Saturday, April 11, 2009

ചെരുപ്പുകള്‍ സൂക്ഷിച്ചു വെയ്ക്കുക....ആവശ്യം വരും!

ഭിന്നിച്ച് നിന്നവര്‍ ഒന്നിച്ച് ഭരിയ്ക്കുക.
ഒന്നിച്ച് നിന്നവര്‍ ഭിന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടുക.
ഒന്നിയ്ക്കുന്നത് ഭരണം പങ്കിടാന്‍ വേണ്ടി മാത്രമാണെന്ന മിനിമം പൊതു പരിപാടിയുടെ അടിസ്ഥാനത്തില്‍ വീണ്ടും ഭിന്നിച്ച് മത്സരിച്ച് ഒന്നിച്ച് ജയിച്ച് ഒരുമിച്ച് ഭരിയ്ക്കാനുള്ള കച്ചമുറുക്കാണ് ലൊകസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ അണിയറയില്‍ നടക്കുന്നത്. പരസ്പരം ചെളിവാരിയെറിഞ്ഞും വിഴുപ്പലക്കിയും തമ്മില്‍ തല്ലി തല കീറിയും തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയിയ്ക്കുന്നവര്‍ മുന്നോട്ട് വെയ്ക്കുന്ന പ്രത്യാ‍യ ശാസ്ത്രങ്ങളേയും പ്രകടനത്തിനുമാത്രമായി തട്ടികൂട്ടുന്ന പത്രികയേയും പോലും തൃണവല്‍ഗണിച്ചു കൊണ്ട് ഭരണം പങ്കിടാന്‍ വേണ്ടി മാത്രം ശത്രുതയെല്ലാം മറന്ന് അധികാര സോപാ‍നങ്ങളില്‍ അടുത്ത തിരഞ്ഞെടുപ്പ് വരെ മധുവിധു ആഘോഷിയ്ക്കുന്ന കാഴ്ചയില്‍ ജനാധിപത്യത്തിന്റെ വികൃത രൂപമാണ് പ്രതിഫലിപ്പിയ്ക്കുന്നത്.

ഒറ്റയ്ക്ക് ഭരിയ്ക്കുവാനുള്ള അംഗബലം ഭാരതത്തിലെ ഏതെങ്കിലും പാര്‍ട്ടിയ്ക്ക് കിട്ടും എന്ന് ഒരു പാര്‍ട്ടിക്കാരും അവകാശപ്പെടുന്ന സ്ഥിതിയിലല്ല ഭാരതത്തിലെ ഇന്നിന്റെ ജനാധിപത്യം. ഏച്ചു കെട്ടിയ സഖ്യങ്ങളുമായി മൂന്ന് മുന്നണികള്‍ ഗോദയില്‍ തമ്മിലടിയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ സഖ്യങ്ങളിലെ കക്ഷികള്‍ എവിടെയൊക്കെ ആയിരിയ്ക്കും എന്ന് അതാതു സഖ്യങ്ങളിലെ നേതാക്കന്മാര്‍ക്കു പോലും ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നതാണ് വസ്തുത. പോയ അഞ്ചു വര്‍ഷം ഭാരതം ഭരിച്ച മുന്നണിയില്‍ ഇന്ന് പാര്‍ട്ടികള്‍ വല്ലതും ബാക്കിയുണ്ടോ എന്ന് ചെയര്‍ പേഴ്സണു പോലും ഒരു പിടിയും ഇല്ലാ എന്നതാണ് നേരമ്പോക്ക്!

തിരഞ്ഞെടുപ്പായപ്പോള്‍ തട്ടികൂട്ടിയ കാരാട്ട് മുന്നണിയും കൂരിരിട്ടില്‍ തന്നെ. മുന്നണിയുണ്ട്. പേരിനു പോലും ഒരു പേരില്ല. നേതാവും ഇല്ല. നേതാവില്ലാത്തത് നേതാവിനെ കിട്ടാത്തതു കൊണ്ടല്ല. നേതാവിനെ തിരഞ്ഞെടുക്കണം എന്ന് ഒന്നാലോചിച്ചാല്‍ പോലും മൂന്നാം മുന്നണി മുപ്പത് കഷണമാകും. അപ്പോള്‍ പിന്നെ പേരില്ലാതെ, വിലാസമില്ലാതെ, പരിപാടികള്‍ ഇല്ലാതെ ഒരു തട്ടിക്കൂട്ട് മുന്നണി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഭരണത്തില്‍ വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിയ്ക്കുക എന്നതല്ലാതെ മൂന്നാം മുന്നണിയ്ക്ക് എന്തെങ്കിലും പരിപാടി ഉണ്ടോ എന്നു ചോദിച്ചാല്‍ “ഞങ്ങള്‍ ഭരണം പിടിയ്ക്കും” എന്ന് മൂന്നാം ചേരീ നേതാക്കന്മാര്‍ ഇപ്പോ അലമുറയിടും.

