Friday, August 25, 2017

സ്വകാര്യതയും ആയി ലിങ്കായ ആധാറിന്‌ കിട്ടിയ പണി.

ചോദ്യം : മലയാളികൾ ആധാറിനെ ഇത്രമാത്രം എതിർക്കുന്നത് എന്നാത്തിനാ?

ഉത്തരം : ആധാറിനെ അല്ല മലയാളികൾ എതിർക്കുന്നത്. അവനവന്റെ സ്വകാര്യത അവനവനു സ്വന്തം അല്ല എന്ന കേന്ദ്ര സർക്കാർ നിലപാട് ആധാറിനൊപ്പം ലിങ്ക് ചെയ്തതാണ് മലയാളീ പ്രതിരോധത്തിന് കാരണം. അതായത് ഉത്തമാ സ്വകാര്യതയിലെ മൗലികവകാശ വാദം ആധാറുമായി കൂട്ടി കെട്ടിയില്ലായിരുന്നു എങ്കിൽ നുമ്മ ആധാറിനെ ഇത്രമാത്രം പ്രതിരോധിക്കും ആയിരുന്നില്ല. നമ്മൾ ആധാറിന്‌ എതിരെ അല്ല സമരം ചെയ്യുന്നത്. നമ്മുടെ സ്വകാര്യത നമുക്ക് തന്നെ സ്വാകാര്യം ആയി സ്ഥിരപ്പെടുത്താൻ വേണ്ടിയാണ് നമ്മുടെ സമരം.

എന്തൊക്കെയാണ് സ്വകാര്യത എന്നും ആധാറിൽ ഹനിക്കപ്പെടുന്ന സ്വകാര്യത എന്തൊക്കെയാണ് എന്നും പൊതു സമൂഹത്തിനു മനസിലാകുന്ന വിധം നിർവചിക്കപെട്ടാൽ തീരാവുന്ന പ്രശ്നമേ നമുക്കുള്ളൂ. സർക്കാരും കോടതിയും ചേർന്ന് അത് വേണ്ട പോലെ അങ്ങ് നിർവചിച്ചാൽ മതി. അല്ലാതെ ജനതയുടെ സ്വകാര്യത ജനതയ്ക്കു സ്വന്തം അല്ല അത് സ്റ്റേട്സിന്റെ സ്വത്ത് ആണ് എന്ന രീതിയിൽ കോടതിയിൽ ചെന്ന് വാദിച്ചതാണ് മലയാളിയെ ചൊടിപ്പിച്ചത്.

സ്വകാര്യത എന്ന് കേൾക്കുമ്പോൾ ഒരു സാധാരണക്കാരൻ ചിന്തിക്കുന്നത് ആധാറിലെ വിരലടയാളവും കൃഷ്ണമണി അടയാളവും അല്ല. അടുക്കളയും ഉറക്കറയും ബാത്റൂമും കുടുംബ ബന്ധങ്ങളും സമൂഹത്തിലെ ഇടപെടലുകളും സ്വന്തന്ത്ര്യവും cctv ക്യാമറയും ഒക്കെ ആണ്. അവനവന്റെ സ്വസ്ഥ ജീവിതത്തിലേക്കും വ്യക്ത്യാധിഷ്ഠിത ഇഷ്ടാനിഷ്ടങ്ങളിലേക്കും സ്റ്റേറ്റ്സ് കടന്നു കയറും എന്ന ഭയമാണ് സ്വകാര്യത മൗലികാവകാശം അല്ലാ എന്ന വാദത്തിനു എതിരെ കേരളം അത്രമാത്രം എതിർപ്പും ആയി വരാൻ കാരണം. പാവം ആധാർ തന്റേതു അല്ലാത്ത കാരണത്താൽ അതിൽ പെട്ട് പോയി എന്നേ ഉള്ളൂ.

