Tuesday, August 22, 2017

കേരളം കണ്ട സണ്ണിലിയോൺ.

രഞ്ജിത് കൗർ വോറ അഥവാ സണ്ണി ലിയോൺ.

അവർ തിരഞ്ഞെടുത്ത അവരുടെ പ്രൊഫഷനിൽ വിജയം നേടിയ ആളാണ്. വാണിജ്യ മൂല്യം ഉള്ള താരം. ആ താരമൂല്യം ആണ് ബോളിവുഡിൽ അവർ കാസ്റ്റ് ചെയ്യപ്പെടാനും കാരണം. നായിക ആയി വന്ന എല്ലാ സിനിമകളും സൂപ്പർ ഹിറ്റുകൾ ആയതും അവരുടെ താര മൂല്യം കൊണ്ടാണ്.

പോൺ ഇൻഡസ്ട്രി ലോകത്ത് നിരോധിക്കപ്പെട്ടിട്ടുള്ള ഒരു സംഗതി അല്ല. മറ്റേതൊരു പെർഫോമിംഗ് ആർട്ടിലും ഉള്ളത് പോലെ കടുത്ത മത്സരം ഉള്ള മേഖല ആണ് പോൺ മൂവീ വ്യവസായവും. ആ വ്യവസായത്തിൽ പിടിച്ചു നിൽക്കാൻ ഒരു പെർഫോമർക്ക് കഴിയുന്നത് അവരുടെ കഴിവും ആകാര വടിവും കൊണ്ട് തന്നെയാണ്. ആദ്യ പോൺ മൂവീയിൽ അഭിനയിച്ച കാലം മുതൽ ഏകദേശം ഒന്നര പതിറ്റാണ്ടോളം അവർക്ക് ആ മേഖലയിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞത് അവരുടെ കഴിവും ഭാഗ്യവും കൊണ്ടാണ്.

ശരീരം അവനവന്റെ സ്വാതന്ത്ര്യം ആണ്. അത് തുറന്ന് കാണിക്കാൻ താല്പര്യം ഉള്ളവർ തെരുവിൽ തുണിയില്ലാതെ നടന്ന് പൊതുശല്ല്യം ആകാത്തിടത്തോളം അവർ ആരും തന്നെ അനഭിമതർ ആകുന്നില്ല. ഓരോ പോൺ മൂവിയും ചിത്രീകരിക്കുന്നത് ക്യാമറാ മാനും സംവിധായകനും ലൈറ്റ് ബോയിയും എന്ന് വേണ്ട ആണും പെണ്ണും ആയി ഒരു പിടി ആളുകളുടെ മുന്നിൽ ആണ്. നിർമ്മാണം കഴിഞ്ഞാൽ കാണുന്നത് കോടിക്കണക്കിനു ആളുകളും. അങ്ങിനെ ആണ് ഓരോ പോൺ താരവും ഉദയം ചെയ്യുന്നത്. അല്ലാതെ ബെഡ് റൂമിൽ ഒളിപ്പിച്ച് വെച്ച ഒളിക്യാമറയിൽ ചിത്രീകരിച്ച് റിലീസ് ചെയ്യുന്നത് അല്ല പോൺ മൂവീ. റിലീസ് ചെയ്യുന്നതും നിയമ വിധേയം ആയിട്ടാണ്. അത് കൊണ്ട് തന്നെ സണ്ണി ലിയോൺ അനഭിമത അല്ല.

സ്വന്തം തൊഴിലിൽ വിജയിച്ച ആൾ. വായിച്ച് അറിഞ്ഞിടത്തോളം ഒരുപാട് നന്മകൾ ഉള്ള ഒരു സ്ത്രീ. പോൺ മൂവീകളിൽ ഇണ എപ്പോഴും ഭർത്താവ് ഡാനിയൽ വെബർ ആയിരിക്കണം എന്ന് നിർബന്ധ ബുദ്ധിയുള്ള ആൾ.

