Saturday, December 01, 2007

ദേശീയ ദിനാശംസകള്‍....യൂ.ഏ.യീ അതിന്റെ മുപ്പത്തിയാറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്ന് ഡിസംബര്‍ രണ്ടാം തീയതി ബ്രിട്ടീഷ്‌കാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയ അബൂദാബി, ദുബായ്, ഷാര്‍ജ്ജ, അജ്മാന്‍, ഉമ്മുല്‍ഖൊയ്‌വാന്‍, ഫുജൈറ എന്നീ ആറു എമിരേറ്റുകള്‍ ചേര്‍ന്ന് ഒരു ഫെഡെറേഷനായി യുണൈറ്റഡ് അരബ് എമിരേറ്റ്സ് നിലവില്‍ വന്നു. റസല്‍ഖൈമ തുടക്കത്തില്‍ ഫെഡറേഷനില്‍ അംഗമായിരുന്നില്ല. ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ട് ഫെബ്രുവരി പത്താം തീയതിയാണ് റാസല്‍ഖൈമയും കൂടിചേര്‍ന്ന ഇന്നത്തെ രീതിയിലുള്ള ഒരു എമിരേറ്റ്സുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് അരബ് എമിരേറ്റ്സ് എന്ന രാജ്യം നിലവില്‍ വന്നത്. എങ്കിലും എല്ലാ എമിരേറ്റുകളും വിദേശാധിപത്യത്തില്‍ നിന്നും വിമോചിക്കപ്പെട്ട ഡിസംബര്‍ രണ്ട് തന്നെയാണ് ദേശീയ ദിനമായി യൂ.ഏ.യീ. ആചരിക്കുന്നത്.

സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം ഏതെങ്കിലും ഒരു രാജ്യം യുണൈറ്റഡ് അറബ് എമിരേറ്റ്സ് നേടിയെടുത്ത പോലൊരു വളര്‍ച്ച നേടിയിട്ടുണ്ടാകുമോ എന്ന് സംശയമാണ്. ലോക വാണിജ്യ ഭൂപടത്തില്‍ യൂ.ഏ.യീക്കുള്ള സ്ഥാനം വളരെ ഉയര്‍ന്നതാണ്. വികസിതരാജ്യങ്ങളില്‍ ഇരുപതാം സ്ഥാനം കയ്യാളുന്ന യൂ.ഏ.യീ അന്യ ദേശക്കാരോടു കാട്ടുന്ന സഹിഷ്ണുതയും സ്നേഹവും സഹവര്‍ത്തിത്വവും അനന്യമാണ്. വിദേശീയരോടുള്ള സര്‍ക്കാറിന്റെ നിലപാടുകള്‍ എപ്പോഴും സൌഹാര്‍ദ്ദപരമാണ് എന്നതിലുപരി യൂ.ഏ.യീ പൌരന്മാരുടെ സ്നേഹവും ദയയും സഹകരണവും ഒരു പക്ഷേ ലോകത്ത് മറ്റൊരു ജനതയിലും ദര്‍ശിക്കാന്‍ കഴിയില്ല തന്നെ.

അറബിക് ആണ് ഔദ്യോതിക ഭാഷയെങ്കിലും ഇംഗ്ലീഷും ഹിന്ദിയും ഉറുദുവും പൊതുവായി ഉപയോഗിക്കപ്പെടുന്നു. മലയാളം സംസാരിക്കാ‍ത്ത ഒരു കോണും യൂ.ഏ.യില്‍ ഇല്ല തന്നെ. മലയാളം മാത്രം പറഞ്ഞ് ജീവിക്കാമെന്ന് ചുരുക്കം. മലയാളിക്ക് രാജ്യം നല്‍കുന്ന പ്രാധാന്യം അറിയണമെങ്കില്‍ അറബികളുമായി സംസാരിക്കണം. സ്വന്തം സഹോദരനു തുല്യം മലയാളിയെ കാണുന്ന യൂ.ഏ.യീ പൌരന്മാരെ പലപ്പോഴും നമ്മുടെ ആള്‍ക്കാര്‍ കുഴപ്പത്തില്‍ ചാടിക്കാറുമുണ്ട്. എങ്കിലും എപ്പോഴും മലയാളികളെ തന്നെയാണ് യൂ.ഏ.യീ. പൌരന്മാര്‍ കൂടുതലും വിശ്വാസിക്കുന്നതും ഉത്തരവാദിത്തങ്ങള്‍ ഏല്പിക്കുന്നതും. വിശ്വസ്തരായിരിക്കാന്‍ നമ്മുക്ക് കഴിയുന്നിടത്തോളം രാജ്യത്ത് മലയാളിക്കുള്ള അവസരങ്ങള്‍ കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്.

മാതൃഭൂവില്‍ ജീവിതം ദുസ്സഹമാകുമ്പോള്‍ മലയാളിക്കെന്ന പോലെ മൂന്നാം ലോകരാജ്യങ്ങളിലെ പൌരന്മാര്‍ക്കൊക്കെയും താങ്ങും തണലും സാന്ത്വനവും ജീവിതവും നല്‍കി പോറ്റമ്മയായി മാറുന്ന, ഉന്നതിയില്‍ നിന്നും ഉന്നതിയിലേക്ക് കുതിക്കുന്ന യുണൈറ്റഡ് അറബ് എമിരേറ്റ്സിന് ഹൃദയം നിറഞ്ഞ മുപ്പത്തിയാറാം ജന്മദിനാശംസകള്‍...

Friday, November 30, 2007

എയര്‍ ഇന്‍ഡ്യാ എക്സ്പ്രസിന്റെ ചെപ്പടി വിദ്യ.

എയര്‍ ഇന്‍ഡ്യയുടെ ഗള്‍ഫ് മലയാളികളോടുള്ള ഇരട്ടത്താപ്പും പകല്‍കൊള്ളയും പലതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബജറ്റ് എയര്‍ ലൈന്‍ കൊണ്ടു വന്ന് ഗള്‍ഫ് മലയാളിയുടെ കഷ്ടതകള്‍ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ എയര്‍ ഇന്‍ഡ്യ താരതമ്യാന ചിലവ് കുറഞ്ഞ ടിക്കറ്റ് കൊടുത്ത് പ്രവാസീ മലയാളിയെ സേവിക്കുന്നതിന്റെ പിന്നാമ്പുറത്ത് കൂടിയുള്ള യാത്ര രസകരമാണ്. മൂന്ന് മാസം മുമ്പ് ബുക്ക് ചെയ്താല്‍ ഏറ്റവും കുറഞ്ഞ കൂലി. യാത്ര അടുത്തു വരുന്തോറും കൂലിയും കൂടി വരും. അവസാന ദിനങ്ങളില്‍ “പട്ടിണി വണ്ടിയിലെ” കൂലി “ശാപ്പാട് വണ്ടിയിലെ” കൂലിയോടൊപ്പമോ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലോ ആകും.

ഗള്‍ഫ് മേഖലയില്‍ അന്നം തേടുന്ന, കഞ്ഞിയും പായയും അടക്കം എണ്ണൂറ് ദിര്‍ഹം/റിയാല്‍ പ്രതിമാസ വേതനം പറ്റുന്ന അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗത്തിനെ സഹായിക്കാനായി തുടങ്ങിയതാണ് കൊട്ടിഘോഷിക്കപ്പെട്ട “പട്ടിണി വണ്ടി” എന്നാണല്ലോ വെയ്പ്പ്. മൂന്ന് മാസം മുന്നേ അവധി അനുവദിച്ചു കിട്ടുന്ന ഏത് തൊഴിലാളിക്കാണ് കുറഞ്ഞ ചിലവില്‍ “പട്ടിണി വണ്ടിയില്‍” യാത്ര ചെയ്യാന്‍ കഴിയുക. മലയാളി മുതലാളിമാര്‍ പോലും തൊഴിലാളികളെ കൃത്യമായി മുന്ന് മാസം മുന്നേ അവധി പ്രഖ്യാപിച്ച് നാട്ടിലേക്കയക്കാനുള്ള മഹാമനസ്കതയൊന്നും കാട്ടാറില്ല. പിന്നല്ലേ അറബി മുതലാളിമാര്‍. ഇന്നി ഒരു ധൈര്യത്തില്‍ അടിസ്ഥാന തൊഴിലാളി മൂന്ന് മാസം മുന്നേ കേറി ടിക്കറ്റ് എടുത്തെന്നിരിക്കട്ടെ. അതേ ദിനം മുതലാളി യാത്ര മുടക്കിയാല്‍ ടിക്കറ്റെടുത്ത പണം സ്വാഹ.

ഇതിനും പുറമേയാണ് “പട്ടിണി വണ്ടിക്കാരുടെ” മറ്റൊരു തരികിടയും. ചുണ്ടക്ക കാല്പണം ചുമട്ടുകൂലി മുക്കാപ്പണമെന്ന് കേട്ടിട്ടില്ലേ. അതു അക്ഷരാര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ കഴിയുന്നത് എയര്‍ ഇന്‍ഡ്യാ എക്സ്പ്രസിന്റെ “യാത്രക്കൂലി കാല്‍പ്പണം നികുതി മുക്കാല്‍ പണം” ആയി മാറുന്നിടത്താണ്. യാത്രാക്കൂലി കുറയുമ്പോള്‍ നികുതി ആനുപാതികമായി കൂടുന്ന ചെപ്പടി വിദ്യയിലൂടെ കൊട്ടും കുരവയുമായി പ്രവാസി മലയാളിയെ സേവിക്കാനെത്തിയ എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് എന്ന “പട്ടിണി വണ്ടി” പ്രവാസത്തിന്റെ പിന്നാമ്പുറത്ത് നരകയാതന അനുഭവിക്കുന്നവന്റെ ചട്ടിയില്‍ കയ്യിട്ട് വാരുന്നത് എങ്ങിനെയാണെന്ന് നോക്കാം.


എമിരേറ്റ്സ് എയര്‍ ലൈന്‍സില്‍ ദുബായി അന്താരാഷ്ട്രാ എയര്‍പോര്‍ട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര പോകുന്നവന്‍ നികുതിയിനത്തില്‍ കെട്ടേണ്ടുന്നത് കേവലം അറുപത് ദിര്‍ഹം. കള്ളും വെള്ളവും ജ്യൂസും ബിസ്കറ്റും ബിരിയാണിയും എല്ലാമടക്കം യാത്രാക്കൂലി സ്വാഭാവികമായും കൂടുതല്‍ ആയിരിക്കുമെന്ന് പറയേണ്ടല്ലോ.


ഷാര്‍ജ്ജയില്‍ നിന്നും പുറപ്പെടുന്ന മൊറ്റൊരു “പട്ടിണി വണ്ടിയുമായി” നമ്മുക്ക് നമ്മുടെ “പട്ടിണി വണ്ടിയെ” താരതമ്യം ചെയ്യുകയാ ഇത്തിരിക്കൂടി ബുദ്ധിപരം. എയര്‍ അറേബ്യ നാഗ്‌പൂരെന്ന ഇന്‍ഡ്യന്‍ നഗരത്തിലേക്ക് പറക്കുന്നതിന് ഈടാക്കുന്ന നികുതി കേവലം നൂറ്റി നാല്പത് ദിര്‍ഹം. സംശയമുണ്ടെങ്കില്‍ ഇടത് വശത്ത് കാണുന്ന ടിക്കറ്റില്‍ ഒന്നു ക്ലിക്ക് ചെയ്ത് നോക്കിക്കോളൂ. യാത്രാക്കൂലിയും ഒന്നു മനസ്സില്‍ വെച്ചോളൂ പിന്നെ ആവശ്യം ആയി വരും.


ഇനി നമ്മുക്ക് നേരെ നമ്മുടെ സ്വന്തം പട്ടിണി വണ്ടിയിലേക്ക് വരാം. ഗള്‍ഫ് മലയാളിക്ക് നാട്ടിലേക്ക് കുറഞ്ഞ ചിലവില്‍ പറക്കാനേര്‍പ്പാടാക്കിയിരിക്കുന്ന എയര്‍ ഇന്‍ഡ്യാ എക്സ് പ്രസില്‍ നികുതിയും മറ്റും എന്ന കോളത്തില്‍ എഴുതിയിരിക്കുന്ന തുക മറ്റൊരു വിമാന കമ്പനിയുടെ ടിക്കറ്റിലും കാണാത്തത്ര ഉയരത്തിലുള്ളതാണ്. ഷാര്‍ജ്ജാവില്‍ നിന്നും കൊച്ചിയിലേക്ക് പറക്കാന്‍ ആളൊന്നുക്ക് ഇരുന്നൂറ്റി തൊണ്ണൂറ് ദിര്‍ഹം നികുതി കൊടുക്കണം. എമിരേറ്റ്സ് എയര്‍ ലൈന്‍സില്‍ കേവലം അറുപത് ദിര്‍ഹമായ നികുതി എയര്‍ അറേബ്യയില്‍ നൂറ്റി നാല്പത് ആയി ഉയര്‍ന്നു. എയര്‍ ഇന്‍ഡ്യാ എക്സ് പ്രസില്‍ അത് വീണ്ടും ഇരുന്നൂറ്റി തൊണ്ണൂറ് ആയി കുത്തനെ ഉയര്‍ന്നു. അതായത് യാത്രാക്കൂലി കുറയുമ്പോള്‍ നികുതി കൂട്ടുക!. ഇതെന്നാ പ്രതിഭാസം?

നാഗ്പൂരിലേക്ക് യാത്ര ചെയ്യാന്‍ ഇരുന്നൂറ്റി നാല്പത്തി ഒമ്പത് ദിര്‍ഹം എയര്‍ അറേബ്യ കൂലി ഈടാക്കുമ്പോള്‍ തിരുവനന്തപുരത്തേക്ക് യാത്ര പോകാന്‍ എയര്‍ ഇന്‍ഡ്യാ എക്സ്പ്രസ് ഈടാക്കുന്നത് നാണൂറ്റി നാല്‍പത്തി ഒമ്പത് ദിര്‍ഹം. കൂട്ടത്തില്‍ സേവനകൂലി എന്ന പേരില്‍ മറ്റൊരു പതിനെട്ട് ദിര്‍ഹവും. (എന്നതാണോ എന്തോ ഈ സേവനം?) കൂട്ടത്തില്‍ വേറെയാരും ഈടാക്കാത്ത നികുതിയും. ഈ എയര്‍പോര്‍ട്ട് ടാക്സ് എയര്‍പോര്‍ട്ട് ടാക്സ് എന്ന് പറയുന്ന സാധനം എയര്‍ ലൈന്‍ കമ്പനികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം കൂട്ടാനും കുറക്കാനും കഴിയുന്ന സംഗതിയാണോ?

നമ്മുടെ സ്വന്തം പട്ടിണി വണ്ടി മറ്റു എയര്‍ലൈനുകള്‍ ഈടാക്കുന്നതിനേക്കാളും ഉയര്‍ന്ന നികുതി ഈടാക്കുന്നതിനുള്ള കാരണം അന്വോഷിച്ചപ്പോള്‍ കിട്ടിയ മറുപടിയും രസാവഹം തന്നെ. “എയര്‍ അറേബ്യ ഷാര്‍ജ്ജയുടെ വിമാനം ആയതു കൊണ്ട് അവര്‍ക്ക് കുറഞ്ഞ നികുതിയേ ഉള്ളൂ.” “എമിരേറ്റ്സിന്റെ നികുതി കുറയാനുള്ള കാരണം അത് ദുബായിയുടെ സ്വന്തം എയര്‍ലൈന്‍ ആയതു കൊണ്ട്.” അങ്ങിനെ വരുമ്പോള്‍ എയര്‍ ഇന്‍ഡ്യാ ഭാ‍രതാവിന്റെ സ്വന്തം എയര്‍ ലൈനല്ലേ എന്ന ഒടങ്കൊല്ലി ചോദ്യം അങ്ങോട്ട് ചോദിക്കുകയും ലൈന്‍ കട്ടാവുകയും ഒരേ നിമിഷം സംഭവിച്ചു.

പട്ടിണിവണ്ടിയില്‍ യാത്ര ചെയ്യുന്ന ഒരു ഹതഭാഗ്യന്, യാത്ര റദ്ദാ‍ക്കിയാല്‍ പണം പൊഹയാകുന്ന ടിക്കറ്റ് മൂന്ന് മാസം മുന്നേ മുങ്കുറായിട്ടെടുത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്ത് കാത്തിരുന്ന് കള്ളും വെള്ളവും ഭക്ഷണവും ഉപേക്ഷിച്ച് യാത്ര പോയാല്‍ ലാഭിക്കാവുന്ന ചില്ലറകളെത്രയെന്ന് പട്ടിണി വണ്ടിയിലിരുന്ന് തന്നെ വിരലെണ്ണി നോക്കണം.എങ്കിലേ അതിന്റെ സുഖം ശരിക്കും അനുഭവിക്കാന്‍ കഴിയുള്ളൂ....

Sunday, November 18, 2007

പഴഞ്ചൊല്ലിലെ പതിരുകള്‍

“പഴഞ്ചൊല്ലില്‍ പതിരില്ല” എന്ന പഴഞ്ചൊല്ല് തന്നെ പതിരല്ലേ? പഴഞ്ചൊല്ലുകളിലൂടെ ഒന്നു കറങ്ങി വന്നപ്പോള്‍ മിക്ക ചൊല്ലുകളും യുക്തിക്ക് നിരക്കുന്നതോ സത്യ സന്ധമോ അല്ലാ‍ എന്ന തോന്നലിലാണ് ഞാനെത്തിയത്. ഈ തോന്നല്‍ എന്റേത് മാത്രമാണോ എന്നറിയാനുള്ള ഒരു അന്വോഷണമാണീ പോസ്റ്റ്.

1. “ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം.”
എങ്ങിനെയാണോ ആവോ ഒരാള്‍ക്കുപോലും കിടക്കാന്‍ കഴിയാത്ത ഉലക്കമേല്‍ ഒരുമയുണ്ടെങ്കില്‍ ഒന്നിച്ച് കിടക്കാന്‍ കഴിയുക? ഈ പഴഞ്ചൊല്ലുണ്ടാക്കിയോനെ ഉലക്കക്ക് അടിക്കണം.

2. “അധികമായാല്‍ അമൃതും വിഷം.”
വിഷം സത്യമാണ്. അമൃത് മിത്യയും. അമൃത് എന്നൊരു സാധനം എത്രവരെ കഴിക്കാം എന്നതിന് ആരെങ്കിലും ഒരു അളവ് പറയണമെങ്കില്‍ അത് കണ്ട ആരെങ്കിലും ഉണ്ടാകണം. മിത്ത് മാത്രമായ ഒരു സംഗതിയെ പരമസത്യമായ വിഷവുമായി എങ്ങിനെ കൂട്ടികെട്ടാന്‍ കഴിയും? അല്ലെങ്കില്‍ തന്നെ വയര്‍ നിറയും വരെയല്ലേ ഒരാള്‍ക്ക് എന്തെങ്കിലും കഴിക്കാന്‍ കഴിയുള്ളൂ. ഏതെങ്കിലും തരത്തില്‍ ആരോഗ്യത്തിന് ഹാനീകരമാകാത്ത ഒരു വസ്തു എത്ര കഴിച്ചാലും വിഷമാകുന്നതെങ്ങിനെ?

3. “മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും.”
തലമുതിര്‍ന്നവര്‍ പറയുന്നതെല്ലാം ശരിയാകുമോ? വകതിരിവില്ലാത്ത എത്രയോ കാര്‍ന്നോന്മാര്‍ നമ്മുക്ക് ചുറ്റും ഉണ്ട്. വാ തുറന്നാല്‍ പരമാബദ്ധം മാത്രം വിളമ്പുന്ന ഒരു “മൂത്തവന്‍” തരുന്ന നെല്ലിക്ക കാഞ്ഞിരക്കുരു പോലെ ആദ്യവും അവസാനവും നടുക്കും എപ്പോഴും കയ്ക്കുകയല്ലേ ഉള്ളൂ?

4. “നായയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും വളഞ്ഞ് തന്നെ”.
നായയുടെ വാല് നിവരാന്‍ നായയെ പട്ടിണിക്കിട്ടാല്‍ പോരെ? എന്തിനാ വാല് കൊണ്ടു പോയി കുഴലിലിടുന്നത്?

5. “വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല.”
ഇങ്ങോട്ടു വരുന്നതിന് വഴി തെറ്റില്ല. ശരി തന്നെ. എങ്കില്‍ പിന്നെ നമ്മുക്ക് വഴിമാറിയങ്ങ് നടന്നാല്‍ പോരെ. വല്ല കുഴപ്പവും ഉണ്ടാകുമോ?

6. “പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും.”
ചെവികേള്‍ക്കാതാക്കിയ ദൈവമല്ലേ പൊട്ടനെ ആദ്യം ചതിച്ചത്. അപ്പോ പിന്നെ ഒന്നാം പ്രതിയായ ദൈവം രണ്ടാം പ്രതിയെ എന്നാ ചെയ്യുമെന്നാ?

7. “കൊല്ലകുടിയില്‍ സൂചി വില്പനയോ?”
കൊല്ലന് തയ്ക്കാനൊരു സൂചി മറ്റൊരാളുടെ പക്കല്‍ നിന്നും വാങ്ങിയാല്‍ പോലീസ് പിടിക്കൂന്നുമില്ലല്ലോ?

8. “അടി തെറ്റിയാല്‍ ആനയും വീഴും”
വഴിയില്‍ ചതിക്കുഴി കുഴിച്ച് ആനയെ അതില്‍ വീഴ്തിയിട്ട് ഈ ചൊല്ലും ചൊല്ലിക്കോണ്ടിരുന്നിട്ട് എന്നാ കാര്യം. ശ്രദ്ധിച്ച് നടക്കാന്‍ ആനക്കറിയാം. ചതിക്കുഴി കുഴിക്കാതിരുന്നാല്‍ ആന വീഴുകയും ഇല്ല. പിന്നെ മര്‍മ്മത്തടി കൊണ്ടാല്‍ ആനയല്ല ഈച്ചയും വീഴും.

9. “തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല”
ലോകത്ത് ഇന്ന് വരെ എന്തെങ്കിലും തീയില്‍ കുരുത്തിട്ടുണ്ടോ? ഇന്നലെ വരെ ഉണ്ടാകാത്ത ഒരു സംഗതി ഇന്നെങ്ങിനാ വെയിലത്ത് വെക്കാന്‍ കഴിയുക-വാടുന്നോന്നറിയാന്‍?

10. “കൊടുത്താല്‍ കൊല്ലത്തും കിട്ടും”.
എന്തൂരം കൊടുത്തിരിക്കുന്നു. ഇന്നി കിട്ടാന്‍ കൊല്ലത്ത് എവിടാ വരേണ്ടുന്നത്?

11. “അമ്മ വേലി ചാടിയാല്‍ മകള്‍ മതില് ചാടും”
അമ്മക്ക് മകളില്ല. മകന്‍ മാത്രമേയുള്ളൂ. അങ്ങിനെയാകുമ്പോള്‍ മകന്‍ മതില്‍‍ ചാടുന്നതില്‍ കുഴപ്പമില്ലായിരിക്കും അല്ലേ? ഇരട്ടത്താപ്പ് പഴം ചൊല്ലിലും..

12. “മെല്ലെത്തിന്നാല്‍ പനയും തിന്നാം”
ഓ..പിന്നെ. ഇത്തിരി പതുക്കെയായാല്‍ പന തിന്നൊന്ന് കാട്ടാമോ? ഇത്തിരി പുളിക്കും.

13. “അല്പനൈശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിയും കുട പിടിക്കും”
സാധാരണ മഴയത്താ കുട പിടിക്കുക. അല്ലെങ്കില്‍ വെയിലില്‍ നിന്നും രക്ഷപ്പെടാന്‍. രാത്രി വെയിലില്ല. സമ്മതിച്ചു. മഴയും ഇല്ല. മഞ്ഞുള്ള രാത്രി കുടപിടിച്ച് പോകുന്നവനെയും നമ്മുക്ക് അല്പനെന്ന് വിളിക്കാന്‍ കഴിയുമോ?

14. “തള്ള ചവിട്ടിയാല്‍ കുഞ്ഞിന് കേടില്ല.”
ഒന്നു ചവിട്ടി നോക്ക്. അപ്പോള്‍ കാണാം കളി.

15. “നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ”
പിന്നേയ്...മുങ്ങിചാവാന്‍ പോകുന്ന നായ കുടിക്കുന്നത് നക്കിതന്നെയായിരിക്കുമേ. ഹോ..ആരാണോ ആവോ ഈ ചൊല്ല് കണ്ടു പിടിച്ച മഹാന്‍?

16. “കുന്തം പോയാല്‍ കുടത്തിലും തപ്പണം”
കുന്തം കണ്ടില്ലാന്ന് പറഞ്ഞ് കുടത്തില്‍ തപ്പുന്നവനെ കൂടുതല്‍ താമസിയാതെ ഭ്രാന്താശുപത്രിയില്‍ തപ്പാം.

17. “വേണോങ്കില്‍ ചക്ക വേരേലും കായിക്കും”
വേരില്‍ ചക്ക കായിക്കുന്നത് അപൂര്‍വ്വമായ ഒരു പ്രതിഭാസമൊന്നുമല്ല. പക്ഷേ ചക്ക വേരില്‍ കായിച്ചാല്‍ പെട്ടെന്ന് കൊഴിഞ്ഞു പോകുമെന്ന് മാത്രം. വിളയാതെ കൊഴിയുന്ന ചക്ക ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ചെയ്യുമോ?

18. “കുരക്കും പട്ടി കടിക്കില്ല.”
ദേണ്ടെ വീണ്ടും നായ. ഈ ചൊല്ല് അറിയാവുന്ന പട്ടിയാണേല്‍ കുഴപ്പമില്ല. അല്ലേല്‍ കുരച്ചു കൊണ്ട് തന്നെ പട്ടി കടി പറ്റിക്കും. അനുഭവത്തീന്ന് പറയുവാന്നേന്ന് കൂട്ടിക്കോളീന്‍...

19. “പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍”
കേരളാ നിയമസഭയെ ഒഴിച്ച് നിര്‍ത്തിയാണെല്‍ ശരിയാകുമെന്ന് തോന്നുന്നു.

20. “അപ്പം തിന്നാല്‍ പോരെ? കുഴിയെണ്ണണോ?”
വേറെ പണിയൊന്നുമില്ലാതെ ചൊറിയും കുത്തിയിരിക്കുന്നോന്‍ കുഴിയെണ്ണി അപ്പം തിന്നാല്‍ എന്താ കുഴപ്പം. ഇതു പോലത്തെ പോസ്റ്റൊക്കെയിട്ട് ഈച്ചയാട്ടി വായനക്കാരന്റെ തലചൂടാക്കുന്നതിലും ഭേതമല്ലേ രണ്ടപ്പം ഉണ്ടാക്കി അതിന്റെ കുഴിയെണ്ണി പതുക്കെ തിന്നുന്നത്? അത്രേം നേരം ശല്യം ഒഴിഞ്ഞ് കിട്ടൂല്ലേ?

കഴിഞ്ഞ കുറേ നാളായി മനസ്സില്‍ കെട്ടിപ്പിണിഞ്ഞ നില്‍ക്കുന്ന ചില “ബുദ്ധിപരമായ” സംശയങ്ങളാണ്. ഇതൊരുസുഖമാണോ ബൂലോകരേ...

Tuesday, November 13, 2007

തലതിരിഞ്ഞ കര്‍ഷക താല്പര്യ സംരക്ഷണം.

ഭാരതത്തില്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ കേരള സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും നക്സലുകളുമൊക്കെ സമരങ്ങളുമായി വരുന്നതിനെ ന്യായീകരിക്കാന്‍ കഴിയുമോ? കുതിച്ചുകയറുന്ന കര്‍ഷക ആത്മഹത്യ നിരക്കിനെ കണ്ടില്ലാ എന്ന് നടിച്ചല്ല ഇങ്ങിനെ ഒരു സംശയം ഉന്നയിക്കുന്നത്. ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് കേരളത്തിലെ കേര കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടില്‍ ചോദ്യം ചെയ്യപ്പെടേണ്ട ചില വരട്ടു വാദങ്ങളുണ്ട്.

കേരളത്തിലെ കേരകര്‍ഷകരുടെ വിളവിന് നല്ല വില ലഭിക്കില്ല എന്നതാണല്ലോ ഇറക്കുമതിയെ എതിര്‍ക്കുന്നവര്‍ മുന്നോട്ട് വെക്കുന്ന ധാര്‍മ്മിക പ്രശ്നം. കര്‍ഷകരുടെ വിളവിന് നല്ല വില ലഭിക്കില്ലാ എന്ന് പറയുന്നിടത്ത് ഉപഭോക്താവ് അന്യായ വില കൊടുത്ത് കര്‍ഷകന്റെ ഉല്പന്നം വാങ്ങണം എന്നും വായിക്കണം. ഇറക്കുമതിയിലൂടെ ജനങ്ങള്‍ക്ക് സ്വദേശീ ഉല്പന്നത്തേക്കാള്‍ വില കുറച്ച് ഭക്ഷ്യ എണ്ണ ലഭിക്കും എന്നും മനസ്സിലാക്കണമല്ലോ. വിലകയറ്റം കൊണ്ട് നട്ടെല്ലൊടിഞ്ഞ ഉപഭോത്കൃ സംസ്ഥാനത്തെ പ്രജകള്‍ക്ക് ഇറക്കുമതിയിലൂടെ വില കുറഞ്ഞ ഉല്പന്നങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും എന്ന നന്മയെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സമരങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിക്കരുത്. അതായത് കേരളാ കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് ഉപഭോക്താക്കളുടെ ചിലവിലാകരുത് എന്ന് നല്ല മലയാളം.

