍ച്ചെ കമ്പനിയിലേക്ക്‌ പോയി. അച്ചായന്‍ മകളുടെ പ്രവേശനത്തിനു വേണ്ടി പണത്തിനായി പായാന്‍ രണ്ടു ദിവസത്തേക്ക്‌ മെഡിക്കല്‍ ലീവെടുത്തിരിക്കയാണ്‌. അച്ചായന്റെ വിഷമം ഇന്നും കാണണമല്ലോ എന്ന മനസ്താപത്തോടെയാണ്‌ ജോലി കഴിഞ്ഞ് റൂമിലെത്തിയത്‌. പക്ഷെ തികച്ചും സന്തോഷഭരിതനായി "സ്ത്രീ" യും കണ്ടിരിക്കുന്ന അച്ചായനെയാണ്‌ കണ്ടത്‌. പൈസ റെഡിയായോ എന്ന് ഞങ്ങള്‍ ചോദിച്ചില്ല.

പക്ഷെ അച്ചായന്‍ പറഞ്ഞു:"ഡെയ്‌ അതൊരുവിധം സോള്‍വ്‌ ചെയ്തു."

സോള്‍വു ചെയ്തത്‌ എങ്ങിനെയെന്നുള്ള ചോദ്യം അപ്രസക്തമായതുകൊണ്ട്‌ അത്‌ ഞങ്ങള്‍ ഒഴിവാക്കി.രാത്രി വൈകിയും ആരൊക്കൊയോ അച്ചായനെ കാണാന്‍ വന്നു കൊണ്ടിരുന്നു. രാവിലെ ലീവ്‌ ക്യാന്‍സല്‍ ചെയ്തു അച്ചായന്‍ ഞങ്ങളോടൊപ്പം കമ്പനിയിലേക്ക്‌ പുറപ്പെടുകയും ചെയ്തു. ഉച്ചക്ക്‌ തന്നെ 30,000/= ദിര്‍ഹം നാട്ടിലേക്കയച്ച അച്ചായന്‍ മകളുടെ പഠനത്തിനുള്ള തുക കണ്ടെത്തിയ സന്തോഷത്തിലായിരുന്നു.

ഞങ്ങളുടെ അത്ഭുതം ഹിമാലയം കയറിയിരുന്നു. ഇന്നലെ രാവിലെ വരെ പണത്തിന്‌ വേണ്ടി നെട്ടോട്ടമോടിയിരുന്ന അച്ചായന്‌ ഇത്രയും പണം ഒരു ദിവസം കൊണ്ടെങ്ങിനെ ഒത്തു. പരിചയക്കാരൊന്നും അത്രേം കൊടുക്കാന്‍ മാത്രം ത്രാണിയുള്ളവരല്ല. "വട്ടി പലിശക്കാരാണെങ്കില്‍" ഓ അങ്ങിനെ വല്ലതും ആയിരിക്കുമെന്ന് ഞങ്ങള്‍ സമാധാനിച്ചു.

വൈകിട്ട്‌ കുപ്പിയുമായി അച്ചായന്‍ കുഷിയായി "സ്ത്രീ" ക്കുമുന്നില്‍ ചമ്രം പടഞ്ഞിരിക്കയാണ്‌. ജബലാലിയിലുള്ള ഒരു ചങ്ങാതിയുടെ ഫോണ്‍. എല്ലാവരും "സ്ത്രീ" യുടെ മുന്നിലാണ്‌. ടീവിയുടെ ശബ്ദം കുറച്ചാല്‍ പച്ചത്തെറി ഉറപ്പ്‌. അച്ചാ‍യനുന്‍ “സ്ത്രീയും” തമ്മിലുള്ള വൈകാരിക ബന്ധം അറിയാവുന്നതു കൊണ്ട് തന്നെ കോവണിയിലേക്ക്‌ നടന്നു. മൊബൈലിന്റെ അങ്ങേ തലക്കല്‍ ജബലാലി ചങ്ങാതിയുടെ ശബ്ദം.

"ഡെയ്‌....നിങ്ങളുടെ അച്ചായന്റെ പക്കല്‍ എന്റെ ഒരു ചങ്ങാതീം 2,000/= ദിര്‍ഹം വിസക്ക്‌ അഡ്വന്‍സ്‌ കൊടുത്തിട്ടുണ്ട്‌....അത്‌ നമ്മുക്ക്‌ വേണ്ട പെട്ട ഒരാളാണ്‌. അക്കൗണ്ടന്റ്‌ വിസ തന്നെ തരപ്പെടുത്തി തരാന്‍ നീ കൂടൊന്ന് അച്ചായനോട്‌ പറയണേ..."
ചങ്ങാതിയുടെ ശുപാര്‍ശ്ശ അങ്ങിനെ നീണ്ടു പോയി.

