Thursday, June 26, 2008

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവന് വധശിക്ഷ വേണ്ട-അമേരിക്കന്‍ സുപ്രീം കോടതി.

കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന ലൂസിയാന സ്റ്റേറ്റിന്റെ നിയമത്തെ റദ്ദാക്കികൊണ്ട് അമേരിക്കന്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ച വാര്‍ത്ത വന്നത്, നാല്പത്തിമൂന്ന് കാരന്റെ ലൈംഗിക വൈകൃതത്തിന് വിധേയയായി ജീവന്‍ വെടിയേണ്ടി വന്ന ഷാഹിനയെന്ന കുരുന്നിന്റെ ഓര്‍മ്മകള്‍ മനസ്സിനെ മരവിപ്പിക്കുന്ന ദിവസങ്ങളില്‍ ഒന്നായത് ഒരു പക്ഷേ യാദൃശ്ചികമായിരിക്കാം. ലോകത്തിലെ ഏറ്റവും പരിഷ്കൃതമായി ഗണിക്കപ്പെടുന്ന അമേരിക്കന്‍ ജീവിത സാഹചര്യങ്ങളില്‍ പോലും പിതാക്കന്മാരാലും വളര്‍ത്തഛന്മാരാലും അമ്മാ‍വന്മാരാലും അയല്‍വാസികളാലും ലൈംഗിക പീഡനത്തിനിരയാകുന്ന ബാല്യങ്ങളുടെ എണ്ണം നമ്മുടെ ജീര്‍ണ്ണതകളില്‍ നിന്നും തുലോം വിരളമല്ല എന്ന ഭീതിതമായ വസ്തുതയിലേക്കാണ് അമേരിക്കന്‍ സുപ്രീം കോടതി വിധിയുടെ ലിങ്കിലൂടെ പിടിച്ചു കയറുന്ന ഒരുവന്‍‍ എത്തിച്ചേരുന്നത്. അഞ്ചും എട്ടും വയസ്സുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ലൂസിയാനക്കാരായ രണ്ട് സാമദ്രോഹികളുടെ വധശിക്ഷയാണ് അമേരിക്കന്‍ സുപ്രിം കോടതി വിധിയിലൂടെ റദ്ദാക്കപ്പെടുന്നത്.

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിലൂടെ ലൈംഗിക സംതൃപ്തി നേടുന്ന ഒരുവന്‍ ജീവിച്ചിരിക്കാനുള്ള അവകാശം ഉള്ളവനല്ല എന്നതാണ് വസ്തുത. അവന്‍ ഒരു സാമുഹ്യ ജീവിയും അല്ല. മനുഷ്യന്‍ എന്ന പദത്തേക്കാള്‍ “ജന്തു” എന്ന പദമാണ് ഇവര്‍ക്ക് യോജിക്കുന്നതും. ഈ ജന്തുക്കളെ സമൂഹത്തില്‍ ജീവിക്കാന്‍ അനുവദിക്കുന്നത് പേയ് പിടിച്ച നായ്ക്കളെ ജനസഞ്ചയത്തിനിടയിലേക്ക് തുറന്ന് വിടുന്നതിനേക്കാള്‍ അപകടമാണ്. പേപ്പട്ടി കടിച്ചാല്‍ പ്രതിരോധ കുത്തിവെയ്പിലൂടെ ജീവന്‍ രക്ഷിക്കാം. ഈ ജന്തുക്കളുടെ അക്രമണത്തിന് വിധേയമാകുന്ന കുഞ്ഞുങ്ങള്‍ക്ക് പിന്നെ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കഴിയുക അപൂര്‍വ്വമാണ്. മിക്കവരും മരണത്തെ പുല്‍കുകയാണ് പതിവ്.