കേരളത്തിലെ തകരുന്ന കാര്‍ഷിക മേഖലയെ സംരക്ഷിക്കേണ്ടത് ഇറക്കുമതി നിരോധിച്ചു കൊണ്ടല്ല. യൂണിയനുകളുടെ നീരാളി പിടുത്തത്തില്‍ പെട്ടു താറുമാറായ കാര്‍ഷിക സംസ്കാരം തിരിച്ചു കൊണ്ട് വന്ന് ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ വില കുറച്ച് ഉല്പാദനം നടത്തി സ്വദേശീ ഉല്പന്നങ്ങളിലേക്ക് ഉപഭോക്താവിന്റെ താല്പര്യം പിടിച്ചു നിര്‍ത്തി ഇറക്കുമതിയെ അകറ്റുകയാണ് വേണ്ടത്. കാര്‍ഷിക മേഖല തകര്‍ന്നത് ഇറക്കുമതി എന്ന ദുര്‍ഭൂതം കേരളത്തില്‍ താണ്ഡവ നൃത്തം ആടിയതു കൊണ്ടല്ലാ എന്ന് ഏവര്‍ക്കും അറിയാം. അടിസ്ഥാന തൊഴില്‍ മേഖലയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് ബാങ്കുകള്‍ ഉടലെടുത്തതാണ് കേരളത്തിലെ കാര്‍ഷിക മേഖല തകരാനുള്ള പ്രധാന കാരണം. ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലഘട്ടത്തില്‍ ഉല്പാദനാനുകൂല സാഹചര്യങ്ങള്‍ ഉണ്ടാക്കി കേരളാ കാര്‍ഷിക മേഖലയെ ലോക വിപണിയോട് കിടപിടിക്കാന്‍ തക്ക കെല്പുണ്ടാക്കി നമ്മുടെ ഉല്പന്നങ്ങള്‍ക്ക് വിദേശത്ത് നിലവിലുള്ള ചോദനത്തെ വേണ്ടവിധം ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടുന്നത്.

തേങ്ങയുടെ തറവില നാലു രൂപ മുപ്പത് പൈസയെന്ന് മുഖ്യമന്ത്രി അഭിമാനം അലതല്ലുന്ന ശരീരഭാഷയിലൂടെ പ്രഖ്യാപിച്ചപ്പോള്‍ യൂ.ഏ.യീല്‍ ശ്രീലങ്കയില്‍ നിന്നും വരുന്ന തേങ്ങയൊന്നിന് വില രണ്ടു ദിര്‍ഹമാണ്. അതായത് ഏകദേശം ഇരുപത്തിരണ്ടു രൂപ. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് വില പന്ത്രണ്ട് ദിര്‍ഹം. (ഏകദേശം നൂറ്റി ഇരുപത്തി അഞ്ച് രൂപ). അമേരിക്കാവില്‍ തേങ്ങയൊന്നിന് രണ്ടര ഡോളര്‍ (രൂപയില്‍ പറഞ്ഞാല്‍ നൂറ് രൂപ). വെളിച്ചെണ്ണ വില ലിറ്ററിന് ആറ് ഡോളര്‍ (രൂപയില്‍ ഇരുന്നുറ്റി നാല്പത്). ഒരു കിലോ പച്ച കപ്പക്ക് യൂ.ഏ.യില്‍ വില ആറര ദിര്‍ഹം. (എഴുപത്തി അഞ്ച് രൂപ) ഉണക്ക കപ്പ കിലോക്ക് പതിനാലു ദിര്‍ഹം. (നൂറ്റി അമ്പത് രൂപയോളം) കപ്പയും തേങ്ങയും കൂടുതലും വരുന്നത് ശ്രീലങ്കയില്‍ നിന്നും ഫിലിപ്പൈനില്‍ നിന്നും ഒക്കെയാണ് എന്നത് അവിടുത്തെ സര്‍ക്കാരുകളുടെ മിടുക്ക്. ദോഷം പറയരുതല്ലോ കേരഫെഡിന്റേതായ വെളിച്ചെണ്ണ എത്തുന്നുണ്ട്. വേണ്ടത്ര വിപണന സൌകര്യങ്ങളോ തന്ത്രങ്ങളോ ഇല്ലാത്തതു കൊണ്ട് മലയാളികള്‍ പോലും അത് വാങ്ങാറില്ലാന്ന് മാത്രം. കര്‍ഷകന്റെ കയ്യില്‍ നിന്നും നേരിട്ട് തേങ്ങയും കപ്പയും ഒക്കെ ശേഖരിച്ച് വിദേശ വിപണികളിലേക്ക് കയറ്റി വിട്ട് നമ്മുടെ കാര്‍ഷിക വിളകളുടെ ഉല്പാദകര്‍ക്ക് അവരുടെ അദ്ധ്വാനത്തിന് തക്ക പ്രതിഫലം വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കാതെ ഇറക്കുമതി നിരോധിച്ചു കൊണ്ട് മാത്രം കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കാം എന്ന് കരുതുന്നത് മൂഢത്വമാണ്. അല്ലെങ്കില്‍ കടം കൊണ്ടു പൊറുതി മുട്ടുന്ന കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം.

കേരളത്തിന്റെ കാര്‍ഷിക വിളകളുടെ വിപണനത്തില്‍ നിന്നും ഇടനിലക്കാരെ പരമാവധി ഒഴിവാക്കി സര്‍ക്കാര്‍ തലത്തില്‍ വിളകള്‍ സംഭരിക്കുക. സംഭരണത്തിന് ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലമ്പിക്കുക. കയറ്റി അയക്കാനായി തയ്യാറാക്കുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരവും പാക്കിങ്ങും ആഗോള നിലവാരത്തിലാണെന്ന് ഉറപ്പ് വരുത്തുക. കേരളത്തിന്റെ കാര്‍ഷിക വിളകള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ആഗോളവിപണിയിലേക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ യഥാസമയം എത്തിക്കുക എന്നതില്‍ കവിഞ്ഞ് ഉല്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്നമൊന്നും ആരും ചെയ്യേണ്ടതില്ല. നമ്മുടെ ഉല്പന്നങ്ങള്‍ക്ക് തരക്കേടില്ലാത്ത ആവശ്യക്കാര്‍ ആഗോള വിപണിയില്‍ എന്നും ഉണ്ടായിട്ടുണ്ട്. ഇന്നി ഉണ്ടാവുകയും ചെയ്യും. ആ വിപണി ശ്രിലങ്കക്കും ഫിലിപ്പൈനും മലേഷ്യക്കും ഒക്കെ പണയം വെച്ചിട്ട് നാട്ടിലെ വിലക്കയറ്റത്തിന് ഒരു പരിധി വരെയെങ്കിലും തടയിടാന്‍ കഴിയുന്ന ഇറക്കുമതിയെ നിരോധിച്ച് കാര്‍ഷിക മേഖലയെ സംരക്ഷിക്കാമെന്നാണ് കരുതുന്നതെങ്കില്‍ ഇറക്കുമതിക്കനുകൂലമായി ഉപഭോക്താക്കള്‍ സമര രംഗത്തേക്കിറങ്ങണം. അസംഘടിതരുടെ ജീവിത ചിലവുയര്‍ത്തി സംഘടിതരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ഇപ്പോള്‍ തന്നെ ദുഷ്കരമായിരിക്കുന്ന കേരളാ ജീവിത സാഹചര്യങ്ങളെ കൂടുതല്‍ കലുഷിതമാക്കും എന്നതിന് യാതൊരു സംശയവും വേണ്ട.

Thursday, October 25, 2007

പടം (കഥ)

മകള്‍ ജനിച്ചതും വളര്‍ന്നതും അയാള്‍ക്ക് ചിത്രങ്ങളിലൂടെയായിരുന്നു.

വില കൊടുത്ത് വാങ്ങിയ നീറ്റലുകളിലേക്ക് അയാള്‍‍ പറന്നിറങ്ങുമ്പോഴും അയാള്‍ക്കറിയില്ലായിരുന്നു അസീദയുടെ ഉദരത്തില്‍ തന്റെ മകളുടെ ജീവന്‍ തുടിച്ച് തുടങ്ങിയിരുന്നു എന്ന്. മണലാരണ്യത്തിലെ രണ്ടാം വെള്ളിയാഴ്ചയിലാണ് താനുമൊരുപ്പയാകാന്‍ പോകുന്ന വാര്‍ത്ത വിരഹത്തില്‍ വിറക്കുന്ന അസീദയുടെ ശബ്ദമായെത്തിയത്. ചുട്ടു പോള്ളുന്ന ചൂടിനെ ശപിച്ച് ടെലിഫോണ്‍ ബൂത്തിന് മുന്നില്‍ ഊഴം കാത്ത് നിന്ന പഠാണിയുടെ ശകാരമാണ് സന്തോഷ വാര്‍ത്തയില്‍ നിന്നും അയാളെ പിന്തിരിപ്പിച്ചത്.

“മോളേ അസീദേ നീയൊരു ഫോട്ടോ എടുത്തയക്ക്. നിന്റെ വയറ് ഞാനൊന്ന് കാണട്ടെ..”

പഠാനിയെ ശപിച്ച് കൊണ്ട്, മതിയാകാത്ത കൊഞ്ചല്വസാ‍നിപ്പിച്ച് അയാള്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്ത് ജനിക്കാന്‍ പോകുന്ന തന്റെ കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നത്തില്‍ മുഴുകി. അതായിരുന്നു തുടക്കം. അസീദയുടെ ഫോട്ടോക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ദിവസത്തിന് നീളം കൂടുന്നത് അയാള്‍ വ്യസനത്തോടെ തിരിച്ചറിഞ്ഞു. ബഹുനില കെട്ടിടത്തിന്റ ഉയരങ്ങളിലെ ഉച്ചി തിളക്കുന്ന കൊടും ചൂടും ഹെല്‍പ്പര്‍ പണിയുടെ ആയാസവും അയാള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ഓര്‍മ്മയില്‍ മറന്നു.

അസീദയുടെ അയച്ച് കിട്ടിയ ആദ്യഫോട്ടോ പോളിത്തീന്‍ കവറിലാക്കി കവറോളിന്റെ അകത്തെ പോക്കറ്റില്‍ തിരുകി അയാള്‍ പണിക്ക് പോയി. തളര്‍ച്ചയില്‍ പോളിത്തീന്‍ ബാഗ് തുറന്ന് അസീദയുടെ ഫോട്ടോ ഒരു നോക്ക് കണ്ട് അയാള്‍ ക്ഷീണമകറ്റി. അസീദ ഇപ്പോള്‍ ഭാര്യമാത്രമല്ല. ഉമ്മയുമാകാന്‍ പോകുന്നു. ഉമ്മയാവുന്ന അസീദയേയും മകളേയും അയാള്‍ മനസ്സില്‍ വരച്ചു വെച്ചു.

എല്ലാ കത്തിലും ഒരു ഫോട്ടോ അയാള്‍ നിര്‍ബന്ധമാക്കി. അതുകൊണ്ട് തന്നെ വീര്‍ത്തു വരുന്ന അസീദയുടെ വയറ് മാസത്തില്‍ രണ്ട് തവണ കാണാനും അയാള്‍ക്കായി. പോളിത്തീന്‍ ബാഗില്‍ എല്ലാ പതിനഞ്ച് ദിവസത്തിലൊരിക്കലും അസീദയുടെ പുതിയ ഫോട്ടോ ഇടം പിടിച്ചു. അയച്ചു കിട്ടുന്ന ഫോട്ടോകള്‍ ആദ്യമാദ്യം ലേബര്‍ ക്യാമ്പിലെ സുഹൃത്തുക്കളെ കാട്ടുന്നത് അയാള്‍ക്കൊരു ഹരമായിരുന്നു. ഫോട്ടോ കണ്ട ചങ്ങാതിമാരുടെ കമന്റുകള്‍ അതിരു കടന്നപ്പോള്‍ അയാള്‍ അസീദയുടെ ഫോട്ടോകള്‍ അയാളുടെ മാത്രം സ്വാകാര്യതയാക്കി.

ഏഴാം മാസത്തെ നെയ്‌‌പിടിയും അസീദയെ അവളുടെ വീട്ടിലേക്ക് വിളിച്ചോണ്ടു പോകുന്ന ചടങ്ങുമെല്ലാം ഫോട്ടോകളായി അയാള്‍ക്ക് കിട്ടി. ഭര്‍ത്താവിന്റെ ഉമ്മയാണ് ഏഴാം മാസം മരുമകള്‍ക്ക് നെയ് കോരി കൊടുക്കേണ്ടുന്നത്. പ്ലാവില കോട്ടി പിടിച്ച് നെയ് കോരി മരുമകളുടെ വായിലേക്കൊഴിച്ച് പ്ലാവില തലയിലൂടെ ഉഴിഞ്ഞ് അമ്മായി നിലത്തിടും. ഇല മലര്‍ന്ന് വീണാല്‍ ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടി. കമഴ്ന്ന് വീണാല്‍ ജനിക്കാന്‍ പോകുന്നത് ആണ്‍ കുട്ടി. അതാണ് വിശ്വാസം. അസീദയുടെ തലക്ക് മുകളിലൂടെ പറന്ന് പോയ ഇല നിലത്ത് വീണത് മലര്‍ന്ന്. പെണ്‍കുട്ടിയെന്ന് അമ്മായി വിധിച്ചു. പാലോ തൈരോ നെയ്യോ ഒന്നും ലവലേശം ഇഷ്ടാമില്ലാത്ത അസീദ ഒരറപ്പും ഇല്ലാണ്ട് നെയ്യ് കുടിക്കുന്നതും ഇല വീഴുന്നതും ഒക്കെയും ഫോട്ടോകളായി അയാള്‍ക്ക് കിട്ടി. അതൊന്നും ആരെയും കാട്ടാതെ, നാട്ടില്‍ നിന്നും പോന്നപ്പോള്‍ കൂടെ കൂട്ടിയ സ്യൂട്ട്‌കേസിലാക്കി അസീദയുടെ നെയ്യ് കുടിക്കുന്ന ഫോട്ടോ മാത്രം പോളിത്തീന്‍ കവറിലാക്കി അയാള്‍ കവറോളിന്റെ അകത്തെ പോക്കറ്റില്‍ തിരുകി.

പിന്നെയാണ് അയാള്‍ തികച്ചും പ്രതിസന്ധിയിലായത്. ഏഴാം മാസത്തിന് ശേഷം ഫോട്ടോ എടുക്കാന്‍ പാടില്ലാന്ന് പഴമക്കാര്‍ വിധിച്ചു. അത് കുട്ടിയുടെ ജീവനെ ബാധിക്കുമെന്നതായിരുന്നു കാരണം. ഒരു ഫോട്ടോയില്‍ തന്റെ കുഞ്ഞിന്റെ ജീവന്‍ തുലാസിലാക്കാന്‍ അസീദക്കും കഴിയുമായിരുന്നില്ല. അയച്ച് കിട്ടിയ പഴയ ഫൊട്ടോകള്‍ എടുത്ത് നോക്കി അയാള്‍ സമാധാനിച്ചു.

ഉപ്പായുടെ വിഷമം മനസ്സിലാക്കിയതുപോലെ അവള്‍ ഇത്തിരി നേരത്തേ ഇങ്ങ് പോന്നു. സിസ്സേറിയനായിരുന്നു. എട്ടാം മാസത്തിന്റെ ആദ്യ വാരങ്ങളിലൊന്നില്‍ ഓര്‍ക്കാപ്പുറത്ത് അസീദക്കുണ്ടായ ഒരു വയറുവേദനയുടെ അവസാനം മകള്‍ പിറന്നത് അസീദയും അറിഞ്ഞില്ല. അസീദയെ ആശുപത്രിയിലാക്കിയത് അയാളും അറിഞ്ഞില്ല. പിറ്റേന്ന് വെള്ളിയാഴ്ചയായത് ഭാഗ്യമായി. അല്ലെങ്കില്‍ മകളുടെ വരവിന് പിന്നൊരു മാസം കൂടി അവധിയുണ്ടെന്ന് ധരിച്ചിരുന്ന അയാള്‍ക്ക് മകളുടെ ജനനം അന്ന് അറിയാനേ കഴിയുമായിരുന്നില്ല.

മകളുടെ ഫോട്ടോയൊന്ന് എടുത്തയക്കാന്‍ വീട്ടുകാരോട് പറഞ്ഞെങ്കിലും അയാള്‍ നിരാശനായി. നാല്പത് ദിവസം കഴിഞ്ഞിട്ട് മാത്രമേ ഫോട്ടോ എടുക്കാന്‍ പാടുള്ളു എന്ന് വീണ്ടും പഴമക്കാര്‍. പിറന്ന് നാല്പത് ദിവസം വരെ കുട്ടി നമ്മുക്ക് സ്വന്തമല്ല. ആദ്യത്തെ നാല്പത് ദിവസം കഴിഞ്ഞെങ്കില്‍ മാത്രമേ കുട്ടിക്ക് ഈ ലോകത്ത് ജീവിച്ചിരിക്കാനുള്ള അവകാശം സ്ഥാപിച്ച് കിട്ടുള്ളൂ എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കുട്ടിക്കെന്തെങ്കിലും ആപത്ത് വന്നാല്‍ അതിനൊരു തെളിവായി ഫോട്ടോ മാറുമ്പോലും. എന്തോരു ദ്രോഹമാണിത്. പിറന്ന തന്റെ കുഞ്ഞിനെ ഒന്നു കാണുവാന്‍ ഇന്നിയും കാത്തിരിക്കണം നാല്പത് ദിനം. അയാള്‍ സ്വയം ശപിച്ചു.

അയച്ചു കിട്ടിയ ആദ്യ ഫോട്ടോയില്‍ തന്നെ അയാള്‍ക്ക് മകളെ അതിരറ്റ് അങ്ങിഷ്ടമായി. നാല്പത് ദിനമെന്ന കടമ്പകടന്ന് ഇകലോക വാസത്തിന് അവകാശിയായി മാറിയ മകളുടെ ആദ്യത്തെ മുടിവെട്ടും ഒരുക്കവും എല്ലാം ഫോട്ടോയിലായി അയാള്‍ക്ക് കിട്ടി. വാപ്പുമ്മ കെട്ടിയ അരഞ്ഞാണവും വീട്ടുകാരും ബന്ധുക്കളും ഒക്കെ ദാനമാക്കിയ പൊന്നുമൊക്കെ ഇട്ട് കവിളത്തൊരു വല്ലിയ കറുത്ത പൊട്ടും കുത്തി കുളിയുടെ ആലസ്യത്തില്‍ മയങ്ങുന്ന മകളെ അയാള്‍ “സുല്‍ത്താന” എന്ന് വിളിച്ചു.

അസീദയുടെ ഫോട്ടോ അയച്ചു കിട്ടുക എന്നതിലുപരി സുല്‍ത്താനയുടെ പടത്തിനായുള്ള അയാളുടെ കാത്തിരിപ്പ് എല്ലാ പതിനഞ്ച് ദിവസങ്ങളിലും നിവര്‍ത്തിക്കപ്പെട്ടു. മകളുടെ ഫോട്ടോ താമസിക്കുന്ന ദിവസങ്ങളില്‍ അയാള്‍ വിഷാദത്തിലേക്ക് വീണു. അതുകൊണ്ട് തന്നെ അസീദ മുടങ്ങാതെ സുല്‍ത്താനയുടെ ഫോട്ടോ അയാള്‍ക്കയച്ചു കൊടുത്തു കൊണ്ടുമിരുന്നു. മകളുടെ വളര്‍ച്ച അങ്ങിനെ അയാള്‍ ഫോട്ടോയിലൂടെ മനസ്സു നിറയെ കണ്‍കുളിര്‍ക്കേ കണ്ടു.

പല്ലില്ലാത്ത മോണകാട്ടി ഉമ്മിച്ചിയോടു കൊഞ്ചുന്നതും കമഴ്ന്ന് വീണു ലോകം കീഴടക്കിയ പോലെ മകള്‍ പാല്‍ പുഞ്ചിരി പൊഴിക്കുന്നതും നിലം തൊടാതെ കരയുന്നതും ഒന്നൊഴുയാതെ തന്നെ ഫോട്ടോകളായി അയാളിലേക്കെത്തിക്കൊണ്ടിരുന്നു. യത്തീംഖാനയില്‍ കൊണ്ടു പോയി അനാഥ കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്തു കൊണ്ട് മകള്‍ക്ക് ചോറു കൊടുക്കാനായിരുന്നു അയാള്‍ തീരുമാനിച്ചത്. പക്ഷേ യത്തീംഖാനയിലെ നിയമം ഫോട്ടോ എടുക്കാന്‍ അനുവദിക്കാത്തതു കൊണ്ട് യത്തിംഖാനയിലെ അനാഥ കുട്ടികള്‍ക്കെല്ലാം ഉപ്പയായ വല്ലിയ മനുഷ്യന്റെ മടിയിലിരുന്ന് മകള്‍ ഉണ്ണാന്‍ തുടങ്ങിയത് അയാള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. പക്ഷേ അന്ന് തന്നെ വീട്ടില്‍ വന്നിട്ട് ഉപ്പാക്ക് ഫോട്ടോ അയക്കാന്‍ വേണ്ടി മാത്രം വീണ്ടും ഒരിക്കല്‍ കൂടി സുല്‍ത്താന ചോറുണ്ണല്‍ കര്‍മ്മം നടത്തി, വാപ്പുമ്മയുടെ മടിയിലിരുന്ന്.

സുല്‍ത്താനയുടെ ഫോട്ടോകള്‍ അയാള്‍ ചങ്ങാതിമാരുമായി പങ്കുവെച്ചു. എല്ലാവര്‍ക്കും സുല്‍ത്താന അവരവരുടെ മകളായി. ഫോണ്‍ വിളിക്കുമ്പോള്‍ അസീദ സുല്‍ത്താനയെ കൊണ്ട് തിരിയാത്ത നാവു വെച്ച് “വാപ്പിച്ചീ...” എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചു. അവള്‍ ഞെക്കി ഞെരുക്കി “....വാച്ചി..” എന്ന് പറഞ്ഞ് കേട്ട ആദ്യ ദിനം അയാള്‍ക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.

സുല്‍ത്താനക്കിപ്പോള്‍ വയസ്സ് മൂന്ന്. വീട്ടില്‍ ഫോണ്‍ എടുക്കാനുള്ള അവകാശം അവള്‍ പിടിച്ച് മേടിച്ചിരിക്കുന്നു. വീട്ടില്‍ വരുന്ന എല്ലാ ഫോണുകളും അവളാണിപ്പോള്‍ അറ്റന്റ് ചെയ്യുന്നത്. ഫോണിന്റെ ബെല്ലടി കേള്‍ക്കുമ്പോള്‍ തന്നെ അവള്‍ “ഹലോ...ആപ്പിച്ചിയാണോ” എന്നു ചോദിക്കുമെന്നാണ് അസീദ പറയുന്നത്. താന്‍ ഫോണ്‍ വിളിക്കുമ്പോഴും അവള്‍ “ഹലോ ...ആപ്പിച്ചിയാണോ” ചോദിച്ചാണ് ഫോണ്‍ എടുക്കുന്നത്. അവളുടെ കൊഞ്ചല്‍ കഴിഞ്ഞേ ആര്‍ക്കും ഫോണ്‍ കൊടുക്കുള്ളൂ. ആരു വിളിച്ചാലും അവള്‍ ഫോണെടുക്കുന്നത് “...ഹലോ ആപ്പിച്ചിയാണോ” ചോദിച്ചാണ്.

തിരിച്ച് വരവറിയിക്കാനായി നാട്ടിലേക്കുള്ള വിളിയില്‍ സുല്‍ത്താനക്ക് വേണ്ടുന്ന സാധനങ്ങളെന്തെന്നുള്ള ചോദ്യത്തിന് അവളൊരു നീണ്ട ലിസ്റ്റ് തന്നെ നല്‍കി.
“അപ്പിലിട്ടായി...തൊത്ത ത്തോള...പാവൊട്ടി”
അങ്ങിനെ പോയി അവളുടെ ആവശ്യങ്ങള്‍. ഒരിക്കല്‍ പോലും കാണാത്ത വാപ്പിച്ചിയോട് അവള്‍ക്കുള്ള അടുപ്പവും സ്നേഹവും അയാളെ അത്ഭുതപ്പെടുത്തുമായിരുന്നു എന്നും. ചോര ചോരയെ തിരിച്ചറിയുമെന്ന് പുസ്തകങ്ങളിലും സിനിമയിലും ഒക്കെ പറയുന്നത് എത്ര ശരിയെന്ന് അയാള്‍ക്ക് തോന്നി.

എയര്‍പ്പോര്‍ട്ടില്‍ തന്നെ സ്വീകരിക്കാന്‍ അവളേയും കൊണ്ടു വരണമെന്ന നിര്‍ബന്ധം അയാള്‍ക്കുണ്ടായിരുന്നു. നാലു വര്‍ഷത്തെ നരകയാതനക്ക് ഇളവായി അറുപത് ദിനങ്ങള്‍ തനിക്കും സുല്‍ത്താനക്കും അസീദക്കും മാത്രം സ്വന്തം. എയര്‍പ്പോര്‍ട്ടില്‍ നിന്നും പുറത്തേക്കു ലഗ്ഗേജുമായി ഇറങ്ങിയ ഉടനേ തന്നെ അസീദയേയും ബന്ധുക്കളേയും അയാള്‍ കണ്ടു. അയച്ചു കൊടുത്ത ഫ്രോക്കുമിട്ട് എല്ലാരേം ഭരിച്ചു കൊണ്ട് കൊഞ്ചി നില്‍ക്കുന്ന മൂന്ന് വയസ്സുകാരി തന്റെ മകള്‍ സുല്‍ത്താനയാണെന്ന് അയാള്‍ക്ക് തിരിച്ചറിയാന്‍ വിഷമം ഒന്നും ഉണ്ടായില്ല. കഴിഞ്ഞയാഴ്ച കൂടി അയച്ചു കിട്ടിയ സുല്‍ത്താനയുടെ ഫോട്ടോ അവളുടെ ഏറ്റവും അടുത്ത വളര്‍ച്ചയും അയാളിലേക്കെത്തിച്ചതാണല്ലോ.

“ദേണ്ടെ മോളെ..നോക്ക് വാപ്പിച്ചി.”
അസീദ പറഞ്ഞതും തന്നെ നോക്കിയ സുല്‍ത്താനയുടെ കളിയും ചിരിയും പെട്ടെന്ന് നിലച്ചതും അയാള്‍ ശ്രദ്ധിച്ചു. ആവേശത്തോടെ മകളെ വാരിയെടുക്കാന്‍ ശ്രമിച്ച അയാളില്‍ നിന്നും സുല്‍ത്താന വിട്ടുമാറി അസീദയുടെ സാരിക്ക് പിന്നിലൊളിച്ചു. കരയാനാരംഭിച്ച സുല്‍ത്താനയെ വാരിയെടുക്കാന്‍ അയാള്‍ പിന്നെ ശ്രമിച്ചില്ല.

കാറിലിരുന്നപ്പോഴും എല്ലാര്‍ക്കും പറയാനുണ്ടായിരുന്നത് സുല്‍ത്താനയുടെ വിശേഷങ്ങളായിരുന്നു. കിലുകിലാ സംസാരിക്കുന്ന കൊച്ചിന് വാപ്പിച്ചിയെ കണ്ടപ്പോഴെന്നാ കുഴപ്പമെന്ന് വാപ്പുമ്മ സുല്‍ത്താനയെ കുറ്റപ്പെടുത്തി. ഒന്നും കേള്‍ക്കാത്തമട്ടില്‍ ഉമ്മിച്ചിയുടെ തോളില്‍ ഉറങ്ങുന്ന മാതിരി സുല്‍ത്താന കമഴ്ന്ന് കിടന്നു. എല്ലാര്‍ക്കും അത്ഭുതമായിരുന്നു.

“നിന്റെ ഫോട്ടോയും പിടിച്ച് ന്റാപ്പിച്ചി...ന്റാപ്പിച്ചി... എന്നും പറഞ്ഞ് നടക്കുന്ന കൊച്ചിന് വാപ്പിച്ചിയെ കണ്ടപ്പോഴെന്താ മിണ്ടാട്ടം മുട്ടിയോ”
അതായിരുന്നു വാപ്പുമ്മായുടെ പരിഭവം.

നനുത്ത മഴയുടെ അകമ്പടിയോടെ വീട്ടിന്റെ പടി കടന്നപ്പോള്‍ തന്നെ അകത്ത് നിന്നും ഫോണ്‍ ബെല്ലടി കേള്‍ക്കുന്നു. വാതില്‍ തുറന്നതും ഉമ്മിച്ചിയുടെ തോളില്‍ ഉറക്കം നടിച്ച് കിടന്ന സുല്‍ത്താന ചാടിയിറങ്ങി ഓടിച്ചെന്ന് ഫോണെടുത്തു...

