Friday, June 13, 2008

ചോദ്യങ്ങള്‍‌. ഉത്തരങ്ങള്‍‌.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്:
ഈ ചോദ്യങ്ങള്‍ എന്നോട് ആരും ചോദിച്ചതല്ല. ഞാന്‍ എന്നോട് തന്നെ ചോദിച്ചതാണ്. ആര്‍ക്കെങ്കിലും ഈ ചോദ്യങ്ങള്‍ അവരവരുടെ ചോദ്യങ്ങളുമായി സാദൃശ്യം തോന്നുന്നുണ്ട് എങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.

ആമുഖം
മോന്തിക്ക് വിളക്ക് തെളിക്കാന്‍ മണ്ണെണ്ണ വാങ്ങാന്‍ റേഷന്‍ കടയില്‍ പോയ അമ്മിണിയെന്ന ഹതഭാഗ്യ റോഡില്‍ തലപൊട്ടി കിടക്കുന്നു. ഇന്റര്‍ നെറ്റ് കഫേയിലേക്ക് ചാറ്റാന്‍ കുതറിപാഞ്ഞ ഏതോ ഒരു ബൈക്കിന്നടിയില്‍ പെട്ടു പോയ അമ്മിണി അമ്മ ഒരിറ്റ് ശ്വാസത്തിനായി പെടാപാട് പെടുമ്പോള്‍ ജീവവായുവിനേ കൂടി തടഞ്ഞ് അമ്മിണി അമ്മയുടെ അവസാന നിമിഷങ്ങള്‍ ആസ്വാദിച്ചു കൊണ്ട് നിന്നവരുടെ ഇടയില്‍ നിന്നും അവരെ ആശുപത്രിയിലേക്ക് എടുക്കാന്‍ നിര്‍ദ്ദേശിച്ച പാച്ചുവിനോട് കൂട്ടത്തിലുള്ള ഒരു മനുഷ്യസ്നേഹി സ്നേഹപൂര്‍വ്വം ചോദിച്ച ചിന്തോദ്ദീപനമായ ചോദ്യം.

നിനക്ക് വേറേ പണിയൊന്നുമില്ലേ?

അപ്പോഴാണ് പാച്ചുവിന് സ്ഥലകാല ബോധം വീണത് .
“ഇതൊരു വയ്യാ വേലി ആകും അല്ലേ അണ്ണാ. കോടതി...കേസ്...ഞാനെന്നാത്തിനാ വേലിയിലിരിക്കുന്നത് എടുത്ത് തലയില്‍ കെട്ടുന്നത്. അവരവിടെ കിടന്ന് ചാകട്ടെ. നമ്മുക്കെന്ത് ചെയ്യാന്‍ കഴിയും.അതവരുടെ തലവിധി. ഹോ എന്നാലും ഇത്തിരി കഷ്ടം തന്നെയാണേയ്”

ശേഷം പാച്ചു പാച്ചുവിന്റെ പാട്ടിന് പോയി. ജനം അമ്മിണി അമ്മയുടെ ചോര വാര്‍ന്നൊഴുകുന്നതും നോക്കി പതം പറഞ്ഞ് നിന്നു. പിറ്റേന്ന് അമ്മിണി അമ്മയുടെ വീട്ടിന്റെ തെക്കേപുറത്തെ മാവിന് കോടാലി വീണു.

കണ്ടവര്‍ ആരെങ്കിലും ഉണ്ടോ?

ചോദ്യം ഹെഡ്ഡ് കുട്ടന്‍ പിള്ള വഹയാണ്. അമ്മിണി അമ്മയുടെ അവസാന നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച റോഡില്‍ നിന്നും അദ്ദ്യേം മഹസ്സര്‍ എഴുതുകയാണ്. ഉത്തരം ഏക ഖണ്ഡം:
“ഞങ്ങളാരും ഒന്നും കണ്ടില്ല സാറേ..”(ആത്മഗതം: പിന്നേ ഇന്നി കണ്ടെന്ന് പറഞ്ഞിട്ട് വേണം സാക്ഷിപറയാന്‍ കോടതി വരാന്ത നിരങ്ങാന്‍)
ശേഷം: കുട്ടന്‍ പിള്ള ജീപ്പില്‍ കയറി പോയി. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങള്‍ കാരണം റോഡില്‍ കുഴഞ്ഞ് വീണ് മരിച്ച അമ്മിണി അമ്മയുടെ ഫയല്‍ കുട്ടന്‍ പിള്ള ക്ലോസ് ചെയ്തു.

