Wednesday, August 29, 2007

ഗള്‍ഫ് മലയാള റേഡിയോ

മലയാളത്തെയും മലയാളിയേയും പരിപോഷിപ്പിക്കാനായി ഗള്‍ഫില്‍ കുരുത്ത മലയാളം റേഡിയോകള്‍ എഫ്.എമ്മും ഏ.എമ്മും ഒക്കെയായി നാലഞ്ചെണ്ണം. റേഡിയോ എന്ന മാധ്യമത്തിന്റെ പ്രവര്‍ത്തനം എങ്ങിനെ ആകരുത് എന്നതിന് ‍ ഗള്‍ഫിലെ മലയാള റേഡിയോ പ്രക്ഷേപണങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ മതി.

ഒരു മലയാളം എഫ്.എം. സ്റ്റേഷന്‍ അനുനിമിഷം അറേബ്യയുടെ അന്തരീക്ഷത്തിലേക്ക് തുപ്പികൊണ്ടിരിക്കുന്ന “ശുദ്ധ മലയാളം” കേട്ടാല്‍ ആ റേഡിയോവിലേക്ക് അവതാരകരെ തിരഞ്ഞെടുക്കാന്‍ ഏല്പിച്ച ഏജന്‍സിയോട് മാനേജ്‌മെന്റ് “ഏറ്റവും വികൃതമായി മലയാളം സംസാരിക്കുന്നവരെ മാത്രം ഞങ്ങളുടെ മലയാളം വിഭാഗത്തിലേക്ക് തിരഞ്ഞെടുത്താല്‍ മതി. മലയാളത്തെ വികൃതമാക്കുന്നതില്‍ ഞങ്ങളുടെ അവതാരകരെ മറ്റാരും മറികടക്കരുത്” എന്ന ഗുണപരമായ നിര്‍ദ്ദേശം കൊടുത്തിരുന്നത് പോലെ തോന്നും. നേരെ ചൊവ്വേ മലയാളം പറയാന്‍ അറിയില്ല എന്നത് പോകട്ടെ സാമാന്യ വിവരമോ പൊതുവിജ്ഞാനമോ തൊട്ടു തീണ്ടിയില്ലാത്തവരുടെ വിവരക്കേടുകളും സ്വയം പുകഴ്തലുകളും ശൃംഗാരവും കൊണ്ട് മലയാളം അനുഭവിക്കൂന്ന ശ്വാസം മുട്ടല്‍ അനിര്‍വചനീയമാണ്. മലയാളത്തിലെന്നല്ല ഒരു ഭാഷയിലും തട്ടുംതടവും ഇല്ലാതെ ഒരു മിനിറ്റ് പോലും സംസാരിക്കാന്‍ കഴിയാത്തവര്‍ ആര്‍.ജെ കുപ്പായവും ഇട്ട് അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രോതാക്കള്‍ക്ക് നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നു എന്നതാണ് വാസ്തവം.

മലയാളത്തെ “പരിപോഷിപ്പിക്കല്‍” ഒരു വഴിക്ക് നടക്കുമ്പോള്‍ ഗള്‍ഫില്‍ പോകണം എന്ന് ആഗ്രഹിക്കുന്ന നിമിഷം മുതല്‍ ഗള്‍ഫ് മലയാളി നേരിടുന്ന ചൂഷണങ്ങള്‍ പരദേശ മലയാള പ്രക്ഷേപണങ്ങളും അനുവര്‍ത്തിക്കുന്നു എന്നത് അതി ദയനീയമാണ്. എസ്.എം.എസ് എന്ന ഇരയില്‍ തൂക്കി അത്താഴപഷ്ണിക്കാരനെ “സമ്മാനാര്‍ഹര്‍” ആക്കുന്ന ബഹുമുഖ പരിപാടികളാല്‍ സമ്പന്നമാണ് മലയാള പ്രക്ഷേപണം. സാംസ്കാരിക മൂല്യങ്ങള്‍ ഉന്നതിയിലേക്കെത്തിക്കുന്ന ചോദ്യോത്തര പംക്തി കേട്ടാല്‍ ആരും ഒന്ന് നാണിച്ച് തല താഴ്തി പോകും.

“കേരളത്തിന്റെ തലസ്ഥാനം ഏത്”? “തിരുവനന്തപുരമാണോ കാണ്ഡഹാറാണോ” ഉത്തരം എസ്.എം.എസ് ചെയ്യുക. ഉത്തരം അയക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് “ചിണുങ്ങുന്ന മാവേലി” മെഗാ ഷോയുടെ ഒരു പാസ് ഫ്രീ. ഉത്തരം അയക്കുന്നവന് നാട്ടില്‍ കുടുംബത്തെ വിളിച്ച് ഒരു മിനിട്ട് സംസാരിക്കാനുള്ള വക മൊബൈലില്‍ നിന്നും “സ്വാഹ” . ഒരു മഹാഭാഗ്യന് പാസ് ലഭിക്കും. പാസ് വാങ്ങാന്‍ ടാക്സി പിടിച്ച് റേഡിയോ ഓഫീസില്‍ ചെല്ലുന്നവന് പാസ് കയ്യില്‍ കിട്ടും വരെ ചിലവ് ഏകദേശം അമ്പത് ദിര്‍ഹം. അമ്പത് ദിര്‍ഹം ചിലവഴിച്ച് “സൌജന്യമായി” നേടിയ ഗ്യാലറി പാസ്സുമായി മഹാഭാഗ്യവാന്‍ റൂമിലെത്തുമ്പോള്‍ സഹമുറിയന്‍ ഇരുപത് ദിര്‍ഹം കൊടുത്ത് അടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ഗ്യാലറി പാസെടുത്ത് കാട്ടും. ഹതഭാഗ്യന്‍ റേഡിയോ ഓഫീസില്‍ പോയി റിസപ്ഷനിസ്റ്റിനെ കണ്ടല്ലോ എന്ന സായൂജ്യം വിളമ്പി സമാധാനിക്കും. ഇതൊക്കെ വര്‍ത്തമാന കാല ഗള്‍ഫ് റേഡിയോ വിശേഷങ്ങള്‍.

മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ പിന്നാമ്പുറം ഇങ്ങിനെയൊക്കെയാണെങ്കിലും നിസ്സാ‍ര്‍ സെയ്ദ് റേഡിയോ ഏഷ്യയില്‍ രചിക്കുന്ന നന്മയുടെ പുതിയ അദ്ധ്യായം പ്രവാസത്തില്‍ ഒറ്റപെട്ടവര്‍ക്ക് സാന്ത്വന സ്പര്‍ശ്ശമാകുന്നു. എങ്ങിനെ ഒരു റേഡിയോ പരിപാടി നന്മനിറഞ്ഞതാക്കാമെന്നും റേഡിയോ എന്ന മാധ്യമത്തെ എങ്ങിനെ മനുഷ്യ നന്മക്ക് വേണ്ടി ഉപയോഗിക്കാമെന്നും റേഡിയോ ഏഷ്യയില്‍ രാത്രി ഒമ്പത് മണിക്ക് പ്രക്ഷേപണം ചെയ്യുന്ന “ടുഡേയ്സ് ടോപ് സ്റ്റോറി” എന്ന പരിപാടിയിലൂടെ നിസ്സാര്‍ സെയ്ദ് കാട്ടി തരുന്നു. പൊതുമാപ്പിന്റെ ആനുകൂല്യം പറ്റി നാട്ടില്‍ പോകാന്‍ കാത്തു നില്‍ക്കുന്ന നിസ്സഹായരായവര്‍ക്ക് വേണ്ടി പ്രവാസഭൂമികയിലെ നല്ലമനസ്സുകളെ നിസ്സാര്‍ സെയ്ദ് നന്മയുടെ നൂലില്‍ കോര്‍ത്തെടുക്കുന്നത് പുതിയ ഒരു റേഡിയോ അനുഭവമായി. പ്രവാസത്തിന്റെ പിന്നാമ്പുറങ്ങളില്‍ പെട്ടു പോയവര്‍ക്ക് സഹജീവികള്‍ ദാനമാക്കുന്ന ജീവിതം ചില പ്രായോഗികതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്, കൃത്യമായ ഉദ്ധ്യേശ്യത്തോടെ ലക്ഷ്യബോധത്തോടെ പ്രവാസത്തിന്റെ നീറ്റലുകളിലേക്ക് സാന്ത്വനം പകരാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക് ലക്ഷ്യപ്രാപ്തിയിലെത്താന്‍ ആരുടെയും ബാനര്‍ ഇല്ലാതെ ഗള്‍ഫ് മലയാളി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും എന്ന പരമമായ പ്രായോഗികതയിലേക്ക്.

ചൂഷണരഹിതമായ റേഡിയോ അനുഭവങ്ങള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. പ്രവാസത്തിലെ ചൂഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കേണ്ടവര്‍ തന്നെ കേവല എസ്.എം.എസ് പ്രഹസനങ്ങളിലൂടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്തു കൊണ്ട് ചൂഷണ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും പിന്തിരിഞ്ഞ് ഗള്‍ഫ് മലയാളിക്ക് തുണയായി മാറാന്‍ നിസ്സാര്‍ സെയ്ദിനെ പോലെയുള്ളവരുടെ നന്മകള്‍ക്ക് കഴിയട്ടെ എന്നാഗ്രഹിച്ച് പോകുന്നു.

കാരണം.

സൂസിയും രാഹുലനും എന്നത്തേയും പോലെ അന്നും താമസിച്ചാണ് കോളേജിലെത്തിയത്. കുളത്തൂപ്പുഴ നിന്നും സൂസിയും കരവാളൂര്‍ നിന്നും രാഹുലനും അഞ്ചലില്‍ ബസ്സെറങ്ങി കോളേജിലേക്ക് നീങ്ങവേ സൂസിക്ക് രാഹുവും രാഹൂന് സൂസിയും ചാറ്റാന്‍ കൂട്ടായി.

“രാഹു എന്നാ താമസിച്ചേ?” സൂസിയുടെ കുശലം.
വായ് തുറന്നാല്‍ തോന്ന്യാസം മാത്രം പുറത്ത് വരുന്ന രാഹുവിന്റെ ലേറ്റാകാനുള്ള കാരണം തികച്ചും ജനുവിന്‍.
“നിക്കറൊണങ്ങിയില്ലായിരുന്നു” സൂസിക്കിട്ട് രാവിലെ തന്നെ കൊടുത്ത പണിയില്‍ ഊറി ചിരിച്ച് രാഹുലന്‍ തിരക്കി.

“അല്ലാ... സൂസണ്‍ എന്നാ താമസിച്ചേ” സൂസീടെ മറുപടിം ജനുവിന്‍.
“എന്നാ പറയാനാ രാഹൂ...നോക്കുമ്പം രാവിലെ പാവാടേടെ വള്ളി കണ്ടില്ലായിരുന്നു...”

രാഹുവിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.

പത്ര പ്രവര്‍ത്തനം.

“പിള്ളയെ, കേരളാ കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പില്‍ നിന്നും പുറത്താക്കി...”
“ചൂടുള്ള വാര്‍ത്ത....വായിക്കൂ...ഒരു രൂപാ മാത്രം...ചൂടുള്ള വാര്‍ത്ത...ചൂടുള്ള വാര്‍ത്ത...”
കൊല്ലത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രാ മദ്ധ്യേ ആലപ്പി ബസ് സ്റ്റേഷനിലെ അന്തിപത്ര കച്ചവടം പൊടിപൊടിക്കുന്നു. ആര്‍. ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്ന കാലം. ഇതെന്ത് കൂത്ത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പോളിറ്റ് ബ്യൂറോയെ പുറത്താക്കുകയോ?

ചൂടപ്പം പോലെ തന്നെ പത്രം വിറ്റുപോകുന്നുമുണ്ട്. അന്തിപത്രം അത്ര പത്യം അല്ലെങ്കിലും ഒരു രൂപ മുടക്കാന്‍ തന്നെ തീരുമാനിച്ചു.

ഒന്നാം പേജ് അരിച്ച് പെറുക്കി “പിള്ളയെ പിള്ള ഗ്രൂപ്പില്‍ നിന്നും പുറത്താക്കി” വാര്‍ത്ത മാത്രം കാണാനില്ല.
രണ്ടാം പേജിലും ങേ..ഹേ. അങ്ങിനെയൊരു വാര്‍ത്തയേ ഇല്ല.
മൂന്നാം പേജിലെ ആറാം മൂലക്ക് ദേണ്ടെ കിടക്കുന്നു പ്രമാദമായ ആ വാര്‍ത്ത.

