Monday, August 28, 2017

കേരളത്തെ അപമാനപ്പെടുത്തരുത്.!

 കേരളം അപമാനിക്കപ്പെടുമ്പോൾ ഭാരതത്തിന്റെ ഒരു ഭാഗം തന്നെയാണ് അപമാനിക്കപ്പെടുന്നത്. അഥവാ കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഏതൊരിടവും അപമാനിക്കപ്പെടുന്നത് ഭാരതം അപമാനിക്കപ്പെടുന്നതിനു തുല്യം ആണ്. മാതൃഭൂവിന്റെ ആത്മാഭിമാനത്തെ കുറിച്ചും, ദേശ സ്നേഹത്തെ കുറിച്ചും നിമിഷത്തിൽ അറുപത് തവണ ഊറ്റം കൊള്ളുന്നവർ... പക്ഷേ അധിവസിക്കുന്നിടത്തെ അപമാനിക്കാൻ ഒരുമ്പിട്ടു ഇറങ്ങുമ്പോൾ ഹാ കഷ്ടം എന്നേ പറയാനുള്ളൂ...

ഭാരതത്തിന്റെ അഭിമാനം ആണ് കേരളവും കേരളത്തിന്റെ നേട്ടങ്ങളും ജനതയും. അഭിപ്രായവും അഭിപ്രായ വ്യത്യാസവും രാഷ്ട്രീയവും ഒക്കെ ഏതൊരു പ്രബുദ്ധ ജനതയിലും കാണുന്ന കാര്യങ്ങൾ ആണ്. കേരളത്തിലും അത് ഉണ്ടാകും. സ്വാന്തന്ത്ര്യ പൂർവ്വ കാലത്തിൽ തന്നെ കേരളം പുരോഗമനത്തിന്റെയും സമ്പത്സമൃദ്ധിയുടെയും പാതയിൽ ആയിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായിരുന്ന നാട്ടു രാജ്യം കേരളത്തിൽ ആയിരുന്നു എന്നത് ഇന്ന് ഒരു ഐതിഹ്യം അല്ല. വർത്തമാന കാലത്തിലെ വസ്തുത ആണ്.

കേരളം ഭാരതത്തിനു അപമാനം ആണ് എന്ന രീതിയിൽ കൊണ്ട് പിടിച്ചുള്ള പ്രചാരണം നാടിന്റെ ആത്മാവിനെ നശിപ്പിക്കും. കേരളത്തിലെ രാഷ്ട്രീയ അഭിപ്രായ ഭിന്നത ആദർശം കൊണ്ടും പ്രത്യയ ശാസ്ത്രം കൊണ്ടും സംവാദങ്ങൾ കൊണ്ടും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരസ്പരം പ്രതിരോധിക്കണം. ഇവർ പരസ്പരം പഴിചാരുന്നതും സ്വയം പ്രതിരോധിക്കുന്നതും അവരവർ പറയുന്ന കാര്യങ്ങൾ കേൾക്കാനും അതിനൊപ്പം തീരുമാനങ്ങൾ എടുക്കാനും ഞങ്ങൾ ഭൂമിമലയാളത്തിന്റെ പ്രജകൾ ഇപ്പോഴും തയ്യാറാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനവും അവർ പറയുന്ന കാര്യങ്ങളെ സാധൂകരിക്കാൻ ജനത അപ്പാടെ അക്രമ കാരികൾ ആണ് എന്ന നിലയ്ക്ക് പ്രചരിപ്പിക്കരുത്.

കേരളം ഭാരതത്തിൽ ഒരുപാട് കാര്യങ്ങളിൽ ഒന്നാമത് തന്നെയാണ്. ദേശീയ കണക്കുകളിൽ തന്നെ അത് പ്രകടം ആണ്. രാഷ്ട്രീയ കൊലപാതകങ്ങൾ പക്ഷെ അപമതിപ്പ് ഉണ്ടാക്കുന്നുണ്ട്. അത് ചെയ്യുന്നവർ പരസ്പരം സംയമനം പാലിക്കണമേ എന്ന് അപേക്ഷിക്കാനേ സമാധാനം കാംക്ഷിക്കുന്ന ഒരു ജനതയ്ക്കു കഴിയുള്ളൂ. അത് കേരളീയ പൊതു സമൂഹം എപ്പോഴും ചെയ്യുന്നും ഉണ്ട്.

