Saturday, May 10, 2008

അമേരിക്കയില്‍‌ നിന്നും ലോകം കാംക്ഷിക്കുന്നത് എന്തെന്നാല്‍...

അമേരിക്കയില്‍ ഒരു പ്രസിഡന്റിനെ തിരഞ്ഞെടുക്കുക എന്നാല്‍ ഏക ധ്രുവ ലോക ക്രമത്തില്‍ ഒരു അന്താരാഷ്ട്രാ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് തുല്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്നതിലുപരി അന്താരാഷ്ട്രാ പൊതു സമൂഹത്തിന് വേണ്ടി എന്തു ചെയ്യുന്നു എന്നുള്ളതാണ് ചിന്തനീയം. അമേരിക്കയുടെ ഭരണത്തലവന്‍ കഴിവ് കെട്ടവനും ഹിംസയെ പ്രോത്സാഹിപ്പിക്കുന്നവനും സ്വന്തം പ്രജകള്‍ക്ക് പോലും അനഭിമതനും ആയിതീര്‍ന്നാല്‍ ലോക സമാധാനത്തിനും പൊതു ജീവിതത്തിനും ആ പ്രസിഡന്റ് പദവി ഏല്പിക്കുന്ന അഘാതങ്ങള്‍ ചെറുതല്ലാത്തതായിരിക്കും. ഇന്ന് ലോകം നേരിടുന്ന പ്രതിസന്ധികള്‍ തന്നെയാണ് അതിനുദാഹരണം.


ഒരു രാജ്യത്തെ ഭരണ കൂടത്തിന്റെ വീഴ്ചയില്‍ നിന്നും ജനതയുടെ ശ്രദ്ധ തിരിച്ച് വിടുവാന്‍ പലപ്പോഴും ഭരണാധികാരികള്‍ കാട്ടുന്ന ചെപ്പടി വിദ്യകളില്‍ ഒന്നാണ് അന്യ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്ന് കയറ്റം. ആ നശിച്ച സെപ്തംബര്‍ പതിനൊന്നിന്റെ തലേന്ന് വരെ ഭൂ‍ലോകത്തെ ഏറ്റവും സുരക്ഷിതരായ ഒരു സമൂഹമാണ് തങ്ങെളെന്നായിരുന്നു അമേരിക്കന്‍ ജനത കരുതിയിരുന്നത്. ഏതാനും കൂലിപടയാളികള്‍ ഒന്നിരുത്തി ചിന്തിച്ച് ഒത്തുപിടിച്ചപ്പോള്‍ തകര്‍ന്നത് ഒരു ഇരട്ട കെട്ടിടം മാത്രം ആയിരുന്നില്ല. ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തികളാണ് തങ്ങളെന്ന അതുവരെയുണ്ടായിരുന്ന അമേരിക്കന്‍ പൊതു സമൂഹത്തിന്റെ വിശ്വാസം കൂടിയാണ്. ആ തകര്‍ച്ചയുടെ അടിവേര് ചെന്ന് നില്‍ക്കുന്നത് ആഭ്യന്തര സുരക്ഷയില്‍ ഭരണകൂടത്തിനുണ്ടായ ഭീതിതമായ പിഴവിലേക്കാണ്. ആ പിഴവ് മറച്ച് വെക്കാനാണ് ആദ്യം അഫ്‌ഗാനിസ്ഥാനിലേക്കും പിന്നെ ഇറാക്കിലേക്കും അമേരിക്കന്‍ ഭരണകൂടം ഇരച്ച് കയറിയത്.

ആറ് വര്‍ഷത്തിനിപ്പുറവും അക്രമകാരികളെ അമര്‍ച്ച ചെയ്യാന്‍ തങ്ങളെ കൊണ്ട് കഴിഞ്ഞിട്ടില്ല എന്ന് അമേരിക്കന്‍ ഭരണകൂടം കുറ്റ സമ്മതം നടത്തുമ്പോള്‍ ആറ് വര്‍ഷത്തിനപ്പുറം അമേരിക്കന്‍ പൌരന്മാര്‍ എത്രത്തോളം സുരക്ഷിതരായിരുന്നു അല്ലെങ്കില്‍ ലോകം എത്രത്തോളം അപകട രഹിതമായിരുന്നു എന്ന് കൂടി ചിന്തിക്കണം. തങ്ങളുടെ പിഴവുകളുടെ ഫലമായി ഉണ്ടായ ഒരു സംഭവത്തിന് പ്രതികാരത്തിനിറങ്ങി തിരിച്ചവര്‍ ലോകത്ത് കൂടുതല്‍ അനാഥരെ സൃഷ്ടിച്ചു. അനാഥത്വം തീവ്രവാദികള്‍ക്കും ഭീകരതക്കും ജന്മം നല്‍കി. അങ്ങിനെ അമേരിക്കയുടെ താരതമ്യേന കഴിവു കെട്ട, ലോക സമൂഹത്തിന്റെ നിലനില്പിനെ കുറിച്ച് ചിന്തിക്കാത്ത ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ കീഴില്‍ ലോകം ഏറ്റവും ദുര്‍ഘടമായ പാതയിലൂടെ സഞ്ചരിക്കാന്‍ നിര്‍ബന്ധിതമായി. അമേരിക്കന്‍ പ്രസിഡന്റിന്റെ പിടിപ്പുകേടില്‍ ലോകം ദുരന്തങ്ങളില്‍ നിന്നും ദുരന്തങ്ങളിലേക്ക് പ്രയാണം നടത്തവേയാണ് രണ്ടായിരത്തി എട്ടിലെ പൊതു തിരഞ്ഞെടുപ്പ് കടന്ന് വരുന്നത്.