പുറത്താക്കി.
പള്ളിമുക്ക്: കേരളാ കോണ്‍ഗ്രസ് (ബി) പള്ളിമുക്ക് വാര്‍ഡ് കമ്മിറ്റി സെക്രട്ടറി ശ്രീ.ശിവദാസന്‍ പിള്ളയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന് കണ്ടെത്തിയതിനാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി........

റിപ്പോര്‍ട്ടിംഗ് മുതല്‍ മാര്‍ക്കറ്റിംഗ് വരെ “പത്രധര്‍മ്മം” ഉള്‍കുളിരായി നഖം മുതല്‍ മുടി വരെ പടര്‍ന്ന് കയറി.

Tuesday, August 28, 2007

പരിഹാരം.

പെരുമഴയത്ത് ഓട്ടോയില്‍ കേറുമ്പോള്‍ മൂന്ന് വയസ്സ് കാരിക്ക് ഡ്രൈവര്‍ അങ്കിളിന്റെ മടിയില്‍ ഇരിക്കാം. വാപ്പിച്ചിക്കും ഉമ്മിച്ചിക്കും താത്തച്ചിക്കും അങ്ങിനെ സുഖമായി പിറക് സീറ്റില്‍ ഇരുന്ന് തുള്ളിക്കൊഴിഞ്ഞ് യാത്രയും ചെയ്യാം. ഉമ്മിച്ചിയാണ് മൂന്ന് വയസ്സ് കാരിയോട് നിര്‍ദ്ധേശം മുന്നോട്ട് വച്ചത്.

“മോളേ...മൊള് ഡ്രൈവറങ്കിളിന്റെ മടിയില്‍ ഇരുന്നോ. എല്ലാം കാണേം ചെയ്യാം...”

മോള്‍ക്ക് സമ്മതമല്ല. പിറകില്‍ ചാരികിടക്കണം പോലും. പക്ഷേ മോളുടെ പരിഹാര നിര്‍ദ്ധേശം വാപ്പിച്ചിക്ക് സമ്മതമായോ എന്തോ.

“മോള്‍ക്ക് പിറകീ ഇരുന്നാ മതി...ഉമ്മിച്ചി ഡ്രൈവറങ്കിളിന്റെ മടിയിലിരുന്നോ...”

Monday, August 27, 2007

യുക്തി

രണ്ടു പേരും വിട്ടു കൊടുക്കുന്നില്ല. പ്രപഞ്ചോല്പത്തിയും നിര്‍ദ്ധാരണവും ഡാര്‍വിനെ കൂട്ടു പിടിച്ച് യുക്തിവാദി ഖോരാഖോരം സമര്‍ദ്ധിക്കുന്നു. പുരോഹിതന്‍ ദൈവ വചനങ്ങള്‍ കൊണ്ട് ഖണ്ഡിക്കുന്നു. പുരോഹിതന്‍ പറയുന്നത് യുക്തി വാദിക്കും യുക്തിവാദി പറയുന്നത് പുരോഹിതനും ഇവര്‍ രണ്ടുപേരും പറയുന്നത് കാണികള്‍ക്കും മനസ്സിലാകുന്നില്ല. ഒടുവില്‍ പുരോഹിതന്റെ യുക്തി പൂര്‍വ്വമാ‍യ ഒരു ചോദ്യം മാത്രം കാണികള്‍ക്ക് മനസ്സിലായി:

“എടോ യുക്തി വാദീ,
വാ...നമ്മുക്കെല്ലാവര്‍ക്കും കൂടി സൈലന്റ് വാലിയിലേക്ക് പോകാം. ഒരു മാസം ഏറ് മാടം അടിച്ച് കാത്ത് നില്‍ക്കാം. ഏതെങ്കിലും ഒരു കുരങ്ങ് ഒരു മാസം കൊണ്ട് മനുഷ്യനായാല്‍ തന്റെ ഡാര്‍വിനെ ഞാന്‍ ദൈവമായി സമ്മതിച്ച് തന്റെ കൂടെ ഞാനും കൂടാം. അങ്ങിനെ പരിണമിച്ചില്ലെങ്കില്‍ താന്‍ ഞങ്ങടെ കൂടെ കൂടുമോ?”

പുരോഹിതന്റെ യുക്തി കേട്ട് "അതു തന്നേന്നും” പറഞ്ഞ് കാണികള്‍ പിരിയവേ യുക്തി വാദി വേദിയില്‍ വീണ് അപ്പ തന്നെ ഇഹലോക വാസം വെടിഞ്ഞു..

അന്നും ഇന്നും.

യുഗാന്തരങ്ങള്‍ക്ക് മുമ്പ് ബൂലോഗം എന്ന ഒരു നാട്ടു രജ്യത്ത് സമ്പല്‍ സമൃദ്ധിയുടെ ഓണം ബൂലോഗ പ്രജകള്‍ അഘോഷിച്ചിരുന്നത് ഇങ്ങിനെയായിരുന്നു. നാട്ടു രാജ്യത്തില്‍ ആഭ്യന്തര കലാപം പൊട്ടി പുറപെട്ടത് എങ്ങിനെയായിരുന്നു എന്ന ചര്‍ച്ച ഐക്യ ബൂലോഗ സഭയില്‍ ദിവസങ്ങളോളം പുരോഗമിച്ചെങ്കിലും സഭയിലെ അടിയന്തിര പ്രാധാന്യമുള്ള മറ്റു ചര്‍ച്ചകള്‍ പോലെ ഈ ചര്‍ച്ചയും ചേരി പോരില്‍ അവസാനിച്ചു.

ആഭ്യന്തര കലാപത്തിന്റെ തീഷ്ണതയില്‍ നില്‍ക്ക കള്ളിയില്ലാതെ ബൂലോക നാട്ടുരാജ്യം വിട്ട ബൂലോക വാസികള്‍ കൂട്ടുകുടുംബം വിട്ട് അണുകുടുംബങ്ങള്‍ നിര്‍മ്മിക്കാനുള്ള നെട്ടോട്ടത്തിനിടക്ക് ഈ യുഗത്തിലെ ഓണത്തിന് ബൂലോക നാട്ടു രാജ്യം മറന്നു. പഴമയുടെ പ്രൌഡിയും ഓര്‍മ്മകളും അയവിറക്കി കാര്‍ന്നോന്മാര്‍ പറഞ്ഞു:

“ഇപ്പോഴെന്തോണം അതൊക്കെ ബൂലോക രാജ്യം നിലനിന്നപ്പോഴല്ലേ. ഇപ്പോഴൊത്തെ കുട്ടികള്‍ക്ക് ആ പഴയ കാലത്തെ ഓണതല്ലും ഗ്രൂപ്പ് കളീം കുത്തിയോട്ടവും കുതികാല്‍ വെട്ടിയോട്ടവും ഒക്കെ എവിടെ കിട്ടാന്‍. ഇപ്പോള്‍ ഓണം ചാനലിലും, റേഡിയോയിലും, ഇന്റര്‍നെറ്റിലും ഒക്കെയല്ലേ. ഇപ്പോഴൊത്തെ കളിയൊക്കെ ഒരു കളിയാണോ...”
കാര്‍ന്നോര്‍ പതം പറഞ്ഞുകൊണ്ടേയിരുന്നു.

Sunday, August 26, 2007

അലര്‍ട്ട്.

“അയ്യോ.... മമ്മിയേ ദേണ്ടെ ഡാഡി കെട്ടി തൂങ്ങി മരിച്ചു കിടക്കുന്നു.”
“എടാ ചെക്കാ... ആള്‍ക്കാരോടിക്കൂടും മുമ്പ് നീ അദിയാനെ അഴിച്ചിറക്കി കട്ടിലില്‍ കേറ്റി കിടത്ത്”
“അതെന്നാത്തിനാ മമ്മീ?”
“മണ്ടന്‍, എടാ തൂങ്ങി മരിച്ചതാന്നറിഞ്ഞാല്‍ അദിയാന്റെ ഇന്‍ഷ്വറന്‍സ് കിട്ടുമോടാ കഴുതേ?”

Wednesday, August 22, 2007

തലയില്ലാത്തവര്‍ ഗള്‍ഫ് മലയാളികള്‍

തലയൂരി കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ കൊടുത്തിട്ട് ഗള്‍ഫെന്ന വാഗ്ദത്ത ഭൂവിലേക്ക് പറന്നിറങ്ങുന്ന മലയാളീ പ്രവാസി നേരിടുന്ന പ്രതിസന്ധികള്‍ ഒരിക്കലും ഇല്ലാത്ത തരത്തില്‍ കടുത്തു കൊണ്ടിരിക്കുന്നു. പിറന്ന മണ്ണില്‍ നിന്നും പിഴുതു മാറ്റപ്പെടുന്നവരില്‍ ഗള്‍ഫിലെത്തുന്നവര്‍ അനുഭവിക്കുന്ന യാതനകള്‍ക്കും വേദനകള്‍ക്കും അവഗണനകള്‍ക്കും തുല്യത പ്രവാസത്തിലെ മറ്റൊരു മേഖലയിലും ഇല്ല തന്നെ.

അത്തറ് മണക്കുന്ന ചങ്ങാതികള്‍ വെറും പുറം പൂച്ച് മാത്രം. കഞ്ഞിയും പായയും ഇല്ലാതെ ഏഴായിരം രൂപ മാത്രം പ്രതിമാസ വേതനം പറ്റുന്നവരാല്‍ സമൃദ്ധമാണ് ഗള്‍ഫെന്നത് നീറുന്ന സത്യം. വാടക, കറണ്ട് ബില്ല്, സോപ്പ്, എണ്ണ, കുപ്പൂസ്, ചായ, പെനഡോള്‍, ടെലിഫോണ്‍ കാര്‍ഡ്, ഇത്യാതി പ്രവാസത്തില്‍ അനിവാര്യമായ സംഗതികള്‍ നിവര്‍ത്തിച്ച് കഴിഞ്ഞ് ഉറ്റാലുവെച്ച് അരിച്ചെടുക്കുന്ന ചില്ലറകള്‍ നാട്ടിലെ ഉറ്റവരുടെ ഉപജീവനത്തിനും സെന്‍‌ടി കഴിഞ്ഞാല്‍ കയ്യിലൊരു ചില്ലിയും ബാക്കിയില്ലാത്തവര്‍ ആ ബാക്കിയൊന്നും കയ്യിലില്ലാതിരിക്കുക എന്ന അവസ്ഥക്ക് പതിനാറ് മണിക്കൂറോളം തിളക്കുന്ന ചൂടില്‍ അകവും പുറവും വെന്ത് ജീര്‍ണ്ണിച്ച് ജീവിച്ചിട്ട് മൂന്നോ നാലോ വര്‍ഷത്തിനൊടുവില്‍ നാട്ടിലേക്കൊന്നു പോകാനൊരുങ്ങുന്നവനെ കൊരവളക്ക് പിടിച്ച് കുത്തി പിഴിയുക എന്നത് പ്രജാക്ഷേമ തല്പരനായ നമ്മുടെ സ്വന്തം മഹാരാജന് ഒരു കുഞ്ഞു തമാശ മാത്രം. എയര്‍ ഇന്‍ഡ്യ എന്ന വെള്ളാനയെ പരിപോഷിപ്പിക്കുക എന്നത് ഗള്‍ഫിലെ നരകപ്രവാസം അനുഭവിക്കുന്നവന്റെ ഉത്തരവാദിത്തമായിട്ട് പതിറ്റാണ്ടുകള്‍ കഴിയുന്നു. സീസണാകുമ്പോള്‍ ഏതറ്റം വരെയും ഗള്‍ഫ് മലയാളിയെ ചൂഷണം ചെയ്യാന്‍ ലൈസന്‍സ് കിട്ടിയ ഏമാന്മാര്‍ കഴിഞ്ഞ ചില ദിവസങ്ങളില്‍ കാട്ടിയ ക്രൂരത വിവരിക്കാനാകില്ല തന്നെ.