പെൺ വാണിഭം, മയക്കു മരുന്ന് വ്യാപാരം, കള്ള ചാരായ വാറ്റ്, കൊലപാതകം, മോഷണം, ആയുധ വ്യാപാരം, ചാരപ്രവർത്തനം, കുട്ടികളുടെ അശ്‌ളീല ചിത്രീകരണം, കള്ളനോട്ടടി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ അന്താരാഷ്ട്രാ ക്രിമിനൽ കുറ്റങ്ങളിലെ നായിക അല്ല സണ്ണി ലിയോൺ. ഉപജീവനത്തിനായി അവർ തിരഞ്ഞെടുത്ത തൊഴിലിൽ നിയമം അനുശാസിക്കുന്ന രീതിയിൽ തൊഴിൽ എടുത്ത് ജീവിക്കുന്ന ഒരാൾ. അത്രയും ഗൗരവമേ അവർ അർഹിക്കുന്നുള്ളു. അത്രയും ആശങ്ക മതി നമുക്കും. അതിൽ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.

സണ്ണി ലിയോണിനെ കാണാൻ കൊച്ചിയിൽ ഓടി കൂടിയവർ കേരളത്തിന്റെ കപടസദാചാരത്തിനെ പൊളിച്ച് അടുക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ ശാപങ്ങളിൽ ഒന്നായി മാറിയിരിക്കുന്ന സദാചാര പോലീസിങ്ങിന്റെ അത്രയും അശ്ലീലം അല്ല കൊച്ചിയിൽ സണ്ണി ലിയോണിന് ലഭിച്ച അമ്പരപ്പിക്കുന്ന സ്വീകരണം. കപടസദാചാരത്തിന്റെ പറുദീസയായ കേരളത്തിൽ തലയിലൂടെ മുണ്ടിടാതെ ഒരു ഒരു നീലച്ചിത്ര നായികയെ കാണാൻ കേരള യുവത തയ്യാറായി എന്നത് തന്നെ മാറ്റത്തിന്റെ തുടക്കം ആണ്.

കാമുകനും കാമുകിയും, ആങ്ങളയും പെങ്ങളും, ഭാര്യയും ഭർത്താവും, പിതാവും മകളും, മകനും മാതാവും, എന്തിനേറെ? മുത്തശ്ശനും ചെറുമകളും... ഏതു ആണിനേയും പെണ്ണിനേയും ഒന്നിച്ച് കണ്ടാലും അതെല്ലാം സദാചാര വിരുദ്ധം ആയി കാണുകയും സാദാചാരത്തിന്റെ പേരിൽ അവരെ ഒക്കെയും തല്ലി ചതയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സദാചാര പോലീസിങ്ങിനു എതിരെ പ്രതികരിച്ചവരെയും തല്ലി ഓടിക്കാൻ മാത്രം ശക്തം ആണ് കേരളത്തിലെ സദാചാര ഗുണ്ടകൾ. ആ സദാചാര പോലീസിങ്ങിനു എതിരെ ഉള്ള ഉണർത്ത് പാട്ടായി കാണാനേ സണ്ണിലിയോണിന് ലഭിച്ച സ്വീകരണം കാരണം ആകുന്നുള്ളു.

കാണാൻ കൂടിയ ആളുകളെയും താരത്തെയും അപമാനിച്ച് കൊണ്ടും അവഹേളിച്ച് കൊണ്ടും കുറിപ്പുകൾ എഴുതി പോസ്റ്റ് ചെയ്യുന്നവർക്ക് അതിൽ അല്പം ആത്മരതിയുടെ സുഖം ലഭിക്കുന്നു എങ്കിൽ ആയിക്കോട്ടെ. പക്ഷെ അതിനു മുന്നേ അവരവരുടെ സദാചാര പെരുമയ്ക്ക് മുന്നിൽ ഒരു കണ്ണാടി എടുത്ത് പിടിക്കണം. അപ്പോൾ അവിടെ നിലക്കണ്ണാടിയുടെ ഒരു മൂലയ്ക്ക് മന്ദഹസിച്ച് കൊണ്ട് സണ്ണി ലിയോൺ നിൽക്കുന്നത് കാണാം.

സണ്ണിലിയോണിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ "എന്നെ വിധിക്കുന്നവർ വിധിക്കും മുന്നേ എന്റെ പാദരക്ഷയും പാദങ്ങളും ഉപയോഗിച്ച് ഞാൻ നടന്നിടത്ത് കൂടെ നടക്കണം. എന്നിട്ട് അവിടെ നിന്നും എന്നെ വിധിക്കണം. എങ്കിൽ മാത്രമേ അത് ന്യായ വിധിയാകുള്ളൂ,". അതേ അത് തന്നെയാണ് ശെരി. എല്ലാ പാദങ്ങളും പാദരക്ഷകളും കാലടികളും ഒരു പോലെ അല്ല. ആദ്യം നാം എവിടെ എന്ത് എങ്ങിനെ എന്നതാണ്. പിന്നെയാണ് വിമർശിക്കപ്പെടേണ്ടവർ.വേണം പുതിയ ഊർജ്ജ സംസ്കാരം.

