Friday, April 06, 2012

മുസ്ലീം ലീഗ് - കേരള രാഷ്ട്രീയത്തിലെ ഫ്യുഡല്‍ മാതൃക.

മുസ്ലീം  ലീഗിന്റെ നേതാക്കന്മാരും അണികളും ജനാധിപത്യം മറക്കുന്നുവോ എന്ന് തോന്നിപോകുന്നു - ഏറ്റവും ഒടുവിലത്തെ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍. ഇരുപതോളം എം.എല്‍.ഏ, മാരുള്ള പാര്‍ട്ടി ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെ സ്വഭാവം അല്ല പ്രകടിപ്പിക്കുന്നത്. മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ്‌ ആയ പാണക്കാട് ഹൈദരാലി ശിഹാബ്  തങ്ങള്‍ ഒരു കാര്യം മൊഴിഞ്ഞാല്‍ അത്  പറഞ്ഞത് പോലെ നടന്നിരിക്കണം എന്ന നിലപാട് ജനാധിപത്യ പരമേ അല്ല. അത് സാമുദായികമോ വര്‍ഗീയമോ പോലും അല്ല. വെറും മാടമ്പിത്തരം എന്നല്ലാതെ അതിനെ മറ്റൊന്നും പേരിട്ടു വിളിക്കാന്‍ കഴിയില്ല.

ഒരു സമ്മിശ്ര സാമുദായിക  സംസ്കാരം നിലനില്‍ക്കുന്ന കേരളത്തിന്റെ  സാമുഹിക സാഹചര്യത്തില്‍ മറ്റുള്ള സമുദായങ്ങളും ഇതൊക്കെ കാണുന്നുണ്ട് എന്ന് എങ്കിലും ലീഗിന്റെ നേതൃത്വം തിരിച്ചറിയണം. മറ്റുള്ള സമുദായങ്ങളും  ജനാധിപത്യം വിട്ടു സ്വാമി പറഞ്ഞാല്‍ പറഞ്ഞതു പോലെ നടക്കണം, പിതാവ് ഒന്ന് പറഞ്ഞാല്‍ അത് നടന്നിരിക്കണം എന്ന രീതിയില്‍ ചിന്തിച്ചു തുടങ്ങിയാല്‍ പിന്നെ എന്താകും ഭൂമി മലയാളത്തിന്റെ സാമൂഹിക ജീവിതം? സ്വാമിയും പിതാവും ഒക്കെ പറഞ്ഞാല്‍ അതേ പടി നടക്കേണ്ട രീതിയില്‍ സാമുദായിക ധ്രുവീകരണം നടത്താന്‍ മറ്റു സമുദായങ്ങള്‍ക്കും കഴിയുക തന്നെ ചെയ്യുന്ന സാമൂഹിക സാമുദായിക രാഷ്ട്രീയ  ചുറ്റു പാടാണ്‌ ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഏറ്റവും മോശപെട്ട സാമുദായിക ധ്രുവീകരണത്തിന് ഉള്ള  ഊര്‍ജം ആണ് ഇന്ന് കുടപ്പനക്കല്‍ തറവാട്ടില്‍ നിന്നും പുറത്തേക്ക് വമിക്കുന്നതു.

അണികളോ പ്രവര്‍ത്തകരോ ഒരു ആവേശത്തിന്റെ പുറത്തു "തങ്ങള്‍ പറഞ്ഞാല്‍ അത് പോലെ സംഭവിക്കണം" എന്ന് പറയുന്നതിനെ ഒരു പരിധിവരെ വികാരപരം ആയി കണക്കാക്കാം. പക്ഷെ, ഇ.ടി. മുഹമ്മദു ബഷീറും കെ.പി.ഏ. മജീദും ഒക്കെ ഇതേ രീതിയില്‍ പ്രതികരിക്കുന്നത് ഒരു ജനാധിപത്യ സംവീധാനത്തില്‍ എത്രത്തോളം ശരിയാണെന്ന് ലീഗിന്റെ നേതൃത്വം തന്നെയാണ് ആദ്യം തിരിച്ചറിയേണ്ടത്. ഇന്നി അതല്ല സാമുദായിക ധ്രുവീകരണം തന്നെയാണ് മേപ്പടി നേതൃത്വം ശ്രമിക്കുന്നത് എങ്കില്‍ അത് തീക്കൊള്ളി കൊണ്ട് തല ചൊറിയല്‍ ആകും. മാറാട് കലാപത്തില്‍ ഉള്‍പടെ ചില സാമുദായിക സംഘര്‍ഷങ്ങളില്‍ ലീഗ് സംശയ ദ്രിഷ്ടിയില്‍ ആണ് താനും.

