Friday, July 25, 2008

ഭയം.

മണിക്കുട്ടിയ്ക്ക് അഛനെയാണെയേറെയിഷ്ടം.
അഛനില്ലാതെ മണിക്കുട്ടി ഉണ്ണില്ല.
അഛനോടൊപ്പമാണ് ഉറക്കവും.
അഛന്‍ കുളിപ്പിച്ചെങ്കില്‍ മാത്രമേ കരയാതെ കുളിച്ച് തോര്‍ത്തലും കഴിയുള്ളു. പാഠങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ അമ്മ തുനിഞ്ഞാല്‍ അന്ന് യുദ്ധമാണ്. അഛന്‍ പഠിപ്പിച്ചാലെ അവള്‍ പഠിയ്ക്കുകയും ഉള്ളൂ.

അഛനോടൊപ്പം സ്കൂളിലേയ്ക്ക് പോവുകയും അഛനൊപ്പം തന്നെ തിരിച്ച് വരികയുമാണ് മണിക്കുട്ടിയുടെ പതിവ്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മണിക്കുട്ടി‍. അതേ സ്കൂളിലെ തന്നെ മാഷാണ് മണിക്കുട്ടിയുടെ അഛന്‍. ഇടവേളകളില്‍ മണിക്കുട്ടി മാഷന്മാരുടെ ഓഫീസ് മുറിയിലുണ്ടാകും. കളികളിലെ താല്പര്യം അവള്‍ക്ക് അഛനൊപ്പം പറ്റിച്ചേര്‍ന്ന് നില്‍ക്കുന്നതിനേക്കാള്‍ കുറവായിരുന്നു.

അമ്മയോട് മണിക്കുട്ടിയ്ക്ക് വിരോധമൊന്നുമില്ല. പക്ഷേ എന്തിനും ഏതിനും അഛനെ തന്നെയാണ് മണിക്കുട്ടി സമീപിയ്ക്കുക. വൈകുന്നേരങ്ങളിലെ നടപ്പിലും അഛന്റെ വിരല്‍ തുമ്പില്‍ മണിക്കുട്ടിയുണ്ടാകും. പത്രവും പിടിച്ച് അഛന്‍ ദിവാസ്വപ്നത്തില്‍ മുഴുകുമ്പോള്‍ ചാരുകസേരയ്ക്ക് കീഴേ കളര്‍ പെന്‍സിലുമായി മണിക്കുട്ടിയും കൂടും. അന്ന് കണ്ടതും സ്കൂളില്‍ പഠിച്ചതും ഒക്കെ വരച്ചും നിറം കൊടുത്തും മണിക്കുട്ടി ഉറക്കം വരുവോളം അഛന്റെ കസേര ചുവട്ടില്‍ തന്നെയുണ്ടാകും.

പക്ഷേ അന്ന് മകള്‍ അഛന്റെ അടുത്തേയ്ക്ക് വരാനെ കൂട്ടാക്കുന്നില്ല. സാധാരണ മണിക്കുട്ടി അഛന്റെ മടിയിലിരുന്നാണ് ടീ.വി. കാണുക. മണിക്കുട്ടിയ്ക്ക് ഏറെയിഷ്ടമുള്ള കാര്‍ട്ടൂണ്‍ തുടങ്ങിയിട്ടും മണിക്കുട്ടി അമ്മയോടൊപ്പം അടുക്കളയില്‍ തന്നെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്.

“മോളേ...വാ. ദേണ്ടെ നിന്റെ കാര്‍ട്ടൂണ്‍ തുടങ്ങി.”
മറുപടി അമ്മയാണ് പറഞ്ഞത്.
“അവള്‍ക്ക് കാണണ്ടായെന്ന്.”
അഛന്‍ ആലോചിയ്ക്കുകയായിരുന്നു. വൈകുന്നേരത്തെ നടത്തത്തിലും ഇന്ന് മണിക്കുട്ടി കൂടിയില്ല. സ്കൂളില്‍ നിന്നും വരുന്നത് വരെ കുഴപ്പമൊന്നുമില്ലായിരുന്നു. ഇപ്പോള്‍ ഈ കുട്ടിയ്ക്ക് എന്താണ് പറ്റിയത്? ഇന്നി സുഖമില്ലായ്ക വല്ലതുമുണ്ടോ എന്തോ?