ഇന്നി ഞാന്‍ എന്നോട് തന്നെ ചോദിച്ച ചോദ്യങ്ങളിലേക്ക്:

ഒന്നാം ചോദ്യം: നീയെന്തിനാടോ നിന്റെ ബ്ലോഗ് കറുപ്പിച്ചത്?
ഉത്തരം: ദിവസവും ഏറ്റവും കുറഞ്ഞത് നാലു മണിക്കുറെങ്കിലും ഞാന്‍ ഇടപഴകുന്ന ഒരു മേഖലയില്‍ എന്നോടൊപ്പം വ്യാപരിക്കുന്ന ചിലര്‍ക്കെതിരേ മാഫിയാ സംസ്കാരത്തിന്റെ സന്തതികളില്‍ നിന്നും നേരിടേണ്ടി വന്ന അവഹേളനത്തിനും ഭീഷണിപ്പെടുത്തലിനും എതിരേ എനിക്ക് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പ്രതിഷേധിക്കാനും പ്രതികരിക്കാനും വേണ്ടിയാണ് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിച്ചത്.

രണ്ടാം ചോദ്യം: നീ ബ്ലോഗ് കറുപ്പിച്ചു എന്ന് കരുതി ലവന്മാര്‍ പേടിച്ച് മുള്ളുമോ?
ഉത്തരം: നെത്സന്‍ മണ്ടേലയെ പ്രിട്ടോറിയ ഭരണകൂടത്തിന്റെ തടവറയില്‍ നിന്നും മോചിപ്പിക്കണമെന്ന് പറഞ്ഞ് തെരുവ് നാടകവുമായി അലഞ്ഞ് നടന്നപ്പോള്‍‍ എന്റെ പ്രകടനം കണ്ട് വെളുത്ത ഭരണകൂ‍ടം മുള്ളുമെന്ന് കരുതിയിട്ടല്ല ഞാന്‍ തെരുവില്‍ നിന്നും നെത്സന്‍ മണ്ടേലക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ജോര്‍ജ്ജ് ബുഷിന്റെ യുദ്ധക്കൊതി അവസാനിപ്പിക്കണം എന്ന് മുദ്രാവാക്യം വിളിച്ച് പന്തം കൊളുത്തി പ്രകടനം നടത്തിയത് എന്റെ മുദ്രാവാക്യം വിളിയുടെ ശക്തിയില്‍ ജോര്‍ജ്ജ് ബുഷ് നിന്നു മുള്ളൂം എന്ന് കരുതിയിട്ടല്ല. സരബ്‌ജിത് സിങ്ങിനെ തൂക്കുകയറില്‍ നിന്നും മോചിപ്പിക്കണം എന്ന് പറഞ്ഞ് ഞാന്‍ പോസ്റ്റിട്ടത് എന്റെ പോസ്റ്റ് കണ്ട് പര്‍വ്വേസ് മുഷാറഫ് പേടിച്ച് മുള്ളി സരബ്ജിത് സിങ്ങിനെ തുറന്ന് വിടും എന്ന് കരുതിയിട്ടല്ല. പി. ഗോവിന്ദന്‍ കുട്ടി എന്ന മാധ്യമ പ്രവര്‍ത്തകനെ അന്യായമായി തടങ്കലില്‍ വെച്ചതിനെതിരേ ഞാന്‍ പോസ്റ്റിട്ടത് കൊടിയേരി ബാലകൃഷ്ണന്‍ നിന്ന് മുള്ളും എന്ന് കരുതിയിട്ടല്ല. അങ്ങിനെ ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിച്ചതും ലവന്മാര്‍ പേടിച്ച് മുള്ളാന്‍ വേണ്ടിയിട്ടല്ല. പിന്നെയോ എന്റെ ആത്മരോഷം പ്രകടിപ്പിക്കാന്‍. ഒരു പ്രശ്നത്തില്‍ ആര്? എന്ത്? എപ്പോള്‍? എങ്ങിനെ? എന്ന് നോക്കാതെ യുക്തമെന്ന് തോന്നിയത് ഒരു നിമിഷം മുന്നേ ചെയ്തവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍. അതിലൂടെ ഞാന്‍ നേടുന്ന ആത്മ സംതൃപ്തിയാണ് എന്റെ ലക്ഷ്യവും.

