Thursday, January 01, 2009

സിസ്റ്റര്‍ അഭയാ കേസ് : ചെരുപ്പിനൊപ്പം മുറിയുന്ന കാലുകള്‍!

സിസ്റ്റര്‍ അഭയാ കേസിലെ പ്രതികള്‍ എന്ന് സംശയിയ്ക്കപ്പെടുന്നവര്‍ക്ക് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരിയ്ക്കുന്നു. പ്രതികള്‍ എന്ന് സംശയിയ്ക്കുപ്പെടുന്നവരുടെ ജാമ്യ ഹര്‍ജ്ജിയിന്മേല്‍ വാദം കേട്ട ജസ്റ്റിസ് ഹേമ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ ഒരു പരിധി വരെ ശരി വെച്ചു കൊണ്ടാണ് ഇന്ന് വിധി പുറപ്പെടുവിച്ചിരിയ്ക്കുന്നത്. ഒരേ നിയമ വ്യവസ്ഥ പിന്തുടരുന്ന രണ്ടു കോടതികളുടെ ഒരേ കേസിലുള്ള നിലപാടുകള്‍ പരസ്പര വിരുദ്ധമാകുന്നത് ഇന്ന് ഒരു പുതുമയേ അല്ലാതായി മാറിയിരിയ്ക്കുന്നു.

എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതി സിസ്റ്റര്‍ അഭയാ കേസില്‍ എടുത്തിരിയ്ക്കുന്ന നിലപാട് ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ തന്നെയാണ് യഥാര്‍ത്ഥ പ്രതികള്‍ എന്ന നിലയ്ക്കാണ്. എന്നാല്‍ ജാമ്യ ഹര്‍ജ്ജി പരിഗണിയ്ക്കവേ പോലും ഹൈക്കോടതി എടുത്തിരിയ്ക്കുന്ന നിലപാട് സി.ബി.ഐ യ്ക്ക് പിഴച്ചു എന്ന രീതിയിലുമാണ്. അതു കൊണ്ട് തന്നെ സിസ്റ്റര്‍ അഭയാ കേസിന്റെ വിചാരണാനന്തരം കോടതിയില്‍ സംഭവിയ്ക്കാന്‍ പോകുന്നത് എന്തായിരിയ്ക്കമെന്ന് ഊഹിയ്ക്കാന്‍ ആറാമിന്ദ്രീയത്തിന്റെ ആവശ്യമൊന്നുമില്ല.

സിസ്റ്റര്‍ അഭയാ കേസില്‍ സി.ബി.ഐയ്ക്ക് പിഴച്ചുവോ?

പിഴച്ചു എന്നത് തന്നെയല്ലേ വസ്തുത. സി.ബി.ഐയ്ക്ക് മാത്രമല്ല പിഴച്ചിട്ടുള്ളത്. ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസിനും ക്രൈംബ്രാഞ്ചിനും മാധ്യമങ്ങള്‍ക്കും പിന്നെ പൊതു സമൂഹത്തിനും സിസ്റ്റര്‍ അഭയാകേസ് വിലയിരുത്തുന്നതില്‍ പിഴവ് സംഭവിച്ചിട്ടുണ്ട്. യഥാര്‍ത്ഥ കുറ്റവാളികള്‍ പടച്ചെടുത്ത തിരക്കഥയില്‍ നിന്നും ഒട്ടും വ്യതി ചലിയ്ക്കാതെയാണ് സിസ്റ്റര്‍ അഭയാ കേസിന്റെ അന്വേഷണം പതിനാറു വര്‍ഷത്തിനു ശേഷവും പുരോഗമിയ്ക്കുന്നത്. ഇതൊക്കെ കണ്ടും കേട്ടും സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയവര്‍ ഇപ്പോഴും മറഞ്ഞിരുന്നു ചിരിയ്ക്കുന്നുണ്ടാകാം.

