Saturday, March 07, 2009

ബഹുഭാര്യത്വം: ഭാര്യമാര്‍ക്ക് പറയാനുള്ളത്....

ഒരു യാത്രയ്ക്കിടയില്‍.
കൂട്ടത്തില്‍ സമുദാ‍യത്തില്‍ വിലയും നിലയും പേരും പ്രശസ്തിയും ഉള്ളൊരു മൌലവിയും ഉണ്ടായിരുന്നു. അദ്ദേഹം രണ്ടാമതൊരു വിവാഹം കഴിയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. വാഹനത്തില്‍ വെച്ച് ബഹുഭാര്യത്വത്തെ കുറിച്ച് ചില ചര്‍ച്ചകള്‍ വന്നു. സ്വാഭാവികമായും ചോദ്യങ്ങള്‍ ഞങ്ങളുടെ ഭാഗത്തും ഉത്തരം തരാനുള്ള ബാധ്യത മൌലവിയ്ക്കും ആയി.
“രണ്ടാം വിവാഹത്തിനു ആദ്യ ഭാര്യ സമ്മതിയ്ക്കുമോ?”
അദ്ദേഹത്തിന്റെ ഉത്തരം.
“ഓളോട് ഞാന്‍ പറഞ്ഞിരുന്നു. ഓള്‍ക്ക് സന്തോഷമേയുള്ളു.”
വീണ്ടും ചോദ്യം.
“എന്തേ അവര്‍ക്ക് സുഖമില്ലേ?”
“ഏയ് കുഴപ്പം ഒന്നുമില്ല.”
പിന്നെന്തിനു വേറേ വിവാഹം കഴിയ്ക്കുന്നു എന്നു ആരും ചോദിച്ചില്ല. മൂപ്പരുടെ ഓള്‍ക്ക് മൂപ്പര്‍ മറ്റൊരു വിവാഹം കഴിയ്ക്കുന്നതില്‍ അനിഷ്ടമൊന്നുമില്ല എന്ന മൂപ്പരുടെ വാക്കുകള്‍ ശരിയോ തെറ്റോ ആകട്ടെ. രണ്ടാം വിവാഹം കഴിയ്ക്കുന്ന ഭര്‍ത്താവിന്റെ നടപടികളോട് ഭാര്യമാരുടെ നിലപാട് എന്തായിരിയ്ക്കും? രണ്ടാം വിവാഹം കഴിയ്ക്കാന്‍ തന്റെ ജീവിത പങ്കാളി ഒരുങ്ങിയിറങ്ങുമ്പോള്‍ ഭാര്യയുടെ മാനസ്സികാവസ്ഥ എന്തായിരിയ്ക്കും? തന്റേതെന്നു മാത്രം വിശ്വാസിയ്ക്കുന്ന ഒരുവനു മറ്റൊരു അവകാശി കൂടി ഉണ്ടാവുന്നതില്‍ ആദ്യ ഭാര്യയുടെ വിചാരങ്ങള്‍ എന്തായിരിയ്ക്കും?

ആ ചര്‍ച്ചയ്ക്ക് ശേഷം ഇതേ ചോദ്യം ചില ഭാര്യമാരോട് ചോദിച്ചു.

