Wednesday, July 30, 2008

അരൂപിയുടെ അശരീരികള്‍.

എല്ലാം മായയാണ് ബൂലോഗത്ത്. നളെ എന്ത് നടക്കുന്നു എന്നതിനുമപ്പുറം ഇന്ന് ഈ അടുത്ത നിമിഷമെന്ത് നടക്കും എന്ന് പോലും ആര്‍ക്കും പ്രവചിയ്ക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണ്ണമാണ് ബൂലോഗ രീതികള്‍.

രൂപമില്ലാത്തവരുടെ കേളീ രംഗമാണീ കല്പിത ഭൂമികയെന്ന് ഒരു വിഭാഗം. അനോനികളുടെ അഴിഞ്ഞാട്ടം അവസാനിപ്പിയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തവര്‍ തന്നെ അനോനികളായി മാറുന്ന സുന്ദര സുരഭില കാഴ്ച മറ്റൊരു വശത്ത്. ആരാണ് രൂപി ആരാണരൂപിയെന്ന തര്‍ക്കം മറ്റൊരിടത്ത്.

അനോനി അക്കാദമി ചെയര്‍മാനാകുന്നതിനെതിരേ ഒരിടത്ത് പടയിളക്കം. അക്കാദമിയേ അനാവശ്യമെന്ന് അനോനി വിരുദ്ധരുടെ ആഹ്വാനം മറ്റൊരിടത്ത്. ബൂലോഗത്തിന്റെ നിലനില്പ് തന്നെ അക്കാദമിയുടെ അച്ചുതണ്ടിന്മേലാണെന്ന് അനോനിയായ അക്കാദമീ വീരന്‍. വാദവും എതിര്‍വാദവും വിവാദവും വിവരക്കേടുകളും കൊണ്ട് ബൂലോഗം കൂട്ടപ്പൊരിച്ചിലുകളിലൂടെ മുന്നോട്ട് പോകുമ്പോഴാണ് അരൂപിക്കുട്ടന്‍ മറ്റൊരു ബോംബുമായി അവതരിച്ചത്.

“മിന്നുന്നതെല്ലാം പൊന്നല്ല,
പൊന്നേ....
മിന്നാമിന്നിയും മിന്നല്ല.”

ബൂലോഗത്തിന്റെ സ്വന്തം മിന്നാമിന്നി ബൂലോഗത്ത് വിളമ്പിയ പ്രണയ കാവ്യങ്ങള്‍ സാഹിത്യ ചോരണമായിരുന്നു എന്ന അരൂപീ വ്യാഖ്യാനം ബൂലോഗത്ത് പുതുമയുള്ള ഒരു വിഷയമല്ല. അത് മിന്നാമിന്നിയാകുമ്പോള്‍ ഒട്ടുമല്ല. താന്‍ ചുരണ്ടി മാറ്റിയത് അടിച്ചു മാറ്റി അവാര്‍ഡ് വരെ വാങ്ങിച്ചവര്‍ ബൂലോഗത്തുണ്ടാകുമ്പോള്‍ ചോരണം ഒരു മാരണമേ അല്ല. ഓന്റെ കാവ്യം ഞാന്‍ ചുരണ്ടിയതില്‍ തനിയ്ക്കെന്നാ കാണ്‍ഗ്രസേ എന്ന ചോദ്യം മാത്രമാണ് പ്രസക്തം.

അന്നൊരുനാളില്‍ കമ്പക്കെട്ടിന് തീ കൊളുത്തി നേരം പുലരും മുമ്പ് കാര്യങ്ങളെല്ലാം കോമ്പ്ലിമെന്‍സാക്കി അടുത്ത വെടിക്കെട്ടിന് ഭാണ്ഡം മുറുക്കിയ വിദ്വാന്‍ തന്റേത് കട്ടുപോകാത്തിടത്ത് താനെന്നാത്തിനാ പോലീസീ പോകുന്നതെന്ന ചോദ്യവുമായി ബൂലോഗം ചുറ്റിയത് കട്ടത് ഭാണ്ഡത്തിലാക്കിയായിരുന്നു എന്നതറിയുമ്പോഴാണ് നിലപാടു മാറ്റത്തിന്റെ ചുരളഴിയുന്നത്. ഇന്ന് അരൂപിയോട് ചോദിച്ച ചോദ്യം അന്നേ രൂപി മരത്തിന്മേല്‍ കണ്ടിരുന്നു-ശരിയ്ക്കും.