അച്ചായന്റെ മകളുടെ മെഡിസിന്‍ പ്രവേശനത്തിന്റെ തലവരി പണത്തിന്റെ സ്രോതസ്‌ തിരിച്ചറിഞ്ഞപ്പോള്‍ 45 ദിവസത്തിന്‌ ശേഷം അച്ചായന്‍ വിസക്ക്‌ അഡ്വന്‍സ്‌ കൊടുത്തവരോട്‌ പറയാന്‍ പോകുന്ന മറുപടി എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ കഴിയുമായിരുന്നൂ...

Saturday, May 03, 2008

വെളിവ് കെട്ടവന്റെ വെളിപാടുകള്‍‌ !

“ഭാരത ദരിദ്രവാസികളേ നിങ്ങള്‍ പഷ്ണി കിടക്കൂ...ഞങ്ങള്‍ക്ക് തിന്നു കുടിച്ച് ആര്‍മ്മാദിക്കാനായി!”

പറയുന്നത് ലോകത്തിലേ ഏറ്റവും പരിഷ്കൃതസമൂഹമെന്ന് സ്വയം ഊറ്റം കൊള്ളുന്ന അമേരിക്കയുടെ ഭരണത്തലവന്‍. അസ്സഹിഷ്ണുതയുടെ ആള്‍രൂപമാണ് താനെന്ന് അനുനിമിഷം തെളിയിച്ചുകൊണ്ടിരിക്കുന്ന ജോര്‍ജ്ജ് ബുഷിന്റേതായി ഇപ്പോള്‍ വന്ന പ്രസ്ഥാവന ഭാരതത്തിലെ ദരിദ്രനാരായണന്മാര്‍ മൂന്ന് നേരം ഭക്ഷണം കഴിച്ചു തുടങ്ങിയതിനെതിരേയാണ്. ലോക ഭക്ഷ്യ പ്രതിസന്ധിക്ക് കാരണം ഭാരതത്തിലെ ദാരിദ്ര്യപേക്കോലങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് കഞ്ഞികുടിച്ചു തുടങ്ങിയതാണെന്നാണീ വിദ്വാന്റെ കണ്ടെത്തല്‍.

“ഞങ്ങളുടെ എണ്ണ എങ്ങിനെ നിങ്ങളുടെ ഭൂമിക്കടിയില്‍ വന്നൂ.....”
ഇതായിരുന്നു കുറച്ച് കാലമായി ജോര്‍ജ്ജ് ബുഷിന്റെ പ്രശ്നം. ആ പ്രശ്ന പരിഹാരത്തിനായി എണ്ണയുല്പാദന രാജ്യങ്ങളിലേക്കുള്ള തേരോട്ടം ഇറാക്കില്‍ തട്ടി നിന്നും പോയി. ഇറാനെ തൊടാനാണെങ്കില്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ ഉശ്ശിര് പോരാ താനും. നാലും മൂന്നും ഏഴ് താടിക്കാരായ അല്‍ഖായിദാക്കാരെ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി വേട്ടയാടാന്‍ തുടങ്ങിയിട്ടും അവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്ന ഉളിപ്പില്ലാത്ത പ്രസ്ഥാവനക്ക് പിന്നാലെ ഭാരത ദാരിദ്ര്യത്തിന്റെ മേലേ കുതിരകേറാനാണ് അമേരിക്കന്‍ പ്രസിഡന്റ് ശ്രമിക്കുന്നത്.

ലോകത്ത് ഭക്ഷ്യ പ്രതിസന്ധിയുണ്ടോ? ഭക്ഷ്യ പ്രതിസന്ധിയെന്നാല്‍ പണംകൊടുത്താലും ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാത്ത അവസ്ഥയാണ്. ഇന്ന് പണം കൊടുത്താല്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ലഭിക്കുന്നുണ്ട്. അതായത് ഭക്ഷ്യപ്രതിസന്ധിയല്ല ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നം, ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവാണ്.


ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവിന് കാരണമെന്താണ്? ഭാ‍രതത്തിലെ ദരിദ്രനാരായണന്മാര്‍ മൂന്ന് നേരം കഞ്ഞികുടിച്ചു തുടങ്ങിയതോ? അങ്ങിനെയൊരു വിലയിരുത്തലിന് ജോര്‍ജ്ജ് ബുഷും കൊണ്ടാലിസാ റൈസും മുതിര്‍ന്നത് ഏത് സ്റ്റാറ്റിക്സിന്റെ അടിസ്ഥാനത്തിലാണ്? ഭാരതത്തില്‍ നിന്നും അധിക ധാന്യശേഖരം അമേരിക്കയിലെ സാധാരണക്കാരെ തീറ്റിപ്പോറ്റുന്നു എന്നൊന്നും ഇതുവരെ പറഞ്ഞ് കേട്ടിട്ടില്ല. കുറേ കൊഞ്ചും തവളയും കുരുമുളകും കയറ്റി അയക്കുന്നുണ്ട് എന്നത് വാസ്തവം. പക്ഷേ മുട്ടവിറ്റ് കപ്പ വാങ്ങിക്കഴിക്കുന്ന ഭാരതീയന്റെ ഭക്ഷ്യസംസ്കാ‍രത്തിലെങ്ങും കൊഞ്ച് തവള കുരുമുളക് തുടങ്ങിയവ കടന്നുവന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല. പിന്നെ എങ്ങിനെ ഭാരതം ദാരിദ്ര്യത്തെ അതിജീവിക്കുന്നത് അമേരിക്കയിലെ അല്ലെങ്കില്‍ ലോകത്തിലെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകും?


