Saturday, August 26, 2017

ബിറ്റ് കോയിൻ ലോകം കീഴടക്കാമോ?

സ്വയംഭൂവായ ഒരു നാണയം എന്ന് ബിറ്റ്കോയിനെ വിളിക്കാം. ജന്മം നൽകിയത് ആര്? പിറവി എവിടെ? എങ്ങിനെ വളർന്നു? ആര് വളർത്തി? അവകാശികൾ ആര്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഒന്നും തന്നെ കൃത്യം ആയ ഉത്തരങ്ങൾ ഇല്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ആയി കുറെ ഊഹാപോഹങ്ങൾ മാത്രം. പക്ഷേ ഒന്നുണ്ട്. നാണയ വിപണിയുടെ ചരിത്രത്തിൽ തന്നെ ബിറ്റ്കോയിന്റെ അത്രയും വേഗത്തിൽ വ്യാപകം ആയി പ്രചാരത്തിൽ എത്തിയ മറ്റൊരു നാണയവും ഭൂലോകത്ത് ഇല്ല തന്നെ. അതും ഭൗതിക രൂപം ഇല്ലാത്ത ഒരു നാണയം. ജന്മം കൊണ്ട ഒമ്പതാം വർഷത്തിൽ ലോകത്തിലെ ഏറ്റവും മൂല്യം ഉള്ള നാണയം ആയി ബിറ്റ്കോയിൻ മാറിയത് എങ്ങിനെ എന്ന് ചോദിച്ചാൽ അതിനും യുക്തിഭദ്രം ആയ ഉത്തരം ഇല്ല. ദുരൂഹതകളിൽ നിന്നും ദുരൂഹതകളിലേക്ക് ഉള്ള ക്രയവിക്രയം ആണ് ബിറ്റ്കോയിന്റെ ശക്തികയും ദൗർബല്യവും.


കോയിൻ (ചക്രം) എന്ന സങ്കല്പത്തെ കൃത്യം ആയി സാധൂകരിക്കുന്നതാണ് ബിറ്റ്കോയിന്റെ കൊടുക്കൽ വാങ്ങലുകൾ. രാഷ്ട്രങ്ങൾ, പ്രത്യായ ശാസ്ത്രങ്ങളുടെ വിധിവിലക്കുകൾ, ഉടമ്പടികൾ, സെൻട്രൽ ബാങ്കുകൾ, ഭരണഘടനകൾ, പണമിടപാട് നിയമങ്ങൾ, ലോക ബാങ്ക്, ഇമ്മാതിരി ഉള്ള അതിരുകളും നിബന്ധനകളും വാരികുഴികളും ഒന്നും ബിറ്റ്കോയിന്റെ മാർഗത്തിൽ തടസങ്ങൾ തീർക്കുന്നില്ല. അതങ്ങിനെ അനസ്യൂതം ഉടമകളിൽ നിന്നും ഉടമകളിലേക്ക് സ്വയം കറങ്ങി കൊണ്ടേ ഇരിക്കുന്നു. ഒരു ഉടമയിൽ നിന്നും നേരിട്ട് മറ്റൊരു ഉടമയിലേക്കു. ഇടനിലക്കാർ എന്നൊരു വർഗ്ഗമേ ഇല്ല.

