Monday, June 23, 2008

മനുഷ്യനും മതവും ദൈവവും പിന്നെ ഭൂമിമലയാളത്തിലെ കുറേ പിശാചുക്കളും.

“മറ്റുള്ളവര്‍ നിനക്ക് ചെയ്ത് തരണമെന്ന് നീ ആഗ്രഹിക്കുന്നത് നീ മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുക.” കൊച്ചിയില്‍ വസിച്ചിരുന്നൊരു കാലത്ത് എന്നും രാവിലെ കണികണ്ടുണര്‍ന്നിരുന്ന ഒരു വാചകം. തേവരയിലേക്ക് പോകുന്ന വഴിയിലെ ഒരു പള്ളിയുടെ മതിലില്‍ എഴുതിയിട്ടിരുന്ന ഈ ജീസസ് വാചകം വായിച്ച് തുടങ്ങുന്ന ദിനത്തിന് എന്നും പുതു അര്‍ത്ഥങ്ങള്‍ ഉണ്ടാകുമായിരുന്നു. നാമാഗ്രഹിക്കുന്നത് ആവശ്യമുള്ള മറ്റൊരുവന് വേണ്ടി ത്യജിയ്ക്കാന്‍ കഴിയുന്ന ഹൃദയവിശാ‍ലതയുള്ളവന്‍ തന്നെയാണ് ദൈവദൂതന്‍. പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മനസ്സില്‍ ഇടം പിടിച്ചിരുന്ന ഈ മഹത് വചനം ഇന്ന് എസ്.എഫ്.ഐ നേതാവിന്റെ ശബ്ദത്തില്‍ ഏഷ്യാനെറ്റില്‍ വായിച്ച് കേട്ടപ്പോഴാണ് ദൈവത്തെ മലയാളമണ്ണില്‍ നിന്നും ആട്ടിപായിക്കാന്‍ ഹിന്ദുമുസ്ലീംക്രൈസ്തവ പൌരോഹിത്യവും ജാതിരാഷ്ട്രീയക്കാരും തെരുവ് യുദ്ധങ്ങള്‍ നടത്തുന്ന വൈരുദ്ധ്യത്തെ കുറിച്ച് ചിന്തിച്ച് പോയത്.

മതം മലയാളത്തില്‍ നല്ലൊരു കച്ചവട ചരക്കാണ്. കച്ചവടത്തില്‍‍ ആരാണ് മുന്നില്‍ എന്നുള്ള തര്‍ക്കത്തിന് മാത്രമേ പ്രസക്തിയുള്ളു. ഭൂമിമലയാളത്തിലെ പൌരോഹിത്യവും സമുദായ രാഷ്ട്രീയക്കാരും മനുഷ്യനോ മതത്തിനോ ദൈവത്തിനോ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. അവനവന്‍ ട്രസ്റ്റും ആഭിചാരങ്ങള്‍ക്കായുള്ള ആശ്രമവും അനാശാസ്യത്തിന് മറപിടിക്കുന്ന രാഷ്ട്രീയവും അന്ധവിശ്വാസത്തില്‍ കൂട്ടികുഴച്ച് മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റി ശൈത്താന്റെ പിണിയാളുകളാക്കുകയാണ് ഭൂമിമലയാളത്തിലെ സര്‍വ്വമത പുരോഹിതന്മാരും മേലാളന്മാരും സാമുദായിക രാഷ്ട്രീയാചാര്യന്മാരും ചെയ്യുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഭൂമിമലയാളത്തില്‍ മതത്തിന്റെ പേരില്‍ ഉണ്ടായിട്ടുള്ള എല്ലാ സമരങ്ങളും പ്രതിഷേധങ്ങളും, മനുഷ്യനും മതത്തിനും ദൈവത്തിനും എതിരായിരുന്നു എന്നിടത്താ‍ണ് മതത്തിന്റെ നന്മകളെ കുറിച്ച് ചിന്തിക്കുന്ന ദൈവഭയമുള്ള, മനുഷ്യന്റെ ആകുലതകളെ ഹൃത്തിലേറ്റു വാങ്ങുന്ന ഏതൊരുവനും എത്തിച്ചേരുന്നത്.