മൂന്നാം ചോദ്യം: കരിവാരം ആചരിക്കാന്‍ നിന്നോട് ആരാ പറഞ്ഞത്?
ഉത്തരം:ആരും പറഞ്ഞില്ല. എന്റെ ബ്ലൊഗില്‍ ഞാന്‍ എഴുതിയ വാക്കുകള്‍ ശ്രദ്ധിക്കുക. “കേരള്‍ സ്കാമിന്റേ പകര്‍പ്പവകാശ ലംഘനത്തിനെതിരേയും, പകര്‍പ്പവകാശ ലംഘനം ചോദ്യം ചെയ്തവരോട് കേരള്‍ സ്കാമിന്റെ മുതലാളിമാര്‍ കൈകൊണ്ട മാഫിയാ നിലപാടുകള്‍ക്കെതിരേയും ഇന്നുമുതല്‍ ഒരാഴ്ച കാലം (08/06/2008 മുതല്‍ 15/06/2008 വരെ) ഞാന്‍ കരിവാരമായി ആചരിക്കുന്നു. എന്റെ ബ്ലോഗിന്റെ നിറങ്ങള്‍ കെടുത്തി ഞാന്‍ എന്റെ പ്രതിഷേധം തല്പര കക്ഷികളെ അറിയിക്കുന്നു. കേരള്‍ സ്കാം പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ ധീരമായ നിലപാടുകളുമായി മുന്നോട്ടു പോകുന്ന ഇഞ്ചിപ്പെണ്ണിന് സര്‍വ്വ പിന്തുണയും ഇതിനാല്‍ പ്രഖ്യാപിക്കുന്നു.” ഞാന്‍ എന്റെ ബ്ലോഗില്‍ കരിവാരം പ്രഖ്യാപിക്കുന്നു എന്ന എന്റെ വാചകത്തില്‍ തന്നെ എന്നോട് ആരും ഇങ്ങിനെയൊരു നിര്‍ദ്ദേശം തന്നിട്ടില്ലാ എന്ന് വ്യക്തമാണല്ലോ?ആരെങ്കിലും എന്നെ പിന്തുടര്‍ന്ന് തങ്ങളുടെ ബ്ലോഗിന്റെ നിറം കറുപ്പിക്കണം എന്നും ഞാന്‍ എന്റെ പോസ്റ്റില്‍ എങ്ങും പറഞ്ഞിട്ടില്ല.