“ദേ...കള്ളന്‍..കള്ളന്‍” വിളിച്ചോടിയ ചങ്ങാതിയുടെ ഭാണ്ഡത്തില്‍ തൊണ്ടിയായിരുന്നു. തൊണ്ടിയെന്നെങ്കിലുമൊരു ദിനം തോണ്ടിയെടുക്കപ്പെടുമെന്ന് അന്നേ പ്രണയ ലേഖകന്‍ തിരിച്ചറിഞ്ഞിരുന്നു. അങ്ങിനെയാണ് “ആരാന്റെത് കട്ടാല്‍ തനിയ്ക്കെന്നാ ചേതം” എന്ന് അന്നേ അങ്ങുന്ന് പറഞ്ഞ് വെച്ചത്!

ഉടമ‍ വന്ന് അത് ഞാന്‍ ദാനമാക്കിയതാണ് എന്ന് പറയുന്നതോടെ കോംബ്ലിമെന്‍സ് ആകുന്നതാണ് സാഹിത്യ ചോരണം എന്ന് കരുതുന്നത് തെറ്റാണ്. അദ്ദേഹത്തെ വായിച്ചിട്ടുള്ളവര്‍ പ്രണയം തുടിയ്ക്കുന്ന വരികളൊക്കെയും അദ്ദേഹത്തിന്റെ പ്രജ്ഞയില്‍ നിന്നും ഉതിര്‍ന്നു വീണ മുത്തുകളാണ് എന്ന് ധരിച്ചവരാണ് - കഴിഞ്ഞ നിമിഷം വരെയും. ഇപ്പോള്‍, അതങ്ങിനെയല്ലായിരുന്നു എന്ന് അറിയുമ്പോള്‍ ആ പോസ്റ്റുകളിലൊക്കെയും ഒരു കടപ്പാട് ഉണ്ടായിരുന്നു എങ്കില്‍ എന്ന് ഒരനുവാചകന്‍ ആഗ്രഹിച്ചു പോയാ‍ല്‍ അതിനെ തെറ്റു പറയുവാന്‍ കഴിയില്ല. എല്ലാം സ്വന്തമാണെന്ന രീതിയില്‍ അവതരിപ്പിയ്ക്കപ്പെടുകയും അങ്ങിനെയല്ല എന്ന് തിരിച്ചറിയപ്പെടുമ്പോള്‍ അനുവാദത്തോടെ ആയിരുന്നു എന്ന നിലപാടെടുക്കുകയും ചെയ്യുന്നതിനോട് യോജിയ്ക്കാനും കഴിയില്ല.

ഒരു ചെമ്പും കൂടിയാണ് അരൂപിക്കുട്ടനിലൂടെ തെളിഞ്ഞ് പുറത്ത് വന്നത്. നാലേ നാലു പോസ്റ്റു കൊണ്ട് അരൂപി ബൂലോഗത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. അരൂപിക്കുട്ടന്റെ മിന്നാമിന്നി പോസ്റ്റിന്റെ ക്രാഫ്റ്റും സമ്മതിയ്ക്കാതെ തരമില്ല. അനോനിയാണ് എന്നതു കൊണ്ട് അരൂപിക്കുട്ടന്‍ മുന്നോട്ട് വെയ്ക്കുന്ന ചോദ്യങ്ങള്‍ ബൂലോഗത്ത് അപ്രസക്തമാകുന്നില്ല. അനോനിമിറ്റി ബൂലോഗത്തിന് അന്യമാകാത്തിടത്തോളം അരൂപിക്കുട്ടന്റെ ചെയ്തികളില്‍ സാധൂകരിയ്ക്കപ്പെടാവുന്നത് സാധൂകരിയ്ക്കപ്പെടുക തന്നെ ചെയ്യണം!

അത്ര ലളിതമായി കണ്ടെത്താന്‍ കഴിയുന്ന ഒന്നല്ലായിരുന്നു മിന്നാമിന്നിയുടെ മിനുക്കം. അത് കണ്ടെത്തി എന്നതിനും പുറമേ കണ്ടെത്തിയത് അവതരിപ്പിച്ച രീതിയും അഭിനന്ദനം അര്‍ഹിയ്ക്കുന്നു. അരൂപിക്കുട്ടനും അശരീരികള്‍ക്കും അഭിനന്ദനങ്ങള്‍...