അപ്പോള്‍ അതല്ല വസ്തുത. ലോകത്തിലെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനക്ക് കാരണം എണ്ണവിലയിലുണ്ടായ അഭൂതപൂര്‍വ്വമായ ഉയര്‍ച്ചയാണ്. ബാരലിന് നൂറ്റിപ്പതിനേഴ് ഡോളറില്‍ വിപണനം നടക്കുന്ന എണ്ണ ലോകത്ത് ഉണ്ടാക്കുന്ന പ്രതിസന്ധി തുല്യതയില്ലാത്തതാണ്. എണ്ണവില എന്തുകൊണ്ടിങ്ങനെ കുത്തനേ കയറുന്നു? ഉല്‍പ്പാദനം കുറച്ചിട്ടില്ലാ എന്നും ഉപഭോഗത്തിന് ആനുപാതികമായി തന്നെ ഉല്‍പ്പാദനം നടത്തുന്നുണ്ട് എന്നും എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ സാക്ഷ്യപത്രം വന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടില്ല. ഉല്‍പ്പാദനം കൂട്ടിയതു കൊണ്ടും എണ്ണയുടെ വിലകുറയുകയില്ലാ എന്നാണ് ഒപെക് രാജ്യങ്ങള്‍ ആ പ്രസ്ഥാവനയിലൂടെ സമര്‍ത്ഥിച്ചത്. അപ്പോള്‍ പിന്നെ എണ്ണ വില കൂടാനുള്ള കാരണം?

മധ്യേഷ്യയിലെ അനിശ്ചിതാവസ്ഥയാണ് ഇപ്പോള്‍ എണ്ണവില കുത്തനെ കയറി നില്‍ക്കാന്‍ കാരണമാകുന്നത്. ഇറാക്കിലെ പ്രതിസന്ധി പരിഹരിക്കപ്പെടുന്നില്ല. അതിനോടൊപ്പം ഇറാനെ ഇപ്പോള്‍ കയറി പിടിക്കും എന്ന അമേരിക്കയുടെ ഭീഷണിയും കൂടിയാകുമ്പോള്‍ നാളെ എന്തും സംഭവിക്കും എന്ന സ്ഥിതി. അതു കൊണ്ട് തന്നെ അവധി വ്യാപാ‍രത്തില്‍ എണ്ണ വിലകൂടി തന്നെ നില്‍ക്കുന്നു.

ഇല്ലാത്ത ആണവായുധം തേടി അമേരിക്ക ഏതു നിമിഷവും ഇറാനിലേക്ക് ഇരച്ച് കയറും, അത് മിക്കവാറും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടാകും എന്ന് വിപണി ധരിച്ച് വെച്ചിരിക്കുന്നു. നാളെ ഇറാനില്‍ ഉണ്ടാകാവുന്ന ഏത് അമേരിക്കന്‍ നടപടിയും എണ്ണയുല്പാദനം തകിടം മറിക്കും. അത് മുന്‍ കൂട്ടി കാണുന്ന വിപണി എണ്ണവില ഉയര്‍ത്തി തന്നെ നിര്‍ത്തുന്നു. അതായത് എണ്ണവില ഇങ്ങിനെ ആകാശം മുട്ടേ നില്‍ക്കുന്നതിന് കാരണം അടിക്കടി ഇറാനേ അക്രമിക്കുമെന്ന് ആണയിടുന്ന അമേരിക്ക തന്നെ. എണ്ണവില ഉയരുന്നതിന്ന് ആനുപാതികമായി ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും വിലകൂടുന്നു. ചുരുക്കത്തില്‍ എണ്ണവിലകൂടുന്നതിന് പ്രത്യക്ഷമായി തന്നെ കാരണക്കാരായ അമേരിക്ക തന്നെയാണ് ലോകത്ത് ഭക്ഷ്യോല്പന്നങ്ങളുടെ വിലകയറ്റത്തിനും കാരണം.