കാരാട്ടിന്റെ കൂരുട്ട് മുന്നണിയിലെ കൂട്ടരാരൊക്കെയാ? ചില്ലറക്കരൊന്നുമല്ല കേട്ടോ...മുന്‍ പ്രധാനമന്ത്രി ദേവഗൌഡ അവര്‍കളുടെ മതേതര ജനതാദള്‍‍, സി.പി.ഐ., പഴയ ദേശീയ മുന്നണിയെ വഴിയിലിട്ട് പോയി മന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം, അഴിമതിയും സ്വജനപക്ഷപാതവും തൊട്ടുതീണ്ടിയിട്ടില്ലാത്ത കുമാരി ജയലളിതാമ്മയുടെ എ.ഐ.ഏ.ഡി.എം.കെ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി., ഹരിയാനാ ജനഹിത് പാര്‍ട്ടി, പി.എം.കെ., ബിജു ജനതാദള്‍...ഇന്നിയും വരാനുണ്ടെന്നാണ് സഗാവ് കാരാട്ടിന്റെ വാദം! വരട്ടെ...വരട്ടെ...വന്നു ഭാരതീയ ജനാധിപത്യത്തിനു കരുത്തേകട്ടെ!

കാര്യങ്ങളിങ്ങനെയൊക്കെ ആണേലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്നതായിരിയ്ക്കും സംഭവിയ്ക്കാന്‍ പോകുന്നത്? ആരായിരിയ്ക്കും പ്രധാനമന്ത്രി? സാധ്യതകള്‍ എന്തൊക്കെ? സാഹചര്യങ്ങള്‍ ആര്‍ക്കൊക്കെ അനുകൂലം?

ഏറ്റവും കൂടുതല്‍ സീറ്റു നേടുന്ന ഒറ്റക്കക്ഷിയെ ചുറ്റിപ്പറ്റി തന്നെയായിരിയ്ക്കുമല്ലോ പുതിയ സര്‍ക്കാറിന്റെ സാധ്യതകള്‍. ലോകസഭയിലെ നിലവിലുള്ള അംഗബലം നിലനിര്‍ത്താന്‍ കഴിയാതെ കോണ്‍ഗ്രസ് ഏറ്റവും വല്ലിയ ഒറ്റകക്ഷിയാവുന്ന സാഹചര്യത്തിലും സോണിയാ മാഡം സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിയ്ക്കാം. പക്ഷേ പേരിനെങ്കിലും ഭൂരിപക്ഷം തെളിയിയ്ക്കേണ്ടേ? എന്നാ ചെയ്യും. മാരത്തോണ്‍ ചര്‍ച്ചകള്‍... യൂ.പീ.ഏ യിലാണോ എന്നു ചോയിച്ചാല്‍ അല്ലെന്നും അല്ലേ എന്നു ചോയിച്ചാല്‍ ആണെന്നും പറഞ്ഞ് നില്‍ക്കുന്ന പവാര്‍ ലാലു മുലായം പ്രഭൃതികളില്‍ ലാലുവും മുലായവും പസ്വാനും കാണ്‍ഗ്രസിനു നിരുപാധിക പിന്തുണ നല്‍കി മാഡത്തിന്റെ മോഹങ്ങള്‍ക്ക് ചിറക് നല്‍കും. പവാര്‍ പക്ഷേ പിടി കൊടുക്കില്ല. ഇപ്പോഴുള്ള യൂ.പീ.ഏയും ഇന്നി യൂ.പീ.യേയിലേയ്ക്ക് വരാനുള്ളവരേം കൂടെ ചേര്‍ത്താലും ഇരുന്നൂറ്റി അറുപത്തി മുന്നില്‍ എത്താന്‍ പിന്നെയും വഴി ബാക്കിയായിരിയ്ക്കേം ചെയ്യും.

