Sunday, November 18, 2007

പഴഞ്ചൊല്ലിലെ പതിരുകള്‍

“പഴഞ്ചൊല്ലില്‍ പതിരില്ല” എന്ന പഴഞ്ചൊല്ല് തന്നെ പതിരല്ലേ? പഴഞ്ചൊല്ലുകളിലൂടെ ഒന്നു കറങ്ങി വന്നപ്പോള്‍ മിക്ക ചൊല്ലുകളും യുക്തിക്ക് നിരക്കുന്നതോ സത്യ സന്ധമോ അല്ലാ‍ എന്ന തോന്നലിലാണ് ഞാനെത്തിയത്. ഈ തോന്നല്‍ എന്റേത് മാത്രമാണോ എന്നറിയാനുള്ള ഒരു അന്വോഷണമാണീ പോസ്റ്റ്.

1. “ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം.”
എങ്ങിനെയാണോ ആവോ ഒരാള്‍ക്കുപോലും കിടക്കാന്‍ കഴിയാത്ത ഉലക്കമേല്‍ ഒരുമയുണ്ടെങ്കില്‍ ഒന്നിച്ച് കിടക്കാന്‍ കഴിയുക? ഈ പഴഞ്ചൊല്ലുണ്ടാക്കിയോനെ ഉലക്കക്ക് അടിക്കണം.

2. “അധികമായാല്‍ അമൃതും വിഷം.”
വിഷം സത്യമാണ്. അമൃത് മിത്യയും. അമൃത് എന്നൊരു സാധനം എത്രവരെ കഴിക്കാം എന്നതിന് ആരെങ്കിലും ഒരു അളവ് പറയണമെങ്കില്‍ അത് കണ്ട ആരെങ്കിലും ഉണ്ടാകണം. മിത്ത് മാത്രമായ ഒരു സംഗതിയെ പരമസത്യമായ വിഷവുമായി എങ്ങിനെ കൂട്ടികെട്ടാന്‍ കഴിയും? അല്ലെങ്കില്‍ തന്നെ വയര്‍ നിറയും വരെയല്ലേ ഒരാള്‍ക്ക് എന്തെങ്കിലും കഴിക്കാന്‍ കഴിയുള്ളൂ. ഏതെങ്കിലും തരത്തില്‍ ആരോഗ്യത്തിന് ഹാനീകരമാകാത്ത ഒരു വസ്തു എത്ര കഴിച്ചാലും വിഷമാകുന്നതെങ്ങിനെ?

3. “മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും.”
തലമുതിര്‍ന്നവര്‍ പറയുന്നതെല്ലാം ശരിയാകുമോ? വകതിരിവില്ലാത്ത എത്രയോ കാര്‍ന്നോന്മാര്‍ നമ്മുക്ക് ചുറ്റും ഉണ്ട്. വാ തുറന്നാല്‍ പരമാബദ്ധം മാത്രം വിളമ്പുന്ന ഒരു “മൂത്തവന്‍” തരുന്ന നെല്ലിക്ക കാഞ്ഞിരക്കുരു പോലെ ആദ്യവും അവസാനവും നടുക്കും എപ്പോഴും കയ്ക്കുകയല്ലേ ഉള്ളൂ?

4. “നായയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും വളഞ്ഞ് തന്നെ”.
നായയുടെ വാല് നിവരാന്‍ നായയെ പട്ടിണിക്കിട്ടാല്‍ പോരെ? എന്തിനാ വാല് കൊണ്ടു പോയി കുഴലിലിടുന്നത്?

5. “വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല.”
ഇങ്ങോട്ടു വരുന്നതിന് വഴി തെറ്റില്ല. ശരി തന്നെ. എങ്കില്‍ പിന്നെ നമ്മുക്ക് വഴിമാറിയങ്ങ് നടന്നാല്‍ പോരെ. വല്ല കുഴപ്പവും ഉണ്ടാകുമോ?

6. “പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും.”
ചെവികേള്‍ക്കാതാക്കിയ ദൈവമല്ലേ പൊട്ടനെ ആദ്യം ചതിച്ചത്. അപ്പോ പിന്നെ ഒന്നാം പ്രതിയായ ദൈവം രണ്ടാം പ്രതിയെ എന്നാ ചെയ്യുമെന്നാ?

7. “കൊല്ലകുടിയില്‍ സൂചി വില്പനയോ?”
കൊല്ലന് തയ്ക്കാനൊരു സൂചി മറ്റൊരാളുടെ പക്കല്‍ നിന്നും വാങ്ങിയാല്‍ പോലീസ് പിടിക്കൂന്നുമില്ലല്ലോ?

8. “അടി തെറ്റിയാല്‍ ആനയും വീഴും”
വഴിയില്‍ ചതിക്കുഴി കുഴിച്ച് ആനയെ അതില്‍ വീഴ്തിയിട്ട് ഈ ചൊല്ലും ചൊല്ലിക്കോണ്ടിരുന്നിട്ട് എന്നാ കാര്യം. ശ്രദ്ധിച്ച് നടക്കാന്‍ ആനക്കറിയാം. ചതിക്കുഴി കുഴിക്കാതിരുന്നാല്‍ ആന വീഴുകയും ഇല്ല. പിന്നെ മര്‍മ്മത്തടി കൊണ്ടാല്‍ ആനയല്ല ഈച്ചയും വീഴും.

