Saturday, November 21, 2009

തീമഴ പെയ്യാത്തതെന്തു കൊണ്ട്?

റുഖിയ.
റുഖിയയുടെ മകള്‍ റജീന.
പിന്നെ റജീനയുടെ മൂന്ന് മക്കള്‍.
നാലു മക്കള്‍ക്ക് ജന്മം നല്‍കിയെങ്കിലും റജീന അവിവാഹിതയാണ്. നാലു കുട്ടികളില്‍ ഒരാള്‍ മരിച്ചു. അഥവാ, നേരും നെറിയും നീതിയും ന്യായവും ബോധവും കെട്ട ലോകത്ത് നിന്നും ഒരു കുട്ടിയെങ്കിലും രക്ഷപെട്ടു!

റുഖിയയും റജീനയും.
കരുകോണ്‍ ഗ്രാമത്തിന്റെ ദുരന്ത കാഴ്ചയാണ് അവര്‍!
ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്നേ ആരോ സമ്മാനിച്ച കൈകുഞ്ഞുമായി കരുകോണിലെത്തിയ റുഖിയ പതുക്കെ പതുക്കെ ഗ്രാമത്തിന്റെ തമാശയാവുകയായിരുന്നു. റജീനയുടെ ശൈശവത്തില്‍, റുഖിയ മുന്നില്‍ റുഖിയയുടെ ഉടുതുണിയില്‍ തൂങ്ങി റജീന. പിന്നെ കുട്ടി ശൈശവം വിട്ടപ്പോള്‍ മുന്നേ റജീന പിന്നില്‍ ഒരു വടിയുമായി റുഖിയ എന്ന നിലയ്ക്കായി യാത്ര. വടി പക്ഷേ റുഖിയ വെറുതെ അങ്ങിനെ കൊണ്ടു നടക്കുമെന്ന് മാത്രം. റജീനയുടെ പാതകളായിരുന്നു അക്കാലത്ത് റുഖിയയുടേയും വഴികള്‍. റജീന എങ്ങോട്ടു പോകുന്നോ അങ്ങോട്ടൊക്കെയും റുഖിയയും തിരിയും. റജീനയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ റുഖിയ ചീറും. റുഖിയയെ കളിയാക്കിയാല്‍ റജീനയും പ്രതികരിയ്ക്കും. അമ്മയ്ക്ക് മകളും മകള്‍ക്ക് അമ്മയും മാത്രം സ്വന്തമെങ്കിലും പക്ഷേ ചിലപ്പോള്‍ ഈ സൌഹാര്‍ദ്ദമൊക്കെ രൂക്ഷമായ സംഘര്‍ഷത്തിനു വഴിവെയ്ക്കും. അമ്മ മകളേയും മകള്‍ അമ്മയേയും കിട്ടുന്നതെല്ലാം എടുത്ത് പരസ്പരം തല്ലും.

വഴക്കും വക്കാണവും സൌഹൃദവും ഒക്കെയായി റുഖിയയും റജീനയും നാട്ടുകാര്‍ക്ക് എപ്പോഴും തമാശയ്ക്കുള്ള വകയായി. പ്രത്യേക ഉദ്ദേശ്യമോ ലക്ഷ്യമോ ഇല്ലാതെ ഗ്രാമത്തില്‍ അതിരാവിലെ മുതല്‍ മുന്നില്‍ റജീനയും പിന്നില്‍ റുഖിയയും നിത്യ യാത്രയില്‍. സഹൃദയര്‍ ആരെങ്കിലും വല്ലതും കൊടുത്താല്‍ ചിലപ്പോള്‍ വാങ്ങി കഴിയ്ക്കും. മിക്കപ്പോഴും തിരസ്കരിയ്ക്കും. മുട്ടിനു മുട്ടിനു വിദ്യാലയങ്ങളുടുണ്ട് ഞങ്ങളുടെ നാട്ടില്‍, പക്ഷേ റജീനയ്ക്കായി ഒരു സ്കൂളിന്റേയും വാതില്‍ തുറന്നില്ല. അവിവാഹിതയും മാനസിക രോഗിയുമായ അമ്മയ്ക്ക് പിറന്ന മകളെ സ്കൂളില്‍ ചേര്‍ക്കാന്‍ ഞങ്ങളുടെ പ്രബുദ്ധഗ്രാമത്തിനു ഉത്തരവാ‍ദിത്തം ഒന്നുമില്ലല്ലോ?