കഴുത്തറുക്കന്ന ചാര്‍ജ്ജ് ഈടാക്കിയിട്ടും ഒരിളിപ്പുമില്ലാതെ യാത്ര മുടക്കുക, ചെക്കിന്‍ കഴിഞ്ഞിട്ടും ചളിപ്പേതുമില്ലാതെ ഫ്ലൈറ്റ് താമസിപ്പിക്കുക, ബോര്‍ഡിംഗ് പാസ്സെടുത്ത് കഴിഞ്ഞിട്ട് ഫ്ലൈറ്റ് റദ്ദാക്കിയാലും ഭക്ഷണമോ വെള്ളമോ നല്‍കാതെ മുങ്ങുക, ശീതീകരണിയുടെ കൊടും തണുപ്പില്‍ മണിക്കൂറുകളോളം കുത്തിയിരിക്കേണ്ടി വരുന്നവര്‍ക്ക് വേണ്ടത്ര ബ്ലാങ്കറ്റോ പുതപ്പുകളോ നല്‍കാന്‍ ഭാരത സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സിന് കാത്ത് അത്താഴ പഷ്ണിക്കാരനെ ശിക്ഷിക്കുക തുടങ്ങിയ കലാപരിപാടികള്‍ അവസാനിപ്പിക്കാന്‍ ഇനി എത്ര കാലമെടുക്കും? കഴിഞ്ഞ ദിവസം ഇരുപത്തി ആറ് മണിക്കൂറാണ് നമ്മുടെ ബജറ്റ് എയര്‍ ലൈന്‍ യാത്രക്കാരനെ അബൂദാബി എയര്‍പോര്‍ട്ടില്‍ കുടുക്കിയത്. ഫ്ലൈറ്റ് എട്ട് മണിക്കൂറില്‍ കൂടുതല്‍ താമസിച്ചാല്‍ താമസ സൌകര്യം ലഭിക്കാനുള്ള അടിസ്ഥാന അവകാശം പോലും ഇന്‍ഡ്യന്‍ എയര്‍ ലൈന്‍സിലെ യാത്രക്കാര്‍ക്ക് ബാധകമല്ല. കൊള്ളയടിക്കപ്പെടുന്നവനും കൊലചെയ്യപെടുന്നവനും എന്തിന് കൊള്ളയടിക്കപ്പെടുന്നുവെന്നോ കൊല ചെയ്യപ്പെടുന്നുവെന്നോ ചോദിക്കാനുള്ള അവകാശമില്ലല്ലോ? അത് അനുഭവിക്കുന്നവന്റെ വിധി.

പ്രവാസത്തിന്റെ ഈ ഊഷരഭൂവില്‍ നിന്നും എണ്ണി പിടിച്ചെടുക്കുന്ന ഏതാനും ദിനങ്ങള്‍ ഉറ്റവരോടും ഉടയവരോടും ചേര്‍ന്ന് നിന്ന് സാന്ത്വനം തേടാന്‍ പുറപ്പെടുന്നവരെ ദിവസങ്ങളോളം വിമാന താവളങ്ങളില്‍ കുടുക്കിയിടുന്നവരനുഭവിക്കുന്ന സുഖം എന്താണെന്ന് പഠിക്കേണ്ടിയിരിക്കുന്നു. സാങ്കേതികം എന്ന് പറഞ്ഞൊഴിയുന്നവര്‍ക്ക് സൂര്യനോട് മല്ലിട്ട് നാട്ടിലേക്ക് പോകാനെത്തുന്നവരെ അവരുടേതല്ലാത്ത തെറ്റിന് ശിക്ഷിക്കാന്‍ എന്തവകാശമാണുള്ളത്? എട്ട് മണിക്കൂറില്‍ കൂടുതല്‍ വിമാനം താമസിച്ചാല്‍ ഏതൊരു യാത്രക്കാരനും അര്‍ഹിക്കുന്ന യാത്രാ നിയമങ്ങള്‍ അനുശാസിക്കുന്ന മനുഷ്യത്വപരമായ സമീപനം എയര്‍ ഇന്‍ഡ്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. കാലാകാലങ്ങളില്‍ നമ്മുടെ നാഷണല്‍ കാര്യര്‍, തിര‍ക്കുള്ള സമയത്ത് ഗള്‍ഫ് മലയാളിയോട് കാട്ടുന്ന മൃഗീയ ചൂഷണമാണ് കേരളത്തിലേക്ക് ചാര്‍ട്ടൌട്ട് ചെയ്യുന്ന എല്ലാ വിമാന കമ്പനികള്‍ക്കും അത്തപ്പാടികളെ ചൂഷണം ചെയ്യാന്‍ ചൂട്ടു പിടിച്ചു കൊടുക്കുന്നത്.

കാലാകാലങ്ങളായി എയര്‍ ഇന്‍ഡ്യയുടെ ചിറ്റമ്മനയത്തിനെതിരെ സമരം പ്രഖ്യാപിക്കുന്ന കോട്ടിട്ട നേതാക്കന്മാര്‍ എയര്‍ ഇന്‍ഡ്യായുമായി ചര്‍ച്ച ചെയ്ത് ചിക്കന്‍ കാലും കടിച്ച് നിറമുള്ള ലഹരിയും സേവിച്ച് മഹാരാജനുമായി രമ്യതയിലെത്തുന്നതാണ് വര്‍ത്തമാനകാല സമര യാധാര്‍ത്ഥ്യം. അതുകൊണ്ട് പ്രഖ്യാപിക്കപെടുന്ന സമരാഭാസങ്ങള്‍ക്ക് പകരം ഗള്‍ഫ് മലയാളികള്‍ തന്നെ ഇതിന് പോംവഴി കണ്ടെത്തണം. അതിനുള്ള വഴികളിലൊന്ന് എയര്‍ ഇന്‍ഡ്യയെ ബഹിഷ്കരിക്കുക എന്നത് തന്നെയാണ്. പക്ഷേ നമ്മുടെ “മഹത്തായ” കൂട്ടായ്മ കാരണം ബഹിഷ്കരണം എവിടം വരെ എത്തി എന്നുള്ളത് രണ്ടു വര്‍ഷം മുമ്പ് നാം കണ്ടതാണ്. ഒരോരുത്തരുടേം ബഹിഷ്കരണം അവരവരുടെ ടിക്കറ്റ് കണ്‍ഫേം ചെയ്ത തീയതിയില്‍ അവസാനിച്ചു. അത്ര തന്നെ. അപ്പോഴും മഹാരാജന്‍ ഒന്നു കുനിഞ്ഞ് നിവര്‍ന്നു ചിരിച്ചു, “ഞാനിതൊക്കെ എത്ര കണ്ടതാ കൊച്ചുങ്ങളേ” എന്ന പോലെ.

ഗള്‍ഫ് പ്രവാസം വരേണ്യവര്‍ഗ്ഗ പരിഛേദമല്ല എന്നത് പകല്‍ പോലെ തെളിഞ്ഞ സത്യം. വെന്തുരുകുന്ന ഗള്‍ഫ് മലയാളിക്ക് കുറച്ചെങ്കിലും ഒരു സാന്ത്വനമാകാന്‍ നമ്മുടെ സര്‍ക്കാറുകള്‍ക്കാകണം. കൊട്ടിഘോഷിച്ച് നടപ്പാക്കിയ ബജറ്റ് എയര്‍ ലൈന്‍ പലപ്പോഴും മറ്റ് വിമാന കമ്പനികളുടെ ചാര്‍ജ്ജിനും മേലെ ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കുന്ന കാഴ്ച ദയനീയമാണ്.

നാട്ടിലെ കിടപ്പാടം പണയം വെച്ചും ഭാര്യയുടെ കെട്ടുതാലി വരെ അറുത്ത് പണയം വെച്ചും ജോലി തെണ്ടി ഗള്‍ഫെന്ന നരക പ്രവാസത്തിലേക്കെത്തുന്ന പ്രവാസത്തിന്റെ ചേരികളിലെ ദയനീയ ജന്മങ്ങള്‍ കുറച്ചുകൂടി സഹതാപം അര്‍ഹിക്കുന്നു എന്ന വസ്തുത നമ്മുടെ ഭരണവര്‍ഗ്ഗം മനസ്സിലാ‍ക്കേണ്ടിയിരിക്കുന്നു. തകര്‍ന്നടിയുമായിരുന്ന നമ്മുടെ സാമ്പത്തിക വ്യവസ്ഥക്ക് നട്ടെല്ലേകി രാഷ്ട്രത്തിന്റെ വിദേശ നിക്ഷേപം കുത്തി ഉയര്‍ത്തിയത് നാട്ടില്‍ നിന്നും കയറ്റി അയച്ച തേങ്ങയും റബ്ബറും ഗര്‍ഭ നിരോധന സാമഗ്രികളും ആയുധങ്ങളും ഒന്നുമല്ല. നാട്ടില്‍ നില്‍ക്ക കള്ളിയില്ലാതെ കയറ്റി അയക്കപെട്ട പ്രജകളുടെ രക്തവും കിനാക്കളും ചുട്ടു പഴുത്ത സൂര്യന്റെ കീഴില്‍ വിയര്‍പ്പായൊഴുക്കി നേടിയെടുത്ത എണ്ണപണമാണ്. അവര്‍ പ്രവാസ ഭൂമികയില്‍ നിന്നും മാസാ മാസം ഉറ്റവര്‍ക്കായി എക്സ്ചേഞ്ചുകളില്‍ ക്യൂ നിന്ന് വിദേശ കറന്‍സി കൊടുത്ത് നാസിക്കിലെ സര്‍ക്കാര്‍ കമ്മട്ടത്തിലടിച്ച കറന്‍സി വാങ്ങിയതാണ് ഇന്‍ഡ്യന്‍ രൂപയുടെ മൂല്യം നിലമ്പരിശ്ശാകാതെ പലപ്പോഴും പിടിച്ച് നിര്‍ത്തിയത്. മാസത്തിന്റെ ആദ്യ വെള്ളിയാഴ്ചകളില്‍ ഇന്‍ഡ്യന്‍ രൂപക്ക് കാണപ്പെടുന്ന പതിവില്‍ കവിഞ്ഞ മൂല്യം അതിനൊരുദാഹരണം മാത്രം.

നാട്ടില്‍ നിന്നും കയറ്റി അയക്കപെടുന്നതെന്തിനും വിദേശ കറന്‍സി നേടി തരുന്നു എന്നതു കൊണ്ട് ചില അനുകൂല്യങ്ങള്‍ ഗവണ്മെന്റ് കൊടുക്കാറുണ്ട്. കയറ്റി അയക്കപെടുന്ന ഉല്പന്നങ്ങളുടെ വിലയുടെ ഏകദേശം ഏഴ് ശതമാനത്തോളം കിക്ക് ബാക്ക് എന്ന പേരില്‍ ഉല്പന്നം കയറ്റി അയക്കപെടുന്ന കമ്പനികള്‍ക്ക് ഒരു ഇന്‍സെന്റീവായി തിരിച്ച് ലഭിക്കാറുണ്ട്. ഒരു ലാഭവും ഇല്ലാതെയാണ് ഉല്പന്നം കയറ്റി അയക്കപെടുന്നത് എങ്കില്‍ പോലും ഉല്പാദകന് ഈ ഏഴ് ശതമാനം ലാഭമായി മാറും. പക്ഷേ ഭാരതത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റി അയക്കപ്പെടുന്ന പൌരന്‍ എന്ന‍ തറവില പോലും തിട്ടപ്പെടുത്തിയിട്ടില്ലാത്ത “ഉത്പന്നം” നാട്ടിലേക്ക് കയറ്റി അയക്കുന്ന കറന്‍സിക്ക് തുല്യമായ പരിഗണന അവകാശപ്പെടാന്‍ തക്ക അഹമ്മതിയൊന്നും പ്രവാസി മലയാളിക്കില്ല. എങ്കിലും വല്ലപ്പോഴും ഒരിക്കലെങ്കിലും പിറന്ന നാടും നടന്ന വഴിയും പഠിച്ച പള്ളിക്കൂടവും അടിച്ചു കളിച്ച കൂട്ടുകാരേം സംരക്ഷിച്ച മാതാപിതാക്കളേം ഉടപ്പിറന്നോരേം ഒക്കെ ഒന്നു കണ്ടു മടങ്ങാനുള്ള കേവലാഗ്രഹമെങ്കിലും വഴിക്ക് മുടക്കാതെ ഇവര്‍ക്കൊന്ന് ചെയ്ത് തന്നാലെന്താ?

