Monday, October 22, 2007

“ഇപ്പോഴും അവിടുന്ന് തന്നെയാണോടേയ്...”

(നിയമപ്രകാരമുള്ള മുന്നറിയിപ്പ് :
“കൊണ്ടതും കൊടുത്തതും” എന്ന ബ്ലോഗില്‍ ബൂലോകത്തെ ആദ്യ നാളുകളില്‍ ചാമ്പിയതാണ് ഈ പോസ്റ്റ്. എല്ലാ പോസ്റ്റുകളും ഒരിടത്താക്കാന്‍ വേണ്ടിയാണ് വീണ്ടും പബ്ലിഷ് ചെയ്യുന്നത്. നേരത്തേ വായിച്ചിട്ടുള്ളവര്‍ വീണ്ടും അപകടത്തില്‍ പെടരുത്. നന്ദി.)

ഭാസ്കരന്‍ മാഷിന്റെ എറണാകുളം യാത്രക്ക് ഗൈഡാകണമെന്നു നാട്ടില്‍ നിന്നും പിതാജിയുടെ കത്ത്‌വന്നപ്പോള്‍ അഹങ്കാരം കൊണ്ട് ചങ്കില്‍ ചെങ്കൊടിപാറി...പ്രൈമറിയില്‍ വള്ളിനിക്കറിന്റെ ഓരം പുലിക്കോടന്റെ കാ‍ലത്തെ പൊലീസേ‌മാന്മാരുടെ നിക്കറുപോലാക്കി, ചന്തിയിലെ തോലെവിടെ തുടങ്ങുന്നു നിക്കറ് എവിടെ അവസാനിക്കുന്നു എന്ന് തിരിച്ചറിയാത്ത രീതിയില്‍, കൊമ്പത്തിരിക്കുന്ന കാക്കെടെ കണ്ണിനെ ലക്ഷ്യം വക്കുന്ന ഒട്ടര് പയ്യന്റെ കയ്യിലെ തെറ്റാലി പോലെ വലിച്ച് പിടിച്ച് ചൂരല്‍ കൊണ്ടുള്ള ഭാസ്കരന്‍ മാഷിന്റെ തുടയിലെ ആ താളം പിടുത്തം ഉണ്ടല്ലോ അതിന്റെ സുഖം ഇപ്പോഴും പിന്‍ഭാരത്ത് നീറ്റലുണ്ടാക്കുന്നു. ചൂരലിന്റെ മേളക്കൊഴുപ്പ് സഹിക്കാമായിരുന്നു. മേളപ്പതം കഴിഞ്ഞ് ആ മൊരട്ട് മോന്തായില്‍-സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ അച്ചുമാ‍‌മന്റെ തിരുഖത്ത് വിരിഞ്ഞ കടും പുഞ്ചിരിപോലൊന്നു വരുമായിരുന്നു ആ ആക്കി ചിരിയാണേയ് അസ്സഹനീയം...

വര്‍ഷം പത്ത് പതിനഞ്ച് കഴിഞ്ഞു. ഇന്നും മാഷിനെ കാണുമ്പോള്‍ ആ പഴയ ചിരി മനസ്സില്‍ കതിന പൊട്ടിക്കും.

ഇങ്ങ് വരട്ടെ...രണ്ട് ദിവസം ഭാസ്കരന്‍ മാഷ് എന്റെ കസ്റ്റഡിയില്‍....ആ വള്ളി നിക്കറ് കാരന്‍ ഇന്ന് ആരായെന്ന് കാട്ടികൊടുക്കണം. പ്രതികാരം മനസ്സില്‍ നുരഞ്ഞ് പൊന്തി...

അഞ്ഞൂറ് രൂപ സഹമുറിയന്റെ കയ്യില്‍ നിന്നും തരമാക്കി. മാഷ് പാലോട് ബസ്സില്‍ യഥാസ‌മയം എറണാകുളത്ത് ലാന്റ് ചെയ്തു. വള്ളി നിക്കര്‍കാരന്‍ സഹമുറിയന്റെ തന്നെ വാടകക്കെടുത്ത കോട്ടിനുള്ളില്‍...