പഠിയ്ക്കുന്നതിനായി അലാറം വെച്ച് പുലര്‍ച്ചേ ഉറക്കമുണര്‍ന്ന സിസ്റ്റര്‍ അഭയ വെള്ളം എടുക്കാനായി അടുക്കളയിലേയ്ക്ക് എത്തിയപ്പോള്‍ “അരുതാത്തത്” കണ്ടു നിലവിളിച്ചു. “അരുതാത്തത്” ചെയ്ത് കൊണ്ടിരുന്ന സിസ്റ്റര്‍ സെഫി, സിസ്റ്റര്‍ അഭയയെ കോടാലി കൊണ്ട് തലയ്ക്ക് മൂന്ന് പ്രാവശ്യം അടിച്ചു. ബോധം കെട്ടു വീണ സിസ്റ്റര്‍ അഭയയെ “അരുതാത്തതില്‍” പങ്കാളികള്‍ ആയിരുന്ന ഫാദര്‍ കോട്ടൂരും ഫാദര്‍ പിതൃക്കയും ചേര്‍ന്ന് വലിച്ച് കിണറ്റില്‍ ഇട്ടു. കിണറ്റില്‍ വീഴുമ്പോഴും ജീവന്‍ ബാക്കിയായിരുന്ന സിസ്റ്റര്‍ അഭയ വെള്ളം കുടിച്ചു മരിച്ചു. ഇതാണല്ലോ ഏറ്റവും പുതിയ സി.ബി.ഐ ഭാഷ്യം.

ഈ കഥയില്‍ ചില പൊരുത്തക്കേടുകള്‍ ഇല്ലേ? ഒരു കന്യാസ്ത്രീമഠത്തില്‍ ലൈംഗികാസക്തിയുള്ളവര്‍ ഉണ്ടാകാം. സന്യാസിനീ വേഷം ധരിച്ചതുകൊണ്ട് മാത്രം മനുഷ്യ സഹചമായ ലൈംഗിക തൃഷ്ണകള്‍ അടയ്ക്കിവെയ്ക്കാന്‍ കഴിയാത്തവര്‍ ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദ ഫലമായി സന്യാസിനീ സമൂഹത്തില്‍ വന്നു പെട്ടിട്ടുമുണ്ടാകാം. ഇവിടെ സിസ്റ്റര്‍ സെഫി അത്തരക്കാരി ആയിരുന്നു എന്നും ഫാദര്‍ കോട്ടൂരും ഫാദര്‍ പിതൃക്കയും സിസ്റ്റര്‍ സെഫിയുമായി വഴിവിട്ട അടുപ്പം പുലര്‍ത്തിയിരുന്നവര്‍ ആയിരുന്നു എന്നും ഇരിയ്ക്കട്ടെ. ലൈംഗികത അങ്ങേയറ്റം പാപമായോ ഒഴിഞ്ഞു നില്‍ക്കേണ്ട ഒന്നായോ കാണുന്ന കന്യാസ്ത്രീ മഠത്തിന്റെ ആര്‍ക്കും എപ്പോഴും വെള്ളമെടുക്കാന്‍ കടന്നു വരാന്‍ തക്കവണ്ണം തുറന്നിട്ട അടുക്കളയില്‍ വെച്ച് “അരുതാത്തത്” ചെയ്യാന്‍ മാത്രം വിഡ്ഡികളായിരുന്നുവോ ഇവര്‍ മൂന്ന് പേരും?

മാധ്യമ വിചാരണകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് മഠത്തിലെ അടുക്കളയോട് ചേര്‍ന്ന റൂമിലാണ് സിസ്റ്റര്‍ സെഫി താമസിച്ചിരുന്നത് എന്നാണ്. അല്ലാതെ അടുക്കളയില്‍ അല്ലായിരുന്നു. സിസ്റ്റര്‍ സെഫിയും ഫാദര്‍ പിതൃക്കയും ഫാദര്‍ കോട്ടൂരും “അരുതാത്തത്” ചെയ്തിട്ടുണ്ട് എങ്കില്‍ അത് മിക്കവാറും സിസ്റ്റര്‍ സെഫിയുടെ അടച്ചിട്ട മുറിയില്‍ ആയിരിയ്ക്കണമല്ലോ? അതല്ലാതെ ആര്‍ക്കും എപ്പോഴും കടന്നു വരാന്‍ കഴിയുന്ന അടുക്കളയില്‍ വെച്ച് “അരുതാത്തത്” ഒരുമിച്ച് ചെയ്യാന്‍ ഇവര്‍ പോണ്‍ സ്റ്റാറുകള്‍ ഒന്നുമായിരുന്നില്ലല്ലോ? അങ്ങിനെയെങ്കില്‍ സിസ്റ്റര്‍ അഭയ കണ്ടിരിയ്ക്കാന്‍ വഴിയുള്ളത് രണ്ട് കാര്യങ്ങളാണ്.

