Friday, February 20, 2009

ബൂലോഗ മീറ്റുകള്‍ ബാക്കിയാക്കുന്നത്.....

ചിത്രം : അപ്പു.

ഡികളിലൂടെ മാത്രം തിരിച്ചറിയപ്പെടുന്ന ഒരു സമൂഹം. വ്യക്തികളെ ഐഡികള്‍ പരിചയപ്പെടുത്തുന്ന സുന്ദരം നിമിഷങ്ങള്‍. പേരു പറഞ്ഞാല്‍ മിഴിച്ചു നില്‍ക്കാനേ കഴിയുള്ളു. ഐഡിയില്ലേല്‍ വ്യക്തിയില്ലാത്ത അവസ്ഥ. നെറ്റിലെ ചങ്ങാത്തത്തിന്റെ മുറിച്ച മുറി തന്നെയാണ് നെറ്റു മീറ്റുകളും. വ്യക്തി അപരിചിതനും ഐഡി ചിരപരിചിതനും ആകുന്ന ബൂലോഗ മീറ്റ് മുന്നോട്ട് വെയ്ക്കുന്നതും ഊഷ്മളമായ സൌഹാര്‍ദ്ദത്തിന്റെ മഹനീയ ഭാവങ്ങളെയാണ്.

പ്രവാസ ജീവിതത്തില്‍ പങ്കെടുക്കുന്ന ഔപചാരികതയുടെ പുറംതോടിനുള്ളില്‍ കെട്ടുപിണഞ്ഞ യോഗങ്ങളില്‍ നിന്നും മീറ്റുകളില്‍ നിന്നും ബൂലോഗ മീറ്റുകള്‍ വേറിട്ടു നില്‍ക്കുന്നത് കണ്ടുമുട്ടുന്ന ഒരോരുത്തരും ഏതാനും നിമിഷം മുന്നേവരെ ഒരു കീബോര്‍ഡിനും മോണിറ്ററിനും അപ്പുറം വിരല്‍ തുമ്പില്‍ തൊട്ടു നിന്നവരായിരുന്നു എന്ന തിരിച്ചറിവിലാണ്. സൌഹാര്‍ദ്ദത്തിന്റെ ഏറ്റവും സുന്ദരമായ ഒരു ദിനമാണ് സബീല്‍ പാര്‍ക്കില്‍ കടന്നു പോയത്.

മൂന്ന് ദിനം കൊണ്ട് മീറ്റിനു നോട്ടീസ്. മൂ‍ന്നാം ദിനം മീറ്റ്. ആര്‍ക്കെങ്കിലും ഇങ്ങിനെയൊരു യോഗം സംഘടിപ്പിയ്ക്കാന്‍ കഴിയുമോയെന്ന് സംശയമാണ്. യോഗത്തിന്റ തീയതി മുതല്‍ യോഗ സ്ഥലം വരെ കൂട്ടായ ചര്‍ച്ചകളിലൂടെ തീരുമാനിയ്ക്കുക. നാലു പേര്‍ കൂടീയാല്‍ നാല്പത് ഗ്രൂപ്പ് എന്ന സാമാന്യ മലയാളീ തത്വത്തിനെ നെടുകേ പിളര്‍ന്നു കൊണ്ട് ഗുണപരമായ അഭിപ്രായങ്ങളെ പരസ്പരം ബഹുമാനിച്ച് യോഗത്തിന്റെ കാര്യപരിപാടികളിലേയ്ക്കു എത്ര സുഗമമായാണ് മൂന്ന് ദിനം കൊണ്ട് യൂയേയീ ബൂലോഗ മീറ്റ് എത്തിച്ചേര്‍ന്നത്. ആരും ആരുടേയും വാക്കുകളെ തള്ളിക്കളയുന്നില്ല. ആരുടേയും തീരുമാനങ്ങള്‍ ആരിലും അടിച്ചേല്‍പ്പിയ്ക്കുന്നില്ല. ഒരുവന്‍ പറയുന്ന അഭിപ്രായത്തെ എതിര്‍ക്കുമ്പോള്‍ പോലും സൂക്ഷിയ്ക്കുന്ന പ്രതിപക്ഷ ബഹുമാനം...ഇതൊക്കെയും ബൂലോഗ മീറ്റുകളില്‍ മാത്രം കാണാന്‍ കഴിയുന്ന നന്മ!