ആധാറിന്‌ വേണ്ടി സ്വകാര്യത മൗലികാവകാശം അല്ലാ അത് സ്റ്റേട്സിന്റെ അവകാശം ആണ് എന്ന വിധി സ്വന്തം ആക്കിയാൽ നാളെ ഇതേ വിധി കക്കൂസിൽ കേറി സ്വകാര്യത പരിശോധിക്കാൻ വേണ്ടി പോലും ഉപയോഗിക്കപ്പെടും എന്ന് മലയാളിയെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടത് ഇല്ല. സൂചി കേറ്റാൻ സ്ഥലം കിട്ടിയാൽ കുത്തബ് മിനാർ കുത്തി കേറ്റുന്നവർ ആണ് ഭരണ യന്ത്രം തിരിക്കുന്നത് എന്ന് മലയാളിക്ക് ഉള്ള തിരിച്ചറിവ് തന്നെയാണ് പ്രതിരോധത്തിന് കാരണം.

ബിറ്റ് കോയിൻ - ഒരു ആമുഖം

ബിറ്റ്‌കോയിന്റെ സാങ്കേതിക വശം ചർച്ച ചെയ്യപ്പെടുന്ന ഒരു പോസ്റ്റ് അല്ല ഇത്. പണവിപണിയിലെ ബിറ്റ്കോയിന്റെ സാന്നിദ്ധ്യവും വളർച്ചയും മനസിലാക്കാൻ ഉള്ള ഒരു ശ്രമം. അത്രമാത്രം കണ്ടാൽ മതി.

ബിറ്റ്‌കോയിന്റെ ഉത്ഭവം രണ്ടായിരത്തി എട്ടിൽ ആയിരുന്നു എങ്കിലും വിപണിയിൽ വ്യാപാരം നടന്നത് 2010 ഏപ്രിൽ മാസം ഇരുപത്തി അഞ്ചാം തീയതി ആണ്. ആദ്യത്തെ ഒരു ബിറ്റ്കോയിന്റെ ഓഫർ പ്രൈസ് മൂന്നു സെന്റ് ആയിരുന്നു. എന്നാൽ അതേ വർഷം മെയിൽ വില 10 സെന്റ് ആയി ഉയർന്നു. രണ്ടായിരത്തി പതിനൊന്നു ഫെബ്രുവരിയിൽ വില ഒരു ബിറ്റ്കോയിന് ഒരു ഡോളർ നിലവാരത്തിൽ എത്തി. ഏഴു മാസം കൊണ്ട് ഏകദേശം 1000 മടങ്ങു് വളർച്ച.

അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ ബിറ്റ്കോയിൻ വിപണിയിൽ നിലയുറപ്പിക്കുന്നതാണ് പിന്നെ കാണുന്നത്. രണ്ടായിരത്തി പതിനൊന്നു മുതൽ രണ്ടായിരത്തി പതിനേഴ് ഈ പോസ്റ്റ് എഴുതുന്നത് വരെ ബിറ്റ്കോയിന്റെ കയറ്റിറക്കങ്ങൾ ഒരു തരത്തിലും നിർവചിക്കാൻ കഴിയാത്ത തരത്തിൽ ആയിരുന്നു.

രണ്ടായിരത്തി പതിനൊന്നു ഫെബ്രുവരിയിൽ ഒരു ഡോളർ എന്ന ഏറ്റവും പ്രധാനപ്പെട്ട മൈൽസ്റ്റോൺ കടന്നതിനു ശേഷം രണ്ടായിരത്തി പതിമൂന്ന് ഏപ്രിൽ വരെ മുന്നോട്ടുള്ള പ്രയാണത്തിൽ ആയിരുന്നു ബിറ്റ്കോയിൻ. എല്ലാ വ്യാപാര ദിവസങ്ങളിലും ഏകദേശം നാല് ശതമാനം വളർച്ച. രണ്ടായിരത്തി പന്ത്രണ്ട് ജനുവരിയിൽ ഒരു ബിറ്റ്കോയിന് 100 ഡോളർ എന്ന അടുത്ത മൈൽസ്റ്റോൺ താണ്ടി. രണ്ടായിരത്തി പതിമൂന്നു ഏപ്രിൽ ആ കാലഘട്ടത്തിലെ ഏറ്റവും ഉയർന്ന വിലയായ 266 ഡോളറിൽ എത്തിയതിനു ശേഷം ആണ് അതുവരെ ഉണ്ടായിരുന്ന ഒരേ ദിശയിൽ ഉള്ള വളർച്ചക്ക് തിരുത്തൽ വന്നത്.