“എടേ...അവള്‍ക്ക് അസുഖം വല്ലതുമുണ്ടോ?”
“ഒന്നുമില്ല ചേട്ടാ...”
“പിന്നെന്താ അവളിന്ന് നടക്കാന്‍ വരാഞ്ഞെ?”
“അവള്‍ക്കെന്തോ ഒരു വിഷമം പോലെ, എന്താണെന്ന് പറയുന്നുമില്ല.”

അഛന്‍ അടുക്കളയിലേയ്ക്ക് കയറി. മണിക്കുട്ടിയ്ക്കെന്തോ അസ്കിതയുണ്ട്. സംശയമില്ല.

“മോളേ...വാ. അഛന്‍ നോക്കട്ടെ, പനിയുണ്ടോന്ന്”
മകളില്‍ നിന്നുണ്ടായ പ്രതികരണം അഛന്‍ തീരെ പ്രതീക്ഷിയ്ക്കാഞ്ഞതാണ്. അവള്‍ അഛന്റെ മുന്നില്‍ പെടാതെ അമ്മയുടെ സാരിയില്‍ ചുറ്റി മറുപുറത്തേയ്ക്ക് മാറി.

“ഇവള്‍ക്കിതെന്നാ പറ്റിയേ...മോളേ അഛന്‍ നോക്കട്ടെ.”
സാരിയില്‍ നിന്നും പിടി വിടുവിയ്ക്കാന്‍ ശ്രമിച്ചു കൊണ്ട് അമ്മ മണിക്കുട്ടിയെ ശാസിച്ചു. മണിക്കുട്ടി അമ്മയുടെ സാരിതുമ്പില്‍ നിന്നും പിടിവിട്ട് കിടപ്പുമുറിയിലേയ്ക്കോടി.

“കിന്നാരിച്ച് കിന്നാരിച്ച് അവളെ നിങ്ങള്‍ തന്നെയാ ചീത്തയാക്കുന്നത്. ഇപ്പോള്‍ ഒരു തരി അനുസരണയില്ല.”
കുറ്റം മുഴുവന്‍ അമ്മ മണിക്കുട്ടിയുടെ അഛനിലേയ്ക്ക് കോരിയിട്ടു.

അഛന്റെ മനസ്സ് പിടഞ്ഞു. മണിക്കുട്ടിയ്ക്കിതെന്നാ പറ്റിയത്?

അത്താഴത്തിനും മണിക്കുട്ടി അഛനോടൊപ്പം കൂടിയില്ല. അടുക്കളയില്‍ അമ്മയുടെ പാത്രത്തില്‍ നിന്നും മണിക്കുട്ടി അത്താഴം കഴിച്ചു. സാധാരണ അത്താഴം കഴിഞ്ഞ് ടെറസ്സില്‍ അഛനും മണിക്കുട്ടിയും ചേര്‍ന്ന് ഇത്തിരി നേരം നടക്കുക പതിവുള്ളതാണ്. അന്ന് ടെറസിലെ ഉലാത്തലിനും അഛന്‍ ഒറ്റയ്ക്കായിരുന്നു.

അമ്മ പാത്രമെല്ലാം മെഴുക്കി വെച്ച് കിടക്കും വരെ മണിക്കുട്ടി അടുക്കളയില്‍ തന്നെ ചുറ്റിത്തിരിഞ്ഞു. പടം വരപ്പും കളര്‍ ചെയ്യലും എല്ലാം മണിക്കുട്ടിയില്‍ നിന്നും അന്ന് അകന്ന് നിന്നു.

അമ്മ കിടപ്പറയിലേയ്ക്ക് കടക്കവേ മണിക്കുട്ടി അമ്മയുടെ സാരിയില്‍ പിടിച്ച് വലിച്ചു.