ഒരു ഭാര്യ പറഞ്ഞു:
“എന്റെ ഭര്‍ത്താവ് അങ്ങിനെയൊരു തീരുമാനം എടുത്താല്‍ അയാളെ ഞാന്‍ കൊല്ലും എന്നിട്ടും ഞാനും ചാകും.”
മറ്റൊരു ഭാര്യ:
“കെട്ടുന്നതിന്റെ അന്ന് രണ്ടെണ്ണത്തിനേയും കൊല്ലും. മക്കളേയും കൊല്ലും. ഞാനും ചാകും.”
വേറൊരു ഭാര്യ:
“വിവാഹ മോചനം നേടും. വേറെ കെട്ടും.”
ആ ഭാര്യയ്ക്കു മക്കള്‍ ഇല്ലായിരുന്നു.
നിസ്സഹായതയോടെ പ്രതികരിച്ചവരും കുറവല്ല.
“എന്ത് ചെയ്യാന്‍ കഴിയും. എതിര്‍ക്കും. എന്നിട്ടും അദ്ദേഹം അങ്ങിനെയൊരു തീരുമാനം എടുത്താല്‍ സഹിയ്ക്കും.”
ചോദ്യം കേട്ടപ്പോഴേ തലപ്പെരുപ്പ് ബാധിച്ചവളും ഉണ്ടായിരുന്നു കൂട്ടത്തില്‍.
“യ്യോ...അങ്ങിനെയൊന്നും ചോദിയ്ക്കല്ലേ...എനിയ്ക്കു തലപെരുക്കുന്നു.” ഒരു നിലവിളിയോടെയായിരുന്നു മറുപടി.
പ്രതികരിച്ചവരില്‍ ആര്‍ക്കും സ്വന്തം ഭര്‍ത്താവിനു മറ്റൊരു ഭാര്യ കൂടി ഉണ്ടാകുന്നതിനെ അംഗീകരിയ്ക്കാന്‍ കഴിയുമായിരുന്നില്ല. ഏറ്റവും മൃദുലമായ മറുപടി. “എന്തു ചെയ്യാന്‍ കഴിയും?” എന്ന മറുചോദ്യമായിരുന്നു.

മതം ബഹുഭാര്യത്വത്തെ എങ്ങിനെ കാണുന്നു എന്നുള്ളതല്ല ഈ ചര്‍ച്ചയുടെ ഉദ്ദേശ്യം. ഭാര്യമാര്‍ ബഹുഭാര്യത്വത്തെ എങ്ങിനെ കാണുന്നു എന്നുള്ളതാണ്. മതത്തിന്റെ അടിസ്ഥാന ശിലകളായ നമസ്കാരം, നോയമ്പ്, സക്കാത്ത്, ഹജ്ജ് എന്നിവയില്‍ ലവലേശം താല്പര്യമോ ശ്രദ്ധയോ സൂഷ്മതയോ ഇല്ലാത്തവന്‍ പോലും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിയ്ക്കാനും മൊഴിചൊല്ലാനും മതത്തെ കൂട്ടു പിടിയ്ക്കുന്ന ഇക്കാലത്ത് മതത്തേയും ബഹുഭാര്യത്വത്തേയും ചേര്‍ത്ത് ചര്‍ച്ച ചെയ്തിട്ട് എന്തെങ്കിലും ഗുണം സമുദായത്തിനോ സമൂഹത്തിനോ ഉണ്ടാകും എന്നു കരുതുകയും വയ്യ.

രണ്ടാം വിവാഹത്തെ കുറിച്ച് ആലോചിച്ച് നടക്കുന്ന ഒരു ചങ്ങാ‍തി. നിലവിലുള്ള ഭാര്യയോടും മക്കളോടും അതീവ സ്നേഹവും താല്പര്യവും ഉള്ള അദ്ദേഹം രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ന്യായീകണം അതിശയകരമായിരുന്നു.
“എടോ എന്തോ പറയുക. ഒരു...ഒരു ....സംതൃപ്തി ഇല്ലടോ”
“ഓളറിഞ്ഞാലോ”
“ഓളറിഞ്ഞ് നടക്കില്ല. ഓളറിയരുത്.”
അതേ അതു തന്നെ. ഓളറിയരുത്. ഓളുടെ സ്നേഹം നഷ്ടപ്പെടുകയും അരുത് സംതൃപ്തിയ്ക്കായി മറ്റൊരുവളും.
അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു. പക്ഷേ എത്ര മറച്ചു വെച്ചിട്ടും വിവാഹത്തിനു മുന്നേ തന്നെ ആദ്യ ഭാര്യ വിവരം അറിഞ്ഞു. വിഷാദ രോഗം ബാധിച്ച ആദ്യ ഭാര്യ ഇന്ന് ആ ചങ്ങാതിയ്ക്ക് ഒരു ഭാരമല്ല. ആ ഭാരം അദ്ദേഹം മൊഴി ചൊല്ലി ഒഴിവാക്കി!