ദേശീയ തലത്തിൽ കേരളത്തെ സംഘടിതം ആയി അപമാനിക്കാൻ ശ്രമങ്ങൾ നടക്കുന്നു. കേരളം കലാപഭൂമി ആണ്, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, പിശാചിന്റെ സ്വന്തം നാടാണ്, സൊമാലിയക്ക് തുല്യം ആണ്, പാകിസ്ഥാൻ ആണ്, അരക്ഷിതം ആണ് തുടങ്ങി അടിസ്ഥാന രഹിതം ആയ കാര്യങ്ങൾ ആരോപിച്ച് കേരളത്തിന്റെ ആത്മാഭിമാനത്തെ അടച്ച് ആക്ഷേപിക്കുന്ന തരത്തിൽ ഏതാനും ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ പ്രചാരണം അഴിച്ചു വിടുന്നു. ഭാരതത്തിലെ ഓരോ ഇടവും പോലെ കേരളത്തിനും തനത് രീതികളും ജീവിതാവസ്ഥയും ഉണ്ട്. അത് വടക്കേ ഇന്ത്യയിൽ നിന്നും വ്യത്യസ്തം ആണ്. നാനാത്വത്തിൽ ഏകത്വം ഭാരതത്തിന്റെ സൗന്ദര്യം ആകുന്നതും അങ്ങിനെ ആണ്.

കേരളം ഒന്നാമത് ആണ് എന്ന് കേരളത്തെ അപമാനിക്കാൻ ഇറങ്ങി പുറപ്പെട്ടവരോട് ഭൂമി മലയാളം ഒരുമിച്ച് പറയണം. കേരളം ഒന്നാമത് ആകുന്നതു പിണറായി വിജയൻ ഇപ്പോൾ കേരളം ഭരിക്കുന്നത് കൊണ്ട് അല്ല. തിരുകൊച്ചി മലബാർ രാജവംശങ്ങളുടെ സംഭാവനകൾ മുതൽ അത് തുടങ്ങുന്നു. പട്ടം താണുപിള്ള, പാരൂർ നാരായണ പിള്ള, പനമ്പള്ളി ഗോവിന്ദ മേനോൻ, ടി.കെ. നായർ, ഇക്കണ്ട വാര്യർ, സീ. കേശവൻ, എ.ജെ. ജോൺ, ഈ.എം.എസ്, ആർ. ശങ്കർ, സീ. അച്യുതമേനോൻ, കെ.കരുണാകരൻ, പീ.കെ. വാസുദേവൻ നായർ, അമ്പത്തി ഒന്ന് ദിവസം ആണെങ്കിലും സീ.എച്ച്. മുഹമ്മദ് കോയ, ഈ.കെ. നായനാർ, ഏ.കെ. ആൻറണി, വീ.എസ്സ്‌.അച്യുതാനന്ദൻ, ഉമ്മൻചാണ്ടി, പിണറായി വിജയൻ തുടങ്ങിയ മുഖ്യമന്ത്രിമാരും പിന്നെ ജോസഫ് മുണ്ടശ്ശേരിയും ഈ.ചന്ദ്രശേഖരൻ നായരും ഉൾപ്പടെയുള്ള ഒരു പിടി ജനകീയ, ദീർഘ വീക്ഷണം ഉള്ള ജനപ്രതിനിധികളുടെയും പ്രവർത്തന ഫലം ആണ് ഇന്നിന്റെ കേരളം.

ശ്രീ നാരായണ ഗുരുവും, അയ്യങ്കാളിയും, ഡോക്ടർ പല്പുവും, ചട്ടമ്പി സ്വാമികളും, സഹോദരൻ അയ്യപ്പനും, ടീ.കെ. മാധവനും ഒക്കെ തെളിച്ചു തന്ന വഴിയിലൂടെ സഞ്ചരിക്കുന്ന അവനവനെ സ്നേഹിക്കുന്നതിലധികം അടുത്തുള്ളവനെ സ്നേഹിക്കാൻ ഉള്ള പാഠങ്ങൾ ഹൃദിസ്ഥം ആക്കിയ നന്മയുടെ സമൂഹം. ക്രിസ്ത്യൻ മിഷനറിമാരും മുസ്‌ലിം സമുദായ പരിഷ്കർത്താക്കളും വർഗീയതയ്ക്ക് അപ്പുറം മാനുഷിക മൂല്യങ്ങൾക്ക് വിലനൽകി തങ്ങളുടെ സമുദായങ്ങളെയും സഹോദര സമുദായങ്ങളെയും പരിഷ്കരിക്കാൻ ശ്രമിച്ച ഇടം. വർഗ്ഗീയതക്ക് ഇടം നൽകാത്ത ഹൃദയങ്ങൾ ഇടകലർന്ന ജീവിക്കുന്ന ഭൂമിയിലെ സ്വർഗം. വർഗീയ ധ്രുവീകരണം അസാധ്യം ആയ ഇടം. ആ ഇടത്തെ ആണ് കേവല രാഷ്ട്രീയ താല്പര്യങ്ങൾക്ക് ആയി ഒരു സംഘം അവമതിക്കാൻ ശ്രമിക്കുന്നത്.

