Sunday, February 01, 2009

ബ്ലോഗിലെ പരസ്യങ്ങളില്‍ ക്ലിക്കാനെന്തിനു മടിയ്ക്കുന്നു?

മലയാള ബ്ലോഗുകളിലെ പരസ്യങ്ങള്‍ അന്യ ഭാഷാ ബ്ലോഗുകളിലെ പരസ്യങ്ങളേക്കാള്‍ താരതമ്യേന കുറവാണ്. വായനക്കാരും താരതമ്യേന കുറവാണെന്നു പറയാം. മലയാളം ബ്ലോഗെഴുത്തുകാരേക്കാള്‍ കുറവാണ് ഒരു പക്ഷേ വായനക്കാര്‍. ബ്ലോഗിങ്ങിന്റെ സന്ദേശം പ്രചരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ കൂടുതല്‍ ബ്ലോഗെഴുത്ത് കാരെ സൃഷ്ടിയ്ക്കാനാണ് ശ്രമിയ്ക്കുന്നതും. ബ്ലോഗ് കൂടുതല്‍ വായിയ്ക്കപ്പെടാനുള്ള പ്രചാരണം ഇപ്പോഴും തുലോം കുറവു തന്നെ.

ബ്ലോഗെഴുതുന്നവര്‍ മിക്കവാറും ബ്ലോഗു വായനക്കാരും ആണെന്നുള്ളതും വസ്തുതയാണ്. ബ്ലോഗുകളില്‍ വരുന്ന പോസ്റ്റുകളില്‍ കാതലുള്ള പോസ്റ്റുകള്‍ നിരവധിയാണ്. അവരവര്‍ക്ക് ഇഷ്ടമുള്ളത് എഴുതിയിടുന്നു എന്നു പറയുമ്പോഴും അനുവാചകനെ രസിപ്പിയ്ക്കുന്ന പോസ്റ്റുകള്‍ക്ക് ഒരു പഞ്ഞവും മലയാള ബ്ലോഗിങ്ങില്‍ ഇന്ന് നിലനില്‍ക്കുന്നില്ല. ഒരു ദിവസം സൃഷ്ടിയ്ക്കപ്പെടുന്ന നൂറോളം പോസ്റ്റുകളില്‍ ഏറ്റവും കുറഞ്ഞത് ഇരുപത്തിഅഞ്ച് പോസ്റ്റെങ്കിലും ശ്രദ്ധിയ്ക്കപ്പെടേണ്ടവയുമാണ്. പക്ഷേ പോസ്റ്റിന്റെ ഉടമയ്ക്ക് അര്‍ഹിയ്ക്കുന്ന പേജ് ഹിറ്റു പോലും ലഭിയ്ക്കാറില്ല. പിന്നെ പോസ്റ്റുകള്‍ക്ക് ലഭിയ്ക്കുന്ന പ്രതിഫലത്തെ കുറിച്ചു ചിന്തിച്ചിട്ട് കാര്യമില്ലല്ലോ?

ബ്ലോഗര്‍ നല്‍കുന്ന സൌജന്യ സേവനം ഉപയോഗപ്പെടുത്തി ബ്ലോഗുന്നവര്‍ക്ക് എന്ത് പ്രതിഫലം എന്നായിരിയ്ക്കും ചോദിയ്ക്കാന്‍ വരുന്നത്. ശരിയാണ്. തികച്ചും ഗൂഗിളിന്റെ സൌജന്യത്തില്‍ ബ്ലോഗുന്നവര്‍ക്ക് അവരില്‍ നിന്നും പ്രതിഫലം ഒന്നും പ്രതീക്ഷിയ്ക്കേണ്ടല്ലോ. വായനക്കാരില്‍ നിന്നും പ്രതിഫലം ചോദിച്ചാല്‍ പിന്നെ ബ്ലോഗിലേയ്ക്ക് ആരെങ്കിലും വരുമെന്നും തോന്നുന്നില്ല. അല്ലെങ്കില്‍ തന്നെ പെയിഡ് ബ്ലോഗിങ്ങിനു എത്രത്തോളം സാധ്യതയുണ്ട് എന്നും അറിയില്ല. മറ്റേതെങ്കിലും ഭാഷയില്‍ അങ്ങിനെയൊരു സംമ്പ്രദായം നിലനില്‍ക്കുന്നുണ്ടോ എന്തോ?