തന്റെ ജീവിത പങ്കാളിയെ പകുത്തെടുക്കാന്‍ മറ്റൊരാള്‍ കൂടി വരുന്നത് ഏതെങ്കിലും ഭാര്യ സ്വമനസ്സാലെ സമ്മതിയ്ക്കും എന്നു കരുതുക വയ്യ. ആദ്യ ഭാര്യയില്‍ യാതൊരു തെറ്റും കുറ്റവും ഇല്ലാതെ തന്നെ രണ്ടാം വിവാഹത്തിനു മുതിരുന്ന ഭര്‍ത്താവിനെ ഭരിയ്ക്കുന്ന വിചാരങ്ങള്‍ എന്തായിരിയ്ക്കും എന്ന് സ്വയം ചോദിച്ചു നോക്കി. ഒരു പിടിയും കിട്ടുന്നില്ല. ഒന്നില്‍ കൂടുതല്‍ സ്തീകളോടുള്ള അഭിനിവേശം എന്നല്ലാതെ മറ്റൊരു കാരണവും അതിനു കാണുവാനും കഴിയുന്നില്ല.

സ്തീകള്‍ പലപ്പോഴും കൊച്ചു വര്‍ത്തമാനങ്ങളില്‍ വിഷയം ആകാറുണ്ടല്ലോ? വിഷയാസക്തിയില്‍ ഇത്തിരി മുമ്പിലുള്ള ഒരു ചങ്ങാതി. പ്രവാസത്തില്‍ നിരവധി സ്തീകളോട് വഴിവിട്ട ബന്ധങ്ങള്‍ നിലനില്‍ക്കുന്ന ഒരുവന്‍. ഒരിയ്ക്കല്‍ സഹികെട്ടു ചോദിയ്ക്കേണ്ടി വന്നു:
“എടോ..നാട്ടില്‍ ഓളും ഇതുപോലെ പരപുരുഷ ബന്ധത്തിലേര്‍‍പ്പെട്ടാല്‍ താനെങ്ങനെ പ്രതികരിയ്ക്കും.”
മറുപടി ഇത്തിരി കടന്നിട്ടായിരുന്നു.
“ബ്ബ്ഭ നായേ....”
വിളിച്ചത് എന്നെയായിരുന്നു.
“ഓളെ ഞാന്‍ കൊല്ലും.”
തനിയ്ക്കു എന്തും ആകാം. ഭാര്യയെകുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നതു പോലും കേള്‍ക്കാനുള്ള സഹന ശക്തിയില്ലാത്ത ഒരു ഭര്‍ത്താവ്. ഒരു ദിവസം പോലും പരസ്തീഗമനം നടത്താതെ ഉറക്കറയിലേയ്ക്കെത്താത്തവനും ഭാര്യ പതിവ്രതയായിരിയ്ക്കണം!

ഭാര്യ നിലനില്‍ക്കവേ തന്നെ രണ്ടാം വിവാഹത്തിനും അതിനു ശേഷം മൂന്നാം വിവാഹത്തിനും ഒക്കെ ഒരുമ്പെടുന്ന ഭര്‍ത്താക്കന്മാരുടെ വിചാരങ്ങളിലെവിടെയെങ്കിലും സാധുവായ ഒരു പെണ്‍കുട്ടിയ്ക്കു ജീവിതം കൊടുക്കണം എന്ന ചിന്ത ഉണ്ടാകുമോ എന്നു സംശയമാണ്. സാധുവായ ഒരുവള്‍ക്ക് ജീവിതം കൊടുക്കുന്നതിനു അവരെ വിവാഹം കഴിയ്ക്കുക എന്നതിനേക്കാള്‍ ധാര്‍മ്മികത അവര്‍ക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തി വിവാഹം കഴിപ്പിയ്ക്കുന്നതിനാവശ്യമായ സഹായം ചെയ്യലല്ലേ? കല്യാണ പ്രായം എത്തി നില്‍ക്കുന്ന അഥവാ കഴിഞ്ഞ ഒരു സാധുവിനെ രണ്ടാം ഭാര്യയാക്കുന്നതിലൂടെ ആരു ആര്‍ക്ക് സഹായം ചെയ്യുന്നു എന്നാണ്?