പാഠപുസ്തകത്തിലെ മതനിഷേധത്തിനെതിരേ ഉറഞ്ഞു തുള്ളുന്നവരെ പ്രകോപിപ്പിക്കാന്‍ തക്കത് വല്ലതും പാഠഭാഗങ്ങളില്‍ ഉണ്ടോ എന്ന് തിരഞ്ഞ് പോകുന്ന ഒരു സാധാരണ മനുഷ്യ ജീവി ചെന്നെത്തുന്നത് പാഠഭാഗങ്ങള്‍ക്കെതിരേ പടവാളും ഇടയലേഖനവും ജിഹാദുമായി ഇറങ്ങിതിരിച്ചിരിക്കുന്ന ഒറ്റയെണ്ണത്തിനും ദൈവികജ്ഞാനമോ മതപാണ്ഡിത്യമോ മനുഷ്യപറ്റോ ഇല്ലാ എന്നിടത്താണ്. ദൈവത്തെ പാഠഭാഗം ഒരിടത്തും നിഷേധിക്കുന്നില്ല. മതം മനുഷ്യ നന്മക്ക് എന്ന സുന്ദര ദര്‍ശനമാണ് മതനിന്ദയെന്ന് പൌരോഹിത്യം ആരോപിക്കുന്ന പാഠഭാഗം പുതുതലമുറയ്ക്ക് നല്‍കുന്നത്.

എല്ലാമതങ്ങളും മനുഷ്യ നന്മമാത്രമേ പ്രചരിപ്പിക്കുന്നുള്ളു. എന്നിട്ടും മതങ്ങള്‍ തമ്മിലും മതങ്ങള്‍ക്കുള്ളിലെ ഭിന്നവിഭാഗങ്ങള്‍ തമ്മിലും എങ്ങിനെ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാകുന്നു എന്ന ചോദ്യം കുട്ടികളില്‍ ഉണര്‍ത്തപ്പെടേണ്ടുന്നത് തന്നെയാണ്. ആ ചോദ്യം ലളിതമായി തന്നെ കുരുന്നു മനസ്സുകളില്‍ പാഠഭാഗം ഉണര്‍ത്തുന്നുമുണ്ട്.

ജാതിവ്യവസ്തിതിക്ക് അന്യമാണ് ഇസ്ലാം മതം. എന്നാല്‍ മുസ്ലീം മതവിഭാഗത്തിനുള്ളിലെ രക്തരൂഷിതമായ അക്രമണങ്ങള്‍ക്ക് തുല്യം മറ്റേതെങ്കിലും ജാതിവ്യവസ്തയിലെ ഏതെങ്കിലും അക്രമങ്ങളെ ചൂണ്ടികാണിക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. ഷിയാ സുന്നി പോരാട്ടങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ദൈവികവിധിയുണ്ടോ എന്ന് പരസ്പരം കൊന്നും കൊലവിളിച്ചും നടക്കുന്നവര്‍ ചിന്തിക്കാറുമില്ല. ജൂതന് പോലും സലാം ചൊല്ലി മാതൃകകാണിച്ച പ്രവാചക തിരുമേനിയുടെ പുതുതലമുറ സ്വസമുദായത്തിലെ ഭിന്നവിഭാഗത്തോടെ പോലും സലാം ചൊല്ലരുത് എന്ന് ഭത്‌വ പുറപ്പെടുവിക്കുന്നത് ഭൂമിമലയാളത്തിലെ ഇന്നിന്റെ കാഴ്ചയാണ്. കേരളത്തില്‍ ഇന്ന് ഇസ്ലാം മതവിശ്വാസി ഉണ്ടോ? ഇല്ല തന്നെ. സുന്നിയും മുജാഹിതും ജമാ‍അത്തും ഒക്കെയായി വേര്‍തിരിഞ്ഞ് പരസ്പരം പള്ളികള്‍ പൊളിക്കുന്നവര്‍ക്ക് ദൈവത്തോട് എന്ത് കൂറാണുള്ളത്? മതത്തോട് എന്ത് മമതയാണ് ഉള്ളത്? മനുഷ്യനോട് എന്ത് മനുഷ്യത്വമാണുള്ളത്?