“അമ്മേ...നമ്മുക്ക് മറ്റേ മുറിയില്‍ കിടക്കാം.”
മണിക്കുട്ടിയുടെ നിറഞ്ഞ മിഴികളില്‍ നിന്നും കണ്ണുനീര്‍ ഇപ്പം ചാടും എന്നനിലയിലായിരുന്നു.
“ഈ പെണ്ണിനിത് എന്നാത്തിന്റെ കേടാ. ഇങ്ങോട്ട് വാ കൊച്ചേ...”
മണിക്കുട്ടിയെ ശകാരിച്ച് കൊണ്ട് അമ്മ മകളെ പിടിച്ച് വലിച്ച് കിടപ്പറയിലേയ്ക്ക് കയറി.
“വേണ്ടമ്മേ...നമ്മുക്കീമുറിയില്‍ കിടക്കണ്ട.”
മണിക്കുട്ടിയുടെ വിതുമ്പല്‍ കരച്ചിലായി മാറിയിരുന്നു. എന്താണ് സംഭവിയ്ക്കുന്നതെന്നറിയാതെ അഛനും വിഷമത്തിലായി.
“എന്താ മോളേ നീയിങ്ങനെ...നിനക്കിതെന്തു പറ്റി?”
അഛന്റെ വാക്കുകളും തൊണ്ടയില്‍ കുടുങ്ങി.
“വേണ്ടാ...മോള്‍ക്കഛനെ പേടിയാ....അഛനെ മണിക്കുട്ടിയ്ക്ക് കാണണ്ടാ...”
“മോളേ...”
അഛന്റെ ശബ്ദം നോവ് നിറഞ്ഞ് വിറങ്ങലിച്ചതായിരുന്നു. മണിക്കുട്ടിയുടെ രോദനം വീണ്ടും മുഴങ്ങി...
“അഛന്‍ മോളെ ബലാത്സംഗം ചെയ്തു കൊല്ലും അമ്മേ....അഛനെ മണികൂട്ടിയ്ക്ക് പേടിയാ...”

പിതാവിനാല്‍ പീഡിപ്പിയ്ക്കപ്പെട്ട് അരുംകൊലചെയ്യപ്പെട്ട പതിനാലു വയസ്സുകാരിയുടെ ദാരുണ മരണം ആഘോഷിയ്ക്കുകയായിരുന്നു ചാനലുകളായ ചാനലുകളെല്ലാം - അപ്പോഴും!

ഉചിത പുരാണം.

ഉചിതമായത് മാത്രമേ പ്രവര്‍ത്തിയ്ക്കാവൂ. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഉചിതമായത് അല്ലാത്തതൊന്നും ചെയ്തുപോകരുത്. ഏതൊരു ജനാധിപത്യ വിശ്വാസിയും അടിസ്ഥാനപരമായി മനസ്സിലാക്കിയിരിയ്കേണ്ട ഉചിത സൂക്തമാണ് താഴെ പറവാന്‍ പോകുന്നത്.

“അനുചിതമായത് ചെയ്യരുത്,
അവസരവാദം അരുത്,
ഉചിതമായത് ചെയ്യുക
ഉന്നതിയിലേയ്ക്ക് ഉയരുക...”

ഉചിതമായത് ചെയ്യാന്‍ ഏറ്റവും ഉചിതമായിടം ജനാധിപത്യത്തിന്റെ ശ്രീകോവിലല്ലാതെ മറ്റെന്താണ്?. ഉചിതമായതെല്ലാം കണ്ട് കണ്ട് കണ്ട് ഉന്മത്തരായിരിയ്ക്കുന്ന ചിലര്‍ക്ക് അനുചിതമായത് ചിലത് കണ്ടു പോയില്ലേ എന്നൊരു ശങ്ക. ശങ്കിയ്ക്കുന്നവരേ...നിങ്ങള്‍ ആശങ്കപ്പടരുത്. ആശങ്കകള്‍ അസ്ഥാനത്താണ്!

“വോട്ട് തരൂ...നോട്ട് തരാം,
നോട്ട് തരൂ... വോട്ട് തരാം.”

