Wednesday, November 03, 2010

ജന്തു സ്നേഹത്തിന്റെ ഷാര്‍ജ്ജാ മാതൃക!

നുഷ്യനെ ആശ്രയിച്ചു ജീവിക്കുന്ന മൃഗങ്ങളില്‍ മനുഷ്യന്റെ സാമീപ്യവും സഹവാസവും ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ജീവികളാണ് നായ്ക്കളും മാര്‍ജ്ജാരന്മാരും. മനുഷ്യ സ്നേഹം പിടിച്ച് വാങ്ങാന്‍ എപ്പോഴും ഈ ജന്തുക്കള്‍ ശ്രമിക്കാറും ഉണ്ട്. നായ്ക്കളും പൂച്ചകളും ഒരിക്കലും വന്യമൃഗത്തിന്റെ സ്വഭാവം സൂക്ഷിക്കുന്നവരല്ല. മനുഷ്യനോടൊപ്പം സഹവസിക്കാനാണ് ഇവ എപ്പോഴും ശ്രമിക്കാറ്. എങ്കിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളും പൂച്ചകളും മനുഷ്യന് പലപ്പോഴും അപകടങ്ങള്‍ വരുത്തി വയ്ക്കാറും ഉണ്ട്.

ഷാര്‍ജ്ജയിലെ തെരുവുകളിലും അലഞ്ഞ് തിരിയുന്ന പൂച്ചകള്‍ സര്‍വ്വസാധാരണമാണ്. എങ്കിലും, അലഞ്ഞ് നടക്കുന്ന നായ്ക്കള്‍ താരതമ്യേന ഇല്ലാ എന്നു തന്നെ പറയാം. പൂച്ചകള്‍ പക്ഷേ എവിടേയും എപ്പോഴും കാണാം. അലഞ്ഞ് തിരിയുന്ന പൂച്ചകളെ ഉണ്മൂലനം ചെയ്യുക എന്ന ഒരു തീരുമാനം അധികാരികള്‍ എടുത്താല്‍ പൂച്ച ശല്യം കുറക്കാന്‍ എളുപ്പം ഒരു പക്ഷേ ആ തീരുമാനം ആയിരിക്കാം. എന്നാല്‍ ഷാര്‍ജ്ജയിലെ ഭരണാധികാരികള്‍ എടുത്ത തീരുമാനം ഒരു ഭരണ കൂടത്തിന്റെ നന്മകളെയാണ് വിളിച്ചോതുന്നത്.

ഷാര്‍ജ്ജാ ഭരണാധികാരി ഹിസ് ഹൈനസ് ഷേക്ക് ഖാസിമിയുടെ തീരുമാനമാണ് തെരുവ് പൂച്ചകള്‍ക്ക് ആശ്രയമായി ഷാര്‍ജ്ജാ ക്യാറ്റ്സ് ആന്റ് ഡോഗ്സ് ഷെല്‍റ്റര്‍ നിലവില്‍ വന്നത്. അഭയമോ ആശ്രയമോ ഇല്ലാത്ത അവസ്ഥ... അത് മനുഷ്യനായാലും മൃഗമായാലും ഭയാനകമാണ്. ലോകം മുഴുവനും അടക്കി വാഴുന്ന മനുഷ്യന്‍ അറിഞ്ഞു കൊണ്ടും അറിയാതെയും ഈ ലോകത്തിന്റെ തുല്ല്യ അവകാശികളായ മറ്റു ജന്തുക്കളുടെ ആവാസ വ്യവസ്ഥകള്‍ ഇല്ലായ്മ ചെയ്യുകയാണ് ഒരോ നിമിഷവും ചെയ്യുന്നത്. തെരുവില്‍ ഒരു പൂച്ച കുഞ്ഞിനെ കണ്ടാല്‍ തൊഴിച്ചു തെറിപ്പിക്കുന്ന സംസ്കാരത്തില്‍ നിന്നും മനുഷ്യനെ വ്യതി ചലിപ്പിക്കാന് ആ പൂച്ച കുഞ്ഞിനും ജീവിക്കാനുള്ള അവകാശം നമ്മുക്ക് തുല്ല്യമാണ് എന്നോര്‍മ്മപ്പെടുത്തി കൊണ്ടാണ് ഷാര്‍ജ്ജാ ക്യാറ്റ് ആന്റ് ഡോഗ്സ് ഷെല്‍റ്റര്‍ പ്രവര്‍ത്തിക്കുന്നത്.