നാലാം ചോദ്യം: “കേരള്‍ സ്കാം പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ ധീരമായ നിലപാടുകളുമായി മുന്നോട്ടു പോകുന്ന ഇഞ്ചിപ്പെണ്ണിന് സര്‍വ്വ പിന്തുണയും ഇതിനാല്‍ പ്രഖ്യാപിക്കുന്നു” എന്ന വാചകം ഇഞ്ചിപ്പെണ്ണിന് ആവശ്യമില്ലാത്ത പ്രാധാന്യം കൊടുക്കാന്‍ വേണ്ടിയിട്ടല്ലേ?
ഉത്തരം: അല്ലേയല്ല. കേരള്‍ സ്കാം പ്രശ്നത്തില്‍ ഏറ്റവും കൂടുതല്‍ ആര്‍ജ്ജവത്തോടെ തുടക്കം മുതല്‍ ഇടപെട്ട ഒരു വ്യക്തിയായിരുന്നു ഇഞ്ചിപ്പെണ്ണ്. അതുകൊണ്ട് തന്നെ കേരള്‍ സ്കാമില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രകോപനപരമായ പെരുമാറ്റം ഉണ്ടായതും ഇഞ്ചിപ്പെണ്ണിനെതിരേ ആയിരുന്നു. അനീതിയ്ക്കെതിരേ ശബ്ദം ഉയര്‍ത്തിയ ഒരാളെ ഭീഷണിപ്പെടുത്തി നിശ്ശബ്ദയാക്കാം എന്ന മാഫിയാ സംസ്കാരത്തിനെതിരേ നിലപാട് കൈകൊള്ളുന്നത് ആരേയും പുകഴ്ത്താനോ ഇകഴ്ത്താനോ വേണ്ടിയല്ല. തെറ്റിനെതിരേ പ്രതികരിക്കുന്നവര്‍ ഒറ്റപ്പെടരുത് എന്ന് നിര്‍ബന്ധമുണ്ടായതിനാലാണ് പോസ്റ്റില്‍ “കേരള്‍ സ്കാം പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ ധീരമായ നിലപാടുകളുമായി മുന്നോട്ടു പോകുന്ന ഇഞ്ചിപ്പെണ്ണിന് സര്‍വ്വ പിന്തുണയും ഇതിനാല്‍ പ്രഖ്യാപിക്കുന്നു” എന്ന വാചകം കടന്ന് വന്നത്.

അഞ്ചാം ചോദ്യം: പൊസ്റ്റുകള്‍ ഒന്നും കോപ്പിചെയ്യപ്പെടാത്ത ഇഞ്ചിപെണ്ണ് ഈ പ്രശ്നത്തില്‍ ഇടപെട്ടത് തെറ്റല്ലേ?
ഉത്തരം: അല്ല.ഇരകള്‍ക്ക് പ്രതികരിക്കാന്‍ കഴിയുന്നതിനേക്കാള്‍ ശക്തമായി കാഴ്ചക്കാരന് പ്രതികരിക്കാന്‍ കഴിയും. ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റുകള്‍ ഒന്നും തന്നെ കേരള്‍ സ്കാമിന്റെ സൈറ്റില്‍ കോപ്പി ചെയ്യപ്പെടാതിരുന്നത് യാദൃശ്ചികമല്ല. യാഹൂ പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ തന്റേതായ പങ്ക് വഹിച്ച ഇഞ്ചിപ്പെണ്ണ് ഈ പ്രശ്നത്തില്‍ ഇടപെടുമെന്ന് കേരള്‍ സ്കാം മുന്‍‌കൂട്ടി കണ്ടിരുന്നു. അങ്ങിനെ ഇടപെട്ടാല്‍ “നിന്റെ പോസ്റ്റുകള്‍ ഞങ്ങള്‍ എടുത്തിട്ടില്ലല്ലോ? പിന്നെന്നാത്തിനാ നീ കിടന്ന് കാറുന്നത്?” എന്ന നിലപാടില്‍ അവരെ ഒതുക്കാമെന്നും പ്രകോപനപരമായ മെയിലുകളിലൂടെ ഈ പ്രശ്നം കുറച്ച് ദിവസത്തേക്ക് സജീവമായി നിലനിര്‍ത്താമെന്നും കേരള്‍ സ്കാമിനെ ആരും പഠിപ്പിച്ച് കൊടുക്കേണ്ടുന്നതില്ലായിരുന്നു. അതു പോലെ തന്നെ പ്രശ്നം മുന്നോട്ട് പോവുകയും ചെയ്തു. പക്ഷേ കേരള്‍ സ്കാമിനെതിരേ അഭിപ്രായ ഐക്യം ഉണ്ടാക്കാനും കേരള്‍ സ്കാമിന് വഴിവിട്ട പല കച്ചവടങ്ങളും ഉണ്ട് എന്ന വസ്തുത പുറത്ത് കൊണ്ട് വരാനും ഇഞ്ചിപ്പെണ്ണിന് കഴിഞ്ഞു. ഗൂഗിളിന്റെ സേവനങ്ങള്‍ ആ സൈറ്റില്‍ അവസാനിച്ചു എന്ന് പറയുമ്പോള്‍ അവര്‍ നിയമത്തിന്റെ മുന്നിലേക്ക് വന്നു എന്നും കൂടി വായിക്കണം. പോണ്‍ സൈറ്റും വൈവാഹിക പരസ്യങ്ങളും ഒന്നിച്ച് എന്ന നിലപാടില്‍ നിന്നും കേരള്‍ സ്കാം പിന്നോട്ട് വരേണ്ടി വരും. ഇതെല്ലാം ഉണ്ടായത് ഇഞ്ചിപ്പെണ്ണിന്റെ ക്രിയാത്മകമായ ഇടപെടലുകളില്‍ നിന്നുമാണ്.