രൂപം ഇല്ലാത്ത ഈ ചങ്ങാതിയെ എങ്ങിനെ സ്വന്തം ആക്കാം? മൂന്നു വിധത്തിൽ ബിറ്റ് കോയിൻ സ്വന്തം ആക്കാം. ഖനനം ചെയ്ത് എടുക്കാം, ബിറ്റ്കോയിന്റെ നാൾവഴി സൂക്ഷിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനു കൂലിയായി നാണയം നേടാം. മറ്റു കറൻസികൾ കൊടുത്ത് ബിറ്റ്കോയിൻ ഓൺലൈൻ വഴി വാങ്ങാം. അതായത് ഒരാൾക്ക് തന്നെ തൊഴിലാളിയും കണക്കപിള്ളയും മുതലാളിയും ഒക്കെ ആകാം എന്ന്. ഒരു സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥി അവന്റെ പഠന കാലത്ത് സ്വായത്തം ആക്കിയ നാണയങ്ങളുടെ ചട്ടക്കൂടിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഒക്കെയും തകിടം മറിക്കുന്ന സംവിധാനവും സാങ്കേതികത്വവും ആണ് ഈ പണത്തിന്റെ പ്രത്യാകത. ചിലർ വരുമ്പോൾ വഴിമാറേണ്ടി വരും എന്ന് കേട്ടിട്ടില്ലേ? അത് അക്ഷരം പ്രതി ശെരിയാവുക ബിറ്റ്കോയിന്റെ പണവിപണിയിലെ വരവ് ആണ്. പരമ്പരാഗത നാണയങ്ങൾ നിബന്ധനകളുടെ ചട്ടക്കൂട്ടിൽ കിടന്നു ഞെളിപിരി കൊള്ളുമ്പോൾ ബിറ്റ്കോയിൻ ഒരു വിധിവിലക്കുകളുടെ ഏടാകൂടങ്ങൾ ഇല്ലാതെ പണവിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നു.

കറൻസിയുടെ അടിസ്ഥാനം വിദേശ കറൻസികളുടെയും സ്വർണത്തിന്റെയും കരുതൽ ധനം ആണ് എന്നതാണ് ഏതൊരു സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിയും മനസ്സിൽ സ്റ്റാമ്പ് ചെയ്തു വെച്ചിരിക്കുന്ന പണസിദ്ധാന്തം. ഓരോ കറൻസിയെയും നിയന്ത്രിക്കുന്നത് അതാത് രാജ്യത്തെ സെൻട്രൽ ബാങ്കുകളോ, ധനകാര്യ മന്ത്രാലയങ്ങളോ ആയിരിക്കും. ഓരോ കറൻസിക്കും അതാത് രാജ്യത്തെ സംസ്കാരവും ആയി ബന്ധങ്ങൾ ഉണ്ടാകും. ഓരോ രാജ്യത്തിന്റെയും വളർച്ച തളർച്ചകളും ലോകത്ത് ഉണ്ടാകുന്ന സംഭവ വികാസങ്ങളും അതാത് രാജ്യത്തെ കറന്സികളുടെ മൂല്യത്തെയും അനുദിനം മാറ്റി മറിച്ച് കൊണ്ടിരിക്കും. ഒരു രൂപ നമ്മുടെ കയ്യിൽ ഉണ്ട് എങ്കിൽ അതിനു ആനുപാതിക ആയ സ്വർണത്തിന്റെ അംശവും വിദേശ കറൻസിയുടെ അംശവും നമ്മുടെ കയ്യിൽ ഉണ്ട് എന്ന് ആണ് പ്രമാണം. അങ്ങിനെ ഒരു വിധത്തിൽ ഉള്ള കരുതലുകളും ബിറ്റ്കോയിന്റെ കാര്യത്തിൽ ഇല്ല. ഫലം, പഠിച്ച ഇക്കോണമിക്സ് കിം നഹീം.

