Friday, July 18, 2008

അനിസ്ലാമികം!

ഭാരതീയ മുസ്ലീം സമുദായത്തിന്റെ താത്പര്യ സംരക്ഷകരെന്ന നാട്യവുമായി മലപ്പുറമെന്ന മഹാരാജ്യത്ത് മാത്രം നിരന്ന് പരന്ന് പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലീം ലീഗെന്ന അഖില ഭാരതീയ മലപ്പുറം പാര്‍ട്ടിയില്‍ ഇപ്പോള്‍ ഇസ്ലാമിക മതവിധികള്‍ നടപ്പിലാക്കലിന്റെ നല്ലകാലം.

ഡോക്ടറുടെ നിലപാടുകള്‍ക്കെതിരേ ലീഗില്‍ പടപ്പുറപ്പാട് തുടങ്ങിയത് മറ്റേ പെങ്കൊച്ച് തന്റെ കൊച്ചിനേയും ഒക്കത്തിരുത്തി ഇന്‍ഡ്യാവിഷനില്‍ തകര്‍ത്താടിയതു മുതലാണ്. പോയ തിരഞ്ഞെടുപ്പ് മാമാങ്കത്തില്‍ കുഞ്ഞാലിക്കുട്ടി സാഹിബിനെ കെ.ടി.ജലീല്‍ സാഹിബ് എട്ടുനിലയ്ക്ക് പൊട്ടിച്ചതില്‍ ഇന്‍ഡ്യാ വിഷനുണ്ടായിരുന്ന പങ്കും വിലകുറച്ച് കാണേണ്ടുന്നതല്ല. പാണക്കാടും ചന്ദ്രികയും കോണിയുമല്ലാതെ മറ്റൊന്നും ഇസ്ലാമികമല്ലാ എങ്കിലും ഇന്‍ഡ്യാവിഷനും ഇടയ്ക്ക് അനിസ്ലാമികമല്ലാതിരുന്ന ഒരു കാലത്ത് സീരിയലുകള്‍ക്കിടയില്‍ മിന്നി മറഞ്ഞ് പോയ മറ്റേ പെങ്കൊച്ച് കുറ്റിപ്പുറം നിയോജക മണ്ഡലത്തിലെ ഇതാത്താമാരും ഇടയ്ക്കൊന്നു കണ്ടു പോയി. അതിനെ ഊതി വീര്‍പ്പിയ്ക്കാന്‍ കുഞ്ഞാലികുട്ടി സാഹിബിന്റെ തഞ്ചവും തരവും നേരിട്ടറിയാവുന്ന കെ.ടി. ജലീല്‍ സാഹിബിന് കൂടുതലൊന്നും ചെയ്യേണ്ടിയും വന്നില്ല. അങ്ങിനെ ഒരിയ്ക്കലും സംഭവിയ്ക്കില്ലാ എന്ന് കരുതിയത് കുറ്റിപ്പുറത്ത് അങ്ങ് സംഭവിയ്ക്കുക തന്നെ ചെയ്തു-പാണ്ടി ലോറിയെ തവള മറിച്ചു.

തിരഞ്ഞെടുപ്പിന് മുമ്പ് കുഞ്ഞാലി സാഹിബ് ഒന്ന് ചെയ്തു. വെറുതേ നോമിനേഷന്‍ കൊടുത്ത് വീട്ടിലിരുന്നാലും എം.എല്‍.എ. ആകാന്‍ കഴിയുന്ന മലപ്പുറമെന്ന ഉറച്ച സീറ്റില്‍ നിന്നും ഇത്തിരി ബുദ്ധിമുട്ടും തനിക്കിത്തിരി പിടിപാടുമുള്ള മങ്കടയിലേക്ക് ഉരുട്ടി മാറ്റി ഡോക്ടറെ എട്ടു നിലയ്ക്കും പൊട്ടിയ്ക്കാനുള്ള എല്ലാ കരുക്കളും നീക്കി കുഞ്ഞാലി സാഹിബ് ഞാനൊന്നുമറിഞ്ഞില്ലേയെന്നാക്കി മൂണ്ടാതെ നിന്നു. ഇന്‍ഡ്യാ വിഷനില്‍ മറ്റേ പെങ്കൊച്ച് അലറി വിളിച്ചതിന് പകരം മങ്കടയിലിട്ട് ഡോക്ടറെ കുഞ്ഞാലി സാഹിബ് നിലവിളിപ്പിച്ചു. ഒരോ നേതാവും ഒരോ ഗ്രൂപ്പായ ലീഗില്‍ ഇതൊന്നും പക്ഷേ ഗ്രൂപ്പ് പ്രവര്‍ത്തനമായി പുറം ലോകം അറിയുന്നതുമില്ല. കാരണം എല്ലാ ഗ്രൂപ്പിന്റെയും അരുമ നേതാവാണ് പാണക്കാട്ടെ കാര്‍ന്നോര്‍. അതുകൊണ്ട് എല്ലാം അവിടേയ്ക്ക് ഭാരമേല്‍പ്പിച്ച് അവരവര്‍ക്ക് ചെയ്യാനുള്ളത് പിന്നിലൂടെ ചെയ്തുകൊണ്ടേയിരിയ്ക്കും. അദ്ദാണ് മഹത്തായ ലീഗ് പാരമ്പര്യം.

