Friday, January 30, 2009

മൊബൈല്‍ ഫോണിനു ലൈസന്‍സ് ഏര്‍പ്പെടുത്തണം.

പത്തു മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ റേഡിയോ ഉപയോഗിയ്ക്കണമെങ്കില്‍ ലൈസന്‍സ് വേണം എന്നൊരു നിയമം ഉണ്ടായിരുന്നതായി അറിയാം. തികച്ചും നിരുപദ്രവകാരിയായ റേഡിയോയിയ്ക്ക് ലൈസന്‍സിങ്ങ് സംബ്രദായം ഏര്‍പ്പെടുത്തിയതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്നറിയില്ല. ടെലിവിഷന്‍ വന്നപ്പോള്‍ അതിനു ലൈസന്‍സ് വേണമെന്ന നിയമമൊന്നും ഉള്ളതായും അറിവില്ല. ഒരു തരത്തില്‍ റേഡിയോയേക്കാള്‍ അപകടകാരിയാണല്ലോ ടെലിവിഷന്‍. അതിനുശേഷം വന്ന ഇന്റര്‍ നെറ്റിനും ലൈസന്‍സിങ്ങോ മറ്റു നൂലാമാലകളോ ഇല്ല. പഴയകാലത്ത് എല്ല്ലാത്തിനും ചില അടുക്കും ചിട്ടകളും ഉണ്ടായിരുന്നു. അതായിരിയ്ക്കാം റേഡിയോയിയ്ക്ക് ലൈസന്‍സിങ്ങ് ഏര്‍പ്പെടുത്താന്‍ കാരണം.

വീഞ്ഞപ്പെട്ടിപോലെയുള്ള റേഡിയോയും അതിനിരിയ്ക്കാന്‍ പൂമുഖത്ത് നാലുകാലിലൊരു സ്റ്റാന്റും മുറ്റത്തെ തെങ്ങുകളില്‍ വലിച്ചു കെട്ടിയൊരു വലപോലെയുള്ള ഏരിയലും ഒക്കെയായി റേഡിയോ അക്കാലത്ത് ഒരു തരം ആഡംബരം തന്നെയായിരുന്നു. ആ ആഡംബരത്തില്‍ ലൈസന്‍സിനുള്ള പ്രാധാന്യവും ഒട്ടും പിന്നിലല്ലായിരുന്നു. തികച്ചും നിരുപദ്രവകാരിയായിരുന്ന റേഡിയോയിയ്ക്ക് ലൈസന്‍സ് സംബ്രദായം ഉണ്ടായിരുന്ന ഒരു നാട്ടില്‍ എന്തു കൊണ്ട് തികച്ചും ഉപദ്രവകാരിയായ മൊബൈല്‍ ഫോണിനും ലൈസന്‍സ് ഏര്‍പ്പെടുത്തിക്കൂട?

മൊബൈല്‍ ഫോണ്‍ എന്നാല്‍ ഇന്നു കമ്മ്യൂണിക്കേഷനും മാത്രം ഉള്ള ഒരു ഉപകരണമല്ലല്ലോ? സന്ദേശങ്ങള്‍ കൈമാറാനുള്ള ഒരു ഉപകരണം എന്നതിലുപരി മൊബൈല്‍ ഫോണ്‍ ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്ന ഉപകരണങ്ങളില്‍ ഏറ്റവും മുന്നിലാണ്. ഉപകരണത്തിന്റെ പ്രാഥമിക ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ച് സാമൂഹ്യ തിന്മകള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാക്കുന്ന ഒരു ഉപകരണത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തേണ്ടുന്നതു സാമൂഹ്യ സുരക്ഷിതത്വത്തിനു അനിവാര്യമായ ഒരു സംഗതിയല്ലേ?

ക്യാമറയുള്ള മൊബൈല്‍ ഫോണുകള്‍ ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിയ്ക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. ജനത്തിരക്കില്‍ ആരും ആരുടേയും മൊബൈല്‍ ഫോണിലെ ക്യമറയിലേയ്ക്ക് പകര്‍ത്തപ്പെടാനും ആ പകര്‍ത്തപ്പെടുന്ന ഫോട്ടോ വേറെ എങ്ങിനെ വേണമെങ്കിലും പരിണമിയ്ക്കപ്പെടാനും സാഹചര്യം നിലനില്‍ക്കുമ്പോള്‍ ആരും സുരക്ഷിതരല്ല എന്നു വരുന്നു. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് മൊബൈല്‍ ഫോണിന്റെ അക്രമണത്തിനു വിധേയരാകുന്നതും. ഒരാള്‍ അയാളുടെ പക്കല്‍ ഉള്ള ക്യാമറ കൊണ്ടു ഒരുവളുടെ ഫോട്ടോ തെരുവില്‍ നിന്നും എടുക്കാന്‍ ശ്രമിച്ചാല്‍ അതു കയ്യോടെ പിടി കൂടപ്പെടും. പക്ഷേ മൊബൈല്‍ ഫോണിലൂടെ പടമെടുക്കുന്നത് അത്ര വേഗം ശ്രദ്ധയില്‍പ്പെടില്ല.