രോഗവും ചികിത്സയും.

ഒന്ന്. സന്നിപാത ജ്വരവും സിദ്ധ ചികിത്സയും.
എന്റെ ഒരു ബന്ധുവിന്റെ രണ്ടാമത്തെ കുട്ടി. ജനിച്ചകാലം മുതല്‍ കുട്ടിക്ക് സന്നി (ഫിറ്റ്സ്) വരുമായിരുന്നു. പനിയില്‍ ആണ് തുടക്കം. നിമിഷം പ്രതി ചൂട് നിയന്ത്രണാതീതമാവുകയും കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വരുകയും ശരീരം നീല നിറം ആവുകയും ചെയ്യും. വലിച്ച് വാരി ആശുപത്രിയില്‍ കൊണ്ട് പോയി ഐ.സി.യുവില്‍ കയറ്റും. രണ്ടു മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ സാധാരണ നിലയിലേക്കെത്തും.

അസുഖം നിരന്തരം വന്നു തുടങ്ങിയപ്പൊള്‍ തിരുവനന്തപുരത്തേ ഒരു പ്രശസ്ത കുട്ടികളുടെ ആശുപത്രിയില്‍ കുട്ടിയെ കാട്ടി. അവര്‍ക്കും കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. എന്തൊക്കെയോ മരുന്നു കൊടുത്തു. കൂടെ മാതാപിതാക്കള്‍ക്ക് ഒരു സമാശ്വാസവും. കുട്ടിക്ക് ആറ് വയസ്സാകുമ്പോള്‍ ബ്രെയിനില്‍ ഒരു ഓപ്പറേഷന്‍ വേണം.

കുട്ടിയുടെ ഒരു അമ്മാവനെ വിളിച്ച് രഹസ്യമായി വൈദ്യന്‍ പറഞ്ഞു “കുട്ടി ആറ് വയസ്സ് വരെ ജീവിച്ചിരിക്കില്ല.” കുട്ടിയുടെ പിതാവ് ഗള്‍ഫനാണ്. അതുകൊണ്ട് വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഈ അമ്മാവനായിരുന്നു.

വീട്ടില്‍ വന്ന അമ്മാവന് ഒരു മനസ്സമാധാനവും ഇല്ല. കുട്ടിക്കപ്പോള്‍ ഒരു ഒന്നര വയസ്സ് ആയിട്ടുണ്ടാകും. അമ്മാവന്‍ മരുന്ന് ഫലിക്കാത്തിടത്ത് മന്ത്രത്തെ കൂട്ടു പിടിച്ചു. പറഞ്ഞ് കേട്ട ഒരു സിദ്ധന്റെ അടുത്തേക്ക് കുട്ടിയെ കൂട്ടികൊണ്ട് പോയി. നാട്ടില്‍ നിന്നും അരദിവസത്തെ യാത്രയുള്ള ആ സിദ്ധാശ്രമത്തില്‍ എത്തിയ കുട്ടിയെ കണ്ടിട്ട് സിദ്ധന്‍ പറഞ്ഞത് കുട്ടിയെ ബാധ കൂടിയിരിക്കുന്നു, ബാധോപദ്രവമാണ് കുട്ടിയ്ക്ക് സന്നി ഉണ്ടാക്കുന്നത് എന്നാണ്.

കുറേ ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിട്ടതിന് ശേഷം ഞങ്ങളുടെ മുന്നില്‍ വെച്ച് തന്നെ സിദ്ധന്‍ ഒരുനുള്ള് മണ്ണ് വാരി അതിലേക്ക് ഒന്നൂതി കുഞ്ഞിന്റെ തലയുടെ നെറുകയില്‍ തേച്ച് പിടിപ്പിച്ചു. തുടര്‍ന്ന് ഏഴ് ദിവസം മുടങ്ങാതെ യാസീന്‍ (പരിശുദ്ധ ഖുറാനിലെ ഒരു അദ്ധ്യായം) ഓതി കുട്ടിയുടെ നെറുകയില്‍ ഊതണം എന്ന ഒരു നിര്‍ദ്ദേശവും. സിദ്ധന്റെ ചികിത്സ അവിടെ കഴിഞ്ഞു.