ഒന്ന്. സിസ്റ്റര്‍ സെഫിയുടെ റൂമില്‍ നിന്നും ഇറങ്ങി വരുന്ന ഫാദര്‍ പിതൃക്കയും ഫാദര്‍ കോട്ടൂരും.

രണ്ട്. സിസ്റ്റര്‍ സെഫിയുടെ റൂമിലേയ്ക്ക് കയറി പോകുന്ന ഫാദര്‍ പിതൃക്കയും ഫാദര്‍ കോട്ടൂരും.

ഇത് രണ്ടും സിസ്റ്റര്‍ അഭയ നിലവിളിയ്ക്കത്തക്ക തരത്തിലുള്ള “അരുതായ്ക്മകള്‍” ആണോ? ഒരു കന്യാസ്ത്രീമഠത്തിലെ ഉത്തരവാദപ്പെട്ട ഒരു സന്യാസിനിയുടെ റൂമിലേയ്ക്ക് അതേ പ്രസ്ഥാനത്തിലെ രണ്ടു പേര്‍ കടന്നു പോകുന്നതോ പുറത്തേയ്ക്ക് വരുന്നതോ കണ്ട് സിസ്റ്റര്‍ അഭയ നിലവിളിയ്ക്കുമോ? അല്ല അങ്ങിനെ നിലവിളിച്ചാല്‍ തന്നെ ഒരു കൊലപാതകത്തിലേയ്ക്ക് അത് എത്തിചേരാനുള്ള സാധ്യത എത്രമാത്രമാണ്? ഒരു സ്വാഭാവിക സംഭവമായി അത് മാറുകയും സിസ്റ്റര്‍ അഭയ വെള്ളമെടുത്ത് തിരിച്ച് തന്റെ മുറിയിലേയ്ക്ക് പോവുകയും വൈദികര്‍ അവരുടെ പാട്ടിനും സെഫി അവരുടെ കിടപ്പറയിലേയ്ക്കും പോകുകയും ചെയ്യാമായിരുന്ന ഒരു സംഗതി കൊലപാതകത്തിലേയ്ക്ക് എത്തിച്ചേരുകയും പതിനാറു വര്‍ഷത്തിനു ശേഷവും തീരുമാനത്തില്‍ എത്തി ചേരാതിരിയ്ക്കുകയും ചെയ്യുന്നത് എന്തു കൊണ്ട്?

ഇവിടെയാണ് യഥാര്‍ത്ഥ പ്രതികള്‍ ചിരിയ്ക്കുന്നത്. സിസ്റ്റര്‍ അഭയാ കേസിലെ ഏറ്റവും ശക്തമായ മറയാണ് “കന്യാസ്ത്രീമഠത്തിലെ ലൈംഗികത”. ആദ്യം ആത്മഹത്യയാക്കാന്‍ ശ്രമിച്ചവര്‍ പിന്നെ സിസ്റ്റര്‍ അഭയയുടെ മരണത്തിനു ഹേതുവായത് കന്യാസ്ത്രീമഠത്തിലെ ലൈംഗികതയാണ് എന്ന് വരുത്തി തീര്‍ത്തതോടെ യഥാര്‍ത്ഥ കുറ്റവാളികള്‍ ഒരിയ്ക്കലും പിടിയ്ക്കപ്പെടുവാന്‍ സാധ്യതയില്ലാത്ത തലത്തിലേയ്ക്ക് കേസ് എത്തപ്പെടുകയാണ് ചെയ്തിട്ടുള്ളത്. സിസ്റ്റര്‍ അഭയയുടെ ദുര്‍മരണത്തിനു ഹേതുവായ സംഭവം അല്ലെങ്കില്‍ വ്യക്തികള്‍ കൃതൃമമായി സൃഷ്ടിച്ച ഈ ലൈംഗിക മറ വെട്ടിപ്പൊളിച്ചെങ്കില്‍ മാത്രമേ അന്ന് രാത്രി പയസ് ടെന്ത് കോണ്‍‌വെന്റില്‍ സംഭവിച്ച ദുരന്തത്തിന്റെ ഏഴു അയലത്തു പോലും എത്തിച്ചേരാന്‍ അപസര്‍പ്പകര്‍ക്ക് കഴിയുള്ളൂ.