സ്കൂളുകളിലേയും കോളേജുകളിലേയും മൊബൈല്‍ ഉപയോഗവും അരക്ഷിതമായൊരു കാമ്പസ് സംസ്കാരമാണുണ്ടാക്കുന്നത്. സാങ്കേതിക വിദ്യയുടെ പുരോഗതിയ്ക്ക് പുറം തിരിഞ്ഞു നില്‍ക്കണം എന്നല്ല പറയുന്നത്. മൊബൈല്‍ ഫോണ്‍ കൊണ്ടു വരുന്ന അതി സ്വകാര്യത വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകള്‍ മാത്രമുള്ള വീടുകളിലേയ്ക്ക് ഫോണ്‍ വിളിച്ച് അശ്ലീലം പറയുന്നത് ഇന്നൊരു വാര്‍ത്തയല്ല. സ്വകാര്യത കുറവായതിനാല്‍ ലാന്റ് ലൈനില്‍ നിന്നും വിളിച്ച് സ്ത്രീകളെ ശല്യം ചെയ്യുന്നത് മൊബൈലില്‍ നിന്നും വിളിച്ച് ശല്യം ചെയ്യുന്നതിനേക്കാള്‍ താരതമ്യാന കുറവാണ്.

ചെറിയ ചിലവില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാനും എങ്ങിനെ വേണമെങ്കിലും ഉപയോഗിയ്ക്കാനും കഴിയുന്ന നിലവിലുള്ള സാഹചര്യങ്ങള്‍ക്ക് മാറ്റം അനിവാര്യമാണ്. മൊബൈല്‍ ഫോണിനു ലൈസന്‍സിങ്ങ് ഏര്‍പ്പെടുത്തണം. ഫോണിലെ സ്പെസിഫിക്കേഷനുകള്‍ക്ക് ആനുപാതികമായി ലൈസന്‍സ് ഫീസു കൂടുകയും വര്‍ഷാവര്‍ഷം ലൈസന്‍സ് പുതുക്കുകയും വേണം എന്ന നിയമം കൊണ്ടുവരണം. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ വേണമെങ്കില്‍ അതിനു പ്രത്യേകം പ്രത്യേകം ലൈസന്‍സ് ഏര്‍പ്പെടുത്തണം. ക്യാമറയുള്ള ഫോണുകള്‍ക്ക് വന്‍ തുക നികുതിയായോ ഫീസായോ ഉപഭോക്താവിന്റെ പക്കല്‍ നിന്നും പ്രതിവര്‍ഷം ഈടാക്കണം. ഒരു ഉപഭോക്താവ് മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്താല്‍ അയാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കാനുള്ള ലൈസന്‍സ് റദ്ദാക്കണം. ലൈസന്‍സ് ഇല്ലാതെ ഒരാള്‍ക്കും മൊബൈല്‍ കണക്ഷന്‍ കൊടുക്കരുത്. ലൈസന്‍സ് ഇല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ വന്‍ പിഴ ചുമത്തണം.