അതുല്യേച്ചിയില്ലാത്ത അപൂര്‍വ്വം മീറ്റുകളില്‍ ഒന്ന്. അതുല്യേച്ചിയുടെ മീറ്റുകളിലെ വരവ് ഒരാഘോഷമായിരുന്നു. കൈനിറയെ കളിപ്പാട്ടങ്ങളും മാലയും കുപ്പിവളയുമൊക്കെയായി...അതൊരു പ്രസ്ഥാനം തന്നെയായിരുന്നു. അതുല്യേച്ചിയുടെ കുറവ് സബീല്‍ പാര്‍ക്കില്‍ പരിഹാരമായത് കിച്ചുവിലൂടെയായിരുന്നു. മുളക് ബാജിയും ചുക്കു കാപ്പിയും ഒക്കെയായി കിച്ചു മീറ്റില്‍ നിറഞ്ഞു നിന്നു. മീറ്റിലെ കാര്‍ന്നോരായ കൈതമുള്ളിന്റെ ഉത്സാഹം മറ്റേതു ചെറുപ്പക്കാരിലും അസൂയ ഉളവാക്കുമായിരുന്നു. ശശിയേട്ടന്‍ ഏര്‍പ്പാടാക്കിയ ബിരിയാണിയും ഒട്ടും മോശമല്ലായിരുന്നു. കുറുമാന്റെ കുഞ്ഞു തമാശകളും കൈപ്പള്ളിയുടെ പ്രഭാഷണവും ഹരിയണ്ണന്റെ പുസ്തക കച്ചവടവും മീറ്റിലുള്ളവരേക്കാള്‍ കൂടുതല്‍ ഫോട്ടോഗ്രാഫര്‍മാരുടെ ബാഹുല്യവും എല്ലാം കൂടി ആഘോഷ സമാനമായ നിമിഷങ്ങള്‍ക്കാണ് ബൂലോഗം ഇന്ന് സാക്ഷ്യം വഹിച്ചത്. കൂട്ടത്തില്‍ ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിയ്ക്കാനുള്ള യജ്ഞത്തില്‍ പങ്കളികളാകാനും മീറ്റിലെ സൌഹൃദങ്ങള്‍ക്ക് കഴിഞ്ഞു.

അക്ഷരാര്‍ത്ഥത്തില്‍ ബ്ലോഗു കുടുംബം തന്നെയാണ് തറവാടിയുടേത്. തറവാടിയും വല്യമ്മായിയും പച്ചാനയും ആജുവും ചേര്‍ന്ന ബ്ലോഗുകുടുംബം അപ്പാടെ മീറ്റിനുണ്ടായിരുന്നു. അഗ്രജന്‍ ആദ്യാവസനക്കാരനായി മീറ്റില്‍ പറന്നു നടക്കുന്നത് കാണാമായിരുന്നു. മീറ്റിന്റെ സാമ്പത്തിക കൈകാര്യ കര്‍ത്താവും അഗ്രജന്‍ തന്നെയായിരുന്നു. മീറ്റിന്റെ ചിലവുകള്‍ ആര്‍ക്കും ഭാരമാകാത്ത തരത്തില്‍ പരിഹരിയ്ക്കാന്‍ അഗ്രജനും അസിസ്റ്റന്റുമാരായ ഇത്തിരിയും അപ്പുവും ശ്രമിയ്ക്കുന്നുണ്ടായിരുന്നു.

