Monday, January 31, 2011

ജീവിക്കാന്‍ വേണ്ടി...

ലൈഫ് ഇന്‍ഷുറന്‍സ് വേണം എന്ന് പറഞ്ഞാണ് അയാള്‍ വന്നത്. മണി ബാക്കും സേവിങ്ങും തുടങ്ങി നിക്ഷേപ സാധ്യതയും മൂലധന വളര്‍ച്ചയും ഉള്ള നിരവധി പോളിസികള്‍ പരിചയപ്പെടുത്തുമ്പോള്‍ അയാള്‍ക്ക്‌ അതൊന്നും കേള്‍ക്കേണ്ട. ഒരു മില്യണ്‍ ഡോളറിന്റെ ലെവല്‍ ടേം പ്ലാന്‍ വേണം. ലെവല്‍ ടേം എന്ന് പറഞ്ഞാല്‍ ഏകദേശം നമ്മുടെ മോട്ടോര്‍ ഇന്‍ഷുറന്‍സ് പോലെ. മരണം സംഭവിച്ചാല്‍ മാത്രം ക്ലയിം ലഭിക്കുന്ന പോളിസി.


അയാളുടെ നിലപാട് കണ്ടപ്പോള്‍ എന്തോ ഒരു പന്തികേട്‌ പോലെ.


"ബായി എന്താ പോളിസി എടുത്തിട്ടു ആത്മഹത്യ ചെയ്യാനുള്ള പരിപാടിയാ?. അത് നടക്കില്ല കേട്ടോ. അപകട മരണമോ സ്വോഭാവിക മരണമോ ആണെങ്കിലേ ക്ലയിം കിട്ടുള്ളൂ."


"അതൊക്കെ അറിയാം ബായി. ഞാന്‍ നാട്ടില്‍ പോയിട്ട് അവിടുന്നെന്റെ മരണ സര്ടിഫികറ്റ് സംഘടിപ്പിച്ചു അയച്ചു തരാം. താങ്കള്‍ അതൊന്നു കബൂലാക്കി എന്റെ അനിയന് കൊടുത്താല്‍ മതി. കിട്ടുന്ന പൈസേടെ പത്ത് ശതമാനം ബായിക്ക് തരാം...."


ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ വരെ പാവം പാവം ബായി തയ്യാറായിരുന്നു!

Friday, January 28, 2011

ഒരു മുഴം മുന്നേ എറിയുന്ന കുഞ്ഞാലി കുട്ടി സാഹിബ്.

വ്യാജ സീഡി വീണ്ടും!

കുഞ്ഞാലി കുട്ടി സാഹിബിനെ തന്റെ ഭാര്യ ബന്ധു ശ്രീ. റൌഫ് വ്യാജ സീഡി കാട്ടി പേപ്പിടിയക്കുന്നു എന്ന് കുഞ്ഞാലി കുട്ടി പത്ര സമ്മേളനം നടത്തി പറഞ്ഞിരിക്കുന്നു. തന്നെ വധിക്കാന്‍ റൌഫ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു വെച്ചിരിക്കുന്നു. പക്ഷെ വധ ഭീഷണിയല്ല കുഞ്ഞാലി കുട്ടി സാഹിബിനെ അലട്ടുന്നത് എന്ന് അദ്ധേഹത്തിന്റെ ശരീര ഭാഷയില്‍ നിന്നും തന്നെ വ്യക്തമാണ്‌. ചിത്ര വധം ചെയ്യപ്പെടാന്‍ വിധിക്കപ്പെട്ട ഒരാളുടെ ഭാവമായിരുന്നു അദ്ദേഹത്തിന്റേത്.

വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലി കുട്ടിയുടെ നിഴലായിരുന്നു ഇന്ന് അദ്ദേഹത്തിനു അനഭിമതനായി മാറിയിരിക്കുന്ന റൌഫ്. വ്യവസായ മന്ത്രിയുടെ ഓഫീസിനെ റൌഫ് വ്യവസായ മന്ത്രിക്കും തനിക്കു വേണ്ടി തന്നെയും ദുരുപയോഗം ചെയ്തിട്ടിണ്ട്‌ എന്നത് അന്നേ പരസ്യമായിരുന്നു. ഇന്ന് പത്ര സമ്മേളനത്തില്‍ കുഞ്ഞാലി കുട്ടി സാഹിബ് തന്നെ അത് തുറന്നു സമ്മതിക്കുകയും ചെയ്തിരിക്കുന്നു. മന്ത്രിയായിരുന്ന കാലത്ത് റൌഫ് ഉള്‍പ്പെടെ പലരെയും താന്‍ വഴി വിട്ടു സഹായിച്ചിട്ടുണ്ട് എന്ന കുഞ്ഞാലി കുട്ടി സാഹിബിന്റെ കുറ്റസമ്മതം മന്ത്രിയായിരിക്കാനുള്ള തന്റെ യോഗ്യതയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. മന്ത്രിയായിരുന്നപ്പോള്‍ താന്‍ വഴിവിട്ട നിലപാടുകള്‍ എടുത്തിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പറയുമ്പോള്‍ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം എടുത്ത എല്ലാ തീരുമാനങ്ങളും നടപടികളും അന്വോഷണ വിധേയം ആകണം.

