Wednesday, September 17, 2008

അമ്മയുടെ കാമവും മകളെന്ന ശല്യവും.

അമ്മമാര്‍ക്ക് കാമുകര്‍ ഉണ്ടാകുന്നതോ ഭര്‍ത്താവിനെ വിട്ട് മക്കളുടെ പ്രായമുള്ള കുഞ്ഞു കാമുകര്‍ക്കൊപ്പം അമ്മ പൊറുതി തുടങ്ങുന്നതോ ഇന്ന് വാര്‍ത്തയല്ല. അതുപോലെ തന്നെ വാത്സല്യ നിധികളായ പിതാക്കന്മാരുടെ കാമപൂരണത്തിനിരയായി യമപുരി പൂകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളും, സ്വന്തം പിതാവിന്റെ തന്നെ കുഞ്ഞുങ്ങളെ പ്രസവിയ്ക്കേണ്ടി വരുന്ന കൌമാരക്കാരികളും ഭൂമിമലയാളത്തില്‍ വാര്‍ത്തയേ ആകുന്നില്ല. നിത്യ സംഭവങ്ങള്‍ അല്ലാത്തവയാണല്ലോ വാര്‍ത്തയാകുന്നത്.

ഭര്‍ത്താവ് നഷ്ടപ്പെട്ട മാതാവ് - പഴയ കാലത്ത് വിധവ എന്ന് വിളിച്ചിരുന്നു - ശിഷ്ടകാലം മക്കളെ വളര്‍ത്തി കഴിഞ്ഞു കൂടണം എന്ന ക്രൂരതയൊന്നും ഒരു സ്ത്രീയോടും ചെയ്യാന്‍ പാടില്ല. അതും ഇരുപത്തി ഏഴ് വയസ്സില്‍ കണവന്‍ ഇഹലോക വാസം വെടിഞ്ഞാല്‍ പിന്നെ നല്ലപാതി വെള്ളവസ്ത്രമുടുത്ത് ചമയങ്ങളില്‍ നിന്നും വിട്ട് സമൂഹത്തില്‍ നിന്നും അകന്ന് ഏകാന്ത വാസം നയിയ്ക്കാന്‍ ഇത് എന്താ സ്വാമിജി മനുവിന്റെ കാലഘട്ടമോ?

നാഗരിക മധ്യവര്‍ഗ്ഗത്തിന്റെ ജീവിത ശൈലിയില്‍ കണ്ടു വരുന്ന ലൈംഗിക അരാജകത്വം ഇന്ന് ഗ്രാമങ്ങളിലേയ്ക്ക് പടര്‍ന്നിറങ്ങിയിരിയ്ക്കുന്നു. നഗരങ്ങളിലെ ലൈംഗിക തൃഷ്ണയ്ക്ക് ശമനമേകാന്‍ ഉപാധികള്‍ അനവധിയുള്ളപ്പോള്‍ ഗ്രാമങ്ങളില്‍ പക്ഷേ പരിഹാരത്തിന് തെറ്റിയോ തെറിച്ചോ ഒന്നോ രണ്ടോ ദേവദാസി പുരകള്‍ ഉണ്ടായാല്‍ ആയി. പക്ഷേ അവിടേയും ആണിന് കാമം ഒഴുക്കാനുള്ള സൌകര്യമല്ലേയുള്ളൂ. പെണ്ണെന്തു ചെയ്യും? ഇരുട്ടിന്റെ മറവില്‍ ആരെയെങ്കിലും വിളിച്ച് അകത്ത് കയറ്റിയാല്‍ കയറുന്നവന്‍ തന്നെ പിറ്റേ ദിവസം ബ്ലൂട്യൂത്തുമായി ഇറങ്ങും.ലൈവായി ചാനല്‍ റിപ്പോര്‍ട്ടുകള്‍ വരവാകും. മരത്തില്‍ തൂങ്ങിയാടുകയല്ലാതെ പിന്നെന്തുണ്ട് മാര്‍ഗ്ഗം?