“ഹലോ...ആപ്പിച്ചിയാണോ...”
അപ്പോഴേക്കും ഫോണ്‍ കട്ടായിരുന്നു.
“ഈ പെണ്ണിനിതെന്നാത്തിന്റെ കേടാ...മോളേ നിന്റെ വാപ്പിച്ചി ദേണ്ടെ ഇതാണ്...”
അസീദയുടെ വാക്കുകളില്‍ വിഷാദം പടരുന്നത് അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമായിരുന്നു.
സുല്‍ത്താന അതു കേള്‍ക്കാന്‍ നില്‍ക്കാതെ അകത്തേക്കോടി. തിരികെ വരുമ്പോള്‍ കയ്യിലൊരു മുഷിഞ്ഞ കടലാസ് ചുരുട്ടി പിടിച്ചിരുന്നു.

“ഇതാണെന്റെ ആപ്പിച്ചി...നീയെന്റാപ്പിച്ചിയല്ല... നീ പോ...”
അയാളുടെ ഫോട്ടോ സുല്‍ത്താനയുടെ കയ്യിലിരുന്ന് അയാളെ നോക്കി വികൃതമായി ചിരിച്ചു.

Tuesday, October 23, 2007

വാരവിചാരം : ഭൂലോകം പോയ വാരം : പത്താം ലക്കം.

1. ചൈനാവില്‍ നിന്നും വരുന്ന കാറ്റേ...
ചൈന ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണോ എന്ന് ചോദിച്ചാല്‍ അല്ലാ എന്ന് ഉത്തരം പറയേണ്ടി വരും. നക്ഷത്രാങ്കിത ചെങ്കൊടിയും പോളിറ്റ് ബ്യൂറോയും ജനറല്‍ സെക്രട്ടറിയുമായാല്‍ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി എന്ന് വിചാരിക്കുന്നവര്‍ക്ക് അങ്ങിനെ വിചാരിക്കാം. നക്ഷത്രാങ്കിത ചെങ്കൊടിയും പിടിച്ച് ഭാരതാവില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അപ്പ കഷണത്തിനായി ചരിത്രപരമായ തെറ്റുകള്‍ അടിക്കടി ആവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യാ (മാര്‍ക്സിസ്റ്റ്) എന്ന അഖില കേരളാ ബംഗാള്‍ ത്രിപുരാ പാര്‍ട്ടിയും കൂടെയുള്ള എണ്ണിയാലൊടുങ്ങാത്ത ഈര്‍ക്കിലി ചെങ്കൊടി പാര്‍ട്ടികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണെന്ന് സമ്മതിക്കേണ്ടി വരും ചൈനാവ് ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് സമ്മതിക്കുന്നതിന് മുമ്പ്.

ലോകത്തെവിടെയുമുള്ള ഭരണവ്യവസ്തകളില്‍ നിന്നും ഏതെങ്കിലും വിധത്തില്‍ ചൈനാവിന്റെ ഭരണ കൂടം വിമുക്തമാണോ എന്ന് മനസ്സിലാക്കാന്‍ ഇന്ന് ഏറ്റവും എളുപ്പം മദ്ധ്യേഷ്യയില്‍ തൊഴില്‍ തേടിയെത്തിയിരിക്കുന്ന ഇംഗ്ലീഷ് അല്പ സ്വല്പമെങ്കിലും അറിയാവുന്ന ചൈനാ പൌരനുമായി ഇത്തിരി നേരം സംസാരിക്കുക എന്നതാണ്. പട്ടീണി, രോഗം, തൊഴിലില്ലായ്മ, സുരക്ഷിതത്വമില്ലായ്മ, ഭരണകൂടത്തിന്റെ സ്വജന പക്ഷപാതം, ഭരണ ബന്ധുക്കളുടെ ജനദ്രോഹം തുടങ്ങി ഏതൊരു ജനതയും നേരിടുന്ന എല്ലാ അരക്ഷിതാവസ്തയും അനുഭവിക്കുന്നവരാണ് തങ്ങളെന്ന് ചൈനാക്കാരന്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ കേവലം എഴുന്നൂറ്റി അമ്പത് ദിര്‍ഹം ശമ്പളത്തിന് രണ്ടു പേരുടെ ജോലി ഒരു ദിനം ചെയ്യുന്ന ചൈനാക്കാരന്‍ കാര്‍പെന്ററെ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ.

പ്രജകളെ ഉല്പാദനോപാധി മാത്രമായി കാണുന്ന കമ്മ്യൂണിസ്റ്റ് ഭരണ ക്രമത്തിന് ചൈനാവും ഒട്ടും അപവാദമല്ല. ജീവന്‍ നിലനിര്‍ത്താനുള്ള വേതനം പറ്റി യന്ത്രം കണക്കേ പണിയെടുക്കുന്ന ഭരണകൂടത്തിന്റെ കണ്ണിലെ ഉല്പാദനോപാധി മാത്രമായ, രണ്ടോ മുന്നോ തച്ച് പണി ഒരു ദിനം എടുത്ത് രാജ്യത്തെ ഉന്നതിയിലേക്ക് നയിച്ച്, പാര്‍ട്ടിയെ തീറ്റിപോറ്റി ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന സാധാരണ ചൈനാ പൌരന്റെ വിയര്‍പ്പിന്റെ വിലയാണ് ആഗോള കമ്പോളം ആഘോഷിക്കുന്ന “വിലക്കുറവ്”. മധ്യേഷ്യയിലെ തൊഴില്‍ മാര്‍ക്കറ്റില്‍ ഏറ്റവും വിലകുറഞ്ഞ ഉല്പന്നമായിരുന്ന മലയാളീ ബംഗാളീ നേപ്പാളീ സമവാക്യമൊക്കെ പഴങ്കഥയാണിന്ന്. ‘കഞ്ഞിയും പായയും’ ഇല്ലാതെ കേവലം അഞ്ഞൂറ് ദിര്‍ഹത്തിന് പോലും പണിയെടുക്കുന്ന ചൈനാ പൌരന്‍ പ്രതിനിധീകരിക്കുന്നത് തേനും പാലും ഒഴുകുന്ന ഒരു നാട്ടിന്റെ ഔന്നത്യത്തെയല്ലല്ലോ.

പാര്‍ട്ടീ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പാര്‍ട്ടി, പോളിറ്റ് ബ്യൂറോ, സെനറ്റ്, കോണ്‍ഗ്രസ്, നെസറ്റ്, മജ്‌ലിസ്, പാര്‍ലമെന്റ്, ഹൈക്കമാന്റ്, ഹൈപ്പവര്‍ കമ്മിറ്റി.....പ്രജകളുടെ മേല്‍ കുതിരകയറാനുള്ള സംവീധാനങ്ങളിനിയും എന്തൊക്കെ ബാക്കി. കമ്മ്യൂണിസം (?) ജനാധിപത്യം മുതലാളിത്തം രാജഭരണം എന്തോ ആകട്ടെ രാജനീതിയെന്തെന്നറിയാത്ത രാജാക്കന്മാരാണ് ഭരിക്കുന്നതെങ്കില്‍ ജനത്തിന് കഞ്ഞി കുമ്പീളില്‍ പോലുമന്യമായിരിക്കും.

2. കച്ചറ ഡബ്ബ.
കേരളാവൂന്റെ പരിപാവനവും പരിശുദ്ധവും സര്‍വ്വോപരി വിശുദ്ധിയും ലോകമാസകലം വെളിപ്പെടുത്തിയത് നമ്മുടെ ചാനലുകള്‍ തന്നെയായിരുന്നല്ലോ. ബ്രഹ്മപുരവും കൊച്ചിയും ഒക്കെ മൂക്കു പൊത്തിപിടിച്ച് കൊണ്ട് നാം നമ്മുടെ സ്വീകരണ മുറികളിലിരുന്ന് കണ്‍നിറയെ കണ്ടു സായൂജ്യമടഞ്ഞു. അസ്സഹനീയമായ ദുര്‍ഗന്ധം നമ്മുടെ വീട്ടിന്റെ നാലു ചുവരുകളില്‍ നിറഞ്ഞത് അമേരിക്കാവു എങ്ങിനെയറിഞ്ഞോ എന്തോ. നേരെ ചൊവ്വേ ഫൊക്സോ ബി.ബി.സിയോ സി.എന്‍.എന്‍ ഓയോ പോലും കാണാന്‍ കൂട്ടാക്കാത്ത അമേരിക്കാവൂ നമ്മുടെ ഏഷ്യാനെറ്റൊ കൈരളിയോ അമൃദയോ കാണാന്‍ മിനക്കെടുമെന്ന് കരുതാന്‍ വകയില്ലല്ലോ. ഇതെങ്ങനെ അവരറിഞ്ഞു എന്നതാ വിചാരിപ്പ് കാരന്റെ ഇപ്പോഴത്തെ വിചാരം. ലോകത്തെ ഏറ്റവും നല്ല കച്ചറ ഡബ്ബ കേരളമാണെന്ന് അമേരിക്കാവൂന് എങ്ങിനെ മനസ്സിലായി. അമേരിക്കാവൂന്റെ മാലിന്യമെല്ലാം കൂടി കൊച്ചി തുറമുഖത്തെത്തിച്ച അമേരിക്കാവൂന് ഒട്ടും തെറ്റിയിട്ടില്ല. ഈ അടുത്ത കാലത്ത് അമേരിക്കാവൂ ചെയ്ത ഏറ്റവും ബുദ്ധിപരമായ ഒരു നീക്കമായിരുന്നു കേരളമെന്ന കച്ചറ ഡബ്ബയിലേക്ക് അവരുടെ മാലിന്യങ്ങള്‍ കയറ്റി വിട്ടത്. പക്ഷേ ഈ അണ്ഡകടാഹത്തിലിങ്ങിനെയൊരു കച്ചറഡബ്ബയുണ്ടെന്ന് സായിപ്പെങ്ങിനെ മനസ്സിലാക്കിയോ എന്തോ?

3. കുട്ടിയും പട്ടിയും.
നെടുങ്കണ്ടത്തെ ആരോമലെന്ന മൂന്ന് വയസ്സുകാരനെ വളര്‍ത്ത് നായയോടൊപ്പം കെട്ടിയിട്ട് വളര്‍ത്തിയ മാതാപിതാക്കളാണ് പൊയ വാ‍രത്ത പ്രബുദ്ധകേരളത്തിന്റെ ദുരന്ത കാഴ്ച. മാതാപിതാക്കളുടെ ഹൃദയ രാഹിത്യം വിശകലനം ചെയ്യുന്നവര്‍ അയല്‍ക്കൂട്ടത്തിന്റെ മാനസ്സിക രോഗത്തെ വിശകലനം ചെയ്ത് കണ്ടില്ല. രണ്ടു വളര്‍ത്തു നായക്കൊപ്പം പൂട്ടിയിട്ടു എന്ന് മാത്രമല്ല ആ കുരുന്നിന്റെ ദേഹം അടിച്ചു പോളിക്കാനും സ്നേഹ സമ്പന്നരായ ആ മാതാ പിതാക്കള്‍ക്ക് കഴിഞ്ഞു എന്നതും ഈ ക്രൂരതകളൊക്കെയും നിസംഗരായി നോക്കി നില്‍ക്കാന്‍ അയല്‍കൂട്ടത്തിന് കഴിഞ്ഞു എന്നതും മലയാളീ സമൂഹത്തിന്റെ പുതു സംസ്കാരത്തിനൊരു ഉദാഹരണം കൂടിയായി. ആരോമലിന് കൂട്ടായിരുന്ന കുട്ടു എന്ന വളര്‍ത്തു നായയുടെ പുറത്ത് അരോമലിന്റെ പുറത്തുള്ളതുപോലുള്ള വൃണമൊന്നും കണ്ടില്ല. തല്ലും ചുട്ടുപൊള്ളിക്കലും ആരോമലിന് സംവരണം ചെയ്തിരുന്നു എന്ന് സത്യം. പട്ടികള്‍ കുട്ടിയെ ശിക്ഷിച്ചത് നോക്കി നിന്ന പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹവും പട്ടികള്‍ തന്നെ. ചാവാലി പട്ടികള്‍...

ശിശു സംരക്ഷണ സമിതിയുടെ കീഴില്‍ സുരക്ഷിതനായിരിക്കുന്ന ആരോമല്‍ തനിക്കിപ്പോള്‍ നിര്‍ലോഭം ലഭിക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് തന്നോടൊപ്പം തുടലില്‍ കിടന്ന കിട്ടു എന്ന വളര്‍ത്തുനായക്കായി എപ്പോഴും മാറ്റി വക്കുന്നു. കിട്ടു ഇപ്പോള്‍ എവിടെയുണ്ടെന്ന് കുട്ടിക്കറിയില്ല. എന്നിട്ടും ഭക്ഷണം കിട്ടുമ്പോള്‍ തന്നോടൊപ്പമുണ്ടായിരുന്ന കിട്ടുവിനെ ഒരു നിമിഷം ദയാപൂര്‍വ്വം സ്മരിക്കുന്നു കുട്ടി. മൂന്ന് വയസ്സു കാരന്റെ കാരുണ്യവും തിരിച്ചറിവും പോലും നമ്മുടെ സമൂഹത്തിനില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ പ്രത്യകിച്ച് വികാരമൊന്നും തോന്നുന്നില്ല അല്ലേ. നമ്മളിങ്ങനെയൊക്കെയാ. അത്ര തന്നെ.

4. വസന്തത്തിന്റെ ഇടിമുഴക്കം.
കേരളത്തില്‍ എഴുപതുകളില്‍ മുഴങ്ങിയ വസന്തത്തിന്റെ ഇടിമുഴക്കം വീണ്ടും കേരളത്തിന്റെ ഗ്രാമങ്ങളില്‍ മുഴങ്ങുന്നു. പറഞ്ഞത് മറ്റാരുമല്ല. കേരളത്തിന്റെ ആഭ്യന്തര മന്ത്രി സാക്ഷാല്‍ സഖാവ് കൊടിയേരി തന്നെ. നക്സല്‍ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ശക്തി പ്രാപിക്കുന്നു എന്നതില്‍ അതിശയോക്തിയൊന്നുമില്ല തന്നെ. അരക്ഷിത സാഹചര്യങ്ങളിലൂടെ ജീവിക്കേണ്ടി വരുന്ന ജനതയുടെ മനസ്സില്‍ തീവ്രമായ അതൃപ്തിയുണ്ടായാല്‍ അത് അസ്തിത്വവാദത്തിലും അക്രമണത്തിലും എത്തിച്ചേരുമെന്നത് ലോകത്തിന്റെ പഴക്കമാണ്. അതിന് കേരളവും അന്യമല്ല. കേരളം ഏറ്റവും മോശപ്പെട്ട സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. പിടിപ്പ് കെട്ട ഭരണകൂടം. ഭരണകൂടത്തിന്റെ പിടിപ്പ് കേടുകള്‍ക്കെതിരേ ഒന്ന് ഓരിയിടാന്‍ പോലും കഴിയാതെ ഞരങ്ങുന്ന നിഷ്കൃയമായ പ്രതിപക്ഷം. ജീവിച്ചിരിക്കുന്നവരെ ജീവിക്കാനനുവദിക്കാതെ മരിച്ചവരുടെ ആത്മാക്കള്‍ക്ക് ശാന്തത നല്‍കാതെ പുലയാട്ടുകള്‍ നടത്തുന്ന സമൂഹം. മഴപെയ്താല്‍ തോണിയില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത റോഡുകളിലെ മെറ്റലിലും കുണ്ടിലും കുഴിയിലും വരെ അഴിമതി നടത്തുന്ന ഭരണ വര്‍ഗ്ഗം. പ്രകൃതി ദുരന്തങ്ങളില്‍ പെട്ട് ഇകലോക വാസം വെടിയുന്നവരുടെ ദുരിതാശ്വാസങ്ങളില്‍ വരെ കയ്യിട്ട് വാരുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്തരും പിണിയാളുകളും. കേരളത്തിലെ സാധാരക്കാരില്‍ സാധാരണക്കാരായ അത്താഴ പഷ്ണിക്കാരന്‍ വീണ്ടും വസന്തത്തിന്റെ ഇടിമുഴക്കം നടത്തിയാല്‍ അതിനെ തെറ്റെന്നു പറയാന്‍ കഴിയുമോ?

5. കാണാന്‍ പോകുന്ന പൂരം.
<
ഭാരതം ഏറ്റവും കഠിനമായ ഒരു പരീക്ഷണ ഘട്ടത്തെ അഭിമുഘീകരിക്കാന്‍ പോവുകയാണ്. ഭാരതാവൂന്റെ പണത്തിന്റെ മൂല്യവും മൂലധന വിപണിയുടെ കുതിച്ച് കയറ്റവും നേരത്തെ വിചാരത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതാണ്. ഭാരതാവിന്റെ മൂലധന വിപണിയിലേക്കൊഴുകുന്ന പണത്തിന്റെ ഉറവിടങ്ങളിലേക്ക് റിസര്‍വ്വ് ബാങ്ക് ഇറങ്ങി ചെല്ലേണ്ടി വരും. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലാഭമെടുക്കാനുള്ള ഉപാധിയായി ചെറുകിട നിക്ഷേപകന്റെ സമ്പാദ്യം മാറിയിരിക്കുന്നു. വമ്പന്മാരുടെ താളത്തിനൊപ്പിച്ച് തുള്ളുന്ന വിപണിയില്‍ നിന്നും അവര്‍ ലാഭമെടുത്ത് വരും ദിനങ്ങളില്‍ മാറി നില്‍ക്കും. പൊട്ടുന്ന മാര്‍ക്കറ്റില്‍ നിന്നും വിലക്കുറച്ച് വാങ്ങി ലാഭം ഇരട്ടിപ്പിക്കുക എന്ന കുതന്ത്രത്തിന് വേണ്ടി മാത്രമാണ് വില ഉയര്‍ത്തപ്പെടുന്നത്. സൂചികയും സാങ്കതികത്വവും ഒക്കെ ചൂണ്ടി കാട്ടി ഭാരതാവൂന്റെ സാമ്പത്തിക ഭദ്രതയെ കുത്തിയുയര്‍ത്തി കാട്ടുന്നവരെങ്ങിനെ വിപണിയെ വിശകലനം ചെയ്താലും ശരി വിപണിയുടെ മനശ്ശാസ്ത്രം നിക്ഷേപം എന്നതിന് പകരം ഊഹ കച്ചവടം ആയി മാറുന്നതാണ് കാണാന്‍ കഴിയുന്നത്. കാളകൂറ്റന്മാരുടെ പിടിയിലായിരുന്നു കഴിഞ്ഞ നാലുവര്‍ഷം വിപണി. ഇന്നി കരടികളുടെ പിടിയിലേക്ക് മാറണം. എങ്കിലേ ഊഹകച്ചവടത്തിന്റെ ഒരു വൃത്തം പൂര്‍ണ്ണമാകുള്ളു. അത് സംഭവിക്കും. ഉയര്‍ന്ന് നില്‍ക്കുമ്പോഴും വിപണി വില്പന സമ്മര്‍ദ്ദത്തിലാണ്. ലാഭമെടുക്കാനുള്ള തിരുത്തലാണ് എന്നൊക്കെ വിദഗ്ദന്മാര്‍ പറയുന്നതിനെ മുഖവിലക്കെടുക്കേണ്ട. പൊട്ടി കഴിഞ്ഞ വിപണിയെ വിശകലനം ചെയ്യാനും അവര്‍ക്ക് കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഉണ്ടാ‍കും.

ലോകത്തിലെ ഏറ്റവും വല്ലിയ മൂലധന വിപണീ തകര്‍ച്ചക്കാണ് ഭാരതം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കയ്യിലെ ഓഹരികളുള്ളവര്‍ വിറ്റു മാറിയാല്‍ സൂചിക അയ്യായിരത്തിന് താഴേക്കെത്തിയിട്ട് തുച്ചമായ വിലക്ക് വമ്പന്‍ കമ്പനികളുടെ ഓഹരി വാങ്ങാനുള്ള അവസരം ലഭിക്കും. സൂചിക അയ്യായിരത്തിനകത്ത് നില്‍ക്കാനുള്ള കപ്പാസിറ്റിയേ നമ്മുടെ വിപണിക്കുള്ളു. അല്ലെങ്കില്‍ വിദേശീയര്‍ വിപണിയില്‍ തന്നെ നില്‍ക്കണം. അതുണ്ടാകില്ല. അവര്‍ പടിയിറങ്ങും. ഉടനേ തന്നെ.

ബൂമറങ്ങ് :
“ഇടപ്പാളില്‍ അക്രമിക്കപ്പെട്ട നാടോടി സ്ത്രീ ഗര്‍ഭിണിയല്ല” - വാര്‍ത്ത.
“വിശുദ്ധ നുണയും കര്‍ത്താവിന്റെ കയ്യൊപ്പും അദൃശ്യാമാകുന്ന ഗര്‍ഭവും...കേരളം ഭ്രാന്താലയമെന്ന് പറഞ്ഞ മഹാന് തെറ്റി കുഞ്ഞാടുകളേ. ഭ്രാന്താലയമല്ല കേരളം ദേവാലയമാകുന്നു..”

Monday, October 22, 2007

“ഇപ്പോഴും അവിടുന്ന് തന്നെയാണോടേയ്...”

(നിയമപ്രകാരമുള്ള മുന്നറിയിപ്പ് :
“കൊണ്ടതും കൊടുത്തതും” എന്ന ബ്ലോഗില്‍ ബൂലോകത്തെ ആദ്യ നാളുകളില്‍ ചാമ്പിയതാണ് ഈ പോസ്റ്റ്. എല്ലാ പോസ്റ്റുകളും ഒരിടത്താക്കാന്‍ വേണ്ടിയാണ് വീണ്ടും പബ്ലിഷ് ചെയ്യുന്നത്. നേരത്തേ വായിച്ചിട്ടുള്ളവര്‍ വീണ്ടും അപകടത്തില്‍ പെടരുത്. നന്ദി.)

ഭാസ്കരന്‍ മാഷിന്റെ എറണാകുളം യാത്രക്ക് ഗൈഡാകണമെന്നു നാട്ടില്‍ നിന്നും പിതാജിയുടെ കത്ത്‌വന്നപ്പോള്‍ അഹങ്കാരം കൊണ്ട് ചങ്കില്‍ ചെങ്കൊടിപാറി...പ്രൈമറിയില്‍ വള്ളിനിക്കറിന്റെ ഓരം പുലിക്കോടന്റെ കാ‍ലത്തെ പൊലീസേ‌മാന്മാരുടെ നിക്കറുപോലാക്കി, ചന്തിയിലെ തോലെവിടെ തുടങ്ങുന്നു നിക്കറ് എവിടെ അവസാനിക്കുന്നു എന്ന് തിരിച്ചറിയാത്ത രീതിയില്‍, കൊമ്പത്തിരിക്കുന്ന കാക്കെടെ കണ്ണിനെ ലക്ഷ്യം വക്കുന്ന ഒട്ടര് പയ്യന്റെ കയ്യിലെ തെറ്റാലി പോലെ വലിച്ച് പിടിച്ച് ചൂരല്‍ കൊണ്ടുള്ള ഭാസ്കരന്‍ മാഷിന്റെ തുടയിലെ ആ താളം പിടുത്തം ഉണ്ടല്ലോ അതിന്റെ സുഖം ഇപ്പോഴും പിന്‍ഭാരത്ത് നീറ്റലുണ്ടാക്കുന്നു. ചൂരലിന്റെ മേളക്കൊഴുപ്പ് സഹിക്കാമായിരുന്നു. മേളപ്പതം കഴിഞ്ഞ് ആ മൊരട്ട് മോന്തായില്‍-സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ അച്ചുമാ‍‌മന്റെ തിരുഖത്ത് വിരിഞ്ഞ കടും പുഞ്ചിരിപോലൊന്നു വരുമായിരുന്നു ആ ആക്കി ചിരിയാണേയ് അസ്സഹനീയം...

വര്‍ഷം പത്ത് പതിനഞ്ച് കഴിഞ്ഞു. ഇന്നും മാഷിനെ കാണുമ്പോള്‍ ആ പഴയ ചിരി മനസ്സില്‍ കതിന പൊട്ടിക്കും.

ഇങ്ങ് വരട്ടെ...രണ്ട് ദിവസം ഭാസ്കരന്‍ മാഷ് എന്റെ കസ്റ്റഡിയില്‍....ആ വള്ളി നിക്കറ് കാരന്‍ ഇന്ന് ആരായെന്ന് കാട്ടികൊടുക്കണം. പ്രതികാരം മനസ്സില്‍ നുരഞ്ഞ് പൊന്തി...

അഞ്ഞൂറ് രൂപ സഹമുറിയന്റെ കയ്യില്‍ നിന്നും തരമാക്കി. മാഷ് പാലോട് ബസ്സില്‍ യഥാസ‌മയം എറണാകുളത്ത് ലാന്റ് ചെയ്തു. വള്ളി നിക്കര്‍കാരന്‍ സഹമുറിയന്റെ തന്നെ വാടകക്കെടുത്ത കോട്ടിനുള്ളില്‍...

“ഞാന്‍ തന്നെ മാഷേ..”
വര്‍ഷം പതിനഞ്ചിന് ശേഷവും മൂക്കട്ടയൊലിപ്പിച്ച് നില്ക്കുന്ന വള്ളിനിക്കറനെ തിരയുന്ന മാഷിന്റെ മുന്നില്‍ അഴകിയരാവണന്‍ മലമറിഞ്ഞ് നിന്നു.

“എടേ ഒരു ചായ കുടിക്കണം...”
കോട്ടും സൂട്ടും ഒക്കെ ഇട്ട് മോഡേണായി നിന്നിട്ടും മാഷ് വള്ളിനിക്കറനെ വിളിക്കുന്ന ആ പഴയ വിളിയാ വിളിച്ചതെങ്കിലും അതങ്ങ് ക്ഷമിച്ചു. രണ്ട് ദിനം കസ്റ്റഡിയിലല്ലെ കാണിച്ചുകൊടുക്കാം.

എറണാകുളം കണ്ട് വാ പൊളിച്ച് നിന്ന മാഷിനേം കൂട്ടി ചായകുടിക്കാനായി അവന്യു റീജന്റിന്റെ പടി കടക്കുമ്പോള്‍ കിന്നരിവച്ച പാറാവുകാരന്‍ ഉള്ളിലേക്കാനയിച്ചു.
“ഇതെന്താ ഇവിടെ?”
എറണാകുളം കണ്ടേ വണ്ടറടിച്ച മാഷിന് സ്റ്റാര്‍ ഹോട്ടലിന്റെ ആഡംബര കാഴ്ച താങ്ങാവുന്നതിലുമപ്പുറം.
“ഞാനെന്നും ഇവിടുന്നാ ചായ കുടിക്കല്. ഇവിടുത്തെ ചെറിയ ചായക്കടകളിലൊന്നും ഒട്ടും വൃത്തിയില്ല..വിലയിത്തിരി കൂടു‌മെങ്കിലും ഇവിടെ നല്ല സേവനമാ...” ഹൈക്കോര്‍ട്ടിനടുത്തെ ചാക്കു കൊണ്ട് മറച്ച് കെട്ടിയ കുടുസ്സു ഹോട്ടലിലെ മത്തിക്കറിയും ചോറുമാണീ തടിയുടെ രഹസ്യമെന്ന് നാളേക്ക് നളെ കൊച്ചി വിടുന്ന മാഷെങ്ങനെ കണ്ടുപിടിക്കാന്‍...

കിന്നരിക്കാരന്‍ വന്നു.
“ടൂ ടീ......”
ആംഗലേയം മാത്രമേ വരുന്നുള്ളു.
ഒരു സ്വാസറില്‍ ചതുര കഷണങ്ങള്‍ കൊണ്ടുവച്ചിട്ട് വെയിറ്റര്‍ അകത്തേക്ക് പോയി.
“ഇത് എന്താണ്” മാഷാരാഞ്ഞു.
“വല്ല്യാ ഹോട്ടലുകളില്‍ ഇങ്ങിനെയാണ്...ചായ പറയുമ്പോള്‍ ഇതുപോലെ എന്തെങ്കിലും തിന്നാന്‍ തരും...”
അഴകിയവന്റെ മറുപടി. ഒന്ന് ഞാന്‍ തിന്നു. നല്ല മധുരം. പിന്നേം തിന്നു. ബാക്കി മാഷും തിന്നു. വെള്ളവും കുടിച്ചു..ഏമ്പക്കവും വിട്ടു.

