Sunday, June 29, 2008

അവിടേയും ഇവിടേയും

“കൊച്ചിയില്‍ മെട്രോ റെയില്‍ ഗതാഗതം വരുന്നൂ....”
നാലു വര്‍ഷം മുമ്പ് കേട്ടൊരു വാര്‍ത്ത.
കൊച്ചീടെ മുഖഛായ മാറ്റാന്‍ പോകുന്നൊരു പദ്ധതി.

പദ്ധതി അടങ്കല്‍ പ്രഖ്യാപിച്ചു. സര്‍വ്വേ തുടങ്ങി. സ്ഥലമെടുപ്പാരംഭിച്ചു.
ഒപ്പം സമരവും തുടങ്ങി ജാഥ ജാഥയായി കോടതി സ്റ്റേകളും വന്നു.

മെട്രോ റെയില്‍ നഗരത്തിന്റെ ഭംഗി നശിപ്പിക്കുമെന്ന് ഒരു വിഭാഗം. കൊച്ചീ നഗരത്തിലെ എം.ജീ.റോഡിനങ്ങിനെയൊരു മഹത്തായ നഗര ഭംഗിയുണ്ടെന്ന് നാം മനസ്സിലാക്കാന്‍ മെട്രോ പദ്ധതി പ്രഖ്യാപിയ്ക്കേണ്ടി വന്നു. എം.ജി.റോഡിന്റെ ഒരു സൌന്ദര്യമേ. സൌരഭ്യത്താല്‍ മൂക്കില്‍ നിന്നും കൈയ്യെടുക്കാന്‍ കഴിയില്ലാ എന്ന് മാത്രം.

സര്‍വ്വേ,സെമിനാറുകള്‍,പഞ്ചനക്ഷത്ര മീറ്റിങ്ങുകള്‍, ബിരിയാണി വിഴുങ്ങല്‍, സുലൈമാനി കുടി, അടിച്ച് പിരിയല്‍, ദില്ലീ യാത്ര, തിരോന്തരം യാത്ര, ദില്ലി തിരോന്തരം യാത്ര, മെട്രോകാണാന്‍ മന്ത്രിമാരുടെ ഉഗാണ്ടന്‍ യാത്ര, ഭൂമി,പൊന്നുംവില,ഏറ്റെടുക്കല്‍,സമരം,സ്റ്റേ....

അങ്ങിനെയങ്ങിനെയങ്ങിനെ ഒടുവില്‍ വര്‍ഷം നാലിനിപ്പുറം മെട്രോ ഇപ്പോഴും തിരുനക്കര തന്നെ. വേണോ വേണ്ടയോ എന്ന് അടുത്ത് തന്നെ തീരുമാനിക്കും എന്ന്.

ദുബായില്‍ മൂന്ന് വര്‍ഷം മുമ്പ് മെട്രോ പദ്ധതി വരുന്നു എന്ന് ആദ്യം കേട്ടു. വര്‍ഷം മൂന്നിനിപ്പുറം പണികള്‍ നല്ലൊരു പങ്കും കഴിഞ്ഞു. ആദ്യത്തെ ട്രയല്‍ റണ്‍ കഴിഞ്ഞ മാസം നടന്നു. അടുത്ത വര്‍ഷം അവസാനത്തോടെ ട്രെയിന്‍ ഓടിതുടങ്ങും.

പണമാണോ ദുബായിലെ മെട്രോ പണികള്‍ ത്വരിത ഗതിയിലാക്കിയത്? കൊച്ചിയിലെ മെട്രോ ഇപ്പോഴും തിരുനക്കര തന്നെയാകാന്‍ സാമ്പത്തിക പ്രതിസന്ധി കാ‍രണമാകുന്നുണ്ടോ?

സാമ്പത്തികമല്ല ഇവിടെ മാനദണ്ഡം. അവനവന്‍ ചേരികളാണ് നമ്മുടെ നാട്ടിന്റെ വികസനത്തെ പിന്നോട്ട് വലിയ്ക്കുന്നത്. ഒരുവന് വേണ്ടി,ഒരു സമൂഹത്തിന് വേണ്ടി,നളേയ്ക്ക് വേണ്ടി ഒന്നും നഷ്ടപ്പെടുത്താന്‍ നാം ഇന്ന് തയ്യാറല്ല.

ഒരു സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാ‍ക്കുന്ന പദ്ധതിയ്ക്കു വേണ്ടി സ്ഥലം വിട്ടുകൊടുക്കാന്‍ മടിക്കുന്ന ഒരു സമൂഹം ഒരു രാജ്യത്തിന്റെ വികസനത്തെ തന്നെയാണ് തുരങ്കം വെയ്ക്കുന്നത്. തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍ക്ക് ക്ഷതം സംഭവിക്കുന്നിടത്ത് ഒരു സമൂഹത്തിന് ലഭിയ്ക്കാവുന്ന നന്മകളെ തള്ളിപറയുന്നത് ഒരു സമൂഹത്തെയാകെ വില്പന ചരക്കാക്കുന്നതിന് തുല്യമാണ്. അവനവന്‍ ചേരികള്‍ പടുത്തുയര്‍ത്തി പൊതു നന്മയ്ക്കെതിര്‍ നില്‍ക്കുന്നവരുടെ സംഘാടക ശക്തിയാണ് നമ്മുടെ നാട് ഇന്ന് അനുഭവിയ്ക്കുന്ന എല്ലാ ശാപങ്ങള്‍ക്കും കാരണം.

അപ്പോള്‍ പിന്നെ അവനവന്‍ചേരികളുടെ അവകാശ സംരക്ഷണാര്‍ത്ഥം അനായാസം ചെയ്യാന്‍ കഴിയുന്ന തൊഴില്‍ നമ്മുക്ക് ഒരുമിച്ചങ്ങ് ചെയ്ത് കൊണ്ടേയിരിക്കാം. ഭരിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിനും ഭരിക്കപ്പെടുന്നവര്‍ക്കും എല്ലാം ഒരേ പോലെ ചെയ്യാന്‍ കഴിയുന്ന നമ്മുടെ ദേശീയ തൊഴില്‍...

“ഇങ്ക്വിലാബ് സിന്ദാബാദ്...."
“ലക്ഷം ലക്ഷം പിന്നാലേ...”
“എണ്ണാമെങ്കില്‍ എണ്ണിക്കോ...”
“നാളെ കള്ളം പറയരുതേ....”