Monday, March 30, 2020

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം (മാർച്ച് - 30)


സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. . ഇതില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ബാക്കി 15 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. കാസര്‍കോട് 17 പേര്‍ക്കും കണ്ണൂരില്‍ 11 പേര്‍ക്കും ഇടുക്കിയിലും വയനാട്ടിലും രണ്ടുപേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ കോവിഡ് ബാധിതരുടെ എണ്ണം 213 ആയി. ആകെ 1,57,253 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,56,660 പേരും വീടുകളിലാണ്. ആശുപത്രികളില്‍ 623 പേരാണുള്ളത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് ഇന്ന് അയച്ചിട്ടുള്ളത്. പരിശോധന വേഗത്തിലാക്കാന്‍ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഒരുക്കും.
.
ചങ്ങനാശേരി പായിപ്പാട് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവം ആസൂത്രിതമായിരുന്നു.  ഇതിനു പിന്നില്‍ ഒന്നിലധികം ശക്തികള്‍ പ്രവര്‍ത്തിച്ചു. അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് പായിപ്പാട് ശ്രമിച്ചത്. കേരളം കൊറോണ പ്രതിരോധത്തില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണാം.
.
5178 ക്യാംപുകള്‍ അതിഥി തൊഴിലാളികള്‍ക്കായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്ക് അവരുടെ നാട്ടിലെ ഭക്ഷണം വേണമെന്ന ആവശ്യം വന്നപ്പോള്‍ അതു സാധിച്ചുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മലപ്പുറത്ത് അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണം നടത്തിയ 2 പേരെ പിടിച്ചു. ഇവര്‍ മലയാളികളാണ്. . അതിഥി തൊഴിലാളികളുടെ ക്യാംപുകള്‍ സന്ദര്‍ശിച്ച് ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയാവുന്ന ഹോം ഗാര്‍ഡുകളെ ചുമതലപ്പെടുത്തി. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളിലെ സന്ദേശം അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കും.
.
സൗകര്യപ്രദമായ രീതിയില്‍ ഇവരെ താമസിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അതനുസരിച്ച് സൗകര്യങ്ങള്‍ ഉറപ്പാക്കണം. ആട്ട, ഉരുളക്കിഴങ്ങ്, ഉള്ളി, പരിപ്പ് തുടങ്ങിയവയെല്ലാം നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനതല കണ്‍ട്രോള്‍ റൂം തുറന്നു.
.
പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണ്. അവരെ അപഹസിക്കുന്ന വിധത്തിലുള്ള ഒരു സമീപനവും ഉണ്ടാകരുത്. പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ച പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നത് എന്നകാര്യം മറന്നു പോകരുത്.
.
കോവിഡ് ലോകത്താകെ പടര്‍ന്നുപിടിച്ചിട്ടുള്ള ഒരു രോഗമാണ്. ചില വികസിത രാഷ്ട്രങ്ങള്‍ നിസ്സഹായതയോടെ ഇതിനെ നേരിടുന്ന കാഴ്ച നാം കാണുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു വ്യക്തിയെ കുറ്റപ്പെടുത്താനാവില്ല. നമ്മുടെ നാട് ലോകത്താകെ വ്യാപിച്ചുകിടക്കുന്ന ഒരു നാടാണ്. കാരണം. നമ്മുടെ സഹോദരങ്ങള്‍ ലോകത്താകെ വ്യാപിച്ചു കിടക്കുന്നു. അവര്‍ മണലാരണ്യത്തിലടക്കം കഠിനമായി അധ്വാനിച്ച വിയര്‍പ്പിന്റെ കാശിലാണ് നാം ഇവിടെ കഞ്ഞികുടിച്ച് നടന്നിരുന്നത്. ഇത് നാം മറന്നുപോകാന്‍ പാടില്ല.
.
നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍. അവര്‍ പോയ രാജ്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ സ്വാഭാവികമായും അവര്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കില്ലേ. തിരിച്ചുവന്നപ്പോള്‍ ന്യായമായ പ്രതിരോധ നടപടികള്‍ പൊതുവില്‍ എല്ലാവരും സ്വീകരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ചില കേസുകളാണ് വ്യത്യസ്തമായി ഉണ്ടായത്. ആ ഒറ്റപ്പെട്ടതിന്റെ ഭാഗമായി ഈ പറയുന്ന നമ്മുടെ നാടിന്റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ ഒരുതരത്തിലും അപഹസിക്കാനോ മനസ്സില്‍ ഈര്‍ഷ്യയോടെ കാണാനോ പാടില്ല.
.