രണ്ടായിരത്തി പതിമൂന്ന് മെയിൽ വില 130 ഡോളറിലേക്ക് വീണു. അതേ വർഷം ജൂണിൽ വില നൂറു ഡോളറിലും താഴേ പോയി. എഴുപത് ഡോളറിൽ വ്യാപാരം നടന്നു. ഈ തിരുത്തലിനു ശേഷം വീണ്ടും ബിറ്റ്കോയിൻ അതിന്റെ ജൈത്രയാത്ര തുടർന്നു. രണ്ടായിരത്തി പതിമൂന്നു ഡിസംബർ ആയപ്പോഴേക്കും വില വീണ്ടും മുകളിലേക്ക് കയറി ഒരു ബിറ്റ്കോയിന്റെ വില ആയിരം ഡോളർ എന്ന നിലയിൽ എത്തി. രണ്ടായിരത്തി പതിമൂന്ന് ഡിസംബർ മുതൽ വീണ്ടും വൻ ഉയർച്ച താഴ്ചകൾ ഉണ്ടായി.

രണ്ടായിരത്തി പതിനാല് മാർച്ചിൽ ആണ് ബിറ്റ്കോയിൻ ഏറ്റവും വല്യ തകർച്ചയെ നേരിട്ടത്. ചൈന ബിറ്റ്കോയിൻ ഇടപാടുകൾ നിരോധിച്ചു എന്ന വ്യാജ വാർത്ത പരന്നതിനെ തുടർന്ന് വില മുന്നൂറു ഡോളറിലേക്ക് വീണു. മെയ് മാസത്തോടെ വീണ്ടും ബിറ്റ്കോയിൻ സ്ഥിരത ആർജിച്ച് തുടങ്ങി.

രണ്ടായിരത്തി പതിനാല് അവസാന മാസങ്ങളിലും രണ്ടായിരത്തി പതിനഞ്ച് ആദ്യ മാസങ്ങളിലും ബിറ്റ്കോയിൻ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാലം ആണ്. ബിറ്റ്കോയിൻ വെറും ബബിൾ ആണ് എന്നും എപ്പോൾ വേണം എങ്കിലും വിപണിയിൽ നിന്നും നീക്കം ചെയ്യപ്പെടാം എന്നും വിലയില്ലാത്ത നാണ്യം ആയി മാറാം എന്നും ഉള്ള വിലയിരുത്തലുകൾ വിപണിയിൽ വന്നു. ഫലം ഒരു ബിറ്റ്കോയിന്റെ വില ഇരുനൂറു ഡോളറിലേക്ക് വീഴുക എന്നതായിരുന്നു. ഈ അനിശ്ചിതാവസ്ഥ രണ്ടായിരത്തി പതിനഞ്ച് അവസാന മാസങ്ങൾ വരെ തുടർന്നു.

രണ്ടായിരത്തി പതിനാറിൽ ആണ് വീണ്ടും ബിറ്റ്കോയിൻ സ്ഥിരത കൈവരിക്കുന്നത്. ജൂലൈ ആഗസ്ത് മാസങ്ങളിൽ അറുനൂറു ഡോളറിൽ ബിറ്റ് കോയിൻ നിലയുറപ്പിച്ചു. രണ്ടായിരത്തി പതിനാറ് നവംബറിൽ ചൈനയുടെ കറൻസിയുടെ മൂല്യത്തിൽ കുറവ് വരുത്തിയത് ബിറ്റ്കോയിന്റെ വളർച്ചക്ക് ഇന്ധനം ഏകി. വീണ്ടും ആയിരം ഡോളറിലേക്ക് ഉള്ള കുതിപ്പായിരുന്നു ഫലം.