സ്വന്തം തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊള്ളാതെ ലോക ജനതയെ അപ്പാടെ തങ്ങളുടെ ജനതക്കെതിരാക്കി മാറ്റി ലോക ജീവിത ക്രമം തന്നെ താളം തെറ്റിക്കുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ അവരവരുടെ ചെയ്തികളുടെ ഫലമായുണ്ടാകുന്ന പ്രതിസന്ധികളെ മൂന്നാം ലോക രാജ്യങ്ങളുടെ പിടലിക്ക് വെച്ച് കെട്ടാന്‍ ശ്രമിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ അമേരിക്കയിലെ തന്നെ സാധാരണ പൌരന്മാര്‍ക്ക് കഴിയാത്തിടത്തോളം ലോകത്തെ ഒരു പ്രതിസന്ധിയ്ക്കും പരിഹാരമുണ്ടാകില്ല.

--------------------------------------------------
ചേര്‍ത്ത് വായിക്കേണ്ടത് :
1. അനില്‍ ശ്രീയുടെ ‍ ഇന്‍ഡ്യാക്കാര്‍ ആര്‍ത്തി പിടിച്ചവര്‍ - ബുഷ്
2. സ്വ.ലേയുടെ ബുഷെക്കൊണോമിക്സ് : അരി വിലാപങ്ങള്‍
3. മൂര്‍ത്തിയുടെ ‘അരി’കില്‍ നീ ഉണ്ടായിരുന്നില്ലെങ്കില്‍
4. ഗുപ്തന്റെ വാനര ജന്മം
5. ഇഞ്ചിപെണ്ണിന്റെ ജോര്‍ജ്ജ് ബുഷറിയാന്‍.

Friday, May 02, 2008

കാഴ്ചയാകുന്ന ദുരന്തങ്ങള്‍‌.....

ഭാരതത്തിന്റെ തലസ്ഥാന നഗരിയിലെ എണ്ണിയാലൊടുങ്ങാത്ത മന്ത്രാലയ ഓഫീസുകള്‍ മുതല്‍ നമ്മുടെ ഗ്രാമങ്ങളിലെ ഗ്രാമ പഞ്ചായത്തും വില്ലേജ് ആഫീസും വരെ ഭാരത പൌരനെ സേവിക്കാന്‍ ഉടുത്തൊരുങ്ങി നില്‍ക്കുന്ന സര്‍ക്കാര്‍ സംവീധാനങ്ങള്‍ എത്രയാണിന്ന് ഭാരത ദേശത്തുള്ളത്. വില്ലേജാഫീസ് എന്ന ഭരണ സംവീധാനമാണല്ലോ ഒരു പൌരന്റെ അടിസ്ഥാനാവകാശങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കേണ്ട ഏറ്റവും താഴേ തട്ടിലുള്ള സര്‍ക്കാര്‍ ഏജന്‍സി. അതായത് ഒരു സാധാരാണ പൌരന് ജീവിക്കാന്‍ വേണ്ടുന്ന അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാകാന്‍ അയാള്‍ നേരേ അനന്തപുരിയിലേക്കോ ഇന്ദ്രപ്രസ്ഥത്തിലേക്കോ വണ്ടി കേറാതെ വില്ലേജാഫീസിലൂടെയും ഗ്രാമ പഞ്ചായത്തിലൂടെയും അയാള്‍ക്ക് വേണ്ടുന്നത് നേടിയെടുക്കാം എന്ന് ചുരുക്കം. അതങ്ങനെ തന്നെയാകണമല്ലോ?

ഭാ‍രതത്തിലെവിടെയെങ്കിലും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ ദുരന്തങ്ങളുടെ ആഴവും പരപ്പും ഏറ്റവും അടുത്തറിയാന്‍ കഴിയുന്നതും ഉടനടി പ്രതികരിക്കാന്‍ കഴിയുന്നതും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഗ്രാമങ്ങളിലെ പ്രാധിനിത്യമായ വില്ലേജാഫീസുകള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കുമാണ്. ജനങ്ങളുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ഈ സര്‍ക്കാര്‍ സംവീധാനങ്ങള്‍ നല്‍കുന്ന പ്രകൃതി ദുരന്ത ചിത്രങ്ങള്‍ പഠിച്ച് നിമിഷങ്ങള്‍ കൊണ്ട് പ്രതിവിധി കണ്ടെത്തി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ നമ്മുടെ ഭരണ നേതൃത്വങ്ങള്‍ക്ക് കഴിയും. പക്ഷേ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് നിരീക്ഷിക്കാന്‍ ദില്ലിയില്‍ നിന്നും ആള്‍ക്കാര്‍ വന്ന് ദുരന്തത്തിന്റെ മേല്‍പ്പരപ്പ് മാത്രം കണ്ട് പഞ്ചനക്ഷത്ര ഹോട്ടല്‍ വാസവും കഴിഞ്ഞ് അങ്ങ് ദില്ലിയിലേക്ക് തിരിച്ച് പോയി പരിഹാരം നിര്‍ദ്ദേശിക്കാം എന്നത് എവിടെ തുടങ്ങിയ കീഴവഴക്കമാണ്?