അന്ന് തുടങ്ങിയതാ‍ണ് ഡോക്ടറെ പാര്‍ശ്വവല്‍ക്കരിക്കാനുള്ള ശ്രമം. സാമുദായിക രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണിച്ച കേരളീയ രൂപത്തില്‍ ജീര്‍ണ്ണിയ്ക്കാത്ത പ്രതിഛായ ഇത്തിരിപ്പോലമെങ്കിലും നിലനിര്‍ത്തി പോരുന്ന എം.കെ. മുനീര്‍ എന്ന നല്ല കലാകാരന്‍ ചെമ്പട എന്ന മലയാള സിനിമയില്‍ പാടുന്ന ഒരു രംഗം അനിസ്ലാമികമാണ്! സമുദായത്തിന്റെ മൃദുല വികാരങ്ങളെ അധികാര രാഷ്ട്രീയത്തിനായി ചൂഷണം ചെയ്യുന്ന ലീഗ് മുസ്ലീം സമുദായത്തെ ഇതര സമുദായങ്ങള്‍ക്ക് മുന്നില്‍ കോമാളി വേഷം കെട്ടിയ്ക്കുന്നതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എം.കെ.മുനീറിനെതിരെയുള്ള പടപ്പുറപ്പാട്. അമേരിക്കയ്ക്കെതിരേ ഇന്നലെ വരെ ഫത്‌വ പുറപ്പെടുവിപ്പിച്ചിട്ട് ഇന്ന് യാങ്കിക്ക് കുടപിടിയ്ക്കാന്‍ ഡോക്ടര്‍ മന്‍‌മോഹന്‍ സിങ്ങിന് കൂട്ടു നില്‍ക്കേണ്ടി വരുന്ന ഇരട്ടത്താപ്പില്‍ നിന്നും തത്ക്കാലം പാര്‍ട്ടി അംഗങ്ങളുടെ ശ്രദ്ധ വരുന്ന രണ്ടു ദിനങ്ങളിലേക്ക് പാണക്കാട്ട് നിന്നും മാറ്റി നിര്‍ത്താന്‍ ഉള്ള ഒരു ഉപായം എന്നതല്ലാതെ മറ്റൊന്നുമല്ല ഇപ്പോള്‍ ലീഗ് കാട്ടുന്ന മാടമ്പി തരം.

ഒരിയ്ക്കല്‍ ഈ.ടീ. സാഹിബ് വിളക്കിന് പുറം തിരിഞ്ഞ് നിന്ന് മുസ്ലീങ്ങള്‍ വെളിച്ച വിരോധികളാണ് എന്ന പ്രചാരണത്തിന് ശത്രുക്കള്‍ക്ക് വകയൊരുക്കി. ഒരോരോ കാലത്ത് ഇവറ്റകള്‍ക്ക് ഭൂതോദയം ഉണ്ടാകും. അപ്പപ്പോള്‍ തോന്നുന്നത് ഇസ്ലാമിന്റെ പേരില്‍ എഴുന്നുള്ളിയ്ക്കും. പേക്കൂത്തുകളേയും, അധമവികാരങ്ങളെ ഉണര്‍ത്തുന്ന ദൃശ്യങ്ങളേയും ഇസ്ലാം നിരോധിച്ചിട്ടുണ്ട്. ഫോട്ടോ എടുക്കുന്നതും, ഫോട്ടോ കാണുന്നതും അനിസ്ലാമികമാണ് എന്നൊരു വാദവും ഉണ്ട്. മനുഷ്യന്റെ ചലിയ്ക്കുന്ന ചിത്രങ്ങളും അനിസ്ലാമികമാണ്. നിക്കാഹിന് പങ്കെടുക്കുന്ന ഇമാമുമാര്‍ വീഡിയോ ചിത്രീകരണത്തില്‍ നിന്നും മുഖം തിരിയ്ക്കുന്നത് ഈ വിധിവിലക്ക് കൊണ്ടാണ്. അങ്ങിനെയെങ്കില്‍ ദിനേന പത്ര സമ്മേളനം നടത്തുന്ന ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും ഈ.ടിയും ഒക്കെ ചെയ്യുന്നതും അനിസ്ലാമികമല്ലേ?