അതാ വരുന്നു കിന്നരിക്കാരന്‍.
കയ്യില്‍ തട്ടം. രണ്ടുമൂന്ന് പാത്രങ്ങള്‍. ഒന്നില്‍ പാല്‍. മറ്റോന്നില്‍ സൂലൈമാനി. പിന്നൊന്നില്‍ ആ അര്‍ക്കറിയാം...മറ്റെന്തൊക്കെയോ....
“ഇതന്താ ഇങ്ങിനെ” വീണ്ടും കണ്ട്രി മാഷിന്റെ കണ്ട്രി ചോദ്യം.
“മാഷേ...ഇത് സ്റ്റാര്‍ ഹോട്ടലല്ലേ. ഇവിടുത്തെ രീതിയിതാണ്..നമ്മള്‍ തന്നെ ഉണ്ടാക്കി കഴിക്കണം” പരിചയ സമ്പന്നന്‍.
പിന്നെ പരിചയ സമ്പന്നതയുടെ പാടവത്തോടെ എല്ലാം കൂട്ടി ഇളക്കി കുടിച്ചു തുടങ്ങി. എന്തോ ഒരു കുഴപ്പം പോലെ. മധുരമില്ല തീരെ. പാലില്‍ പഞ്ചസ്സാര ഇടാതാണൊ ഇവനൊക്കെ സപ്ലൈ ചെയ്തത്. തികഞ്ഞ ഉത്തരവാദിത്ത രാഹിത്യം. ഇതങ്ങിനെ വിട്ടാല്‍ പറ്റില്ല.

“ഏയ്... വെയിറ്റര്‍. കം ഹിയര്‍..” വീണ്ടും ആംഗലേയം. അവസരത്തിനൊത്ത് ഇംഗ്ലീഷ് തന്നേ വരുമെന്ന് പറയുന്നതെന്നാ കറക്ട്. വെയിറ്റര്‍ വന്നു.
“എന്താ ഇത് മധുരമിടാതാണോ ചായ തരുന്നത്...”
വെയിറ്റര്‍: “ഈ സ്വാസറില്‍....”
ഞാന്‍ : “അത് ഞങ്ങള് തിന്നൂ.....”
വെയിറ്റര്‍: “അയ്യോ അത് പഞ്ചസ്സാരയായിരുന്നു”
ഞാന്‍ : “ചതുരത്തിലായിരുന്നൂ...” ദയനീയമായിരുന്നു മറുപടി.
“യൂസ്‌ലെസ് ഫെലോസ്..” എന്നോ മറ്റോ ആണെന്ന് തോന്നുന്നു ...വെയിറ്റര്‍ പിന്നേം എന്തൊക്കെയോ പുലമ്പി വീണ്ടും ഷുഗര്‍ ക്യൂബ്സ് കൊണ്ടുതന്ന് ചവിട്ടി മെതിച്ച് കടന്നു പോയി.

രണ്ട് ചായക്ക് നൂറ് രൂപയും കൊടുത്ത് പുറത്ത് വരുമ്പോള്‍ മാഷിന്റെ അടക്കിയുള്ള ചോദ്യം...
“എപ്പോഴും ഇവിടുന്ന് തന്നെയാണോടേയ് നീ ചായ കുടിക്കല്....”
നാക്കിറങ്ങിയങ്ങ് വന്‍ കുടലിലേക്കു പോയി...

പിറ്റേ മാസം അവധിക്ക് അഞ്ചലിലെത്തിയപ്പോള്‍:
ബിജുവിനും ബിനുവിനും സുജക്കും മത്തായിക്കും സുനിലിനും പോക്കറിനും പിന്നെ സര്‍വ്വ ‍പട്ടിക്കും പൂച്ചക്കും കാക്കക്കും എന്നുവേണ്ട മുള്ളു മുരട് മൂര്‍ഖന്‍ പാമ്പിനും കല്ല് കരട് കാഞ്ഞിരക്കുരുവിനും വരെ അറിയേണ്ടുന്നത് ഒന്നു മാത്രം....
“ഇപ്പോഴും അവിടുന്ന് തന്നെയാണോടേയ് ചായ കുടിക്കുന്നത്....”

കഴിഞ്ഞതവണ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയപ്പോള്‍ അതാ നില്‍ക്കുന്നു സാക്ഷാല്‍ ഭാസ്കരന്‍ മാഷ്...കണ്ടപ്പോഴെ ചൊദ്യം വന്നു.
“ഇപ്പോഴും അവിടുന്ന് തന്നെയാണോടേയ്....”

Saturday, October 20, 2007

വാ‍രവിചാരം : ബൂലോകം പോയ വാരം : ഒമ്പതാം ലക്കം

പോയത് ബൂലോകത്തെ തല്ലു വാരങ്ങളിലൊന്നായിരുന്നു. മഹാത്മാ ഗാന്ധി മുതല്‍ കുന്തീ ദേവി വരെ വിചാരണ ചെയ്യപ്പെട്ട സംഭവ ബഹുലമായ വാരം സൌഹൃദങ്ങളില്‍ വിള്ളല്‍ വീഴ്തുന്നത് കണ്ടു കൊണ്ടാണ് കടന്നു പോയത്. കമന്റുകള്‍ക്ക് വേണ്ടിയുള്ള വിലാപം ഒരിടത്ത് നടക്കുമ്പോള്‍ കമന്റോപ്ഷന്‍ പൂട്ടിയിട്ട് ചിലര്‍ പ്രതിഷേധിക്കുന്നു. മറ്റു ചിലര്‍ ബ്ലോഗേ പൂട്ടി പോകുന്നു. ആകെ ഗുലുമാലുകളുടെ ഘോഷയാത്രയ്ക്കിടയിലേക്ക് വാരവിചാരവും കടന്നു വരുന്നു...

1. മാപ്പേ...മാപ്പ്:
കൈപ്പള്ളിയറിഞ്ഞ ഗാന്ധിയെ കൈപ്പള്ളി ബൂലോകത്ത് പിടിച്ച് നിര്‍ത്തി ബൂലോക സമക്ഷം അവതരിപ്പിച്ചത് പോയ വാരം ആയിരുന്നേയില്ല. ആ വാരം കഴിഞ്ഞിട്ട് ദിവസങ്ങള്‍ കുറേയായി. പക്ഷേ ഒരു കര്‍ഷകന്‍ കൈപ്പള്ളിയെ സ്റ്റാന്റില്‍ പിടിച്ചത് പോയ വാരമായിരുന്നു എന്ന് മാത്രം. ഭാ‍രതത്തിന്റെ മഹാത്മാവിനെ വിചാരണ ചെയ്യാന്‍ കൈപ്പള്ളിക്കെന്തധികാരം. ഓന്‍ മാപ്പ് പറയണമെന്നായി കര്‍ഷകന്‍. കൈപ്പള്ളിയാരാ മോന്‍. ഓന്‍ മാപ്പു പറയുമോ. ജനാധിപത്യ പരമായി തന്നെ കാര്യം തീര്‍ക്കാനായിരുന്നു കൈപ്പള്ളിയുടെ തീരുമാനം. കൈപ്പള്ളി വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. സ്ഥാനാര്‍ത്ഥികള്‍ രണ്ടാള്‍ മാത്രം. പണ്ട് അമേരിക്കാവൂ പറഞ്ഞ പോലെ. “ഒന്നുകില്‍ ഞങ്ങളുടെ കൂടെ അല്ലാത്തവരെല്ലാം ഭീകരര്‍”. “ഞങ്ങക്കൊന്നും പറയാനില്ല ചെല്ലേ..” എന്നൊരോപ്ഷന് ഉണ്ടായിരുന്നേലെന്ന് വോട്ട് കുത്തിയവരെല്ലാം “കുശുകുശുപ്പ്” നടത്തിയെന്ന് എന്‍.ഡി.റ്റീ.വി. ലൈവായി മൊഴിഞ്ഞു. എല്ലാ വീറും വാശിയോടും കൂടി തന്നെ വോട്ടെടുപ്പ് നടന്നു. പെട്ടി തുറന്നപ്പോഴോ? കൈപ്പള്ളി പൊട്ടി. കള്ളവോട്ടായിരുന്നു എന്ന ഞൊണുക്ക് വാദമൊന്നുമില്ലാതെ കൈപ്പള്ളി മാഫും പറഞ്ഞ് കൂട്ടത്തില്‍ ബ്ലോഗും പൂട്ടി ബൂലോകം വിട്ടു. പൂട്ടിയ ബ്ലോഗ് തുറക്കാന്‍ ഭീമ ഹര്‍ജ്ജി. കൈപ്പള്ളിയറിഞ്ഞ ഗാന്ധിയെ തിരിച്ചറിയാന്‍ ബൂലോകര്‍ കൈപ്പള്ളി സമക്ഷം ഭീമ ഹര്‍ജ്ജി സമര്‍പ്പിച്ചു. മല്ലു അങ്കിള്‍ വീണ്ടും സ്റ്റാന്റില്‍. അപ്പോള്‍ പറഞ്ഞ് വന്നതെന്നാന്ന് പറഞ്ഞാലേ “മാപ്പാണ് താരം”. ദേണ്ടെ കര്‍ഷകന്‍ ഫെയിം വിചാരപ്പുകാരനും പ്രതിഷേധിക്കുവാ. എങ്ങിനാന്ന് വെച്ചാ..ഇതാ ഇങ്ങിനെ:

ആദ്യം മാപ്പു പറയാന്‍ വേദിയിലെത്തേണ്ടത് ശ്രീമാന്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. അതിയാന്റെ മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന കുറ്റം: പ്രപഞ്ച നാഥനും ലോകരക്ഷീതാവും കോടിക്കണക്കിന് വിശ്വാസികളുടെ ആശയും ആവേശവും ആരാധനാ പാത്രവുമായ ദൈവത്തെ അടിക്കടി വിചാരണ ചെയ്യുന്നു. ശ്രീമാന് കെ.പി., വിചാരിപ്പ് കാരന്‍ അടക്കമുള്ള ലോകത്തെ കോടി കണക്കിന് ഈശ്വര വിശ്വസികള്‍ക്ക് വേണ്ടി നിര്‍വ്യജ്യം മാപ്പു പറയണമെന്ന് കോടതി വിധിച്ചിരിക്കുന്നു. വോട്ടെടുപ്പിന്റെ വിജ്ഞാപനം എന്നത്തേക്ക് പുറപ്പെടുവിപ്പിക്കാനാവും സുകുമാരന്മാഷേ. മൂന്നാമത്തെ ഓപ്ഷന്‍ മറക്കാണ്ടാട്ടോ. ജബ്ബാര്‍ മാഷിനും സുകുമാരന്‍‍ മാഷിനും വേണമെങ്കില്‍ ഒന്നിച്ച് മാപ്പ് പറയാം. അല്ലെങ്കില്‍ ശിക്ഷ തുല്യമായി പങ്കിടേണ്ടി വരും.

എഴുതുന്ന എല്ലാ പോസ്റ്റിലും കള്ളിനേയും കപ്പയേയും കൂട്ടു പിടിക്കുന്ന ബാച്ചികളും അല്ലാത്തവരുമായ എല്ലാ ബൂലോകരും മാപ്പ് പറയണം. പുതു തലമുറയെ “തണ്ണി” യില്‍ മുക്കി കൊല്ലാനുള്ള ഇവരുടെ ശ്രമം അത്യന്തം ആപല്‍ക്കരമാണ്. എല്ലാവരും കൂടി ഒന്നിച്ച് മാപ്പ് പറഞ്ഞാല്‍ മതിയാകും. അടുത്ത ബെല്ലോടുകൂടി മാപ്പു പറയല്‍ ആരംഭിക്കാം.ഈ കേസില്‍ വോട്ടെടുപ്പ് അനുവദിക്കുന്നതല്ല. നൂറു ശതമാനം വോട്ടും പ്രതികളുടെ പെട്ടിയില്‍ വീഴും എന്ന് കോടതി ഭയക്കുന്നു.

പിന്മൊഴിയെ പ്രണയിച്ചവരുടെ അപേക്ഷകള്‍ ദയാരഹിതമായി തള്ളിയ നടത്തിപ്പുകാരും പിന്മൊഴിയെ തള്ളി പറഞ്ഞവരും പിന്മൊഴിയെ പ്രണയിച്ചിരുന്നവരോട് മാപ്പ് പറയട്ടെ. പിന്മൊഴിയെ പൂട്ടിയവരെ ബൂലോകത്ത് പിടിച്ച് കെട്ടി വിചാരണ ചെയ്തവരും മാപ്പ് പറഞ്ഞേ പറ്റൂ. വായിക്കുന്ന പോസ്റ്റിന് കമന്റാതെ പോകുന്നവരെത്ര വല്ലിയ പാതകമാണ് അനുദിനം ചെയ്തു കൊണ്ടിരിക്കുന്നത്. അവരെകൊണ്ട് മാപ്പ് പറയിക്കും വരെ ഗാന്ധിയന്‍ സമരമുറകള്‍ അനുഷ്ടിക്കാം. ഒരു മിനിട്ട് ബ്ലോഗ് പൂട്ടിയിട്ട് പ്രതിഷേധിക്കാം.

മാപ്പ് പറയാനും കൊടുക്കാനും ഒക്കെയായി ഒരു പൊതുകളം സൃഷ്ടിക്കാം. ഈ “ഓഫ് യൂണിയന്‍” പോലെ ഒരു “മാഫ് യൂണിയന്‍”. ആര്‍ക്കങ്കിലും സ്വന്തമായിട്ടറിഞ്ഞതെന്തെങ്കിലും ബൂലോകത്ത് പങ്കുവെക്കണമെങ്കില്‍ മാഫ് യൂണിയനില്‍ ഒരു ചിറ്റെടുത്ത് മാഫ് പറയാനുള്ള ദിനവും സമയവും മുങ്കൂട്ടി റിസര്‍വ് ചെയ്ത് മാഫ് ചോദിക്കാനും പറയാനുമുള്ള അവസരം ഉണ്ടാക്കാം. ഇങ്ങിനെ പോയാല്‍ ചീട്ട് അടുത്ത നൂറ്റാണ്ടിലേ കിട്ടലുണ്ടാവുകയുള്ളൂ എന്ന് പിന്നാമ്പുറം.

എന്താ പറഞ്ഞേ...കേട്ടില്ല. ഓ...സര്‍വ്വതിനേയും കേറി വെറുതേയങ്ങ് വിചാരിക്കുന്ന താനാദ്യം മാപ്പു പറയാനോ..
ദേണ്ടെ കണ്ടില്ലേ ഒരു ഒന്നൊന്നര മാപ്പ് നെടുനെടുങ്ങനെ കിടന്ന് നിലവിളിക്കുന്നത്:
“സര്‍വ്വതിനും മാപ്പേ...മാപ്പ്.”

2. കമന്റുകളും കാത്തിരിക്കുന്ന വേഴാമ്പലുകള്‍.
പോസ്റ്റിന് കമന്റുകള്‍ കിട്ടുന്നില്ലേ എന്നുള്ള നിലവിളിക്ക് ബൂലോകം സൃഷ്ടിക്കപെട്ടതോളം പ്രായമൊന്നുമില്ല. ആദ്യ കാലങ്ങളില്‍ ആകെ മുപ്പത് പേരുള്ള ഒരു ചെറു ഗ്രൂപ്പിന്റെ കൂട്ടു കുടുംബമായിരുന്നപ്പോള്‍ ഇടുന്ന പോസ്റ്റിന് മുപ്പത് കമന്റ് ഫിക്സെഡ് ഡിപ്പോസിറ്റായിരുന്നു. കാലമേറെ മുന്നോട്ടു പോയി. വായനക്കാരേക്കാള്‍ എഴുത്തുകാര്‍. കമന്റുന്ന സമയത്ത് മറ്റൊരു പോസ്റ്റ് എന്നായി എല്ലാരുടേം ചിന്ത. പിന്നെങ്ങിനെ കമന്റുകള്‍ പെയ്യും.

കമന്റില്ലേ എന്ന് നിലവിളിച്ച് രണ്ട് പോസ്റ്റിട്ട് സ്വന്തം ബ്ലോഗില്‍ കമന്റ് മഴ പെയ്യിച്ച സാ‍ബു പ്രയാര്‍ എന്ന ബ്ലോഗര്‍ പുതു ബ്ലോഗര്‍മാരുടെ ബ്ലോഗുകളില്‍ ഇട്ട കമന്റുകള്‍ തപ്പി വിചാരിപ്പ് കാരന്‍ നടത്തിയ യാത്രയുടെ ഫലം പരാജയമായിരുന്നു. സാബു പ്രയാറിന്റെ മറ്റു ബ്ലോഗുകളിലെ സാനിദ്ധ്യം കണ്ടെത്തുക വളരെ ദുഷ്കരമാണ്. കാരണം സാബുവിന്റെ മറ്റു ബ്ലൊഗുകളിലെ കമന്റുകളുടെ സാനിദ്ധ്യം പൊടിപോലുമില്ല കണ്ടു പിടിക്കാന്‍. പക്ഷേ “വാര വിചാരത്തിന്റെ” കമന്റുകളില്‍ അദ്ദേഹത്തിന്റെ സാനിദ്ധ്യം കണ്ടു.

ഇന്നിയൊരു പുതിയ യൂണിയനും കൂടിയാകാം. ഓഫ് യൂണിയന്‍ പോലെ “കമന്റു സപ്ലൈ യൂണിയന്‍”. യൂണിയനിലെ ഒരോ അംഗവും ദിവസം ഏറ്റവും കുറഞ്ഞത് പത്ത് കമന്റുകള്‍ എങ്കിലും ഇടണമെന്നും ഇടുന്ന കമന്റെല്ലാം പുതു ബ്ലോഗറന്മാരുടെ ബ്ലോഗിലായിരിക്കണം എന്നും ഉള്ള നിബന്ധനയായിരിക്കണം അംഗത്വത്തിനു വേണ്ടുന്ന പ്രധാന മാനദണ്ഡം.

കമന്റുകളേ നിങ്ങള്‍ ഈ വഴിയും ഒന്നു കയറിയിട്ട് പോകൂ. കഴിഞ്ഞ ലക്കം വിചാരത്തിന് കിട്ടിയ കമന്റുകളുടെ എണ്ണം എത്രയെന്നോ. രണ്ടേ രണ്ടെണ്ണം. കമന്റുകള്‍ക്കായി മഴകാത്തിരിക്കുന്ന വിചാരിപ്പ് കാരന്‍ എന്ന വേഴാമ്പലിനെ കാണുന്നില്ലേ ബൂലോകമേ നിങ്ങള്‍... ആരെങ്കിലും ഇത്തിരി കമന്റ് ഇവിടേയും വിതരണം ചെയ്യൂ ബൂലോക സാഹോദര്യമേ.... ഇല്ലെങ്കില്‍ “ബൂലോകത്തെ കമന്റ് കുംഭകോണം” എന്ന പേരില്‍ പോസ്റ്റിട്ട് വിചാരിപ്പ്കാരനും കൃതൃമമായി കമന്റു മഴ പെയ്യിക്കും.

ജാഗ്രതൈ!

3. മലയാളത്തിനായി ഗൂഗ്ലിന്റെ സംഭാവന.
വരമൊഴിക്ക് ഗൂഗിള്‍ മറുമൊഴി എന്ന പോസ്റ്റില്‍ സിബൂ മലയാളത്തിനായി ഗൂഗിള്‍ നല്‍കിയ പുതു സാങ്കേതം പരിചയപ്പെടുത്തുന്നു. ഡൌണ്‍ ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഒന്നും ചെയ്യാതെ ഇതുവഴി വെറുതേ മംഗ്ലീഷില്‍ അങ്ങ് റ്റൈപ്പുക. ഉപയോഗിച്ച് നോക്കി സ്വയം മനസ്സിലാക്കണം. എങ്കില്‍ മാത്രമേ ഈ വിദ്യ നല്‍കുന്ന സൌകര്യം മുഴുവനും ഉള്‍കൊള്ളാന്‍ കഴിയുള്ളു. ഇതിലൂടെ പുതിയ നിഘണ്ടുവും അക്ഷര തെറ്റുകള്‍ ഓണ്‍ലൈനില്‍ തിരുത്താനുള്ള സാങ്കേതവും ഒക്കെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. ഈ സാങ്കേതത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതും സിബുവും ഉമേഷും ഒക്കെ തന്നെയാണ് എന്നുള്ളത് ബൂലോകത്തിനാകെ അഭിമാനിക്കത്തക്കതും ആകുന്നു.

4. സ്ത്രീയെ സ്ത്രീ തന്നെ...
അഷറഫ് കൊണ്ടുവന്ന ഈ ദുരന്തകാഴ്ച മനസ്സിനെ പിടിച്ച് കുലുക്കി. ബയന്റ് പെട്ടിയില്‍ മോര്‍ച്ചറിയിലേക്ക് കയറി പോകുന്ന കുരുന്നിന്റെ ചിത്രം അത്ര വേഗമൊന്നും മനസ്സില്‍ നിന്നും മായില്ല. ദാരുണമായ കാഴ്ച.

5. സംഗീതത്തിന്‍ നേരേ പിടിച്ച കണ്ണാടി.
ഭാരതത്തിലെ പ്രശസ്തരും അനുഗ്രഹീതരുമായ ഗായകരെ illusions പരിചയപ്പെടുത്തുന്നത് അവരുടെ പോപ്പുലറായ സംഭാവനകളുടെ പിന്തുണയോടെയാണ്. കണ്ണാടി തികച്ചും ശ്രദ്ധയറ്ഹിക്കുന്ന ബ്ലോഗാണ്. സന്ദര്‍ശിക്കണം എന്ന് നിര്‍ദ്ദേശിക്കാന്‍ പറ്റിയൊരിടം.

6. നിഘണ്ടു.
അക്ഷരതെറ്റുകളെ തിരുത്തുവാനുതകുന്ന തരത്തിലുള്ള നിഘണ്ടു തപ്പി നടക്കവേയാണ് പോയ വാരം രണ്ടു നിഘണ്ടുകള്‍ കാണാന്‍ കഴിഞ്ഞത്. ഒന്നിവിടെ. മറ്റൊന്നു അങ്കിളിന്റെ ബ്ലോഗില്‍. രണ്ടും ഗുണകരം.

7. മാജിക്കിന്റെ മനശ്ശാസ്ത്രം.
മന്‍സൂറിന്റെ ഞാനും ,എന്റെ മാജിക്കും,പിന്നെ നിങ്ങളും എന്ന പുതു ബ്ലോഗില്‍ മന്‍സൂര്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത് അദ്ദേഹത്തിന്റെ മാജിക്ക് അനുഭവങ്ങളാണ്. മാജിക്ക് വേദികളിലുണ്ടായ അനുഭവ കുറിപ്പ് എന്നതിലുപരി മാജിക്കിന്റ് രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു വേദിയായി ഈ ബ്ലോഗ് മാറട്ടെ!

8. ബൂലോക വിവാഹം
ബൂലോകത്തെ ആദ്യ വിവാഹം ഒരു വിവാഹ വീട്ടിന്റെ സര്‍വ്വ ഭാവഹാതികളോടും കൂടി തന്നെ ബൂലോകം ആഘോഷിക്കുന്നതാണ് പോയ വാരത്തെ ബൂലോക കൌതുകം. ഇക്കാസും ജാസൂട്ടിയും വിവാഹിതരാകുമ്പോള്‍ അത് ബൂലോകത്തെ ആദ്യത്തെ ബ്ലോഗര്‍ വിവാ‍ഹമായി.ക്ഷണകത്ത് മുതല്‍ ബൂലോക മയം. ഒരു കല്ല്യാണ വീട്ടിന്റെ പരിഛേദമായി ഇക്കാസും ജാസൂട്ടിയും വിഹാഹിതരാകുന്നു എന്ന പോസ്റ്റിലെ കമന്റാഘോഷം. വധൂവരന്മാര്‍ക്ക് വാരവിചാരത്തിന്റേയും മംഗളാശംസള്‍.

9. ആസ്ഥാന ഗോദയില്‍.
ബൂലോകത്തെ ആസ്ഥാന ഗോദയില്‍ പോയ വാരം ‘ചിത്ര’വധത്തിന് ഇരയായത് മഹാഭാരതത്തിലെ പാവം കുന്തീ ദേവിയായിരുന്നു. മഹാഭാ‍രതത്തിലേയും രാമായണത്തിലേയും ഖുറാനിലേയും ബൈബിളിലേയും ഒക്കെ കഥാപാത്രങ്ങളേയും കഥകളേയും വിമറ്ശിക്കുന്നതില്‍ ആരും തെറ്റു പറയില്ല. പക്ഷേ സഭ്യമായ ഭാഷ ഉപയോഗിക്കണം എന്ന് മാത്രം. അല്ലെങ്കില്‍ അപ്പിയില്‍ ചവിട്ടിയ അറപ്പായിരിക്കും പോസ്റ്റ് വായിച്ച് കഴിയുമ്പോള്‍ തോന്നുക. ആ അറപ്പാണ് ആസ്ഥാന ഗോദയില്‍ ചെന്ന് പെടുമ്പോള്‍ അനുഭവപ്പെടുന്നത്. ആ അനുഭവത്തില്‍ നിന്നുമാണ് ഒമ്പതു വര്‍ഷം പഴക്കമുള്ള “ബ്രാഹ്മണ ശങ്ക” വീണ്ടും അവതരിക്കപ്പെട്ടത്. ആസ്ഥാന ഗോദയിലെ വരും വാരത്തെ വെളിപാടെന്നതായിരിക്കുമോ എന്തോ?

10. മലയാളം ജീവിക്കുന്നത്.
മലയാളം യൂണീകോഡിന്റെ ചരിത്രത്തെയും വളര്‍ച്ചയേയും കുറിച്ച് സ്നിഗ്ദാ റെബേക്കാ ജേക്കബ്ബ് എഴുതിയ മലയാളം ജീവിക്കുന്നത് എന്ന ലേഖനത്തില്‍ സാങ്കേതികമായി മലയാളം കംബൂട്ടറുകളിലൂടെ വളരുന്നതിന്റെ ചരിത്രത്തിലേക്കണ് ലേഖകന്‍ ശ്രദ്ധ ക്ഷണിക്കുന്നത്. മലയാളത്തിന്റെ യൂണീകോഡ് ചരിത്രം ആധികാരികമായി എഴുതി വെക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് ലേഖനം. ലേഖനത്തേക്കാള്‍ ആധികാരികമായി വിശ്വപ്രഭയുടെ കമന്റ്. മലയാളത്തിന്റെ കംബൂട്ടര്‍ പ്രവേശ ചരിത്രം എഴുതി സൂക്ഷിക്കേണ്ടത് ആവശ്യം തന്നെ.

11. നവാഗതര്‍
മുന്‌വാരത്തെപോലെ തന്നെ പോയ വാരവും പുതുമുഖങ്ങളുടെ രംഗപ്രവേശം കൊണ്ട് ശ്രദ്ധേയമായിരുന്നു. മാതൃഭൂമിയിലെ വിശാലമനസ്കന്റെ സാനിദ്ധ്യം തന്നെയാണ് ഈ തള്ളി കയറ്റത്തിന് കാരണം. ശ്രദ്ധിക്കപ്പെടേണ്ട പലരും പുതുതായി വന്നിട്ടുണ്ട്.
1. സ്വപ്ന ഭൂമി.
ഡള്ളാസില്‍ നിന്നും പ്രിയാ ഉണ്ണികൃഷ്ണന്‍ എഴുതുന്ന ബ്ലോഗ്. സ്വപന ഭൂമിയെ കുറിച്ച് പ്രിയാ ഉണ്ണികൃഷ്ണന്റെ തന്നെ വാക്കുകള്‍ “ഇതെന്റെ സ്വപ്നഭൂമിയാണ്‌.കാലം ഇനിയെനിക്ക്‌ സമ്മാനിക്കുന്നതെല്ലാം ഇവിടെ നിന്നാണ്‌.അറിയാതെ മറന്നുവെച്ച സ്നേഹത്തെ സാക്ഷിയാക്കി മനപ്പൂര്‍വ്വം ഞാനെന്റെ ഹൃദയം ഇവിടെ മറന്നുവെയ്ക്കുകയാണ്‌..”

2. വിനുവിന്റെ ബ്ലൊഗ്.
മലയാളം ഭൂലോകം മുഴുവന്‍ ചെന്നെത്തുന്നതിനെ അഹങ്കാ‍രത്തോടെ അനുഭവിക്കാനായി വിനു ബ്ലോഗ് തുറന്നിരിക്കുന്നു. തുടക്കം സ്വതന്ത്ര സോഫ്റ്റ് വേയറിന്റെ സന്ദേശവുമായി. വിനുവിന്റെ ബ്ലോഗ് സാങ്കേതിക വിദ്യാര്‍ത്ഥിയായതു കൊണ്ട് തന്നെ ചര്‍ച്ചക്ക് വെക്കുന്നത് “സാങ്കേതികം” ആയിരിക്കും എന്ന് കരുതാം.

3. മലയാള വാക്ക്.
പാലക്കാട് വിക്ടോറിയാ കോളേജ് ലക്ചറ‌ര്‍ ശ്രീ. വി. വിജയ കുമാറിന്റെ പുതു ബ്ലോഗാണ് മലയാളം വാക്ക് ആനുകാലിക സംഭവ വികാസങ്ങളെ ഇടതു പക്ഷ വീക്ഷണകോണില്‍ നിന്നു കൊണ്ട് വിശകലനം ചെയ്യാനുള്ള ശ്രമമാണ് വിജയകുമാര്‍ നടത്തുന്നത്.