സീഡി എന്ന് കേട്ട നിമിഷം തന്നെ ഒരാള്‍ തന്നെ പെപ്പിടിയാക്കുന്നു എന്ന് വിലപിച്ചു സാഹിബ് പത്ര സമ്മേളനം നടത്തിയത് ഏതോ ഒരു സീഡിയോ അല്ലെങ്കില്‍ ഒരു കൂട്ടം സീഡികള്‍ ഒരുമിച്ചോ അദ്ദേഹത്തെ ഭയപ്പെടുത്തുന്നു എന്ന സൂചനയാണ് നല്കുന്നുത്. കുഞ്ഞാലികുട്ടി സാഹിബിന്റെ പ്രതിശ്ചായക്ക്‌ മങ്ങലേല്‍ക്കുന്ന തരത്തില്‍ ഏതെങ്കിലും സീഡികള്‍ രംഗത്ത് വരികയോ വരാതിരിക്കുകയോ ചെയ്യട്ടെ. പക്ഷെ സീഡികള്‍ വ്യജമാനെങ്കില്‍ അദ്ദേഹം എന്തിനു ഭയക്കണം? ഒരിക്കല്‍ ഐടി മന്ത്രിയായിരുന്ന അദ്ദേഹത്തിനു വ്യാജ സീഡി വളരെ ലളിതമായി പിടിക്കപ്പെടും എന്ന തിരിച്ചറിവ് ഇല്ലാതിരിക്കുമോ? അപ്പോള്‍ ഏതോ സീഡികള്‍ അദ്ധേഹത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട്.

"ഇന്നലെ വരെ പലതും നടന്നിട്ടുണ്ടാകും.."

"താന്‍ ഇന്നി ബ്ലാക്ക്‌ മെയിലിങ്ങിനു നിന്ന് കൊടുക്കില്ല."

"മനുഷ്യനല്ലേ ... ഇതുവരെ നടന്നത് നടന്നു."

"കൊന്നാലും ബ്ലാക്ക്‌ മെയിലിങ്ങിനു ഇന്നി നിന്ന് കൊടുക്കില്ല."

അദ്ധേഹത്തിന്റെ ലൈവ് വാക്കുകള്‍. ....

അതായതു ഇന്നലെ പലതും അദ്ദേഹം നടത്തിയിട്ടുണ്ട്. അത് നാട്ടുകാര്‍ അറിയുന്ന കാര്യങ്ങള്‍. ഇന്ന് അദ്ദേഹം  തന്നെ അത് തുറന്നു പറയുകയും ചെയ്യുന്നു. നാട്ടുകാര്‍ അറിയുന്ന റജീന അല്ലാതെ മറ്റെന്തോക്കെയാണ് അദ്ദേഹം അന്ന് നടത്തിയതെന്ന് കൂടി പുറത്തു വരേണ്ടിയിരിക്കുന്നു.

മലബാര്‍ സിമന്റസിലെ അഴിമതി പര്‍വ്വം കുഞ്ഞാലി കുട്ടി സാഹിബ്‌ വ്യവസായ മന്ത്രിയായിരുന്ന കാല ഘട്ടത്തില്‍ ആയിരുന്നു നടന്നത്. സിമന്റസിലെ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണവും ഇപ്പോഴത്തെ അദ്ധേഹത്തിന്റെ പത്ര സമ്മേളനവുമായി വല്ല ബന്ധവും ഉണ്ടോ? ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെടുത്തി വാര്‍ത്തകളില്‍ വരുന്ന വ്യവസായി രാധാകൃഷ്ണനും കുഞ്ഞാലികുട്ടി സാഹിബിന്റെ ആഫീസുമായി
ബന്ധ പെട്ടിരുന്നു എന്ന വാര്‍ത്തകളും പുറത്തു വന്നു കൊണ്ടിരിക്കുന്നു. മലബാര്‍ സിമന്റസിലെ അഴിമതി വിചാരണക്ക് വരുന്ന ദിനങ്ങളിലാണ് ശശീന്ദ്രന്‍ ദുരൂഹമായി മരണപ്പെടുന്നതും അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന ഒരാള്‍ വധ ഭീഷണി ഉണ്ട് എന്ന് പറഞ്ഞു വിലപിക്കുന്നതും.

ഇപ്പോള്‍ എല്ലാം പുറത്തു വരുന്ന കാലം. കുഞ്ഞാലി കുട്ടി സാഹിബിനും എല്ലാം തുറന്നു പറയാന്‍ ഒരു പക്ഷെ കാലം കൊടുത്ത അവസരം ആകാം ഇത്. അദ്ദേഹം കിട്ടിയ അവസരം നന്നായി ഉപയോഗിക്കട്ടെ!

പിന്‍ വിളി.
നമ്മുടെ തമിഴന്‍ സ്വാമിയും പറയുന്നത് അത് തന്നെ.
"സീഡി വ്യാജമാണെന്ന്!"