Friday, June 27, 2008

ഞാന്‍ അസീദ - കൊല ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നവള്‍.

(പുനര്‍ പോസ്റ്റിങ്ങാണ്. കുഞ്ഞുങ്ങളുടെ ദൈന്യത കണ്മുന്നില്‍ നിന്നും മായുന്നില്ല. കഴിഞ്ഞ ജൂണില്‍ പ്രസിദ്ധീകരിച്ചത് ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ വീണ്ടും പ്രസിദ്ധീകരിക്കുന്നു. നേരത്തേ വായിച്ചിട്ടുള്ളവരോട് ക്ഷമാപണം.)
************************************************
ഞാന്‍ അസീദ.
നിങ്ങള്‍ക്ക് ഞാന്‍ അപരിചിതയായിരുന്നില്ലല്ലോ-ഒരിക്കലും!
കുഞ്ഞായിരുന്ന കാലം മുതല്‍ ഞാന്‍ നിങ്ങള്‍ക്ക് വാര്‍ത്തയായിരുന്നു...
കലാപത്തില്‍ ഉമ്മയും ഉപ്പയും ഒപ്പം ഒരു കാലും നഷ്ടപെട്ട് കത്തിയെരിയുന്ന കൂരക്ക് മുന്നില്‍ നിലവിളിച്ചു കിടന്ന എന്റെ ദൈന്യത ഏറ്റവും നല്ല ഫോട്ടോക്കുള്ള പുരസ്കാരം നേടിയ വാര്‍ത്ത എന്റെ ഫോട്ടോ അടക്കം നിങ്ങള്‍ കണ്ടതല്ലേ? അന്നാണ് ഞാന്‍ ആദ്യമായി വാര്‍ത്തയായത്. ആ പത്രക്കാരന്‍ അന്നെന്റെ അനാഥത്വം വാര്‍ത്തയാക്കില്ലായിരുന്നെങ്കില്‍ സര്‍ക്കാരെന്നെ ദത്തെടുക്കുമായിരുന്നില്ല.

അതുകൊണ്ട് തന്നെ അനാഥാലയത്തിലേക്കുള്ള എന്റെ പ്രവേശനവും വാര്‍ത്തയായിരുന്നല്ലോ. സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രിയും ജില്ലാ കളക്ടറും നേരിട്ടെത്തി എനിക്ക് അനാഥാലായത്തില്‍ പ്രവേശനം തന്നതും മുഖ്യമന്ത്രിക്ക് വരാന്‍ കഴിയാത്തതുകൊണ്ട് അദ്ദേഹത്തിന്റെ സന്ദേശം കളക്ടര്‍ വായിച്ചതുമൊക്കെ ഇമ്മിണി വല്യ വാര്‍ത്തകളായി നിങ്ങള്‍ കണ്ടിട്ടുണ്ട്. “ഉമ്മയും ഉപ്പയും ഇല്ലാത്ത ദുഃഖം അറിയിക്കാതെ, അല്ലലില്ലാതെ ഈ കുട്ടിയെ നാം വളര്‍ത്തും” അന്ന് മന്ത്രി പറഞ്ഞതും നിങ്ങളോര്‍ക്കുന്നില്ലേ...