“ഞാന്‍ തന്നെ മാഷേ..”
വര്‍ഷം പതിനഞ്ചിന് ശേഷവും മൂക്കട്ടയൊലിപ്പിച്ച് നില്ക്കുന്ന വള്ളിനിക്കറനെ തിരയുന്ന മാഷിന്റെ മുന്നില്‍ അഴകിയരാവണന്‍ മലമറിഞ്ഞ് നിന്നു.

“എടേ ഒരു ചായ കുടിക്കണം...”
കോട്ടും സൂട്ടും ഒക്കെ ഇട്ട് മോഡേണായി നിന്നിട്ടും മാഷ് വള്ളിനിക്കറനെ വിളിക്കുന്ന ആ പഴയ വിളിയാ വിളിച്ചതെങ്കിലും അതങ്ങ് ക്ഷമിച്ചു. രണ്ട് ദിനം കസ്റ്റഡിയിലല്ലെ കാണിച്ചുകൊടുക്കാം.

എറണാകുളം കണ്ട് വാ പൊളിച്ച് നിന്ന മാഷിനേം കൂട്ടി ചായകുടിക്കാനായി അവന്യു റീജന്റിന്റെ പടി കടക്കുമ്പോള്‍ കിന്നരിവച്ച പാറാവുകാരന്‍ ഉള്ളിലേക്കാനയിച്ചു.
“ഇതെന്താ ഇവിടെ?”
എറണാകുളം കണ്ടേ വണ്ടറടിച്ച മാഷിന് സ്റ്റാര്‍ ഹോട്ടലിന്റെ ആഡംബര കാഴ്ച താങ്ങാവുന്നതിലുമപ്പുറം.
“ഞാനെന്നും ഇവിടുന്നാ ചായ കുടിക്കല്. ഇവിടുത്തെ ചെറിയ ചായക്കടകളിലൊന്നും ഒട്ടും വൃത്തിയില്ല..വിലയിത്തിരി കൂടു‌മെങ്കിലും ഇവിടെ നല്ല സേവനമാ...” ഹൈക്കോര്‍ട്ടിനടുത്തെ ചാക്കു കൊണ്ട് മറച്ച് കെട്ടിയ കുടുസ്സു ഹോട്ടലിലെ മത്തിക്കറിയും ചോറുമാണീ തടിയുടെ രഹസ്യമെന്ന് നാളേക്ക് നളെ കൊച്ചി വിടുന്ന മാഷെങ്ങനെ കണ്ടുപിടിക്കാന്‍...

കിന്നരിക്കാരന്‍ വന്നു.
“ടൂ ടീ......”
ആംഗലേയം മാത്രമേ വരുന്നുള്ളു.
ഒരു സ്വാസറില്‍ ചതുര കഷണങ്ങള്‍ കൊണ്ടുവച്ചിട്ട് വെയിറ്റര്‍ അകത്തേക്ക് പോയി.
“ഇത് എന്താണ്” മാഷാരാഞ്ഞു.
“വല്ല്യാ ഹോട്ടലുകളില്‍ ഇങ്ങിനെയാണ്...ചായ പറയുമ്പോള്‍ ഇതുപോലെ എന്തെങ്കിലും തിന്നാന്‍ തരും...”
അഴകിയവന്റെ മറുപടി. ഒന്ന് ഞാന്‍ തിന്നു. നല്ല മധുരം. പിന്നേം തിന്നു. ബാക്കി മാഷും തിന്നു. വെള്ളവും കുടിച്ചു..ഏമ്പക്കവും വിട്ടു.