ഇതു നാം എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ പ്രവാസി സഹോദരങ്ങള്‍ക്ക് സ്വാഭാവികമായും നാട്ടിലുള്ള കുടുംബത്തെക്കുറിച്ച് ഉല്‍ക്കണ്ഠ ഉണ്ടാകും. കാരണം ഇപ്പോള്‍ അവര്‍ക്ക് ആര്‍ക്കും നാട്ടിലേക്ക് വരാനുള്ള യാത്രാ സൗകര്യമില്ല. അവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. അവര്‍ക്കാര്‍ക്കും അത് സംബന്ധിച്ച് ഉത്കണ്ഠ വേണ്ടതില്ല. നിങ്ങളവിടെ സുരക്ഷിതരായി കഴിയുക. അതിന്റെ ഭാഗമായുള്ള സാമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തയ്യാറാകുക. ഇവിടെയുള്ള നിങ്ങളുടെ കുടുംബമെല്ലാം സുരക്ഷിതമായിരിക്കും. ഈ നാട് എപ്പോഴും നിങ്ങളുടെ കൂടെയുണ്ട് എന്ന് പ്രവാസി ലോകത്തിന് ഉറപ്പു നല്‍കുകയാണ്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പിഎസ്‌സി. റാങ്ക് ലിസ്റ്റ് നീട്ടി. 20-03-2020ന് കാലവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂട്ടി ദീര്‍ഘിപ്പിച്ചതായി പിഎസ്‌സി അറിയിച്ചിട്ടുണ്ട്.
.
ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സായുധ സേനാ എഡിജിപിയെ ചുമതലപ്പെടുത്തി. പരിശോധനാ രീതികള്‍ സംബന്ധിച്ച് പൊലീസുകാര്‍ക്ക് ദിവസേന എസ്എംഎസ് വഴി നിര്‍ദേശങ്ങള്‍ നല്‍കും.
.
1034 തദ്ദേശ സ്ഥാപനങ്ങളില്‍ 1031ലും കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു. ആകെ 1,213 കമ്യൂണിറ്റി കിച്ചണ്‍ ഉണ്ട്. 1,54,258 പേര്‍ക്ക് കഴിഞ്ഞ ദിവസം ഭക്ഷണം നല്‍കി. ഇതില്‍ 1,37,930 പേര്‍ക്കും സൗജന്യമായാണ് ഭക്ഷണം നല്‍കിയത്.
.
കമ്യൂണിറ്റി കിച്ചനുകളില്‍ അത്യാവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കാനാണ് ഉദ്ദേശിച്ചത്. ഇതില്‍ കൃത്യത ഉണ്ടാകണം. ഇതിനകത്ത് കാശു കൊടുത്ത് ഭക്ഷണം വാങ്ങാന്‍ തയാറാകുന്നവരുണ്ട്. അവര്‍ക്ക് കമ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം നല്‍കാനല്ല ഉദ്ദേശിച്ചത്. സംസ്ഥാനത്ത് തുടങ്ങാന്‍ ഉദ്ദേശിച്ച 1000 ഹോട്ടലുകളില്‍ ഈ പറയുന്ന ആള്‍ക്കാര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനു പ്രശ്‌നമുണ്ടാകില്ല.
.
കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വാങ്ങാന്‍ ഓഫിസുകളിലോ ബാങ്കുകളിലോ പോകാന്‍ അനുമതിയുണ്ട്.
.
ഉള്‍വനത്തില്‍ താമസിക്കുന്ന ആദിവാസികളുണ്ട്. അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാനും സാധനങ്ങള്‍ വാങ്ങാനും ചില ക്രമീകരണം ഏർപ്പെടുത്തും.
.
ആനകൾകൾക്ക് തീറ്റയ്ക്കുള്ള പട്ട വാഹനത്തിൽ കൊണ്ട് വരുന്നതിനു തടസങ്ങൾ ഒന്നും ഉണ്ടാകില്ല.
.
വിത്ത്ഡ്രാവൽ സിംപ്റ്റം കാട്ടുന്ന മദ്യപന്മാർക്ക് മദ്യം നൽകാൻ ഉള്ള സാധ്യത എക്സൈസ് വകുപ്പിനോട് ആലോചിച്ച് തീരുമാനിക്കും.
.
ആയുർവേദത്തിലെ പ്രതിരോധ ശേഷി കൂട്ടാൻ ഉള്ള മരുന്നുകളുടെ ഉപയോഗം എത്രത്തോളം ഫലപ്രദമാണെന്ന് പരിശോധിക്കും. അത് ഫലപ്രദമാണെന്ന് കണ്ടാൽ ആ മരുന്നുകൾ പൊതുവേ പ്രതിരോധ ശേഷി കൂട്ടാൻ ആയി ഉപയോഗിക്കും.