അന്ന് എനിക്ക് അഞ്ച് വയസ്സാ. രാത്രി ഞെട്ടിയുണര്‍ന്നപ്പോള്‍ ഉപ്പാനെ നീണ്ട വാളു കൊണ്ട് വെട്ടുന്ന തെക്കേ വീട്ടിലെ ചേട്ടനെ തടയാന്‍ ഓടിയെത്തിയ ഉമ്മയാണ് ആദ്യം വെട്ടേറ്റ് വീണത്. പിറകേ ഉപ്പയും. എന്റെ കുഞ്ഞു വാവാച്ചിയും ഉമ്മിച്ചിയോടൊപ്പം പോയി. വാവാച്ചി ഉമ്മിച്ചിയുടെ വയറ്റിലായിരുന്നല്ലോ? വാവാച്ചിക്കും ഉമ്മിച്ചിക്കും ഉപ്പിച്ചിക്കും ഒപ്പം എനിക്കും മരിച്ചാല്‍ മതിയായിരുന്നു. പക്ഷേ വാവാച്ചിക്ക് കിട്ടിയ ഭാഗ്യം എനിക്ക് കിട്ടിയില്ല. ഉമ്മിച്ചിയേം ഉപ്പിച്ചിയേം ആ ചേട്ടന്‍ തീയിട്ടിട്ടാ പോയേ. തീപിടിക്കുമ്പോള്‍ ഉപ്പിച്ചീം ഉമ്മിച്ചീം അനങ്ങിയതേയില്ല. അവര് മരിച്ചിരുന്നല്ലോ. ഇവിടെ എത്ര തവണ എന്നെ തീ പൊള്ളിച്ചിരിക്കുന്നു. തെറ്റുകള്‍ ചെയ്തിട്ടാണ് അങ്ങിനെ ചെയ്യുന്നതെന്നാണ് ഗീതു പറയുന്നത്. ഗീതൂനെ അറിയൂലെ. ഓളും എന്റെ വീട്ടിനടുത്തായിരുന്നു. ഓളുടെ അഛനേം അമ്മേനേം വല്യമ്മച്ചിയേയും അവളുടെ ഗോപിയേട്ടനേം അന്നു രാത്രിയാ ചുട്ടുകൊന്നത്. ഓളുടെ അമ്മ പുറമാകെ തീപിടിച്ച് അലറി വിളിക്കുന്നത് അവള്‍ക്ക് ഇപ്പോഴും കേള്‍ക്കാമത്രേ. എന്റെ വല്യുപ്പാന്റെ മോനാ അവരെ തീവെച്ചതെന്നാ ഗീതു പറേന്നേ.

“എന്തിനാ അസീദേ ഓന്‍ എന്റെ അമ്മേനേം അഛനേം ഗോപിയേട്ടനേം വല്യമ്മച്ചിയേം ചുട്ടു കൊന്നത്?” ഓള് ഇപ്പോഴും ഇടക്കിടെ ചോദിക്കും.

എന്റെ ഉമ്മാനേം ഉപ്പാനേം വാവാച്ചിയേം വെട്ടി മുറിച്ചതെന്തിനാണെന്ന് എനിക്കും അറിയില്ലാല്ലോ?

ഒരു കാലില്ലാത്ത കുറവ് ഞാനറിയാത്തത് ഗീതു കൂടെയുള്ളത് കൊണ്ടാണ്. ഗീതുവിന് വിശപ്പാണ് - എപ്പോഴും. എനിക്ക് കിട്ടുന്നതില്‍ പകുതി ഞാനവള്‍ക്ക് കൊടുക്കും. ഇവിടുത്തെ ആന്റി കണ്ടാല്‍ രണ്ടു പേരുടേം തുടയില്‍ നിന്നും പൊള്ളിച്ച ചട്ടുകം “ശ്ശീയ്..” ശബ്ദത്തോടെ തൊലി പറിച്ചെടുക്കുമെന്ന്‍ ഉറപ്പാണ്. എന്റെ ഭക്ഷണം ഞാന്‍ ഗീതുവിന് കൊടുക്കുന്നത് തെറ്റാണോ? ആണെന്നാണ് ഇവിടുത്തെ ചട്ടം. അവരവര്‍ക്ക് ഉള്ളത് അവരവര്‍ക്ക്. പക്ഷേ ഞങ്ങള്‍ക്കുള്ളത് എന്തിനാ തട്ടിതെറിപ്പിച്ചിട്ട് ഞങ്ങളെ അനാഥരാക്കിയത്. ഓ..ചോദിക്കാനും ഞങ്ങള്‍ക്ക് അവകാശമില്ലല്ലോ.