അങ്ങിനെയൊരു സാഹചര്യത്തില്‍ പിന്നെ സാധ്യത ഇടതു പക്ഷത്തിന്റെ പിന്തുണയാണ്. മന്മോഹന സിംഗിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാറുണ്ടാകുന്നതിനെ ഇടതുപക്ഷം പിന്തുണയ്ക്കുമെന്നു സാക്ഷാല്‍ മാഡം പോലും സ്വപ്നം കാണുമെന്നു തോന്നുന്നുമില്ല. അറുപത് കയ്യുകള്‍ മായാവതി പറയുന്നതുപോലെ പൊങ്ങുമെങ്കില്‍ മായാവതി ഉപപ്രധാനമന്ത്രിയായി മന്മോഹന സിംഗ് പ്രധാനമന്ത്രിയായേക്കും-ഇടതു പക്ഷത്തിന്റെ പിന്തുണയില്ലാതെ തന്നെ. പക്ഷേ അതിനുള്ള സാധ്യത മായാവതിയ്ക്ക് പ്രധാനമന്ത്രിയാകാനുള്ള സാഹചര്യം എത്രയും കുറയുന്നോ അത്രയുമേ ഉണ്ടാവുകയും ഉള്ളൂ. മായാ‍വതിയ്ക്ക് ഒരു തട്ടിക്കൂട്ട് മന്ത്രിസഭ ഉണ്ടാക്കാനുള്ള സാധ്യത ഇല്ലാതായെങ്കില്‍ മാത്രമേ ഇങ്ങിനെയൊരു സാഹചര്യത്തിനും സാധ്യതയുള്ളൂ. മായാവതി ആ ഒത്തുതീര്‍പ്പിനു തയ്യാറാവാതിരിയ്ക്കുകയാണേല്‍ ഇടതുപക്ഷത്തിന്റെ പിന്തൂണയ്ക്ക് വേണ്ടി കോണ്‍ഗ്രസിനു പണിയെടുക്കേണ്ടി വരും. അവിടെ മന്മോഹന സിംഗ് പുറത്ത്. ഇടതു പക്ഷവും കൂടി ചേര്‍ന്ന ഒരു സര്‍ക്കാര്‍ അങ്ങിനെയെങ്കില്‍ പിറവിയെടുക്കാം. ഒരു പക്ഷേ ഏ.കേ. ആന്റണിയോ പ്രണാബ് സാറോ പ്രധാനമന്ത്രിയാകാം.

കോണ്‍ഗ്രസ് വിരോധം പ്രധാന പ്രചരണയുധമാക്കി ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ നേരിട്ട് കോണ്‍ഗ്രസിനെ എതിര്‍ത്ത് എം.പീമാരാകുന്നവര്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയ്ക്ക് വേണ്ടി കൈ പൊക്കിയത് കഴിഞ്ഞ നാലര വര്‍ഷം ഭാരത ജനാധിപത്യം കണ്ടു. ബീ.ജേ.പീ വിരോധത്തിന്റെ പേരില്‍ വീണ്ടും അതു തന്നെ സംഭവിയ്ക്കാം. വ്യത്യസ്ത പ്രകടന പത്രികയും പ്രത്യായ ശാസ്ത്രവുമായി ഇലക്ഷനില്‍ തമ്മില്‍ തല്ലിയവര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ സമരസപ്പെടുന്ന ചീഞ്ഞു നാറിയ കാഴ്ചകള്‍ക്കാണ് വീണ്ടും ഇന്ദ്രപ്രസ്ഥം സാക്ഷിയാകാന്‍ പോകുന്നത്. ഏറ്റവും വല്ലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറുകയാണെങ്കില്‍ ഒരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇടതു പക്ഷം കോണ്‍ഗ്രസിനു പിന്തുണ നല്‍കും എന്നതില്‍ തര്‍ക്കത്തിനു വകയില്ല. അങ്ങിനെയെങ്കില്‍ പിന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കാട്ടികൂട്ടുന്ന കാടടച്ച പ്രചാരണ പ്രകടനങ്ങളുടെ അര്‍ത്ഥം എന്താണ്?

ഇന്നി ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ജയിച്ചു വരുന്ന ഒറ്റ കക്ഷി ബീ.ജേ.പി ആണെങ്കിലും സാ‍ഹചര്യങ്ങളില്‍ വല്ലിയ വിത്യാസം ഒന്നും ഉണ്ടാകില്ല. അപ്പോള്‍ സര്‍ക്കാറുണ്ടാക്കാന്‍ ബീ.ജേ.പിയ്ക്ക് കൂട്ട് ഇന്ന് മൂന്നാം മുന്നണിയുമായി മുന്നോട്ടു പോകുന്ന ജയലളിതയും ചന്ദ്രബാബു നായിഡുവും ഒരു പക്ഷേ ശരത് പവാറും, പസ്വാനും ഒക്കെയായിരിയ്ക്കും. ഒന്നുകില്‍ മായാവതി അല്ലെങ്കില്‍ മുലായം സിങ്ങ് - എന്‍.ഡി.ഏയില്‍ എത്തിയാലും അത്ഭുതമില്ല. കണ്ടിടത്തോളം ഒറ്റകക്ഷിയായി ബീ.ജേ.പി മുന്നിലെത്തിയാല്‍ മൂന്നാം മുന്നണിയിലെ മിക്ക പാര്‍ട്ടികളും നാ‍ലാം മുന്നണിയും എന്‍.ഡി.ഏ സര്‍ക്കാറിന്റെ ഭാഗമാകാനാണ് സാധ്യത.