ആറാം ചോദ്യം: കേരള്‍ സ്കാം പകര്‍പ്പവകാശ പ്രശ്നം ആദ്യം ബൂലോഗത്തെ അറിയിച്ച ബ്ലോഗറെ ആയിരുന്നില്ലേ നീ‍ കൂടുതല്‍ പിന്തുണക്കേണ്ടിയിരുന്നത്?
ഉത്തരം: അതേ. അങ്ങിനെ തന്നെയായിരുന്നു ചെയ്തിരുന്നതും. ഈ പത്രത്തില്‍ വാര്‍ത്ത എഴുതിയപ്പോഴും ഈ പ്രശ്നത്തില്‍ ഞാന്‍ ആദ്യം ഇട്ട പോസ്റ്റിലും ആദ്യത്തെ പോസ്റ്റിന് സമ്പൂര്‍ണ്ണ പിന്തുണയാ‍യിരുന്നു നല്‍കിയിരുന്നത്. ഈ പ്രശ്നം ആദ്യം ബൂലോഗത്ത് എത്തിച്ച പോസ്റ്റിലും അഗ്രഗേറ്റര്‍ കാണിക്കാത്തതിനാല്‍ അനില്‍ ശ്രീയിട്ട പോസ്റ്റിലും എന്റെ അഭിപ്രായങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടും ഉണ്ട്. പക്ഷേ ചര്‍ച്ചകള്‍ മുന്നോട്ട് പോകവേ പോസ്റ്റിന്റെ ഉടമ ഈ പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കാതെ കമന്റുകള്‍ എഴുതി തുടങ്ങിയപ്പോഴും “എല്ലാം കോമ്പ്ലിമെന്‍സ് ആയി...ഇന്നി അടുത്ത വെടിക്കെട്ട് എവിടാണോ എന്തോ” എന്ന പുളിച്ച വളിപ്പുമായി കളം വിടാന്‍ തുടങ്ങുന്നത് കണ്ടപ്പോഴുമാണ് കേരള്‍സ് ഡോട് കോം നിര്‍ത്തിയിടത്ത് നിന്നും നാം തുടങ്ങേണ്ടിയിരിക്കുന്നു എന്ന പോസ്റ്റുമായി ഈ പ്രശ്നത്തിന്റെ ഗൌരവും ചോര്‍ന്ന് പോകാതെ ബൂലോഗത്ത് നില നിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചത്. അതായത് കേരള്‍ സ്കാം നിര്‍ത്തിയത് അവര്‍ എഴുതിയ തിരകഥ അനുസരിച്ചാണ്. ആ തിര‍ക്കഥയ്ക്ക് തിരശ്ശീലയിടാനാണ് ആദ്യം ഈ പ്രശ്നം അവതരിപ്പിച്ചയാള്‍ “കൊമ്പ്ലിമെന്റ്സുമായി...” ശ്രമിച്ചത്. ആദ്യത്തെ പോസ്റ്റിന്റെ ഉടമയുടെ പിന്നീട് വന്ന നിലപാടുകള്‍ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നതും ആണ്.