4. താമര പൊയ്കകള്‍
അയല്‍ക്കാരന്റെ ബ്ലോഗ്. ടൈപ്പ് ചെയ്യാനുള്ള മടി കാരണം മാത്രം പോസ്റ്റ് ചെയ്യല്‍ നീട്ടി വെക്കേണ്ടി വന്ന ഒരു ഹതഭാഗ്യന്റെ ബ്ലോഗ്. പേരു പൊലെ മനോഹരമായി എഴുതാന്‍ പുതു മുഖത്തിന് കഴിയുമോ എന്ന് സംശയമാണ്. ആദ്യ പോസ്റ്റില്‍ “നമസ്കാരം” വും രണ്ടാം പോസ്റ്റില്‍ “കോപ്പീ പേസ്റ്റുമേ” യുള്ളൂ.

5. ചിതറിയ ചായങ്ങള്‍.
രഞ്ജിത്ത് സജീവിന്റെ ബ്ലോഗ്. കവിതാ ബ്ലോഗാണ് ചിതറിയ ചായങ്ങള്‍.

6. കോങ്കണ്ണ്
ഹനീഷ് കെ.എം. എഴുതുന്ന ഫോട്ടോ ബ്ലോഗ്. ഫോട്ടോയുടേയും ഫോക്കസിന്റേയും സാങ്കേതികത്വം വിശകലനം ചെയ്യാന്‍ വിചാരിപ്പ് കാരന്‍ ആളല്ലായെങ്കിലും ആദ്യ ഫോട്ടോ അടുത്ത ബെല്ലോടുകൂടി ഗ്രാമത്തിലെ ഉത്സവത്തെ ഓര്‍മ്മപ്പെടുത്തി.

7. കീയോ...കീയോ.
വിനയത്തോടെ തന്നെ സ്വയം പരിചയപ്പെടുത്തുന്നത് അഹങ്കാരമാകും എന്ന് പറഞ്ഞാണ് ഉപദേശി ഉപദേശം തുടങ്ങിയിരിക്കുന്നത്. ബൂലോകത്ത് ഒരു പേരിടാനുള്ള ബുദ്ധി മുട്ട് ഉപദേശി തുറന്ന് പറഞ്ഞിരിക്കുന്നു. അങ്ങിനെ ആരും ഇടാത്ത ഒരു പേര് തപ്പി തപ്പി ഉപദേശി “കീയൊ...കീയോ” യില്‍ എത്തി. ശരിയാണ് ആരും ഇടാത്ത പേര് തന്നെ. സംശയമില്ല.

8. കരാള കേരളം.
നല്ല മറ്റൊരു പേര്. കേരളത്തിനെ ഇതില്‍ കൂടുതല്‍ എങ്ങിനെ വിശേഷിപ്പിക്കാനാ? അനീതികള്‍ക്കെതിരേ ആഞ്ഞടിക്കാനാണ് അദൃശ്യന്റെ അവതാരം. ആഞ്ഞടിക്കുമ്പോള്‍ അദൃശ്യനായിരിക്കയാണ് അത്യുത്തമം.

9. കടല്‍പ്പച്ച.
ആശാലതയുടെ കവിതാ ബ്ലോഗം. ദുരൂഹവും ദുര്‍ഗ്രാഹ്യവുമായ വരികളാണ് ആകെപ്പാടെ‍. എഴുത്തുകാരി തന്നെ ആസ്വാദനവും എഴുതേണ്ടി വരും കടല്‍പ്പച്ച യിലെ കവിതകള്‍ക്ക്.

10. ഉള്ളത് പറഞ്ഞാല്‍
ചില അപ്രിയ സത്യങ്ങളുമായാണ് Third eye എത്തുന്നത്. ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും. ഉറി ചിരിക്കുന്ന ഉള്ളതുകള്‍ പറയാന്‍ എഴുത്തുകാരന് കഴിയട്ടെ.

11. ആദിദ്രാവിഡന്‍.
ബിനീഷ് പി. യുടെ പുതിയ ബ്ലോഗ്. “പച്ച നിറമുള്ള രാത്രി..., ചുവന്ന ഇലകള്‍ തേടി കാട് കയറിയപ്പോള്‍
എന്നെ നനയിക്കാതെ പെയ്ത വയലറ്റ് മഴയില്‍..” എന്നതാണോ എന്തോ? കവിതാ ബ്ലോഗാണ് ആദി ദ്രാവിഡന്‍.

12. ആകാശം വീഴുന്നു...കൈകള് താങ്ങുന്നു.
രഘുനാഥ് പലേരിയുടെ ബ്ലോഗ്. “ആകാശം അതിരുകള്‍ കാണാതെ സഞ്ചരിക്കുന്നു.ആ സുന്ദര സഞ്ചാരത്തിനിടയില്‍ വേദനിക്കുന്നവരുടെ തേങ്ങലുകള്‍ വീണു മുറിഞ്ഞ് ആകാശം വീഴുമ്പോള്‍ മനസ്സിന്റെ കൈ കൊണ്ടു തന്നെ അതിനെ താങ്ങുക. ഓരോ കഷ്ണ്ണങ്ങളും സ്നേഹത്തോടെ പെറുക്കി തിരികെ വെക്കുക. സ്നേഹമാണു ഗായത്രി. സ്നേഹം. സ്നേഹത്തിന്നപ്പുറം മറ്റൊരു മന്ത്രമില്ല.” ബൂലോകത്തെയും സ്നേഹ മന്ത്രമാകന് രഘുനാഥ് പലേരിക്ക് കഴിയട്ടെ.

13. The world, as I see it
അനീജ് ആനന്ദിന്റെ പുതു ബ്ലോഗ്. കവിതാ ബ്ലോഗമാണ് The world, as I see it

14. സ്വപ്ന സമാനം.
സനല്‍കുമാറിന്റെ ബ്ലോഗ്. നെരൂദയുടെ വരികളെ കടം കൊണ്ട് ബ്ലൊഗിലേക്കെത്തുന്നു സനല്‍കുമാറ് സ്വപ്ന സമാനവുമായി.

15. Perlath House
ശ്രീയുടെ പുതു ബ്ലോഗ്. പേരൂകളിലെ സാമ്യത പുതു ബ്ലോഗുകളില്‍ കൂടുതലായി കണ്ടുവരുന്നു. പേരു തിരഞ്ഞെടുക്കുമ്പോള്‍ അത് പുതിയതായിരിക്കാന്‍ പുതിയവര്‍ ശ്രമിക്കുന്നത് നന്നായിരിക്കും. ശ്രീ നമസ്കാരം പറഞ്ഞിട്ടേ ഉള്ളൂ. ലക്ഷ്യം വ്യക്തമല്ല.

16. നാടകീയം.
നാടകീയന്റെ പുതു ബ്ലോഗ്. അ..ആ‍ യില്‍ തുടക്കം. ശരിയല്ലല്ലോ. ഹരി ശ്രീ യീലല്ലേ തുടങ്ങേണ്ടത്. എന്തോ ആവട്ടെ. സിനിമ യാണെന്ന് തോന്നുന്നു നാടകീയം ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.

17. MEZHATHOORKARAN
മേഴത്തൂര്‍കാരന്റെ പുതൂ ബ്ലൊഗ്. കവിതാ ബ്ലോഗ് ആണ് മേഴത്തൂര്‍കാരന്‍ എന്ന് തോന്നുന്നു.

18. Memoirs of Anand Kurup
വളരെകാലത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷം ബൂലോകത്ത് പട്ടയം നേടിയെത്തിയിരിക്കയാണ് ആനന്ദ് കുറുപ്പ്. ഓര്‍മ്മകുറിപ്പുകളാണ് കുറൂപ്പ് പങ്കുവെക്കുന്നത്.

19. Kuttettante Kurippukal
ഷൈനിന്റെ പുതു ബ്ലോഗ്. കുഞ്ഞു ചിന്തകള്‍ പങ്കുവെക്കാനൊരിടം എന്ന മിനിമം പ്രോഗ്രാമും ആയി പ്രോഗ്രാമര്‍ ആയ ഷൈന്‍ കുട്ടന്റെ കുറിപ്പുകളുമായി എത്തുന്നു. പ്രതീക്ഷയുണര്‍ത്തുന്ന മറ്റൊരു ബ്ലോഗിന്റെ രംഗപ്രവേശമായി ഷൈന്റെ ബ്ലോഗിനെ കാണാം.

20. Ente Blah !!
നോബഡിയുടെ പുതിയ ബ്ലോഗ്. ബ്ലാ..ബ്ലാ.. തന്നേന്ന്. എഴുതി തുടങ്ങിയ ആദ്യത്തെ പോസ്റ്റ് പോലും പൂര്‍ത്തിയാക്കി പോസ്റ്റാന്‍ പോസ്റ്റ്കാരന് കഴിഞ്ഞിട്ടില്ല.

21. എന്‍.ഏ. ബക്കറ്.
എന്‍.ഏ. ബക്കറുടെ ബ്ലോഗിന് പേരില്ല. തുടക്കം ചരിത്രത്തില്‍ നിന്നും മിത്തിലേക്ക് ഇറങ്ങി പോയ ചേരമാന്‍ പെരുമാളിനെ ഓര്‍ത്തുകൊണ്ട്. പേരിന് എന്തു പറ്റിയോ എന്തോ? ബ്ലോഗും മിത്താവാതിരിക്കട്ടെ.

പുതു ബ്ലോഗുകളിലധികവും ഇംഗ്ലീഷ് പേരാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതൊരു നല്ല ട്രെന്റ് ആണെന്ന് കരുതാന്‍ കഴിയില്ല. മലയാളം തന്നെ കൂടുതല്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതല്ലേ നല്ലത്.

12. പുനര്‍ വായന.
സജുവിന്റെ ബ്ലോഗ് വായിക്കുക ഒരു ഹരമായിരുന്നു. സാങ്കേതികതയെ ലളിതമായി അവതരിപ്പിക്കാന്‍ സജു എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അവസാനം വന്ന പോസ്റ്റ് ജനുവരി രണ്ടായിരത്തി ഏഴില്‍ ആണ്. സ്വതന്ത്ര സോഫ്റ്റ് വേയറിന്റെ നന്മകളെ കുറിച്ച് സജു ആധികാരികമായി തന്നെ ലേഖനങ്ങള്‍ എഴുതി. സാങ്കേതിക ജ്ഞാനം വളര്‍ത്തിയെടുക്കാന്‍ സജുവിനെ പോലെയുള്ളവര്‍ നടത്തിയ ശ്രമങ്ങള്‍ എപ്പോഴും സ്മരിക്കപ്പെടേണ്ടതാണ്. ഫേവറിറ്റില്‍ തൂങ്ങിയ സജുവിന്റെ ബ്ലോഗ് ഒരാവര്‍ത്തി കൂടി വായിച്ച് കഴിഞ്ഞപ്പോള്‍ ഇവരൊക്കെ എന്താണ് ബൂലോകത്തോട് വിട പറയുന്നത് എന്ന് തോന്നി പോയി. വായിക്ക പെടേണ്ടവയാണ് സജുവിന്റെ പോസ്റ്റുകള്‍ ഒക്കെയും തന്നെ.

വാരവിചാരത്തിന്റെ മുന്‍ ലക്കങ്ങള്‍ ഇവിടെ വായിക്കാം.
നന്ദി.

Thursday, October 18, 2007

സ്നേഹിക്കരുതാരേയും...

സ്നേഹിക്ക നീ നിന്നെ മാത്രം
സ്നേഹിക്കരുതാരേയും നീ നിന്നെയല്ലാതെ
സ്നേഹം സ്വീകരിക്കരുതാരുടേതും
സ്നേഹത്തിന്‍ വില നിന്‍ ജന്മതന്നെയാകാം...

ദ്രോഹിക്ക നീ നിന്നെ സ്നേഹിക്കുന്നവരെയൊക്കെയും
ദ്രോഹത്തിന്മേലെ സ്നേഹം നാട്യമായിടേണം!
ദ്രോഹിക്കുന്നവനെ നീ സ്നേഹിച്ചീടേണമെന്തന്നാല്‍
ദ്രോഹി നിന്റെ ജന്മത്തിന് വിലയിടില്ലെന്നറിയുക.

നീ പ്രതീക്ഷിക്കരുത്:
നിന്റെ സ്നേഹം സ്വീകരിക്കപ്പെടുന്നുവെന്ന്
നീ സ്വീകരിക്കപ്പെടാന്‍ യോഗ്യനെങ്കില്‍ മാത്രം
നിന്റെ സ്നേഹം സ്വീകരിക്കപ്പെടും
നീ അസ്വീകാര്യനാണെങ്കില്‍
നിന്റെ സ്നേഹവുമതു തന്നെ.
നീ സ്നേഹിക്കേണ്ടതെപ്പോഴും
നിന്നെ മാത്രമെന്തെന്നാല്‍
നീ സ്വീകാര്യനാകുന്നതെപ്പോഴും
നിനക്ക് മാത്രമല്ലോ?
(അനുഭവമാണ്. കവിതയായി തെറ്റിദ്ധരിക്കരുതേയെന്നപേക്ഷ.)

കരയുക...

കരയുക നീ-
വീണ്ടും കരയുക.
വീണ്ടും വീണ്ടും കരയുക,
കരഞ്ഞു കൊണ്ടേയിരിക്കുക...

നിനക്ക് നിഷേധിക്കപ്പെടുന്ന,
നിന്റെ ജന്മാവകാശങ്ങള്‍,
നിനക്ക് സ്ഥാപിച്ചു കിട്ടുംവരെ-
നീ കരഞ്ഞു കൊണ്ടേയിരിക്കുക.

നിര്‍ത്തിക്കളയരുത്,
നീ നിന്റെ കരച്ചില്‍.
കനിഞ്ഞു കിട്ടിയ നിന്റെ ജന്മാവകാശങ്ങള്‍,
വീണ്ടും നിഷേധിക്കപ്പെടാതിരിക്കാന്‍-
നീ നിന്റെ നിലവിളി തുടര്‍ന്നു കൊണ്ടേയിരിക്കുക.

പിന്നെയും:
നിനക്കിതോര്‍മ്മയിലുണ്ടായിരിക്കണം.
നിന്റെ കരച്ചിലവസാനിക്കിന്നിടത്ത്,
നിനക്ക് നിഷേധിക്കപ്പെടുന്നത്-
നിന്റെ ജന്മം തന്നെയായിരിക്കുമെന്നത്.

(അനുഭവമാണ്. കവിതയായി തെറ്റിദ്ധരിക്കരുതേയെന്നപേക്ഷ.)

Tuesday, October 16, 2007

ഭൂലോകം പോയ വാരം : ഒമ്പതാം ലക്കം

വാര വിചാരത്തിന്റെ ഭൂലോക വാരം ഒമ്പതാം ലക്കം പ്രസിദ്ധീകരിച്ചെങ്കിലും അഗ്രഗേറ്ററുകള്‍ വീണ്ടും മുഖം തിരിച്ച് തന്നെ.ഇതിലെ പോയാല്‍ അവിടെ എത്താം. ബുദ്ധി മുട്ടുണ്ടായതില്‍ ഖേദിക്കുന്നു.

Sunday, October 14, 2007

വിളിക്കാം ഫോണ്‍ - സൌജന്യമായി.

പ്രവാസികളുടെ സമ്പാദ്യത്തില്‍ നല്ലൊരു ശതമാ‍നവും അന്താരാഷ്ട്രാ ടെലിഫോണ്‍ വിളികള്‍ക്കായി ചിലവാകാറാണല്ലോ പതിവ്. ഫോണ്‍ വിളിക്കാവുന്ന നിരവധി വെബ് സൈറ്റുകള്‍ ഉണ്ടെങ്കിലും TOKIVA എന്ന സൈറ്റ് തികച്ചും വ്യത്യസ്തവും ലളിതവുമായ സാങ്കേതവുമായാണ് ഫോണ്‍ വിളിക്ക് സഹായിക്കാനായി എത്തുന്നത്.

ഒരു തരം റെഫറല്‍ പ്രോഗ്രാമാണ്‍ ടോക്കീവോ . ഒരോ റെഫറല്‍ അക്കൌണ്ടും ആക്ടിവേക്ട് ചെയ്യുമ്പോള്‍ റെഫറ് ചെയ്യുന്നയാള്‍ക്ക് പതിനഞ്ച് റ്റോക്കീവോ പോയിന്റ് ലഭിക്കും. ഈ ടോക്കീവോ പോയിന്റ് ഫോണ് വിളിക്കാനുള്ള ക്രെഡിറ്റ് ആയി മാറുകയാണ് ചെയ്യുന്നത്.

ഇന്നി റേഫറല്‍ പോയിന്റ് വേണ്ട എന്നാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് സമര്‍പ്പിച്ചും പോയിന്റ് സ്വന്തമാക്കാം. ഇതും സൌജന്യമാണ്‍. കാര്‍ഡില്‍ നിന്നും ഒരു സംഭാവന അവര്‍ ചുരണ്ടി മാറ്റും എന്ന് മാത്രം. താരതമ്യന ഗണ്യമായ കുറവാണ് നേരിട്ട് കാറ്ഡ് ഉപയോഗിച്ച് വിളിച്ചാലും ടോക്കിവോ ഈടാക്കുന്നത്. അങ്ങിനെയാണേലും ലാഭം തന്നെ.

സര്‍വ്വ സാധാരണമായ കംബൂട്ടറില്‍ നിന്നും ഫോണിലേക്ക് വിളിക്കുന്ന സേവനമല്ല ടോകീവോ ചെയ്യുന്നത്. ഫോണില്‍ നിന്നും ഫോണിലേക്കുള്ള സേവനമാണ് ടോക്കിവോ നല്‍കുന്നത്. ലാന്റ് ലൈനില്‍ നിന്നും മൊബൈലിലേക്കോ ലാന്റ് ലൈനിലേക്കോ, മൊബൈലില്‍ നിന്നും ലാന്റ് ലൈനിലേക്കോ മൊബൈലിലേക്കോ ഒക്കെ സൌകര്യ പ്രദമായി വിളിച്ച് ആര്‍മ്മാദിക്കാം.

ഒരോ രാജ്യത്തേയും നിയമങ്ങള്‍ക്ക് വിധേയമാണോ ടോക്കീവോ വിളികള്‍ എന്ന് ആധികാരികമായി നോക്കിയിട്ട് വേണം ഈ സൌകര്യം ഉപയോഗിക്കേണ്ടത്. ഏതെങ്കിലും രാജ്യത്തെ ടെലിഫോണ്‍ അതോരിറ്റികളുടെ നിവന്ധനകള്‍ക്ക് വിധേയമല്ല ടോക്കീവോ എങ്കില്‍ ഈ സൌകര്യത്തിന്റെ സൌജന്യം ഉപയോഗിച്ചിട്ട് എന്തെങ്കിലും നിയമകുരുക്കില്‍ പെട്ടാല്‍ കരഞ്ഞും വിളിച്ചും ഈ വഴിക്ക് പരാതിയുമായി വരണ്ട എന്ന് ചുരുക്കം.

Friday, October 12, 2007

വാരവിചാരം : ബൂലോകം പോയ വാ‍രം : എട്ടാം ലക്കം.

സാങ്കേതിക പ്രശ്നങ്ങള്‍ കാരണം വാരവിചാ‍രം അഗ്രഗേറ്ററുകളില്‍ നിന്നും വീണ്ടും തിരസ്കരിക്കപ്പെടുന്നു. ബൂലോകം പോയ വാരം എട്ടാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലേ പോയാല്‍ അവിടെ എത്താം. ബുദ്ധിമുട്ടുണ്ടാക്കുന്നതില്‍ ഖേദിക്കുന്നു. നന്ദി.

Tuesday, October 09, 2007

വാരവിചാരം : ഭൂലോകം പോയ വാരം : എട്ടാം ലക്കം.

എട്ടാം ലക്കം വാര വിചാരം വെളിച്ചം കണ്ടില്ല. ചില സങ്കേതികാന്വാഷണ പരീക്ഷണങ്ങളാണ് അഗ്രഗേറ്ററുകളുടേയും സെര്‍ച്ച് എഞ്ചിനുകളുടേയും ദൃഷ്ടിയില്‌പെടാതെ വാരവിചാരം മറഞ്ഞ് പോകാന്‍ കാരണം ആയത്. ദേണ്ടേ...ഇതുവഴി പോയാല്‍ അവിടെ എത്താം. നന്ദി.

Tuesday, September 25, 2007

ഊരാ കുരുക്കുകള്‍ : രണ്ട് “പട്ടണം ചുറ്റല്‍”

രണ്ടാം കുരുക്ക് : പട്ടണം ചുറ്റല്‍
കോളേജ് ബ്യൂട്ടിയാണ് സൂസന്‍. കുമാരന്മാരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് സൂസി കോളേജില്‍ പാറി നടന്നു. ആരാധകര്‍ അനവധി. കോളേജ് ബ്യൂട്ടിയെന്ന അഹങ്കാരം ലവലേശം കളയാത്തവള്‍. ധരാളിത്തത്തില്‍ അങ്ങേയറ്റം. പക്ഷേ അപ്പനാണ് പ്രശ്നം. അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത കശ്മലന്‍. കൂട്ടുകാരുമൊത്ത് അടിച്ചു പൊളിക്കാന്‍ സൂസിക്ക് തടസം അപ്പന്റെ പിശുക്ക് മാത്രം.

“സാമ്പത്തിക ഭദ്രത ഉണ്ടാക്കി സ്വന്തം കാലില്‍ നില്‍ക്കുകേം ചെയ്യാം വേണ്ടുവോളം പ്രശസ്തിയും ലഭിക്കും...” സൂസിയുടെ സൌന്ദര്യത്തെ വാനോളം പുക‌ഴ്‌തി സൂസിയേ സീരിയലിലേക്ക് ക്ഷണിച്ചത് കോളേജ് ഡേ ഉത്ഘാടനം ചെയ്യാനെത്തിയ സീരിയല്‍ നടി. പണം കിട്ടുന്ന കാര്യമാണെന്നറിഞ്ഞപ്പോള്‍ അപ്പനും സമ്മതം നൂറുവട്ടം. മമ്മിക്കാണേല്‍ അപ്പനും മോളും പറയുന്നതിനെതിര്‍ വായില്ലാതാനും.

പതിവുപോലെ ഓഡിഷന്‍, ക്യാമറ ടെസ്റ്റ്, ഫോട്ടോ സെക്ഷന്‍ അതങ്ങിനെ നീണ്ടു. എല്ലാത്തിനും താങ്ങും തണലുമായി സീരിയല്‍ നടി കുസുമം എപ്പോഴും കൂടെയുണ്ട്. കൂട്ടത്തില്‍ “ഉന്നതങ്ങള്‍ കീഴടക്കാന്‍ ചിലതെല്ലാം ത്യജിക്കേണ്ടിവരും” എന്ന കുസുമത്തിന്റെ ഉപദേശവും സൂസന്‍ അക്ഷരം പ്രതി അനുസരിച്ചു.

ടെസ്റ്റുകള്‍ക്കായി ഹോട്ടലുകളില്‍ നിന്നും ഹോട്ടലുകളിലേക്ക് മാറ്റപ്പെടവേ സൂസ്സിയുടെ ബാങ്ക് അക്കൌണ്ടിലെ അക്കങ്ങള്‍ മിനിറ്റു വെച്ച് വളര്‍ന്നു വന്നു. അപ്പനാണേല്‍ മോള്‍ മുഖം കാണിക്കും മുംമ്പേ പണം സമ്പാദിച്ചു തുടങ്ങിയതില്‍ അതീവ സന്തുഷ്ടനും. ടെസ്റ്റുകള്‍ അടിക്കടി നടന്നു. ഇടക്ക് “ക്യാമറാ ടെസ്റ്റുകളും”. “ക്യാമറാ ടെസ്റ്റുകള്‍ക്ക്” പണം കൂടുതല്‍ ലഭിച്ചു. സീരിയലില്‍ അഭിനയിക്കുക എന്നതില്‍ സൂസിക്ക് വല്ലിയ താല്പര്യമൊന്നുമില്ലാതായി. ഇത് തന്നെ നല്ലത്. പണത്തിന് പണം. പ്രശസ്തരോടോപ്പാമുള്ള “ടെസ്റ്റുകള്‍”. ആഗ്രഹിക്കാന്‍ കഴിയാത്തത്ര ഉന്നത നിലവാരത്തിലുള്ള ജീവിതം...

ഒരു വട്ടം കേരളം കറങ്ങി കഴിഞ്ഞപ്പോള്‍ “ടെസ്റ്റുകളുടെ” അകലം കൂടുന്നതു പോലെ. ഫോണ്‍ വിളികളും കുറവ്. കുസുമത്തെ വിളിക്കുമ്പോള്‍ പലപ്പോഴും “പരിധിക്ക് പുറത്തും”. കാല്‍കീഴിലെ മണ്ണൊലിച്ച് തുടങ്ങിയത് ആരെങ്കിലും പറഞ്ഞ് കൊടുക്കേണ്ടിയിരുന്നില്ല ആ കോളേജ് ബ്യൂട്ടിക്ക്.

ഒരു ദിവസം പരിധിക്ക് അകത്ത് വന്ന കുസുമത്തിന്റെ ഫോണ്‍ കോളില്‍ തന്നെ തേടിയെത്തുന്ന വി.ഐ.പിയെ സ്വീകരിക്കാന്‍ സൂസി കാത്തുനിന്നു.തന്നിലേക്ക് പടര്‍ന്ന് കയറാന്‍ തുടങ്ങിയ വി.ഐ.പിയെ തള്ളിമാറ്റി സൂസി ഹോട്ടലിന്റെ റിസപ്ഷനിലേക്കെത്തി അലറിവിളിച്ചു.

“പ്രായപൂര്‍ത്തിയാകാത്ത എന്നെ കഴിഞ്ഞ നാല്പത്തി ഏഴ് ദിവസം അടച്ചിട്ട് പീഡിപ്പിക്കയായിരുന്നു....എന്നെ രക്ഷിക്കൂ സാര്‍....”

പോലീസ്, കേസ്, കോടതി, വിചാരണ, വിധി.

കേരളത്തിന്റെ തെക്കു വടക്ക് അരങ്ങേറിയ “ടെസ്റ്റൂ‍കളുടെ” തെളിവെടുപ്പില്‍ അറുപത്തിനാല് ഇരകളും അവരുടെ കുടുംബങ്ങളും സൂസി വിരിച്ച വലയില്‍ കുരുങ്ങി ശ്വാസം മുട്ടി പിടഞ്ഞു. കേസ് പൊടിപൊടിക്കവേ സൂസി ഊരാകുരുക്കുമായി പുതിയ ഇരകളെ തേടി ഇറങ്ങി കഴിഞ്ഞിരുന്നു...

(തുടരും... മുന്നാം കുരുക്ക് “പതിവ്രത”)

Sunday, September 23, 2007

ഊരാ കുരുക്കുകള്‍‌‌ : ഒന്ന്

ഒന്നാം കുരുക്ക് : തമ്പുരാട്ടി

തമ്പ്രാന് കഥകളി ഭ്രാന്ത് കലശല്‍. ചുറ്റുവട്ടത് എവിടെ ആട്ടവിളക്ക് തെളിഞ്ഞാലും തമ്പ്രാന്‍ ഒന്നാം വരിയില്‍ ഒന്നാമനായി ഉപവിഷ്ടനായിട്ടുണ്ടാകും. അകത്തുള്ളോരുടെ ആവലാതിയും അതു തന്നെ. തമ്പ്രാനെ അടുത്ത് കിട്ടുന്നില്ല്ല. എപ്പോഴും കഥകളീന്നും പറഞ്ഞ് നടക്കതന്നെ. തമ്പുരാട്ടിക്കാണേല്‍ ഇരിക്കപൊറുതീം നിക്കപൊറുതീം കിടക്കപൊറുതീം ഇല്ല. തൊടിയിലെ കുടിയാന്‍ ചിണ്ടന്റെ ജീവിതം തമ്പ്രാട്ടീനെ കൊതിപിടിപ്പിച്ചിട്ട് വയ്യാന്നും ആയിരിക്കിണു.

ചി‍ണ്ടന്‍ പകല‍ന്തിയോളം പുറം‌പണീം തെങ്ങുകയറ്റോം ഒക്കെ കഴിഞ്ഞ് കുടിലിലേക്ക് കയറി പോകുന്നത് തമ്പ്രാട്ടി അകത്തളത്തിലെ കിളിവാതിലിലൂടെ എന്നും കൌതുകത്തോടെ നോക്കി നില്‍ക്കാറുണ്ട്. അദ്ധ്വാനം കഴിഞ്ഞ് ഇത്തിരി കള്ളും മോന്തി തളര്‍ന്നവശനായിട്ടാണ് ചിണ്ടന്‍ എന്നും കുടിലിലേക്ക് പോകാറേങ്കിലും ചിണ്ടന്റെ കെട്ടിയോള് നങ്ങേലി ആറ് പെറ്റു. ഇപ്പോഴിതാ നങ്ങേലിക്ക് വീണ്ടും വയറ്റിലുണ്ട്. ഓര്‍ത്തപ്പോള്‍ തമ്പ്രാട്ടിക്ക് ചിരിയൂറി. തമ്പ്രാട്ടീടെ വേളികഴിഞ്ഞിട്ട് ഇത് ഒമ്പതാം വര്‍ഷം. ഒരു ഉണ്ണി പിറന്നതു തന്നെ എങ്ങിനെയെന്ന് തമ്പ്രാട്ടിക്കും അറിയില്ല തമ്പ്രാനും അറിയില്ല. അതങ്ങ് സംഭവിച്ചു അത്ര തന്നെ. പുലരുവോളം കഥകളി കണ്ട് അന്തിയോളം കിടന്നുറങ്ങുന്ന തമ്പ്രാനെ നോക്കി നെടുവീര്‍പ്പിട്ട് തമ്പുരാട്ടി കാലം കഴിച്ചു.