ക്രൈസ്തവ മതത്തിലെ അവാന്തരവിഭാഗങ്ങള്‍ കേരളീയ സാമൂഹ്യ ജീവിത ക്രമത്തില്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന പ്രക്ഷുബ്ദമായ സംഭവങ്ങള്‍ക്ക് നാമേവരും സാക്ഷികളാണ്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ളത്ര ശത്രുതയാണ് ക്രൈസ്തവ മതത്തിലെ ഭിന്ന വിഭാഗങ്ങള്‍ തമ്മില്‍ കേരളത്തില്‍ ഇന്ന് നില നില്‍ക്കുന്നത്. യേശുവിനെ പങ്കിട്ടെടുക്കാന്‍ തമ്മിലടിക്കുന്നവര്‍ക്ക് “മറ്റുള്ളവര്‍ നിനക്ക് ചെയ്ത് തരണമെന്ന് നീ ആഗ്രഹിക്കുന്നത് നീ മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുക ” എന്ന ആപ്ത വാക്യത്തെ എങ്ങിനെ പിന്‍‌പറ്റാന്‍ കഴിയും? സ്വസമുദായത്തിനുള്ളിലെ തര്‍ക്കങ്ങള്‍ പോലും ചേരിതിരിഞ്ഞ തെരുവ് യുദ്ധമാക്കി മാറ്റുന്നവര്‍ക്ക് എങ്ങിനെ മാനവികതയുടെ മതമായി മാറാന്‍ കഴിയും? ദൈവത്തെയും ദൈവപുത്രനേയും താന്താങ്ങളുടെ സൌകര്യത്തിനായി താന്താങ്ങള്‍ക്ക് തോന്നുന്ന രീതിയില്‍ വ്യാഖ്യാനിച്ച് അവനവന്‍ചേരി ഉണ്ടാക്കുന്ന ആധുനിക ലോക ക്രമത്തില്‍ കുട്ടികള്‍ക്ക് സ്വയം തിരഞ്ഞെടുക്കാനുള്ള ബോധം ഒരു പാഠപുസ്തകം നല്‍കുന്നു എങ്കില്‍ അതിനെ ശ്ലാഘിക്കുകയാണ് വേണ്ടത്.

“നിനക്ക് അഹിതമായത് എന്തോ അത് അന്യനും അഹിതമാണെന്ന് ധരിക്കണം. നിനക്ക് ഇഷ്ടമാകാത്തത് അന്യനെ ഏല്പിക്കരുത്. ഇതാണ് ധര്‍മ്മത്തിന്റെ സാരം” - മഹാഭാരതം. വിവാദ പാഠഭാഗത്തില്‍ കൊടുത്തിരിക്കുന്ന മഹാഭാരതത്തിലെ രണ്ടു വരികള്‍. ഇത് ഏത് ഹൈന്ദവ വിശ്വസത്തേയാണ് ഹനിക്കുന്നത്. അന്യന്റെ ഇഷ്ടങ്ങളെ വകവെച്ചു കൊടുക്കുക എന്നത് ഹിന്ദുമതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ക്ക് ദഹിക്കുകയില്ല. അതല്ലാതെ ഈ വാചകങ്ങള്‍ക്കെതിരേ കുറുവടി ഏന്തുന്നവര്‍ക്ക് ഒരു ന്യായീകരണവും ഉണ്ടാകില്ല.

