Thursday, May 15, 2008

ദയവായി ഈ കുട്ടികളെ വെറുതേ വിട്ടേക്കൂ...

പത്താം ക്ലാസിന്റെ ഫലം വന്നു. കൂടെ വാദങ്ങളുടേയും അപവാദങ്ങളുടേയും പെരുമഴ പാച്ചിലും.

വിജയം തൊണ്ണൂറ്റി രണ്ട് ശാതമാനത്തിനും മുകളില്‍ എത്തിയത് ഏറെ സന്തോഷം തരുന്ന ഒരു വാര്‍ത്തയായിരുന്നു. എസ്.എസ്.എല്‍.സി ഫലത്തിന്റെ വരവിനോടൊപ്പം എല്ലാ വര്‍ഷവും വരുന്ന പരാജിതരുടെ ആത്മഹത്യ വാര്‍ത്തകള്‍ ഏറെകുറഞ്ഞ അല്ലെങ്കില്‍ തീരെയില്ലാത്ത ഒരു വര്‍ഷം കൂടിയാണ് കടന്ന് പോയത് എന്നതും സന്തോഷ ദായകം തന്നെ.

ആരും തോല്‍ക്കാത്ത പത്താം ക്ലാസ് പരീക്ഷയുടെ ഫലമാണ് നമ്മുക്ക് വേണ്ടത്. പത്താം ക്ലാസ് പാസ്സാകത്തവന് മണ്ണ ചുമട്, റോഡ് പണി, കെട്ടിടം പണികള്‍ പോലും ലഭ്യമാകാത്ത കാലം. പത്തിന് മുമ്പേ പാസ്പോര്‍ട്ടാഫീസില്‍ അപേക്ഷ കൊടുത്ത് പ്രവാസിയാകാന്‍ തയ്യാറെടുക്കന്നവന് പത്താം ക്ലാസ് പാസ്സായില്ലങ്കില്‍ മണലാരണ്യത്തിലെ മണ്ണ് ചുമട് പോലും അന്യം. നാട്ടില്‍ കൊടി പിടിക്കാന്‍ പത്താം ക്ലാസ് വേണ്ട. അത്ര തന്നെ. അതു കൊണ്ട് തന്നെയാണ് അമ്പതാം വയസ്സിലും പ്രവാസികള്‍ എട്ട് പേരുറങ്ങുന്ന കുടുസ്സു മുറിയിലെ ആഢംബരത്തിലും പത്തെഴുതി പാസ്സാകാന്‍ ശ്രമിക്കുന്നത്.

എല്ലാവരും പത്താം ക്ലാസ് പാസ്സായാലും പകുതി ജയിച്ചാലും പത്തിന്റെ മേന്മയില്‍ ആര്‍ക്കെങ്കിലും കേരള സര്‍ക്കാറോ ദേശീയ ഗവണ്മെന്റോ അല്ലെങ്കില്‍ സുധാകരന്‍ സാറിന്റെ സഹകരണ വകുപ്പോ തൊഴില്‍ കൊടുക്കുകയൊന്നുമില്ലല്ലോ? പത്ത് കഴിഞ്ഞതിന് ശേഷം അവനവന്റെ കഴിവുകള്‍ക്ക് അനുസരിച്ച് സര്‍ക്കാരാശ്രയത്തിലോ അവനവനാശ്രയത്തിലോ പഠിച്ച് പണമൊഴുക്കി കഴിവ് തെളിയിച്ച് ഉയര്‍ന്നതലത്തില്‍ എത്തി തൊഴില്‍ നേടി വിദേശങ്ങളില്‍ സേവനം നല്‍കി വേതനം പറ്റി ജീവിക്കാം. അപ്പോള്‍ പത്തല്ല പ്രധാനം അതിന് ശേഷമുള്ള പഠനവും പണത്തിന്റെ കരുത്തുമാണ്. പിന്നെ എന്തു കൊണ്ട് നൂറ് ശതമാനത്തേയും വിജയിപ്പിച്ചു കൂടാ?

പത്താം ക്ലാസില്‍ കൃതൃമമായ വിജയം ഉണ്ടാക്കണം എന്നല്ല പറഞ്ഞ് വരുന്നത്. എല്ലാവരും വിജയിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ്. പത്താം ക്ലാസ് പഠനം ആയാസ രഹിതമാക്കി കൂടുതല്‍ വിജയം ഉറപ്പാക്കുകയാണ് വേണ്ടത്. അടുത്ത വര്‍ഷം നൂറ് ശതമാനവും വിജയിക്കാന്‍ പ്രാര്‍ത്ഥിക്കാം!