എത്രനാള്‍ പകല്‍മയക്കത്തിലാണ്ടു കിടക്കുന്ന കണവനെ നോക്കി കാലം കഴിക്കും. തൊടിയിലും പറമ്പത്തും പാഞ്ഞു നടന്ന് അദ്ധ്വാനിക്കുന്ന ചിണ്ടന്റെ ചലനങ്ങള്‍ തമ്പുരാട്ടിയുടെ ചിന്തകള്‍ക്ക് ചൂടു പകര്‍ന്നു. തേങ്ങയിടാന്‍ തെങ്ങുകളിലേക്ക് വലിഞ്ഞുകയറുന്ന ചിണ്ടന്റെ തെന്നിമറയുന്ന കൊഴുത്തുരുണ്ട പേശികള്‍ കെട്ടിലമ്മയുടെ ഉറക്കം കെടുത്തി. എങ്ങിനേയും ചിണ്ടനെ പാട്ടിലാക്കാന്‍ തന്നെ കെട്ടിലമ്മ തീര്‍ച്ചപ്പെടുത്തി.


അകത്തളത്തിലേക്ക് വിറക്കുന്ന കാലടികള്‍ വെക്കുമ്പോള്‍ ചിണ്ടന്റെ ചുണ്ടുകള്‍ മന്ത്രിക്കുന്നുണ്ടായിരുന്നു.
“തമ്പുരാട്ടീ..അടിയന്റെ നങ്ങേലി. പറക്കമുറ്റാത്ത കിടാങ്ങള്‍...തമ്പ്രാനറിഞ്ഞാല്‍.....”

“ചിണ്ടാ...നീയിങ്ങനെ പേടിക്കാതെ...എല്ലാം തമ്പ്രാനറിയാം.....തമ്പ്രാന്റെ സമ്മതമില്ലാതെ നാമെന്തേലും ചെയ്യുമോ ചിണ്ടാ? നമ്മുടെ സന്തോഷമാ തമ്പ്രാന്റെ സന്തോഷം...ഇതീ തെറ്റൊന്നുമില്ല ചിണ്ടാ‍...നീയിങ്ങ് കേറിവാ ഞാന്‍ കതകടക്കട്ടെ... കേറിവാ ചിണ്ടാ ചിണുങ്ങാതെ...”

കലാശകൊട്ടും കഴിഞ്ഞ് ചിണ്ടന്‍ വിങ്ങുന്ന ഹൃദയത്തോടെ തന്റെ കുടിലിലേക്ക് മടങ്ങവേ തമ്പ്രാന്‍ ആട്ടം കണ്ട് കഴിഞ്ഞ് നാലുകെട്ടിന്റെ പടിപ്പുരയില്‍ ചൂട്ടുകറ്റ കുത്തിക്കെടുത്തി ഇല്ലത്തിന്റെ അകത്തളത്തിലേക്ക് കയറുകയായിരുന്നു. തമ്പ്രാന്റെ ആട്ടം കാണലും തമ്പുരാട്ടിയുടെ ആട്ടവും അങ്ങിനെ അരങ്ങു തകര്‍ക്കവേ പതുക്കെ പതുക്കെ ചിണ്ടന്റെ മുറുകിയ താളം അയഞ്ഞു തുടങ്ങിയത് തമ്പുരാട്ടിക്ക് തിരിച്ചറിയാന്‍ കഴിയുമായിരുന്നു. പോരാത്തതിന് ചിന്നന്‍ ചിണ്ടന്റെ സഹായിയായി ഇല്ലത്തെത്തുകയും ചെയ്തിരിക്കുന്നു. ചിണ്ടനെക്കാള്‍ കാണന്‍ സുന്ദരന്‍. പേശികള്‍ ഉറച്ച് തുടങ്ങിയിട്ടേ ഉള്ളൂ എങ്കിലും തമ്പുരാട്ടിയുടെ മസ്തിഷ്കത്തില്‍ ചിന്നന്‍ ഇടിമിന്നലാകാന്‍ തുടങ്ങിയിരുന്നു.

അന്നും കൊട്ടിക്കലാശം കഴിഞ്ഞ് ചിണ്ടന്‍ കുടിലിലേക്ക് പോകാന്‍ തുടങ്ങവേ തമ്പുരാട്ടി പറഞ്ഞു.
“ചിണ്ടാ...കുറച്ചും കൂടി കഴിഞ്ഞ് പോകാം...”
“തമ്പ്രാട്ടീ...തമ്പ്രാന്‍ വരാറായി...”
“കുഴപ്പമില്ല ചിണ്ടാ...തമ്പ്രാനെല്ലാം അറിയാല്ലോ...നിനക്ക് തമ്പ്രാന്‍ ഇന്നൊരു സമ്മാനം തരും....”
കെട്ടിലമ്മയുടെ വാക്കുകളിലെ വിഷം തിരിച്ചറിയാതെ തമ്പ്രാന്‍ തരാന്‍ പോകുന്ന സമ്മാനം മനസ്സില്‍ കണ്ട് ചിണ്ടന്‍ തമ്പ്രാട്ടിയിലേക്ക് വീണ്ടും പടര്‍ന്ന് കയറി...


ചിണ്ടന്‍ അരങ്ങ് നിറഞ്ഞാടവേ തമ്പ്രാട്ടിയുടെ ചവിട്ടേറ്റ് ആട്ടം കഴിഞ്ഞെത്തിയ തമ്പ്രാന്റെ മുന്നിലേക്ക് തലയും കുത്തി തെറിച്ചു വീണു.എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചു നിന്ന ചിണ്ടന്റെ കാതുകളില്‍ ഉടുപുടവകള്‍ വാരി വലിച്ച് തമ്പ്രാട്ടി അലറി വിളിച്ച വാക്കുകള്‍ ഇടിമുഴക്കമായി വന്നലച്ചു.
“തമ്പ്രാനേ...ഈ നീചന്‍ എന്നെ കേറി പിടിച്ചു...അഹങ്കാരിയാണിവന്‍...കൊല്ലിവനെ...”

വിചാരണകളില്ലാതെ ചിണ്ടന്‍ തിരുമുറ്റത്തെ ചെന്തെങ്ങില്‍ ബന്ധിക്കപെട്ടു. ചാട്ടവാറുകള്‍ ചിണ്ടന്റെ ശരീരമാകെ പുളച്ച് നടന്നു. അല്പ സാന്ത്വനത്തിനായി തമ്പ്രാട്ടിയെ നോക്കിയ ചിണ്ടനെ നോക്കി കെട്ടിലമ്മ വീണ്ടും അലറി.
“അടിച്ച് തോലിളക്ക് ആ അഹങ്കാരിയെ...”
ശീല്‍ക്കാരത്തോടെ ചിണ്ടന്റെ തോലുരിഞ്ഞെടുക്കുന്ന ചാട്ടവാറിന്റെ മൂളല്‍ തമ്പുരാട്ടിയില്‍ എന്തെന്നില്ലാത്ത ആനന്ദം ഉളവാക്കി. ചാട്ടവാറിനൊപ്പം പൊട്ടി തെറിക്കുന്ന ചിണ്ടന്റെ മാംസവും രക്തവും കാണവേ അന്നേവരെ അനുഭവിക്കാത്ത രതിമൂര്‍ച്ചയില്‍ ലയിച്ച് തമ്പ്രാട്ടി വീണ്ടും വീണ്ടും ചാട്ടവാറിനടിക്കാന്‍ അക്രോശിച്ചു കൊണ്ടിരുന്നു...അടികൊണ്ട് പിടയുന്ന ചിണ്ടന്റെ വായില്‍ നിന്നും വീണതൊക്കെയും തെമ്മാടിയുടെ പതം പറച്ചിലായി...ചാട്ടയുടെ ശീല്‍ക്കാരം അതിനൊപ്പിച്ച് കൂടുകയും ചെയ്തുകൊണ്ടിരുന്നു...

ജീവ ജലത്തിന് കേണ് കുഴഞ്ഞ വീണ ചിണ്ടന്റെ ജഡം നാലാം ദിനം ചുടുകാട്ടിലേക്കെടുക്കവേ നങ്ങേലി കുഞ്ഞുങ്ങളുമായി നിലയില്ലാക്കയത്തിലേക്ക് ഊളിയിട്ടു. ചിണ്ടന്റെ ചിത കത്തയമരവേ തമ്പ്രാന്‍ ആട്ടം കാണാന്‍ വീണ്ടും ആട്ടക്കളങ്ങള്‍ തേടിയിറങ്ങി. അപ്പോഴേക്കും, തമ്പുരാട്ടി ചിണ്ടന് പകരം നിയമിക്കപെട്ട ചിന്നനെ കെണിയില്‍ പെടുത്താനുള്ള ഊരാകുരുക്കുമായി ചിന്നനെ അകത്തളത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

(തുടരും...രണ്ടാം കുരുക്ക് : “പട്ടണം ചുറ്റല്‍”)

Thursday, September 06, 2007

ഗുരു ശാപം....

ക്ലാസിലെ ഏറ്റവും അനുസരണ ശീലവും അങ്ങേയറ്റം അച്ചടക്കവും ഉയര്‍ന്ന മുല്യബോധവും ഉള്ള കുട്ടി. ആ ബഹുമതി മറ്റാര്‍ക്കും വിട്ടു കൊടുക്കാന്‍ മാതൃകാ വിദ്യാര്‍ത്ഥി ഒരിക്കലും തയ്യാറല്ല്ലായിരുന്നു.

എന്നും ബെല്ലടിച്ചിട്ട് മാത്രം ക്ലാസില്‍ കയറുക, ക്ലാസ് ടീച്ചര്‍ മുതല്‍ ക്ലാസിലെത്തുന്ന എല്ലാ ഗുരുക്കന്മാരുടേയും കയ്യില്‍ നിന്നും ശീല്‍കാരത്തോടെ പാളി വീഴുന്ന എണ്ണപുരട്ടി പഴുപ്പിച്ചെടുത്ത വള്ളി ചൂരലിന് പുളഞ്ഞ് വീഴാന്‍ പാകത്തില്‍ കൈവെള്ളയും അവസരോജിതമായി തുടയും കാട്ടി കൊടുക്കുക, ക്ലാസ് നടക്കുമ്പോള്‍ ഗുരു എഴുതാനായി ബോര്‍ഡിലേക്ക് തിരിയുന്ന നിമിഷം തൊട്ടടുത്തിരിക്കുന്ന ഹതഭാഗ്യനായ സഹപാഠിയുടെ തല‍ക്കിട്ട് തോണ്ടുക, ഗുരുവിനെ മറഞ്ഞിരുന്ന് ഇടം പേര് വിളിക്കുക, ഇടവേളകളില്‍ കളിക്കാന്‍ പോകുന്നിടത്ത് ഏറ്റവും കുറഞ്ഞത് ഒരു കൂട്ടുകാരനെയെങ്കിലും കരയിപ്പിക്കുക, കലാലയത്തിന്റെ അടുത്ത പുരയിടത്തിലെ മാവേലെറിയുക എന്ന വ്യാജേന അടുത്ത വീട്ടിലെ ഓട് എറിഞ്ഞുടക്കുക തുടങ്ങി തല്ലു വാങ്ങി കൂട്ടാനുള്ള ഒരവസരവും ഒഴിവാക്കാതെ ക്ലാസിലെ ഏറ്റവും മിടുക്കനായി മാതൃകാ വിദ്യാര്‍ത്ഥി വാണരുളുന്ന കാലം....

ഹരി സാര്‍ മാതൃകാ വിദ്യാര്‍ത്ഥിയുടെ ഹിന്ദി മാഷ്. ഹിന്ദി മാഷ് എന്നതിലുപരി മാതൃകാ വിദ്യാര്‍ത്ഥിയുടെ അയല്‍ക്കാരനും. അയല്‍ക്കരന്‍ എന്നുള്ള പരിഗണയൊന്നും മാഷിന്റെ വള്ളി ചൂരല്‍ മാതൃകാ വിദ്യാര്‍ത്ഥിയോട് കാട്ടിയിരുന്നില്ല. പാവം മാഷ്. അയല്‍ക്കാരനല്ലേ വെറുതേ വിട്ടേക്കാം എന്ന സഹാനുഭൂതിയൊന്നും മാതൃകാവിദ്യാര്‍ത്ഥിക്കും ലവലേശമില്ല തന്നെ. കിട്ടുന്നിടത്തൊക്കെ വെച്ച് മാതൃകാ വിദ്യാര്‍ത്ഥി മാഷിനെ ഉപദ്രവിക്കാന്‍ മറന്നില്ല.

ഹിന്ദി വ്യാകരണം പഠിപ്പിക്കുന്നതിനടക്ക് മാഷ് അടിക്കടി ഉപയോഗിക്കുന്ന ഒരു പ്രയോഗം ഉണ്ട്.

“കാ” / “കെ” / “കി” (ഹിന്ദിയില്‍) അതിനെ “ന്റെ” “ഉട” “ഉള്ള” എന്ന് മലയാളത്തില്‍...

അതായത് “ കാ കെ കി / ന്റെ ഉട ഉള്ള” എന്ന് മാഷ് ഒഴിക്കില്‍ വേഗത്തില്‍ പറഞ്ഞ് പോകും. മാതൃകാ വിദ്യാര്‍ത്ഥി മാഷിനെ എവിടെ കണ്ടാലും “കാ കെ കി...ന്റെ ഉട ഉള്ള” എന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞിട്ട് എങ്ങോട്ടെങ്കിലും മറയും. ഇതങ്ങിനെ തുടരുന്ന കാലം ഒരുദിനം ക്ലാസില്‍ മാഷ് പഠിപ്പിച്ച് കൊണ്ടിരിക്കേ ബോര്‍ഡിലെഴുതാനായി തിരിഞ്ഞതും മാതൃകാ വിദ്യാര്‍ത്ഥി ക്ലാസ് കിടുങ്ങും വിധം വിളിച്ചു പറഞ്ഞു...

“കാ..കെ..കി...ന്റെ...ഉട...ഉള്ള”

മാഷിന്റെ ചൂരല്‍ മാതൃകാ വിദ്യാര്‍ത്ഥിയുടെ കയ്യില്‍ പുളഞ്ഞ് വീണു. കൊടുക്കാനുള്ളതെല്ലാം നിര്‍ലോഭം കൊടുത്ത് മാഷ് എഴുതാനായി ബോര്‍ഡിലേക്ക് തിരിയവേ...

“കാ..കെ..കി...ന്റെ...ഉട...ഉള്ള”

വീണ്ടും ക്ലാസില്‍ മുഴങ്ങി...മാഷിന്റെ ചൂരല്‍ ഇപ്പോള്‍ വീണത് മാതൃകാ വിദ്യാര്‍ത്ഥിയുടെ തുടയില്‍. കിട്ടിയത് സന്തോഷത്തോടെ ഏറ്റ് വാങ്ങി ഇരിപ്പിടത്തിലേക്ക് മാതൃകാ വിദ്യാര്‍ത്ഥി മടങ്ങിയെത്തി. നോക്കുമ്പോള്‍ മാഷ് വീണ്ടും ബോര്‍ഡിലേക്ക് തിരിഞ്ഞ് നിന്ന് എഴുതുന്നു. മാതൃകാ വിദ്യാര്‍ത്ഥിക്ക് അടങ്ങിയിരിക്കാന്‍ പറ്റുമോ? വീണ്ടും മുഴങ്ങി...

“കാ..കെ..കി...ന്റെ...ഉട...ഉള്ള”

ക്ലാസ് ആര്‍ത്തു ചിരിച്ചു. മാഷിന്റെ മുഖം കോപം കൊണ്ട് ചുവന്നു വിറച്ചു. തല്ലു വാങ്ങി കൂട്ടാനായി സര്‍വ്വ മനസ്സോടെ നിന്ന മാതൃകാ വിദ്യാര്‍ത്ഥിയെ നോക്കി മാഷലറി...

“നിന്റെ പിതാവങ്ങ് പേര്‍ഷ്യലല്ലേ...ജീവിക്കാന്‍ നീയും പേര്‍ഷ്യയില്‍ പോകേണ്ടി ഒരിക്കല്‍... അന്ന് നീ ഹിന്ദിയുടെ വില അറിയും...ഈ ജന്മം നിനക്ക് ഹിന്ദി പഠിക്കാന്‍ കഴിയില്ല...”

മാഷ് ചൂരലും വലിച്ചെറിഞ്ഞ് ഓഫീസ് റൂമിലേക്ക് കൊടുങ്കാറ്റായി പാഞ്ഞു പോയി.

അതേ...ഇപ്പോള്‍ പതിനഞ്ച് വര്‍ഷമായി പ്രവാസത്തില്‍ ഹിന്ദി ഇന്നും എന്നില്‍ നിന്നും എത്രയോ അകലെ...ഹിന്ദി സംസാരിക്കുന്നവരോടിടപഴകേണ്ടി വരുമ്പോള്‍ “അയാളെന്താ പറഞ്ഞേ” എന്ന് അടുത്ത് നില്‍ക്കുന്ന മലയാളിയോട് ചോദിക്കേണ്ടി വരുന്ന ഒരോ നിമിഷവും ഞാന്‍ ഹരി സാറിന്റെ കോപം കൊണ്ട് ജ്വലിക്കുന്ന മുഖം കാണുന്നു...ഇരുപത്തി മൂന്ന് വര്‍ഷത്തിന് ശേഷവും...

മാഷോട് ഒരേറ്റ് പറച്ചിലിനോ മാപ്പപേക്ഷിക്കലിനോ അവസരമേതുമില്ലാതെ ഗുരുശാപം ഈ ജന്മമെങ്ങനെ വിട്ടൊഴിയാന്‍..

Wednesday, August 29, 2007

ഗള്‍ഫ് മലയാള റേഡിയോ

മലയാളത്തെയും മലയാളിയേയും പരിപോഷിപ്പിക്കാനായി ഗള്‍ഫില്‍ കുരുത്ത മലയാളം റേഡിയോകള്‍ എഫ്.എമ്മും ഏ.എമ്മും ഒക്കെയായി നാലഞ്ചെണ്ണം. റേഡിയോ എന്ന മാധ്യമത്തിന്റെ പ്രവര്‍ത്തനം എങ്ങിനെ ആകരുത് എന്നതിന് ‍ ഗള്‍ഫിലെ മലയാള റേഡിയോ പ്രക്ഷേപണങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ മതി.

ഒരു മലയാളം എഫ്.എം. സ്റ്റേഷന്‍ അനുനിമിഷം അറേബ്യയുടെ അന്തരീക്ഷത്തിലേക്ക് തുപ്പികൊണ്ടിരിക്കുന്ന “ശുദ്ധ മലയാളം” കേട്ടാല്‍ ആ റേഡിയോവിലേക്ക് അവതാരകരെ തിരഞ്ഞെടുക്കാന്‍ ഏല്പിച്ച ഏജന്‍സിയോട് മാനേജ്‌മെന്റ് “ഏറ്റവും വികൃതമായി മലയാളം സംസാരിക്കുന്നവരെ മാത്രം ഞങ്ങളുടെ മലയാളം വിഭാഗത്തിലേക്ക് തിരഞ്ഞെടുത്താല്‍ മതി. മലയാളത്തെ വികൃതമാക്കുന്നതില്‍ ഞങ്ങളുടെ അവതാരകരെ മറ്റാരും മറികടക്കരുത്” എന്ന ഗുണപരമായ നിര്‍ദ്ദേശം കൊടുത്തിരുന്നത് പോലെ തോന്നും. നേരെ ചൊവ്വേ മലയാളം പറയാന്‍ അറിയില്ല എന്നത് പോകട്ടെ സാമാന്യ വിവരമോ പൊതുവിജ്ഞാനമോ തൊട്ടു തീണ്ടിയില്ലാത്തവരുടെ വിവരക്കേടുകളും സ്വയം പുകഴ്തലുകളും ശൃംഗാരവും കൊണ്ട് മലയാളം അനുഭവിക്കൂന്ന ശ്വാസം മുട്ടല്‍ അനിര്‍വചനീയമാണ്. മലയാളത്തിലെന്നല്ല ഒരു ഭാഷയിലും തട്ടുംതടവും ഇല്ലാതെ ഒരു മിനിറ്റ് പോലും സംസാരിക്കാന്‍ കഴിയാത്തവര്‍ ആര്‍.ജെ കുപ്പായവും ഇട്ട് അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രോതാക്കള്‍ക്ക് നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നു എന്നതാണ് വാസ്തവം.

മലയാളത്തെ “പരിപോഷിപ്പിക്കല്‍” ഒരു വഴിക്ക് നടക്കുമ്പോള്‍ ഗള്‍ഫില്‍ പോകണം എന്ന് ആഗ്രഹിക്കുന്ന നിമിഷം മുതല്‍ ഗള്‍ഫ് മലയാളി നേരിടുന്ന ചൂഷണങ്ങള്‍ പരദേശ മലയാള പ്രക്ഷേപണങ്ങളും അനുവര്‍ത്തിക്കുന്നു എന്നത് അതി ദയനീയമാണ്. എസ്.എം.എസ് എന്ന ഇരയില്‍ തൂക്കി അത്താഴപഷ്ണിക്കാരനെ “സമ്മാനാര്‍ഹര്‍” ആക്കുന്ന ബഹുമുഖ പരിപാടികളാല്‍ സമ്പന്നമാണ് മലയാള പ്രക്ഷേപണം. സാംസ്കാരിക മൂല്യങ്ങള്‍ ഉന്നതിയിലേക്കെത്തിക്കുന്ന ചോദ്യോത്തര പംക്തി കേട്ടാല്‍ ആരും ഒന്ന് നാണിച്ച് തല താഴ്തി പോകും.

“കേരളത്തിന്റെ തലസ്ഥാനം ഏത്”? “തിരുവനന്തപുരമാണോ കാണ്ഡഹാറാണോ” ഉത്തരം എസ്.എം.എസ് ചെയ്യുക. ഉത്തരം അയക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് “ചിണുങ്ങുന്ന മാവേലി” മെഗാ ഷോയുടെ ഒരു പാസ് ഫ്രീ. ഉത്തരം അയക്കുന്നവന് നാട്ടില്‍ കുടുംബത്തെ വിളിച്ച് ഒരു മിനിട്ട് സംസാരിക്കാനുള്ള വക മൊബൈലില്‍ നിന്നും “സ്വാഹ” . ഒരു മഹാഭാഗ്യന് പാസ് ലഭിക്കും. പാസ് വാങ്ങാന്‍ ടാക്സി പിടിച്ച് റേഡിയോ ഓഫീസില്‍ ചെല്ലുന്നവന് പാസ് കയ്യില്‍ കിട്ടും വരെ ചിലവ് ഏകദേശം അമ്പത് ദിര്‍ഹം. അമ്പത് ദിര്‍ഹം ചിലവഴിച്ച് “സൌജന്യമായി” നേടിയ ഗ്യാലറി പാസ്സുമായി മഹാഭാഗ്യവാന്‍ റൂമിലെത്തുമ്പോള്‍ സഹമുറിയന്‍ ഇരുപത് ദിര്‍ഹം കൊടുത്ത് അടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ഗ്യാലറി പാസെടുത്ത് കാട്ടും. ഹതഭാഗ്യന്‍ റേഡിയോ ഓഫീസില്‍ പോയി റിസപ്ഷനിസ്റ്റിനെ കണ്ടല്ലോ എന്ന സായൂജ്യം വിളമ്പി സമാധാനിക്കും. ഇതൊക്കെ വര്‍ത്തമാന കാല ഗള്‍ഫ് റേഡിയോ വിശേഷങ്ങള്‍.

മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ പിന്നാമ്പുറം ഇങ്ങിനെയൊക്കെയാണെങ്കിലും നിസ്സാ‍ര്‍ സെയ്ദ് റേഡിയോ ഏഷ്യയില്‍ രചിക്കുന്ന നന്മയുടെ പുതിയ അദ്ധ്യായം പ്രവാസത്തില്‍ ഒറ്റപെട്ടവര്‍ക്ക് സാന്ത്വന സ്പര്‍ശ്ശമാകുന്നു. എങ്ങിനെ ഒരു റേഡിയോ പരിപാടി നന്മനിറഞ്ഞതാക്കാമെന്നും റേഡിയോ എന്ന മാധ്യമത്തെ എങ്ങിനെ മനുഷ്യ നന്മക്ക് വേണ്ടി ഉപയോഗിക്കാമെന്നും റേഡിയോ ഏഷ്യയില്‍ രാത്രി ഒമ്പത് മണിക്ക് പ്രക്ഷേപണം ചെയ്യുന്ന “ടുഡേയ്സ് ടോപ് സ്റ്റോറി” എന്ന പരിപാടിയിലൂടെ നിസ്സാര്‍ സെയ്ദ് കാട്ടി തരുന്നു. പൊതുമാപ്പിന്റെ ആനുകൂല്യം പറ്റി നാട്ടില്‍ പോകാന്‍ കാത്തു നില്‍ക്കുന്ന നിസ്സഹായരായവര്‍ക്ക് വേണ്ടി പ്രവാസഭൂമികയിലെ നല്ലമനസ്സുകളെ നിസ്സാര്‍ സെയ്ദ് നന്മയുടെ നൂലില്‍ കോര്‍ത്തെടുക്കുന്നത് പുതിയ ഒരു റേഡിയോ അനുഭവമായി. പ്രവാസത്തിന്റെ പിന്നാമ്പുറങ്ങളില്‍ പെട്ടു പോയവര്‍ക്ക് സഹജീവികള്‍ ദാനമാക്കുന്ന ജീവിതം ചില പ്രായോഗികതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്, കൃത്യമായ ഉദ്ധ്യേശ്യത്തോടെ ലക്ഷ്യബോധത്തോടെ പ്രവാസത്തിന്റെ നീറ്റലുകളിലേക്ക് സാന്ത്വനം പകരാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക് ലക്ഷ്യപ്രാപ്തിയിലെത്താന്‍ ആരുടെയും ബാനര്‍ ഇല്ലാതെ ഗള്‍ഫ് മലയാളി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും എന്ന പരമമായ പ്രായോഗികതയിലേക്ക്.

ചൂഷണരഹിതമായ റേഡിയോ അനുഭവങ്ങള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. പ്രവാസത്തിലെ ചൂഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കേണ്ടവര്‍ തന്നെ കേവല എസ്.എം.എസ് പ്രഹസനങ്ങളിലൂടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്തു കൊണ്ട് ചൂഷണ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും പിന്തിരിഞ്ഞ് ഗള്‍ഫ് മലയാളിക്ക് തുണയായി മാറാന്‍ നിസ്സാര്‍ സെയ്ദിനെ പോലെയുള്ളവരുടെ നന്മകള്‍ക്ക് കഴിയട്ടെ എന്നാഗ്രഹിച്ച് പോകുന്നു.

കാരണം.

സൂസിയും രാഹുലനും എന്നത്തേയും പോലെ അന്നും താമസിച്ചാണ് കോളേജിലെത്തിയത്. കുളത്തൂപ്പുഴ നിന്നും സൂസിയും കരവാളൂര്‍ നിന്നും രാഹുലനും അഞ്ചലില്‍ ബസ്സെറങ്ങി കോളേജിലേക്ക് നീങ്ങവേ സൂസിക്ക് രാഹുവും രാഹൂന് സൂസിയും ചാറ്റാന്‍ കൂട്ടായി.

“രാഹു എന്നാ താമസിച്ചേ?” സൂസിയുടെ കുശലം.
വായ് തുറന്നാല്‍ തോന്ന്യാസം മാത്രം പുറത്ത് വരുന്ന രാഹുവിന്റെ ലേറ്റാകാനുള്ള കാരണം തികച്ചും ജനുവിന്‍.
“നിക്കറൊണങ്ങിയില്ലായിരുന്നു” സൂസിക്കിട്ട് രാവിലെ തന്നെ കൊടുത്ത പണിയില്‍ ഊറി ചിരിച്ച് രാഹുലന്‍ തിരക്കി.

“അല്ലാ... സൂസണ്‍ എന്നാ താമസിച്ചേ” സൂസീടെ മറുപടിം ജനുവിന്‍.
“എന്നാ പറയാനാ രാഹൂ...നോക്കുമ്പം രാവിലെ പാവാടേടെ വള്ളി കണ്ടില്ലായിരുന്നു...”

രാഹുവിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.

പത്ര പ്രവര്‍ത്തനം.

“പിള്ളയെ, കേരളാ കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പില്‍ നിന്നും പുറത്താക്കി...”
“ചൂടുള്ള വാര്‍ത്ത....വായിക്കൂ...ഒരു രൂപാ മാത്രം...ചൂടുള്ള വാര്‍ത്ത...ചൂടുള്ള വാര്‍ത്ത...”
കൊല്ലത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രാ മദ്ധ്യേ ആലപ്പി ബസ് സ്റ്റേഷനിലെ അന്തിപത്ര കച്ചവടം പൊടിപൊടിക്കുന്നു. ആര്‍. ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്ന കാലം. ഇതെന്ത് കൂത്ത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പോളിറ്റ് ബ്യൂറോയെ പുറത്താക്കുകയോ?