9. “തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല”
ലോകത്ത് ഇന്ന് വരെ എന്തെങ്കിലും തീയില്‍ കുരുത്തിട്ടുണ്ടോ? ഇന്നലെ വരെ ഉണ്ടാകാത്ത ഒരു സംഗതി ഇന്നെങ്ങിനാ വെയിലത്ത് വെക്കാന്‍ കഴിയുക-വാടുന്നോന്നറിയാന്‍?

10. “കൊടുത്താല്‍ കൊല്ലത്തും കിട്ടും”.
എന്തൂരം കൊടുത്തിരിക്കുന്നു. ഇന്നി കിട്ടാന്‍ കൊല്ലത്ത് എവിടാ വരേണ്ടുന്നത്?

11. “അമ്മ വേലി ചാടിയാല്‍ മകള്‍ മതില് ചാടും”
അമ്മക്ക് മകളില്ല. മകന്‍ മാത്രമേയുള്ളൂ. അങ്ങിനെയാകുമ്പോള്‍ മകന്‍ മതില്‍‍ ചാടുന്നതില്‍ കുഴപ്പമില്ലായിരിക്കും അല്ലേ? ഇരട്ടത്താപ്പ് പഴം ചൊല്ലിലും..

12. “മെല്ലെത്തിന്നാല്‍ പനയും തിന്നാം”
ഓ..പിന്നെ. ഇത്തിരി പതുക്കെയായാല്‍ പന തിന്നൊന്ന് കാട്ടാമോ? ഇത്തിരി പുളിക്കും.

13. “അല്പനൈശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിയും കുട പിടിക്കും”
സാധാരണ മഴയത്താ കുട പിടിക്കുക. അല്ലെങ്കില്‍ വെയിലില്‍ നിന്നും രക്ഷപ്പെടാന്‍. രാത്രി വെയിലില്ല. സമ്മതിച്ചു. മഴയും ഇല്ല. മഞ്ഞുള്ള രാത്രി കുടപിടിച്ച് പോകുന്നവനെയും നമ്മുക്ക് അല്പനെന്ന് വിളിക്കാന്‍ കഴിയുമോ?

14. “തള്ള ചവിട്ടിയാല്‍ കുഞ്ഞിന് കേടില്ല.”
ഒന്നു ചവിട്ടി നോക്ക്. അപ്പോള്‍ കാണാം കളി.

15. “നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ”
പിന്നേയ്...മുങ്ങിചാവാന്‍ പോകുന്ന നായ കുടിക്കുന്നത് നക്കിതന്നെയായിരിക്കുമേ. ഹോ..ആരാണോ ആവോ ഈ ചൊല്ല് കണ്ടു പിടിച്ച മഹാന്‍?

16. “കുന്തം പോയാല്‍ കുടത്തിലും തപ്പണം”
കുന്തം കണ്ടില്ലാന്ന് പറഞ്ഞ് കുടത്തില്‍ തപ്പുന്നവനെ കൂടുതല്‍ താമസിയാതെ ഭ്രാന്താശുപത്രിയില്‍ തപ്പാം.

17. “വേണോങ്കില്‍ ചക്ക വേരേലും കായിക്കും”
വേരില്‍ ചക്ക കായിക്കുന്നത് അപൂര്‍വ്വമായ ഒരു പ്രതിഭാസമൊന്നുമല്ല. പക്ഷേ ചക്ക വേരില്‍ കായിച്ചാല്‍ പെട്ടെന്ന് കൊഴിഞ്ഞു പോകുമെന്ന് മാത്രം. വിളയാതെ കൊഴിയുന്ന ചക്ക ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ചെയ്യുമോ?

18. “കുരക്കും പട്ടി കടിക്കില്ല.”
ദേണ്ടെ വീണ്ടും നായ. ഈ ചൊല്ല് അറിയാവുന്ന പട്ടിയാണേല്‍ കുഴപ്പമില്ല. അല്ലേല്‍ കുരച്ചു കൊണ്ട് തന്നെ പട്ടി കടി പറ്റിക്കും. അനുഭവത്തീന്ന് പറയുവാന്നേന്ന് കൂട്ടിക്കോളീന്‍...

19. “പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍”
കേരളാ നിയമസഭയെ ഒഴിച്ച് നിര്‍ത്തിയാണെല്‍ ശരിയാകുമെന്ന് തോന്നുന്നു.

20. “അപ്പം തിന്നാല്‍ പോരെ? കുഴിയെണ്ണണോ?”
വേറെ പണിയൊന്നുമില്ലാതെ ചൊറിയും കുത്തിയിരിക്കുന്നോന്‍ കുഴിയെണ്ണി അപ്പം തിന്നാല്‍ എന്താ കുഴപ്പം. ഇതു പോലത്തെ പോസ്റ്റൊക്കെയിട്ട് ഈച്ചയാട്ടി വായനക്കാരന്റെ തലചൂടാക്കുന്നതിലും ഭേതമല്ലേ രണ്ടപ്പം ഉണ്ടാക്കി അതിന്റെ കുഴിയെണ്ണി പതുക്കെ തിന്നുന്നത്? അത്രേം നേരം ശല്യം ഒഴിഞ്ഞ് കിട്ടൂല്ലേ?

കഴിഞ്ഞ കുറേ നാളായി മനസ്സില്‍ കെട്ടിപ്പിണിഞ്ഞ നില്‍ക്കുന്ന ചില “ബുദ്ധിപരമായ” സംശയങ്ങളാണ്. ഇതൊരുസുഖമാണോ ബൂലോകരേ...