സിസ്റ്റര്‍ അഭയ ആകസ്മികമായി കൊല്ലപ്പെട്ടതായിരിയ്ക്കണമെന്നില്ല. അവര്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ തക്കവണ്ണം ദുരൂഹമായ മറ്റെന്തോ സംഭവം അവരുടെ ദുരൂഹമരണത്തിനും പിന്നില്‍ ഉണ്ട് എന്നതാണ് വസ്തുത. ആ വസ്തുതയിലേയ്ക്ക് എത്തിച്ചേരാന്‍ അന്വേഷകര്‍ക്ക് കഴിയാത്തത് “കന്യാസ്ത്രീമഠത്തിലെ ലൈംഗികത” എന്ന മറയുള്ളത് കൊണ്ടാണ്.

പ്രധാനമന്ത്രിയുടെ ഓഫീസിനെ വരെ സ്വാധീനിയ്ക്കാന്‍ കഴിയുന്നവര്‍ ഉള്‍പ്പെട്ട എന്തോ ദുരൂഹത മറയ്ക്കപ്പെടാന്‍ വേണ്ടിയാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. അത് കേവലം ലൈംഗിക വൈകൃതങ്ങളില്‍ തളച്ചിട്ട് കേസിനെ അട്ടിമറിയ്ക്കാന്‍ കൊലപാതകികള്‍ക്ക് കഴിഞ്ഞിരിയ്ക്കുന്നു. സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് പിടിയ്ക്കപ്പെട്ടവര്‍ കുറ്റവാളികള്‍ ആണെന്ന് സ്ഥാപിയ്ക്കാന്‍ പ്രതികളാണെന്ന് ആരോപിയ്ക്കപ്പെട്ടവരെ കസ്റ്റഡിയില്‍ രണ്ടുമാസമായി ലഭിച്ചിട്ടും സിബിഐയ്ക്ക് കഴിയാത്തത് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നിരപരാ‍ധികളാണെന്ന ധാരണ പ്രചരിയ്ക്കപ്പെടാന്‍ കാരണമാകുന്നില്ലേ? അല്ലെങ്കില്‍ അവര്‍ നിരപരാധികള്‍ തന്നെയാണോ? ഈ മൂവരും കേസില്‍ സംശയിയ്ക്കപ്പെടുന്നവരായിരിയ്ക്കാം. സംശയിയ്ക്കപ്പെടുന്നവരെല്ലാവരും കുറ്റവാളികള്‍ ആകുന്നില്ലല്ലോ?

ഒമ്പത് വര്‍ഷം വിചാരണ തടവുകാ‍രനായി മാതാവിന്റെ മയ്യിത്ത് പോലും കാണാന്‍ പരോളോ ജാമ്യം പോലുമോ ലഭിയ്ക്കാതെ സേലം ജയിലില്‍ കിടന്ന് നരകിച്ച വികലാംഗന്‍ നിരപരാധിയാണെന്ന് ഒമ്പത് വര്‍ഷത്തിനു ശേഷം കോടതി കണ്ടെത്തിയപ്പോള്‍ ഭാരതത്തിന്റെ പുകള്‍പെറ്റ നീതിന്യായ വ്യവസ്ഥിതിയാണ് പരാജയപ്പെട്ടത്. ഒരു കലാപത്തിന്റെ പേരില്‍ പ്രതി ചേര്‍ക്കപ്പെട്ട് തുറങ്കിലടയ്ക്കപെട്ട എഴുപത്തി ആറു ചെറുപ്പക്കാര്‍ നാലുവര്‍ഷത്തെ കാരാഗൃഹ വാ‍സത്തിനു ശേഷം കുറ്റക്കാരല്ലാതായി മാറിയത് കഴിഞ്ഞ ദിവസമാണ്. അതുപോലെ ചെയ്യാത്ത തെറ്റിനാണ് സിസ്റ്റര്‍ സെഫിയും ഫാദര്‍ കോട്ടൂരും ഫാദര്‍ പിതൃക്കയും സമൂഹത്തിന്റെ പരിഹാസത്തിനും നിയമ നടപടികള്‍ക്കും പാത്രമായതെങ്കില്‍ അത് ആ സന്യാസിനിയോടും വൈദികരോടും ചെയ്ത തുല്യതയില്ലാത്ത ക്രൂരതയാണ്. അതല്ല അവരാണ് കുറ്റവാളികള്‍ എങ്കില്‍ അതിനു യുക്തിസഹമായ വസ്തുതകകള്‍ നിരത്തി ഇവരെ വിചാരണയ്ക്കായി കോടതിയിലെത്തിയ്ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയണം.