കേരളത്തിന്റെ ആത്മാവ് മലയാളിയുടെ കയ്യിലാണ്. ആ ആത്മാവിനെ നശിപ്പിക്കാൻ ഒരുമ്പെട്ടിറങ്ങുന്ന കോർപ്പറേറ്റ് മാധ്യമങ്ങൾക്ക് ചൂട്ടു പിടിച്ചു കൊടുക്കരുത്. കോർപ്പറേറ്റുകൾ അവരുടെ ലാഭം മാത്രം ആണ് കാംക്ഷിക്കുന്നത്. രാജ്യ സ്നേഹം എന്നൊന്ന് അവർക്ക് ഉണ്ടാകില്ല. അപ്പാപ്പം കാണുന്നവർ അപ്പന്മാർ ആകും അവർക്ക്. ജനതയുടെ മൃദുല വികാരങ്ങളെ ചൂഷണം ചെയ്തു അവരെ വിവിധ തട്ടുകളിലാക്കി രാജ്യത്തിന്റെയും പ്രജകളുടെയും രക്തം ഊറ്റുക എന്നതല്ലാതെ രാജ്യത്തിനു വേണ്ടി നിലനിൽക്കുന്നവർ എന്ന ചിന്ത അയുക്തം ആണ്. ലാഭം... ലാഭം... അതിനപ്പുറം കോർപ്പറേറ്റുകൾക്ക് ഒന്നും ഇല്ല. മുഗളന്മാരും, പോർച്ചുഗീസും, ഈസ്ററ് ഇന്ത്യ കമ്പനിയും ഒക്കെ വീണ്ടും ഭാരതത്തിൽ അവതരിച്ചാൽ അവരുടെ ഒക്കെ കയ്യിൽ നിന്നും അച്ചാരം വാങ്ങി രാജ്യത്തെ ഒറ്റു കൊടുക്കാനും ലാഭം മാത്രം കാംഷിക്കുന്നവർ തമ്മിൽ മത്സരിക്കും.

കോർപ്പറേറ്റ് മാധ്യമങ്ങൾക്ക് ചൂട്ടു പിടിച്ച് കേരളത്തിന്റെ ആത്മാവിനെ ദഹിപ്പിക്കാൻ ശ്രമിക്കുന്നവർ ഒന്നോർക്കണം. ലാഭം നേടി കഴിഞ്ഞു അവർ അടുത്ത പ്രോജക്ടിലേക്ക് പോകും. പക്ഷെ ദഹിക്കപെട്ടു പോയ നാടിന്റെ ആത്മാവ് പിന്നെ നിങ്ങൾ വിചാരിച്ചാലും തിരികെ കൊണ്ട് വരാൻ കഴിയില്ല. നാടിനെ നശിപ്പിക്കരുത്. നാടിന്റെ ആത്മാവ് നശിച്ചാൽ ഒപ്പം നശിക്കുന്നത് നിങ്ങൾ കൂടിയാകും. ജാഗ്രത വേണം.

എന്റെ കേരളം ഒന്നാമത് ആണ്.
മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കാര്യത്തിൽ, വർഗ്ഗീയത അകറ്റി നിർത്തുന്ന കാര്യത്തിൽ, സമാധാനത്തോടെയും ശാന്തിയുടെയും ജീവിക്കുന്ന കാര്യത്തിൽ, ആത്മാഭിമാനം സംരക്ഷിക്കുന്ന കാര്യത്തിൽ, തിന്മകളെ എതിർക്കുന്ന കാര്യത്തിൽ, ലോകം തന്നെയാണ് തറവാട് എന്ന് സ്വയം അറിയുന്ന കാര്യത്തിൽ....

എന്റെ കേരളം... എത്ര സുന്ദരം.