കാലം അങ്ങിനെ കടന്നു പോയി. റുഖിയയും റജീനയും ഗ്രാമവും ഒക്കെ പ്രവാസത്തില്‍ അന്യമാവുകയായിരുന്നു. പക്ഷേ രണ്ടു ദിവസം മുന്നേ ഒരു ദൃശ്യമാദ്ധ്യമത്തില്‍ കണ്ട കാഴ്ച. ഹോ.....ഇപ്പോഴും ആത്മനിന്ദ ഉളവാക്കുന്നു!

വിഭ്രാന്തിയുടെ ഏറ്റവും ദുഷ്കരമായ അവസ്ഥയില്‍ റുഖിയ. കൂടെ റജീനയും മൂന്ന് കുഞ്ഞുങ്ങളും. ഏറ്റവും ഇളയ കുട്ടിയ്ക്ക് പ്രായം ഇരുപത് ദിവസം മാത്രം!

മാനസ്സിക രോഗിയായിരുന്നു റുഖിയ. കാണുന്ന കാലത്ത് റജീനയ്ക്ക് അങ്ങിനെ മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായി തോന്നിയിരുന്നില്ല. ഇപ്പോള്‍ റജീനയും മാനസിക രോഗി. പക്ഷേ അനാഥയും മാനസ്സിക രോഗിയുമായ ഒരു മാതാവിന്റെ അനാഥയായ പെണ്‍കുട്ടിയെ പിഴപ്പിയ്ക്കാന്‍ ഞങ്ങളുടെ ഗ്രാമത്തിനു അല്പം പോലും കരളറപ്പുണ്ടായിരുന്നില്ല. മാനസിക രോഗം ബാധിച്ച സമൂഹത്തിനു അനാഥ ബാല്യത്തെ പിഴപ്പിയ്ക്കാന്‍ അറപ്പേതുമുണ്ടാകേണ്ട കാര്യമില്ലല്ലോ?

അടിയ്ക്കടി പ്രസവിയ്ക്കേണ്ടി വരുന്ന അവിവാഹിതയായ അമ്മ! തങ്ങള്‍ അധിവസിയ്ക്കുന്ന സമൂഹത്തില്‍ നിരാലംബയായ ഒരു പെണ്‍ കുട്ടി അടിയ്ക്കടി അനാഥ ഗര്‍ഭം ചുമക്കേണ്ടി വരുമ്പോള്‍ അത് നോക്കി രസിയ്ക്കുന്ന ഗ്രാമവാസികള്‍. മാനസിക രോഗത്തിനടിമപ്പെട്ട നിരാലംബയായ ഒരു പെണ്‍കുട്ടിയെ അനുനിമിഷം പിഴപ്പിച്ചു കൊണ്ടിരിയ്ക്കുന്ന ഗ്രാമത്തിന്റെ മേലേ തീമഴ പെയ്യാത്തതെന്തുകൊണ്ട്?

പ്രവാസത്തിന്റെ പണക്കൊഴുപ്പ് ഞങ്ങളുടെ ഗ്രാമക്കാഴ്ചയാണ്. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിയ്ക്കപ്പെട്ടിട്ടുള്ള മണിമാളികകള്‍ പാതയുടെ ഇരുവശവും കാണാം. വെറുതേയെങ്കിലും വര്‍ഷാവര്‍ഷം കെട്ടിടത്തിന്റെ ഏതെങ്കിലുമൊക്കെ ഭാഗങ്ങള്‍ ഇടിച്ച് പുതിയവ കൂട്ടിചേര്‍ക്കുക ഞങ്ങളുടെ ഹോബിയാണ്. അത്രയ്ക്കുണ്ട് ഞങ്ങളുടെ പണക്കൊഴുപ്പ്!