വികേന്ദ്രീകൃത ഭരണ ക്രമത്തില്‍ ഭരണ സംവീധാനത്തിന്റെ എല്ലാ മുക്കിലും മൂലയിലും സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്ളപ്പോള്‍ ആ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പഠിച്ച് പരിഹാരം തേടേണ്ടുന്നതിന് പകരം കേന്ദ്രീകൃത ഭരണ സംവീധാനത്തിന്റെ അസൌകര്യങ്ങളിലേക്ക് പ്രകൃതി ദുരന്തങ്ങള്‍ ചുരുങ്ങിപ്പോകുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുന്നത്? ദുരന്തരങ്ങളിലേക്കിറങ്ങി ചെന്ന് ജനതക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിയുന്ന നേതാക്കന്മാര്‍ അത് ചെയ്യാനായി ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനെയല്ല ഇവിടെ പരാമര്‍ശ വിധേയമാക്കുന്നത്. ദുരന്ത കാഴ്ചകള്‍ ആഘോഷമാക്കുന്ന കേവലം പോക്കുവരവ് സംഘങ്ങള്‍ മാത്രമായ ദുരന്ത പഠന ദൌത്യസേനയേയാണ്.

ഒരു പ്രകൃതി ദുരന്ത സ്ഥലത്തെ ജീവിതം നരക തുല്യമാണ്. അവിടുത്തെ തന്നെ പ്രാദേശിക ഭരണ സംവീധാനങ്ങളും ആ നരകയാതനയുടെ ഇരകള്‍ ആയിരിക്കും എന്നതില്‍ തര്‍ക്കമേതുമില്ലല്ലോ. അതുകൊണ്ട് തന്നെ ദുരന്തത്തിന്റെ തീവ്രത ഏറ്റവും നന്നായി ഭരണ സിരാകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ കഴിയുന്നതും ഈ പ്രാദേശിക സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായിരിക്കും. അതിന് പകരം പ്രളയമുണ്ടാകുമ്പോള്‍, വരള്‍ച്ചയുണ്ടാകുമ്പോള്‍ അങ്ങ് ദില്ലിയിലേ ഏതെങ്കിലും നിശാക്ലബ്ബുകളില്‍ ഒന്നില്‍ ആര്‍മ്മാദിച്ചിരിക്കുന്ന ഒരു ഉദ്യോഗസ്ഥനെ ദുരന്തകാഴ്ചകാട്ടാനായി ഹെലികോപ്റ്ററില്‍ ഇങ്ങാട്ട് എഴുന്നുള്ളിച്ചിട്ട് ആര്‍ക്ക് എന്ത് ചേതം? അവര്‍ വരും ദുരന്ത കാഴ്ചകള്‍ കണ്ട് കണ്‍കുളിര്‍ന്ന് മടങ്ങും. പിന്നെയും റിപ്പോര്‍ട്ട് നല്‍കേണ്ടുന്നത് പ്രാദേശിക സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെയായിരിക്കുകയും ചെയ്യും. ആദ്യം തന്നെ പ്രകൃതി ദുരന്തങ്ങളുടെ വിശദമായ വിശകലനം അങ്ങ് ഭരണ സിരാകേന്ദ്രത്തില്‍ എത്തിച്ച് പരിഹാരം തേടേണ്ടുന്നതിന് പകരം തലപ്പത്ത് നിന്നുള്ള എഴുന്നുള്ളത്തിന് ശേഷം മാത്രം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പരിഹാരം കാണാനുള്ള ശ്രമം അപലപനീയമാണ്. അഥവാ, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ നേരിട്ടെത്തി മുഖം കാണിച്ചാലേ പരിഹാരം ഉണ്ടാവുകയുള്ളൂ എന്ന കേന്ദ്ര മന്ത്രാലയങ്ങളുടെ നിലപാടുകള്‍ നയപരമായി തന്നെ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

ഒരു പ്രശ്നത്തിന് പരിഹാരം കാണാന്‍ തിരുവനന്തപുരത്ത് നിന്നും ഒരു കൂട്ടര്‍ കുഞ്ഞു കൂട്ടി പാരിവാരങ്ങള്‍ അടക്കം ദില്ലിയിലേക്ക് പറക്കുന്നു-സര്‍ക്കാര്‍ ചിലവില്‍. അവിടെ ഹോട്ടലിലോ കേരളാ ഹൌസിലോ മറ്റോ തങ്ങുന്നു-സര്‍ക്കാര്‍ ചിലവില്‍. ഒന്നു രണ്ടു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് കളിയൊന്നുമില്ലാത്ത നിമിഷങ്ങളൊന്നില്‍ മന്ത്രി പുംഗവനെ മുഖം കാണിച്ചെന്ന് വരുത്തി തിരോന്തരത്തേക്ക് മടങ്ങുന്നു. മന്ത്രി പുംഗവനെ കണ്ടെന്നും സര്‍വ്വ പ്രശ്നങ്ങള്‍ക്കും പരിഹാരമായെന്നും ഇന്നി കേരളത്തില്‍ തേനും പാലുമൊഴുകുമെന്നും ദില്ലീ യാത്രാ സംഘം തിരോന്തരം എയര്‍പ്പോര്‍ട്ടില്‍ തന്നെ പത്ര സമ്മേളനം വിളിച്ച് സായൂജ്യമടയുന്നു.