കേരളത്തിലെ വൈദ്യുത പ്രതിസന്ധിക്ക് പുതിയ ജലവൈദ്യുത പദ്ധതികൾ ഒരിക്കലും പരിഹാരം ആകില്ല. മഴയെ ആശ്രയിച്ച് ഊർജോത്പാദനത്തിനു പകരം വെയിലിനെ ആശ്രയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പുനരുപയോഗ വൈദ്യുത സ്രോതസുകളിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധ തിരിയേണ്ടതുണ്ട്. സ്വതവേ പരിസ്ഥിതി ദുർബലം പ്രദേശം ആണ് കേരളം. ആകപ്പാടെ ഇമ്മിണി സ്ഥലം. അവിടെ തന്നെ ഡസൻ കണക്കിന് ഡാമുകളും. എന്നിട്ടും മഴയില്ലേൽ വെളിച്ചത്തിനു മാനത്തോട്ടു നോക്കേണ്ട സ്ഥിതിയും.
.
വനവും മഴക്കാടും നശിപ്പിച്ചിട്ട് പ്രകൃതിയെ പ്രോകോപിപ്പിച്ച് മഴയെ ആട്ടി ഓടിച്ചിട്ട് ആണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന അതിരപ്പള്ളി വൈദ്യുത പദ്ധതിയും മഴയെ ആശ്രയിച്ച് തന്നെ കെട്ടി പൊക്കാൻ ശ്രമിക്കുന്നത്. മാതാപിതാക്കളെ തല്ലി കൊന്നിട്ട് കോടതിയിൽ ചെന്ന് "ഞാൻ അനാഥനാണ് യുവർ ഓണർ... എന്നെ വെറുതെ വിടണം" എന്ന് പറയുന്നത് പോലെ നിരർത്ഥകം. ഊർജ്ജത്തിനായി മലകളെയും മരങ്ങളെയും നശിപ്പിക്കും. ഡാമുകൾ കെട്ടിപ്പൊക്കും. മഴക്കായി പിന്നെ മാനത്തോട്ടു നോക്കി ഇരിക്കും. മഴയും ഇല്ല വെള്ളവും ഇല്ല വെളിച്ചവും ഇല്ല. വീണ്ടും അയൽ സംസ്ഥാനങ്ങളുടെ ദയയ്ക്കായി കാത്തിരിക്കും. അല്ലെങ്കിൽ ദേശീയ ഗ്രിഡിൽ നിന്നും അന്യായ വില കൊടുത്ത് ഊർജം വാങ്ങും. എന്നാ പിന്നെ ഡാമുകൾ കെട്ടാതെ ഇതങ്ങു ആദ്യം ചെയ്‌താൽ പോരെ? കാലാവസ്ഥാ വ്യതിയാനം സംഭവിച്ചാൽ ചൂട് കൂടും. എയർ കണ്ടീഷനുകളുടെ എണ്ണം കൂടും. പ്രകൃതിയെ നശിപ്പിച്ച് കൊണ്ട് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുമ്പോൾ അങ്ങിനെ മൂന്നു യൂണിറ്റ് വൈദ്യുതി പുതുതായി ചിലവാക്കപ്പെടും. വീണ്ടും നമ്മുക്ക് ഡാമുകൾ നിർമിക്കേണ്ടി വരും. എന്നാലോ ഊർജ്ജ പ്രതിസന്ധി അവസാനിക്കുകയും ഇല്ല. അണിയറയിൽ പ്രവർത്തിക്കുന്നവരുടെ സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാൻ മാത്രമേ പുതുതായി ഉണ്ടാകുന്ന ജലവൈദ്യുത പദ്ധതികൾ കാരണം ആവുകയുള്ളൂ.
.
പാരമ്പര്യേതര ഊർജ്ജ സ്രോതസ്സിലേക്ക് നാം മാറണം. ജലവൈദ്യുത പദ്ധതിക്ക് ചിലവാക്കുന്ന പണം പാരമ്പര്യേതര ഊർജ്ജ സ്രോതസുകളിലേക്ക് മാറ്റിയാൽ അത് ഭാവി തലമുറയോട് ചെയ്യുന്ന നീതിയായിരിക്കും. മൂലധന നിക്ഷേപം താരതമ്യേന കൂടുതൽ ആയിരിക്കും എന്നതാണ് സോളാർ എനർജിയിലേക്കും വിൻഡ് മില്ലിലേക്കും തിരിയുന്നതിൽ നിന്നും നമ്മെ പിന്നോട്ട് വലിക്കുന്നത്.