ഹില്ലാരി ക്ലീന്റണ്‍ അമേരിക്കയുടെ പ്രഥമ വനിതയായിരുന്ന ഒരു കാലഘട്ടത്തില്‍ അവരുടെ നയ ചാതുരിയില്‍ അത്ഭുതം തോന്നിയിരുന്നു. ഡയാന രാജകുമാരി ലോകത്തിന് എങ്ങിനെ പ്രിയപ്പെട്ടവളായിരുന്നുവോ അതിന് തുല്യമോ അല്ലെങ്കില്‍ ഒരു പടി കൂടിയോ ലോകം ഹില്ലാരിയെ സ്നേഹിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. രണ്ടായിരത്തി എട്ടിലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശ്രീമതി ഹില്ലാരി സ്ഥാനാര്‍ത്ഥിയാകും എന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ അമേരിക്കയില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുന്നു എന്നതിലുപരി ലോക ക്രമത്തിന് പുതിയ മാനങ്ങള്‍ ഉണ്ടാകും എന്ന സന്തോഷമാണ് ലോക സമാധാനം കാംക്ഷിക്കുന്ന ഏവര്‍ക്കും ഉണ്ടായത്. ബാരിക്ക് ഒബാമയുടെ സ്ഥാനാര്‍ത്ഥിത്വം ഹില്ലാരിക്ക് ഉറക്കം നഷ്ടപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ മുതലാണ് ശ്രീമതി ഹില്ലാരിയുടെ തനിനിറം പുറത്ത് വരാന്‍ തുടങ്ങിയത്.

രണ്ടായിരത്തി എട്ടില്‍ അമേരിക്കയുടെ പ്രസിഡന്റ് താനായിരിക്കുമെന്ന് ഉറപ്പിച്ച് പ്രചാരണം ആരംഭിച്ച ശ്രീമതി ഹില്ലാരി തിരഞ്ഞെടുപ്പ് പ്രകൃയയില്‍ നിന്നും പതുക്കെ പതുക്കെ പുറന്തള്ളപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരിക്കലും ഇങ്ങിനെയൊരു പരിണതി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച നിമിഷങ്ങളില്‍ ശ്രീമതി ഹില്ലാരി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. നോര്‍ത്ത് കാരളൈന്‍ പ്രൈമറിയിലെ പരാജയവും ഇന്‍‌ഡ്യാനയിലെ നിറമില്ലാത്ത വിജയവും ഹില്ലാ‍രി ക്ലിന്റണെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള മത്സരയോട്ടത്തില്‍ നിന്നും പിന്‍‌വാങ്ങാന്‍ നിര്‍ബന്ധിതയാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അതാത് രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന് വേണ്ടി നടത്തപ്പെടുന്ന പ്രൈമറികളിലെ വോട്ടെടുപ്പ് അവസാ‍നത്തോടടുക്കുമ്പോള്‍ തുടക്കം മുതല്‍ തന്നെ ഹില്ലാരിയെ പിന്തള്ളിയ ഒബാമ തന്റെ സ്ഥാനാര്‍ത്ഥിത്വം അവസാനം നടന്ന രണ്ട് പ്രൈമറികളില്‍ കാട്ടിയ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ ഉറപ്പിച്ചിരിക്കുന്നു.