കാമവെറിയ്ക്ക് മാതാവെന്നോ പിതാവെന്നോ വിഭാര്യനെന്നോ വിധവയെന്നോ വിവാഹിതരെന്നോ അവിവാഹിതരെന്നോ വ്യത്യാസമില്ലല്ലോ? കത്തിക്കയറിയാല്‍ ശമിപ്പിയ്ക്കാനുള്ള ഉപാധികള്‍ ഉണ്ടായേ കഴിയുള്ളൂ. ഉപാധികള്‍ ലഭ്യമല്ലാ എങ്കില്‍ സ്വയം കണ്ടെത്താന്‍ ശ്രമിയ്ക്കും. കപട സദാചാരം ജീവിത രീതിയായ മലയാളീ പൊതുസമൂഹത്തില്‍ കത്തുന്ന കാമം ആറ്റിതണുപ്പിയ്ക്കാന്‍ കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും രക്തം മരവിപ്പിയ്ക്കും. ഏറ്റവും ഒടുവില്‍ അഞ്ചുവര്‍ഷം മുന്നേ ഭര്‍ത്താവ് മണ്ണായ ഒരു സാധു സ്ത്രീ തിരുവോണ ദിവസം ചെയ്ത പ്രായോഗികതയും അതു തന്നെ.

പതിനാലും പതിമൂന്നും വയസ്സുള്ള രണ്ടു പെണ്മക്കളുടെ മാതൃത്വത്തിന്റെ നല്ലപാതി അഞ്ചുവര്‍ഷം മുന്നേ മണ്ണടിഞ്ഞു. അപ്പോള്‍ ആ പാവം മാതാവിന് വയസ്സ് ഇരുപത്തി ഏഴ്. നല്ല പ്രായം. ഇന്ന് പതിനാലും പതിമൂന്നും വയസ്സുള്ള ആ പെണ്മക്കള്‍ക്ക് ഭര്‍ത്താവ് പോകുമ്പോള്‍ പ്രായം യഥാക്രമം ഒമ്പതും എട്ടും. വ്യവസ്ഥാപിതമായ രീതിയില്‍ ഒരു പുനര്‍വിവാഹത്തിനു തടസമേതുമില്ലാത്ത ജീവിതക്രമത്തില്‍ പക്ഷേ ഈ മാതാവ് അതിനു മുതിരാതെ തന്റെ കൂട്ടുകാരിയുടെ പത്തൊമ്പതു വയസ്സുകാരനായ മകനുമായി ചങ്ങാത്തം സ്ഥാപിയ്ക്കുന്നു. അമ്മയുടേയും തങ്ങളുടെ കളികൂട്ടുകാരനായ ഇക്കാക്കയുടേയും ഒളിച്ചുകളികള്‍ കണ്ണില്‍ പെട്ട മൂത്തമകളില്‍ നിന്നും രക്ഷപെടുവാന്‍ മാതാവും കാമുകനും ഒളിച്ചോടുന്നു. കൂട്ടത്തില്‍ കാര്യങ്ങളൊന്നും അത്രയ്ക്ക് വശമില്ലാത്ത ഇളയ മകളേയും കൂട്ടുന്നു. സഹായത്തിനൊരാള് വേണമല്ലോ? കൂടെയുള്ളവന്‍ സഹോദരതുല്യനാണെന്ന് മാതാവ് മകളെ പറഞ്ഞ് ധരിപ്പിയ്ക്കുന്നു. പക്ഷേ പന്ത്രണ്ട് വയസ്സുകാരിയ്ക്കു മനസ്സിലാകാത്ത തരത്തില്‍ മാതാവും സഹോദരതുല്യനും കാണപ്പെട്ട നിമിഷം ആ പിഞ്ചു കുഞ്ഞിന്റെ നിമിഷങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു.

മകളെ കൊലപ്പെടുത്തുവാനായി കൊടിയ വിഷം ശേഖരിച്ചു സൂക്ഷിയ്ക്കുക. ദാഹജലം ചോദിച്ച മകള്‍ക്ക് കഞ്ഞിവെള്ളത്തില്‍ വിഷം കലര്‍ത്തി നല്‍കുക. മകളുടെ മരണം മനസ്സക്ഷി കുത്തില്ലാതെ നോക്കി നിന്നു ഉറപ്പ് വരുത്തുക. മരിച്ചു എന്നുറപ്പാക്കിയിട്ട് അലമുറയിട്ട് കരച്ചില്‍ അഭിനയിയ്ക്കുക. മരിച്ച മകളെ രക്ഷപ്പെടുത്തുവാന്‍ അയല്‍ക്കാരെ വിളിച്ചു കൂട്ടുക. പുല്ലു ചെത്താന്‍ പോയ വഴിയ്ക്ക് പൊന്നുമോളെ പാമ്പു കടിച്ചതാണെന്ന കള്ളം പറഞ്ഞ് നാട്ടുകാ‍രെയും ആശുപത്രി ജീവനക്കാരേയും പോലീസിനേയും കബളിപ്പിയ്ക്കുക. ഇളയ മകളെ മൂത്തമകളായി അവതരിപ്പിയ്ക്കുക. ഒടുവില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണം നടന്നത് എന്ന് ശവപരിശോധനയില്‍ തെളിഞ്ഞ് പിടിയ്ക്കപ്പെടുമ്പോള്‍ ആ മാതാവ് കൂസലന്യാ നടന്ന സംഭവം പോലീസിനോട് വെളിപ്പെടുത്തുക.