എത്രത്തോളം ജനാധിപത്യ മതേതര പാര്‍ടി ആണ് ലീഗ് എന്ന് ആരു പറഞ്ഞാലും പുറത്തുള്ളവര്‍ക്ക് അതൊരു മതാധിഷ്ടിത പാര്‍ടി മാത്രം ആണ്. അതിലെ ചടങ്ങുകള്‍ എല്ലാം തന്നെ മത പരം ആണ്. അതിന്റെ ഘടന മതപരം ആണ്. നേതൃത്വത്തില്‍ എവിടെയെങ്കിലും ഒരു അമുസ്ലീമിനെ കാണാനേ കഴിയില്ല. ഒരു രാമന്‍  എപ്പോഴോ ലീഗിന് കിട്ടിയ അസംബ്ലീ  സംവരണ മണ്ഡലത്തില്‍ കോണി ചിഹ്നത്തില്‍ മത്സരിച്ചിട്ടുണ്ട് എന്നത് മറക്കുന്നില്ല. അത് മറ്റു നിവര്‍ത്തി ഇല്ലാത്തത് കൊണ്ട് മാത്രം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും അമുസ്ലീം കോണി ചിഹ്നത്തില്‍ മത്സരിക്കുന്നുണ്ട് എങ്കില്‍ അതും സംവരണ മണ്ഡലങ്ങളില്‍ മാത്രം ആയിരിക്കും. അതും ഒപ്പിക്കല്‍ ആണ് എന്നതാണല്ലോ ശരി. അപ്പോള്‍ ലീഗ് ഒരു മതാധിഷ്ടിത പാര്‍ടി തന്നെ. 

ലീഗിന് അഞ്ചു മന്ത്രിയോ ആറു മന്ത്രിയോ അല്ലെങ്കില്‍ പത്ത് മന്ത്രിയോ  ഒക്കെ ആകാം. പക്ഷെ അത് ജനാധിപത്യ പരം ആയ ചര്‍ച്ചകളിലൂടെ ഉരിതിരുഞ്ഞു വരേണ്ടത് ആണ്. അല്ലാതെ അതിന്റെ നേതാവ് ഒന്ന് പറഞ്ഞാല്‍ അത് പോലെ ജനാധിപത്യ കേരളം അനുസരിക്കണം എന്ന് പറയുന്നതിനെ ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയില്ല.

ലീഗ് ഒരു മതേതര രാഷ്ട്രീയ പാര്‍ടി ആണ് എന്ന് അതിന്റെ അനുഭാവികളും പ്രവര്‍ത്തകരും നേതാക്കളും പറയുന്നിടത്തോളം എങ്കിലും ലീഗിന്റെ നേതാവായ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ക്കു കെ.ആര്‍. ഗൌരി അമ്മ, എം.വി. രാഘവന്‍, ഷിബു ബേബി ജോണ്‍, ആര്‍. ബാല കൃഷ്ണ പിള്ള, കെ.എം. മാണി തുടങ്ങിയ നേതാക്കന്മാരെക്കാള്‍ എന്തെങ്കിലും പ്രാധാന്യം ഉള്ളതായി കാണാന്‍ കഴിയില്ല. അല്ലാതെ കേരള മുസ്ലീങ്ങളുടെ ആത്മീയ നേതാവ് ആണ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ എന്നാണു പറഞ്ഞു വരുന്നത് എങ്കില്‍ ഒരു ജനാധിപത്യ മതേതര രാഷ്ട്രീയ പാര്‍ടി എന്ന് അവര്‍ പറയുന്ന ലീഗിന്റെ നേതൃത്വത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞു നില്‍ക്കണം.


ഒരു മതാധിഷ്ടിത പാര്‍ടി അവസരത്തിനൊത്ത് മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതാണ് ലീഗിന്റെ രീതി. അത് ഓന്തിന്റെ നിറം മാറുന്ന പോലെ  തരാതരം മതാധിഷ്ടിത പാര്‍ടിയും ആകും പിന്നെ മതേതര പാര്‍ടിയും ആകും. ലീഗിന്റെ സമ്മേളനങ്ങള്‍ എല്ലാം മത ചിഹ്നങ്ങള്‍ നിറഞ്ഞത്‌ ആണ്. അല്‍ ഫാതിഹയില്‍ തുടങ്ങി സ്വലാത്തില്‍ അവസാനിക്കുന്ന സമ്മേളനങ്ങള്‍. വിളക്കു തെളിയിച്ചു  ഉത്ഘാടനം നടത്താന്‍ തയ്യാറാകാത്ത മന്ത്രി മാരുടെ നിലപാടുകള്‍. ചെയ്തികള്‍ എപ്പോഴും മതപരം. പ്രസംഗം ജനാധിപത്യ മതേതരം. ആയിരം തവണ ലോകത്തെ നശിപ്പിക്കാന്‍ തക്ക വണ്ണം ശക്തിയുള്ള ആറ്റം ബോംബുകളുടെ മുകളില്‍ കയറി ഇരുന്നു ആറ്റം ബോംബുകള്‍ നിരോധിക്കണം എന്ന് പറയുന്ന അമേരിക്കന്‍ നിലപാട് പോലെ ആണ് ലീഗിന്റെ വര്‍ഗീയതക്ക് എതിരെയുള്ള പ്രസംഗം. പേര് കൊണ്ടും പ്രവര്‍ത്തി കൊണ്ട് കേരളത്തിലെ ഏറ്റവും വര്‍ഗീയം ആയ പാര്‍ടി ലീഗ് തന്നെ ആണ്.