ചൂടപ്പം പോലെ തന്നെ പത്രം വിറ്റുപോകുന്നുമുണ്ട്. അന്തിപത്രം അത്ര പത്യം അല്ലെങ്കിലും ഒരു രൂപ മുടക്കാന്‍ തന്നെ തീരുമാനിച്ചു.

ഒന്നാം പേജ് അരിച്ച് പെറുക്കി “പിള്ളയെ പിള്ള ഗ്രൂപ്പില്‍ നിന്നും പുറത്താക്കി” വാര്‍ത്ത മാത്രം കാണാനില്ല.
രണ്ടാം പേജിലും ങേ..ഹേ. അങ്ങിനെയൊരു വാര്‍ത്തയേ ഇല്ല.
മൂന്നാം പേജിലെ ആറാം മൂലക്ക് ദേണ്ടെ കിടക്കുന്നു പ്രമാദമായ ആ വാര്‍ത്ത.

പുറത്താക്കി.
പള്ളിമുക്ക്: കേരളാ കോണ്‍ഗ്രസ് (ബി) പള്ളിമുക്ക് വാര്‍ഡ് കമ്മിറ്റി സെക്രട്ടറി ശ്രീ.ശിവദാസന്‍ പിള്ളയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന് കണ്ടെത്തിയതിനാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി........

റിപ്പോര്‍ട്ടിംഗ് മുതല്‍ മാര്‍ക്കറ്റിംഗ് വരെ “പത്രധര്‍മ്മം” ഉള്‍കുളിരായി നഖം മുതല്‍ മുടി വരെ പടര്‍ന്ന് കയറി.

Tuesday, August 28, 2007

പരിഹാരം.

പെരുമഴയത്ത് ഓട്ടോയില്‍ കേറുമ്പോള്‍ മൂന്ന് വയസ്സ് കാരിക്ക് ഡ്രൈവര്‍ അങ്കിളിന്റെ മടിയില്‍ ഇരിക്കാം. വാപ്പിച്ചിക്കും ഉമ്മിച്ചിക്കും താത്തച്ചിക്കും അങ്ങിനെ സുഖമായി പിറക് സീറ്റില്‍ ഇരുന്ന് തുള്ളിക്കൊഴിഞ്ഞ് യാത്രയും ചെയ്യാം. ഉമ്മിച്ചിയാണ് മൂന്ന് വയസ്സ് കാരിയോട് നിര്‍ദ്ധേശം മുന്നോട്ട് വച്ചത്.

“മോളേ...മൊള് ഡ്രൈവറങ്കിളിന്റെ മടിയില്‍ ഇരുന്നോ. എല്ലാം കാണേം ചെയ്യാം...”

മോള്‍ക്ക് സമ്മതമല്ല. പിറകില്‍ ചാരികിടക്കണം പോലും. പക്ഷേ മോളുടെ പരിഹാര നിര്‍ദ്ധേശം വാപ്പിച്ചിക്ക് സമ്മതമായോ എന്തോ.

“മോള്‍ക്ക് പിറകീ ഇരുന്നാ മതി...ഉമ്മിച്ചി ഡ്രൈവറങ്കിളിന്റെ മടിയിലിരുന്നോ...”

Monday, August 27, 2007

യുക്തി

രണ്ടു പേരും വിട്ടു കൊടുക്കുന്നില്ല. പ്രപഞ്ചോല്പത്തിയും നിര്‍ദ്ധാരണവും ഡാര്‍വിനെ കൂട്ടു പിടിച്ച് യുക്തിവാദി ഖോരാഖോരം സമര്‍ദ്ധിക്കുന്നു. പുരോഹിതന്‍ ദൈവ വചനങ്ങള്‍ കൊണ്ട് ഖണ്ഡിക്കുന്നു. പുരോഹിതന്‍ പറയുന്നത് യുക്തി വാദിക്കും യുക്തിവാദി പറയുന്നത് പുരോഹിതനും ഇവര്‍ രണ്ടുപേരും പറയുന്നത് കാണികള്‍ക്കും മനസ്സിലാകുന്നില്ല. ഒടുവില്‍ പുരോഹിതന്റെ യുക്തി പൂര്‍വ്വമാ‍യ ഒരു ചോദ്യം മാത്രം കാണികള്‍ക്ക് മനസ്സിലായി:

“എടോ യുക്തി വാദീ,
വാ...നമ്മുക്കെല്ലാവര്‍ക്കും കൂടി സൈലന്റ് വാലിയിലേക്ക് പോകാം. ഒരു മാസം ഏറ് മാടം അടിച്ച് കാത്ത് നില്‍ക്കാം. ഏതെങ്കിലും ഒരു കുരങ്ങ് ഒരു മാസം കൊണ്ട് മനുഷ്യനായാല്‍ തന്റെ ഡാര്‍വിനെ ഞാന്‍ ദൈവമായി സമ്മതിച്ച് തന്റെ കൂടെ ഞാനും കൂടാം. അങ്ങിനെ പരിണമിച്ചില്ലെങ്കില്‍ താന്‍ ഞങ്ങടെ കൂടെ കൂടുമോ?”

പുരോഹിതന്റെ യുക്തി കേട്ട് "അതു തന്നേന്നും” പറഞ്ഞ് കാണികള്‍ പിരിയവേ യുക്തി വാദി വേദിയില്‍ വീണ് അപ്പ തന്നെ ഇഹലോക വാസം വെടിഞ്ഞു..

അന്നും ഇന്നും.

യുഗാന്തരങ്ങള്‍ക്ക് മുമ്പ് ബൂലോഗം എന്ന ഒരു നാട്ടു രജ്യത്ത് സമ്പല്‍ സമൃദ്ധിയുടെ ഓണം ബൂലോഗ പ്രജകള്‍ അഘോഷിച്ചിരുന്നത് ഇങ്ങിനെയായിരുന്നു. നാട്ടു രാജ്യത്തില്‍ ആഭ്യന്തര കലാപം പൊട്ടി പുറപെട്ടത് എങ്ങിനെയായിരുന്നു എന്ന ചര്‍ച്ച ഐക്യ ബൂലോഗ സഭയില്‍ ദിവസങ്ങളോളം പുരോഗമിച്ചെങ്കിലും സഭയിലെ അടിയന്തിര പ്രാധാന്യമുള്ള മറ്റു ചര്‍ച്ചകള്‍ പോലെ ഈ ചര്‍ച്ചയും ചേരി പോരില്‍ അവസാനിച്ചു.

ആഭ്യന്തര കലാപത്തിന്റെ തീഷ്ണതയില്‍ നില്‍ക്ക കള്ളിയില്ലാതെ ബൂലോക നാട്ടുരാജ്യം വിട്ട ബൂലോക വാസികള്‍ കൂട്ടുകുടുംബം വിട്ട് അണുകുടുംബങ്ങള്‍ നിര്‍മ്മിക്കാനുള്ള നെട്ടോട്ടത്തിനിടക്ക് ഈ യുഗത്തിലെ ഓണത്തിന് ബൂലോക നാട്ടു രാജ്യം മറന്നു. പഴമയുടെ പ്രൌഡിയും ഓര്‍മ്മകളും അയവിറക്കി കാര്‍ന്നോന്മാര്‍ പറഞ്ഞു:

“ഇപ്പോഴെന്തോണം അതൊക്കെ ബൂലോക രാജ്യം നിലനിന്നപ്പോഴല്ലേ. ഇപ്പോഴൊത്തെ കുട്ടികള്‍ക്ക് ആ പഴയ കാലത്തെ ഓണതല്ലും ഗ്രൂപ്പ് കളീം കുത്തിയോട്ടവും കുതികാല്‍ വെട്ടിയോട്ടവും ഒക്കെ എവിടെ കിട്ടാന്‍. ഇപ്പോള്‍ ഓണം ചാനലിലും, റേഡിയോയിലും, ഇന്റര്‍നെറ്റിലും ഒക്കെയല്ലേ. ഇപ്പോഴൊത്തെ കളിയൊക്കെ ഒരു കളിയാണോ...”
കാര്‍ന്നോര്‍ പതം പറഞ്ഞുകൊണ്ടേയിരുന്നു.

Sunday, August 26, 2007

അലര്‍ട്ട്.

“അയ്യോ.... മമ്മിയേ ദേണ്ടെ ഡാഡി കെട്ടി തൂങ്ങി മരിച്ചു കിടക്കുന്നു.”
“എടാ ചെക്കാ... ആള്‍ക്കാരോടിക്കൂടും മുമ്പ് നീ അദിയാനെ അഴിച്ചിറക്കി കട്ടിലില്‍ കേറ്റി കിടത്ത്”
“അതെന്നാത്തിനാ മമ്മീ?”
“മണ്ടന്‍, എടാ തൂങ്ങി മരിച്ചതാന്നറിഞ്ഞാല്‍ അദിയാന്റെ ഇന്‍ഷ്വറന്‍സ് കിട്ടുമോടാ കഴുതേ?”

Wednesday, August 22, 2007

തലയില്ലാത്തവര്‍ ഗള്‍ഫ് മലയാളികള്‍

തലയൂരി കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ കൊടുത്തിട്ട് ഗള്‍ഫെന്ന വാഗ്ദത്ത ഭൂവിലേക്ക് പറന്നിറങ്ങുന്ന മലയാളീ പ്രവാസി നേരിടുന്ന പ്രതിസന്ധികള്‍ ഒരിക്കലും ഇല്ലാത്ത തരത്തില്‍ കടുത്തു കൊണ്ടിരിക്കുന്നു. പിറന്ന മണ്ണില്‍ നിന്നും പിഴുതു മാറ്റപ്പെടുന്നവരില്‍ ഗള്‍ഫിലെത്തുന്നവര്‍ അനുഭവിക്കുന്ന യാതനകള്‍ക്കും വേദനകള്‍ക്കും അവഗണനകള്‍ക്കും തുല്യത പ്രവാസത്തിലെ മറ്റൊരു മേഖലയിലും ഇല്ല തന്നെ.

അത്തറ് മണക്കുന്ന ചങ്ങാതികള്‍ വെറും പുറം പൂച്ച് മാത്രം. കഞ്ഞിയും പായയും ഇല്ലാതെ ഏഴായിരം രൂപ മാത്രം പ്രതിമാസ വേതനം പറ്റുന്നവരാല്‍ സമൃദ്ധമാണ് ഗള്‍ഫെന്നത് നീറുന്ന സത്യം. വാടക, കറണ്ട് ബില്ല്, സോപ്പ്, എണ്ണ, കുപ്പൂസ്, ചായ, പെനഡോള്‍, ടെലിഫോണ്‍ കാര്‍ഡ്, ഇത്യാതി പ്രവാസത്തില്‍ അനിവാര്യമായ സംഗതികള്‍ നിവര്‍ത്തിച്ച് കഴിഞ്ഞ് ഉറ്റാലുവെച്ച് അരിച്ചെടുക്കുന്ന ചില്ലറകള്‍ നാട്ടിലെ ഉറ്റവരുടെ ഉപജീവനത്തിനും സെന്‍‌ടി കഴിഞ്ഞാല്‍ കയ്യിലൊരു ചില്ലിയും ബാക്കിയില്ലാത്തവര്‍ ആ ബാക്കിയൊന്നും കയ്യിലില്ലാതിരിക്കുക എന്ന അവസ്ഥക്ക് പതിനാറ് മണിക്കൂറോളം തിളക്കുന്ന ചൂടില്‍ അകവും പുറവും വെന്ത് ജീര്‍ണ്ണിച്ച് ജീവിച്ചിട്ട് മൂന്നോ നാലോ വര്‍ഷത്തിനൊടുവില്‍ നാട്ടിലേക്കൊന്നു പോകാനൊരുങ്ങുന്നവനെ കൊരവളക്ക് പിടിച്ച് കുത്തി പിഴിയുക എന്നത് പ്രജാക്ഷേമ തല്പരനായ നമ്മുടെ സ്വന്തം മഹാരാജന് ഒരു കുഞ്ഞു തമാശ മാത്രം. എയര്‍ ഇന്‍ഡ്യ എന്ന വെള്ളാനയെ പരിപോഷിപ്പിക്കുക എന്നത് ഗള്‍ഫിലെ നരകപ്രവാസം അനുഭവിക്കുന്നവന്റെ ഉത്തരവാദിത്തമായിട്ട് പതിറ്റാണ്ടുകള്‍ കഴിയുന്നു. സീസണാകുമ്പോള്‍ ഏതറ്റം വരെയും ഗള്‍ഫ് മലയാളിയെ ചൂഷണം ചെയ്യാന്‍ ലൈസന്‍സ് കിട്ടിയ ഏമാന്മാര്‍ കഴിഞ്ഞ ചില ദിവസങ്ങളില്‍ കാട്ടിയ ക്രൂരത വിവരിക്കാനാകില്ല തന്നെ.

കഴുത്തറുക്കന്ന ചാര്‍ജ്ജ് ഈടാക്കിയിട്ടും ഒരിളിപ്പുമില്ലാതെ യാത്ര മുടക്കുക, ചെക്കിന്‍ കഴിഞ്ഞിട്ടും ചളിപ്പേതുമില്ലാതെ ഫ്ലൈറ്റ് താമസിപ്പിക്കുക, ബോര്‍ഡിംഗ് പാസ്സെടുത്ത് കഴിഞ്ഞിട്ട് ഫ്ലൈറ്റ് റദ്ദാക്കിയാലും ഭക്ഷണമോ വെള്ളമോ നല്‍കാതെ മുങ്ങുക, ശീതീകരണിയുടെ കൊടും തണുപ്പില്‍ മണിക്കൂറുകളോളം കുത്തിയിരിക്കേണ്ടി വരുന്നവര്‍ക്ക് വേണ്ടത്ര ബ്ലാങ്കറ്റോ പുതപ്പുകളോ നല്‍കാന്‍ ഭാരത സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സിന് കാത്ത് അത്താഴ പഷ്ണിക്കാരനെ ശിക്ഷിക്കുക തുടങ്ങിയ കലാപരിപാടികള്‍ അവസാനിപ്പിക്കാന്‍ ഇനി എത്ര കാലമെടുക്കും? കഴിഞ്ഞ ദിവസം ഇരുപത്തി ആറ് മണിക്കൂറാണ് നമ്മുടെ ബജറ്റ് എയര്‍ ലൈന്‍ യാത്രക്കാരനെ അബൂദാബി എയര്‍പോര്‍ട്ടില്‍ കുടുക്കിയത്. ഫ്ലൈറ്റ് എട്ട് മണിക്കൂറില്‍ കൂടുതല്‍ താമസിച്ചാല്‍ താമസ സൌകര്യം ലഭിക്കാനുള്ള അടിസ്ഥാന അവകാശം പോലും ഇന്‍ഡ്യന്‍ എയര്‍ ലൈന്‍സിലെ യാത്രക്കാര്‍ക്ക് ബാധകമല്ല. കൊള്ളയടിക്കപ്പെടുന്നവനും കൊലചെയ്യപെടുന്നവനും എന്തിന് കൊള്ളയടിക്കപ്പെടുന്നുവെന്നോ കൊല ചെയ്യപ്പെടുന്നുവെന്നോ ചോദിക്കാനുള്ള അവകാശമില്ലല്ലോ? അത് അനുഭവിക്കുന്നവന്റെ വിധി.

പ്രവാസത്തിന്റെ ഈ ഊഷരഭൂവില്‍ നിന്നും എണ്ണി പിടിച്ചെടുക്കുന്ന ഏതാനും ദിനങ്ങള്‍ ഉറ്റവരോടും ഉടയവരോടും ചേര്‍ന്ന് നിന്ന് സാന്ത്വനം തേടാന്‍ പുറപ്പെടുന്നവരെ ദിവസങ്ങളോളം വിമാന താവളങ്ങളില്‍ കുടുക്കിയിടുന്നവരനുഭവിക്കുന്ന സുഖം എന്താണെന്ന് പഠിക്കേണ്ടിയിരിക്കുന്നു. സാങ്കേതികം എന്ന് പറഞ്ഞൊഴിയുന്നവര്‍ക്ക് സൂര്യനോട് മല്ലിട്ട് നാട്ടിലേക്ക് പോകാനെത്തുന്നവരെ അവരുടേതല്ലാത്ത തെറ്റിന് ശിക്ഷിക്കാന്‍ എന്തവകാശമാണുള്ളത്? എട്ട് മണിക്കൂറില്‍ കൂടുതല്‍ വിമാനം താമസിച്ചാല്‍ ഏതൊരു യാത്രക്കാരനും അര്‍ഹിക്കുന്ന യാത്രാ നിയമങ്ങള്‍ അനുശാസിക്കുന്ന മനുഷ്യത്വപരമായ സമീപനം എയര്‍ ഇന്‍ഡ്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. കാലാകാലങ്ങളില്‍ നമ്മുടെ നാഷണല്‍ കാര്യര്‍, തിര‍ക്കുള്ള സമയത്ത് ഗള്‍ഫ് മലയാളിയോട് കാട്ടുന്ന മൃഗീയ ചൂഷണമാണ് കേരളത്തിലേക്ക് ചാര്‍ട്ടൌട്ട് ചെയ്യുന്ന എല്ലാ വിമാന കമ്പനികള്‍ക്കും അത്തപ്പാടികളെ ചൂഷണം ചെയ്യാന്‍ ചൂട്ടു പിടിച്ചു കൊടുക്കുന്നത്.

കാലാകാലങ്ങളായി എയര്‍ ഇന്‍ഡ്യയുടെ ചിറ്റമ്മനയത്തിനെതിരെ സമരം പ്രഖ്യാപിക്കുന്ന കോട്ടിട്ട നേതാക്കന്മാര്‍ എയര്‍ ഇന്‍ഡ്യായുമായി ചര്‍ച്ച ചെയ്ത് ചിക്കന്‍ കാലും കടിച്ച് നിറമുള്ള ലഹരിയും സേവിച്ച് മഹാരാജനുമായി രമ്യതയിലെത്തുന്നതാണ് വര്‍ത്തമാനകാല സമര യാധാര്‍ത്ഥ്യം. അതുകൊണ്ട് പ്രഖ്യാപിക്കപെടുന്ന സമരാഭാസങ്ങള്‍ക്ക് പകരം ഗള്‍ഫ് മലയാളികള്‍ തന്നെ ഇതിന് പോംവഴി കണ്ടെത്തണം. അതിനുള്ള വഴികളിലൊന്ന് എയര്‍ ഇന്‍ഡ്യയെ ബഹിഷ്കരിക്കുക എന്നത് തന്നെയാണ്. പക്ഷേ നമ്മുടെ “മഹത്തായ” കൂട്ടായ്മ കാരണം ബഹിഷ്കരണം എവിടം വരെ എത്തി എന്നുള്ളത് രണ്ടു വര്‍ഷം മുമ്പ് നാം കണ്ടതാണ്. ഒരോരുത്തരുടേം ബഹിഷ്കരണം അവരവരുടെ ടിക്കറ്റ് കണ്‍ഫേം ചെയ്ത തീയതിയില്‍ അവസാനിച്ചു. അത്ര തന്നെ. അപ്പോഴും മഹാരാജന്‍ ഒന്നു കുനിഞ്ഞ് നിവര്‍ന്നു ചിരിച്ചു, “ഞാനിതൊക്കെ എത്ര കണ്ടതാ കൊച്ചുങ്ങളേ” എന്ന പോലെ.

ഗള്‍ഫ് പ്രവാസം വരേണ്യവര്‍ഗ്ഗ പരിഛേദമല്ല എന്നത് പകല്‍ പോലെ തെളിഞ്ഞ സത്യം. വെന്തുരുകുന്ന ഗള്‍ഫ് മലയാളിക്ക് കുറച്ചെങ്കിലും ഒരു സാന്ത്വനമാകാന്‍ നമ്മുടെ സര്‍ക്കാറുകള്‍ക്കാകണം. കൊട്ടിഘോഷിച്ച് നടപ്പാക്കിയ ബജറ്റ് എയര്‍ ലൈന്‍ പലപ്പോഴും മറ്റ് വിമാന കമ്പനികളുടെ ചാര്‍ജ്ജിനും മേലെ ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കുന്ന കാഴ്ച ദയനീയമാണ്.

നാട്ടിലെ കിടപ്പാടം പണയം വെച്ചും ഭാര്യയുടെ കെട്ടുതാലി വരെ അറുത്ത് പണയം വെച്ചും ജോലി തെണ്ടി ഗള്‍ഫെന്ന നരക പ്രവാസത്തിലേക്കെത്തുന്ന പ്രവാസത്തിന്റെ ചേരികളിലെ ദയനീയ ജന്മങ്ങള്‍ കുറച്ചുകൂടി സഹതാപം അര്‍ഹിക്കുന്നു എന്ന വസ്തുത നമ്മുടെ ഭരണവര്‍ഗ്ഗം മനസ്സിലാ‍ക്കേണ്ടിയിരിക്കുന്നു. തകര്‍ന്നടിയുമായിരുന്ന നമ്മുടെ സാമ്പത്തിക വ്യവസ്ഥക്ക് നട്ടെല്ലേകി രാഷ്ട്രത്തിന്റെ വിദേശ നിക്ഷേപം കുത്തി ഉയര്‍ത്തിയത് നാട്ടില്‍ നിന്നും കയറ്റി അയച്ച തേങ്ങയും റബ്ബറും ഗര്‍ഭ നിരോധന സാമഗ്രികളും ആയുധങ്ങളും ഒന്നുമല്ല. നാട്ടില്‍ നില്‍ക്ക കള്ളിയില്ലാതെ കയറ്റി അയക്കപെട്ട പ്രജകളുടെ രക്തവും കിനാക്കളും ചുട്ടു പഴുത്ത സൂര്യന്റെ കീഴില്‍ വിയര്‍പ്പായൊഴുക്കി നേടിയെടുത്ത എണ്ണപണമാണ്. അവര്‍ പ്രവാസ ഭൂമികയില്‍ നിന്നും മാസാ മാസം ഉറ്റവര്‍ക്കായി എക്സ്ചേഞ്ചുകളില്‍ ക്യൂ നിന്ന് വിദേശ കറന്‍സി കൊടുത്ത് നാസിക്കിലെ സര്‍ക്കാര്‍ കമ്മട്ടത്തിലടിച്ച കറന്‍സി വാങ്ങിയതാണ് ഇന്‍ഡ്യന്‍ രൂപയുടെ മൂല്യം നിലമ്പരിശ്ശാകാതെ പലപ്പോഴും പിടിച്ച് നിര്‍ത്തിയത്. മാസത്തിന്റെ ആദ്യ വെള്ളിയാഴ്ചകളില്‍ ഇന്‍ഡ്യന്‍ രൂപക്ക് കാണപ്പെടുന്ന പതിവില്‍ കവിഞ്ഞ മൂല്യം അതിനൊരുദാഹരണം മാത്രം.

നാട്ടില്‍ നിന്നും കയറ്റി അയക്കപെടുന്നതെന്തിനും വിദേശ കറന്‍സി നേടി തരുന്നു എന്നതു കൊണ്ട് ചില അനുകൂല്യങ്ങള്‍ ഗവണ്മെന്റ് കൊടുക്കാറുണ്ട്. കയറ്റി അയക്കപെടുന്ന ഉല്പന്നങ്ങളുടെ വിലയുടെ ഏകദേശം ഏഴ് ശതമാനത്തോളം കിക്ക് ബാക്ക് എന്ന പേരില്‍ ഉല്പന്നം കയറ്റി അയക്കപെടുന്ന കമ്പനികള്‍ക്ക് ഒരു ഇന്‍സെന്റീവായി തിരിച്ച് ലഭിക്കാറുണ്ട്. ഒരു ലാഭവും ഇല്ലാതെയാണ് ഉല്പന്നം കയറ്റി അയക്കപെടുന്നത് എങ്കില്‍ പോലും ഉല്പാദകന് ഈ ഏഴ് ശതമാനം ലാഭമായി മാറും. പക്ഷേ ഭാരതത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റി അയക്കപ്പെടുന്ന പൌരന്‍ എന്ന‍ തറവില പോലും തിട്ടപ്പെടുത്തിയിട്ടില്ലാത്ത “ഉത്പന്നം” നാട്ടിലേക്ക് കയറ്റി അയക്കുന്ന കറന്‍സിക്ക് തുല്യമായ പരിഗണന അവകാശപ്പെടാന്‍ തക്ക അഹമ്മതിയൊന്നും പ്രവാസി മലയാളിക്കില്ല. എങ്കിലും വല്ലപ്പോഴും ഒരിക്കലെങ്കിലും പിറന്ന നാടും നടന്ന വഴിയും പഠിച്ച പള്ളിക്കൂടവും അടിച്ചു കളിച്ച കൂട്ടുകാരേം സംരക്ഷിച്ച മാതാപിതാക്കളേം ഉടപ്പിറന്നോരേം ഒക്കെ ഒന്നു കണ്ടു മടങ്ങാനുള്ള കേവലാഗ്രഹമെങ്കിലും വഴിക്ക് മുടക്കാതെ ഇവര്‍ക്കൊന്ന് ചെയ്ത് തന്നാലെന്താ?

പിന്നാമ്പുറം:
പ്രവാസി തലയില്ലാത്ത കോഴിയാണ്. നരകത്തിലെ കറങ്ങുന്ന കോഴി. ആസനത്തിലൂടെ ചുട്ടു പഴുത്ത ഇരുമ്പ് ദണ്ഡിനാല്‍ കോര്‍ക്കപെട്ട് എരിയുന്ന തീയില്‍‍ കറങ്ങി കറങ്ങി കറങ്ങി വെന്ത് പൊട്ടി നില്‍ക്കുന്ന തലയില്ലാത്ത കോഴി. ആര്‍ക്കും എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും നുള്ളിപറിച്ച് ഹോട്ട് സോസും കെച്ചപ്പും കൂട്ടി ഉദരപൂരണം നടത്താം...

Monday, August 20, 2007

സിറാജ് ദിനപത്രത്തില്‍ നിന്നും ലഭിച്ച ജന്മദിന സമ്മാനം.ബൂലോകത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ഒരു വയസ്സുകാരന് ലഭിച്ച ജന്മ ദിന സമ്മാനം. എന്റെ പൊതുമാപ്പെന്ന ബ്ലോഗിലെ പോത്ത് വിസ പോസ്റ്റിന് ടി.ഏ. അലി അക്‍ബര്‍ ഇട്ട ഈ കമന്റ് ഇങ്ങിനെയൊരു ജന്മദിന സമ്മാനമായി പരിണമിക്കുമെന്ന് സ്വപ്നത്തില്‍ പോലും നിരീച്ചില്ല. സമ്മാനം കിട്ടിയ ഒന്നാം വയസ്സുകാരന്റെ ആഹ്ലാദാരവം മനസ്സില്‍ തുടികൊട്ടുന്നത് ഉടപിറന്നോരേ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലേ.....

Saturday, August 11, 2007

ഒരു വയസ്സ്.(വാര്‍ഷിക പോസ്റ്റ്)

ബൂലോകത്തിന്റെ ഭാഗമായിട്ട് ഇന്ന് ഒരു വര്‍ഷം ആകുന്നു. ഒരു വയസ്സിനിടക്ക് എന്തെല്ലാം കുറുമ്പുകള്‍. വടി കൊണ്ട് കയ്യില്‍ തന്നിട്ടും ബൂലോകത്ത് നിന്നും വേണ്ടത്ര തല്ല് കിട്ടിയിട്ടില്ല എന്ന ഒരു വിഷമം മാത്രം. പലപ്പോഴും പ്രകോപനപരമായിരുന്നു എന്റെ നിലപാടുകള്‍. പക്ഷേ ബൂലോകം തൊട്ടും തലോടിയും ശാസിച്ചും കടന്ന് പോയി.

ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു വര്‍ഷമാണ് കടന്ന് പോയത്. “അഞ്ചല്‍ക്കാരന്‍” എഴുതി തുടങ്ങുമ്പോള്‍ സ്വന്തമായിരുന്നതോ സ്വന്തമെന്ന് കരുതിയിരുന്നതോ ആയ പലതും നഷ്ടപെട്ട ഒരു വര്‍ഷം. പക്ഷേ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും അവസാനിച്ചത് കമ്പൂട്ടറിന്റെ മുന്നില്‍. ബൂലോകത്തെ കൊച്ചു കൊച്ചു തമാശകളും പുറം ചൊറിയലും തമ്മില്‍ തല്ലും പാരപണിയലും ഒക്കെയായി അങ്ങിനെ അങ്ങ് കഴിഞ്ഞു കൂടുന്നു.