അനാഥ കുട്ടികള്‍ക്ക് വേണ്ടിയുള്ള സമൂഹ വിവാഹത്തില്‍ ഒരു കാലില്ലാത്ത എന്നെ ആര്‍ക്കും വേണ്ടാതായപ്പോള്‍ ഗീതു ഒരു പാട് കരഞ്ഞു. ഗീതുവിനെ ഒരാള്‍ക്ക് ഇഷ്ടപെട്ടിരിന്നു. പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞിട്ട് ഗീതൂനെ ഇഷ്ടമാണെന്ന് അയാള്‍ പറഞ്ഞപ്പോഴും ഗീതൂന് ചിരിക്കാനോ സന്തോഷിക്കാനോ കഴിഞ്ഞില്ല. അവള്‍ക്ക് എന്നെ ഓര്‍ത്തുള്ള വേവലാതിയായിരുന്നു. സമൂഹവിവാഹത്തിന്റെ തീയതി അടുത്തെത്തുന്തോറും ഗീതൂന് സങ്കടമേറി കൊണ്ടേയിരുന്നു. പത്രങ്ങളായ പത്രങ്ങളെല്ലാം ഗീതു അരിച്ചു പെറുക്കി. “വധുവിനെ ആവശ്യമുണ്ട്” പരസ്യങ്ങള്‍ ഗീതുവിന് മനപാഠമായി. അനാഥയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറുള്ള രണ്ടാം കെട്ടായ ആളെയെങ്കിലും പരസ്യങ്ങളില്‍ നിന്നും കിട്ടുമെന്നും സമൂഹ വിവാഹത്തിന് മുന്നേ അങ്ങിനെയൊരാളെ എനിക്ക് വേണ്ടി കണ്ടെത്താന്‍ കഴിയുമെന്നും ഗീതു ഉറച്ചു വിശ്വാസിച്ചു.

അവളുടെ വിശ്വാസത്തെ ശരിവെച്ചുകൊണ്ടാണ് റഹീം ഇക്ക എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. ഗള്‍ഫില്‍ കച്ചവടം നടത്തുന്ന ചെറുപ്പകാരന് വധുവിനെ ആവശ്യമുണ്ട്. സാമ്പത്തികം പ്രശ്നമല്ല. ആ പരസ്യം എനിക്ക് വെളിച്ചമാവുകയായിരുന്നല്ലോ. ആ വാര്‍ത്തയും നിങ്ങളറിഞ്ഞു.
“ദുരന്തങ്ങളുടെ കൂട്ടുകാരിക്ക് കടലിനക്കരെ നിന്നൊരു മാരന്‍”
പത്രങ്ങളൊക്കെ വേണ്ടും വിധം അത് ആഘോഷിച്ചതും നിങ്ങളെല്ലാരും ഗീതുവിനോടൊപ്പം എന്റെ സൌഭാഗ്യത്തില്‍ പങ്കുചേര്‍ന്നതും എനിക്കറിയാം.

റഹീമിക്കായും അനാഥനായിരുന്നു. അതുകൊണ്ട് കൂടുതല്‍ ദിവസം നാട്ടില്‍ നില്‍ക്കണ്ടായെന്നും പോയിട്ട് വേഗം വിസ അയച്ചു തരാമെന്നും പറഞ്ഞ് റഹീമിക്ക വിവാഹത്തിന്റെ പന്ത്രണ്ടാം നാള്‍ ഗള്‍ഫിലേക്ക് പറന്നു. പാസ്പോര്‍ട്ടെടുക്കാനും വിസക്കും വേണ്ടി വന്ന അമ്പത്തി മൂന്ന് ദിവസങ്ങള്‍ എനിക്ക് അമ്പത്തി മൂന്ന് വര്‍ഷങ്ങളായിരുന്നു. യാത്ര അയക്കാന്‍ ഗീതുവും വന്നിരുന്നു. എനിക്ക് ലഭിച്ച സൌഭാഗ്യത്തില്‍ എന്നെക്കാള്‍ സന്തോഷിച്ചത് അവളായിരുന്നല്ലോ.