പിന്നാമ്പുറം:
പ്രവാസി തലയില്ലാത്ത കോഴിയാണ്. നരകത്തിലെ കറങ്ങുന്ന കോഴി. ആസനത്തിലൂടെ ചുട്ടു പഴുത്ത ഇരുമ്പ് ദണ്ഡിനാല്‍ കോര്‍ക്കപെട്ട് എരിയുന്ന തീയില്‍‍ കറങ്ങി കറങ്ങി കറങ്ങി വെന്ത് പൊട്ടി നില്‍ക്കുന്ന തലയില്ലാത്ത കോഴി. ആര്‍ക്കും എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും നുള്ളിപറിച്ച് ഹോട്ട് സോസും കെച്ചപ്പും കൂട്ടി ഉദരപൂരണം നടത്താം...

Monday, August 20, 2007

സിറാജ് ദിനപത്രത്തില്‍ നിന്നും ലഭിച്ച ജന്മദിന സമ്മാനം.ബൂലോകത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ഒരു വയസ്സുകാരന് ലഭിച്ച ജന്മ ദിന സമ്മാനം. എന്റെ പൊതുമാപ്പെന്ന ബ്ലോഗിലെ പോത്ത് വിസ പോസ്റ്റിന് ടി.ഏ. അലി അക്‍ബര്‍ ഇട്ട ഈ കമന്റ് ഇങ്ങിനെയൊരു ജന്മദിന സമ്മാനമായി പരിണമിക്കുമെന്ന് സ്വപ്നത്തില്‍ പോലും നിരീച്ചില്ല. സമ്മാനം കിട്ടിയ ഒന്നാം വയസ്സുകാരന്റെ ആഹ്ലാദാരവം മനസ്സില്‍ തുടികൊട്ടുന്നത് ഉടപിറന്നോരേ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലേ.....

Saturday, August 11, 2007

ഒരു വയസ്സ്.(വാര്‍ഷിക പോസ്റ്റ്)

ബൂലോകത്തിന്റെ ഭാഗമായിട്ട് ഇന്ന് ഒരു വര്‍ഷം ആകുന്നു. ഒരു വയസ്സിനിടക്ക് എന്തെല്ലാം കുറുമ്പുകള്‍. വടി കൊണ്ട് കയ്യില്‍ തന്നിട്ടും ബൂലോകത്ത് നിന്നും വേണ്ടത്ര തല്ല് കിട്ടിയിട്ടില്ല എന്ന ഒരു വിഷമം മാത്രം. പലപ്പോഴും പ്രകോപനപരമായിരുന്നു എന്റെ നിലപാടുകള്‍. പക്ഷേ ബൂലോകം തൊട്ടും തലോടിയും ശാസിച്ചും കടന്ന് പോയി.

ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു വര്‍ഷമാണ് കടന്ന് പോയത്. “അഞ്ചല്‍ക്കാരന്‍” എഴുതി തുടങ്ങുമ്പോള്‍ സ്വന്തമായിരുന്നതോ സ്വന്തമെന്ന് കരുതിയിരുന്നതോ ആയ പലതും നഷ്ടപെട്ട ഒരു വര്‍ഷം. പക്ഷേ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും അവസാനിച്ചത് കമ്പൂട്ടറിന്റെ മുന്നില്‍. ബൂലോകത്തെ കൊച്ചു കൊച്ചു തമാശകളും പുറം ചൊറിയലും തമ്മില്‍ തല്ലും പാരപണിയലും ഒക്കെയായി അങ്ങിനെ അങ്ങ് കഴിഞ്ഞു കൂടുന്നു.

കഴിഞ്ഞവര്‍ഷം റേഡിയോ ഏഷ്യയിലെ പെരിങ്ങോടന്റെം വിശാല്‍ജീയുടേയും അഭിമുഖം കേട്ടാണ് ബൂലോകത്തെ കുറിച്ചറിയുന്നത്. ബൂലോകാ ക്ലബ്ബിലാണ് ആദ്യം എത്തിച്ചേര്‍ന്നത്. അവിടെ നിന്നും വക്കാരിയുടെ “എങ്ങിനെ മലയാള ബ്ലോഗറാകാം” എന്ന പോസ്റ്റ് വഴി അഞ്ജലിയെ കമ്പൂട്ടറില്‍ കുടിയിരുത്തി കീയ്മാനേയും കൂട്ടി തുടങ്ങിയ യാത്ര ഒരു വര്‍ഷം കഴിയുമ്പോള്‍ പരസ്പരം കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലാത്ത കുറേ സൌഹൃദം ഉണ്ടാക്കിയെന്നത് ജീവിതത്തിലെ “നല്ലവ” യില്‍ ചേര്‍ക്കാന്‍ പറ്റുന്ന ഒരു നേട്ടമായി ഞാന്‍ കാണുന്നു.

പലപ്പോഴും സംശയനിവാരണം നടത്തിയത് ശ്രീജിത്ത് വഴിയായിരുന്നു. ശ്രീജിത്തിനേം പെരിങ്ങോടനേം വിശാല മനസ്കനേം വക്കാ‍രിയേം നന്ദിയോടേ സ്മരിക്കുന്നു.

ആകെ മുപ്പത്തിആറ് ചവറുകള്‍ എഴുതിയിട്ടു. അതില്‍ തല്ല് മേടിച്ചു കെട്ടുക എന്ന ഒരേ ഒരു ഉദ്ധ്യേശ്യത്തോടെ ഇട്ട തല്ല് പോസ്റ്റുകള്‍ നാലെണ്ണമായിരുന്നു. പക്ഷേ ബൂലോകം ഒരു വയസ്സുകാ‍രന്റെ കുരുത്തക്കേടുകളായി കണ്ട് തല്ല് ഒഴിവാക്കി. അനോനികളുടെ അടി ഒരിക്കല്‍ മേടിച്ചു കെട്ടി. അതോടെ അനോനികളെ തൊട്ടുകളിക്കരുത് എന്ന മഹാ പാഠം പഠിച്ചു.

പിന്മൊഴി പടിയിറങ്ങുന്നതും മറുമൊഴി കടന്നു വരുന്നതും കണ്ടു. ബൂലോകത്തിലേക്ക് പുതുതായി കടന്നു വന്ന പലരും സെലിബ്രിറ്റികളാകുന്നതും നിറ സാനിദ്ധ്യമായിരുന്ന പലരും ബൂലൊകത്ത് അപൂര്‍വ്വമായി മാത്രം വന്നു പോകാന്‍ തുടങ്ങിയതും കണ്ടു. ബൂലോകത്തിനാകെ അഭിമാനമായി രണ്ടു പുസ്തകങ്ങള്‍ ഇറങ്ങിയതും ആ പുസ്തകങ്ങളുടെ പ്രകാശനം ഒരോ ബ്ലോഗറും സ്വന്തം പുസ്തകങ്ങളുടെ പ്രകാശനമാണെന്ന പോലെ ആ പുസ്തകങ്ങളെ നെഞ്ചിലേറ്റിയതും കണ്ടപ്പോള്‍ ഈ കൂട്ടായ്മയുടെ നന്മകള്‍ ബൂലോകത്തിന് പുറത്തേക്കും വ്യാപിക്കുകയായിരുന്നു. ബൂലോക കാരുണ്യം ഒരു പുതിയ ചുവട് വെയ്പായി.

ദിനപത്രം വന്നതും വന്നതു പോലെ പോയതും കണ്ടു. നിലനിന്നിരുന്നുവെങ്കില്‍ നല്ലൊരു സംരംഭമാകുമായിരുന്ന ദിനപത്രം നിന്നു പോയത് എങ്ങിനെയന്ന് അറിയില്ല. ബൂലോക സാനിദ്ധ്യമായി ഒരു സീരിയലും പിറന്നു.

വല്യമ്മായി, തറവാടി, ശ്രീജിത്ത്, അഗ്രജന്‍, ദില്ബാസുരന്‍, ഡിങ്കന്‍, ഉണ്ണികുട്ടന്‍, മാവേലികേരളം, കുറുമാന്‍, മുല്ലപൂ, ബിരിയാണി കുട്ടി, ഇഞ്ചിപെണ്ണ്, ബൂര്‍ഷ്വോസി, വക്രബുദ്ധി, ഇത്തിരിവെട്ടം, ബാജി ഓടംവേലി, അനില്‍, സാല്‍ജോ, സുനീഷ്‌തോമസ്, ബെര്‍ളിതോമസ്, ങ്യ...ഹ്ഹാ, മാരാര്‍, കെ.പി.സുകുമാരന്‍ അഞ്ചരകണ്ടി, ജി.മനു, സണ്ണികുട്ടന്‍, സാജന്‍, ഉറുമ്പ്, വിന്‍സ്, മുക്കുവന്‍, ബയാന്‍, മെലോഡിയോസ്, ശ്രീ, സുമുഖന്‍, ഷിബു, നന്ദു, മനു, നന്ദന്‍, കൈതമുള്ള്, കിച്ചു, ആപ്പിള്‍കുട്ടന്‍, പയ്യന്‍സ്, സ്നിഗ്ദ റെബേക്കാ ജേക്കബ്ബ്, കുട്ടമ്മേനോന്‍, വക്കാ‍രിമഷ്ട, സങ്കുചിത മനസ്കന്‍, കരീം മാഷ്, റീനി, കൈപ്പള്ളി, കൊച്ചുത്രേസ്യ, ഇക്കാസ്, സഞ്ചാരി, അരവിന്ദ്, വിശ്വപ്രഭ, ഇന്‍ഡ്യാഹെരിറ്റേജ്, മൂര്‍ത്തി, സിജൂ, മണി, വേണു, അമൃതാ വാര്യര്‍, ഫ്രെണ്ട്സ് ഫോര്‍ എവര്‍, അരീക്കൊടന്‍, ശാലിനി, നോക്കുകുത്തി, ഏവൂരാന്‍, അചിന്ത്യ, കൈത്തിരി, രാജാവ്, ആദിത്യന്‍, കാട്ടാളന്‍, ചക്കര, വിനോജ്, വെല്‍ക്കം, ഷാനവാസ് ഇലപ്പിക്കുളം, ജനശ്ക്തി ന്യൂസ്, നിമിഷ, അപ്പു, കുട്ടിച്ചാത്തന്‍, ദിവ, ഹരി, പടിപ്പുര, സിബു, അന്‍പു, വക്കം ജീ. ശ്രീകുമാര്‍, ഐസീബി, വിചാരം, ഏറനാടന്‍, കുട്ടു, നിക്ക്, അനൂബ് അമ്പലപ്പുഴ, മന്‍സൂര്‍, സൂര്യഗായത്രി, ബിന്ദു, ലിനോയ്, അപ്പൂസ്, മുന്തിരി, സീയെം,സാന്‍ഡോസ്, ഗന്ധര്‍വന്‍, സുല്‍, ഇടിവാള്‍, ഞാന്‍ ഇരിങ്ങല്‍, കണ്ണൂസ്, പുള്ളി, അജി, ഇത്തിരി, പൊതുവാള്, തമ്പിയളിയന്‍, ദേവന്‍, അതുല്യ, ചിത്രകാ‍രന്‍, വനജ, ബീരാങ്കുട്ടി, കെവിന്‍ ആന്റ് സിജി, ജാസു, ഇര്‍ഷാദ്, മയൂര, ഡ്രിസില്‍, പട്ടേരി, ഉമേഷ് തുടങ്ങിയവരുടെ കമന്റുകളും നിര്‍ദ്ധേശങ്ങളും വിമര്‍ശനങ്ങളും സര്‍വ്വൊപരി സാനിദ്ധ്യവുമാണ് എനിക്ക് ബൂലോകത്ത് പിടിച്ച് നില്‍ക്കാന്‍ പ്രേരണയായത്. ഒരിക്കലെങ്കിലും എന്റെ ബ്ലോഗിലെത്തുകയും എന്നെ വായിക്കുകയും ചെയ്ത ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്താന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു.