വോട്ട് കൊടുത്ത് നോട്ട് വാങ്ങി. ഉചിതം.
നോട്ട് കൊടുത്ത് വോട്ട് വാങ്ങി. ഉചിതോചിതം.

കൊടുത്ത നോട്ട് കെട്ടാക്കി ജനാധിപത്യത്തിന്റെ ശ്രീകോവിലിലിട്ട് അമ്മാനമാടി. ആഹ്ലാദം പങ്കു വെയ്ക്കുന്നത് ലോകം മുഴുവന്‍ കാണണം എന്ന് കരുതിയതില്‍ എന്ത് തെറ്റ്? നാളിന്ന് വരെ ഒരു നൂറിന്റെ നോട്ട് ഒന്നിച്ച് കണ്ടിട്ടില്ലാത്ത ഭാരത ദാരിദ്ര്യം പത്തുലക്ഷത്തിന്റെ ഒറ്റകെട്ടുകള്‍ കണ്ട് അന്തംവിടാനുള്ള അവസരം ഒരുങ്ങിയത് ഉചിതമല്ലാതെ മറ്റെന്താണ്?

വോട്ടിന് കാട്ടിയ നോട്ട് നാട്ടുകാരെ കാട്ടി വോട്ടെടുപ്പേ അട്ടിമറിയ്ക്കാന്‍ ഉചിതമായ സമയത്ത് ഉചിതമായത് ചെയ്റ്റ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ചെയ്തികള്‍ ഒന്നാമത്തെ ഉചിതക്രിയ.

ഞങ്ങള്‍ കാണ്‍ഗ്രസ് കാര്‍ പണ്ടേ അഭിമാനികളാ...ആരുടേയും ഔദാര്യം ഞങ്ങള്‍ക്ക് മാണ്ട. ചോദിച്ച പണം പറഞ്ഞുറപ്പിച്ചാ ഞങ്ങള് വോട്ടൊറപ്പിച്ചത്. വോട്ട് മറിയ്ക്കാന്‍ അച്ചാരം കൊടുത്തില്ലേ? ബാക്കി പിന്നെ കൊടുക്കുമായിരുന്നല്ലോ? വെറുതേയല്ലല്ലോ വോട്ട് ചോദിച്ചത്? വോട്ടിന് പകരം നോട്ട് കൊടുക്കാമെന്ന് പറഞ്ഞില്ലേ? ഭാരതത്തിന് “സ്വാതന്ത്ര്യം തന്നില്ലേല്‍ മാണ്ട...വിലയ്ക്ക് താ സായിപ്പേ” എന്നോതിയ നെഹ്രു തറവാട്ടിന്റെ പാത പിന്തുടരുന്ന ഞങ്ങള്‍ക്ക് എന്തിനാ ഔദാര്യം? പണം കൊടുത്ത് വോട്ട് നേടിയതിനപ്പുറം ഉചിതമായത് എന്താണുള്ളത് കമ്യൂണിസ്റ്റേ? ഉചിതമായത് ഉചിതമായ സമയത്ത് ഞങ്ങളുടെ അഹമ്മദ് പട്ടേലര്‍ക്ക് ചെയ്യാനറിയാം. അനുചിതമായതൊന്നും ജനാധിപത്യത്തില്‍ പാടില്ലാ എന്ന് ഞങ്ങളുടെ സജ്ജൈയ് ഗാന്ധി തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ? ഉചിതമായത് ഉചിതമായ സമയത്ത് ഉചിതമായി ചെയ്തോണ്ടല്ലേ ആണവകരാറിന്മേല്‍ ഉചിതമായി പ്രവര്‍ത്തിയ്ക്കാന്‍ സഭ ഞങ്ങള്‍ക്ക് സമ്മതം തന്നത്?

