Wednesday, August 29, 2007

ഗള്‍ഫ് മലയാള റേഡിയോ

മലയാളത്തെയും മലയാളിയേയും പരിപോഷിപ്പിക്കാനായി ഗള്‍ഫില്‍ കുരുത്ത മലയാളം റേഡിയോകള്‍ എഫ്.എമ്മും ഏ.എമ്മും ഒക്കെയായി നാലഞ്ചെണ്ണം. റേഡിയോ എന്ന മാധ്യമത്തിന്റെ പ്രവര്‍ത്തനം എങ്ങിനെ ആകരുത് എന്നതിന് ‍ ഗള്‍ഫിലെ മലയാള റേഡിയോ പ്രക്ഷേപണങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ മതി.

ഒരു മലയാളം എഫ്.എം. സ്റ്റേഷന്‍ അനുനിമിഷം അറേബ്യയുടെ അന്തരീക്ഷത്തിലേക്ക് തുപ്പികൊണ്ടിരിക്കുന്ന “ശുദ്ധ മലയാളം” കേട്ടാല്‍ ആ റേഡിയോവിലേക്ക് അവതാരകരെ തിരഞ്ഞെടുക്കാന്‍ ഏല്പിച്ച ഏജന്‍സിയോട് മാനേജ്‌മെന്റ് “ഏറ്റവും വികൃതമായി മലയാളം സംസാരിക്കുന്നവരെ മാത്രം ഞങ്ങളുടെ മലയാളം വിഭാഗത്തിലേക്ക് തിരഞ്ഞെടുത്താല്‍ മതി. മലയാളത്തെ വികൃതമാക്കുന്നതില്‍ ഞങ്ങളുടെ അവതാരകരെ മറ്റാരും മറികടക്കരുത്” എന്ന ഗുണപരമായ നിര്‍ദ്ദേശം കൊടുത്തിരുന്നത് പോലെ തോന്നും. നേരെ ചൊവ്വേ മലയാളം പറയാന്‍ അറിയില്ല എന്നത് പോകട്ടെ സാമാന്യ വിവരമോ പൊതുവിജ്ഞാനമോ തൊട്ടു തീണ്ടിയില്ലാത്തവരുടെ വിവരക്കേടുകളും സ്വയം പുകഴ്തലുകളും ശൃംഗാരവും കൊണ്ട് മലയാളം അനുഭവിക്കൂന്ന ശ്വാസം മുട്ടല്‍ അനിര്‍വചനീയമാണ്. മലയാളത്തിലെന്നല്ല ഒരു ഭാഷയിലും തട്ടുംതടവും ഇല്ലാതെ ഒരു മിനിറ്റ് പോലും സംസാരിക്കാന്‍ കഴിയാത്തവര്‍ ആര്‍.ജെ കുപ്പായവും ഇട്ട് അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രോതാക്കള്‍ക്ക് നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നു എന്നതാണ് വാസ്തവം.

മലയാളത്തെ “പരിപോഷിപ്പിക്കല്‍” ഒരു വഴിക്ക് നടക്കുമ്പോള്‍ ഗള്‍ഫില്‍ പോകണം എന്ന് ആഗ്രഹിക്കുന്ന നിമിഷം മുതല്‍ ഗള്‍ഫ് മലയാളി നേരിടുന്ന ചൂഷണങ്ങള്‍ പരദേശ മലയാള പ്രക്ഷേപണങ്ങളും അനുവര്‍ത്തിക്കുന്നു എന്നത് അതി ദയനീയമാണ്. എസ്.എം.എസ് എന്ന ഇരയില്‍ തൂക്കി അത്താഴപഷ്ണിക്കാരനെ “സമ്മാനാര്‍ഹര്‍” ആക്കുന്ന ബഹുമുഖ പരിപാടികളാല്‍ സമ്പന്നമാണ് മലയാള പ്രക്ഷേപണം. സാംസ്കാരിക മൂല്യങ്ങള്‍ ഉന്നതിയിലേക്കെത്തിക്കുന്ന ചോദ്യോത്തര പംക്തി കേട്ടാല്‍ ആരും ഒന്ന് നാണിച്ച് തല താഴ്തി പോകും.