.
പൊതു ജന പങ്കാളിത്തത്തോടെ ഊർജ്ജ പ്രതിസന്ധിയെ അതിജീവിക്കാൻ ഭാവനാ പൂർവ്വം ആയ നടപടികൾ ആണ് ഉണ്ടാകേണ്ടത്. പാരമ്പര്യേതര ഊർജോത്പാദനത്തിനു വേണ്ടി പുതിയ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ഉണ്ടാക്കണം. കേരളത്തിലെ മുഴുവൻ ആളുകളെയും അതിൽ ഓഹരി ഉടമകൾ ആക്കണം. നാടിന്റെ നില നില്പിനു് വേണ്ടിയുള്ള കരുതലിന്റെ ഭാഗം ആണ് ഈ ഉദ്യമം എന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണം. മറ്റു കമ്പനികളിലെ മൂലധന നിക്ഷേപത്തിന്റെ മാനദണ്ഡത്തിൽ നിന്നും തികച്ചു വ്യത്യസ്തം ആയി ഓരോ കുടുംബത്തിലും നിലവിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവിനെയും അംഗങ്ങളുടെ എണ്ണത്തെയും മാനദണ്ഡം ആക്കി ഓരോ കുടുംബവും എടുക്കേണ്ട ഓഹരികൾ നിശ്ചയിക്കണം. ഒരു മാസം ഒരു കുടുംബം ഉപയോഗിക്കുന്ന ഓരോ ഇരുപത്തി അഞ്ചു യൂണിറ്റിനും ഒരു ഓഹരി നിർബന്ധം ആക്കണം. ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവരെ ഓഹരി എടുക്കാൻ സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും അനർട്ടും സഹായിക്കണം.
.
ഒരുപാട് കാര്യങ്ങൾക്ക് നാം കേരളീയർ ലോകത്തിനു മാതൃക ആയിട്ടുണ്ട്. പൊതു ജന പങ്കാളിത്തത്തോടെ ഊർജോത്പാദനം എന്ന ഈ മിത്ത് സംഭവിക്കപ്പെടുക ആണെങ്കിൽ അതും ലോകത്തിനു മാതൃക ആണ്. പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ ഉപയോഗിക്കുന്നതിനു പകരം ആയി ആഗോള തലത്തിൽ ലഭിക്കുന്ന കാർബൺ ക്രെഡിറ്റിലൂടെയും ഒരു വരുമാനം ഉണ്ടാക്കാനും നമുക്ക് ഇതിലൂടെ സാധിക്കും. ഓഹരി ഉടമകൾക്ക് ചിലവ് കുറഞ്ഞ വൈദ്യുതി, പ്രകൃതിക്ക് സംരക്ഷണം, പുതിയൊരു ഊർജ്ജ വിനിയോഗ സംസ്കാരം എല്ലാം നേടാൻ കഴിയും. ഇതൊരു ബ്രിഹത് പദ്ധതി ആയിരിക്കും. വൈദ്യുതിയുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അല്ല നിക്ഷേപം സ്വീകരിക്കേണ്ടത്. സ്വകാര്യ കോർപ്പറേറ്റ് മൂലധനവും സ്വീകരിക്കാം.
.
കൃത്യം ആയി പഠിച്ച് നടപ്പാക്കുക ആണ് എങ്കിൽ ഓരോ വീടും ഓരോ ഊർജോൽപ്പാദന യൂണിറ്റുകൾ ആയി മാറും. തരിശായി കിടക്കുന്നിടം, കെട്ടിടങ്ങളുടെ മട്ടുപ്പാവുകൾ തുടങ്ങി എവിടെയും ഊർജ്ജം ഉൽപാദിപ്പിക്കാം. നാളേക്കായി ഇന്നേ കരുതാം.