ഉചിതമായത് ഉചിതമായ സമയത്ത് ഉചിതമായി ചെയ്യാന്‍ ലോകസഭയിലെ ഉചിതനായ സ്പീക്കര്‍ സഖാവിനോട് അരുമ സഖാവ് കാരാട്ട് ഉചിതമായ സമയത്ത് ഉചിതമായി പറഞ്ഞിരുന്നു. ഉചിതമായത് ചെയ്യാത്ത സഖാവ് അനുചിതനായി. അനുചിതനായ സഖാവിനെ ഉചിതമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ എന്ത് അനൌചിത്യമാണുള്ളത് സഖാക്കളേ? ചാറ്റര്‍ജി സഖാവിനെ ഉചിതമായ സമയത്ത് സ്പീക്കറാക്കിയത് പാര്‍ട്ടി. പാര്‍ട്ടിയ്ക്ക് ഉചിതമായി പ്രവര്‍ത്തിയ്ക്കാത്തവന്‍ ചീറ്റര്‍ജിയല്ലാതെ മറ്റെന്താണ്?

പാര്‍ട്ടിയെ ഉചിതമായ സമയത്ത് ചീറ്റ് ചെയ്തവനെ രാഷ്ട്രപതിയാക്കിയിരുന്നേല്‍ ഇപ്പോ എന്നാ ചെയ്യുമായിരുന്നു? പ്രതിഭാജീ രാഷ്ട്രപതിയായി വരുന്നതിനുമുമ്പൊരുന്നാള്‍ ഒത്തു തീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി നമ്മുടെ സഖാവിന്റെ പേരും കേട്ടിരുന്നൊരു കാലം നമ്മുക്ക് മറക്കാന്‍ കഴിയുമോ? അന്ന് ചാറ്റര്‍ജി രാഷ്ട്രപതി കുപ്പായവും തുന്നിയിരുന്നതിനെ ഉചിതമായി പാരവെച്ച പാര്‍ട്ടിയ്ക്കിട്ട് ഉചിതമായ സമയത്ത് ചാറ്റര്‍ജി സഖാവ് കട്ടപ്പാരകേറ്റിയത് ഉചിതമല്ലേ സഖാക്കളേ? അന്ന് ഈ വഞ്ചകനെ രാഷ്ട്രപതിയെങ്ങാനും ആക്കിയിരുന്നേല്‍ ഇപ്പോ എന്നാ ചെയ്യുമായിരുന്നു...ഹോ ഉചിതമായെടുത്ത തീരുമാനം പാര്‍ട്ടിയുടെ മാനം കാത്തു!

വര്‍ഗ്ഗീയ കക്ഷിയായ ഭാരതീയ ജനതാപാര്‍ട്ടിയോടൊത്ത് ചേര്‍ന്ന് വോട്ട് ചെയ്യാന്‍ കഴിയില്ല എന്ന ചാറ്റര്‍ജി സഖാവിന്റെ തീരുമാനമാ‍ണ് മറ്റൊരു ഉചിതമായ ജനാധിപത്യ സംഭവം. വര്‍ഗ്ഗീയ ഫാസിസ്റ്റ് കക്ഷിയുടെ ഔദാര്യവും കൂടി ചെര്‍ന്നല്ലേ സഖാവ് സ്പീക്കറായത് എന്ന ഉചിതമായ ചോദ്യം ആരും ചോദിയ്ക്കരുത്. ഇരുട്ടില്‍ കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങാമെന്ന് കരുതി പകല്‍ വെട്ടത്ത് തേവിടിശ്ശിയെ കെട്ടിപ്പിടിച്ച് നടക്കുന്നതല്ലേ സഖാക്കളേ അനുചിതം. അതു കൊണ്ടാണ് ചാറ്റര്‍ജി സഖാവ് ഉചിതമായി ഇത്രയും നാള്‍ അഭിസാരികയോടൊപ്പം ശയിച്ചത്. പകല്‍ വെട്ടത്ത് അവളുമായി അകന്ന് മാറിയത് ഉചിതമല്ലാതെ മറ്റെന്താണ്?