.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ല രീതിയിൽ സംഭവങ്ങൾ ലഭിക്കുന്നുണ്ട്. നാട്ടിലെ എംപ്ലോയീസ് സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. അവരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം എന്ന് അവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌ കൗൺസിൽ  ഒരു കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്. ഇത് ഉദാത്തമായ ഒരു മാതൃകയാണ്.
.
രാജീവ് ഗാന്ധി ഇന്സ്ടിട്യൂട്ടിൽ കൊറോണ ടെസ്റ്റ് നടത്താൻ ഉള്ള അനുവാദം ലഭിച്ചിട്ടുണ്ട്. ദിവസം മൂവായിരം ടെസ്റ്റുകൾ നമുക്ക് അവിടെ നടത്താനാകും.
.
പായിപ്പാട് സംഭവത്തിൽ ഗൂഡാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഫോൺ സന്ദേശങ്ങളും മറ്റും പരിശോധിക്കുന്നുണ്ട്.
.
പോത്തൻകോട് കൊറോണ ബാധിച്ച ആൾ നിരവധി രോഗങ്ങളാൽ അവശൻ ആണ്. അദ്ദേഹത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നില്ല. എങ്കിലും ബന്ധുക്കളിൽ നിന്നും ഒക്കെ വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് ക്രമപ്പെടുത്താൻ ഉള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. അദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്ന് എന്ന് കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.സമൂഹ വ്യാപനം ആണെന്ന് കരുതുന്നില്ല.
.
ബാഗ്ലൂർ അതിർത്തി മണ്ണിട്ട് അടച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി അതെ കുറിച്ച് സംസാരിച്ചു. ഗവർണർ തലത്തിലും പ്രശ്ന പരിഹാരം തേടുന്നുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കാൻ ആകും എന്നാണു പ്രതീക്ഷിക്കുന്നത്.
.
കൊറോണ പ്രതിരോധ രംഗത്ത് ആരോഗ്യ പ്രവർത്തകരുടെ ഒന്നാം നിരയാണ് ഇപ്പോൾ സേവന രംഗത്ത് ഉള്ളത്. ആവശ്യമെങ്കിൽ അടുത്ത ഘട്ടത്തിൽ സേവന രംഗത്ത് ഇറക്കാൻ ആകും വിധം മറ്റു സംവീധാനങ്ങളും പൂർണമായും സജ്ജമാണ്.
.
ഇന്ന് മുൻ ദിനങ്ങളെ അപേക്ഷിച്ചു നിരത്തുകളിൽ കൂടുതൽ ആളുകൾ ഇറങ്ങി. വാഹനങ്ങളും കൂടുതൽ ആയിട്ട് ഉണ്ടായിരുന്നു. അത് അഭിലഷണീയമല്ല. നാട്ടുകാർ തന്നെ ഇതിനു എതിരെ രംഗത്ത് വന്നിട്ടുണ്ട്. പോലീസ് കൂടുതൽ കാക്കശം ആകാൻ ഉള്ള ഇട ഉണ്ടാകരുത്.

മുംബയിൽ മലയാളി നഴ്‌സുമാർ കൊറോണ ഭീതിയിൽ.

മുംബയിൽ പ്രശസ്തമായ ജസ്‌ലോക് ഹോസ്പിറ്റൽ ആൻറ് റിസർച്ച് സെന്ററിൽ നിന്നും ലഭിക്കുന്നത് കുറച്ച് മോശം വാർത്തയാണ്. ഏകദേശം മുന്നൂറിൽ അധികം നഴ്‍സന്മാർ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ഭൂരിഭാഗവും  മലയാളീ നഴ്‌സുമാരാണ്. അതിൽ  ഒരു  നഴ്‌സിന്റെ ശബ്ദ സന്ദേശം ആണിത്. അത്രമേൽ ആശങ്ക ഉളവാക്കുന്ന ഒരു ശബ്ദ സന്ദേശം ആണ്.
.