അല്ലേല്‍ നോക്കണം - ഇപ്പോള്‍ തന്നെ ആരാധനാലയങ്ങള്‍ എത്രയെണ്ണം ഞങ്ങള്‍ കെട്ടി പൊക്കി. പ്രാര്‍ത്ഥിയ്ക്കാന്‍ പക്ഷേ ആളുകള്‍ കമ്മിയാണെന്നു മാത്രം. ദേണ്ടെ കഴിഞ്ഞ മൂന്ന് മാസം മുന്നേ തന്നെ മൂന്ന് ആരാധനാലയങ്ങളാണ് ഞങ്ങളുടെ ഗ്രാമത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഏതാനും നാള്‍ മുന്നേ അഞ്ചല്‍ പട്ടണത്തില്‍ മതത്തിന്റെ പേരില്‍ ഒരു സാംസ്കാരിക കേന്ദ്രം തന്നെ ഞങ്ങള്‍ തുടങ്ങി. മഹലിന്റെ പേരില്‍ ഇപ്പോള്‍ ആഡിറ്റോറിയം പണിയുകയാണ് ഞങ്ങള്‍. അതൊക്കെ പോരെ.

ദൈവത്തിന്റെ കാര്യം ഞങ്ങള്‍ നോക്കാം. സാധുക്കളുടേ കാര്യം ദൈവം നോക്കിക്കോളും!

രമ്യഹര്‍മ്മ്യങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ നാട്!
ആരാധനാലയങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ നാട്!
സാംസ്കാരിക കേന്ദ്രങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ നാട്!
മാനസ്സിക രോഗിയായ ഒരു പെണ്‍ കുട്ടിയ്ക്ക് അടിയ്ക്കടി പിതൃത്വമില്ലാത്ത ഗര്‍ഭം സമ്മാനിയ്ക്കുന്ന ഞങ്ങളുടെ ഗ്രാമമേ നിന്റെ മേലേ ആ പെണ്‍കുട്ടിയുടേയും അനാഥ ബാല്യങ്ങളുടേയും ശാപം ഇടിത്തീയായി വീഴാ‍തിരിയ്ക്കാന്‍ എന്തുണ്ട് കാരണം?

അനാഥര്‍, ആലംബഹീനര്‍, മാനസിക വൈകല്യമുള്ളവര്‍, ദുര്‍ബലര്‍.
സമൂഹത്തിന്റെ സ്വത്താണവര്‍. അവരെ സംരക്ഷിയ്ക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. ആ ഉത്തരവാദിത്തം മറന്ന് ആരാധനാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും പണിതുയര്‍ത്തിയിട്ട് കാര്യമൊന്നുമില്ല. ഈശ്വര ചൈതന്യം കെട്ട ആരാധനാലയങ്ങളും സാംസ്കാരിക ജീര്‍ണ്ണത ബാധിച്ച സാംസ്കാരിക കേന്ദ്രങ്ങളും നിറഞ്ഞ ഗ്രാമങ്ങള്‍ക്ക് ഞങ്ങളുടെ ഗ്രാമം ഇന്ന് ഒരുദാഹരണമാണ്. അതിന്റെ ഭാഗമായതില്‍ അടക്കാനാകാത്ത ആത്മനിന്ദ തോന്നുന്നു.

മാനസ്സിക രോഗിയായ ഒരു അമ്മയ്ക്ക് പിറന്ന പെണ്‍കുട്ടിയെ സംരക്ഷിയ്ക്കാനുള്ള ഉത്തരവാദിത്തം ഞങ്ങളുടെ ഗ്രാമം നിര്‍വഹിച്ചിരുന്നു എങ്കില്‍ ആ പെണ്‍ കുട്ടി പിഴയ്ക്കില്ലായിരുന്നു. ഒരിയ്ക്കല്‍ പിഴച്ചു പോയപ്പോഴെങ്കിലും ആ പെണ്‍കുട്ടിയുടെ ഇല്ലായ്മകളെ തിരിച്ചറിയാന്‍ ഞങ്ങളുടെ ഗ്രാമം ശ്രമിച്ചിരുന്നു എങ്കില്‍ അവള്‍ വീണ്ടും വീണ്ടും തന്തയില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിയ്ക്കില്ലായിരുന്നു.

ആര്‍ക്കെന്തു ചേതം.
“റുഖിയയുടെ മോള് വീണ്ടും പെറ്റു.”
അത് ഞങ്ങള്‍.... ഗ്രാമവാസികള്‍ക്ക് ഇപ്പോഴത്തെ തമാശ!
ചെറ്റകള്‍.