സ്തീ ഒരു ഉപഭോഗ വസ്തു എന്നതില്‍ കവിഞ്ഞ് മറ്റൊരു പ്രാധാന്യവും കല്പിയ്ക്കാത്ത ഒരു സമൂഹത്തിനു മാത്രമേ ആദ്യ ഭാര്യ നിലനില്‍ക്കുമ്പോള്‍ അവരുടെ ഇഷ്ടവും ഇഷ്ടക്കേടും നോക്കാതെ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കാന്‍ കഴിയുള്ളു. താന്‍ മറ്റൊരുവളെ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നു എന്നറിയുമ്പോള്‍ തന്റെ ഭാര്യയ്ക്കുണ്ടാകാവുന്ന മാനസ്സിക വൈഷമ്യങ്ങള്‍ കണ്ടില്ലാ എന്നു നടിച്ച് പുതിയൊരുവളുടെ കരം ഗ്രഹിയ്ക്കുന്നവന്‍ തന്റെ അഭാവത്തില്‍ ഭാര്യ മറ്റൊരു പുരുഷനെ നോക്കുന്നതു പോലും സഹിച്ചു എന്നു വരില്ല.

ഭര്‍ത്താവ് ഉടമയും ഭാര്യ അടിമയും എന്ന നിലപാട് എന്തു കൊണ്ട് ആധുനിക സമൂഹത്തിലും നിലനില്‍ക്കുന്നു? ഭര്‍ത്താവിനു എന്തുമാകാം. ഭാര്യ എല്ലാം സഹിയ്ക്കണം. പരസ്തീഗമനം പതിവാക്കിയ ഭര്‍ത്താവിനും ഭാര്യ പതിവ്രതയായിരിയ്ക്കണം. സമൂഹം എത്ര പുരോഗമിച്ചാലും സ്തീയോടുള്ള സമീപനത്തില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ഇപ്പോഴും. പുരുഷന്റെ ഉടമ മനോഭാവം മാറണമെങ്കില്‍ സ്തീ സ്വന്തം അസ്ഥിത്വം തിരിച്ചറിയേണ്ടുന്നതുണ്ട്. എന്തെല്ലാം കുറവുകള്‍ ഉണ്ടെങ്കിലും രണ്ടാമതൊരു വിവാഹത്തിനു മുതിരുന്ന ഭര്‍ത്താക്കന്മാരെ അതില്‍ നിന്നും തടയുന്നതിനു ഭാര്യമാര്‍ക്കു കഴിയണം. ജീവിതത്തില്‍ തുല്യ പങ്കാളിത്തം ഭര്‍ത്താവിനേയും ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഭാര്യയ്ക്കു മൂത്താംകുടി ആകാതിരിയ്ക്കാന്‍ കഴിയും.
----------------------------------------
പ്രിയ വായാനക്കാരാ,
താങ്കള്‍ ഈ കുറിപ്പിനെ എങ്ങിനെ കാണുന്നു?
താഴെ കാണുന്ന റേറ്റിങ്ങില്‍ ഒന്നമര്‍ത്തുന്നതിലൂടെ ഈ കുറിപ്പ് എങ്ങിനെ വായിയ്ക്കപ്പെട്ടു എന്നു ലേഖകനു സ്വയം വിലയിരുത്തുവാന്‍ ഒരവസരമാണ് താങ്കള്‍ നല്‍കുന്നത്. ഒരു നിമിഷം ചിലവഴിയ്ക്കുമല്ലോ?
നന്ദി..