“കേരളത്തിന്റെ തലസ്ഥാനം ഏത്”? “തിരുവനന്തപുരമാണോ കാണ്ഡഹാറാണോ” ഉത്തരം എസ്.എം.എസ് ചെയ്യുക. ഉത്തരം അയക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് “ചിണുങ്ങുന്ന മാവേലി” മെഗാ ഷോയുടെ ഒരു പാസ് ഫ്രീ. ഉത്തരം അയക്കുന്നവന് നാട്ടില്‍ കുടുംബത്തെ വിളിച്ച് ഒരു മിനിട്ട് സംസാരിക്കാനുള്ള വക മൊബൈലില്‍ നിന്നും “സ്വാഹ” . ഒരു മഹാഭാഗ്യന് പാസ് ലഭിക്കും. പാസ് വാങ്ങാന്‍ ടാക്സി പിടിച്ച് റേഡിയോ ഓഫീസില്‍ ചെല്ലുന്നവന് പാസ് കയ്യില്‍ കിട്ടും വരെ ചിലവ് ഏകദേശം അമ്പത് ദിര്‍ഹം. അമ്പത് ദിര്‍ഹം ചിലവഴിച്ച് “സൌജന്യമായി” നേടിയ ഗ്യാലറി പാസ്സുമായി മഹാഭാഗ്യവാന്‍ റൂമിലെത്തുമ്പോള്‍ സഹമുറിയന്‍ ഇരുപത് ദിര്‍ഹം കൊടുത്ത് അടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ഗ്യാലറി പാസെടുത്ത് കാട്ടും. ഹതഭാഗ്യന്‍ റേഡിയോ ഓഫീസില്‍ പോയി റിസപ്ഷനിസ്റ്റിനെ കണ്ടല്ലോ എന്ന സായൂജ്യം വിളമ്പി സമാധാനിക്കും. ഇതൊക്കെ വര്‍ത്തമാന കാല ഗള്‍ഫ് റേഡിയോ വിശേഷങ്ങള്‍.

മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ പിന്നാമ്പുറം ഇങ്ങിനെയൊക്കെയാണെങ്കിലും നിസ്സാ‍ര്‍ സെയ്ദ് റേഡിയോ ഏഷ്യയില്‍ രചിക്കുന്ന നന്മയുടെ പുതിയ അദ്ധ്യായം പ്രവാസത്തില്‍ ഒറ്റപെട്ടവര്‍ക്ക് സാന്ത്വന സ്പര്‍ശ്ശമാകുന്നു. എങ്ങിനെ ഒരു റേഡിയോ പരിപാടി നന്മനിറഞ്ഞതാക്കാമെന്നും റേഡിയോ എന്ന മാധ്യമത്തെ എങ്ങിനെ മനുഷ്യ നന്മക്ക് വേണ്ടി ഉപയോഗിക്കാമെന്നും റേഡിയോ ഏഷ്യയില്‍ രാത്രി ഒമ്പത് മണിക്ക് പ്രക്ഷേപണം ചെയ്യുന്ന “ടുഡേയ്സ് ടോപ് സ്റ്റോറി” എന്ന പരിപാടിയിലൂടെ നിസ്സാര്‍ സെയ്ദ് കാട്ടി തരുന്നു. പൊതുമാപ്പിന്റെ ആനുകൂല്യം പറ്റി നാട്ടില്‍ പോകാന്‍ കാത്തു നില്‍ക്കുന്ന നിസ്സഹായരായവര്‍ക്ക് വേണ്ടി പ്രവാസഭൂമികയിലെ നല്ലമനസ്സുകളെ നിസ്സാര്‍ സെയ്ദ് നന്മയുടെ നൂലില്‍ കോര്‍ത്തെടുക്കുന്നത് പുതിയ ഒരു റേഡിയോ അനുഭവമായി. പ്രവാസത്തിന്റെ പിന്നാമ്പുറങ്ങളില്‍ പെട്ടു പോയവര്‍ക്ക് സഹജീവികള്‍ ദാനമാക്കുന്ന ജീവിതം ചില പ്രായോഗികതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്, കൃത്യമായ ഉദ്ധ്യേശ്യത്തോടെ ലക്ഷ്യബോധത്തോടെ പ്രവാസത്തിന്റെ നീറ്റലുകളിലേക്ക് സാന്ത്വനം പകരാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക് ലക്ഷ്യപ്രാപ്തിയിലെത്താന്‍ ആരുടെയും ബാനര്‍ ഇല്ലാതെ ഗള്‍ഫ് മലയാളി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും എന്ന പരമമായ പ്രായോഗികതയിലേക്ക്.