പിന്നെ രണ്ടായിരത്തി പതിനേഴ്. നമ്മുടെ മുന്നിൽ ഉണ്ട്. രണ്ടായിരത്തി പതിനേഴ് ജനുവരിയിലെ വിപണി വില ആയിരം ഡോളറിനു അടുത്ത്. ഇന്നത്തെ വില (25-08-2017) ഒരു ബിറ്റ് കോയിൻ വേണം എങ്കിൽ 4,270 ഡോളർ കൊടുക്കണം.

ബിറ്റ്കോയിന്റെ ഈ കയറ്റിറക്കങ്ങളിൽ വ്യാപാരം നടത്തി കൈപൊള്ളിയവർ ആണ് നേട്ടം ഉണ്ടാക്കിയതിലും കൂടുതൽ. അത് വിപണിയുടെ ശാസ്ത്രം അങ്ങിനെ തന്നെ ആണല്ലോ. വിപണിയിൽ നേട്ടം ഉണ്ടാക്കുന്നവർ ഇപ്പോഴും എപ്പോഴും കുറവ് തന്നെ ആയിരിക്കും - അത് പണ വിപണി ആണെങ്കിലും മൂലധന വിപണി ആണെങ്കിലും അങ്ങിനെ തന്നെ.

നഷ്ടങ്ങൾ ഉണ്ടായവർ ധാരാളം. എന്നാൽ മറ്റൊരു തരത്തിൽ വിശകലനം ചെയ്താലോ? രണ്ടായിരത്തി പത്ത് ഏപ്രിൽ മാസം ആയിരം ഡോളർ കൊടുത്താൽ കിട്ടും ആയിരുന്ന ബിറ്റ്കോയിന്റെ എണ്ണം ഏകദേശം 10,000 ആണ്. ആയിരം ഡോളർ രണ്ടായിരത്തി പത്ത് ഏപ്രിൽ മാസം ദീർഘ കാലാടിസ്ഥാനത്തിൽ നിക്ഷേപിച്ച ഒരുവന്റെ നിക്ഷേപത്തിന്റെ ഇപ്പോഴത്തെ ഏകദേശ മൂല്യം 43 ദശലക്ഷം ഡോളർ ആണ്. അതായത് രണ്ടായിരത്തി പത്തിൽ പതിനായിരം ഡോളർ അഥവാ ഏകദേശം ആറു ലക്ഷം രൂപ നിക്ഷേപിച്ച ഒരു നിക്ഷേപകന്റെ മൂലധനം ഇപ്പോൾ ഇരുനൂറ്റി മുപ്പത് കോടി രൂപ ആയി വളരും ആയിരുന്നു എന്ന് ചുരുക്കം. ഏഴു വര്ഷം കൊണ്ട് ഇങ്ങിനെ ഒരു മൂലധന വളർച്ച അസംഭവ്യം എന്നു വേണം എങ്കിൽ പറയാം. പക്ഷെ ബിറ്റ്കോയിന്റെ വളർച്ചയുടെ നാൾവഴിയും തോതും ആ അസംഭാവ്യത്തെ സാധൂകരിക്കുന്നു എന്നതാണ് വസ്തുത.

ബിറ്റ്കോയിന്റെ പ്രചുരപ്രചാരം അതേ സ്വഭാവത്തിൽ ഉള്ള നിരവധി നാണയങ്ങളുടെ ഉത്ഭവത്തിനും പ്രചാരത്തിനും കാരണം ആയിട്ടുണ്ട്. ആ നാണയങ്ങളുടെ വിപണി ഇടപെടലുകളെ കുറിച്ച് മറ്റൊരു തലത്തിൽ നമുക്ക് ചർച്ച ചെയ്യാം. 

പിച്ച ചട്ടിയിൽ കയ്യിട്ടു വാരുന്നവർ.