ബൂലോകത്ത് വന്നത് കൊണ്ട് എനിക്കുണ്ടായ സാമ്പത്തിക നേട്ടത്തെ കുറിച്ചു കൂടി പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ കഴിയില്ല. ഒരു പുട്ടു പ്രേമിയായ എനിക്ക് ചിലവ് കുറഞ്ഞതും എന്നാല്‍ സ്വാദിഷ്ടവുമായ പുട്ട് നിര്‍മ്മാണ വിദ്യ കരഗതമായത് ഏറ്റവും കുറഞ്ഞത് ആഴ്ചയില്‍ പതിനഞ്ച് ദിര്‍ഹത്തിന്റെ എങ്കിലും സാമ്പത്തിക ലാഭം ഉണ്ടാക്കി തന്നിട്ടുണ്ട്. ബൂലോകത്തെ ഒരു ചര്‍ച്ചയും തള്ളിക്കളയേണ്ടവയല്ല എന്ന് ആ പുട്ടു ചര്‍ച്ച തെളിയിക്കുന്നു.

ബൂലോകം കൂട്ടായ്മയല്ല എന്ന് പറയുന്നതിനെ ഞാന്‍ എതിര്‍ക്കും. ബ്ലോഗിങ്ങ് ലോകത്തെ ബ്ലൊഗിംങ്ങിന്റെ സ്വഭാവവും രീതിയും ശൈലിയും ഒക്കെ തിരിച്ചും മറിച്ചും വിശകലനം ചെയ്ത് ബൂലോകം ഒരു തരത്തിലുള്ള കൂട്ടായ്മയും അല്ല എന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ, എന്റെ ഒരു വര്‍ഷത്തെ അനുഭവം ബൂലോകം തികഞ്ഞ ഒരു കൂട്ടായ്മ തന്നെയാണ് എന്നതാണ്.

ബൂലോകം ഇങ്ങിനെ തന്നെ നിലനില്‍ക്കട്ടെ. ഗൂഗിള്‍ നിലനില്‍ക്കുന്നിടത്തോളം. എത്ര പ്രയാസങ്ങളും ആത്മസംഘര്‍ഷങ്ങളും വിഷമങ്ങളും ഉണ്ടെന്നിരിക്കലും ബൂലോകത്തേക്കെത്തുമ്പോള്‍ ഒരു ആശ്രമത്തിലേക്കെത്തിയ വണ്ണം മനസ്സ് ശാന്തമാകുന്നതിനെ ഞാന്‍ തൊട്ടറിയാറുണ്ട്. ഈ സംഘത്തിന് ഒരു പോറലും ഏല്‍ക്കാതിരിക്കാതിരിക്കട്ടെ!

നന്ദിയോടെ,
ഷിഹാബ് അഞ്ചല്‍.

Thursday, August 09, 2007

യുക്തിക്ക് നിരക്കാത്തതിനെ നിരസ്സിക്കാന്‍ കഴിയുമോ?

യുക്തി വാദം.
എന്താണ് യുക്തി വാദം? ഒരാളുടെ യുക്തിക്ക് നിരക്കാത്ത ഒരു സംഗതി മറ്റൊരാള്‍ക്ക് യുക്തി ഭദ്രമായി മാറാറില്ലേ? ശാസ്ത്രീയമായി തന്നെ പറഞ്ഞാല്‍ ഹിപ്നോട്ടീസം എന്ന ശാസ്ത്രീയാത്ഭുതം. അപരന്റെ മനസ്സ് വായിക്കാനുള്ള ഉപായം എല്ലാര്‍ക്കും വശമില്ല. പക്ഷേ മനശ്ശാസ്ത്ര വിശാരദന്മാര്‍ ബോധ മനസ്സിനെ ഉറക്കി ഉപബോധ മനസ്സിനോട് സംവേദിക്കുന്നില്ലേ. മറ്റൊരുവന്റെ മനസ്സ് വായിക്കാന്‍ എനിക്ക് കഴിയില്ല എന്നുള്ളത് കൊണ്ട് “ഹിപ്നോട്ടിസം” വ്യാജമാണെന്ന് പറയാന്‍ കഴിയുമോ?. അതും നാര്‍ക്കോ അനാലിസിസിന്റെ ഫലം കോടതികളാല്‍ പോലും സ്വീകരിക്കപ്പെടുന്ന ഈ ഉത്തരാധുനികതയില്‍.

ഓസ്കാ‍ര്‍ എന്ന രണ്ടു വയസ്സുള്ള ഒരു പൂച്ചക്ക് മരണത്തെ മണത്തറിയാന്‍ കഴിയുന്നു എന്ന അത്ഭുതകരമായ ഒരു വാര്‍ത്ത മെഡിക്കല്‍ ജേണലില്‍ സ്ഥാനം പിടിക്കുമ്പോള്‍ ആ വാര്‍ത്ത എന്റെ യുക്തിക്ക് നിരക്കുന്നില്ല എന്നത് കൊണ്ട് വാര്‍ത്ത വ്യാജമാണെന്ന് പറയാന്‍ കഴിയുമോ? ഭൂകമ്പങ്ങളേം വന്‍ ദുരന്തങ്ങളേം മുന്‍‌കൂട്ടി കാണാന്‍ ചില പക്ഷികള്‍ക്കും ഇഴജന്തുക്കള്‍ക്കും മൃഗങ്ങള്‍ക്കും കഴിയും എന്ന് പലയിടത്തും നാം വായിച്ചിട്ടുണ്ട്. ഇപ്പോള്‍ വന്‍ പ്രകൃതി ദുരന്തങ്ങളെ നാം സറ്റലൈറ്റിന്റേം മറ്റും സഹായത്തോടെ മുന്‍‌കൂട്ടി കാണുന്നുണ്ട്.ഒരു അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രകൃതി ദുരന്തങ്ങളെ പ്രവചിക്കുന്നത് അന്നത്തെ തലമുറക്ക് ഒരു പക്ഷേ അത്ഭുതം ആയിരുന്നിരിക്കാം. ഇന്ന് അത് വളരെ നിസ്സാരമായി തോന്നാമെങ്കിലും. അമ്പത് വര്‍ഷം മുമ്പ് പ്രകൃതി ദുരന്തങ്ങളെ പ്രവചിക്കുന്നത് കേള്‍ക്കുന്ന ഒരാ‍ളുടെ യുക്തിക്ക് ആ വാര്‍ത്ത നിരക്കുന്നില്ല എന്നത് കൊണ്ട് ആ പ്രവചനം വ്യാജമാണെന്ന് പറവാന്‍ കഴിയില്ലല്ലോ?

തങ്ങളുടെ യുക്തിക്ക് നിരക്കുന്നതിനെ മാത്രമേ തങ്ങള്‍ അംഗീകരിക്കുകയുള്ളൂ എന്ന് പറയുന്നവര്‍ക്കായി എന്റെ യുക്തിക്ക് നിരക്കാത്തതും എന്നാല്‍ അംഗീകരിക്കേണ്ടി വന്നതുമായ ചില സംഗതികള്‍ ഇവിടെ കുറിക്കുന്നു.

1. എന്റെ ഒരു ബന്ധുവിന്റെ രണ്ടാമത്തെ കുട്ടി. ജനിച്ചകാലം മുതല്‍ കുട്ടിക്ക് “സന്നി” (ഫിറ്റ്സ്) വരുമായിരുന്നു. പനിയില്‍ ആണ് തുടക്കം. നിമിഷം പ്രതി ചൂട് നിയന്ത്രണാതീതമാവുകയും കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വരുകയും ശരീരം നീല നിറം ആവുകയും ചെയ്യും. വലിച്ച് വാരി ആശുപത്രിയില്‍ കൊണ്ട് പോയി ഐ.സി.യുവില്‍ കയറ്റും. രണ്ടു മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ സാധാരണ നിലയിലേക്കെത്തും. നിരന്തരം ഇത് വന്നു തുടങ്ങിയപ്പൊള്‍ തിരുവനന്തപുരത്തേ ഒരു പ്രശസ്ത കുട്ടികളുടെ ആശുപത്രിയില്‍ കുട്ടിയെ കാട്ടി. അവര്‍ക്കും കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. എന്തൊക്കെയോ മരുന്നു കൊടുത്തു. കൂടെ മാതാപിതാക്കള്‍ക്ക് ഒരു സമാശ്വാസവും. കുട്ടിക്ക് ആറ് വയസ്സാകുമ്പോള്‍ ബ്രെയിനില്‍ ഒരു ഓപ്പറേഷന്‍ വേണം. കുട്ടിയുടെ ഒരു അമ്മാവനെ വിളിച്ച് രഹസ്യമായി വൈദ്യന്‍ പറഞ്ഞു “കുട്ടി ആറ് വയസ്സ് വരെ ജീവിച്ചിരിക്കില്ല.” കുട്ടിയുടെ പിതാവ് ഗള്‍ഫനാണ്. അതുകൊണ്ട് വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഈ അമ്മാവനായിരുന്നു. വീട്ടില്‍ വന്ന അമ്മാവന് ഒരു മനസ്സമാധാനവും ഇല്ല. കുട്ടിക്കപ്പോള്‍ ഒരു ഒന്നര വയസ്സ് ആയിട്ടുണ്ടാകും. അമ്മാവന്‍ മരുന്ന് ഫലിക്കാത്തിടത്ത് മന്ത്രത്തെ കൂട്ടു പിടിച്ചു. പറഞ്ഞ് കേട്ട ഒരു സിദ്ധന്റെ അടുത്തേക്ക് കുട്ടിയെ കൂട്ടികൊണ്ട് പോയി. നാട്ടില്‍ നിന്നും അരദിവസത്തെ യാത്രയുള്ള ആ സിദ്ധാശ്രമത്തില്‍ എത്തിയ കുട്ടിയെ കണ്ടിട്ട് സിദ്ധന്‍ പറഞ്ഞത് കുട്ടിയെ ബാധ കൂടിയിരിക്കുന്നു, ബാധോപദ്രവമാണ് കുട്ടിയ്ക്ക് സന്നി ഉണ്ടാക്കുന്നത് എന്നാണ്. കുറേ ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിട്ടതിന് ശേഷം ഞങ്ങളുടെ മുന്നില്‍ വെച്ച് തന്നെ സിദ്ധന്‍ ഒരുനുള്ള് മണ്ണ് വാരി അതിലേക്ക് ഒന്നൂതി കുഞ്ഞിന്റെ തലയുടെ നെറുകയില്‍ തേച്ച് പിടിപ്പിച്ചു. തുടര്‍ന്ന് ഏഴ് ദിവസം മുടങ്ങാതെ “യാസീന്‍” ഓതി കുട്ടിയുടെ നെറുകയില്‍ ഊതണം എന്ന ഒരു നിര്‍ദ്ധേശവും. ആ കര്‍മ്മത്തിന് ശേഷം നാളിന്ന് വരെ ആ കുട്ടിക്ക് സന്നി വന്നിട്ടില്ല. കുട്ടി ഇപ്പോള്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥി. ആറാം വയസ്സില്‍ തലക്ക് ഓപ്പറേഷന്‍ നടത്തിയില്ല. മറ്റ് യാതൊരു ചികിത്സയും തേടിയിട്ടില്ല. ഇവിടെ വൈദ്യശാസ്ത്രം നിസ്സാഹയമായിടത്ത് സിദ്ധന്‍ വിജയച്ചത് എന്റെ യുക്തിക്ക് നിരക്കുന്നില്ല. പക്ഷേ ആ കുട്ടിയുടെ മാതാപിതാക്കളുടെ അടുത്ത് യുക്തിവാദവും കൊണ്ട് ചെന്നാല്‍ അവരുടെ പ്രതികരണം എന്തായിരിക്കും?

2. ഗള്‍ഫിലേക്ക് പോകാനുള്ള തീഷ്ണാഗ്രഹവുമായി കായംകുളത്തെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ഇരുപതിനായിരം രൂപ വിസക്കായി തലവരീം കൊടുത്ത് ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറായി നിന്ന ഞാന്‍ ഞങ്ങളുടെ നാട്ടില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെയുള്ള ഒരു മൌലവിയുടെ അടുത്ത് ഗള്‍ഫിലേക്ക് പോകാന്‍ അനുഗ്രഹം തേടി ഉമ്മയുടെ നിര്‍ബന്ധപ്രകാരം പോകേണ്ടി വന്നു. കുറച്ചൊക്കെ പ്രവചനവും ചില്ലറ ചികിത്സയുമൊക്കെയുള്ള മൌലവി ഒരു വെറ്റിലയില്‍ എന്തൊക്കെയോ കുറിച്ചിട്ട് വെറ്റില ചവക്കാന്‍ പറഞ്ഞു. പുളിയാണോ, ചവര്‍പ്പാണോ, മധുരമാണോ രുചിക്കുന്നതെന്ന ചോദ്യം. എനിക്ക് നല്ല മധുരമാണ് തോന്നിയത്. പക്ഷേ മൌലവിയുടെ മറുപടി എന്നെ തളര്‍ത്തി.