ഇവിടെയാണ് പരസ്യങ്ങളുടെ സാധ്യത. ബ്ലോഗ് എഴുതുകയും വായിയ്ക്കുകയും ചെയ്യുന്ന നാം എപ്പൊഴെങ്കിലും നാം വായിച്ചു തിരിച്ചു വരുന്ന ബ്ലോഗുകളില്‍ കാണുന്ന പരസ്യങ്ങള്‍ കണ്ടു എന്നു നടിയ്ക്കാറുണ്ടോ? മലയാള ബ്ലോഗുകളില്‍ പരസ്യങ്ങള്‍ അപൂര്‍വ്വമാണ്. എന്നിട്ടു കൂടി പോസ്റ്റു വായിച്ച് വല്ലപ്പോഴും ഒരു കമന്റുമിട്ട് തിരിച്ചു പോകാറാണ് പതിവ്. വായിച്ചൊരു പോസ്റ്റ് നാം ആസ്വദിച്ചെങ്കില്‍ എന്തു കൊണ്ട് പാര്‍ശ്വങ്ങളില്‍ തൂങ്ങുന്ന പരസ്യങ്ങളില്‍ നമ്മുക്കൊന്നു ക്ലിക്കി തിരിച്ചു പോന്നു കൂട? മിക്കപ്പോഴും ഗുണപ്രദങ്ങളായ സൈറ്റുകളിലേയ്ക്കാരിയിക്കും നാം ആ ക്ലിക്കുകളിലൂടെ ചെന്നെത്തുന്നതും. ഒരാവശ്യത്തിനു ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നാം നമ്മുക്ക് വേണ്ടുന്ന സൈറ്റുകളിലേയ്ക്ക് പോകാറുണ്ട്. നാം വായിയ്ക്കുന്ന ബ്ലോഗുകളിലെ പരസ്യങ്ങളില്‍ ഒന്നു ക്ലിക്കിയാല്‍ ആ ബ്ലോഗിന്റെ ഉടമയ്ക്ക് നേരിയതെങ്കിലും ഒരു വരുമാനം ലഭിയ്ക്കാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ നാം എന്തു കൊണ്ട് അതിനു മടിയ്ക്കുന്നു?

യൂണിക്ക് വിസിറ്റുകളിലൂടെ ലഭിയ്ക്കുന്ന പരസ്യവരുമാനത്തിനും ക്ലിക്കുകളിലൂടെ ലഭിയ്ക്കുന്ന പരസ്യവരുമാനത്തിനും തമ്മില്‍ അജഗജാന്തരമുണ്ട്. നേരിട്ടുള്ള ക്ലിക്കുകളിലൂടെ ക്ലിക്കൊന്നിനു ഏകദേശം 0.02 ഡോളര്‍ ബ്ലോഗിന്റെ ഉടമയ്ക്ക് ലഭിയ്ക്കുമെന്നാണ് കണക്ക്. യൂണിക്ക് വിസിറ്റിനു ആയിരം വിസിറ്റിനു ഒരു സെന്റോ മറ്റോ ആണെന്നു തോന്നുന്നു. പേജ് വ്യൂവിന്റെ കണക്ക് അറിയുമില്ല. ഇതേപറ്റി കൂടുതല്‍ അറിയാവുന്നവര്‍ വിശദീകരിച്ചാല്‍ നന്നായിരുന്നു. ഇത് ഗൂഗിള്‍ പ്രൊവൈഡ് ചെയ്യുന്ന പരസ്യങ്ങളുടെ പ്രതിഫലത്തിന്റെ ഏകദേശ കണക്കാണ്. ഗൂഗിള്‍ അല്ലാതെ മറ്റു പരസ്യദാതാക്കളും പരസ്യങ്ങള്‍ നല്‍കുന്നുണ്ട്. മിക്കവയും തട്ടിപ്പാണുതാനും.

പരസ്യദാതാക്കളുടെ തട്ടിപ്പ് ഈ പോസ്റ്റിനു വിഷയമല്ലാത്തതു കൊണ്ട് അതിലേയ്ക്ക് കൂടുതല്‍ കടക്കുന്നില്ല. പരസ്യങ്ങളാണ് വിഷയം. പരസ്യങ്ങളില്‍ ഒന്നു ക്ലിക്കിയാല്‍ നമ്മുടെ കൂട്ടത്തില്‍ തന്നെയുള്ള, പലപ്പോഴും മറ്റൊന്നും പ്രതീക്ഷിയ്ക്കാതെ നമ്മെ രസിപ്പിയ്ക്കുന്ന പോസ്റ്റുകളുമായി വരുന്നവര്‍ക്ക് നമ്മുടെ ഏതാനും നിമിഷങ്ങള്‍ ചെറിയൊരു വരുമാനം ആകുമെങ്കില്‍ നാമെന്തിനു അത് ചെയ്യാതെ മാറി നില്‍ക്കണം? നഷ്ടപ്പെടാനൊന്നുമില്ലാതെ മറ്റൊരാളെ സഹായിയ്ക്കാന്‍ കഴിയുന്ന ഒരു സാധ്യത നാം എന്തു കൊണ്ട് ഉപയോഗപ്പെടുത്താതിരിയ്ക്കണം? ചേതമില്ലാത്ത ഉപകാരമല്ലേ? ഇവിടെ നല്ലൊരു പോസ്റ്റ് വായിച്ചാല്‍ അതിന്റെ ഉടമയ്ക്ക് ഒരു പ്രോത്സാഹനം എന്ന നിലയില്‍ അദ്ദേഹത്തിന്റെ അദ്ധ്വാനത്തിനു നമ്മുക്ക് നഷ്ടപ്പെടാനൊന്നും ഇല്ലാത്ത ഒരു പ്രതിഫലം നല്‍കുന്നതു തെറ്റാകുന്നില്ലല്ലോ? പോസ്റ്റ് വായിച്ചതിനു ശേഷം പോസ്റ്റ് ഇഷ്ടപ്പെട്ടു എങ്കില്‍ - ഇഷ്ടപ്പെട്ടു എങ്കില്‍ മാത്രം -ആ ബ്ലോഗിലെ പരസ്യങ്ങളിലും കൂടി ഒന്നു കണ്ണോടിയ്ക്കുക. എന്നിട്ട് നമ്മുക്ക് ഗുണപ്രദമാകും എന്നു തോന്നുന്ന ഏതെങ്കിലും പരസ്യം ഉണ്ട് എങ്കില്‍ അവിടെ ഒന്നു സന്ദര്‍ശിയ്ക്കുക. ബ്ലോഗിന്റെ ഉടമയ്ക്ക് അദ്ദേഹത്തിന്റെ അദ്ധ്വാനത്തിനു നമ്മള്‍ അങ്ങിനെ ചെറിയൊരു പ്രതിഫലം നല്‍കുകയും ആകും, പുതിയൊരു സൈറ്റ് നമ്മള്‍ പരിചയപ്പെടുകയും ആകും.