ചാനലുകളില്‍ മുസ്ലീം ലീഗ് നേതാക്കന്മാരുടെ ചലിയ്ക്കുന്ന പ്രതിരൂപങ്ങള്‍ വരാതെ ഒരു ദിനവും അസ്തമിയ്ക്കുന്നില്ല. പത്രങ്ങളില്‍ - ഏറ്റവും കുറഞ്ഞത് ചന്ദ്രികയിലെങ്കിലും - ലീഗ് നേതാക്കന്മാരുടെ ചിത്രങ്ങള്‍ അടിച്ച് വരാത്ത ഒരു ദിനവും പുലരുന്നുമില്ല. മനുഷ്യന്റെ ചലിയ്ക്കുന്ന ചിത്രങ്ങളും ചലിയ്ക്കാ‍ത്ത ചിത്രങ്ങളും അനിസ്ലാമികമാകുമ്പോള്‍ സിനിമ എന്ന ചലിയ്ക്കുന്ന ചിത്രങ്ങള്‍ക്കെതിരേ ഉടവാളൂരുന്ന ലീഗ് നേതാക്കന്മാരെല്ലാവര്‍ക്കുമായി ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കല്‍ ഇസ്ലാമിക വിധിവിലക്കുകളില്‍ കാണാന്‍ കഴിയുമോ?

ഇടത്തും വലത്തും ചേര്‍ന്ന് നിന്ന് എക്കാലത്തും അധികാരത്തില്‍ വന്നിട്ടുള്ള ലീഗ് ചെയ്യുന്നതെല്ലാം ഇസ്ലാമികമാണോ? ഇസ്ലാമിന്റെ വിധിവിലക്കുകള്‍ക്ക് അനുസൃണമാണോ ലീഗ് നാളിന്ന് വരെ അധികാരം കയ്യാളിയിട്ടുള്ളത്.

ഐക്യജനാധിപത്യ മുന്നണി സംവീധാനം അധികാരത്തില്‍ വന്നിട്ടൂള്ള കാലമത്രയും വ്യവസായ വകുപ്പ് കയ്യടക്കി വെച്ചിട്ടുള്ളത് ലീഗാണ്. ലീഗ് അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിലെ ദേശസാല്‍കൃത ബാങ്കുകളെല്ലാം പിരിച്ച് വിട്ട് ഇസ്ലാമിക ബാങ്കിങ്ങ് സംവീധാനം ഒരുക്കിയിട്ടുണ്ട് എന്നൊന്നും നാളിതു വരെ കേട്ടിട്ടില്ല. വാണിജ്യ ബാങ്കുകളിലൂടെയും ട്രഷറികളിലൂടേയും സഹകരണ സംഘങ്ങളിലൂടെയുമൊക്കെയാണ് സര്‍ക്കാറിന്റെ ധനവിനിമയങ്ങള്‍ നടക്കുന്നത്. വാണിജ്യ ബാങ്കുകളും ട്രഷറികളും പ്രവര്‍ത്തിയ്ക്കുന്നത് പലിശയിലൂടെ ലഭിയ്ക്കുന്ന വരുമാനത്തിലും. സര്‍ക്കാറിന്റെ പണവും പലിശയില്‍ കൂടികലരും. അല്ലെങ്കില്‍ ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ സൃഷ്ടിയ്ക്കപ്പെടണം. അല്ലാത്തിടത്തോളം അധികാരം കയ്യാളുന്ന ലീഗും പലിശയില്‍ കുത്തി മറിയുക തന്നെ ചെയ്യേണ്ടി വരും. അവിടെ പലിശ അനിസ്ലാമികമാണ് എന്ന് സ്വയമറിയാമെങ്കിലും അതിന്റെ പേരില്‍ അധികാരം വിട്ടൊഴിയാന്‍ ഏതെങ്കിലും ലീഗ് നേതാവ് തുനിഞ്ഞിട്ടുണ്ട് എന്ന് കേട്ടിട്ടില്ല. എന്തായാലും സിനിമയേക്കാള്‍ അനിസ്ലാമികമാണ് പലിശ എന്നത് ഏതെങ്കിലും ഒരു ലീഗ് അണിക്ക് നിഷേധിക്കാന്‍ കഴിയുമെന്ന് തോന്നുന്നുമില്ല.