ചൂഷണരഹിതമായ റേഡിയോ അനുഭവങ്ങള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. പ്രവാസത്തിലെ ചൂഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കേണ്ടവര്‍ തന്നെ കേവല എസ്.എം.എസ് പ്രഹസനങ്ങളിലൂടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്തു കൊണ്ട് ചൂഷണ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും പിന്തിരിഞ്ഞ് ഗള്‍ഫ് മലയാളിക്ക് തുണയായി മാറാന്‍ നിസ്സാര്‍ സെയ്ദിനെ പോലെയുള്ളവരുടെ നന്മകള്‍ക്ക് കഴിയട്ടെ എന്നാഗ്രഹിച്ച് പോകുന്നു.

കാരണം.

സൂസിയും രാഹുലനും എന്നത്തേയും പോലെ അന്നും താമസിച്ചാണ് കോളേജിലെത്തിയത്. കുളത്തൂപ്പുഴ നിന്നും സൂസിയും കരവാളൂര്‍ നിന്നും രാഹുലനും അഞ്ചലില്‍ ബസ്സെറങ്ങി കോളേജിലേക്ക് നീങ്ങവേ സൂസിക്ക് രാഹുവും രാഹൂന് സൂസിയും ചാറ്റാന്‍ കൂട്ടായി.

“രാഹു എന്നാ താമസിച്ചേ?” സൂസിയുടെ കുശലം.
വായ് തുറന്നാല്‍ തോന്ന്യാസം മാത്രം പുറത്ത് വരുന്ന രാഹുവിന്റെ ലേറ്റാകാനുള്ള കാരണം തികച്ചും ജനുവിന്‍.
“നിക്കറൊണങ്ങിയില്ലായിരുന്നു” സൂസിക്കിട്ട് രാവിലെ തന്നെ കൊടുത്ത പണിയില്‍ ഊറി ചിരിച്ച് രാഹുലന്‍ തിരക്കി.

“അല്ലാ... സൂസണ്‍ എന്നാ താമസിച്ചേ” സൂസീടെ മറുപടിം ജനുവിന്‍.
“എന്നാ പറയാനാ രാഹൂ...നോക്കുമ്പം രാവിലെ പാവാടേടെ വള്ളി കണ്ടില്ലായിരുന്നു...”

രാഹുവിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.

പത്ര പ്രവര്‍ത്തനം.

“പിള്ളയെ, കേരളാ കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പില്‍ നിന്നും പുറത്താക്കി...”
“ചൂടുള്ള വാര്‍ത്ത....വായിക്കൂ...ഒരു രൂപാ മാത്രം...ചൂടുള്ള വാര്‍ത്ത...ചൂടുള്ള വാര്‍ത്ത...”
കൊല്ലത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രാ മദ്ധ്യേ ആലപ്പി ബസ് സ്റ്റേഷനിലെ അന്തിപത്ര കച്ചവടം പൊടിപൊടിക്കുന്നു. ആര്‍. ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്ന കാലം. ഇതെന്ത് കൂത്ത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പോളിറ്റ് ബ്യൂറോയെ പുറത്താക്കുകയോ?

ചൂടപ്പം പോലെ തന്നെ പത്രം വിറ്റുപോകുന്നുമുണ്ട്. അന്തിപത്രം അത്ര പത്യം അല്ലെങ്കിലും ഒരു രൂപ മുടക്കാന്‍ തന്നെ തീരുമാനിച്ചു.

ഒന്നാം പേജ് അരിച്ച് പെറുക്കി “പിള്ളയെ പിള്ള ഗ്രൂപ്പില്‍ നിന്നും പുറത്താക്കി” വാര്‍ത്ത മാത്രം കാണാനില്ല.
രണ്ടാം പേജിലും ങേ..ഹേ. അങ്ങിനെയൊരു വാര്‍ത്തയേ ഇല്ല.
മൂന്നാം പേജിലെ ആറാം മൂലക്ക് ദേണ്ടെ കിടക്കുന്നു പ്രമാദമായ ആ വാര്‍ത്ത.

പുറത്താക്കി.
പള്ളിമുക്ക്: കേരളാ കോണ്‍ഗ്രസ് (ബി) പള്ളിമുക്ക് വാര്‍ഡ് കമ്മിറ്റി സെക്രട്ടറി ശ്രീ.ശിവദാസന്‍ പിള്ളയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന് കണ്ടെത്തിയതിനാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി........

റിപ്പോര്‍ട്ടിംഗ് മുതല്‍ മാര്‍ക്കറ്റിംഗ് വരെ “പത്രധര്‍മ്മം” ഉള്‍കുളിരായി നഖം മുതല്‍ മുടി വരെ പടര്‍ന്ന് കയറി.