ആ കര്‍മ്മത്തിന് ശേഷം നാളിന്ന് വരെ ആ കുട്ടിക്ക് സന്നി വന്നിട്ടില്ല. കുട്ടി ഇപ്പോള്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥി. ആറാം വയസ്സില്‍ തലക്ക് ഓപ്പറേഷന്‍ നടത്തിയില്ല. ആ സിദ്ധാശ്രമത്തില്‍ എത്തിയ ദിനത്തിന് ശേഷം മരുന്നില്ലാതെ കുട്ടിയുടെ രോഗത്തിന് ചികിത്സ വിധിയ്ക്കാനും ആ ചികിത്സാ വിധിയിലൂടെ കുട്ടിയുടെ രോഗത്തിന് ശമനമുണ്ടാകാനും കാരണമെന്താണ്?

രണ്ട്. അള്‍സറും ഹോമിയോ ചികിത്സയും.
ഇരുപത്തഞ്ച് വയസ്സിനടുത്ത കാലം. താമസവും ജോലിയും കൊച്ചിയില്‍. ഭക്ഷണം എല്ലായിപ്പോഴും ഹോട്ടലുകളില്‍ നിന്നും. ചിട്ടയായ ഭക്ഷണ ക്രമമില്ലായ്മയും ഹോട്ടല്‍ ഭക്ഷണവും ചേര്‍ന്ന് ഉണ്ടാക്കാവുന്ന അള്‍സറിന്റെ പിടിയിലായി ഞാനും. ലിസ്സി ഹോസ്പിറ്റലിലെ സ്ഥിരം രോഗി.

എന്ത് കഴിച്ചാലും നീറ്റലോട് നീറ്റല്‍. ഭക്ഷണം കഴിച്ചാല്‍ വിശപ്പ് അധികരിയ്ക്കുന്നതുപോലെയുള്ള തോന്നല്‍. കാര്യമായിട്ടൊന്നും കഴിയ്ക്കാനും കഴിയില്ല. പുളിച്ച് തികട്ടലും അതിയായ എരിച്ചിലും കാരണം ദിവസങ്ങള്‍ ദുസ്സഹമായ കാലം. ലിസ്സി ഹോസ്പിറ്റലിന്റെ രണ്ടു വര്‍ഷത്തെ ചികിത്സ എന്നില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. ഭക്ഷണം കഴിയ്ക്കുന്ന ഹോട്ടല്‍ മാറാനുള്ള ഡോക്ടറുടെ നിര്‍ദ്ദേശം മൂലം എറണാകുളത്തുള്ള മിക്ക ഹോട്ടലുകളും പരീക്ഷിച്ചു നോക്കി. ഫലം തഥൈവ.

ഇന്നിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ ഹോമിയോ ഒന്നു പരീക്ഷിയ്ക്കാന്‍ ചങ്ങാതിമാരില്‍ ഒരാളുടെ നിര്‍ദ്ദേശം വന്നു. തേവരയിലുള്ള ഒരു ഹോമിയോ പ്രാക്ടീഷണറുടെ വിലാസവും ചങ്ങാ‍തി തന്നെ തപ്പി തന്നു. പ്രതീക്ഷയൊന്നുമില്ലാതെയാണ് ഹോമിയോ വിദഗ്ദന്റെ മുന്നില്‍ ഇരുന്ന് കൊടുത്തത്. കണ്മിഴികള്‍ ഒന്നു മലര്‍ത്തി നോക്കി വാ പിളര്‍ന്ന് തൊണ്ടയൊന്ന് കണ്ട് ഡോക്ടര്‍ ചികിത്സ വിധിച്ചു.

“കാപ്പി കുടിയ്ക്കരുത്.”

കൂടെ ഒരു ചെറിയ ഡപ്പയില്‍ കുനുകുനേ കുറേ ഗുളികകളും. ഒരാഴ്ച കഴിഞ്ഞ് വരാന്‍ നിര്‍ദ്ദേശവും തന്നു. ലിസ്സി ആശുപത്രിയില്‍ ഒരു തവണ കയറിയിറങ്ങുമ്പോള്‍ ഊരിപോകുന്ന ഇരുന്നൂറ് രൂപയുടെ സ്ഥാനത്ത് ഹോമിയോ വിദഗ്ദന്‍ ഇട്ട ബില്ല് ഇരുപത് രൂപ.

