Tuesday, May 08, 2007

“പ്രൈമറി ക്ലാസിലെ ലൈംഗിക വിദ്യാഭ്യാസം.”

“ലൈംഗിക വിദ്യാഭ്യാസം പ്രൈമറി തലം മുതല്‍”....സര്‍ക്കാരിന്റെ പുതിയ നയ പ്രഖ്യാപനം അറിഞ്ഞപ്പോള്‍ രസകരമായി തോന്നി. പ്രൈമറിതലത്തിലെ ലൈംഗിക വിദ്യാഭ്യസ ക്ലാസ് എങ്ങിനെയിരിക്കുമെന്ന് വെറുതെ ഒന്നു ചിന്തിച്ചു. ചിന്തകള്‍ കാടുകയറി. കാടു കയറിയ ചിന്തകള്‍ തോന്ന്യസമായി മനസ്സിലേക്കോടിയെത്തി. ആ തോന്ന്യാസം ഇവിടെ കുറിക്കാമെന്ന് കരുതി. കുരുത്തക്കേടാണ്. ബൂലോകം സദയം ക്ഷമിച്ചാലും....


പ്രൈമറി തലത്തിലെ ലൈംഗിക വിദ്യാഭ്യാസം നടത്തുവാന്‍ ടീച്ചര്‍ ബുക്കൂം ചോക്കും തൂക്കി ക്ലാസിലേക്കെത്തി. ആദ്യ ക്ലാസാണ്. കുട്ടികളോട് എങ്ങിനെയാണ് പെരുമാറേണ്ടുന്നത് എന്ന ഒരു ചിന്ത ടീച്ചറിനുണ്ട് എന്നത് ടീച്ചറിന്റെ മുഖം ക്ലോസപ്പില്‍ നോക്കിയാല്‍ മനസ്സിലാകും.


തനിക്കറിയാവുന്ന തരത്തില്‍ ടീച്ചര്‍ സഭ്യതയുടെ അതിര്‍ വരമ്പ് ലഘിക്കാതെ ക്ലാസ് തുടങ്ങി. പരാഗണവും പരപരാഗണവുമൊക്കെ ചേര്‍ന്ന സാങ്കേതിക വാക്കുകള്‍ കൂട്ടിവച്ച് ടീച്ചര്‍ പ്രത്യുല്പാതനത്തിന്റേം മനുഷ്യ കുലത്തിന്റെ നിര്‍ദ്ധാരണത്തിന്റേം ഒക്കെ പ്രസക്തി വിശകലനം ചെയ്യാന്‍ തയ്യാറെടുത്തു കൊണ്ട് ക്ലാസിലേക്ക്.....


ടീച്ചര്‍: “കുട്ടികളേ നിങ്ങള്‍ നല്ല കുട്ടികളായി വളരണം...നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കണം. എങ്കില്‍ മാത്രമേ നിങ്ങള്‍ക്കുണ്ടാകുന്ന കുട്ടികള് ‍നിങ്ങളെ ബഹുമാനിക്കുകേംസ്നേഹിക്കുകേംഒക്കെ ഉള്ളൂ‍... കുട്ടികളേ..
നാംസ്രിഷ്ടിക്കപ്പെടുന്നതെങ്ങനെയെന്ന് വച്ചാല്‍...” ടീച്ചര്‍ വാചകം പൂര്‍ത്തീകരിക്കും മുമ്പ് ഒന്നാം ബഞ്ചിലിരുന്ന ബിന്ദു മോള്‍ ചാടി എഴിന്നേറ്റു...
ബിന്ദു മോള്‍ : “ടീച്ചറെ....”
ടീച്ചര്‍ : “എന്താ കുട്ടീ...”
ബിന്ദു മോള്‍ : “എനിച്ചൊരു ശംശയം.....”
ടീച്ചര്‍ : “ മിടുക്കി... കുട്ടികളായാല്‍ സംശയം വേണം. സംശയ നിവാരണത്തിലൂടെ വേണം അറിവു കൂട്ടാന്‍...കുട്ടികളേ... വിദ്യാധനം സര്‍വ്വ ധനാല്‍ പ്രധാനം...കുട്ടീ ചോദിക്കൂ..”
ബിന്ദു മോള്‍ : “ടീച്ചറെ ടീച്ചറെ ഈ കുട്ടികളായ ഞങ്ങള്‍ക്ക് കുട്ടികളുണ്ടാകുമോ ടീച്ചറെ...?”
ടീച്ചര്‍ : “ഏയ്...എന്ത് ചോദ്യമാ കുട്ടീ ഇത്. ഉണ്ടാകില്ല. നിങ്ങള്‍ വളര്‍ന്ന് വലുതായിട്ടേ കുട്ടികളുണ്ടാകുള്ളു....”
ഉടനേ പിറകു ബഞ്ചില്‍ നിന്നും അനിമോന്‍ ചാടി എഴുന്നേറ്റു വിളിച്ചു പറഞ്ഞു.
“ബിന്ദു മോളേ ഞാനപ്പോഴേ പറഞ്ഞില്ലേ കുഴപ്പമൊന്നുമുണ്ടാകില്ലന്ന്....”

