Thursday, March 26, 2020

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം (മാർച്ച് 26)



ഇന്ന് കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയ 19 കേസുകൾ ഉണ്ടായിട്ടുണ്ട്. ഒമ്പത് പേർ കണ്ണൂരും മൂന്നാൾ കാസറഗോഡും മൂന്നു പേർ മലപ്പുറത്തും രണ്ടാൾ തൃശൂരും  ഓരോരുത്തർ ഇടുക്കിയും വയനാടും. ഇന്ന് ടെസ്റ്റ് ചെയ്തവരിൽ 968 പേരുടെ റിസൾട്ട് നെഗറ്റീവ് ആയിട്ടുണ്ട്.
.
ഒരുലക്ഷത്തി ഇരുപതിനായിരത്തി മൂന്ന് പേർ ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ ഒരു ലക്ഷത്തി ഒരായിരത്തി നാനൂറ്റി രണ്ടു പേർ വീടുകളിലും അറുനൂറ്റി ഒന്ന് പേർ ആശുപത്രികളിലും ആണ് ഉള്ളത്.  ഇന്ന് 132 പേരെ കൂടി ആശുപത്രികളിലേക്ക് മാറ്റി.
.
കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് സ്വാഗതം ചെയ്യുന്നു.
.
കേരളത്തിൽ 50607 ഐ സി യു മുറികൾ സര്വസജ്ജമായിട്ടുണ്ട്. വേണ്ടി വന്നാൽ ഹോസ്റ്റലുകളും ഹോസ്പിറ്റൽ സൗകര്യം ഉള്ളവയാക്കി മാറ്റും.
 .
കമ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്ത് 43 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിച്ചു തുടങ്ങി. വാർഡ് തല സമിതികൾ മറ്റുള്ളിടത്തും കമ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആരംഭിക്കാൻ ഉള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 861 പഞ്ചായത്തുകൾ കമ്മ്യൂണിറ്റി കിച്ചൺ പ്രാഥമിക ഘട്ടം പൂർത്തിയായി... 84 മുൻസിപ്പിലാറ്റികളും തയ്യാറായി. കമ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യം ഉള്ള ഉപകരണങ്ങളും പാത്രങ്ങളും ലഭ്യമാക്കാൻ കാറ്ററിങ് അസോസിയേഷൻ സമ്മതിച്ചിട്ടുണ്ട്.
.
ക്ഷേമ പെൻഷനുകൾ നാളെ മുതൽ വിതരണം ചെയ്യാൻ ആണ് തീരുമാനിച്ചിരുന്നത് എങ്കിലും നിരവധി സഹകരണ സ്ഥാപനങ്ങൾ ഇന്ന് മുതൽ തന്നെ വിതരണം തുടങ്ങി.
.
22 മുതൽ 40 വരെ വയസ്സ് പ്രായം ഉള്ളവരെ ചേർത്ത് സന്നദ്ധ സേന രൂപീകരിക്കും. സന്നദ്ധ എന്ന വെബ് സൈറ്റിൽ താല്പര്യം ഉള്ളവർ പേര് രെജിസ്റ്റർ ചെയ്യണം. ആകെ രണ്ടുലക്ഷത്തി മുപ്പത്തി ആറായിരം സന്നദ്ധ പ്രവർത്തകരെ ആണ് ഇപ്പോഴത്തെ നിലയിൽ വേണ്ടതായിട്ട് ഉള്ളത്. ഓരോ പഞ്ചായത്തിലും 200 പേരെയും നഗരസഭയിൽ 500 പേരെയും കോർപ്പറേഷനിൽ 750 പേരെയും നിയോഗിക്കും. സന്നദ്ധ സേവകർക്ക് തിരിച്ചറിയൽ കാർഡ് നൽകും
.
റേഷൻ കാർഡില്ലാത്തവർക്കും റേഷൻ വിതരണം ചെയ്യാൻ ഉള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തി വെപ്പും ഒരു നിലയ്ക്കും അനുവദിക്കില്ല. നിത്യോപയോഗ സാധനങ്ങൾക്ക് മുട്ട് വരാതിരിക്കാൻ സംസ്ഥാനത്തെ മൊത്ത കച്ചവടകക്കാരുമായും ചില്ലറ  കച്ചവടക്കാരുടെ പ്രതിനിധികളുമായും ഓഡിയോ വീഡിയോ കോൺഫറൻസ് നടത്തി അവരിൽ നിന്നും ഉറപ്പ് നേടിയിട്ടുണ്ട്.  നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടി വിൽക്കുന്നവർക്ക് എതിരെ ശക്തമായ നടപടി എടുക്കും.
.