ഏഴാം ചോദ്യം: ബ്ലോഗ് കറുപ്പിച്ച് നടക്കുന്ന നീ നിയമപരമായി കേരള്‍ സ്കാം പ്രശ്നത്തില്‍ എന്ത് ചെയ്തു?
ഉത്തരം: അത് നിയമപ്രശ്നമാണ്. എന്റെ പോസ്റ്റുകള്‍ മോഷ്ടിക്കപ്പെട്ടതില്‍ എനിക്കുള്ള പരാതി എത്തേണ്ടിടത്ത് എത്തും. അതിനുള്ള നടപടിക്രമങ്ങള്‍ ഞാന്‍ വക്കീല്‍ മുഖാന്തിരം ചെയ്തിട്ടുണ്ട്. നിയമപരമായി നിലനില്‍ക്കുന്ന കേസ് ആണെങ്കില്‍ മുന്നോട്ട് പോകും. എന്റെ നിലപാട് നിയമപരമായി നിലനില്‍ക്കുന്നത് അല്ലാ എന്നാണ് വക്കീലിന്റെ നിര്‍ദ്ദേശം എങ്കില്‍ കേസ് അങ്ങിനെ തന്നെ ഉപേക്ഷിക്കും. എങ്കിലും പൊതുതാല്പര്യ പരാതികള്‍ നല്‍കേണ്ടിടത്തൊക്കെയും രേഖാമൂലം നല്‍കിയിട്ടുണ്ട്.

എട്ടാം ചോദ്യം: നിന്റെ ആത്മരോഷം പ്രകടിപ്പിക്കാന്‍ നീ പ്രഖ്യാപിച്ച “കരിവാരത്തേയും” പ്രതിഷേധങ്ങളേയൂം
അവഹേളിക്കുന്നവരോട് നിനക്ക് അമര്‍ഷമില്ലേ?
ഉത്തരം: ഇല്ല. മലയാള ബ്ലൊഗെന്നാല്‍ മലയാള ജീവിതത്തിന്റെ നേര്‍ ചിത്രമാണ്. ആമുഖം എങ്ങിനെയാണോ അങ്ങിനെ തന്നെയാണ് അവസാനവും. എന്തിന്? ആര്‍ക്കു വേണ്ടി? നിനക്ക് വേറെ പണിയില്ലേ? തുടങ്ങിയ ചോദ്യങ്ങള്‍ ആമുഖത്തില്‍ മുഴങ്ങിയത് നിങ്ങള്‍ കണ്ടില്ലേ? അതിന്റെ തുടര്‍ച്ച തന്നെയാണ് നിനക്ക് വേറെ പണിയൊന്നുമില്ലേ എന്ന ഇവിടുത്തെ ചോദ്യവും. ഇര ആരെന്ന് നോക്കി മാത്രം പ്രതികരിക്കുന്ന എനിക്ക് മറ്റൊരാള്‍ ചെയ്യുന്നതിനെ വിമര്‍ശിക്കുവാന്‍ എന്തധികാരം? അതുകൊണ്ട് അവരുടെ ശരികള്‍ അവര്‍ ചെയ്യുന്നത്. എന്റെ ശരികള്‍ ഞാന്‍ ചെയ്യുന്നതും.

എരണം കെട്ട ചോദ്യം: നീ നിന്റെ ബ്ലോഗിന്റെ ഹിറ്റ് കൂട്ടാന്‍ നീ തന്നെ ഉണ്ടാക്കിയ നാടകമല്ലേ ഈ കേരള്‍ സ്കാം പ്രശ്നം?
എരണം കെട്ട ഉത്തരം: തെക്കേ മുറ്റത്തെ വിളഞ്ഞ മാവിന്റെ പട്ടടയില്‍ സുഖമായി വെന്തെരിയാന്‍ വേണ്ടി അമ്മിണി അമ്മ സ്വന്തമായി ബൈക്ക് ഓടിച്ച് വന്ന് സ്വന്തമായി ഇടിച്ച് വീഴ്ത്തി സ്വന്തമായി മണിക്കൂറുകളോളം റോഡില്‍ ചോരവാര്‍ന്ന് കിടന്ന് സ്വന്തമായി അങ്ങ് നിര്‍വാണം പ്രാപിച്ചതാണ്. അതാണ് സത്യം. അത് മാത്രമാണ് സത്യം.