അതാ വരുന്നു കിന്നരിക്കാരന്‍.
കയ്യില്‍ തട്ടം. രണ്ടുമൂന്ന് പാത്രങ്ങള്‍. ഒന്നില്‍ പാല്‍. മറ്റോന്നില്‍ സൂലൈമാനി. പിന്നൊന്നില്‍ ആ അര്‍ക്കറിയാം...മറ്റെന്തൊക്കെയോ....
“ഇതന്താ ഇങ്ങിനെ” വീണ്ടും കണ്ട്രി മാഷിന്റെ കണ്ട്രി ചോദ്യം.
“മാഷേ...ഇത് സ്റ്റാര്‍ ഹോട്ടലല്ലേ. ഇവിടുത്തെ രീതിയിതാണ്..നമ്മള്‍ തന്നെ ഉണ്ടാക്കി കഴിക്കണം” പരിചയ സമ്പന്നന്‍.
പിന്നെ പരിചയ സമ്പന്നതയുടെ പാടവത്തോടെ എല്ലാം കൂട്ടി ഇളക്കി കുടിച്ചു തുടങ്ങി. എന്തോ ഒരു കുഴപ്പം പോലെ. മധുരമില്ല തീരെ. പാലില്‍ പഞ്ചസ്സാര ഇടാതാണൊ ഇവനൊക്കെ സപ്ലൈ ചെയ്തത്. തികഞ്ഞ ഉത്തരവാദിത്ത രാഹിത്യം. ഇതങ്ങിനെ വിട്ടാല്‍ പറ്റില്ല.

“ഏയ്... വെയിറ്റര്‍. കം ഹിയര്‍..” വീണ്ടും ആംഗലേയം. അവസരത്തിനൊത്ത് ഇംഗ്ലീഷ് തന്നേ വരുമെന്ന് പറയുന്നതെന്നാ കറക്ട്. വെയിറ്റര്‍ വന്നു.
“എന്താ ഇത് മധുരമിടാതാണോ ചായ തരുന്നത്...”
വെയിറ്റര്‍: “ഈ സ്വാസറില്‍....”
ഞാന്‍ : “അത് ഞങ്ങള് തിന്നൂ.....”
വെയിറ്റര്‍: “അയ്യോ അത് പഞ്ചസ്സാരയായിരുന്നു”
ഞാന്‍ : “ചതുരത്തിലായിരുന്നൂ...” ദയനീയമായിരുന്നു മറുപടി.
“യൂസ്‌ലെസ് ഫെലോസ്..” എന്നോ മറ്റോ ആണെന്ന് തോന്നുന്നു ...വെയിറ്റര്‍ പിന്നേം എന്തൊക്കെയോ പുലമ്പി വീണ്ടും ഷുഗര്‍ ക്യൂബ്സ് കൊണ്ടുതന്ന് ചവിട്ടി മെതിച്ച് കടന്നു പോയി.

രണ്ട് ചായക്ക് നൂറ് രൂപയും കൊടുത്ത് പുറത്ത് വരുമ്പോള്‍ മാഷിന്റെ അടക്കിയുള്ള ചോദ്യം...
“എപ്പോഴും ഇവിടുന്ന് തന്നെയാണോടേയ് നീ ചായ കുടിക്കല്....”
നാക്കിറങ്ങിയങ്ങ് വന്‍ കുടലിലേക്കു പോയി...

പിറ്റേ മാസം അവധിക്ക് അഞ്ചലിലെത്തിയപ്പോള്‍:
ബിജുവിനും ബിനുവിനും സുജക്കും മത്തായിക്കും സുനിലിനും പോക്കറിനും പിന്നെ സര്‍വ്വ ‍പട്ടിക്കും പൂച്ചക്കും കാക്കക്കും എന്നുവേണ്ട മുള്ളു മുരട് മൂര്‍ഖന്‍ പാമ്പിനും കല്ല് കരട് കാഞ്ഞിരക്കുരുവിനും വരെ അറിയേണ്ടുന്നത് ഒന്നു മാത്രം....
“ഇപ്പോഴും അവിടുന്ന് തന്നെയാണോടേയ് ചായ കുടിക്കുന്നത്....”

കഴിഞ്ഞതവണ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയപ്പോള്‍ അതാ നില്‍ക്കുന്നു സാക്ഷാല്‍ ഭാസ്കരന്‍ മാഷ്...കണ്ടപ്പോഴെ ചൊദ്യം വന്നു.
“ഇപ്പോഴും അവിടുന്ന് തന്നെയാണോടേയ്....”