മൂന്നു ഹോസ്റ്റലുകളിൽ ആയിട്ട് പാർപ്പിച്ചിരിക്കുന്ന ഈ നഴ്‌സുമാരിൽ ഏദൻ ഹോസ്പിറ്റലിൽ പാർപ്പിച്ചിരുന്ന ഒരു മലയാളി നഴ്‌സിന് കോവിഡ്-19 പോസിറ്റീവ് ആയി. രണ്ടു ദിവസം മുന്നേ റിസൾട്ട് വന്നു എങ്കിലും സഹപ്രവർത്തകരെ അറിയിച്ചിരുന്നില്ല. കൊറോണ സ്ഥിരീകരിച്ച നഴ്‌സിന് ഒപ്പം റൂമിൽ താമസിച്ചിരുന്ന മറ്റു മൂന്നു നഴ്‌സൻമാരെയും സ്ഥിരീകരണം നടന്ന ശേഷവും ക്വറന്റൈൻ ചെയ്തിട്ടല്ലായിരുന്നു. അതിൽ ഒരു നഴ്‌സിന് കൊറോണ ലക്ഷണങ്ങൾ കാട്ടിയിട്ടും വേണ്ടത്ര ശ്രദ്ധയോ ചികിത്സയോ ലഭ്യമാക്കിയിട്ടില്ല. ഐസൊലേഷൻ എന്ന പേരിൽ ഒരു റൂമിൽ ആക്കി എന്നുള്ളത് അല്ലാതെ ഭക്ഷണം ഒഴികെ മറ്റൊരു ശുശ്രൂഷയും അവർക്ക് ലഭിച്ചിട്ടില്ല. എന്തിനേറെ? പനി ചെക്ക് ചെയ്യുക പോലും ചെയ്തിട്ടില്ല. കൊറോണയുടെ സർവ്വ ലക്ഷണവും കാട്ടിയിട്ടും അവർക്ക് സ്വാബ് ടെസ്റ്റ് നടത്തിയിട്ടില്ല. സ്വാബ് ടെസ്റ്റ് നടത്തണം എന്ന സഹപ്രവർത്തകരുടെ നിർബന്ധം വന്നപ്പോൾ ഇപ്പോൾ ടെസ്റ്റ് നടത്താൻ ആകില്ല എന്ന മറുപടിയാണ് അവർക്ക് ആശുപത്രി അധികാരികളിൽ നിന്നും ലഭിച്ചത്.
.
ഇപ്പോൾ കൊറോണ സ്ഥിരീകരിച്ച നഴ്സ് ഉൾപ്പടെ ആകെ എൺപത്തി നാല് മലയാളി സ്റ്റാഫ് നഴ്‌സുമാരാണ് അവിടെ ഉള്ളത്. അവർ എല്ലാവരും എല്ലായിപ്പോഴും പരസ്പരം ഇടപഴകുന്നവർ ആണ്. അവർക്ക് കോമൺ ബാത്ത് റൂമും, ഡോർമെറ്ററി പോലത്തെ അക്കൊമൊഡേഷനും, കോമൺ വാഹന സൗകര്യവും ആണ്  ഉള്ളത്.
.
സാഹചര്യങ്ങൾ ഇത്രമേൽ ഗുരുതരം ആയിട്ടും കൊറോണ ലക്ഷണങ്ങൾ കാണിച്ചവർക്കും സ്വാബ് ടെസ്റ്റ് നടത്താൻ ആശുപത്രി കൂട്ടാക്കുന്നില്ല. ഡോക്ടറന്മാർ ക്വറന്റൈനിൽ ആണ് എന്നതാണ് അധികൃതർ കാരണമായി പറയുന്നത്.
.
തങ്ങൾ കൊറോണ വാഹകർ ആയിട്ട് രോഗികളെ ശുശ്രൂഷിക്കുന്നത് അപകടകരം അല്ലെ എന്ന ചോദ്യത്തിന് രോഗികളെ ശുശ്രൂഷിക്കാതിരിക്കാൻ ആകില്ലല്ലോ എന്ന വളരെ നിരുത്തരവാദപരമായ മറുപടിയാണ് ആശുപത്രി അധികാരികൾ നൽകുന്നത്. ഡ്യൂട്ടിക്ക് എല്ലാവരും ഹാജകണം എന്ന നിർദ്ദേശവും നൽകി.
.
കാര്യങ്ങൾ വഷളാകുന്നത് കണ്ടു അവരിൽ ഒരാൾ ബീ എം സി യിൽ റിപ്പോർട്ട് ചെയ്തു. ബീ എം സിയിൽ നിന്നും ഉത്തരവാദപ്പെട്ടവർ വരികയും ഇപ്പോൾ സംശയം ഉള്ളവരെ ക്വറന്റൈനിൽ വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ അവർക്കു ക്വറന്റൈൻ സൗകര്യങ്ങൾ ഹോസ്പിറ്റൽ ചെയ്തിട്ടില്ല.
.
ചികിത്സ ഭക്ഷണം ശുദ്ധിയും സുരക്ഷിതവും ആയ  താമസം ഒന്നും ലഭ്യമല്ല. അവിടെ അതൊക്കെ ഉറപ്പാക്കാനും ഇവരെ കേൾക്കാനും ആരും തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ കേരള സർക്കാർ ഇടപെട്ട്  വേണ്ടത് ചെയ്യണം എന്നാണു ശബ്ദ സന്ദേശത്തിൽ പറയുന്നത്.
.
ശബ്ദ സന്ദേശം ചുവടെ.