ടീച്ചറുടെ കണ്ണുകള്‍ തുറിച്ചു... നാവു പുറത്തേക്ക് ചാടി...ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ വന്ന ടീച്ചറെ പിന്നെ ക്ലാസില്‍ കണ്ടില്ല....

“എല്ലാരും ചൊല്ലണ്...”

മൂന്നാര്‍ നാറുന്നു. രാഷ്ടീയക്കാരുടെ വിനോദയാത്രയാണ് ഹേതു. ഇത്തിരി കുഞ്ഞന്മാര്‍ മുതല്‍ വന്‍ തിമിംഗലങ്ങള്‍ വരെ തങ്ങള്‍ക്കാകും വിധം മൂന്നാര്‍ വളഞ്ഞു പിടിച്ചിരിക്കുന്നു.
ആരാണ് കൂടുതല്‍ കട്ടതെന്ന തര്‍ക്കം ലോക്കല്‍ കമ്മിറ്റി മുതല്‍ മണ്ഡലം കമ്മിറ്റി വരേം ജില്ലാകമ്മിറ്റി മുതല്‍ ഡി.സി.സി വരേം കെ.പി.സി.സി മുതല്‍ പാര്‍ട്ടീ സെക്രട്ടറിയേറ്റുവരേം എ.കെ.ജി സെന്റര്‍ മുതല്‍ ഇന്ദിരാ ഭവന്‍ വരേം ഇടതുമുതല്‍ വലതു വരേം തകര്‍തിയായി നടക്കുന്നു.
നേതാക്കന്മാര്‍ മൂന്നാരിലേക്ക് വിനോദയാത്ര നടത്തുന്നു. തല്ലുമേടിക്കുന്നു. കൂട്ട തല്ലിനായി കോപ്പികൂട്ടുന്നു.
പ്രതിപക്ഷനേതാവു പറയുന്നു മുഖ്യമന്ത്രി കള്ളനാണന്ന്. വി.എസ്. പറയുന്നു ഉമ്മന്‍ ചാണ്ടി കള്ളനാണെന്ന്. പിണറായി പറയുന്നു പി.പി. തങ്കച്ചന്‍ കള്ളനാണെന്ന്. പി.പി. പറയുന്നു പിണറായി പെരും കള്ളനാണെന്ന്. മാണി പറയുന്നു രാജേന്ദ്രന്‍ കള്ളനാണെന്ന്. രാജേന്ദ്രന്‍ പറയുന്നു അഗസ്തി കള്ളനാണെന്ന്. വൈക്കം പറയുന്നു മാണി കള്ളനാണെന്ന്..... ഇതെല്ലാം കേട്ട് പൊതുജനം പറയുന്നു ഇവരെല്ലാം പറയുന്നത് ശരിയാണെന്ന്...
അതേ ഈ കള്ളന്മാരുടെ കാട് വെട്ടിപ്പിടിക്കലിനിടയില്‍ ബാക്ടീരിയയോട് മല്ലടിച്ചു മരണം പുല്‍കിയ ശൈശവങ്ങളുടെ മാതാപിതാക്കന്മാരുടെ രോദനം ആര് കേള്‍ക്കാന്‍.
S.A.T യില്‍ തങ്ങളുടെതല്ലാത്ത കാരണത്താല്‍ ജീവിതം നിഷേധിക്കപെട്ട ബാല്യങ്ങളെ നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്. എന്തെന്നാല്‍ ഈ നെറികെട്ട നാട്ടില്‍ ശൈത്താന്റെ സ്വന്തം നാട്ടില്‍ നിങ്ങള്‍ക്ക് ജീവിക്കേണ്ടി വന്നില്ലല്ലോ?.