ബ്ലോഗോ അല്ലെങ്കില്‍ വെബ്ലൈറ്റുകളോ സന്ദര്‍ശിയ്ക്കുന്നവര്‍ കണ്ണില്‍പ്പെടുന്ന പരസ്യങ്ങളില്‍ വേണമെങ്കില്‍ ക്ലിക്കും എന്ന അടിസ്ഥാന തത്വത്തില്‍ നിന്നും നേരിയൊരു വ്യത്യാസം. ബ്ലോഗില്‍ എത്തിയിട്ട് വായിയ്ക്കുന്ന പോസ്റ്റ് നാം ഇഷ്ടപ്പെട്ടെങ്കില്‍ ആ ബ്ലോഗില്‍ തൂങ്ങുന്ന പരസ്യങ്ങളിലൂടെ ഒന്നു കണ്ണോടിയ്ക്കാന്‍ അരനിമിഷം ചിലവാക്കുക. (പോസ്റ്റ് രസിപ്പിച്ചു എങ്കില്‍ മാത്രം). എന്നിട്ട് നമ്മുക്ക് ഗുണപ്രദമാകാന്‍ സാധ്യതയുള്ള ഏതെങ്കിലും പരസ്യം ഉണ്ട് എങ്കില്‍ ആ ബ്ലോഗിലെ ലിങ്കിലൂടെ പ്രസ്തുത സൈറ്റ് സന്ദര്‍ശിയ്ക്കുക. നമ്മുക്ക് സന്ദര്‍ശിയ്ക്കാന്‍ തക്ക ഗുണമുള്ള പരസ്യം ഒന്നുമില്ലാ എങ്കില്‍ ക്ലിക്കുകയും വേണ്ട. പക്ഷേ പരസ്യങ്ങള്‍ ഏതെങ്കിലും നമ്മുക്ക് ആവശ്യം ഉള്ളവയാണോ എന്നു ഒന്നു ഓടിച്ചു നോക്കാം. ക്ലിക്കുന്നതു നമ്മുക്ക് ആവശ്യമുണ്ട് എങ്കില്‍ മാത്രം മതി താനും.

ബ്ലോഗ് വായിച്ചു രസിച്ചു തിരിച്ചു വരുമുന്നേ നമ്മേ രസിപ്പിച്ച ബ്ലോഗര്‍ക്ക് ഏറ്റവും ചെറുതെങ്കിലും നമ്മുക്ക് നഷ്ടപ്പെടാനൊന്നുമില്ലാത്ത ഒരു പ്രതിഫലം നല്‍കണം എന്ന തോന്നല്‍ ഉണ്ടാകണം. അങ്ങിനെയൊരു തോന്നല്‍ ഉണ്ടാകുമ്പോള്‍ പാര്‍ശ്വങ്ങളില്‍ തൂങ്ങുന്ന പരസ്യങ്ങളില്‍ ചിലതെങ്കിലും നമ്മുക്ക് ആവശ്യമുള്ളതോ അല്ലെങ്കില്‍ നാം തേടി നടന്നതോ ആയ സൈറ്റുകളുടെ ലിങ്ക് ആയിരിയ്ക്കുമെന്നതില്‍ സംശയമൊന്നുമില്ല. ആ ലിങ്ക് നമ്മുടെയൊരു ക്ലിക്കും കാത്തിരിയ്ക്കുകയും ആയിരിയ്ക്കും!