മനുഷ്യന് വധശിക്ഷ വിധിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. വധശിക്ഷ ഒരു ശിക്ഷാവിധിയേ അല്ല. ഒരു തരം പ്രതികാരമാണത്. നിയമവിധേയമായ പ്രതികാരം. കൊല ആരു ചെയ്താലും അത് തെറ്റ് തന്നെ. ഭരണകൂടത്തിനും നിയമത്തിന്റെ ആ‍നുകൂല്യത്തില്‍ ഒരുവനെ കൊല്ലാനുള്ള അവകാശം ഇല്ല. കൊടും ക്രൂരതയ്ക്ക് ശിക്ഷയായി കൊലപ്പെടുത്തുക എന്നാല്‍ കുറ്റവാളിയെ ഒരു നിമിഷം മുന്നേ രക്ഷപെടുത്തുക എന്നതാണര്‍ത്ഥം. മരിക്കുന്നവന്‍ ശിക്ഷിക്കപ്പെടുന്നില്ല. ജീവിച്ചിരുന്നെങ്കില്‍ മാത്രമേ അവന്‍ ശിക്ഷിക്കപ്പെടുന്നുള്ളു. മരണമെന്ന പരമമായ പ്രപഞ്ച സത്യത്തിലേക്ക് ഒരുവനെ ഒരു നിമിഷം മുന്നേ തള്ളിവിടുന്നത് എങ്ങിനെ ശിക്ഷയാകും? കൊടും ക്രൂരതകള്‍ക്ക് മുതിരുന്നവന് പാഠമാണ് വധശിക്ഷയെന്ന ന്യായവും വെറും ജലരേഖയാണ്. കൊടും ക്രൂരതയ്ക് പുറപ്പെടുന്നവന്‍ ചെയ്യുന്ന തെറ്റിന്റെ ശിക്ഷയെ തൂക്കി നോക്കിയിട്ടല്ല കുറ്റം ചെയ്യുന്നത്. രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒരുക്കി വെയ്ക്കുക എന്നതല്ലാതെ കിട്ടുന്ന ശിക്ഷയെ കുറിച്ച് പഠിച്ചിട്ടാണ് ഒരുവന്‍ കുറ്റം ചെയ്യാന്‍ പുറപ്പെടുന്നത് എന്ന നിഗമനം എത്രത്തോളം ബാലിശമാണ്?

വധശിക്ഷ ഒരു ശിക്ഷാവിധി അല്ല എന്നതു കൊണ്ട് തന്നെ അത് നിരോധിക്കേണ്ടതുമാണ്. കുറ്റം ചെയ്തവന്‍ ശിക്ഷയായി കൊല്ലപ്പെട്ടാല്‍ രണ്ടുനാള്‍ ദിനം കൊണ്ട് ആ വാര്‍ത്ത സമൂഹത്തില്‍ നിന്നും മറയും. ചെയ്ത തെറ്റിനുള്ള ശിക്ഷ പച്ച ജീവനോടെ അനുഭവിച്ച് തീര്‍ക്കാനുള്ള സാഹചര്യമാണ് നിയമ വ്യവസ്ഥയില്‍ ഉണ്ടാകേണ്ടുന്നത്. കൊടും ക്രൂരതകള്‍ക്ക് അവസരം പാര്‍ത്തിരിക്കുന്നവര്‍ക്കും പൈശാചിക കുറ്റവാസനകള്‍ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നവര്‍ക്കും കുറ്റവാളി ജീവനോടെയിരുന്ന് ശിക്ഷിക്കപ്പെടുന്നതാണ് പാഠമാകുക. സുന്ദരമായ ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ കെട്ട് സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ഏകാന്ത വാസം അനുഭവിക്കുക എന്നത് വധശിക്ഷയ്ക്കും എത്രയോ ഉയര്‍ന്ന ദണ്ഡനമുറയാണ്?

ഒമ്പത് വയസ്സുകാരിയെ മാനഭംഗത്തിന്നിരയാക്കി കൊലപ്പെടുത്തിയ ഭൂമിമലയാളത്തിലെ ജന്തുവിനും ലൂസിയാനയിലെ ജന്തുക്കള്‍ക്കും ഒരേ മുഖമാണുള്ളത്. ജീര്‍ണ്ണതയുടെ പുഴുത്ത് നാറിയ മുഖം. ഈ ജീര്‍ണ്ണത ഇക്കൂട്ടരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. നാം അധിവസിക്കുന്ന സമൂഹത്തിലാകെ ഇഴകി ചേര്‍ന്നിരിക്കുന്ന മഹാ വിപത്താണ്.

ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള അശ്ലീലത കുട്ടികളുമായി ബന്ധപ്പെട്ടതാണ് എന്ന വസ്തുത ഒട്ടും രഹസ്യമല്ല. കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വൈകൃതങ്ങള്‍ ചിത്രീകരിക്കുകയും അത് വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു മാഫിയ തന്നെ ഇന്ന് ലോകത്ത് നിലവിലുണ്ട്. പണത്തിനായി കുട്ടികളെ പീഡിപ്പിച്ച് നീല ചിത്രം നിര്‍മ്മിക്കുന്ന ഒരുവന്‍ ആ ഉത്പന്നം നട്ടു നനച്ച് വളര്‍ത്തി വിളവെടുത്തല്ല പണമുണ്ടാക്കുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നത് കാണാന്‍ കാത്തിരിക്കുന്ന ഒരു സമൂഹത്തിന് വിറ്റ് പണമുണ്ടാക്കാനാണ് പെണ്‍കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നത്. അഥവാ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത്, പണം കൊടുത്ത് ആ നീലചിത്രങ്ങള്‍ വാങ്ങുന്ന ഒരു സമൂഹത്തിന്റെ മാനസികോല്ലാസത്തിന് വേണ്ടിയാണ്. ഒരു ജന്തുവിന്റെ ഒരു നിമിഷത്തെ മാനസിക വൈകൃതത്തിന് വിധേയമാകുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ക്രൂരമാണ് കൃത്യമായ തിരകഥയുടെ അകമ്പടിയോടെ ക്യാമറയുടെ മുന്നില്‍ രതിവൈകൃതങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന കുട്ടികളുടെ അവസ്ഥ?