പിന്നെ എങ്ങിനെ ബിറ്റ്കോയിന് മൂല്യം ഉണ്ടാകുന്നു? അത് ലളിതം. വിപണിയുടെ ചോദനവും (demand) പ്രദാനവും (supply) മെറ്റീരിയൽസിന്റെ മൂല്യം നിശ്ചയിക്കുന്ന പോലെ ബിറ്റ്കോയിന്റെ പ്രദാനവും ചോദനവും സ്വയം മൂല്യത്തെ സൃഷ്ടിക്കുന്നു. വേണ്ട എന്ന് കരുതി നമ്മൾ എറിഞ്ഞു കളയുന്ന സാധനങ്ങളും കച്ചവടത്തിന് വെച്ചാൽ വിപണി സ്വയം അതിനും മൂല്യം കണ്ടെത്തും. അത് പോലെ പ്രചാരം കൂടുന്നതിന് അനുസരിച്ച് ബിറ്റ്കോയിന്റെ മൂല്യത്തിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. പരമ്പരാഗത കറൻസിയുടെ മൂല്യവും ഉറപ്പും ഒരു കെട്ടുകഥയാണ് എന്ന് ഭാരതീയരായ നമ്മെ ആരും പറഞ്ഞു പഠിപ്പിച്ച് തരേണ്ട ഒരു ആവശ്യവും ഇല്ല. വിശ്വസ്ഥയുടെ പരകോടി എന്ന് നാം വിശ്വസിച്ച് സൂക്ഷിച്ചിരുന്ന നമ്മുടെ കറൻസി ഒറ്റ രാത്രി കൊണ്ട് ടോയ്‌ലറ്റ് പേപ്പറിന് തുല്യം ആയതു നാം കണ്ടതും അനുഭവിച്ചതും ആണ്. അത് കൊണ്ട് കരുതൽ ധനം, നിയന്ത്രണങ്ങൾ എന്നൊക്കെ പൊടിപ്പും തൊങ്ങലും വെച്ച് പരമ്പരാഗത കറൻസികയെ പുകഴ്തത്താം എങ്കിലും ഇതൊക്കെയും വെറും മായയാണ്. ആ മായ പരോക്ഷം ആയാണ് പരമ്പരാഗത കറൻസികൾ നമ്മളിലേക്ക് എത്തിക്കുന്നത് എങ്കിൽ ഇതൊക്കെയും ആദ്യം തന്നെ തള്ളി "ഞാൻ ഇങ്ങിനെ ഒക്കെ ആണ്... വേണമെങ്കിൽ എന്നെ വിശ്വസിച്ചോ" എന്ന പ്രത്യക്ഷ നിലപാടിൽ ക്രയവിക്രയത്തിനു എത്തുന്ന സത്യസന്ധൻ ആണ് ബിറ്റ്കോയിൻ.

പണത്തിന്റെ ധർമ്മം എന്താണ്? ഒറ്റവാക്കിൽ പറഞ്ഞാൽ "കാര്യങ്ങൾ നടക്കണം." അതിനു ഏതെങ്കിലും രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് എപ്പോൾ വേണം എങ്കിലും പിൻവലിക്കാവുന്ന രീതിയിൽ അടിച്ചിറക്കുന്ന പേപ്പർ തന്നെ വേണം എന്നില്ല. ചില കമ്പനികൾ പ്രൊമോഷൻ ആയി നൽകുന്ന ഗിഫ്ട് കൂപ്പണുകൾ ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നില്ലേ? അവിടെ കറൻസിയുടെ ഇടനില ഇല്ലല്ലോ? നമുക്ക് കാര്യങ്ങൾ നടന്നാൽ മതി. കറൻസികളുടെയും ഇടപാടുകളുടെയും ഉപഭോക്താവിന്റെയും ഇടയിൽ ഉണ്ടായിരുന്ന ആ വിടവ് ആണ് ബിറ്റ്കോയിനെ പോലെ ഉള്ള പുതുതലമുറ നാണയങ്ങൾ നികത്തുന്നത്.