ഉപ്പയുടേയും ഉമ്മയുടേയും വേര്‍പാടിന് ശേഷം എനിക്ക് ജീവിതം തിരിച്ചു കിട്ടിയ ദിനങ്ങളായിരുന്നു പിന്നീട്. എന്നെ എന്റെ ഇക്ക ജീവന് തുല്യം സ്നേഹിച്ചു. കച്ചവടം ഇത്തിരി മോശമാണെന്നും കുറച്ചു ബുദ്ധിമുട്ടുണ്ട് എന്നും എനിക്ക് അറിയാമായിരുന്നു. പല ദിവസങ്ങളിലും ഇക്ക കടയില്‍ പോകാറില്ലായിരുന്നു. ഏറെ നേരം മൊബൈലില്‍ സംസാരിക്കുന്നതും കാണാമയിരുന്നു. എങ്കിലും എന്നോട് വല്യ സ്നേഹമായിരുന്നു. ദുബായിലാണ് കച്ചവടമെങ്കിലും എന്നെ അങ്ങോട്ട് കൊണ്ട് പോയിട്ടില്ല. അതൊന്നും എനിക്ക് പ്രശ്നവും അല്ലായിരുന്നല്ലോ. ഒരു വര്‍ഷം എത്ര പെട്ടെന്നാ കഴിഞ്ഞു പോയത്?

എന്റെ സന്തോഷത്തില്‍ പടച്ചോന്‍ അസൂയ പൂണ്ടോ എന്തോ? അല്ലെങ്കില്‍ അതു സംഭവിക്കുമായിരുന്നോ? ആ ഇരുപത്തി രണ്ടാം നിലയില്‍ നിന്നും ഞാന്‍ താഴേക്ക് വീണത് ഇക്കായെ എന്തു മാത്രം വിഷമിപ്പിച്ചിട്ടുണ്ട്. അതും ഇക്ക ഒരു ഉപ്പയാകാന്‍ പോകുന്നു എന്ന് ഞാന്‍ ഇക്കായോട് പറഞ്ഞ നിമിഷം തന്നെ. ഇക്ക എന്നെ വാരി എടുക്കുകയായിരുന്നു. അപ്പോള്‍ ജനലിനടുത്ത് നിന്നതാണ് കുഴപ്പമായത്. നടുറോഡില്‍ ചിന്നി ചിതറി കിടന്ന ഞാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ എന്റെ ഇക്കായെ പരതിയെങ്കിലും എനിക്ക് ഇക്കായെ മാത്രം കാണാന്‍ കഴിഞ്ഞില്ല.

നാളെ ഇക്കാന്റെ രണ്ടാം നിക്കാഹാണ്. എന്റെ മരണത്തിന് ശേഷം ഇക്കാടെ എല്ലാ വിഷമങ്ങളും മാറി. എന്നെ കൊണ്ട് വന്നതിന് ഒരാഴ്ചക്ക് ശേഷം എന്റെ പേരിലെടുത്ത ഇന്‍ഷ്വറന്‍സ് ഇക്കാടെ കടമെല്ലാം തീര്‍ത്തു. കച്ചവടം നല്ല നിലക്കായി. ഇക്ക ഇമ്മിണി വല്യ ഒരു മുതലാളി ആയിരിക്കുന്നു.പണവും പത്രാസും ഒക്കെയുള്ള നല്ലൊരു പെങ്കുട്ടീനെ സ്ത്രീധനമൊക്കെ വാങ്ങിയാ ഇക്ക കെട്ടുന്നത്. കല്ല്യാണവീട്ടില്‍ ഞാനൊരു വിഷയമേ അല്ലാ. അതേയ്... അതാണല്ലോ അതിന്റെ ശരി. ഞാന്‍ അവിടെ ഒരു വിഷയം ആയികൂടല്ലോ. ഒരു വര്‍ഷം എനിക്ക് ഇക്ക ദാനമായി തന്ന ജീവിതത്തിന് പകരം വക്കാന്‍ മറ്റൊന്നുമില്ലല്ലോ. ഇക്ക പുതിയ കുട്ടീനെ നിക്കാഹ് കഴിച്ച് സുഖമായി ജീവിക്കട്ടെ.

പക്ഷേ അവര്‍ വീണ്ടും ആ ഇരുപത്തി രണ്ടാമത്തെ നിലയില്‍ ഫ്ലാറ്റെടുക്കാതിരുന്നാല്‍ മതിയായിരുന്നെന്റെ റബ്ബേ...