വീടുകളിലും മറ്റും ഒറ്റപ്പെട്ടവരെ  സഹായിക്കാൻ യുവജന കമ്മീഷൻ 1465 പേരെ നിയോഗിച്ചിട്ടുണ്ട്.
.
അന്യസംസ്ഥാനങ്ങളിൽ നിന്നും സാധനങ്ങൾ കൊണ്ട് വരാൻ ഉള്ള തടസങ്ങൾ നീക്കും. കോൺവോയ് അടിസ്ഥാനനത്തിൽ സംസ്ഥാനത്ത് നിന്നും വാഹനങ്ങൾ അയച്ച് നിത്യോപയോഗ സാധനങ്ങൾ എത്തിക്കും.
.
ക്ഷീര വികസനവും മൃഗസംരക്ഷണവും ആവശ്യ വകുപ്പ് ആക്കി മാറ്റിയിട്ടുണ്ട്.
.
നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഓർത്ത് സംസ്ഥാനത്തിന് പുറത്തുള്ളവർ വേവലാതിപ്പെടേണ്ട. അവരുടെ കാര്യം ഏതു സാഹചര്യത്തിലും സർക്കാർ നോക്കി കൊള്ളും. നിൽക്കുന്നിടത്ത് തുടരുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വനം എല്ലാവരും അനുസരിക്കണം.
.
അതിഥി തൊഴിലാളികൾക്ക് ശ്രദ്ധയും സംരക്ഷണവും നൽകും. 
.
പോലീസിന്റെ പ്രവർത്തനം നല്ല നിലയ്ക്ക് മുന്നോട്ടു പോകുന്നുണ്ട്. എങ്കിലും ചില മേഖലകളിൽ നിന്നും പൊലീസിന് മോശം വരത്തക്ക രീതിയിൽ ഉള്ള പ്രവർത്തനം ചില പോലീസുകാരുടെ ഭാഗത്ത് നിന്നും വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു പോലീസുകാരൻ ചെയ്യുന്ന മോശം പ്രവർത്തി മുഴുവൻ പോലീസിന്റെയും വീഴ്ചയായി വ്യാഖ്യാനിക്കപ്പെടുകയും   സംസ്ഥാനത്തിന്റെ കീർത്തിക്ക് ഭംഗം വരുത്തുകയും ചെയ്യും. പോലീസിന്റെ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമം ആക്കും. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പുറത്ത് പോകാൻ ഉള്ള അവകാശം ജനങ്ങൾക്ക് ഉണ്ട്. പോലീസ് അത് തടയരുത്.എന്നാൽ വെറുതെ കറങ്ങാൻ പോകുന്നവരെ വിലക്കുകയും വേണം.
.
തുണിക്കടകൾ അടച്ചിരിക്കുന്നതിനാൽ നവജാത ശിശുക്കൾക്ക് ഉള്ള കുഞ്ഞുടുപ്പുകൾ ലഭ്യം അല്ലാത്ത സാഹചര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് പരിഹരിക്കാൻ നവജാത കുഞ്ഞുങ്ങൾക്ക് ഉള്ള ഉടുപ്പുകൾ മെഡിക്കൽ സ്റ്റോറുകൾ മുഖേന ലഭ്യമാക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
.
കോവിഡ് - 19 പ്രതിരോധ പ്രവർത്തനത്തിന് 2012 - നു ശേഷം വിരമിച്ച ഡോക്ടറന്മാരെയും ആരോഗ്യ പ്രവര്ത്തകരെയും തിരിച്ചു വിളിച്ച് താല്പര്യം ഉള്ളവർക്ക് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കാൻ ഉള്ള അവസരം നൽകും. അവരുടെ പ്രവർത്തന പരിചയവും അനുഭവ ജ്ഞാനവും ആരോഗ്യ മേഖലയ്ക്ക് കൂട്ടാകും എന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

ഫോൺ വിളിക്കാൻ റീചാർജ്ജ് ഇല്ലാതെ വിഷമിക്കുന്നവർക്ക് റീചാർജ്ജ് ചെയ്തു കൊടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതല പെടുത്തിയിട്ടുണ്ട്.

ആരോഗ്യപ്രവർത്തകർക്ക് കെ എസ് ആർ ടി സി യാത്രാ  സൗകര്യം ഒരുക്കും.

നനവജാതർക്കുള്ള കുഞ്ഞുടുപ്പു മുതൽ ഒറ്റപ്പെട്ടവർക്കുള്ള കൂട്ടിരുപ്പ് വരെ. ഇന്ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം എന്നത്തേയും പോലെ സംഗീതാത്മകം.

മനുഷ്യ സ്നേഹത്തിന്റെ കരുതലിന്റെ തലോടലിന്റെ ഒരു പത്ര സമ്മേളനം കൂടി.

നാം ഈ ദുരന്തവും അതി ജീവിക്കും.