ക്രിക്കറ്റ് കളിയൊന്നും ഇല്ലാത്ത മറ്റൊരു ദിനം മന്ത്രി പുംഗവന്റെ ആപ്പീസ് ഇങ്ങാട്ട് വിളിച്ച് “നിങ്ങള്‍ വന്നതൊക്കെ ശരി. നിങ്ങളെയൊക്കെ കണ്ടതില്‍ മന്ത്രി അതിയായി സന്തോഷിക്കുന്നു. പക്ഷേ ഇപ്പം ഒന്നും തടയൂല്ലാ..”എന്ന് അരുളുന്നു. പിന്നെ കേരളത്തിലങ്ങോളമിങ്ങോളം കേന്ദ്ര മന്ത്രിയേയും തെറിവിളിച്ച് സര്‍ക്കാര്‍ സ്പോണ്‍സേഡ് പ്രകടനങ്ങല്‍ നടക്കുന്നു. പ്രകടനങ്ങള്‍ക്ക് നേരേ അടി കല്ലേറ് ലാത്തിച്ചാര്‍ജ്ജ് പിന്നെ പ്രകടനക്കാരുടെ പൊതു സ്വത്തിന്മേലുള്ള കലാപാരിപാടികള്‍...അതേ തുടര്‍ന്ന് വരുന്ന ഹര്‍ത്താലെന്ന ഓമനപ്പേരിലുള്ള ബന്ദ്. അപ്പോഴേക്കും ദുരന്തങ്ങള്‍ മറന്ന് ഭരണകൂടവും ആപ്പീസുകളും ഹര്‍ത്താലുകള്‍ ആഘോഷിക്കാന്‍ തുടങ്ങുകയായി.

ദുരന്തത്തിന്നിരയായവര്‍ പിച്ചച്ചട്ടിയും പേറി സര്‍ക്കാര്‍ ആപ്പീസുകള്‍ നിരങ്ങാന്‍ തുടങ്ങിയിട്ടുണ്ടാകും അപ്പോഴേക്കും. സെന്‍സേഷനുകള്‍ക്കുള്ള വഹ‍ ഇല്ലാതാവാവുന്നതോടെ പത്രക്കാരും ദുരന്ത ബാധിതരേ കൈയ്യൊഴിഞ്ഞ് “പാറമടയിലെ അനധികൃത പൊട്ടിക്കലുകളിലെ സെന്‍സേഷനുകള്‍” തേടിയിറങ്ങുകയായി. അങ്ങിനെ ജനവും ദുരന്തങ്ങള്‍ മറന്നു തുടങ്ങും.


വിവര സാങ്കേതിക വിദ്യ അതിന്റെ ഏറ്റവും ഉയര്‍ന്ന വേഗതയും സൌകര്യങ്ങളും തരുന്ന ഇക്കാലത്ത് ആ സൌകര്യങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കാതെ ദില്ലിയിലേക്ക് നേരിട്ടെത്തി പരാതി സമര്‍പ്പിച്ച് പരിഹാരം തേടുന്ന ഇന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുടെ കലാപരിപാടി ഫ്യൂഡല്‍ ഭരണക്രമത്തിലെ ജന്മിത്വത്തിനെ മുഖം കാണിക്കുക എന്ന അടിയാളന്മാരുടെ അടിമത്വത്തില്‍ നിന്നും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഭരണക്രമവും വിടുതല്‍ നേടിയിട്ടില്ല എന്ന ഭയാനകമായ യാഥാര്‍ത്ഥ്യത്തെയാണ് വെളിവാക്കുന്നത്.

Thursday, May 01, 2008

അരുത്...അഗ്രജാ പോകരുത് അഥവാ അഗ്രജന്‍ നീതി പാലിക്കുക!

അഗ്രജന്‍ ബ്ലോഗ് പൂട്ടി!
അദ്ദേഹത്തിന്റെ ഉടമസ്ഥാവകാശത്തിലുള്ള നാലു ബ്ലോഗുകളും ഇന്നലെ മുതല്‍ കാണാതായിരിക്കുന്നു! ആദ്യം കരുതിയത് ഗൂഗ്ലിന്റെ കുരുത്തക്കേട് കൊണ്ട് അഗ്രജ ബ്ലോഗുകള്‍ അപ്രത്യക്ഷമായി എന്നാണ്. അഗ്രജ ബ്ലോഗുകള്‍ എവിടേയെന്ന നീണ്ട അന്വോഷണത്തിനൊടുവിലാണ് ആ ഞെട്ടിക്കുന്ന സത്യം വെള്ളിടി പോലെ ഞാന്‍ മനസ്സിലാക്കിയത്...
അഗ്രജന്‍ ബ്ലോഗും പൂട്ടി...ബ്ലോഗിങ്ങും നിര്‍ത്തി.