“മറ്റുള്ളവര്‍ നിങ്ങളോട് എങ്ങിനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതുപോലെ അവരോടും പെരുമാറുക” - ബൈബിളിലെ ഈ വാക്യങ്ങള്‍ വിവാദമായ പാഠപുസ്തകത്തില്‍ അതീവ പ്രാധാന്യത്തോടെ നല്‍കിയിരിക്കുന്നു. ഇത്രയും സുന്ദരമായ ഒരു ദര്‍ശനത്തെ പാഠപുസ്തകത്തില്‍ കണ്ടിട്ടും മതനിഷേധമാണീ പാഠഭാഗം എന്ന് പറഞ്ഞ് പോര്‍വിളി നടത്തുന്ന ക്രൈസ്തവ പൌരോഹിത്യത്തിന് പിതാവിനോടോ പുത്രനോടോ പരിശുദ്ധാത്മാവിനോടോ മനുഷ്യനോടോ ഏതെങ്കിലും തരത്തിലുള്ള വിധേയത്വമുണ്ടോ?

“തനിക്ക് വേണ്ടി ഇഷ്ടപ്പെടുന്നതെല്ലാം സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുക. തനിക്ക് വേണ്ടി ഇഷ്ടപ്പെടാത്തതെല്ലാം സഹോദരന് വേണ്ടിയും ഇഷ്ടപ്പെടാതിരിക്കുക.” മുഹമ്മദ് നബിയുടെ ഈ വചനങ്ങളെ തള്ളിപ്പറഞ്ഞ് കൊണ്ടല്ലാതെ ആ വചനങ്ങള്‍ അച്ചടിച്ച് വെച്ചിരിക്കുന്ന പാഠഭാഗത്തിനെ തള്ളിപ്പറയാന്‍ ഒരു സമുദായ സ്നേഹിക്കും കഴിയില്ല. സമുദായത്തിന്റെ മൊത്തകച്ചവടക്കാരയാ അഖിലഭാരതീയമലപ്പുറം പാര്‍ട്ടിക്ക് ഈ പാഠഭാഗത്തെ തള്ളിപ്പറയാന്‍ കഴിയുന്നത് പ്രവാചകചര്യയെന്തെന്ന് അറിയാത്തതുകൊണ്ടാണ്. അല്ലെങ്കില്‍ എല്ലാം അറിഞ്ഞു കൊണ്ട് ഒരു സമുദായത്തെ മുഴുവനും താന്താങ്ങളുടെ താത്പര്യ സംരക്ഷണാര്‍ത്ഥം വേണ്ടും വിധത്തില്‍ ഉപയോഗിക്കപ്പെടുത്തണം എന്ന ദുഷ്‌ലാക്കോടെ സമുദായ താല്പര്യങ്ങളെ ദുരുപയോഗം ചെയ്യുന്നതു കൊണ്ടാണ്.

“ആര്‍ക്കും തിന്മ വരണമെന്ന് ആഗ്രഹിക്കരുത്. ആരെകുറിച്ചും പരുഷമായി സംസാരിക്കരുത്. ആര്‍ക്കും പ്രവര്‍ത്തന വിഘ്നം ഉണ്ടാക്കരുത്” ഗുരുനാനാക്കിന്റെ വചനങ്ങളും പാഠഭാഗത്തിലുണ്. എത്ര സുന്ദരമായ സന്ദേശം.