അനാഥമായി അലഞ്ഞ് തിരിയുന്ന പൂച്ചകളെ കണ്ടാല്‍ അവയെ സംരക്ഷിക്കാനായി ഒരു അഭയ കേന്ദ്രം സര്‍ക്കാര്‍ ചുമതലയില്‍ ഈ പട്ടണത്തില്‍ ഉണ്ട് എന്നോര്‍ക്കുക! ഷാര്‍ജ്ജാ ക്യാറ്റ് ആന്റ് ഡോഗ്സ് ഷെല്‍റ്ററിന്റെ 06-5453985 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ സ്കാഡ്സിന്റെ വാഹനത്തില്‍ ജീവനക്കാരെത്തി പൂച്ചകളെ പിടിച്ച് കൊണ്ടു പോയി പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തി ഭക്ഷണവും വെള്ളവും സുലഭമായി കിട്ടുന്നിടങ്ങളില്‍ തിരികെ എത്തിക്കുകയോ അല്ലെങ്കില്‍ പൂച്ചകളെ ദത്തെടുത്ത് വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിയ ചില നടപടി ക്രമങ്ങളിലൂടെ നല്‍കുകയോ ചെയ്യും.

പൂച്ചകള്‍ ഒരിക്കലും മനുഷ്യന് ശല്ല്യമല്ല. നമ്മുടെ വാസ സ്ഥലത്തെ എലി, പാറ്റ, പല്ലി ശല്ല്യം മുഴുവനായി തന്നെ ഒഴിവാക്കാന്‍ പൂച്ചയുടെ സാനിദ്ധ്യം കൊണ്ട് കഴിയുകയും ചെയ്യും. എലിശല്ല്യം ഒഴിവാക്കാന്‍ വിഷം വെക്കുന്ന രീതി കുഞ്ഞുങ്ങള്‍ക്കും മറ്റു വളര്‍ത്തു മൃഗങ്ങള്‍ക്കും ഉണ്ടാക്കുന്ന അപകടങ്ങള്‍ നാം തിരിച്ചറിയേണ്ടുന്നതുണ്ട്. ഒരു പൂച്ചക്കിത്തിരി സ്നേഹവും ഇമ്മിണി ഭക്ഷണവും കുറച്ച് വെള്ളവും കിടക്കാനൊരു മൂലയും കൊടുത്താല്‍ ഒരെലിയും പിന്നെ വീട്ടിനുള്ളില്‍ കടക്കില്ല!

നമ്മള്‍ കഴിച്ചു ബാക്കിയാകുന്ന ഭക്ഷണത്തിന്റെ ഒരോഹരി മതി ഒരു പൂച്ചയെ നമ്മുക്ക് ദത്തെടുത്ത് പോറ്റുവാന്‍. കച്ചറ ഡബ്ബയില്‍ തള്ളുന്ന ഭക്ഷണത്തില്‍ തലയിട്ട് മാന്തി അന്നം തേടുന്ന പൂച്ച കുഞ്ഞുങ്ങള്‍ക്ക് നുറുങ്ങ് സ്നേഹം ചേര്‍ത്ത് നമ്മുടെ ഉമ്മറത്ത് അന്നമൊരിയ്ക്കിയാല്‍ അത് നമ്മേ പോലെ തന്നെ ഈ ലോകത്ത് ജീവിക്കാന്‍ അവകാശമുള്ളൊരു ജീവിയോട് ചെയ്യുന്ന വല്ല്യ കാരുണ്യമായിരിക്കും. സ്കാഡ്സ് നമ്മേ ഓര്‍മ്മിപ്പിക്കുന്നതും ഈ വസ്തുതയാണ്.

ഒരിക്കല്‍ സ്കാഡ്സ് സന്ദര്‍ശിക്കുന്ന ഒരാളെ കാത്തിരിക്കുന്നത് ഓമനത്തം തുളുമ്പുന്ന നിരവധി പൂച്ചകളാണ്. എല്ലാം തെരുവിന്റെ സന്തതികളും. തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് അന്നം തേടിയിരുന്നവര്‍ക്ക് ഷാര്‍ജ്ജാ ഷേക്കിന്റെ സമ്മാനമാണ് സ്കാഡ്സ്. മനുഷ്യത്വം മഹത്തരമാകുന്നത് ഇങ്ങിനെയുള്ള നന്മകളിലൂടെയും കൂടിയാണല്ലോ?

നവംബര്‍ അഞ്ചാം തീയതി ദത്തു ദിനമാണ്. കുഞ്ഞു പൂച്ചകള്‍ക്ക് അഭയം നല്‍കാന്‍ സന്മനസുള്ളവര്‍ക്ക് ഷാര്‍ജ ക്യാട്സ് ആന്റ് ഡോഗ്സ് ഷെല്‍ട്ടറില്‍ എത്താം. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിമുതല്‍ വൈകിട്ട് മൂന്നു മണിവരെയാണ് പരിപാടി. കുട്ടികള്‍ക്ക് വളരെ താല്പര്യം ഉണ്ടാക്കുന്ന പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ‍

scads.ae എന്ന സൈറ്റില്‍ പോയാല്‍ മനുഷ്യ സ്നേഹത്തിന്റെ വേറിട്ടൊരു മുഖം കാണാം. ഷാര്‍ജ്ജാ ഭരണാധികാരിയും സുപ്രീം കൌണ്‍സില്‍ അംഗവുമായ ഹിസ് റോയല്‍ ഹൈനസ് ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഹൃദയ വിശാലതയുടെ നേര്‍ ചിത്രവും....