പിന്നാമ്പുറം:
പിണറായി: “S.A.T. യില്‍ U.D.F ഉം I.M.A യും മാധ്യമങ്ങളും പിന്നെ ഒരു ചാനലും ചേര്‍ന്നാണ് ഇത് ഇത്രയും കുഴപ്പമാക്കിയത്”.
പാലൊളി: “ലോകത്ത് കുട്ടികള്‍ മരിക്കുന്നത് ആദ്യത്തെ സംഭവമൊന്നുമല്ലാല്ലോ...പിന്നെന്തിനാ ഇത്രെം കോലാഹലം.”
തെറ്റു കണ്ടുപിടിച്ച ചാനലും പുറത്ത് കൊണ്ടു വന്ന ജനകീയ നേതാക്കന്മാരും ഏറ്റു പിടിച്ച മാധ്യമങ്ങളും ബാക്ടീരിയയാണ് പ്രശ്നക്കാ‍രനെന്ന് ഉറപ്പിച്ച I.M.A യും കൊല്ലപ്പെട്ട ബാല്യങ്ങളും കുറ്റക്കാര്‍. താനും തന്റെ ഗവണ്മെന്റും ശരി. ഇവനോടൊക്കെ എന്താ മറുപടി പറയേണ്ടുന്നത്?

അലയൊലി:
“ഇടതു ഗവണ്മെന്റിനെതിരെ ഗൂഢ നീക്കം നടത്തുന്ന S.A.T. പ്രസവമുറിയില്‍ തമ്പടിച്ചിരിക്കുന്ന U.D.F. ബാക്ടീരിയകള്‍ക്കെതിരെ ഇടതു പക്ഷയുവജന സംഘടന നടത്തുന്ന കാല്‍ നട പ്രചരണ ജാഥ ഈ വാഹനത്തിന് തൊട്ടു പിന്നാലെ മന്ദം മന്ദം കടന്നു വരുന്നൂ....ബാക്ടീ‍രിയകള്‍ നീതി പാലിക്കുക...”

Saturday, May 05, 2007

“വിലപേശല്‍”

ഗള്‍ഫില്‍ നിന്നും വന്ന പൊങ്ങനോടൊപ്പം കന്യാകുമാരിയിലേക്ക് ഉല്ലാസ യാത്ര പുറപ്പെടുകയാണ്. കാറില്‍ അതിരാവിലെ അഞ്ചലില്‍ നിന്നും യാത്ര പുറപ്പെട്ടു.
പൊങ്ങന്റെ പൊങ്ങച്ചമൊക്കെ കേട്ട് എല്ലാവരും ഒരു അരമയക്കത്തിലാണ്.
എണ്ണപണത്തിന്റെ ധാരാളിത്തം നടപ്പിലും എടുപ്പിലുമൊക്കെയുണ്ട്. ഭാ‍ര്യയുടെ ആഭരണങ്ങള്‍ എവിടെ തുടങ്ങുന്നുവെന്നോ എവിടെ അവസാനിക്കുന്നുവെന്നോ ഒന്നും പറവാന്‍ കഴിയില്ല. ആകെ കൂടി ഒരു ആഭരണശാല ഉരുണ്ടു വരുന്നമാതിരി. സ്വര്‍ണ്ണം കെട്ടിയ പല്ല് കാട്ടി പൊങ്ങനങ്ങനെ പരിലസിക്കയാണ്.

തിരോന്തരത്ത് എത്തിയപ്പോള്‍ പ്രാതലിന് സമയമായി. മസ്കറ്റ് ഹോട്ടലില്‍ പ്രാതല്‍. നാലു പേര്‍ക്ക് ബില്ല് ആയിരത്തി മുന്നൂറ്റി അമ്പത്. എന്തെങ്കിലും കഴിച്ചോ? അതുമില്ല. പൊങ്ങനെടുത്തു വച്ച 1,500/= രൂപയില്‍ ബാക്കി 150 രൂപ ടിപ്പുമായി. ഒരു പക്ഷേ ഗള്‍ഫ് മോഹമുദിച്ചത് ഈ പണകൊഴുപ്പ് കണ്ടിട്ടാകാം...

പൊങ്ങന്റെകൂടെപൊങ്ങിയിരുന്നെങ്കിലും മസ്കറ്റ്ഹോട്ടലിലെ പ്രാതലിനാല്‍ വയര്‍ പൊങ്ങിയിട്ടില്ലാത്തതിനാല്‍ ഒരു ചങ്ങാതീനെ കാണണമെന്ന വ്യജേന ഈയുള്ളവന്‍ പി.എം.ജി ക്കു മുന്നിലുള്ള രെജു ഹോട്ടലില്‍ കയറി 4 ദോശയും ചമ്മന്തീ മടിച്ച് ആറ് രൂപേം കൊടുത്ത് വണ്ടിയിലേക്ക് കയറി.