മതങ്ങള്‍ മുന്നോട്ട് വെക്കുന്ന നന്മകളാണ് പാഠഭാഗം കുട്ടികളുമായി ചര്‍ച്ച ചെയ്യുന്നത്. ആ നന്മകളെ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുന്ന പൌരോഹിത്യവും സമുദായരാഷ്ട്രീയവും മലയാള ജീവിത ക്രമത്തെ ശിലായുഗത്തിലേക്ക് തള്ളി വിടാനാണ് അനുനിമിഷം ശ്രമിക്കുന്നത്. ശിലായുഗവാസിയാകാന്‍ പോലും യോഗ്യതിയില്ലാത്ത ഒരു പാതിരി ഇന്ന് ചാനലില്‍ ഇരുന്ന് മുരളുന്നത് കേട്ടു. ആ ദൈവനിഷേധിയുടെ വാക്കുകളില്‍ തന്നെയാകാം:

“വിവാദമായ പാഠഭാഗത്തില്‍ ഒരു ചോദ്യമുണ്ട്. താഴെ പറയുന്ന വിവിധ പ്രശ്നങ്ങളില്‍ ഏതു മതത്തില്‍പ്പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുക?
ഒന്ന്: വിലക്കയറ്റം. രണ്ട്: കുടിവെള്ളക്ഷാ‍മം. മൂന്ന്: പകര്‍ച്ചവ്യാധികള്‍. നാല്: ഭൂകമ്പം.
എന്ത് ചോദ്യമാ ഇത്? മതവും ഈ ചോദ്യവും ഉത്തരങ്ങളും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. അബദ്ധങ്ങള്‍ പറഞ്ഞ് കുട്ടികളെ മതനിഷേധികളാക്കാനാണ് ഈ ചോദ്യങ്ങളിലൂടെ കേരളാ സര്‍ക്കാര്‍ ശ്രമിക്കുന്നത്.”

പിശാചിന്റെ പിണിയാളാകുന്ന ഒരുവനല്ലാതെ പാഠപുസ്തകത്തിലെ മേല്‍ പറഞ്ഞ വാ‍ചകത്തെ വളച്ചൊടിച്ച് ദൈവനിഷേധമാണെന്ന് വരുത്തി തെരുവ് യുദ്ധത്തിലേക്ക് കുഞ്ഞാടുകളെ കയറൂരി വിടാന്‍ കഴിയില്ല. ദൈവദാസന്മാര്‍ എന്ന വ്യാജേന പിശാചുകള്‍ക്ക് ഒളിസേവ ചെയ്യുകയാണ് ഭൂമിമലയാളത്തിലെ പൌരോഹിത്യം.

ചോദ്യം വായിക്കുന്ന കുട്ടി എല്ലാ പ്രശ്നങ്ങളും എല്ലാ മതസ്ഥരേയും ഒരുപോലെയാണല്ലോ ബാധിക്കുന്നത് എന്ന തികച്ചും മൌലികമായ ഉത്തരത്തില്‍ എത്തുന്നതിനെ ആ പാതിരി ഭയക്കുന്നു. അതുകൊണ്ടാണ് അയാള്‍ ചാനലില്‍ ഇരുന്ന തൊള്ളതുറന്നത്.

മതവും ദൈവവും മനുഷ്യ നന്മക്ക് എന്ന വിശാലമായ ദര്‍ശനത്തില്‍ അടിയുറച്ചതാണ് ഇന്ന് ഭൂമിമലയാളത്തിലെ മതകച്ചവടക്കാരാല്‍ എതിര്‍ക്കപ്പെടുന്ന ഏഴാം ക്ലാസ് പാഠഭാഗങ്ങള്‍. മതങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന മനുഷ്യ സ്നേഹത്തിന്റെ കടയ്ക്കലില്‍ കത്തിവെക്കാന്‍ ശ്രമിക്കുന്ന പൌരോഹിത്യവും സമുദായരാഷ്ട്രീയവും ആധുനികമനുഷ്യനെ കാട്ടിലേക്ക് തന്നെ ആട്ടിതെളിക്കുവാനാണ് ചാനല്‍ ചര്‍ച്ചകളും തെരുവ് യുദ്ധങ്ങളും നടത്തുന്നത്. ഈ പോക്കോലങ്ങളെ തുറന്ന് കാട്ടാന്‍ എല്ലാ ഈശ്വരവിശ്വാസികള്‍ക്കും കഴിയണം.