മൂന്നാം ദിനം മുതല്‍ നീറ്റല്‍ കുറയാന്‍ തുടങ്ങിയത് ഞാനിന്നും ഓര്‍ക്കുന്നു. വയറ് സന്തോഷം തന്ന നാളുകളായിരുന്നു അത്. ഏഴാം ദിവസം ഹോമിയോ ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ ചുണ്ടില്‍ ഒരു പുഞ്ചിരിയുണ്ടായിരുന്നു.

“അസുഖത്തിന് ശമനമുണ്ട് അല്ലേ?”

“ഉണ്ട് സാര്‍... സാറിനെങ്ങിനെ മനസ്സിലായി?”

“കുറവില്ലായിരുന്നു എങ്കില്‍ താങ്കള്‍ വീണ്ടും ഇങ്ങോട്ട് വരില്ലായിരുന്നു...അത്ര തന്നെ.”

വീണ്ടും ഗുളികകള്‍ ഒന്നും തന്നില്ല. ഒരു ആഴ്ച കൂടി കാപ്പി കുടിയ്ക്കണ്ട എന്ന ഒരു ഉപദേശം മാത്രം. പിന്നെ എനിയ്ക്ക് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല. അന്ന് എന്നില്‍ നിന്നും വിട്ടു പിരിഞ്ഞ അള്‍സര്‍ പിന്നീടുതുവരെ എന്നെ തേടിയെത്തിയിട്ടില്ല. കാപ്പി കുടിയ്ക്കാത്തതു കൊണ്ടാണ് നിനക്ക് അള്‍സറിന്റെ അസ്കിത വരാത്തതെന്ന് പറയാന്‍ തുടങ്ങുന്നവരോട്: ഇന്നും കാപ്പി എന്റെ ഇഷ്ട പാനീയം തന്നെ. ആ രണ്ടാഴ്ചയ്ക്ക് ശേഷം ഞാന്‍ കാപ്പി കുടി വീണ്ടും തുടര്‍ന്നിരുന്നു. ഇന്നും തുടരുന്നു.

ഹോമിയോ ഒരു ചികിത്സാ വിധിയേ അല്ല എന്ന് പറയുന്നവര്‍ക്ക് ഇതിനെന്തെങ്കിലും സാധൂകരണം ഉണ്ടോ?

മൂന്ന്. മുടികൊഴിച്ചിലും വീട്ട് ചികിത്സയും.
ഇളയ മകളുടെ തലയില്‍ നിന്നും വട്ടത്തില്‍ മുടി കൊഴിയാന്‍ തുടങ്ങി. ആദ്യം ഉച്ചിയില്‍ നിന്നും കൊഴിയുന്നതാണ് കണ്ടത്. അവിടെ ഒരു രൂപാ നാണയത്തിന്റെ വലുപ്പത്തില്‍ മുടി കൊഴിഞ്ഞ് കഷണ്ടി പോലെയായി. തുടര്‍ന്ന് നാലു സ്ഥലത്തും കൂടി അതു പോലെ വന്നു. കൊഴിയുന്നിടത്ത് വട്ടത്തില്‍ ഒരു മുടിപോലും ബാക്കിയില്ലാത്ത അവസ്ഥയാണ് സംജാതമാകുന്നത്. കുട്ടിയ്ക്ക് സ്കൂളില്‍ പോകാന്‍ പോലും മടി തുടങ്ങി.

കുട്ടികളുടെ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം സ്കിന്‍ സ്പെഷ്യലിസ്റ്റിന്റെ അടുത്തേയ്ക്ക് യാത്രയായി. കണ്ടപ്പോഴേ സ്പെഷ്യലിസ്റ്റ് രോഗം നിര്‍ണ്ണയിച്ചു. മനസ്സിലാകാത്ത എന്തൊക്കെയോ സാങ്കേതിക പദങ്ങള്‍ പറഞ്ഞു. ചികിത്സയും വിധിച്ചു.