കുറച്ച് നേരം സൂവും കറങ്ങി. അപ്പോഴൊക്കെയും മിനിട്ടിനു വെച്ച് പൊങ്ങന്‍ കുട്ടിക്ക് വാങ്ങി കൊടുക്കുന്ന ഐസ്ക്രീമും മിഠായിയും കണ്ണില്‍ കണ്ട പീപ്പിയും പാപ്പയും മറ്റും കണ്ട് കണ്ണ് മഞ്ഞളിച്ച് ഈയുള്ളവന്‍ എന്നെങ്കിലും ഗള്‍ഫില്‍ പോകുന്നതും കിനാവു കണ്ട് അങ്ങനെ പൊങ്ങന്റെ പിറകേ നടന്നു.

ഉച്ചക്ക് വീണ്ടുമൊരു പഞ്ചനക്ഷത്രത്തില്‍ ഉച്കയൂണ്. ദൈവമേ ഇതിന്റെ ബില്ല് എത്രയായിരിക്കും. ഓ അത്താഴ പഷ്ണിക്കാരനായ താനതന്തെനറിയണം. 1,800/= രൂപയുടെ ബില്ലിന് വേണ്ടി വച്ച 2,000/= രൂപയില്‍ 200/= രൂപ എങ്ങിനെ എന്റെ പോക്കറ്റില്‍ വന്നുവെന്ന് എനിക്കു പോലുമറിയില്ല.

ജീവിക്കുന്നെങ്കില്‍ ഇങ്ങിനെ ജീവിക്കണം. 200/= പോക്കറ്റിലായ രീതിയിലല്ല. പൊങ്ങന്‍ ജീവിക്കുന്ന രീതിയില്‍.

അസ്തമനത്തോടെ കന്യകുമാരിയിലെത്തി.

“മാല...കല്ലുമാല...ചിപ്പിമാല....മുത്തുമാല....”
തമിഴ് കലര്‍ന്ന മലയാളത്തില്‍ ഒരു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ കയ്യില്‍ മറ്റോരു കുട്ടീമുണ്ട്. വിണ്ട് കീറി തുന്നിച്ചേര്‍ത്ത പാവാടയും ഉടുപ്പും ഒക്കെ ധരിച്ച ഒരു കരിപുരണ്ട ജീവിതം. കൈനിറയെ മാലയും ചിപ്പിയുമൊക്കെയായി അന്നന്നത്തെ അന്നം തേടിയിറങ്ങിയ പ്രാരാബ്ദക്കാരി.

“ച്ക് മാല വേണം...”
പൊങ്ങന്റെ കുട്ടിയാണ്. ഹോ മനസ്സുകൊണ്ടാ‍ശ്വസിച്ചു. പെണ്‍കുട്ടിക്കൊരു കച്ചവടമൊത്തിരിക്കുന്നു.
“എന്താ വില.” പൊങ്ങന്‍.
ഒരു മാല കാട്ടി പെണ്‍കുട്ടി 10 രൂപയെന്നറിയിച്ചു.
പൊങ്ങന്‍ നാലു രൂപയില്‍ തുടങ്ങി.
കുട്ടി പത്തില്‍ താണില്ല.
“പത്ത് രൂപ തരണം സാര്‍. അല്ലെങ്കില്‍ മുതലാകില്ല സര്‍. ഏങ്കള്‍ക്ക് പസിക്ക്ണ് സാര്‍. സാപ്പിടണം സേര്‍...”
പൊങ്ങന്റെ കുട്ടി മാലക്ക് കരച്ചില്‍ തുടങ്ങി...പൊങ്ങന്‍ നാലില്‍ നിന്നും മുന്നോട്ടു പോകുന്നുമില്ല.
കുട്ടീം പൊങ്ങനും പത്തും നാലുമെന്നുപറഞ്ഞ് നില്‍ക്കയാണ്. കുട്ടീടെ മാലക്ക് വേണ്ടിയുള്ള കരച്ചില്‍ ഉച്ചസ്തായിലായി.

“ഇന്നാ സാര്‍...ആകുട്ടിക്ക് കൊടുക്കുങ്കോ... ഏങ്കളുടെ ഗിഫ്റ്റ്”...
നാലു രൂപയുമായി വിലപേശുന്ന പൊങ്ങനെ വകഞ്ഞ് മാറ്റി പെണ്‍കുട്ടി ആ മാല പൊങ്ങന്റെ കരയു ന്ന കുട്ടീടെ കയ്യില്‍ കൊടുത്തിട്ട് വില വാങ്ങാതെ തിരിച്ചു നടന്നു....

പൈസ ചുരുട്ടി പോക്കറ്റിലിടുന്ന പൊങ്ങന്റെ മുഖത്ത് ജാള്യത ലവലേശമുണ്ടായിരുന്നില്ല.