സിസ്റ്റര്‍ അഭയ കേസില്‍ സി.ബി.ഐ ഇപ്പോള്‍ എടുത്തിട്ടുള്ള നിലപാടുകളും നടപടികളും ചെരുപ്പിനൊപ്പം കാലു മുറിയ്ക്കുന്നതു പോലെയാണ്. അഭയയുടെ മരണം ആത്മഹത്യ അല്ല അത് കൊലപാതകമായിരുന്നു എന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിച്ചേര്‍ന്നകാലം മുതല്‍ അന്വേഷണത്തെ വഴിതിരിച്ചു വിടാന്‍ ശ്രമിച്ചവര്‍ ഉണ്ടാക്കി കൊടുത്ത ചെരുപ്പിനൊപ്പം വെയ്ക്കാന്‍ കഴിയുന്ന കാലുകള്‍ തപ്പിയലഞ്ഞവര്‍ അത് ലഭിയ്ക്കാതെ കിട്ടിയ കാലുകളെ മുറിച്ച് ചെരുപ്പിനൊപ്പമാക്കുന്ന വിദ്യായാണിന്ന് പരീക്ഷിയ്ക്കുന്നത്.

ഒന്നുകില്‍ സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ പിടിയിലായവര്‍ തന്നെയാണെന്ന് സംശയത്തിനിട നല്‍കാതെ തെളിയിയ്ക്കാന്‍ അപസര്‍പ്പകര്‍ക്ക് കഴിയണം. അല്ലെങ്കില്‍ ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിയ്ക്കപ്പെടരുത് എന്ന ഭാരതീയ നീതിന്യായ നിര്‍വ്വഹണ തത്വത്തിന്റെ സത്ത ഉള്‍ക്കോണ്ടു കൊണ്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണ പ്രഹസനം അവസാനിപ്പിച്ച് പിടിയിലായവരെ സമൂഹമദ്ധ്യത്തില്‍ അവഹേളന പാത്രമാക്കുന്നതിന് അവസാനം ഉണ്ടാക്കണം.

ഇപ്പോള്‍ നടക്കുന്ന പൊറാട്ട് അഭയകേസിന്റെ അന്വേഷണത്തെ എങ്ങും എത്തിയ്ക്കില്ല. കാരണം സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത് ആകസ്മികമായല്ല എന്നതു കൊണ്ട് തന്നെ! പിന്നില്‍ പ്രവര്‍ത്തിച്ചത് ഒന്നോരണ്ടോ വൈദികരും ഏതെങ്കിലും സന്യാസിനിയും അല്ല. ഭാരത ഭരണ ചക്രത്തില്‍ എക്കാലവും പിടിമുറുക്കാന്‍ കഴിയുന്നവര്‍ ഉള്‍പ്പെട്ട ഏന്തോ ഒന്ന് ഒളിയ്ക്കപ്പെടുവാന്‍ വേണ്ടിയാണ് സിസ്റ്റര്‍ അഭയ മരണപ്പെട്ടത്. അത് തെളിയിയ്ക്കപ്പെടാതിരിയ്ക്കാനാണ് ആദ്യം ആത്മഹത്യാ ആക്കപ്പെട്ടത്. പിന്നെ തന്ത്രപൂര്‍വ്വം കന്യാസ്ത്രീമഠത്തിലെ ലൈംഗിക വൈകൃതം എന്ന മറ നിര്‍മ്മിയ്ക്കപ്പെട്ടത്. ഇതിനൊക്കെ കഴിയുന്നവര്‍ ഇന്നും ഭരണതലങ്ങളില്‍ ഉണ്ടായതു കൊണ്ട് തന്നെയാണ് രണ്ടുമൂന്ന് പേര്‍ അറസ്റ്റിലാകപ്പെടുകയും ഇവരിലൂടെ കേസന്വേഷണം അവസാനിപ്പിയ്ക്കപ്പെടാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നത്!