രണ്ടു ദിവസത്തിനകം ബോം‌മ്പേവഴി സൌദിയിലേക്ക് പോകാന്‍ കാത്തിരിക്കുന്ന എന്നോട് ആ മൌലവി പറഞ്ഞത്:
“താങ്കള്‍ക്ക് ഇനി ഒരു വര്‍ഷത്തോളം താങ്കളുടെ മഹല് (ഇടവകയെന്നോ, കരയോഗമെന്നോ, പഞ്ചായത്ത് എന്നോ അര്‍ത്ഥമാക്കാം) വിട്ട് പുറത്ത് പോകാന്‍ കഴിയില്ല. പിന്നെങ്ങനെ കടല്‍ കടന്ന് പോകും?” പിറ്റേന്ന് കായംകുളത്തെ ആ ട്രാവല്‍ ഏജന്‍സിയില്‍ വിസയുടെ കോപ്പി വാങ്ങാന്‍ എത്തിയ ഞാന്‍ കണ്ടത് ഓഫീസില്‍ കഞ്ഞിവെച്ച് പ്രതിഷേധിക്കുന്നവരെയാണ്. വിസ തട്ടിപ്പില്‍ എനിക്ക് ഇരുപതിനായിരം പോയതല്ലായിരുന്നു വന്‍ നഷ്ടം. എറണാകുളത്തെ ജോലി ഗള്‍ഫ് യാത്ര പ്രമാണിച്ച് രാജി വെച്ചതായിരുന്നു. ശരിക്കും ഒരു വര്‍ഷം തൊഴിലൊന്നുമില്ലാതെ നാട്ടില്‍ തന്നെ കൂടേണ്ടി വന്നു എന്നത് ഭരതവാക്യം. അതായത് ഒരു വര്‍ഷത്തോളം അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് എന്റെ മഹല് വിട്ട് പുറത്ത് പോകാന്‍ കഴിഞ്ഞില്ല. ഇത് മുന്‍‌‌കൂട്ടി പറയാന്‍ ആ മൌലവിക്കെങ്ങനെ കഴിഞ്ഞു? ഇവിടെ എന്റെ യുക്തിക്ക് നിരക്കാത്തതു കൊണ്ട് ആ മനുഷ്യന്‍ വ്യാജനാണെന്ന് പറവാന്‍ എനിക്ക് അവകാശമുണ്ടോ?

3. പിന്നെ ഞാന്‍ എന്റെ “വിശ്വാസിച്ചാലും ഇല്ലെങ്കിലും” എന്ന ബ്ലോഗില്‍ ഇട്ട ആ മഴനാളില്‍ എനിക്ക് അനുഭവപെട്ട ദുരനുഭവം. അത് എന്റെ യുക്തിക്ക് നിരക്കുന്നതല്ല. ഇപ്പോഴും അതിന്റെ പിന്നിലെ രഹസ്യം എനിക്കറിയില്ല. അതു കൊണ്ട് അത് വെറും തോന്നലാണെന്ന് എങ്ങിനെ പറയാന്‍ കഴിയും?

4. ഇതുപോലെ ടെലിഫോണ്‍ സൌകര്യങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ ഇല്ലാതിരുന്ന ഇരുപത് വര്‍ഷം മുമ്പുള്ള ഒരു രാത്രി. കോളേജില്‍ നിന്നും ലക്ഷദ്വീപിലേക്ക് ഒരു സഹസിക യാത്ര. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും ഞങ്ങള്‍ നാലു പേര് മാത്രം. ആകെ നൂറ് പേര്. അന്ന് ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന എഴുപത്തി ആറ് സര്‍വ്വകലാശാലയില്‍ നിന്നും തിരഞ്ഞെടുക്കപെട്ട ഞങ്ങള്‍ നൂ‍റുപേരില്‍ കേരളായൂണിവേഴ്സിറ്റിയുടെ പ്രതിനിധികള്‍ കൂട്ടുകാരാകുന്നത് സ്വാഭാവികം. ക്യാമ്പിന്റെ മൂന്നാം ദിനം രാത്രിയില്‍ ഉറക്കത്തില്‍ നിന്നും അലറി വിളിച്ച് എഴുന്നേറ്റ ഞങ്ങളുടെ ചെമ്പഴന്തിക്കാരന്‍ സുഹൃത്ത് ഞങ്ങളെയൊക്കെ ഭയപ്പെടുത്തി. ആ ചങ്ങാതിയുടെ അമ്മ ഏതോ വലിയ അപകടത്തില്‍ പെട്ടെന്ന് സ്വപ്നം കണ്ടതായിരുന്നു. ഞങ്ങള്‍ ചങ്ങാതിയെ ശകാരിച്ച് കിടന്നുറങ്ങി. പിറ്റേന്ന് വൈകിട്ട് ഒരു നാലു മണിയോടെ ഞങ്ങളുടെ താമസസ്തലത്തെ ഫോണില്‍ ആ ചങ്ങാതിയുടെ അമ്മയുടെ മരണവിവരം എത്തി. മരണപെട്ടത് ചങ്ങാതി ഞെട്ടിയുണര്‍ന്ന സമയത്തിനോടടുപ്പിച്ചും. ആ അമ്മയുടെ ഒറ്റമകനെ ഹെലികോപ്റ്ററില്‍ അന്ന് തന്നെ നാട്ടിലേക്കെത്തിക്കുകയായിരുന്നു. യാത്രക്കിറങ്ങുമ്പോള്‍ ഒരസ്സുഖവും ഇല്ലായിരുന്ന അമ്മ പാമ്പു കടിയേറ്റ് മരിക്കുന്നത് കടല്‍ കടന്ന് ആ നിമിഷം തന്നെ ആ മകനെങ്ങനെയറിഞ്ഞു?

ഇതൊക്കെയും എന്റെ ജീവിതത്തില്‍ ഞാന്‍ തൊട്ടറിഞ്ഞ സംഗതികള്‍. മറ്റുള്ളവര്‍ പറഞ്ഞ് കേട്ടവ എന്തെല്ലാം. ശബരിമലയിലെ പുണ്യ ജ്യോതിയും പറഞ്ഞ് കേട്ടത്. യുക്തിക്ക് നിരക്കുന്നില്ലാ എന്നത് കൊണ്ട് ആ പുണ്യ ജ്യോതിസ് വ്യാജമാണ് എന്ന് പറയുന്നത് അല്പ ജ്ഞാനമാണ്. ഈ പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിലിരിക്കുന്ന മര്‍ത്യന്‍ എന്തറിയുന്നു. എല്ലാം അറിയുന്നു എന്നഹങ്കരിക്കുന്നവന് പ്രപഞ്ചവും അതിന്റെ രഹസ്യങ്ങളും എന്നും കുരുടന്‍മാര്‍ കണ്ട ആനയാണ്. തുമ്പികൈ പിടിക്കുന്നവനും വാലു പിടിക്കുന്നവനും കാലു പിടിക്കുന്നവനും കൊമ്പു തൊടുന്നവനും ചെവി പിടിക്കുന്നവനും പറയാനുള്ളത് ആനയെ കുറിച്ച് പരസ്പര വിരുദ്ധമായ നിര്‍വ്വചനമായിരിക്കും.

തെറ്റായവയെ ശരിപ്പെടുത്താനും ശെരിയെ തെറ്റാക്കിമാറ്റാനും നമ്മളെപ്പോഴും മറ്റാരേക്കാളും മുന്‍പിലാണ്. ശബരി മലയും പുണ്യജ്യോതിയും വൃതവും പതിനെട്ടാം പടിയും മുന്നിലേക്ക് വെയ്ക്കുന്ന നന്മയുടെ സന്ദേശം നാം കാണാന്‍ മിനക്കെടുന്നില്ല. മകര ജ്യോതിയും നമ്മുക്ക് നിര്‍വചിക്കാന്‍ കഴിയാത്ത സാനിദ്ധ്യമാണ്. ഒരു തട്ടിപ്പിനെ കേവലം ഒരു നിമിഷം പോലും രഹസ്യമാക്കി വെക്കാന്‍ നാം അശ്ശക്തരാണ്. അങ്ങിനെയുള്ള നാം നൂറ്റാണ്ടുകളായി ഒരു തട്ടിപ്പിനെ മറച്ചു പിടിക്കുന്നതെങ്ങനെ? യുക്തിക്ക് നിരക്കാത്തവയെ ഒക്കെയും പരീക്ഷിച്ചറിയാന്‍ തുനിഞ്ഞാല്‍ ബാക്കിയുള്ള നമ്മുടെ നന്മകള്‍ കൂടി സഹ്യന്‍ കടക്കും.

Monday, August 06, 2007

ഞങ്ങള്‍....മഹത്തായ മോചനം തേടുന്നവര്‍.

വായനക്കാരാ,
ഈ കുറിപ്പ് നിങ്ങള്‍ വായിച്ച് തീരുമ്പോഴേക്കും ഞങ്ങള്‍ സ്വാതന്ത്ര്യം നേടിയിട്ടുണ്ടാകും. സ്വയം പൊട്ടി ചിതറാന്‍ വെമ്പല്‍ കൊള്ളുന്നവരാണ് ഞങ്ങളുടെ കാ‍വല്‍ക്കാര്‍. ഞങ്ങളെ പൂട്ടിയിട്ടിരിക്കുന്ന ഈ മണ്‍കൂരക്ക് മുകളില്‍ ലോക സമാധാനത്തിന്റെ പുതു നാമ്പുകള്‍ വീണ് പൊട്ടിതെറിക്കുന്നത് ഞങ്ങള്‍ എപ്പോഴും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഭക്ഷണം കണികണ്ടിട്ട് ദിവസങ്ങളായി. വെള്ളം ഏറ്റവും വിലയേറിയ വസ്തുക്കളിലൊന്നാണെന്ന് ഞങ്ങളിന്ന് മനസ്സിലാക്കുന്നു.

ഞങ്ങള്‍ ഇരുപത്തി മൂന്ന് പേര്‍. തീവ്ര മനുഷ്യ സ്നേഹം മനം നിറച്ചോര്‍. മരണം ചിറകു വിടര്‍ത്തി ആടുന്ന ഈ മണ്ണില്‍ ഞങ്ങളെത്തിയത് അശ്ശരണര്‍ക്ക് ആവുന്ന ആശ്വാസവുമായിട്ടാണ്. ഇന്ന് ഞങ്ങള്‍ വാതിന് ഈടാക്കപെട്ടവര്‍. ആ‍ര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. ജയിലറകളില്‍ പെട്ടാല്‍ ഭക്ഷണവും വെള്ളവും ഉറപ്പാക്കപ്പെടുന്ന അവസ്തയല്ല ഇവിടെയുള്ളത്. മരണം മഹത്തായി കാണുന്ന ഒരു പറ്റം ആള്‍ക്കാരില്‍ നിന്നും അവര്‍ക്കുള്ള വിഹിതം ഭക്ഷണത്തില്‍ നിന്നും ഞങ്ങളെന്ത് പ്രതീക്ഷിക്കാന്‍. ദിവസം ഏതാനും റൊട്ടി കിട്ടിയാല്‍ മഹാഭാഗ്യം. വെള്ളത്തില്‍ മുക്കി അത് കഴിക്കാം.

ഞങ്ങളുടെ പേരുകള്‍ ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. ഒരോരുത്തരുടേം കഴുത്തില്‍ ഒരോ അക്കങ്ങള്‍ തൂക്കിയിട്ടുണ്ട്. എന്റെ അക്കം ഏതാണെന്ന് എനിക്കറിയില്ല. ഇതെനിക്കറിയാത്ത ഭാഷ. ഭാഷക്കിവിടെയെന്ത് പ്രസക്തി? ഞങ്ങളുടെ അക്കങ്ങള്‍ ഞങ്ങളെന്തിനറിയണം. തിരിച്ചറിയപെടേണ്ടുന്നത് ഞങ്ങള്‍ക്കല്ലോല്ലോ. അക്കങ്ങള്‍ തൂക്കിയോര്‍ക്ക് അതറിയാം. അതവരുടെ താല്പര്യം.