ഭാരതത്തിലെ ഏറ്റവും മതേതര കക്ഷിയായ മുസ്ലീം ലീഗിന്റെ ഉചിതനായ ജനറല്‍ സെക്രട്ടറി കുഞ്ഞാലികുട്ടിയുടെ ഉചിതമായ ചോദ്യം കേട്ടില്ലേ? “വര്‍ഗ്ഗീയ കക്ഷികളോട് കൂട്ട് ചേര്‍ന്ന് സര്‍ക്കാറിനെ മറിയ്ക്കാന്‍ ശ്രമിച്ച ഇടത് ചേരിയെ മതേതര ജനാധിപത്യ ഭാരതം ഒറ്റപ്പെടുത്തും” ഇത്രയും ഉചിതമായ ഒരു പ്രസ്ഥാവന ഭൂമിഭാരതം കേട്ട് കോള്‍മയിര്‍ കൊള്ളൂന്ന കാഴ്ച...ഹോ...അതൊന്നൊന്നര പ്രസ്ഥാവന തന്നെ. ഉചിതമായ പ്രസ്ഥാവനയിതല്ലാതെ മറ്റെന്താണ്?

മൂന്നക്കമുള്ള പാര്‍ട്ടിയുടെ ചീഫ് വിപ്പാണ് നമ്മുടെ സ്വന്തം ശിവയണ്ണന്‍. കന്നടക്കാരനേ..അതേന്ന്. നമ്മുടെ സ്വന്തം വീരേന്ദ്രകുമാര്‍ സാറിന്റെ സ്വന്തം പാര്‍ട്ടിയുടെ ഉചിതനായ ചീഫ് വിപ്പ്. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യാന്‍ വിപ്പ് പുറപ്പെടുവിച്ച ചീഫ് വിപ്പ് നേരം വെളുത്തപ്പോള്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് കുത്തി. ഇത്രയും ഉചിതമായ ഒരു കാഴ്ച ഭാരതമഹാരാജ്യത്ത് ഇന്നി എന്നെങ്കിലും കാണാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? നമ്മുടെ ജീവിതം ധന്യമാകാനിന്നി മറ്റെന്തു വേണ്ടൂ...ജനാധിപത്യത്തിലെ ഏറ്റവും ഉചിതമായ മറ്റൊരു കാഴ്ച തന്നെയായിരുന്നേ ശിവയണ്ണന്‍ നമ്മുക്കായി സമ്മാനിച്ചത്.

ഉചിതമായ സമയത്ത് ഏറ്റവും ഉചിതമായിട്ടാണ് ലക്നൌ വിമാനതാവളത്തിന് ചൌധരി ചരണ്‍ സിങ്ങിന്റെ പേര് മന്മോഹന സര്‍ക്കാര്‍ ചാര്‍ത്തി കൊടുത്തത്. പിതാവിന്റെ പേരു കൊടുത്ത വിമാന താവളത്തിലൂടെ മകന്‍ അജിത് സിങ്ങിന്റെ പാര്‍ട്ടിയുടെ മൂന്ന് വോട്ട് ഉചിതമായ സമയത്ത് പ്രതീക്ഷിച്ച കാണ്‍ഗ്രസിനെ അജിത് സിങ്ങ് ഉചിതമായി തന്നെ ചതിച്ചു. കിട്ടാവുന്നതൊക്കെ ഇരന്ന് വാങ്ങുക എന്നിട്ട് തിരിഞ്ഞ് കുത്തുക - ഇതൊക്കെ തന്നെയല്ലേ ഉചിതമായ ജനാധിപത്യം?

ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയുടെ ഉചിതമായ പ്രസംഗം കേട്ട് കോള്‍മയിര്‍ കൊള്ളാത്ത ഏത് ഭാരതീയനാണ് ഉള്ളത്. ശശികലയും കലാവതിയും ഭാഗ്യം ചെയ്ത രണ്ട് മങ്കമാര്‍ തന്നെ. ആണവോര്‍ജ്ജം ഇന്നാട്ടില്‍ എത്തിക്കഴിഞ്ഞാല്‍ ഒരോ ടണ്‍ വീതം വിദര്‍ഭയില്‍ നക്കിതിന്നാന്‍ നല്ലുപ്പില്ലാത്ത ശശികലയുടേയും കലാവതിയുടേയും ഭവനങ്ങളില്‍ എത്തിച്ച് അവരുടെ എല്ലാ കഷ്ടപ്പാടുകളും ഈ ഭാവി പ്രധാനമന്ത്രി അവസാനിപ്പിയ്ക്കും. എല്ലാ ദരിദ്രവാസികളുടേയും ദാരിദ്ര്യം യുറേനിയം ഇങ്ങെത്തുന്നതോടെ അവസാനിയ്ക്കും എന്ന രാഹുലേയ സിദ്ധാന്തം ഭാരതത്തിന് വീണ് കിട്ടിയ ഏറ്റവും ഉചിതമായ വെളിപാടാണ്. എഴുതി പഠിപ്പിച്ചവര്‍ അനുചിതരായതു കൊണ്ട് മാത്രമാണ് ഇടയ്ക്ക് ഉചിതമായ വാക്കുകള്‍ കിട്ടാതെ ഭാവി പ്രധാനമന്ത്രി ഇത്തിരി വിക്കിയത്. എന്തായാലും ഭാരതത്തിന് മന്മോഹന്‍ സിങ്ങിനേക്കാള്‍ ഉചിതനായ പ്രധാനമന്ത്രിയായിരിയ്ക്കും രാഹുല്‍ ഗാന്ധി എന്ന് ആ ഒരൊറ്റ പ്രസംഗത്തോടെ നമ്മുക്ക് മനസ്സിലായില്ലേ? ഈ ചങ്ങാതി പ്രധാനമന്ത്രിയായല്‍ പ്രസംഗം മുതല്‍ ഭരണം വരെ കൂടെയുള്ളവരങ്ങ് ചെയ്തോളും. ചെക്കന്‍ ഉചിതമായി അങ്ങ് നിന്ന് കൊടുത്താല്‍ മാത്രം മതി. ഇപ്പോള്‍ മന്മോഹന്‍ സിങ്ങ് ചെയ്യും പോലെ തന്നേന്ന്!

ലോകസഭയിലെ ഉചിതമായ വിവരസാങ്കേതിക വിദ്യ കണ്ട് ഭാരതം കണ്ണുമിഴിച്ച ഒരു ദിനവും കൂടിയാണ് കടന്ന് പോയത്. വോട്ട് ചെയ്യാന്‍ അറിയാത്ത ലോകസഭാംഗങ്ങള്‍ അമ്പത് പേരായിരുന്നു. നാലു പേര്‍ ലോബിയിലിരുന്ന് ഉചിതമായി സ്ലിപ്പിലൂടെ വോട്ട് ചെയ്തു. ബാക്കി അമ്പത് പേര്‍ക്ക് എങ്ങിനെ വോട്ട് ചെയ്യണം എന്നു പോലും അറിയില്ലായിരുന്നു പോലും. വോട്ടിങ്ങ് ബട്ടന്റെ എവിടെയൊക്കെയോ കുത്തി. ഒന്നും പതിഞ്ഞില്ല. പിന്നെ സ്ലിപ്പ് വാങ്ങി കുത്തി കൊടുത്തു. വോട്ടെടുപ്പ് കഴിഞ്ഞിട്ടും അമ്പത്തിനാലു വോട്ടിന്റെ ഫലം അറിയാന്‍ മണിക്കൂറൊന്നു!. മുടന്തുന്ന ജനാധിപത്യത്തിന്റെ ഫലവും ഇങ്ങിനെയല്ലാതെ മറ്റൊന്നാകാന്‍ പാടില്ലല്ലോ. ഭാരത ജനാധിപത്യത്തിന് ഏറ്റവും ഉചിതമായ വോട്ടിങ്ങ് സമ്പ്രദായവും വോട്ടെണ്ണലും തന്നേന്ന്.