പന്ത്രണ്ട് വയസ്സുകാരിയായ സ്വന്തം മകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയിട്ട് ശവശരീരത്തെ പോലും കാമപൂരണത്തിനുപയോഗിച്ച പിതാവിന്റെ നാട്ടില്‍, പതിനാലു വയസ്സുകാരിയെ തന്റെ ഇംഗിതത്തിന് ഇരയാക്കിയിട്ട് ഹോട്ടലുകള്‍ തോറും കൊണ്ടു നടന്ന് വില്പന നടത്തിയ പിതാവിന്റെ കേരളത്തില്‍‍, നാടുവിട്ട് പോയി തിരിച്ചു വന്ന പിതാവിന്റെ പിതൃസ്നേഹത്താല്‍ കൊലചെയ്യപ്പെട്ട് തെയിലതോട്ടത്തില്‍ ചീഞ്ഞളിയേണ്ടി വന്ന പന്ത്രണ്ട് വയസ്സുകാരിയുടെ നാട്ടില്‍ - മാതാവ് എന്തിന് കുറയ്ക്കണം?

ആ അമ്മയ്ക്ക് വ്യവസ്ഥാപിതമായ രീതിയില്‍ പുനര്‍ വിവാഹം നടത്തി തന്റെ പെണ്‍കുഞ്ഞിനെ ജീവിയ്ക്കാന്‍ അനുവദിയ്ക്കാമായിരുന്നു. ജീവിത സുഖം ഉറപ്പ് വരു‍ത്തുവാനായി ശല്യമായ മകളെ വകവരുത്തുവാന്‍ കഞ്ഞിവെള്ളത്തില്‍ വിഷം കലര്‍ത്തി ദാഹിച്ച മകള്‍ക്ക് നല്‍കിയ ആ മാതാവിനെ വിഷം കലര്‍ത്തിയ നിമിഷം ഭരിച്ച വികാരം എന്തായിരിയ്ക്കും? പെണ്മക്കളുള്ള വിധവ പുനര്‍വിവാഹം കഴിച്ചാല്‍ ഇളയച്ഛന്റെ കാമവെറിയില്‍ നിന്നും പെണ്മക്കളെ രക്ഷപെടുത്തുവാന്‍ ഇന്നത്തെ കപട സദാചാര കേരളത്തില്‍ ആ മാതാവിനു കഴിയുമായിരുന്നോ? അമ്മയുടെ ക്രൂരതയില്‍ നിന്നും ഭാഗ്യം കൊണ്ടു മാത്രം രക്ഷപെട്ട മൂത്തമകള്‍, ഗുരുതരമായ മനോരോഗത്തിനടിപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്ന കേരളീയ പൊതു സമൂഹത്തില്‍ ഇന്നി എങ്ങിനെ ജീവിയ്ക്കും?

കേരളം അതി സങ്കീര്‍ണ്ണമായ ലൈംഗികാരജകത്വത്തിലേയ്ക്ക് വഴുതി വീഴുകയാണ്. പെണ്‍കുഞ്ഞുങ്ങള്‍ ഭ്രൂണാവസ്ഥമുതല്‍ പീഡിപ്പിയ്ക്കപ്പെടുന്നു. പിതാവിനാല്‍, അയല്‍‌വാസിയാല്‍, ഗുരുക്കന്മാരാല്‍, സഹപാഠിയാല്‍, സഹോദരനാല്‍ ഇപ്പോള്‍ ഇതാ മാതാവിനാലും.