Sunday, April 14, 2013

സഹകരണ മേഖലയിലെ പ്രവാസീ ഗുണ്ട്!


സഹകരണ മേഖലയിൽ പ്രവാസീ ബാങ്ക് എന്നത്  മറ്റൊരു  സർക്കാർ വിലാസം പറ്റിക്കൽ പ്രസ്താവനയാണ്.

".... പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കുന്നതിൽ ഉത്സാഹിക്കുന്ന ബാങ്കുകൾ അവർക്ക് വായപ്കൾ നൽകുന്നതിൽ വേണ്ടത്ര പരിഗണനകൾ നല്കുന്നില്ല. പ്രവാസികൾ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ സഹകരണ മേഖലയിൽ ഒരു പ്രവാസീ ബാങ്ക് തുടങ്ങാൻ സർക്കാർ തീരുമാനിച്ചു..."

മുഖ്യമന്ത്രിയുടെ വാചകങ്ങൾ...

എന്താണ് എൻ. ആർ. ഐ  എന്നോ,  എന്താണ് ഫെറ എന്നോ, ഫെമ എന്ത് ആണെന്നോ, വിദേശ ഭാരതീയൻറെ വായ്പാ നയത്തിൽ റിസർവ്വ് ബാങ്ക് പിന്തുടരുന്ന നയങ്ങൾ  എന്താണ് എന്നോ തിരിച്ചറിയാതെ മുഖ്യമന്ത്രി   വിളമ്പിയ വിവരക്കേട് അല്ലാതെ ഒന്നും അല്ല സഹകരണ മേഖലയിലെ പ്രവാസീ ബാങ്ക്.

വായ്പ നൽകിയാൽ  തിരികെ കിട്ടും എന്ന്  മിനിമം ഉറപ്പുള്ള ആർക്കും വായ്പാ നൽകാൻ ആണ് വാണിജ്യ ബാങ്കുകൾ കടയും തുറന്നു വെച്ചിരിക്കുന്നത്. തിരികെ കിട്ടും എന്ന് മിനിമം ഉറപ്പുള്ള  വിദേശത്ത് തൊഴിൽ എടുക്കുന്ന  ഒരാൾക്ക് വേണ്ടത്ര ആസ്തികളുടെ പണയത്തിൽ വായ്പ നല്കാൻ ബാങ്കുകൾക്ക് മടി ഒട്ടും തന്നെ  ഉണ്ടായിട്ടല്ല നിക്ഷേപ വായ്പാ അനുപാദം കുറയുന്നത്. റിസർവ്വ് ബാങ്കിന്റെ ശക്തം ആയ നിയന്ത്രണം ഒന്ന് കൊണ്ട് മാത്രം ആണ് വാണിജ്യ ബാങ്കുകൾക്ക് എൻ. ആർ. ഐ വായ്പകൾ വാരി കോരി  അനുവദിക്കാൻ കഴിയാത്തതു.

എൻ. ആർ. ഐ അക്കൌണ്ടിൽ  ഭാവന വായ്പ ഒഴികെ ഉള്ള വായ്പകൾക്ക്  ശക്തം ആയ നിയന്ത്രണങ്ങൾ ഉണ്ട്. അതിൽ വെള്ളം ചേർത്താൽ ഫെമയുടെ ലംഘനം ആകും. എൻ. ആർ. ഐ അക്കൌണ്ടിൽ ക്രെഡിറ്റ് കാർഡ്‌ ലഭ്യം ആകാൻ പോലും അത്ര എളുപ്പം അല്ല.

എൻ. ആർ. ഐ അക്കൌണ്ടിൽ വാങ്ങിയ ഓഹരികൾ, കടപത്രങ്ങൾ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് തുടങ്ങിയ ആസ്തികൾ പണയം വെച്ചോ കൃഷി ഭൂമി, വിവിധ വിള തോട്ടങ്ങൾ, കൊമേഴ്സ്യൽ ആസ്തികൾ എന്നിവ ഒഴികെയുള്ള ജംഗമ സ്വത്തുക്കൾ എന്നിവയുടെ ഈടിൻമെലോ എൻ. ആർ. ഐ അക്കൌണ്ടിലെ സ്ഥിര നിക്ഷപത്തിന്മേലോ  തികച്ചും വ്യക്തിപരം ആയ വായ്പകൾ മാത്രമേ എൻ. ആർ. ഐ അക്കൌണ്ടിൽ ബാങ്കുകൾക്ക് നല്കാൻ കഴിയുള്ളൂ. എൻ. ആർ. ഐ അക്കൌണ്ടിൽ വാണിജ്യ വ്യാപാര വ്യവസായ വായ്പകൾ അനുവദിക്കാൻ നിലവിലെ റിസർവ്വ് ബാങ്ക് നിയന്ത്രണങ്ങൾ അനുവദിക്കുന്നില്ല.