ഇടതു പക്ഷത്തിനും മായാവതിയ്ക്കും ജയലളിതയ്ക്കും മതേതര ജനതാദളിനും കൂടി ഭരിയ്ക്കാനുള്ള സീറ്റിനടുത്തെങ്ങാനും എത്താന്‍ കഴിഞ്ഞാലും സംഭവിയ്ക്കാന്‍ പോകുന്നത് ഇതൊക്കെ തന്നെ. മായാവതി പ്രധാന മന്ത്രി. കൂടെ പവാര്‍ ഉണ്ടാകും. നാലാം മുന്നണിയിലെ മൂന്ന് സഹോദരന്മാരില്‍ രണ്ട് സഹോദരന്മാര്‍ മായവതി സര്‍ക്കാറില്‍ ചേരും. മുലായം പുറത്ത്. ലാലുവും പസ്വാനും അകത്ത്. എന്‍.ഡി.ഏയില്‍ ബീ.ജേ.പി ഒഴികെയുള്ള കക്ഷികള്‍ മായാവതി സര്‍ക്കാറില്‍ പങ്കാളികള്‍ ആയിരിയ്ക്കുകയും ചെയ്യും. യൂ.പിയേയില്‍ ഇപ്പോഴുള്ള കക്ഷികള്‍ ലീഗും ഡി.എം.കെയും മാണി കാണ്‍ഗ്രസും മാത്രമാകയാല്‍ ഇന്നിയും അതില്‍ നിന്നും കൂടുതല്‍ ചോര്‍ച്ചയുണ്ടാകാന്‍ വഴിയില്ല. പക്ഷേ കാണ്‍ഗ്രസില്‍ നിന്നും ഏതെങ്കിലും വിഭാഗം അടര്‍ന്ന് മാറി മൂന്നാം മുന്നണി സര്‍ക്കാറില്‍ ചേര്‍ന്നാലും അത്ഭുതപ്പെടരുത്.

തന്നെ ജയിപ്പിച്ച് വിട്ട വോട്ടറന്മാരെ വഞ്ചിച്ച് എതിര്‍ ചേരിയ്ക്ക് വേണ്ടി ലോകസഭയില്‍ കൈപൊക്കുന്ന രാഷ്ട്രീയ പാപ്പരത്തം ഭാരത ജനാധിപത്യത്തിലെ ഏറ്റവും ചീഞ്ഞ മുഖമാണ് തുറന്ന് കാട്ടുന്നത്. അതായത് തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥി ജയിക്കുകയും ലോകസഭയില്‍ കൈ പൊക്കേണ്ടി വരുമ്പോള്‍ തിരുവനന്തപുരത്ത് തോല്പിച്ച കക്ഷിയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ എം.പി കൈ പൊക്കുകയും ചെയ്യുന്നിടത്ത് എന്തു ജനാധിപത്യ മര്യാദയാണ് പാലിയ്ക്കപ്പെടുന്നത്?

ചെരുപ്പുകള്‍ക്ക് ജനാധിപത്യത്തിലുള്ള പ്രാധാന്യം ഇവിടെയാണ് പ്രസക്തമാകുന്നത്. ലോകസഭയില്‍ എന്തിന്റെ പേരിലായാലും എതിര്‍ ചേരിയ്ക്ക് വേണ്ടി കൈപൊക്കുന്നവനെ ചെരുപ്പ് കൊണ്ടാണ് സ്വീകരിയ്ക്കേണ്ടുന്നത്. ജയിയ്ക്കുന്നതോടെ അവസാനിയ്ക്കേണ്ടുന്നതല്ല വോട്ടറന്മാരോടുള്ള വിധേയത്വം. തിരഞ്ഞെടുപ്പില്‍ മുന്നോട്ടു വെയ്ക്കുന്ന വിഷയങ്ങളോട്, പ്രത്യായ ശാസ്ത്രത്തോട്, പ്രകടന പത്രികയോട്, വോട്ടു നല്‍കി വിജയിപ്പിച്ച വോട്ടറന്മാരോട് നീതി പുലര്‍ത്താന്‍ കഴിയാത്ത എം.പി.മാരെ കൈകാര്യം ചെയ്യാനുള്ള സാധനമാണ് പഴകി ദ്രവിച്ച ചെരുപ്പുകള്‍!