ഈ വര്‍ഷത്തെ തൊണ്ണൂറ്റി രണ്ട് ശതമാനം വിജയത്തെ തട്ടിപ്പായി കാണാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം മറക്കുന്നു. തങ്ങളുടേ കുട്ടികളെ പഠിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകത ഒരു രക്ഷാകര്‍ത്താവിനേയും മാത്സര്യത്തിന്റേതായ ഈ കാലഘട്ടത്തില്‍ ആരും പറഞ്ഞ് പഠിപ്പിക്കേണ്ടുന്നതില്ല. തങ്ങളുടെ മക്കള്‍ ജയിക്കണം എന്ന ആഗ്രഹമില്ലാത്ത ഒരു രക്ഷാകര്‍ത്താവും ഉണ്ടാകും എന്ന് തോന്നുന്നില്ല. അവരവരുടെ മക്കളുടെ പഠനത്തിന് വേണ്ടി മുണ്ടു മുറുക്കിയുടുക്കുന്ന രക്ഷാകര്‍ത്താക്കളുടേയും തങ്ങളുടെ സ്കൂളുകളില്‍ നൂറ് മേനി വിളയിക്കാന്‍ പെടാപാട് പെടുന്ന അദ്ധ്യാപകരുടേയും പ്രയത്നത്തിന്റെ ഫലമാണ് പത്തിലെ ഉയര്‍ന്ന വിജയ ശതമാനം. അല്ലാതെ കൃതൃമമായി ഉണ്ടാക്കിയെടുത്തതാണ് ഈ വര്‍ഷത്തെ പത്തിന്റെ ഫലമെന്ന വ്യാഖ്യാനം എല്ലാ വിഷയങ്ങള്‍ക്കും ഏ പ്ലസ്സ് വാങ്ങി വിജയിച്ചവരേയും കഷ്ടിച്ച് ജയിച്ചവരേയും ഒക്കെ ചവിട്ടി മെതിക്കുന്നതിന് തുല്യമാണ്.

രണ്ടായിരത്തി ഏഴ് രണ്ടായിരത്തി എട്ട് അദ്ധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി വിജയി സര്‍ക്കാറിന്റെ ഔദാര്യത്തില്‍ മാത്രം വിജയിച്ചതാണ് എന്ന് വരുന്നത് ഉറക്കമിഴിച്ചിരുന്ന് പഠിച്ച് പത്ത് കടന്ന എല്ലാ കുട്ടികളോടും ചെയ്യുന്ന ക്രൂരതയാണ്. അവരെ വിജയ സോപാ‍നത്തിലേക്ക് ആ‍നയിച്ച അദ്ധ്യാപകരുടെ ഉദ്ദേശ്യ ശുദ്ധിയേയും നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയേയും ചോദ്യം ചെയ്യുന്ന വിവാദങ്ങളിലേക്ക് രാഷ്ട്രീയ ചര്‍ച്ചകള്‍ നീളുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല.

പത്തിന്റെ ചോദ്യങ്ങള്‍ ലളിതമായിരിക്കാം. ആകട്ടെ. എഴുതുന്ന കുട്ടികളില്‍ ഭൂരിപക്ഷവും വിജയിക്കട്ടെ. പത്ത് ജയിച്ചു എന്ന് കണ്ട് ഒരു സര്‍ക്കാറും ജീവിക്കാനുള്ള സംവീധാനങ്ങള്‍ ഒരുക്കാത്തിടത്തോളം പത്ത് എന്ന കടമ്പ ഏറ്റവും എളുപ്പം കടക്കാന്‍ കഴിയുന്ന തരത്തിലേക്ക് പത്തിന്റെ പരീക്ഷ ലളിത വല്‍ക്കരിക്കുകയാണ് ചെയ്യേണ്ടുന്നത്. എല്ലാവരും ജയിക്കട്ടെ. ജീവിത വിജയം ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊണ്ട് സ്വയം പഠിച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് മാത്രം ആയിരിക്കുമല്ലോ? അത് പത്ത് ജയിച്ചാലും ഇല്ലെങ്കിലും ജീവിതത്തില്‍ വിജയിക്കേണ്ടുന്നവന്‍ വിജയിക്കും അല്ലാത്തവന്‍ പരാജയപ്പെടും.

എസ്.എസ്.എല്‍.സി പരീക്ഷയിലും മൂല്യനിര്‍ണ്ണയത്തിലും വെള്ളം ചേര്‍ത്തു എന്ന് വാര്‍ത്ത പരക്കുന്നത് ഈ വര്‍ഷം പാസ്സായ എല്ലാ കുട്ടികളുടേയും ഉപരി പഠനത്തിനെ വിപരീ‍തമായി ബാധിക്കും എന്നതില്‍ സംശയലേശമില്ല തന്നെ. പഠിച്ച് ജയിച്ചവരുടെ അദ്ധ്വാനത്തെ കുറച്ച് കാണലാകുമത്. ജയിച്ചവരെ അംഗീകരിക്കുക. പാളിച്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് പരീക്ഷയെഴുതിയ കുട്ടികളുടെ കുറ്റമല്ല. അത് സംഘാടകരുടെ പിടിപ്പ് കേടാണ്. ആ പിടിപ്പ് കേട് ഈ വര്‍ഷം പത്ത് ജയിച്ച കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളിലേക്ക് നീങ്ങരുത്. വരും വര്‍ഷങ്ങളില്‍ ആവുന്നത്ര കുട്ടികളെ വിജയിപ്പിക്കാന്‍ ശ്രമിക്കുക. പത്തിന് ശേഷം അവരവരുടെ വിധി അവരവര്‍ തന്നെ തിരഞ്ഞെടുക്കട്ടെ!