ഒരു തിരിച്ചുവരവ് ഹില്ലാരിക്ക് ഇന്നി അപ്രാപ്യമാണ്. അത് മറ്റേരേക്കാളും അറിയുന്നത് ഹില്ലാരിക്കാണ് താനും. പിന്നെയും അവസാനം ഫലം വരുന്നതു വരെയും പോരാടും എന്ന നിലപാടിലേക്ക് ഹില്ലാരി നീങ്ങുന്നത് എന്തു കൊണ്ടാണ്? ഒന്നും കാണാതെയാകില്ല ഹില്ലാരി ഈ തീരുമാനം എടുത്തിരിക്കുക.ആന്റി ക്ലൈമാക്സിലേക്ക് നീങ്ങുന്ന ഹില്ലാരി ഒബാമ പോരാട്ടത്തിനൊടുവില്‍ ഹില്ലാരി തന്നെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയാകുന്നിടത്ത് ആയിരിക്കും ഈ നാടകങ്ങള്‍ അവസാനിക്കുക. സൂപ്പര്‍ ഡെലിഗേറ്റുകളുടെ പിന്തുണയോടെ ഹില്ലാരി അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മെക്കയനോട് പരാജയം ഏറ്റു വാങ്ങുകയും ചെയ്യും.


സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്കെതിരേ പോലും ഏത് നെറികെട്ട പ്രചാരണവും നടത്താന്‍ മടിക്കാത്ത, പൊട്ടിക്കരഞ്ഞും പുലഭ്യം പറഞ്ഞും വോട്ടു കൂട്ടാന്‍ ശ്രമിക്കുന്ന ശ്രീമതി ഹില്ലാരി ക്ലിന്റണില്‍ നിന്നും അമേരിക്കയോ അല്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹമോ എന്ത് പ്രതീക്ഷിക്കണം? പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പോലും ആകുന്നതിന് മുന്നേ ഒരു രാഷ്ട്രത്തിനെതിരേ യുദ്ധ പ്രഖ്യാപനം നടത്തുന്ന ശ്രീമതി ഹില്ലാരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കക്കും ലോകത്തിനും വരുത്തി വെക്കാന്‍ പോകുന്ന വിനകള്‍ എന്തൊക്കെയാകും? എന്ത് വിലകൊടുത്തും വിജയം വരിക്കാന്‍ ശ്രമിക്കുന്ന ഒരു നേതാവും ഒരു ജനതക്കും ഹിതകരമല്ല. ശ്രീമതി ഹില്ലാരിയെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും തടയാന്‍ ശ്രമിക്കുന്ന ഡെമോക്രാറ്റ് പാര്‍ട്ടീ പ്രവര്‍ത്തകര്‍ ലോകത്തെ തന്നെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

അമേരിക്കയില്‍ ഒരു മാറ്റം അനിവാര്യമാണ്. ബാരിക് ഒബാമ അമേരിക്കയില്‍ മാറ്റത്തിന് നാന്നി കുറിക്കുമെന്ന് ലോകം കരുതുന്നു. ആ മാറ്റം സമാധാനപരമായ ലോക ക്രമത്തിനും അനിവാര്യമാണ്. ബാരിക്ക് ഒബാമയില്‍ ലോകം വേറിട്ട ഒരു അമേരിക്കന്‍ പ്രസിഡന്റിനെയാണ് ദര്‍ശിക്കുന്നത്. അന്താരാ‍ഷ്ട്രാ സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് അമേരിക്കന്‍ പ്രസിഡന്റാകുന്ന ബാരിക് ഒബാമക്ക് ഉയരാന്‍ കഴിയുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബാരിക് ഒബാമ മത്സരിക്കാന്‍ ഉണ്ടാകില്ല.

ലോകത്തെ ഏറ്റവും പരിഷ്കൃത സമൂഹം വംശീയതയുടെ പേരില്‍ ബാരിക്ക് ഒബാമയെ പിന്നിലേക്ക് മാറ്റി ശ്രീമതി ഹില്ലാരിയെ സ്ഥാനാര്‍ത്ഥിയാക്കും. പെണ്ണിനെ പ്രസിഡന്റാക്കാന്‍ മടിക്കുന്ന അമേരിക്കന്‍ യാഥാസ്തിക സമൂഹം ഹില്ലാരി എന്ന പെണ്ണിനെതിരേ വോട്ട് കുത്തും. ശ്രീമാന്‍ ബുഷിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയായ, യുദ്ധവെറിയില്‍ മുന്‍‌ഗാമിയേക്കാള്‍ ഒട്ടും പിന്നിലല്ലാത്ത മെക്കയന്‍ ലോകത്തെ ബുഷിന്റെ പാതയിലൂടെ തന്നെ ആട്ടിതെളിക്കും. യുദ്ധങ്ങള്‍ പരമ്പരയാകും. അനാഥര്‍ ഇന്നിയും കൂടും. തീവ്രവാദം ലോകക്രമമായി തീരും. ഇതില്‍ കൂടുതല്‍ ഒന്നും ലോകത്തെ വന്‍ ശക്തിയില്‍ നിന്നും പ്രതീക്ഷിക്കുക വയ്യ.