സാങ്കേതിക വിദ്യ ഇത്രയും അധികം പുരോഗമിച്ചിട്ടുള്ള ഒരു കാലഘട്ടത്തില്‍ സ്കൂളുകളിലും കോളേജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിയ്ക്കണം എന്നു പറയുന്നതിനേ ഒരു പരിധിവരെ മാത്രമേ ന്യായീകരിയ്ക്കുവാന്‍ കഴിയുള്ളു. ഇന്നത്തെ അണുകുടുംബ സംസ്കാരത്തില്‍ രാവിലെ കുട്ടികള്‍ സ്കൂളിലേയ്ക്കും മാതാപിതാക്കള്‍ ആഫീസിലേയ്ക്കും പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വൈകിട്ട് കുട്ടി അവന്റെ പക്കലുള്ള താക്കോല്‍ ഉപയോഗിച്ചു വീടു തുറന്നു അകത്തു കടക്കുകയും മാതാപിതാക്കള്‍ ഇരുട്ടുന്നതോടെ വീടുകളില്‍ തിരിച്ചെത്തുകയും ചെയ്യുന്നു. ഹര്‍ത്താലും മിന്നല്‍ പണിമുടക്കും ട്രാഫിക്ക് തടസ്സങ്ങളും എപ്പോഴാണ് സംഭവിയ്ക്കുക എന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ലാത്ത വര്‍ത്തമാന സാഹചര്യത്തില്‍ കുട്ടികളുടെ പക്കല്‍ മൊബൈല്‍ ഉണ്ടാകുന്നത് നല്ലതു തന്നെ. പക്ഷേ അതു ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളാണ് കൂടുതലും. അതു തടയുകയും വേണം.

കുട്ടികള്‍ക്ക് ഉപയോഗിയ്ക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണുകള്‍ വിപണിയിലെത്തണം.ക്യാമറകള്‍ ഉള്ള ഫോണ്‍ കുട്ടികള്‍ക്ക് ഒരു കാരണവശാലും അനുവദിയ്ക്കരുത്. മുന്‍ കൂട്ടി ഫീഡ് ചെയ്തിരിയ്ക്കുന്ന നമ്പരുകളിലേയ്ക്ക് മാത്രം വിളിയ്ക്കാന്‍ കഴിയുന്ന മെസ്സേജ് അയയ്ക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണുകള്‍ കുട്ടികള്‍ക്ക് നല്‍കിയാല്‍ ദുരുപയോഗം ഇല്ലാതാക്കാനും എന്നാല്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വ ബോധം ഉണ്ടാക്കുവാനും കഴിയും. ഇങ്ങോട്ടു വരുന്ന കോളുകള്‍ക്കും മെസ്സേജുകള്‍ക്കും നിയന്ത്രണം വേണം. നേരത്തേ കൂട്ടി പ്രോഗ്രാം ചെയ്തിരിയ്ക്കുന്ന നമ്പരുകളില്‍ നിന്നുള്ള കാളുകളും മെസ്സേജുകളും മാത്രം സ്വീകരിയ്ക്കുവാന്‍ കഴിയുന്ന സംവീധാനവും കുട്ടികള്‍ക്കായുള്ള ഇത്തരം മൊബൈലുകളില്‍ ഉണ്ടാകണം. മാതാപിതാക്കളുടേയും ഏറ്റവും അടുത്ത ബന്ധുക്കളുടേയും ഫോണുകളുമായി ആശയ വിനിമയം നടത്താന്‍ മാത്രം അനുവദിയ്ക്കുന്ന ഫോണുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. ഇത്തരം ഫോണുകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധം ആ‍ക്കുകയും വേണം.

ആധുനിക ജീവിത സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു ഉപകരണം തന്നെ. ഗുണത്തേക്കാള്‍ ഈ ഉപകരണം ദുരുപയോഗം ചെയ്യപ്പെടുന്നും ഉണ്ട്. ഒരു നിയന്ത്രണവും ഇല്ലാതെ എന്തു ഉപയോഗിച്ചാലും അതൊക്കെയും ദുരുപയോഗം ചെയ്യപ്പെടുക തന്നെ ചെയ്യും. മൊബൈല്‍ ഫോണിന്റെ കാര്യത്തിലും അതാണ് സംഭവിയ്ക്കുന്നത്. എല്ലാം കൊണ്ടും നിരുപദ്രവകാരിയായിരുന്ന റേഡിയോയുടെ ഉപയോഗത്തിനു ലൈസന്‍സ് സംബ്രദായത്തോടേ ഒരു കാലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ദുരുപയോഗത്തിനും ഉപദ്രവത്തിനും കാരണമാകാന്‍ സാധ്യതകള്‍ വളരെയധികമുള്ള മൊബൈല്‍ ഫോണിനും ലൈസന്‍സിങ്ങിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ രാജ്യത്തിനു കഴിയും. കൂട്ടത്തില്‍ രാജ്യത്തിന്റെ ഖജനാവിലേയ്ക്ക് മുതല്‍ കൂട്ടാന്‍ കഴിയുന്നൊരു ധനാഗമമാര്‍ഗ്ഗം കൂടി തുറന്നു കിട്ടുകയും ചെയ്യും!