എട്ട് വര്‍ഷം മുമ്പ് നടന്ന ഒരു സര്‍വ്വേയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ളുഷാപ്പ് ഉള്ളത് മലപ്പൂറം ജില്ലയിലാണ് എന്ന റിപ്പോര്‍ട്ട് വന്നിരുന്നു. നികുതിയിനത്തില്‍ കള്ളുഷാപ്പില്‍ നിന്നും വരുന്ന വരുമാനം ലീഗിന്റെ ഭരണത്തിലുള്ള ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വേണ്ടെന്ന് വെച്ച വാര്‍ത്തയും നാളിതുവരെ കേട്ടിട്ടില്ല. മമ്മൂട്ടിയുടെ “പരുന്തിന്” ഇന്നലെ രാത്രി ആദ്യപ്രദര്‍ശനം ഒരുക്കി ചരിത്രം സൃഷ്ടിച്ച മലപ്പുറം നഗരസഭ ഭരിയ്ക്കുന്നതും ലീഗാണ്. വിനോദ നികുതിയിനത്തില്‍ സിനിമ എന്ന ഹറാമില്‍ നിന്നും ലഭിയ്ക്കുന്ന വരുമാനം അനിസ്ലാമികമാണെന്ന് ലീഗ് പറഞ്ഞതായി ഇന്നേവരെ കേട്ടിട്ടും ഇല്ല. അതായത് എല്ലാം ഇസ്ലാമിക വിധിവിലക്കുകള്‍ക്ക് അധിഷ്ടിതമായി മാത്രമേ ചെയ്യുള്ളൂ എന്ന് ലീഗ് വാശി പിടിച്ചാല്‍ ലീഗ് ഭരിയ്ക്കുന്ന മുനിസിപാലിറ്റികളില്‍ കള്ള് ഷാപ്പ് നിരോധിയ്ക്കണം. സിനിമാ കൊട്ടക നിരോധിയ്ക്കണം. ബാങ്കുകള്‍ നിരോധിയ്ക്കണം. ഇപ്പോള്‍ അനിസ്ലാമികമായ മേപ്പടി സ്ഥാപനങ്ങളൊക്കെയും അനസ്യൂതം പ്രവര്‍ത്തിയ്ക്കുന്നിടത്ത് ലീഗിനെ സംബന്ധിച്ചിടത്തോളം കള്ള് ഷാപ്പ് ഹറാമല്ല. സിനിമാ കൊട്ടക ഹറാമല്ല. ബാങ്കും പലിശയും ഹറാമല്ല. ഇന്നി കേരളത്തിലെ എല്ലാ ജില്ലാ അസ്ഥാനത്തും ലൈസന്‍സോടു കൂടി ലൈംഗിക തൊഴില്‍ ചെയ്യാമെന്നു വന്നാല്‍ അതിന് ഏര്‍പ്പെടുത്തുന്ന നികുതിയും ലീഗിന് ഹറാമാകണമെന്നുമില്ല.

എം.കെ. മുനീറെന്ന കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കലില്‍ കത്തി കയറ്റുന്ന ലീഗ് നേതാക്കള്‍ മനസ്സിലാക്കേണ്ടുന്ന ഏറ്റവും ചെറിയ തത്വം: ഒരു സിനിമയില്‍ എം.കെ. മുനീര്‍ സഭ്യതയുടെ അതിര്‍വര്‍മ്പുകള്‍ക്കൊന്നും ഭംഗം വരാതെ നാലുവരി പാട്ടു പാടിയത് ഒരു വേള പടച്ചവന്റെ മുന്നില്‍ ഹറാമാകണമെന്നില്ല. പക്ഷേ അക്ഷരങ്ങളെ വലിച്ച് കീറി അഗ്നിക്കിരയാക്കുന്നത് എല്ലാം അറിയുന്നവന്റെ മുന്നില്‍ ഹറാമല്ലാതെ മറ്റൊന്നുമായിരിയ്ക്കുകയും ഇല്ല....

അധികാരത്തിന് വേണ്ടി തന്റെ സമുദായത്തെ അടിയ്ക്കടി ഒറ്റുകൊടുക്കുന്ന ലീഗിന്റെ നേതാക്കന്മാരുടെ നരകത്തിലേയ്ക്കുള്ള നിരയിലെ ആത്മീയ ഗുരുമുതലെണ്ണിയാല്‍ അതിന്റെ ഏറ്റവും വാലറ്റത്തായിരിയ്ക്കും ഒരു പക്ഷേ ഡോക്ടറുടെ ഊഴം!