ആര്‍ക്കും ഒറ്റയ്ക്ക് ഭരിയ്ക്കാനുള്ള അംഗബലം ഈ തിരഞ്ഞെടുപ്പില്‍ ലഭിയ്ക്കില്ലാ എന്ന വസ്തുത മനസ്സിലാക്കാതെയല്ല ഇങ്ങിനെ പറയേണ്ടി വരുന്നത്. ഒരു ഒറ്റ കക്ഷിയ്ക്ക് ഭൂരിപക്ഷം ഇല്ലാതെ വന്നാല്‍ പിന്നെ കൂട്ടുമുന്നണീ സര്‍ക്കാറിനേ സാധ്യതയുള്ളൂ. അല്ലെങ്കില്‍ ആര്‍ക്കും മന്ത്രിസഭയുണ്ടാക്കാന്‍ കഴിയാതെ വരികയും വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കേണ്ടി വരികയും ചെയ്യും. ആ തിരഞ്ഞെടുപ്പിലും ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലാ എങ്കില്‍ വീണ്ടും വീണ്ടും തിരഞ്ഞെടുപ്പ് നടത്തുക എന്ന അവസ്ഥ സംജാതമാകും. ഭരണഘടനാ പ്രതിസന്ധിയായിരിയ്ക്കും പരിണിതി.

ഒരു കക്ഷിയ്ക്കും ഒറ്റയ്ക്ക് ഭരിയ്ക്കാന്‍ കഴിയാത്തിടത്ത് കൂട്ടുമുന്നണികള്‍ അനിവാര്യമാണ്. പക്ഷേ അത് തിരഞ്ഞെടുപ്പിനു മുന്നേ ഉണ്ടാകണം. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഉണ്ടാക്കുന്ന ഏതു തരം നീക്കുപോക്കുകളും അവിശുദ്ധം തന്നെയാണ്. ജനങ്ങളുടെ മുന്നില്‍ പരാജയപ്പെടുന്നവനെ കുറുക്കു വഴികളിലൂടെ അധികാരത്തിലെത്തിയ്ക്കാനേ തിരഞ്ഞെടുപ്പാനന്തര നീക്കുപോക്കുകളിലൂടേയും മിനിമം പൊതു പരിപാടി എന്ന പൊതുജനത്തെ പറ്റിപ്പു പരിപാടികളിലൂടേയും സാഹചര്യം ഒരുക്കകയുള്ളൂ‍. അല്ലെങ്കില്‍ തോറ്റവര്‍ക്ക് ഭരണം പിടിയ്ക്കാനുള്ള പൊതുമിനിമം പരിപാടിയാണ് തിരഞ്ഞെടുപ്പാനന്തര മുന്നണി രൂപീകരണത്തിലൂടെ സംഭവിയ്ക്കുന്നത്.

ഒന്നു പറഞ്ഞ് ജയിയ്ക്കുക മറ്റൊന്നു പറഞ്ഞ് ഭരിയ്ക്കുക വേറൊന്നു പറഞ്ഞ് വീണ്ടും വൊട്ടു തെണ്ടിയെത്തുക...
പ്രിയപ്പെട്ട വോട്ടറന്മാരേ,
ഇവര്‍ക്കായി കരുതി വെയ്ക്കുക- തേഞ്ഞു പഴകിയ ചെരുപ്പുകള്‍!
ആവുന്നിടത്തോളം സൂക്ഷിച്ചു വെയ്ക്കക!
കിട്ടുന്ന അവസരങ്ങളില്‍ ഉന്നം തെറ്റാതെ കീച്ചുക!
--------------------------------------
പ്രിയ വായാനക്കാരാ,
താങ്കള്‍ ഈ കുറിപ്പിനെ എങ്ങിനെ വിലയിരുത്തി?
താഴെ കാണുന്ന റേറ്റിങ്ങില്‍ ഒന്നമര്‍ത്തുന്നതിലൂടെ ഈ കുറിപ്പ് എങ്ങിനെ വായിയ്ക്കപ്പെട്ടു എന്നു ലേഖകനു സ്വയം വിലയിരുത്തുവാന്‍ ഒരവസരമാണ് താങ്കള്‍ നല്‍കുന്നത്. ഒരു നിമിഷം ചിലവഴിയ്ക്കുമല്ലോ?
നന്ദി..