ലീഗിന്റെ പ്രസിഡണ്ട്‌ മറ്റേതൊരു രാഷ്ട്രീയ പാര്‍ടിയുടെ പ്രസിഡന്റിനെയും പോലെ ഒരാള്‍ ആണ്. അതില്‍ കൂടുതല്‍ എന്തെങ്കിലും ആണെന്ന തോന്നല്‍ പൊതു സമൂഹത്തില്‍  സ്വയം ഉണ്ടാക്കാന്‍ ആണ് ആ പാര്‍ട്ടിയുടെ നേതൃത്വം എപ്പോഴും  ശ്രദ്ധിക്കുന്നത്. 
കുടപ്പനക്കല്‍ തറവാട്ടിലെ മാറി മാറി വരുന്ന പ്രഭുക്കന്മാര്‍ കല്‍പ്പിക്കും, ബാക്കിയുള്ളവര്‍ അനുസരിക്കും. ലീഗിലെ  ആ രീതി ഇപ്പോള്‍ ഭരണത്തിലും അടിച്ചേല്‍പ്പിക്കാന്‍ ആണ് ലീഗിന്റെ നേതൃത്വം ശ്രിമിച്ചു കൊണ്ടേ ഇരിക്കുന്നത്.

നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോഴോ  തര്‍ക്കങ്ങള്‍ വരുമ്പോഴോ ഹൈകമാന്റിന്റെ അല്ലെങ്കില്‍ പോളിറ്റ് ബ്യൂറോയുടെ അല്ലെങ്കില്‍ സംസ്ഥാന സമിതിയുടെ തീരുമാനത്തിന് വിട്ടു എന്നാണു ഏതൊരു രാഷ്ട്രീയ പാര്‍ടിയും പറയുന്നത്. ഇവിടെ ലീഗിന്റെ കാര്യത്തില്‍ "അത് പാണക്കാട് തങ്ങളുടെ തീരുമാനത്തിന് വിട്ടു" എന്നാണു. തീരുമാനങ്ങള്‍  എല്ലാം ഒരാള്‍ക്ക്‌ എടുക്കാന്‍ കഴിയും എങ്കില്‍ പിന്നെ  ലീഗില്‍ എവിടെയാണ് ജനാധിപത്യം. ഒരു സമൂഹത്തിന്റെ തീരുമാനം  ഒരാള്‍ എടുക്കുന്നത് ഒരു തരം ഫ്യൂടലിസം തന്നെ അല്ലെ?


ഇപ്പോള്‍ കാര്യങ്ങള്‍ കുറെ കൂടി മോശം ആയിരിക്കുന്നു. മുഹമ്മദാലി ശിഹാബ് തങ്ങളുടെ കാലം വരെ കുടപനക്കല്‍ പ്രഭു പറയുന്നത് പോലെ ആയിരുന്നു ലീഗിലെ ജനാധിപത്യം. പക്ഷെ ഇപ്പോള്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ എന്ന പാവയെ മുന്നില്‍ നിര്‍ത്തി കുഞ്ഞാലി കുട്ടിയാണ് എല്ലാം നിയന്ത്രിക്കുന്നത്‌ എന്നതാണ് വസ്തുത. വേണ്ട വിധം പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ ഉപയോഗിക്കാന്‍ കുഞ്ഞാലി കുട്ടിക്ക് നന്നായി കഴിയുന്നും ഉണ്ട്. ഇതിന്റെ കാരണം മറ്റൊന്നും അല്ല. ഹൈദരാലി ശിഹാബ് തങ്ങളുടെ ഭരണ പരം ആയ പരിചയ കുറവ് തന്നെ. 