അതായത് പ്രവാസി ഇന്ത്യക്കാരന് ഭാവന വായ്പ ഒഴികെയുള്ള വായ്പകൾ നല്കാൻ റിസര്വ്വ് ബാങ്കിന് ഒരു താല്പര്യവും ഇല്ല. കാരണം വളരെ ലളിതം. വായ്പ എടുക്കുന്ന പണം നിയമ വിധേയം അല്ലാത്ത മാര്ഗത്തിലൂടെ വിദേശങ്ങളിലേക്ക് കടത്തി കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കാം എന്ന ആശങ്ക തന്നെ പ്രധാനം. ഒരു പരിധി വരെ ആ ആശങ്ക ആസ്ഥാനത്ത് അല്ലാ താനും. കള്ള പണം വെളുപ്പിക്കാൻ അല്ലെങ്കിൽ തന്നെയും പുറം രാജ്യങ്ങളിലേക്ക് കച്ചവടം നടത്താനും മറ്റും ഒക്കെയായി വായ്പാ പണം കടത്തി കൊണ്ട് പോകാൻ ഉള്ള സാധ്യത എന്തായാലും റിസര്വ്വ് ബാങ്കിനു തള്ളി കളയാൻ കഴിയില്ല. ഇത് നിലവിലെ ഫെമ നിയന്ത്രണങ്ങൾക്ക് എതിരാണ്.

കാര്യങ്ങൾ ഇങ്ങിനെ ആയിരിക്കുമ്പോഴാണ് പെട്ടി കട തുറക്കാം എന്ന് പറയുന്ന ലാഘവത്തോടെ നമ്മുടെ മുഖ്യ മന്ത്രി  സഹകരണ മേഖലയിൽ പ്രവാസിക്ക് വായ്പ നല്കാൻ ബാങ്ക് തുടങ്ങും എന്ന് ഗീർവാണം മുഴക്കുന്നതു. ഒന്നുകിൽ ഇത് എഴുന്നുള്ളിക്കുന്നവന് തലയ്ക്കു വെളിവ് ഇല്ല. അല്ലെങ്കിൽ ഇത് കേള്ക്കുന്ന പ്രവാസി എല്ലാം വെള്ളം തൊടാതെ അങ്ങ് വിഴുങ്ങി കൊള്ളും എന്ന  വിശ്വാസം. സത്യത്തിൽ ആ വിശ്വാസം തന്നെയാണ് ഇങ്ങിനെ ഉള്ള ഗുണ്ടുകൾ പൊട്ടിക്കുന്നവരുടെ വിജയവും. എല്ലാം കൂടി കെട്ടി പെറുക്കി ഇങ്ങോട്ട് പോരുമ്പോൾ പ്രവാസിയുടെ അണ്ണാക്കിലേക്ക് ഓരോന്ന് തള്ളി തരും. ലവന്മാരുടെ ആസനം താങ്ങികൾ അതെല്ലാം വാരി വലിച്ചു കേറ്റും. എന്നിട്ട് അനു  നിമിഷം വാള് വെച്ച് കൊണ്ടേയിരിക്കും. ചെറ്റകൾ...

എടേയ് ചേട്ടന്മാരെ ങ്ങള് ഭാരിച്ച ഉത്തരവാദിത്തം ഒന്നും പ്രവാസിക്ക് വേണ്ടി ഏറ്റെടുക്കേണ്ട. സീസണ്‍ ആകുമ്പോൾ കഴുത്തിനു കത്തി വെക്കുന്ന വിമാന കമ്പനികളെ ഒന്ന് നിലക്ക് നിർത്താൻ സാറന്മാർക്ക് പറ്റുമോ?അത് പറ...

എയർ കേരള എന്ന ഉഡായിപ്പ് ഒരു അഞ്ചു വര്ഷം നന്നായി പണിയെടുത്താൽ  അസംഭവ്യം ഒന്നും അല്ല. എന്നാൽ സഹകരണ മേഖലയിലെ പ്രവാസീ ബാങ്ക്! അത് കുഞ്ഞൂഞ്ഞിന്റെ  മറ്റൊരു കുഞ്ഞു തമാശ അല്ലാതെ മറ്റൊന്നും അല്ല!