ഇളംതെന്നലും ഇടിവാളും സാക്ഷിയും ഏറനാടനും അനസും മൈനാഗനും കാട്ടിപ്പരത്തിയും നമസ്കാറും നജൂസും രാജീവ് ചേലനാട്ടും രാധേയനും പാര്‍ത്ഥനും സങ്കുചിതനും തൃഷ്ണയും സാല്‍ജോയും രെഞ്ജിത്ത് ചെമ്മാടും താഴ്വാരവും സുല്ലും സിമിയും എരകപ്പുല്ലും ഷാഫിയും കുറ്റ്യാടിക്കാരനും ഉഗാണ്ടാരണ്ടാമനും ഷിഹാബ് മൊഗ്രാലും അത്ക്കറും സമീഹയും പകല്‍ക്കിനാവനും മിന്നാമിനുങ്ങും കാവാലനും കനലും ദേവനും അനില്‍ശ്രീയും അമ്പിയും രാം മോഹന്‍ പാലിയത്തും രാമചന്ദ്രന്‍ വെട്ടിക്കാടും നസീര്‍ കടയ്ക്കലും കരീം മാഷും പൊതുവാളും യൂസഫും വരവൂരാനും സിദ്ധാര്‍ത്ഥനും ഷംസുദ്ദീന്‍ മൂസയും തുടങ്ങി വിശാലമനസ്കന്‍ വരെയുള്ളവരെ നേരിട്ട് കാണാനും ഇന്നലെ വരെ ഐഡികളായിരുന്നവരെ തൊട്ടറിയാനും സബീല്‍ പാര്‍ക്ക് വേദിയാവുകയായിരുന്നു.

ബ്ലോഗെഴുതുന്നവര്‍ യോഗം കൂടുന്നത് തെറ്റാണെന്നു വാദിയ്ക്കുന്നവര്‍ക്ക് വാദിയ്കാന്‍ വേണ്ടുന്ന ന്യായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഇത്തരം മീറ്റുകളുടെ മാധ്യര്യം ആ ന്യായങ്ങളുടെ മുനയൊടിയ്ക്കുന്നത് തന്നെയാണ്. സംഘാടകരില്ലാത്ത സംഘാടനം. ബ്ലോഗിങ്ങ് പോലെ സ്വതന്ത്രമായ മീറ്റ്. ബാക്കിയാക്കുന്നത് മഹത്തായ സൌഹൃദം തന്നെയാണ്. ബ്ലോഗെന്ന മാധ്യമം ഉണ്ടായിരുന്നില്ലാ എങ്കില്‍ ഒരിയ്ക്കലും പരസ്പരം പരിചയപ്പെടാന്‍ സാധ്യതയില്ലാതിരുന്ന ഒരു സമൂഹത്തിന്റെ ഒത്തു ചേരല്‍ ഒരു ബ്ലോഗ് പോസ്റ്റിലെ കമന്റുകള്‍ പോലെ സ്വതന്ത്രവും സുന്ദരവുമായിരുന്നു.

ഇന്നിയെന്നെന്നു ഒരോരുത്തരും സ്വയം ചോദിച്ച് പിരിയുമ്പോള്‍ അടുത്ത മീറ്റായിരുന്നു ഏവരുടേയും മനസ്സില്‍.

കഴിഞ്ഞു പോയ സുന്ദര നിമിഷങ്ങള്‍ ഇവിടെ.
---------------------
ചേര്‍ത്ത് വായിയ്ക്കാം : 1. ആലോചനാ യോഗം.
2. ദേവേട്ടന്റെ ചെറുകുറിപ്പ്.
3. അപ്പുവിന്റേം പകല്‍ക്കിനാവന്റേയും ഫോട്ടോ പോസ്റ്റ്.
4. അനില്‍ ശ്രീയുടെ ഫോട്ടോ ഫീച്ചര്‍.
5. അതുല്യേച്ചിയുടെ അസൂയ കുറിപ്പ്.
6. ഗപ്പ് ഫ്രം അതുല്യേ ശര്‍മ്മ.
7. തൌഫീപറമലന്റെ ചിത്രങ്ങള്‍.