അഗ്രജന്‍ എനിക്കാരായിരുന്നു?
ജോര്‍ജ്ജ് ബുഷ് എനിക്കാരായിരുന്നു? സദ്ദാം ഹുസ്സൈന്‍ എനിക്കാരായിരുന്നു? ഉസാമ ബിന്‍ലാദന്‍ എനിക്കാരായിരുന്നു? വീരപ്പന്‍ എനിക്കാരായിരുന്നു? ബെര്‍ളീതോമസ് എനിക്കാരായിരുന്നു? വിശാല മനസ്കന്‍ എനിക്കാരായിരുന്നു? കുറുമാനും ദേവനും എനിക്കാരായിരുന്നു? തറവാടിയും വല്ല്യമ്മായിയും എനിക്കാരായിരുന്നു? ഇവരൊന്നും എനിക്കാരുമായിരുന്നില്ല. അതു പോലെ നിരര്‍ത്ഥകമായ ഒരു ചോദ്യമല്ല “അഗ്രജന്‍ എനിക്കാരായിരുന്നു?” എന്നത്.

പച്ച ജീവനോടെ ഞാനാദ്യം കണ്ട മലയാള ബ്ലോഗറായിരുന്നു അഗ്രജന്‍. മലയാള ബ്ലോഗെഴുതുന്നത് വിചാരവും ജീവനും ഓജസ്സും ഉള്ള മനുഷ്യരാണെന്ന് ഞാനാദ്യം തിരിച്ചറിഞ്ഞത് അന്ന് ആ ഇരുണ്ട രാത്രിയില്‍ ഷാര്‍ജ്ജാ റോളയില്‍ വെച്ച് അഗ്രജ ബ്ലോഗറെ കണ്ട നിമിഷമായിരുന്നു. അന്നു മുതല്‍ അഗ്രജാ താങ്കള്‍ എന്റെ എത്ര തല്ലു കൊള്ളി പോസ്റ്റുകള്‍ ഡ്രാഫ്റ്റാക്കാന്‍ മുന്‍‌കൈടുത്തു?. ഇന്നും ബൂലോഗത്ത് കൂടുതല്‍ ചതവുകള്‍ ഇല്ലാതെ തുടരാന്‍ കാരണക്കാരന്‍ അഗ്രജനായിരുന്നു. അദ്ദേഹം മുടക്കിയ ബ്ലോഗ് പോസ്റ്റുകള്‍ എന്റെ ബൂലോഗ വാസത്തിനിന്നും കടപ്പെട്ടിരിക്കുന്നു. ജീ ടാക്ക് തുറക്കുമ്പോള്‍ പച്ച പുള്ളിയുമായി എന്നും എന്റെ കോണ്ടാക്ടില്‍ അഗ്രജന്‍ ഉണ്ടായിരുന്നു. ഈ ചാറ്റ് യുഗത്തില്‍ ഞാന്‍ ഒറ്റക്കല്ല എന്ന തോന്നലുളവാക്കി എല്ലായിപ്പോഴും എന്നോടൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട അഗ്രജാ അങ്ങില്ലാത്ത ബ്ലോഗ് ലോകത്തില്‍ ഞാനെങ്ങിനെ പിടിച്ച് നില്‍ക്കും?

ബ്ലോഗ് പൂട്ടി ബ്ലോഗെഴുത്ത് നിര്‍ത്തിയ അഗ്രജന്‍ ജീടോക്കില്‍ നിന്നും അപ്പാടെ അപ്രത്യക്ഷമായി എന്നതാണ് എന്നെ കൂടുതല്‍ വിഷണനാക്കുന്നത്. ഒരു തരത്തിലുള്ള ഔപചാരികതയും ഇല്ലാതെ എപ്പോള്‍ വേണമെങ്കിലും “നമസ്കാരം” പറഞ്ഞ് കടന്നു ചെല്ലാവുന്ന എന്റെ ഒരു കോണ്ടാക്ട് ആയിരുന്നു അഗ്രജന്‍. ജീടാക്കില്‍ നിന്നും അദ്ദേഹത്തിന്റെ പച്ച പുള്ളി അപ്രത്യക്ഷമായതിനെ എങ്ങിനെ ഞാന്‍ ഉള്‍കൊള്ളും.