മുടി കൊഴിയുന്നിടത്ത് ഇഞ്ചക്ഷന്‍ കയറ്റണം. അതാണ് ചികിത്സ. നാലു റൌണ്ട് കുത്തണം. ഒരു കുത്തിന് ദിര്‍ഹം ഇരുന്നൂറ്. പണം പ്രശ്നമായിരുന്നു എങ്കിലും മകളുടെ ചികിത്സയ്ക്ക് തന്നെയായിരുന്നു പ്രാധാന്യം. അങ്ങിനെ പണമടച്ച് കുത്തിന് സമ്മതിച്ചു. ആദ്യത്തെ കുത്തോടെ തന്നെ കുട്ടി നിലവിളി തുടങ്ങി. അഞ്ച് വട്ടത്തിലും കൂടി കുറഞ്ഞത് ഇരുപത്തി അഞ്ച് കുത്താണ് ഒരു റൌണ്ട്. മകളുടെ കരച്ചില്‍ കാരണം ഒന്നാമത്തെ വട്ടത്തിലെ ഒന്നാമത്തെ കുത്തോടെ ചികിത്സ അവസാനിപ്പിച്ച് തിരിച്ചു പോരുന്നു. പിന്നെന്തെന്നായി ചിന്ത. ആയൂര്‍വേദത്തില്‍ തിരക്കി - എണ്ണയിട്ടെങ്ങാനും മാറ്റാന്‍ കഴിയുമോ എന്ന്?

ആയൂര്‍വേദത്തില്‍ ചികിത്സയുണ്ടെന്ന് അറിവും കിട്ടി. പക്ഷേ നാട്ടില്‍ പോയിട്ടേ കഴിയുള്ളൂ എന്ന് മാത്രം. നാട്ടില്‍ പോയിട്ട് ആയുര്‍വേദത്തില്‍ കാണിയ്ക്കാം എന്ന് തീര്‍ച്ചപ്പെടുത്തി മകള്‍ സ്കൂളില്‍ പോയി തുടങ്ങി. കുട്ടികള്‍ കളിയാക്കും എന്ന പേടി മകളില്‍ ഉണ്ടായിരുന്നത് മാറ്റാന്‍ ഒരു പൊടിക്കൈ ഭാര്യ പ്രയോഗിച്ചു.

മുടിയില്ലാത്തിടത്ത് കണ്മഷി പുരട്ടി കറുപ്പിച്ചു വിട്ടു. പെട്ടെന്ന് മുടിയില്ലാത്തത് ആരും തിരിച്ചറിയില്ല. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. നാലാം ദിനം മുതല്‍ മുടി കിളിയ്ക്കാന്‍ തുടങ്ങി. കണ്മഷി പുരട്ടല്‍ തുടര്‍ന്നു. രണ്ടാഴ്ച കൊണ്ട് മകളുടെ മുടിയുടെ പ്രശ്നം അവസാനിച്ചു. മറ്റൊരു മരുന്നും കഴിച്ചില്ല. ദിര്‍ഹം ഇരുന്നൂറ് കൊടുത്ത് അഞ്ച് റൌണ്ടിലും കൂടി നൂറ്റി ഇരുപത്തി അഞ്ച് ഇഞ്ചക്ഷനുകള്‍ എടുത്തില്ല. മകള്‍ നിലവിളിച്ചില്ല....

കൊഴിഞ്ഞ മുടി ഇന്ന് അവള്‍ക്ക് ഒരു പ്രശ്നമല്ല. കിളിര്‍ത്തത് കണ്മഷി മൂലമാണെന്ന് ഞങ്ങള്‍ വിശ്വസിയ്ക്കുകയും ചെയ്യുന്നു.

രോഗം സത്യം തന്നെ. ചികിത്സ മായയും. ഒത്താല്‍ ഒത്തു. ഒക്കാത്തതിന് ചികിത്സ വിധിച്ച് മനുഷ്യനെ വഞ്ചിയ്ക്കുന്നത് ഒരു ചികിത്സാ വിധിയ്ക്കും നന്നല്ല. ഹോമിയോ ആണെങ്കിലും, അലോപ്പതി ആണെങ്കിലും, ആയുര്‍വ്വേദമാണെങ്കിലും, യുനാനിയാണെങ്കിലും, വെറും വിശ്വാസമാണെങ്കിലും, പൊടിക്കൈകള്‍ മൂലമാണെങ്കിലും, രോഗം ഭേതമാകുന്നതെന്തും ചികിത്സാ വിധി തന്നെ. ഒരു ചികിത്സാ വിധിയും ഒന്നില്‍ നിന്നും ഏതെങ്കിലും തരത്തില്‍ മഹത്തരമല്ല-അത് രോഗത്തെ അകറ്റുന്നതു വരെ.