പരമ്പരാഗത ഡിജിറ്റൽ കറൻസി ഉപയോഗിക്കുമ്പോൾ ആര് എപ്പോൾ എന്തിനു ഉപയോഗിച്ചു എന്ന് രേഖപ്പെടുത്ത പെടും അല്ലോ? ബിറ്റ്കോയിന്റെ കാര്യത്തിൽ ഇത്ര കോയിൻ അതിന്റെ ഉടമയാൽ ചിൽവഴിക്കപെട്ടു അല്ലെങ്കിൽ ഉടമ ഇത്ര ബിറ്റ്കോയിൻ നേടി എന്നേ ബിറ്റ്കോയിന്റെ നാൾവഴിയിൽ (block link) രേഖപ്പെടുത്ത പെടുള്ളൂ. വാലറ്റിൽ ഇത്ര ബിറ്റ് കോയിൻ വന്നു, ഇത്ര ബിറ്റ് കോയിൻ പോയി. ദേ പോയി.... ദാ വന്നു. അത്ര തന്നെ. മറ്റു ഡെക്കറേഷനുകൾ ഒന്നും തന്നെ ഇല്ല. ആര് എപ്പോൾ എന്ത് ചെയ്തു? അത് നമ്മുക്ക് അറിയേണ്ട കാര്യം ഇല്ലല്ലോ. നമുക്കെന്താ കാര്യങ്ങൾ നടക്കണം. ബിറ്റ് കോയിന്റെ ഈ സൗകര്യം നിയമ വിരുദ്ധം ആയ കാര്യങ്ങൾക്ക് ബിറ്റ് കോയിൻ ഉപയോഗിക്കപ്പെടാം എന്നുള്ളതിനാൽ രാജ്യാന്തര തലത്തിൽ ബിറ്റ്കോയിൻ നിരോധിക്കപ്പെടാം. ആ നിരോധനത്തെ ബിറ്റ് കോയിൻ ഒരു പക്ഷേ അതിജീവിക്കാനുള്ള സാധ്യത കുറവ് ആണ്. ആരുടേയും നിയന്ത്രണത്തിൽ അല്ലാ എങ്കിലും ബിറ്റ്കോയിന്റെ ജീവ രക്തവും ജീവവായുവും ഇന്റർനെറ്റു ആണ്. അനഭിമതം ആയ സൈറ്റുകളിലേക്കു ഉള്ള വഴികൾ ഏതു രാജ്യത്തിനും എപ്പോൾ വേണം എങ്കിലും തടയാം എന്നിരിക്കേ അന്താരാഷ്ട്രാ തലത്തിൽ രാജ്യങ്ങൾ എല്ലാം കൂടി ചേർന്ന് ബിറ്റ്കോയിൻ ആപ്പ്ളികേഷനുകളും സൈറ്റുകളും ബ്ലോക്ക് ചെയ്‌താൽ അതോടെ ബിറ്റ് കോയിൻ അവസാനിക്കും.

ബിറ്റ് കോയിന്റെ രഹസ്യ സ്വഭാവം ആണ് അതിന്റെ ശക്തി. ആ ശക്തി ക്ഷയിപ്പിച്ചാലും ബിറ്റ് കോയിന് നില നിൽക്കാൻ കഴിയും എന്നത് കൊണ്ട് അന്താരാഷ്ട്രാ തലത്തിൽ ബിറ്റ്കോയിന്റെ രഹസ്യ സ്വഭാവത്തിൽ മാറ്റം വരുത്തണം എന്ന മുറവിളി ഉണ്ടായാൽ ഒരു പക്ഷെ ബിറ്റ് കോയിൻ ഫൗണ്ടേഷൻ ആ താല്പര്യത്തിനു വഴങ്ങിയേക്കും. അങ്ങിനെ ബിറ്റ് കോയിൻ നിലനിർത്താൻ ഫൗണ്ടേഷന് കഴിഞ്ഞേക്കും.

ബിറ്റ് കോയിൻ പോലെയുള്ള പുതു തലമുറ നാണയങ്ങളുടെ സാങ്കേതികത്വം ചർച്ച ചെയ്യുക ആയിരുന്നില്ല ഈ പോസ്റ്റുകളുടെ ഉദ്ദേശ്യം. നിക്ഷേപ സാധ്യതകൾ ആയിരുന്നു ലക്‌ഷ്യം വെച്ചത്. ഈ പോസ്റ്റിൽ ബിറ്റ്കോയിന് തുല്യം ആയതും വിപണിയിൽ ലഭ്യം ആയതും ആയ മറ്റു നാണയങ്ങളിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് മനസിലാക്കാം എന്ന ലക്ഷ്യത്തോടെ ആണ് ഈ പോസ്റ്റ് എഴുതി തുടങ്ങിയത്. ബിറ്റ്കോയിൻ എന്നെ വേറെ എങ്ങോട്ടൊക്കെയോ കൊണ്ട് പോയി. പോസ്റ്റ് കാട് കയറി. അത് കൊണ്ട് മേപ്പടി നാണയങ്ങളിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് അടുത്ത് പോസ്റ്റിൽ ചർച്ച ചെയ്യാം.