മുഹമ്മദ്‌ ആലി ശിഹാബ് തങ്ങള്‍ക്കു ഉണ്ടായിരുന്നു എന്ന് അവര്‍ കരുതുന്ന വിശാലം ആയ ജനകീയ പിന്തുണ (ഏറ്റവും കുറഞ്ഞത്‌ കൊല്ലം ജില്ലയില്‍ എങ്കിലും  അങ്ങിനെ ഒന്ന് കണ്ടിട്ടില്ല കേട്ടോ) "ശിഹാബ്" എന്ന പേരിലൂടെ നിലനിര്‍ത്താന്‍ ആണ് ലീഗ് ശ്രമിച്ചത്. അത് അല്ലാതെ കേരള രാഷ്ട്രീയത്തില്‍ പുതിയ തങ്ങള്‍ക്കു എന്ത് പാരമ്പര്യം ആണ് ഉള്ളത്? ലീഗിന്റെയോ യൂ,ഡീ.എഫിന്റെയോ അല്ലെങ്കില്‍ കേരളത്തിന്റെ മുഖ്യ ധാരാ രാഷ്ട്രീയതിന്റെയോ പൊതു വേദികളില്‍ എവിടെ എങ്കിലും പുതിയ പാണക്കാട് തങ്ങളെ മുമ്പ് കണ്ടിട്ടുണ്ടോ?

ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളും തര്‍ക്കങ്ങളും അവകാശ വാദങ്ങളും ഒക്കെ രണ്ടു രാഷ്ട്രീയ പാര്‍ടികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് അപ്പുറത്തേക്ക് സാമുദായികവും വര്‍ഗീയവും ആയ തലത്തിലേക്ക് നീളാന്‍ കാരണം ലീഗിന്റെ മതാധിഷ്ടിത ഘടനയാണ്. രാഷ്ട്രീയം ചര്‍ച്ച ചെയ്യപെടുന്നതിനു പകരം കാര്യങ്ങള്‍ മതപരവും സാമുദായികവും വര്‍ഗീയവും ഒക്കെ ആകുന്നതു കേരളത്തില്‍ ദൂര വ്യാപകം ആയ ദുരന്തങ്ങള്‍ക്ക് കാരണം ആകും.

ഒരു സാമുദായിക പാര്‍ടിയുടെ പിടിവാശിക്ക്‌ വഴങ്ങി  ഒരാളെ മന്ത്രിയാക്കാന്‍ വേണ്ടി സ്പീക്കറെ വരെ അവമതിക്കാന്‍ കഴിയുന്ന തരത്തിലേക്ക് കേരളത്തിലെ മുഖ്യ ധാര രാഷ്ട്രീയ പ്രസ്ഥാനം അധപതിച്ചു എങ്കില്‍ അതിനു കാരണം കേരളം അത്രത്തോളം സാമുദായികം ആയി ധ്രുവീകരിക്കപെട്ടു കഴിഞ്ഞു എന്നതാണ്. മുസ്ലീം ലീഗിന്റെ വളര്‍ച്ച മുലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ടിയുടെ വളര്‍ച്ച അല്ല കാണിക്കുന്നത്. കേരള മുസ്ലീങ്ങളിലെ ഒരു വിഭാഗത്തെ രാഷ്ട്രീയം ആയി ഉപയോഗിക്കാന്‍ ഉള്ള ശ്രമത്തിന്റെ വിജയം ആണ് അത് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മുസ്ലീം സാമുദായിക ധ്രുവീകരണം. അല്ലാതെ ഒരു രാഷ്ട്രീയ പാര്‍ടിയുടെ വിജയം ആയി അതിനെ കാണാന്‍ ശ്രമിക്കുന്നതാണ് കോണ്‍ഗ്രസിന്റെയും യൂ.ഡി.എഫിന്റെയും പരാജയവും.

ഒരു ഫ്യൂഡല്‍ പാര്‍ടിയുടെ പിടിവാശിക്ക്‌ മുന്നില്‍ കേരള രാഷ്ട്രീയം തല കുനിക്കരുത്. അത് പ്രബുദ്ധ കേരളത്തിന്റെ യശസ്സിനു കളങ്കം ചാര്‍ത്തും. ഇപ്പോള്‍ തന്നെ സാമുദായിക സംഘടനകളുടെ നീരാളി പിടുത്തതിലേക്ക് അകപെട്ടു കഴിഞ്ഞിരിക്കുന്ന കേരള രാഷ്ട്രീയം കൂടുതല്‍ അപകടകരം ആയ തലത്തിലേക്ക് കൊണ്ട് പോകാനേ ലീഗിന്റെയും കൊണ്ഗ്രസിന്റെയും ഇപ്പോഴത്തെ നിലപാടുകള്‍ കൊണ്ട് കഴിയുള്ളൂ. ഇത് ജനാധിപത്യത്തിനു ഒട്ടും ഗുണകരം അല്ല തന്നെ.