പിഞ്ചുപെണ്‍കുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള രതിവൈകൃതങ്ങള്‍ക്ക് വിപണിയുണ്ടാകുന്നത് സമൂഹത്തിന്റെ മുഴുവന്‍ സാംസ്കാരിക ജീര്‍ണ്ണതയ്ക്ക് മകുടോദാഹരണമാണ്. പീഡനത്തിനിരയാക്കുന്നവര്‍ ചെയ്യുന്ന ക്രൂരതയ്ക്കും മേലെയാണ് അത് വിലകൊടുത്ത് വാങ്ങി ആസ്വാദിക്കുന്നവര്‍ ചെയ്യുന്ന തെറ്റ്.

സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള ഒരവകാശവും പെണ്‍കുഞ്ഞുങ്ങളെ പച്ച ജീവനോടെ കടിച്ച് കീറുന്നവനില്ല. ഒരു നിമിഷത്തെ മാ‍നസിക വൈകല്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് മേലേ കടന്ന് കയറുന്നവനെ ഭ്രാന്താശുപത്രിയിലടയ്ക്കാം. പക്ഷേ വ്യക്തമായ ലക്ഷ്യത്തോടെ കുഞ്ഞുങ്ങളെ കച്ചവടത്തിനായി പീഡിപ്പിക്കുകയും ആ പീഡനങ്ങള്‍ ആസ്വൊദിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ ആജീവനാന്തം കാരാഗൃഹത്തിലടയ്ക്കണം. വധശിക്ഷ എന്നാല്‍ ആ ജന്തുക്കളെ രക്ഷപ്പെടുത്തുക എന്നതാണ് അര്‍ത്ഥം. സാമൂഹിക ജീവിതത്തില്‍ നിന്നും ഇരുട്ടറയിലേക്ക് മാറ്റപ്പെടുന്ന ഇത്തരം കൊടും പാതകികളെ ഇടയ്ക്കിടയ്ക്ക് പുറം ലോകത്തിന് കാട്ടിയും കൊടുക്കണം-മനുഷ്യനും മൃഗത്തിനും ഇടയ്ക്കുള്ള അവസ്ഥയില്‍ കാരാഗൃഹ വാസം അനുഭവിക്കുന്നവന്റെ ജീവിതാവസ്ഥകള്‍ പുറം ലോകത്ത് ജീവിച്ചിരിക്കുന്ന പകല്‍ മാന്യന്മാരായ കുറ്റവാളികള്‍ക്ക് പാഠമാകാന്‍.


പെണ്‍കുഞ്ഞുങ്ങളുടെ മേലുള്ള ലൈംഗിക പീഡനം കൊടും പാതകങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന ഒന്ന് തന്നെ. പക്ഷേ അതിന് മരണ ശിക്ഷയല്ല വേണ്ടത് എന്ന അമേരിക്കന്‍ സുപ്രീം കോടതി വിധി സാധൂകരിക്കപ്പെടുന്നത്, ജീവിച്ചിരിക്കുന്ന കുറ്റവാളിയേ ശിക്ഷിക്കപ്പെടുന്നുള്ളു എന്ന തത്വത്തിലൂടെയാണ്. തൂക്കിലേറ്റപ്പെടുന്നവന് വധശിക്ഷയൊരിയ്ക്കലും ഒരു ശിക്ഷാവിധിയാകുന്നില്ല. ചെയ്ത തെറ്റിനുള്ള ശിക്ഷ പച്ച ജീവനോടെ അനുഭവിച്ച് തീര്‍ക്കാന്‍ ഈ ജന്തുക്കളെ അനുവദിയ്ക്കണം. അത് തന്നെയാണ് വധശിക്ഷയ്ക്ക് വിധേയനാകുന്ന കുറ്റവാളിയേക്കാള്‍ സമൂഹത്തിന് പാഠമാകുന്നതും.