ഇവിടെ സംസാരം നിഷിദ്ധമാണ്. സംസാരിക്കരുത് എന്ന ആംഗ്യഭാഷയിലൂടെ താടി നെഞ്ചോളം നീട്ടിയ വല്ലിയ തലപ്പാവ് വെച്ച കുര്‍ത്ത ധാരിയായ മുഖം തലപ്പാവിന്റെ അഗ്രം കൊണ്ട് മറച്ച കണ്ണും കയ്യിലെ ഗണ്ണും മാത്രം പുറത്തേക്ക് കാട്ടി ഞങ്ങളുടെ കാവല്‍ക്കാരന്‍ ഞങ്ങള്‍ക്ക് നിര്‍ദ്ധേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ധേശം ലംഘിച്ചവരുടെ വായില്‍ നിന്നും കുത്തികയറ്റിയ തുണി പുറത്തെടുക്കുന്നത് റൊട്ടി കഴിക്കാന്‍ വേണ്ടി മാത്രം. ഭക്ഷണാനന്തരം നെഞ്ചോളമെത്തിയ താടിക്കാരന്‍ തന്നെ തുണി വീണ്ടും വായില്‍ തിരുകി കൊടുക്കുകയും ചെയ്യും. കയ്യുകള്‍ അഴിക്കപെടുന്നതും അപുര്‍വ്വമായി മാത്രം.

എന്തിന് വേണ്ടിയാണ് ഞങ്ങള്‍ ഈടാക്കപെട്ടതെന്നൊന്നും ഞങ്ങള്‍ക്കറിയില്ല. ബന്ധനത്തിലായതിന്റെ അന്ന് തന്നെ ഞങ്ങളുടെ കഴുത്തില്‍ അക്കങ്ങളുടെ കുരുക്ക് വീണിരുന്നു. ആദ്യ ദിനങ്ങളിലൊന്നില്‍ തന്നെ ഞങ്ങളില്‍ രണ്ട് അക്കങ്ങള്‍ മോചിപ്പിക്കപെട്ടു. അവരിപ്പോള്‍ എത്ര സന്തോഷിക്കുന്നുണ്ടാകും. ഈ നരകത്തില്‍ നിന്നും രക്ഷപെട്ടോര്‍, പുര്‍വ്വാശ്രമത്തില്‍ ഭാഗ്യം ചെയ്തോര്‍.

ഈ ദുഷ്കരമായ ജീവിതം ഇനിയും താങ്ങാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങള്‍ ദൈവത്തെ വിളിച്ച് ഇപ്പോള്‍ കരയാറില്ല. ദൈവം സ്നേഹമാണെന്ന സങ്കല്പം എന്തൊരു വിഡ്ഡിത്തമാണ്?. തീവ്ര സ്നേഹം തീവ്രവാദികള്‍ ബന്ധനത്തിലാക്കുന്നത് സ്നേഹമായ ദൈവത്തിനെങ്ങനെ കാണാതിരിക്കാന്‍ കഴിയും. ഒക്കെയും ഒരു തരം മിത്ത്. അത്ര തന്നെ.

രാത്രിയും പകലും തിരിച്ചറിയാന്‍ ഈ മണ്‍കൂരയില്‍ അടയാളമേതുമില്ല തന്നെ. എന്തൊരു ചൂടാണിവിടെ. ചുട്ടുപൊള്ളുന്ന ഗുഹക്കുള്ളിലെ ചൂട് ഞങ്ങളുടേ ഹൃദയങ്ങളെ ഉരുക്കാന്‍ തുടങ്ങിയിട്ട് ഇന്ന് ഇരുപത് ദിവസങ്ങള്‍ കഴിയുന്നു. വെള്ളവും വെളിച്ചവും വായുവും ഞങ്ങള്‍ക്ക് എന്ത് മാത്രം പ്രിയപെട്ടതായി മാറുന്നു. ദുര്‍ഗന്ധം തിരിച്ചറിയാനുള്ള കഴിവ് ഞങ്ങള്‍ക്ക് നഷ്ടമായത് മഹാഭാഗ്യം.

ഇടക്കൊരു ദിവസം ഞങ്ങളെയെല്ലാം ഒരുമിച്ച് മോചിപ്പിക്കാന്‍ പോകുന്നു എന്ന ഒരു പ്രതീക്ഷ നീണ്ട താടിക്കാരനായ കാവല്‍ക്കാരന്‍ ഞങ്ങള്‍ക്ക് തന്നിരുന്നു. അതും പിന്നെ നടന്നില്ല. ഇപ്പോള്‍ ഒരോരുത്തര്‍ ഒരോരുത്തരെയായി മോചിപ്പിക്കയാണ്. കാവല്‍ക്കാരന്‍ വാതില്‍ തുറന്ന് ആരെയെങ്കിലും ഒരാളെ മോചിപ്പിക്കാന്‍ പിടിക്കുമ്പോള്‍ “എന്നെയാദ്യം...എന്നെയാദ്യം” എന്നാര്‍ത്തെല്ലാവരും ഒന്നിച്ച് വിളിച്ചാല്‍ കാവല്‍ക്കാരനെന്തു ചെയ്യും. അങ്ങിനെയാണ് അയാള്‍ ഞറുക്കെടുപ്പാക്കിയത്. ഞങ്ങള്‍ അക്കങ്ങള്‍ ഞറുക്ക് വീഴുന്നതും കാത്തിരുന്നു...

ഇവരുടെ ആവശ്യങ്ങള്‍ ഒന്നും നടപ്പാക്കാന്‍ പാവം പാവകള്‍ക്കാകില്ലല്ലോ. സാധുക്കള്‍. ഞങ്ങള്‍ എല്ലാവരേം മൊചിപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ ഇവരെന്തു ചെയ്യും. ഓ.. അതെന്ത് ചോദ്യമല്ലേ? വീണ്ടും ആരെയെകിലും ഇവര്‍ക്ക് കിട്ടാതിരിക്കില്ല.

ഹോ...കാവല്‍ക്കാരനെത്തി. നീണ്ട താടി. പൊങ്ങിയ തലപ്പാവ്. കണ്ണും കയ്യിലെ ഗണ്ണും പിന്നെ ഞറുക്കെടുക്കാനുള്ള പാട്ടയും. ഞങ്ങളൊരോരുത്തരും അവരവരുടെ പേര് വീഴണേ എന്ന് ചിന്തിച്ച് നില്‍ക്കവേ താടിയുടെ കയ്യുകള്‍ എന്റെ തോളത്ത് വീണു. എന്റെ ഊഴം. എനിക്ക് കുറി വീണിരിക്കുന്നു. എല്ലാവരോടും കണ്ണുകൊണ്ട് യാത്ര ചോദിച്ച് ഞാന്‍ താടിയുടെ പിറകേ നടന്നു. കൂട്ടുകാരുടെ കണ്ണിലെ അസൂയ ഞാന്‍ കണ്ടില്ലായെന്ന് നടിച്ചു.

സൂര്യന്‍ വിതറുന്ന പ്രകാശം എത്ര സുന്ദരമാണ്. പകല്‍ വെളിച്ചം കണ്ട് കണ്ണിന്റെ കൊതി തീരാതെ തന്നെ കണ്ണുകള്‍ ദുഷിച്ച് നാറിയ കൂറത്തുണിയാല്‍ മൂടപെട്ടു. തപ്പി തടഞ്ഞ് അധികം മുന്നോട്ട് പോകാതെ തന്നെ നില്‍ക്കാനുള്ള സൂചന കിട്ടി. കാലുകളും ബന്ധിക്കപെടുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. കയ്യുകള്‍ പിന്നിലേക്കാക്കി മുറുക്കി കെട്ടുന്നത് എന്റെ മനസ്സില്‍ കുളിരു കോരി. നനു നനുത്ത‍ ആഹ്ലാദം മന‍സ്സില്‍ നുരഞ്ഞ് പൊന്തി.

ഞാനിതാ മോചിപ്പിക്കപെടാന്‍ പോകുന്നു. കഴുത്തിന് പിടിച്ച് കുന്തിച്ചിരിക്കാനുള്ള സൂചന കിട്ടവേ ഞാന്‍ നിലത്ത് തലമാത്രം ഉയര്‍ത്തി, വല്ലിയ തലപ്പവും നെഞ്ചോളം നീണ്ട താടിയുമുള്ള, മനുഷ്യ സ്നേഹം മുഖമുദ്രയാക്കിയ മഹാമതത്തിന്റെ അനുയായി ദയാപൂര്‍വ്വം ഉയര്‍ത്തിയ വാളിന് കീഴെ പരമമായ മോചനം തേടി മുട്ടുകുത്തിയിരുന്നു....

Friday, August 03, 2007

പ്രമാദമായ ഒരു കേസിന്റെ വിചാരണാനന്തരം...

കോടതി പരിസരം ജനനിബിഢമാണ്. ജനകൂട്ടത്തെ നിയന്ത്രിക്കാനുള്ള പോലീസിന്റെ എല്ലാ ശ്രമവും വിഫലമായി കൊണ്ടിരിക്കുന്നു. മുന്‍‌കൂര്‍ അനുമതി തേടിയിട്ടുള്ള ഏതാനും ചില പത്ര പ്രതിനിധികള്‍ക്കും ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും മാത്രമേ കോടതിക്കുള്ളിലേക്ക് പ്രവേശനാനുമതി നല്‍കിയിട്ടുള്ളു. പ്രവേശനാനുമതി ലഭിച്ചിട്ടില്ലാത്ത പത്രക്കാര് കോടതിയുടെ ചുറ്റുമതിലിന് മുകളില്‍ കൂടി എത്തി വലിഞ്ഞ് കോടതിയിലേ മിഴിയും നട്ട് നില്‍ക്കയാണ്. ചാനലുകാര്‍ പ്രതിയുടെ വീട്ടുകാരേം നാട്ടുകാരേം ഓടിച്ചിട്ട് ഇന്റര്‍വ്യൂ ചെയ്ത് നേരിട്ട് ആകാംഷാഭരിതരായിരിക്കുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തത്സമയം പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്നു. എന്തും സംഭവിക്കാം. പട്ടണമാകെ പോലീസ് അങ്ങേയറ്റം ജാഗ്രത പുലര്‍ത്തി രണ്ടു ദിവസം മുന്നേ തന്നെ നിലയുറപ്പിച്ചിരിക്കുന്നു.

സമയം ഇഴഞ്ഞു നീങ്ങി. പെട്ടെന്ന് ജനകൂട്ടമൊന്നിരമ്പി. മജിസ്ട്രേറ്റ് കോടതിയിലേക്കെത്തി. മജിസ്ട്രേറ്റിന്റെ വാഹനത്തെ അനുഗമിച്ചെത്തിയ കണ്ടയനറില്‍ നിന്നും പതുമൂന്ന് ലക്ഷത്തി ഇരുപത്തി ആറായിരത്തി നാല്പത്തി മൂന്ന് പേജുകളില്‍ നിറഞ്ഞ് കവിഞ്ഞ് കിടക്കുന്ന വിധിന്യായം കോടതിയിലേക്കിറക്കി വെക്കാന്‍ ചുമട്ടു തൊഴിലാളികളും പോലീസും അത്യാദ്ധ്വാനം തന്നെ ചെയ്യേണ്ടി വന്നു.

ബൂലോകം മുഴുവനും ആ കോടതിയിലേക്ക് കണ്ണും നട്ട് അക്ഷമരായി കാത്തിരിക്കയാണ്. പ്രിസീഡിയത്തിലേക്കെത്തിയ മജിസ്ട്രേറ്റ് കൊട്ടൂടി എടുത്ത് നാല് മുട്ടു മുട്ടി. പ്രതിയെ ഹാജരാക്കാന്‍ നിര്‍ദ്ധേശിച്ചു. രണ്ടു പോലീസുകാര്‍ പ്രതിയെ താങ്ങി പ്രതികൂട്ടില്‍ നിര്‍ത്തി.