കഴിഞ്ഞവര്‍ഷം റേഡിയോ ഏഷ്യയിലെ പെരിങ്ങോടന്റെം വിശാല്‍ജീയുടേയും അഭിമുഖം കേട്ടാണ് ബൂലോകത്തെ കുറിച്ചറിയുന്നത്. ബൂലോകാ ക്ലബ്ബിലാണ് ആദ്യം എത്തിച്ചേര്‍ന്നത്. അവിടെ നിന്നും വക്കാരിയുടെ “എങ്ങിനെ മലയാള ബ്ലോഗറാകാം” എന്ന പോസ്റ്റ് വഴി അഞ്ജലിയെ കമ്പൂട്ടറില്‍ കുടിയിരുത്തി കീയ്മാനേയും കൂട്ടി തുടങ്ങിയ യാത്ര ഒരു വര്‍ഷം കഴിയുമ്പോള്‍ പരസ്പരം കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലാത്ത കുറേ സൌഹൃദം ഉണ്ടാക്കിയെന്നത് ജീവിതത്തിലെ “നല്ലവ” യില്‍ ചേര്‍ക്കാന്‍ പറ്റുന്ന ഒരു നേട്ടമായി ഞാന്‍ കാണുന്നു.

പലപ്പോഴും സംശയനിവാരണം നടത്തിയത് ശ്രീജിത്ത് വഴിയായിരുന്നു. ശ്രീജിത്തിനേം പെരിങ്ങോടനേം വിശാല മനസ്കനേം വക്കാ‍രിയേം നന്ദിയോടേ സ്മരിക്കുന്നു.

ആകെ മുപ്പത്തിആറ് ചവറുകള്‍ എഴുതിയിട്ടു. അതില്‍ തല്ല് മേടിച്ചു കെട്ടുക എന്ന ഒരേ ഒരു ഉദ്ധ്യേശ്യത്തോടെ ഇട്ട തല്ല് പോസ്റ്റുകള്‍ നാലെണ്ണമായിരുന്നു. പക്ഷേ ബൂലോകം ഒരു വയസ്സുകാ‍രന്റെ കുരുത്തക്കേടുകളായി കണ്ട് തല്ല് ഒഴിവാക്കി. അനോനികളുടെ അടി ഒരിക്കല്‍ മേടിച്ചു കെട്ടി. അതോടെ അനോനികളെ തൊട്ടുകളിക്കരുത് എന്ന മഹാ പാഠം പഠിച്ചു.

പിന്മൊഴി പടിയിറങ്ങുന്നതും മറുമൊഴി കടന്നു വരുന്നതും കണ്ടു. ബൂലോകത്തിലേക്ക് പുതുതായി കടന്നു വന്ന പലരും സെലിബ്രിറ്റികളാകുന്നതും നിറ സാനിദ്ധ്യമായിരുന്ന പലരും ബൂലൊകത്ത് അപൂര്‍വ്വമായി മാത്രം വന്നു പോകാന്‍ തുടങ്ങിയതും കണ്ടു. ബൂലോകത്തിനാകെ അഭിമാനമായി രണ്ടു പുസ്തകങ്ങള്‍ ഇറങ്ങിയതും ആ പുസ്തകങ്ങളുടെ പ്രകാശനം ഒരോ ബ്ലോഗറും സ്വന്തം പുസ്തകങ്ങളുടെ പ്രകാശനമാണെന്ന പോലെ ആ പുസ്തകങ്ങളെ നെഞ്ചിലേറ്റിയതും കണ്ടപ്പോള്‍ ഈ കൂട്ടായ്മയുടെ നന്മകള്‍ ബൂലോകത്തിന് പുറത്തേക്കും വ്യാപിക്കുകയായിരുന്നു. ബൂലോക കാരുണ്യം ഒരു പുതിയ ചുവട് വെയ്പായി.

ദിനപത്രം വന്നതും വന്നതു പോലെ പോയതും കണ്ടു. നിലനിന്നിരുന്നുവെങ്കില്‍ നല്ലൊരു സംരംഭമാകുമായിരുന്ന ദിനപത്രം നിന്നു പോയത് എങ്ങിനെയന്ന് അറിയില്ല. ബൂലോക സാനിദ്ധ്യമായി ഒരു സീരിയലും പിറന്നു.

വല്യമ്മായി, തറവാടി, ശ്രീജിത്ത്, അഗ്രജന്‍, ദില്ബാസുരന്‍, ഡിങ്കന്‍, ഉണ്ണികുട്ടന്‍, മാവേലികേരളം, കുറുമാന്‍, മുല്ലപൂ, ബിരിയാണി കുട്ടി, ഇഞ്ചിപെണ്ണ്, ബൂര്‍ഷ്വോസി, വക്രബുദ്ധി, ഇത്തിരിവെട്ടം, ബാജി ഓടംവേലി, അനില്‍, സാല്‍ജോ, സുനീഷ്‌തോമസ്, ബെര്‍ളിതോമസ്, ങ്യ...ഹ്ഹാ, മാരാര്‍, കെ.പി.സുകുമാരന്‍ അഞ്ചരകണ്ടി, ജി.മനു, സണ്ണികുട്ടന്‍, സാജന്‍, ഉറുമ്പ്, വിന്‍സ്, മുക്കുവന്‍, ബയാന്‍, മെലോഡിയോസ്, ശ്രീ, സുമുഖന്‍, ഷിബു, നന്ദു, മനു, നന്ദന്‍, കൈതമുള്ള്, കിച്ചു, ആപ്പിള്‍കുട്ടന്‍, പയ്യന്‍സ്, സ്നിഗ്ദ റെബേക്കാ ജേക്കബ്ബ്, കുട്ടമ്മേനോന്‍, വക്കാ‍രിമഷ്ട, സങ്കുചിത മനസ്കന്‍, കരീം മാഷ്, റീനി, കൈപ്പള്ളി, കൊച്ചുത്രേസ്യ, ഇക്കാസ്, സഞ്ചാരി, അരവിന്ദ്, വിശ്വപ്രഭ, ഇന്‍ഡ്യാഹെരിറ്റേജ്, മൂര്‍ത്തി, സിജൂ, മണി, വേണു, അമൃതാ വാര്യര്‍, ഫ്രെണ്ട്സ് ഫോര്‍ എവര്‍, അരീക്കൊടന്‍, ശാലിനി, നോക്കുകുത്തി, ഏവൂരാന്‍, അചിന്ത്യ, കൈത്തിരി, രാജാവ്, ആദിത്യന്‍, കാട്ടാളന്‍, ചക്കര, വിനോജ്, വെല്‍ക്കം, ഷാനവാസ് ഇലപ്പിക്കുളം, ജനശ്ക്തി ന്യൂസ്, നിമിഷ, അപ്പു, കുട്ടിച്ചാത്തന്‍, ദിവ, ഹരി, പടിപ്പുര, സിബു, അന്‍പു, വക്കം ജീ. ശ്രീകുമാര്‍, ഐസീബി, വിചാരം, ഏറനാടന്‍, കുട്ടു, നിക്ക്, അനൂബ് അമ്പലപ്പുഴ, മന്‍സൂര്‍, സൂര്യഗായത്രി, ബിന്ദു, ലിനോയ്, അപ്പൂസ്, മുന്തിരി, സീയെം,സാന്‍ഡോസ്, ഗന്ധര്‍വന്‍, സുല്‍, ഇടിവാള്‍, ഞാന്‍ ഇരിങ്ങല്‍, കണ്ണൂസ്, പുള്ളി, അജി, ഇത്തിരി, പൊതുവാള്, തമ്പിയളിയന്‍, ദേവന്‍, അതുല്യ, ചിത്രകാ‍രന്‍, വനജ, ബീരാങ്കുട്ടി, കെവിന്‍ ആന്റ് സിജി, ജാസു, ഇര്‍ഷാദ്, മയൂര, ഡ്രിസില്‍, പട്ടേരി, ഉമേഷ് തുടങ്ങിയവരുടെ കമന്റുകളും നിര്‍ദ്ധേശങ്ങളും വിമര്‍ശനങ്ങളും സര്‍വ്വൊപരി സാനിദ്ധ്യവുമാണ് എനിക്ക് ബൂലോകത്ത് പിടിച്ച് നില്‍ക്കാന്‍ പ്രേരണയായത്. ഒരിക്കലെങ്കിലും എന്റെ ബ്ലോഗിലെത്തുകയും എന്നെ വായിക്കുകയും ചെയ്ത ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്താന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു.

ബൂലോകത്ത് വന്നത് കൊണ്ട് എനിക്കുണ്ടായ സാമ്പത്തിക നേട്ടത്തെ കുറിച്ചു കൂടി പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ കഴിയില്ല. ഒരു പുട്ടു പ്രേമിയായ എനിക്ക് ചിലവ് കുറഞ്ഞതും എന്നാല്‍ സ്വാദിഷ്ടവുമായ പുട്ട് നിര്‍മ്മാണ വിദ്യ കരഗതമായത് ഏറ്റവും കുറഞ്ഞത് ആഴ്ചയില്‍ പതിനഞ്ച് ദിര്‍ഹത്തിന്റെ എങ്കിലും സാമ്പത്തിക ലാഭം ഉണ്ടാക്കി തന്നിട്ടുണ്ട്. ബൂലോകത്തെ ഒരു ചര്‍ച്ചയും തള്ളിക്കളയേണ്ടവയല്ല എന്ന് ആ പുട്ടു ചര്‍ച്ച തെളിയിക്കുന്നു.

ബൂലോകം കൂട്ടായ്മയല്ല എന്ന് പറയുന്നതിനെ ഞാന്‍ എതിര്‍ക്കും. ബ്ലോഗിങ്ങ് ലോകത്തെ ബ്ലൊഗിംങ്ങിന്റെ സ്വഭാവവും രീതിയും ശൈലിയും ഒക്കെ തിരിച്ചും മറിച്ചും വിശകലനം ചെയ്ത് ബൂലോകം ഒരു തരത്തിലുള്ള കൂട്ടായ്മയും അല്ല എന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ, എന്റെ ഒരു വര്‍ഷത്തെ അനുഭവം ബൂലോകം തികഞ്ഞ ഒരു കൂട്ടായ്മ തന്നെയാണ് എന്നതാണ്.

ബൂലോകം ഇങ്ങിനെ തന്നെ നിലനില്‍ക്കട്ടെ. ഗൂഗിള്‍ നിലനില്‍ക്കുന്നിടത്തോളം. എത്ര പ്രയാസങ്ങളും ആത്മസംഘര്‍ഷങ്ങളും വിഷമങ്ങളും ഉണ്ടെന്നിരിക്കലും ബൂലോകത്തേക്കെത്തുമ്പോള്‍ ഒരു ആശ്രമത്തിലേക്കെത്തിയ വണ്ണം മനസ്സ് ശാന്തമാകുന്നതിനെ ഞാന്‍ തൊട്ടറിയാറുണ്ട്. ഈ സംഘത്തിന് ഒരു പോറലും ഏല്‍ക്കാതിരിക്കാതിരിക്കട്ടെ!

നന്ദിയോടെ,
ഷിഹാബ് അഞ്ചല്‍.

Thursday, August 09, 2007

യുക്തിക്ക് നിരക്കാത്തതിനെ നിരസ്സിക്കാന്‍ കഴിയുമോ?

യുക്തി വാദം.
എന്താണ് യുക്തി വാദം? ഒരാളുടെ യുക്തിക്ക് നിരക്കാത്ത ഒരു സംഗതി മറ്റൊരാള്‍ക്ക് യുക്തി ഭദ്രമായി മാറാറില്ലേ? ശാസ്ത്രീയമായി തന്നെ പറഞ്ഞാല്‍ ഹിപ്നോട്ടീസം എന്ന ശാസ്ത്രീയാത്ഭുതം. അപരന്റെ മനസ്സ് വായിക്കാനുള്ള ഉപായം എല്ലാര്‍ക്കും വശമില്ല. പക്ഷേ മനശ്ശാസ്ത്ര വിശാരദന്മാര്‍ ബോധ മനസ്സിനെ ഉറക്കി ഉപബോധ മനസ്സിനോട് സംവേദിക്കുന്നില്ലേ. മറ്റൊരുവന്റെ മനസ്സ് വായിക്കാന്‍ എനിക്ക് കഴിയില്ല എന്നുള്ളത് കൊണ്ട് “ഹിപ്നോട്ടിസം” വ്യാജമാണെന്ന് പറയാന്‍ കഴിയുമോ?. അതും നാര്‍ക്കോ അനാലിസിസിന്റെ ഫലം കോടതികളാല്‍ പോലും സ്വീകരിക്കപ്പെടുന്ന ഈ ഉത്തരാധുനികതയില്‍.

ഓസ്കാ‍ര്‍ എന്ന രണ്ടു വയസ്സുള്ള ഒരു പൂച്ചക്ക് മരണത്തെ മണത്തറിയാന്‍ കഴിയുന്നു എന്ന അത്ഭുതകരമായ ഒരു വാര്‍ത്ത മെഡിക്കല്‍ ജേണലില്‍ സ്ഥാനം പിടിക്കുമ്പോള്‍ ആ വാര്‍ത്ത എന്റെ യുക്തിക്ക് നിരക്കുന്നില്ല എന്നത് കൊണ്ട് വാര്‍ത്ത വ്യാജമാണെന്ന് പറയാന്‍ കഴിയുമോ? ഭൂകമ്പങ്ങളേം വന്‍ ദുരന്തങ്ങളേം മുന്‍‌കൂട്ടി കാണാന്‍ ചില പക്ഷികള്‍ക്കും ഇഴജന്തുക്കള്‍ക്കും മൃഗങ്ങള്‍ക്കും കഴിയും എന്ന് പലയിടത്തും നാം വായിച്ചിട്ടുണ്ട്. ഇപ്പോള്‍ വന്‍ പ്രകൃതി ദുരന്തങ്ങളെ നാം സറ്റലൈറ്റിന്റേം മറ്റും സഹായത്തോടെ മുന്‍‌കൂട്ടി കാണുന്നുണ്ട്.ഒരു അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രകൃതി ദുരന്തങ്ങളെ പ്രവചിക്കുന്നത് അന്നത്തെ തലമുറക്ക് ഒരു പക്ഷേ അത്ഭുതം ആയിരുന്നിരിക്കാം. ഇന്ന് അത് വളരെ നിസ്സാരമായി തോന്നാമെങ്കിലും. അമ്പത് വര്‍ഷം മുമ്പ് പ്രകൃതി ദുരന്തങ്ങളെ പ്രവചിക്കുന്നത് കേള്‍ക്കുന്ന ഒരാ‍ളുടെ യുക്തിക്ക് ആ വാര്‍ത്ത നിരക്കുന്നില്ല എന്നത് കൊണ്ട് ആ പ്രവചനം വ്യാജമാണെന്ന് പറവാന്‍ കഴിയില്ലല്ലോ?

തങ്ങളുടെ യുക്തിക്ക് നിരക്കുന്നതിനെ മാത്രമേ തങ്ങള്‍ അംഗീകരിക്കുകയുള്ളൂ എന്ന് പറയുന്നവര്‍ക്കായി എന്റെ യുക്തിക്ക് നിരക്കാത്തതും എന്നാല്‍ അംഗീകരിക്കേണ്ടി വന്നതുമായ ചില സംഗതികള്‍ ഇവിടെ കുറിക്കുന്നു.

1. എന്റെ ഒരു ബന്ധുവിന്റെ രണ്ടാമത്തെ കുട്ടി. ജനിച്ചകാലം മുതല്‍ കുട്ടിക്ക് “സന്നി” (ഫിറ്റ്സ്) വരുമായിരുന്നു. പനിയില്‍ ആണ് തുടക്കം. നിമിഷം പ്രതി ചൂട് നിയന്ത്രണാതീതമാവുകയും കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വരുകയും ശരീരം നീല നിറം ആവുകയും ചെയ്യും. വലിച്ച് വാരി ആശുപത്രിയില്‍ കൊണ്ട് പോയി ഐ.സി.യുവില്‍ കയറ്റും. രണ്ടു മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ സാധാരണ നിലയിലേക്കെത്തും. നിരന്തരം ഇത് വന്നു തുടങ്ങിയപ്പൊള്‍ തിരുവനന്തപുരത്തേ ഒരു പ്രശസ്ത കുട്ടികളുടെ ആശുപത്രിയില്‍ കുട്ടിയെ കാട്ടി. അവര്‍ക്കും കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. എന്തൊക്കെയോ മരുന്നു കൊടുത്തു. കൂടെ മാതാപിതാക്കള്‍ക്ക് ഒരു സമാശ്വാസവും. കുട്ടിക്ക് ആറ് വയസ്സാകുമ്പോള്‍ ബ്രെയിനില്‍ ഒരു ഓപ്പറേഷന്‍ വേണം. കുട്ടിയുടെ ഒരു അമ്മാവനെ വിളിച്ച് രഹസ്യമായി വൈദ്യന്‍ പറഞ്ഞു “കുട്ടി ആറ് വയസ്സ് വരെ ജീവിച്ചിരിക്കില്ല.” കുട്ടിയുടെ പിതാവ് ഗള്‍ഫനാണ്. അതുകൊണ്ട് വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഈ അമ്മാവനായിരുന്നു. വീട്ടില്‍ വന്ന അമ്മാവന് ഒരു മനസ്സമാധാനവും ഇല്ല. കുട്ടിക്കപ്പോള്‍ ഒരു ഒന്നര വയസ്സ് ആയിട്ടുണ്ടാകും. അമ്മാവന്‍ മരുന്ന് ഫലിക്കാത്തിടത്ത് മന്ത്രത്തെ കൂട്ടു പിടിച്ചു. പറഞ്ഞ് കേട്ട ഒരു സിദ്ധന്റെ അടുത്തേക്ക് കുട്ടിയെ കൂട്ടികൊണ്ട് പോയി. നാട്ടില്‍ നിന്നും അരദിവസത്തെ യാത്രയുള്ള ആ സിദ്ധാശ്രമത്തില്‍ എത്തിയ കുട്ടിയെ കണ്ടിട്ട് സിദ്ധന്‍ പറഞ്ഞത് കുട്ടിയെ ബാധ കൂടിയിരിക്കുന്നു, ബാധോപദ്രവമാണ് കുട്ടിയ്ക്ക് സന്നി ഉണ്ടാക്കുന്നത് എന്നാണ്. കുറേ ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിട്ടതിന് ശേഷം ഞങ്ങളുടെ മുന്നില്‍ വെച്ച് തന്നെ സിദ്ധന്‍ ഒരുനുള്ള് മണ്ണ് വാരി അതിലേക്ക് ഒന്നൂതി കുഞ്ഞിന്റെ തലയുടെ നെറുകയില്‍ തേച്ച് പിടിപ്പിച്ചു. തുടര്‍ന്ന് ഏഴ് ദിവസം മുടങ്ങാതെ “യാസീന്‍” ഓതി കുട്ടിയുടെ നെറുകയില്‍ ഊതണം എന്ന ഒരു നിര്‍ദ്ധേശവും. ആ കര്‍മ്മത്തിന് ശേഷം നാളിന്ന് വരെ ആ കുട്ടിക്ക് സന്നി വന്നിട്ടില്ല. കുട്ടി ഇപ്പോള്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥി. ആറാം വയസ്സില്‍ തലക്ക് ഓപ്പറേഷന്‍ നടത്തിയില്ല. മറ്റ് യാതൊരു ചികിത്സയും തേടിയിട്ടില്ല. ഇവിടെ വൈദ്യശാസ്ത്രം നിസ്സാഹയമായിടത്ത് സിദ്ധന്‍ വിജയച്ചത് എന്റെ യുക്തിക്ക് നിരക്കുന്നില്ല. പക്ഷേ ആ കുട്ടിയുടെ മാതാപിതാക്കളുടെ അടുത്ത് യുക്തിവാദവും കൊണ്ട് ചെന്നാല്‍ അവരുടെ പ്രതികരണം എന്തായിരിക്കും?

2. ഗള്‍ഫിലേക്ക് പോകാനുള്ള തീഷ്ണാഗ്രഹവുമായി കായംകുളത്തെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ഇരുപതിനായിരം രൂപ വിസക്കായി തലവരീം കൊടുത്ത് ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറായി നിന്ന ഞാന്‍ ഞങ്ങളുടെ നാട്ടില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെയുള്ള ഒരു മൌലവിയുടെ അടുത്ത് ഗള്‍ഫിലേക്ക് പോകാന്‍ അനുഗ്രഹം തേടി ഉമ്മയുടെ നിര്‍ബന്ധപ്രകാരം പോകേണ്ടി വന്നു. കുറച്ചൊക്കെ പ്രവചനവും ചില്ലറ ചികിത്സയുമൊക്കെയുള്ള മൌലവി ഒരു വെറ്റിലയില്‍ എന്തൊക്കെയോ കുറിച്ചിട്ട് വെറ്റില ചവക്കാന്‍ പറഞ്ഞു. പുളിയാണോ, ചവര്‍പ്പാണോ, മധുരമാണോ രുചിക്കുന്നതെന്ന ചോദ്യം. എനിക്ക് നല്ല മധുരമാണ് തോന്നിയത്. പക്ഷേ മൌലവിയുടെ മറുപടി എന്നെ തളര്‍ത്തി.

രണ്ടു ദിവസത്തിനകം ബോം‌മ്പേവഴി സൌദിയിലേക്ക് പോകാന്‍ കാത്തിരിക്കുന്ന എന്നോട് ആ മൌലവി പറഞ്ഞത്:
“താങ്കള്‍ക്ക് ഇനി ഒരു വര്‍ഷത്തോളം താങ്കളുടെ മഹല് (ഇടവകയെന്നോ, കരയോഗമെന്നോ, പഞ്ചായത്ത് എന്നോ അര്‍ത്ഥമാക്കാം) വിട്ട് പുറത്ത് പോകാന്‍ കഴിയില്ല. പിന്നെങ്ങനെ കടല്‍ കടന്ന് പോകും?” പിറ്റേന്ന് കായംകുളത്തെ ആ ട്രാവല്‍ ഏജന്‍സിയില്‍ വിസയുടെ കോപ്പി വാങ്ങാന്‍ എത്തിയ ഞാന്‍ കണ്ടത് ഓഫീസില്‍ കഞ്ഞിവെച്ച് പ്രതിഷേധിക്കുന്നവരെയാണ്. വിസ തട്ടിപ്പില്‍ എനിക്ക് ഇരുപതിനായിരം പോയതല്ലായിരുന്നു വന്‍ നഷ്ടം. എറണാകുളത്തെ ജോലി ഗള്‍ഫ് യാത്ര പ്രമാണിച്ച് രാജി വെച്ചതായിരുന്നു. ശരിക്കും ഒരു വര്‍ഷം തൊഴിലൊന്നുമില്ലാതെ നാട്ടില്‍ തന്നെ കൂടേണ്ടി വന്നു എന്നത് ഭരതവാക്യം. അതായത് ഒരു വര്‍ഷത്തോളം അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് എന്റെ മഹല് വിട്ട് പുറത്ത് പോകാന്‍ കഴിഞ്ഞില്ല. ഇത് മുന്‍‌‌കൂട്ടി പറയാന്‍ ആ മൌലവിക്കെങ്ങനെ കഴിഞ്ഞു? ഇവിടെ എന്റെ യുക്തിക്ക് നിരക്കാത്തതു കൊണ്ട് ആ മനുഷ്യന്‍ വ്യാജനാണെന്ന് പറവാന്‍ എനിക്ക് അവകാശമുണ്ടോ?

3. പിന്നെ ഞാന്‍ എന്റെ “വിശ്വാസിച്ചാലും ഇല്ലെങ്കിലും” എന്ന ബ്ലോഗില്‍ ഇട്ട ആ മഴനാളില്‍ എനിക്ക് അനുഭവപെട്ട ദുരനുഭവം. അത് എന്റെ യുക്തിക്ക് നിരക്കുന്നതല്ല. ഇപ്പോഴും അതിന്റെ പിന്നിലെ രഹസ്യം എനിക്കറിയില്ല. അതു കൊണ്ട് അത് വെറും തോന്നലാണെന്ന് എങ്ങിനെ പറയാന്‍ കഴിയും?

4. ഇതുപോലെ ടെലിഫോണ്‍ സൌകര്യങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ ഇല്ലാതിരുന്ന ഇരുപത് വര്‍ഷം മുമ്പുള്ള ഒരു രാത്രി. കോളേജില്‍ നിന്നും ലക്ഷദ്വീപിലേക്ക് ഒരു സഹസിക യാത്ര. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും ഞങ്ങള്‍ നാലു പേര് മാത്രം. ആകെ നൂറ് പേര്. അന്ന് ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന എഴുപത്തി ആറ് സര്‍വ്വകലാശാലയില്‍ നിന്നും തിരഞ്ഞെടുക്കപെട്ട ഞങ്ങള്‍ നൂ‍റുപേരില്‍ കേരളായൂണിവേഴ്സിറ്റിയുടെ പ്രതിനിധികള്‍ കൂട്ടുകാരാകുന്നത് സ്വാഭാവികം. ക്യാമ്പിന്റെ മൂന്നാം ദിനം രാത്രിയില്‍ ഉറക്കത്തില്‍ നിന്നും അലറി വിളിച്ച് എഴുന്നേറ്റ ഞങ്ങളുടെ ചെമ്പഴന്തിക്കാരന്‍ സുഹൃത്ത് ഞങ്ങളെയൊക്കെ ഭയപ്പെടുത്തി. ആ ചങ്ങാതിയുടെ അമ്മ ഏതോ വലിയ അപകടത്തില്‍ പെട്ടെന്ന് സ്വപ്നം കണ്ടതായിരുന്നു. ഞങ്ങള്‍ ചങ്ങാതിയെ ശകാരിച്ച് കിടന്നുറങ്ങി. പിറ്റേന്ന് വൈകിട്ട് ഒരു നാലു മണിയോടെ ഞങ്ങളുടെ താമസസ്തലത്തെ ഫോണില്‍ ആ ചങ്ങാതിയുടെ അമ്മയുടെ മരണവിവരം എത്തി. മരണപെട്ടത് ചങ്ങാതി ഞെട്ടിയുണര്‍ന്ന സമയത്തിനോടടുപ്പിച്ചും. ആ അമ്മയുടെ ഒറ്റമകനെ ഹെലികോപ്റ്ററില്‍ അന്ന് തന്നെ നാട്ടിലേക്കെത്തിക്കുകയായിരുന്നു. യാത്രക്കിറങ്ങുമ്പോള്‍ ഒരസ്സുഖവും ഇല്ലായിരുന്ന അമ്മ പാമ്പു കടിയേറ്റ് മരിക്കുന്നത് കടല്‍ കടന്ന് ആ നിമിഷം തന്നെ ആ മകനെങ്ങനെയറിഞ്ഞു?

ഇതൊക്കെയും എന്റെ ജീവിതത്തില്‍ ഞാന്‍ തൊട്ടറിഞ്ഞ സംഗതികള്‍. മറ്റുള്ളവര്‍ പറഞ്ഞ് കേട്ടവ എന്തെല്ലാം. ശബരിമലയിലെ പുണ്യ ജ്യോതിയും പറഞ്ഞ് കേട്ടത്. യുക്തിക്ക് നിരക്കുന്നില്ലാ എന്നത് കൊണ്ട് ആ പുണ്യ ജ്യോതിസ് വ്യാജമാണ് എന്ന് പറയുന്നത് അല്പ ജ്ഞാനമാണ്. ഈ പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിലിരിക്കുന്ന മര്‍ത്യന്‍ എന്തറിയുന്നു. എല്ലാം അറിയുന്നു എന്നഹങ്കരിക്കുന്നവന് പ്രപഞ്ചവും അതിന്റെ രഹസ്യങ്ങളും എന്നും കുരുടന്‍മാര്‍ കണ്ട ആനയാണ്. തുമ്പികൈ പിടിക്കുന്നവനും വാലു പിടിക്കുന്നവനും കാലു പിടിക്കുന്നവനും കൊമ്പു തൊടുന്നവനും ചെവി പിടിക്കുന്നവനും പറയാനുള്ളത് ആനയെ കുറിച്ച് പരസ്പര വിരുദ്ധമായ നിര്‍വ്വചനമായിരിക്കും.

തെറ്റായവയെ ശരിപ്പെടുത്താനും ശെരിയെ തെറ്റാക്കിമാറ്റാനും നമ്മളെപ്പോഴും മറ്റാരേക്കാളും മുന്‍പിലാണ്. ശബരി മലയും പുണ്യജ്യോതിയും വൃതവും പതിനെട്ടാം പടിയും മുന്നിലേക്ക് വെയ്ക്കുന്ന നന്മയുടെ സന്ദേശം നാം കാണാന്‍ മിനക്കെടുന്നില്ല. മകര ജ്യോതിയും നമ്മുക്ക് നിര്‍വചിക്കാന്‍ കഴിയാത്ത സാനിദ്ധ്യമാണ്. ഒരു തട്ടിപ്പിനെ കേവലം ഒരു നിമിഷം പോലും രഹസ്യമാക്കി വെക്കാന്‍ നാം അശ്ശക്തരാണ്. അങ്ങിനെയുള്ള നാം നൂറ്റാണ്ടുകളായി ഒരു തട്ടിപ്പിനെ മറച്ചു പിടിക്കുന്നതെങ്ങനെ? യുക്തിക്ക് നിരക്കാത്തവയെ ഒക്കെയും പരീക്ഷിച്ചറിയാന്‍ തുനിഞ്ഞാല്‍ ബാക്കിയുള്ള നമ്മുടെ നന്മകള്‍ കൂടി സഹ്യന്‍ കടക്കും.