ഉചിതമല്ലാത്തതൊന്ന് മാത്രം. അത് കാലാകാലങ്ങളില്‍ വരുന്ന പൊതു തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ രീതി അനുചിതമാണ്. വരും തിരഞ്ഞെടുപ്പ് മുതല്‍ വോട്ടിന് പകരം പണം അല്ലെങ്കില്‍ വോട്ട് തരാം പണം തരൂ എന്നതാവണം വോട്ടെടുപ്പ് രീതി.

ഒരോ വോട്ടര്‍ക്കും ഉചിതമായ പണം നല്‍കി സ്ഥാ‍നാര്‍ത്ഥികള്‍ക്ക് വോട്ട് വാങ്ങാം എന്നാക്കണം തിരഞ്ഞെടുപ്പ് നിയമം. എതിര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിയ്ക്കുന്നവന്റെ വോട്ട് സ്വന്തം പെട്ടിയില്‍ വീഴ്ത്താന്‍ ഒരു തുക. സ്വന്തം പാര്‍ട്ടിയില്‍ പ്രവര്‍ത്തിയ്ക്കുന്നവന്റെ വോട്ട് സ്വന്തം പാര്‍ട്ടീ സ്ഥാനാര്‍ത്ഥിയ്ക്ക് തന്നെ ഉറപ്പിച്ച് നിര്‍ത്താന്‍ മറ്റൊരു തുക. എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്കേ വോട്ട് ചെയ്യൂ‍ എന്ന് മസില് പിടിച്ച് നില്‍ക്കുന്നവന്‍ പോളിങ്ങ് ബൂത്തിന്റെ ഏഴ് അയലത്ത് പോലും വരാതിരിയ്ക്കാന്‍ ഒരു കുഞ്ഞ് തുക. കള്ള വോട്ട് തേടാന്‍ ഇമ്മിണി ബല്യ തുക. എല്ലാ സ്ഥാനാര്‍ത്ഥികളും വോട്ടിന് അവരവര്‍ക്ക് നല്‍കാന്‍ കഴിയുന്ന വില പ്രകടന പത്രികയ്ക്ക് പകരം ഇറക്കട്ടെ. വോട്ടിന് ഏറ്റവും നല്ല വില നല്‍കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് നല്‍കാം.

അങ്ങിനെ ഗ്രാമങ്ങളില്‍ നിന്നും ചില്ലറയായി വാങ്ങുന്ന വോട്ടു കൊണ്ട് ജയിയ്ക്കുന്ന സ്ഥാനാര്‍ത്ഥി ആ വോട്ടെല്ലാം കൂടി മൊത്തകച്ചവടം നടത്തി സര്‍ക്കാറുണ്ടാക്കുകയോ പ്രതിപക്ഷത്ത് പോയിരിയ്ക്കുകയോ കല്‍ഖരിഖനിയുടെ ക്യാബിനറ്റ് മന്ത്രിയാവുകയോ ഒക്കെ ചെയ്യട്ടെ. ഗ്രാമവാസികള്‍ക്കും കിട്ടട്ടെ വോട്ടിന്റെ പേരില്‍ പത്ത് പുത്തന്‍. തന്നേമല്ല പണ്ടേതൊ ഒരു മഹാന്‍ പറഞ്ഞിട്ടില്ലേ “വികസനം ഗ്രാമങ്ങളില്‍ നിന്നും തുടങ്ങണമെന്നോ ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്നോ” മറ്റോ ഒക്കെ. അതുകൊണ്ട് തിരഞ്ഞെടുപ്പ് കൃഷിയും ഗ്രാമങ്ങളില്‍ നിന്നും തന്നെ തുടങ്ങണം. അദ്ദാണുചിതം.

അങ്ങിനെ ഏറ്റവും ഉചിതമായ വിലയ്ക്ക് വോട്ട് വില്‍ക്കാന്‍ കഴിയുന്ന ഉചിതമായ ദിനങ്ങള്‍ കടന്നു വരട്ടെ....എല്ലാം ഉചിതമാകുന്ന നല്ലൊരു ദിനത്തിനായി നമ്മുക്ക് മുട്ടിപ്പായി പ്രാര്‍ത്ഥിയ്ക്കാം!

സാരേ ജഹാംസെ അഛാ!