പിച്ച ചട്ടിയിൽ കൈയിട്ടു വാരുക എന്ന കൊടും ക്രൂരത ഇന്ന് ഏറ്റവും കൃത്യം ആയി കാണുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാടുകളിൽ ആണ്. അതിനു ചൂട്ടു പിടിച്ചു കൊടുക്കുന്നതോ കേന്ദ്ര സർക്കാരും. ഒരു ബാങ്ക് അക്കൗണ്ട് ഇല്ലാതെ ഭാരതത്തിലെ ഒരു ദരിദ്ര പ്രജക്കും ഇന്ന് ജീവിക്കാൻ കഴിയില്ല. ബുദ്ധിക്ക് മണ്ഡരി ബാധിച്ച ഒരു ഭരണ കൂടത്തിന്റെ തലച്ചോറിൽ വിരിഞ്ഞ പണരഹിത ഇക്കോണമി എന്ന ഉഡായിപ്പിൽ ബാങ്ക് അക്കൗണ്ട് ജീവ വായു പോലെ പ്രധാന പെട്ട ഒരു ഘടകം ആയി മാറി. ഫലമോ ഉണ്ണാനുടുക്കാനില്ലേലും ബാങ്ക് അക്കൗണ്ട് നിർബന്ധം എന്ന നില വന്നു. ഗ്യാസിന്റെ സബ്‌സിഡി, സ്കോളർഷിപ് എന്ന് വേണ്ട സർവ കാര്യങ്ങൾക്കും ബാങ്ക് അക്കൗണ്ട് അത്യാവശ്യം ആവുകയും ചെയ്തു.

രാജ്യത്തെ ഏറ്റവും വല്യ പൊതുമേഖല ബാങ്ക് അങ്ങിനെ ദരിദ്ര ഭാരതീയരുടെ അക്കൗണ്ട് കൊണ്ട് നിറഞ്ഞു. മിനിമം ബാലൻസ് ഇല്ലാ എങ്കിൽ പിഴ ഈടാക്കും എന്ന നില വന്നു. അന്നന്നത്തെ അഷ്ടിക്ക് വകയില്ലാത്തവൻ ബാങ്കിൽ നിർബന്ധിത നിക്ഷേപം നടത്തണം എന്ന്.!

പിഴയുടെ പെരുമഴക്കാലം ബാങ്കുകൾ ആഘോഷിച്ചു തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം കഴിഞ്ഞ മൂന്നു മാസം പിരിച്ചെടുത്ത പിഴ 235 കോടി രൂപ.!!!

പിരിച്ചെടുത്തത് കോർപ്പറേറ്റുകളുടെ പക്കൽ നിന്നും അല്ല. തുശ്ചമായ മിനിമം ബാലൻസ് പോലും ബാങ്കിൽ സൂക്ഷിക്കാൻ കഴിയാത്ത ദരിദ്ര ഭാരതീയന്റെ പിച്ച ചട്ടിയിൽ നിന്നും.

മിനിമം ബാലൻസ് സൂക്ഷിക്കാൻ പോലും നിവർത്തിയില്ലാത്തവനെ ചൂഷണം ചെയ്തിട്ട് അതിൽ നിന്നും ശമ്പളം വാങ്ങുന്നവൻ പോലും ഗതി പിടിക്കില്ല. ഒരു ഗതിയും പരഗതിയും ഇല്ലാത്ത സാധുക്കളെ ബാങ്ക് അക്കൗണ്ട് എന്ന കെണിയിൽ പെടുത്തി ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു ഭാഗം സർക്കാരിലേക്കും പോകുന്നുണ്ട്. സർക്കാർ സ്‌പോൺസേർഡ് ചൂഷണം തന്നെയാണ് ഈ ദ്രോഹവും.

ഉടുതുണിക്ക് മറുതുണിയില്ലാത്ത, ഒരു നേരത്തെ അന്നം പോലും അന്യമായ ഒരു സമൂഹത്തിന്റെ ശാപം ഭരണ കൂടമേ നിങ്ങളെ വിട്ടൊഴിയില്ല. രാജ്യദ്രോഹികളുടെ ഭരണം ജനദ്രോഹം ആകുന്നതിൽ അത്ഭുതപ്പെടാനും ഇല്ല.
  

ഉഡായിപ്പുകളുടെ ആശാന്മാർ ഭരണം കയ്യാളുമ്പോൾ പിച്ച ചട്ടികൾ പോലും കൊള്ളയടിക്കപ്പെടുന്നു.