പ്രതി കൂനികൂടി പ്രതികൂട്ടില്‍ കോടതിയുടെ ദയാവായ്പിനായി കേഴുന്ന മിഴികളുമായി വിറച്ചു നില്‍ക്കുന്നു.

കോടതി: ശുപ്രു എന്ന സുബ്രമണ്യം എഴുപത്തിനാലു വയസ്സ് അഞ്ചടി നാലിഞ്ച് പൊക്കം. താങ്കളുടെ പേരില്‍ ആരോപിച്ചിരിക്കുന്ന കുറ്റം സംശയലേശമന്യേ തെളിയിക്കാന്‍ പ്രോസിക്ക്യൂഷന് കഴിഞ്ഞിരിക്കുന്നതിനാല്‍ താങ്കളെ കുറ്റം ചെയ്തവനായി കോടതി പ്രഖ്യാപിക്കുന്നു. താങ്കള്‍ക്കുള്ള ശിക്ഷ ഉച്ചക്ക് ശേഷം വിധിക്കും. കോടതി അതുവരെ പിരിഞ്ഞിരിക്കുന്നു.

ചാനലുകളിലൂടെ വാര്‍ത്ത ഫ്ലാഷ് ന്യൂസായി ഒഴുകി. ബൂലോകം മുഴുവനും കോടതി വിധി കേട്ട് നിശ്ചലമായി. ചാനലിന്റെ പ്രത്യാക ബുള്ളറ്റിന്‍:

എഴുന്നൂറ്റി നാല്പത്തി ഒമ്പത് വീട്ടമ്മമാരേം നൂറ്റിപതിനാല് കൌമാ‍രക്കാരേം തൊണ്ണൂറ്റി മൂന്ന് കുട്ടികളേം വഴിതെറ്റിച്ച് അസ്സന്മാര്‍ഗ്ഗ പ്രവൃ‍ത്തികള്‍ക്ക് പ്രേരിപ്പിച്ചു മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് എഴുപത്തിനാലുകാരന്‍ ശുപ്രുവില്‍ ആരോപിച്ചിരിക്കുന്ന കുറ്റം.

കുറ്റം നടന്നത് ഇങ്ങിനെ. ശുപ്രുവിന്റെ മരുമകന്‍ ഗള്‍ഫ്കാരന്‍ രാഹുലന്‍ നാട്ടില്‍ തുടങ്ങിയ ഇന്റര്‍നെറ്റ് കഫെയുടെ നോട്ടക്കാരനായി അമ്മായി അപ്പനെ ചുമതലപ്പെടുത്തുന്നത് മുതലാണ് കഥ തുടങ്ങുന്നത്. കഫേയില്‍ സ്ഥിരമായി വരാറുള്ള കോളേജ് കുമാരന്‍ പ്രേം കുമാറില്‍ നിന്നും ഇന്റര്‍നെറ്റിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച് ശുപ്രുവും ഒതുക്കത്തില്‍ ഒരു ID സ്വന്തമാക്കിയതാണ് എല്ലാത്തിനും കാരണം. യാഹു മെസ്സഞ്ചറിലൂടെ ചാറ്റിലേര്‍പ്പെട്ട ശുപ്രു എപ്പോഴും പെണ്‍പേരുകളോടാണ് ചാറ്റാന്‍ താല്പര്യം കാട്ടിയത്.

ചാറ്റി ചാറ്റി എഴുന്നൂറ്റി നാല്പത്തി ഒമ്പത് വീട്ടമ്മമാരേം നൂറ്റിപതിനാല് കൌമാ‍രക്കാരേം തൊണ്ണൂറ്റി മൂന്ന് കുട്ടികളേം ശുപ്രു കൂട്ടുകാരാക്കി. വീട്ടമ്മമാരോടും കൌമാരക്കാരോടും കുട്ടികളോടും ഒക്കെ കിട്ടുന്ന സമയമൊക്കെയും ശുപ്രു ചാറ്റികൊണ്ടേയിരുന്നു. ചാറ്റുകള്‍ അശ്ലീലാമാകുന്നതായിരുന്നു ശുപ്രുവിന് എപ്പോഴും താല്പര്യം. എഴുപത്തിരണ്ടു വയസ്സയതൊന്നും ശുപ്രു ചാറ്റ് കൂട്ടരോട് പറയാന്‍ മിനകെട്ടുമില്ല. വീട്ടമ്മമാര്‍ക്ക് ശുപ്രു മുപ്പത്തി അഞ്ചു വയസ്സുള്ള ചെറുപ്പക്കാരന്‍ ചുള്ളന്‍. കൌമാരപ്രായക്കാരായ കോളേജ് കുമാരിമാര്‍ക്ക് ശുപ്രു പത്തൊമ്പത് വയസ്സ് കാ‍രന്‍ കൌമാരന്‍. കുട്ടികള്‍ക്ക് പതിനഞ്ച് വയസ്സ് കാരന്‍ ഏട്ടന്‍ അങ്ങിനെയായിരുന്നു ശുപ്രു നെറ്റില്‍ വല വിരിച്ചത്. ചാറ്റിലൂടെ ശുപ്രു പാലും തേനും ഒലിപ്പിച്ച് എല്ലാരേം സുഖിപ്പിച്ചു കൊണ്ടിരിക്കയാണ് അമേരിക്കാവില്‍ സ്ഥിരതാമസമാക്കിയ ഒരു മല്ലു കൌമാരിയില്‍ നിന്നും ശുപ്രുവിന് ആ മെസ്സേജ് കിട്ടുന്നത്.

“നേരിട്ട് കാണണം വിശാലമായി ഒന്നു കൂടണം”

മെസ്സേജില്‍ കൂടുതല്‍ ഒന്നും ഇല്ല.

ശുപ്രു അത് തീരെ പ്രതീക്ഷിച്ചില്ല. പ്രായമൊക്കെ ശുപ്രു ഒരു നിമിഷത്തേക്ക് മറന്നു.

ശുപ്രുവിന്റെ വിറക്കുന്ന വിരലുകള്‍ “എപ്പോള്‍ വരും” എന്ന് ടൈപ്പാന്‍ മിനിറ്റുകളെടുത്തു.

പിറ്റേന്ന് അമേരിക്കാ‍വില്‍ നിന്നും പറന്നിറങ്ങുന്ന കൌമാരിയെ കാത്ത് വിമാനത്താവളത്തില്‍ കൌമാരിയുടെ പേരെഴുതിയ പ്ലക്കാര്‍ഡും പിടിച്ച് നിന്ന ശുപ്രുവിനെ പോലീസ് ചുരുട്ടി ഇടിവണ്ടിയിലേക്കിട്ടു.

വിചാരണസമയത്താണ് ശുപ്രു ഞെട്ടിക്കുന്ന ആ സത്യം അറിഞ്ഞത്. എഴുന്നൂറ്റി നാല്പത്തി ഒമ്പത് വീട്ടമ്മാരും നൂറ്റിപതിനാല് കൌമാരക്കാരും തൊണ്ണൂറ്റി മൂന്ന് കുട്ടികളും ഒരാളായിരുന്നു. സൈബറില്‍ ഞരമ്പുകളുടെ IP തപ്പിയിറങ്ങിയ ബുദ്ധിമതിയായ ശുഭലക്ഷ്മി എന്ന സൈബര്‍ ലേഡിയുടെ ബുദ്ധിയില്‍ ഉദിച്ചതായിരുന്നു ശുപ്രുവിന്റെ വലയില്‍ വീണു എന്ന് ശുപ്രു കരുതിയ ആ തൊള്ളായിരത്തി അമ്പത്തി ആറ് പെണ്‍ ID കളും.

കോടതി വിധിപറയാനായി വീണ്ടും ചേര്‍ന്നു. വക്കീലന്‍മാരും ആമീന്മാരും ബെഞ്ച് ക്ലാര്‍ക്കും സഭാവാസികളും ഒക്കെ ആ കാഴ്ചകണ്ട് സ്തംഭിച്ചു പോയി. പ്രിസീഡിയത്തില്‍ ന്യായാധിപനോട് ചേര്‍ന്ന് ശുഭലക്ഷ്മിയും.

കോടതി: ഈ കേസ് വെളിച്ചത്ത് കൊണ്ട് വരാന്‍ സഹായിച്ച സൈബര്‍ ലോകത്തെ പണ്ഡിതയായ ശുഭലക്ഷ്മിയാണ് ഈ കേസിന്റെ വിധി പറയുന്നത്. ഉപരി കോടതിയുടെ അനുവാദത്തോടും ഗവണ്മെന്റിന്റെ സമ്മതത്തോടും ഈ കേസിന്റെ വിധി പറയാന്‍ ശ്രീമതി ശുഭലക്ഷ്മിയെ ക്ഷണിച്ചുകൊള്ളുന്നു.

ശുഭലക്ഷ്മി വിധിച്ചു.
“ഒരാളുടെ വിവിധ ID കളിലൂടെയാണെങ്കിലും പ്രതി എഴുന്നൂറ്റി നാല്പത്തി ഒമ്പത് വീട്ടമ്മമാരേം നൂറ്റിപതിനാല് കൌമാ‍രക്കാരേം തൊണ്ണൂറ്റി മൂന്ന് കുട്ടികളേം വഴിതെറ്റിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. മാത്രമല്ല പ്രതി തന്റെ പേരും വിലാസവും വയസ്സും ചതിക്കണമെന്ന ഗൂഢോദ്ധേശ്യത്തോടെ തെറ്റായി പറഞ്ഞാണ് ചാറ്റില്‍ ഏര്‍പ്പെട്ടിരുന്നതും. ആയതിനാല്‍ പ്രതി ദയ അല്പം പോലും അര്‍ഹിക്കുന്നില്ല. പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ”

പ്രതി: “ദയവുണ്ടാകണം. മേഡവും തെറ്റായ പേരും വയസ്സും വിലാസവും ആയിരുന്നു എന്നോടും പറഞ്ഞിരുന്നത്.”

ശുഭല‍ക്ഷ്മി: “പ്രതിയുടെ അഹംങ്കാരം കണ്ടൊ?. ഇപ്പോഴും പഠിച്ചിട്ടില്ല. കോടതിയെ ചോദ്യം ചെയ്യുന്നോ. പ്രതിയ്ക്കുള്ള പരമാവധി ശിക്ഷ വിധിക്കുന്നു. ആകെ പ്രതി വഴിതെറ്റിക്കാന്‍ ശ്രമിച്ചത് തൊള്ളായിരത്തി അമ്പത്തിയാറ് പേരെയായതിനാല്‍ പ്രതിയുടെ കയ്യും കാലും തൊള്ളായിരത്തി അമ്പത്തി അഞ്ച് കഷണമായി മുറിച്ചതിന് ശേഷം തലയും വെട്ടിമാറ്റാന്‍ കോടതി ഉത്തരവിടുന്നു.”

ഉത്തരവിട്ടതിന് ശേഷം വിധിന്യായത്തില്‍ ഒപ്പിട്ടട്ട് ശുഭലക്ഷ്മി ഒപ്പിട്ടപേനയും കുത്തിയൊടിച്ച് ചേംബറിലേക്ക് നടന്നു. ന്യായാധിപന്‍ ഇഞ്ചികടിച്ച കുരങ്ങിനെ പോലെ ശുഭലക്ഷ്മിയുടെ പോക്കും നോക്കിയിരിക്കേ ശുപ്രു വെട്ടിമുറിക്കപ്പെടാന്‍ കാത്തു നില്‍ക്കാതെ വിധികേട്ട ആഘാദത്താല്‍ പ്രതികൂട്ടില്‍ വീണു അപ്പോള്‍ തന്നെ ബൂലോകവാസം വെടിഞ്ഞു.

എല്ലാം തത്സമയം ചാനലിലൂടെ കണ്ടു കൊണ്ടിരുന്ന പ്രേക്ഷകര്‍ അടുത്ത വെടിവട്ടത്തിനുള്ളത് തിരഞ്ഞ് ബൂലോകത്തേക്കിറങ്ങി.

(കഥ തികച്ചും സാങ്കല്പികമാണ്. കഥാ പാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല. കോടതിയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ എഴുത്തുകാരന്റെ മാനസ്സിക വിഭ്രാന്തിയില്‍ നിന്നും ഉത്ഭവിച്ചതാണ്.)