ആഴ്ചക്കുറിപ്പുകള്‍ എനിക്ക് ഹരമായിരുന്നു. ആഴ്ചക്കുറിപ്പുകളാണ് എന്റെ വാരവിചാരത്തിന് ഹേതുവായത്. ആഴ്ചക്കുറിപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന “പാച്ചു” എന്ന കൊച്ചു കുറുമ്പുകാരിയുടെ ഫാന്‍ ഈ ബ്ലോഗ് പൂട്ടല്‍ എങ്ങിനെ സഹിക്കും? ഒരു വാരം പാച്ചുവില്ലാതെ ആഴ്ചക്കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്തെല്ലാം കോലാഹലങ്ങളായിരുന്നു ബൂലോഗത്ത് നടന്നിരുന്നത്. ഇന്നി പാച്ചുവിന്റെ വികൃതികളുമായി ആഴ്ചക്കുറിപ്പുകള്‍ വരില്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യം ഈ ബൂലോഗം എങ്ങിനെ ഉള്‍കൊള്ളും? പാച്ചുവിന്റെ ഒന്നാം നമ്പര്‍ ഫാനായ അതുല്യേച്ചി ഈ ബ്ലോഗ് പൂട്ടല്‍ എങ്ങിനെ സ്വീകരിക്കും. എന്നും ആഴ്ചക്കുറിപ്പില്‍ തങ്ങളുടെ സാനിദ്ധ്യം അറിയിച്ചിരുന്ന ദേവന്‍, തറവാടി, വല്യമ്മായി, അപ്പു, അഭിലാഷ്, സാജന്‍,ദില്‍ബന്‍,കുറുമാന്‍, ശ്രീ, സിമി, സുല്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വായനക്കാര്‍ ഈ ബ്ലോഗ് പൂട്ടലിനോട് എങ്ങിനെ പ്രതികരിക്കും? ദൈവമേ...ബൂലോഗത്തെ കാത്തുകൊള്ളേണമേ...


പ്രിയപ്പെട്ട അഗ്രജാ,
ബ്ലോഗെഴുത്ത് നിര്‍ത്തുന്നതും തുടരുന്നതും താങ്കളുടെ ഇഷ്ടം. പക്ഷേ ബ്ലോഗ് പൂട്ടുന്നത് താങ്കളുടെ വായനക്കാരനോട് താങ്കള്‍ കാട്ടുന്ന അനീതിയാണ്. ഒരു പോസ്റ്റ് പൂര്‍ണ്ണമാകുന്നത് ആ പോസ്റ്റിലെ കമന്റുകള്‍ കൂടി ചേരുമ്പോഴാണ്. അതായത് കമന്റെഴുതുന്നവരുടെ ചിന്തകളും വിചാരങ്ങളും ആണ് ഒരു പോസ്റ്റിനെ ജീവസ്സുറ്റതാക്കുന്നത്. താങ്കള്‍ ബ്ലോഗ് പൂട്ടുമ്പോള്‍ താങ്കളുടെ പോസ്റ്റുകള്‍ക്കൊപ്പം ആ കമന്റുകളും തമസ്കരിക്കപ്പെടുന്നു. ബ്ലോഗെഴുത്ത് നിര്‍ത്തുമ്പോള്‍ ബ്ലോഗും പൂട്ടണം എന്നില്ലല്ലോ? ബ്ലോഗ് അങ്ങിനെ കിടക്കട്ടെ. വായിച്ചിട്ടുള്ളവര്‍ക്ക് പിന്നെയെപ്പോഴെങ്കിലും പുനര്‍വായനക്ക് അത് ഉതകുമെങ്കില്‍ അതിന് താങ്കളായിട്ടെന്തിന് തടസ്സം നില്‍ക്കണം? പ്രസിദ്ധീകരിക്കെപ്പെട്ട പോസ്റ്റ് പൊതു സ്വത്താണ്. ബ്ലോഗര്‍ ബ്ലോഗെഴുത്ത് നിര്‍ത്തുമ്പോള്‍ താഴിട്ട് പൂട്ടേണ്ടുന്നതല്ല ബ്ലോഗുകള്‍.


അതുകൊണ്ട് അഗ്രജാ താങ്കള്‍ നീതി പാലിക്കുക! അടച്ചു പൂട്ടിയ ബ്ലോഗുകള്‍ തുറന്നിടുക! ബ്ലോഗെഴുത്ത് നിര്‍ത്തിയത് അങ്ങിനെ തന്നെ തുടരട്ടെ-താങ്കള്‍ക്കിഷ്ടമുള്ളിടം വരെ. പക്ഷേ ബ്ലോഗുകള്‍ തുറന്നിടണം!

അല്ലെങ്കില്‍.....ജാഗ്രതൈ! ആഴ്ചക്കുറിപ്പുകള്‍, പടയിടം, ആഗ്രജാപ്രദേശം, പാച്ചുവിന്റെ ലോകം തുടങ്ങിയ പേരില്‍ മറ്റൊരാള്‍ ബ്ലൊഗ് തുടങ്ങുന്നത് താങ്കള്‍ക്ക് നിറമിഴികളോടെ കണ്ട് നെടുവീര്‍പ്പിടേണ്ടി വരും.