Thursday, December 08, 2011

ഇറച്ചി കടകളിലെ മനുഷ്യാവകാശം.

നഴ്സുമാര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ വാര്‍ത്ത അല്ലാതായിട്ടു കാലങ്ങളായി. വെറും  ശമ്പളം മാത്രം ലക്‌ഷ്യം ആക്കുന്ന ഒരാള്‍ക്കും നാഴ്സാവാന്‍ കഴിയില്ല തന്നെ. ദീനാനുകമ്പയും സേവന തല്പരതയും സാമൂഹ്യ പ്രതിബദ്ധതയും ഉന്നതമായ മാനുഷിക മൂല്യങ്ങളും ഒക്കെ കൂടി ചേര്‍ന്ന ഒരാള്‍ക്കേ നഴ്സിംഗ് പ്രൊഫെഷന്‍ തിരഞ്ഞെടുക്കാനും അതില്‍ ശോഭിക്കാനും കഴിയുള്ളൂ. അങ്ങിനെയുള്ളവര്‍ കുറെയൊക്കെ സഹന ശക്തി ഉള്ളവരും പ്രതികൂല  സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു  ജീവിക്കാന്‍ കഴിയുന്നവരും ആയിരിക്കും. ഈ സഹന ശക്തി എപ്പോഴും ചൂഷണ വിധേയം ആയിരിക്കുകയും ചെയ്യും.

തരം കിട്ടിയാല്‍ തങ്ങളുടെ തന്നെ ശുശ്രൂഷയില്‍ കഴിയുന്നവരും തരമുണ്ടാക്കി സഹ ജീവനക്കാരും പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ വിഭാഗം എപ്പോഴും അരക്ഷിതാവസ്ഥയില്‍ തന്നെയായിരിക്കും തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ വ്യാപരിക്കുന്നത്. പീഡനങ്ങള്‍ക്കെതിരെ  പരാതി  പെട്ടാല്‍ മിക്കവാറും വാദി തന്നെ പ്രതിയാകുന്ന അവസ്ഥകളും ഉണ്ടാകും. അത് കൊണ്ട് തന്നെ തൊഴില്‍ മേഖലയില്‍ നിന്നും ഉണ്ടാകുന്ന തിക്താനുഭവങ്ങളെ കണ്ടില്ല എന്ന് നടിച്ചും കഴിയുന്നിടത്തോളം സ്വയം  ഒഴിവായും ഒതുങ്ങി കൂടിയും കഴിയുന്ന സമൂഹത്തിലെ ഏറ്റവും അനിവാര്യം ആയ ഒരു തൊഴില്‍ മേഖലയില്‍ - അല്ല സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗത്തെ എപ്പോഴും അടിമകള്‍ ആക്കി വെക്കാനാണ് "ആശുപത്രി വ്യാപാരികള്‍" ശ്രമിക്കുന്നത്.

ഇറച്ചി കടകളും  ഇപ്പോഴുള്ള ആശുപത്രികളും തമ്മില്‍ എന്തെങ്കിലും തരത്തില്‍ വ്യത്യാസം ഉണ്ടെങ്കില്‍ അത്  ഇറച്ചി കാര്‍ന്നെടുക്കുന്നതില്‍ മാത്രമേ ഉള്ളൂ. ഒരിടത്ത് കൊന്നതിനു ശേഷം തോലുരിച്ചു മാംസം അറുത്തു എടുക്കുന്നു. മറ്റൊരിടത്ത് ഇരയുടെ മാംസം  ജീവനോടെ കാര്‍ന്നെടുക്കുന്നു.

പണം ഉണ്ടാക്കാനുള്ള എളുപ്പ വഴി എന്ന നിലക്കാണ് ഇന്ന് മിക്കവാറും എല്ലാ ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്. മനുഷ്യന് ഏറ്റവും വിലപ്പെട്ടത്‌ ജീവനായത്‌ കൊണ്ട് തന്നെ അതിനെ നിലനിര്‍ത്താന്‍ എന്ത് വില കൊടുക്കാനും മനുഷ്യന്‍ എപ്പോഴും തയ്യാറായിരിക്കും. കിട്ടുന്ന ജീവനെ തട്ടി കളിച്ചു തടിച്ചു കൊഴുക്കുന്ന മാനേജുമെന്റുകള്‍ ഇറച്ചി കടയിലെ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സ് മാരെയും പിഴിയുന്നു. ഡോക്ടറന്മാരെ പിഴിഞ്ഞെടുക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. കാരണം ഇറച്ചി കടയിലെ അറവുകാര്‍ ഈ വിഭാഗം ആയതു കൊണ്ട് അവരെ അവരുടെ സ്വര്‍ഗത്തില്‍ വിഹരിക്കാന്‍ വിടുകയാണ് പതിവ്. അറവു കാരന്‍ ഇല്ലാതെ ഇറച്ചിക്കട നടന്നു പോകില്ലല്ലോ?

കേരളത്തിന്റെ സ്വന്തം മാലാഖമാര്‍ക്ക് ലോകമെമ്പാടും അര്‍ഹിക്കുന്ന അംഗീകാരവും പ്രതിഫലവും സേവന മേഖലയില്‍ സുരക്ഷിതത്വവും ലഭിക്കുമ്പോള്‍ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാലാഖ കുട്ടികള്‍ക്ക് മാനഹാനിയും, പീഡനവും, തൊഴില്‍ മേഖലയിലെ അരക്ഷിതാവസ്ഥയും ആണ് നാം കനിഞ്ഞു നല്‍കുന്നത്. സഹികെട്ട് സേവന വേതന വ്യവസ്ഥയില്‍ മാറ്റം ആവശ്യപ്പെട്ടാല്‍ ക്രൂരം ആയ ശിക്ഷയും പീഡനവും. കൂട്ടം ചേര്‍ന്നാല്‍ തെരിവിലിട്ടു തല്ലലും
പിന്നെ കൊല്ലാകൊലയും അപവാദ പ്രചാരണവും. കേരളത്തിന്റെ സ്വന്തം മാലാഖ കുട്ടികളെ ദില്ലിയിലോ മുംബായിലോ ഇട്ടു തല്ലിയാല്‍ നാം ചന്ദ്രഹാസം ഇളക്കും. നമ്മുടെ ഭൂമി മലയാളത്തില്‍ ആണെങ്കില്‍ പിന്നെ "അവളുമാര്‍ക്ക് അത് ഇത്ര അഹങ്കാരമോ? അത് തന്നെ വേണം" എന്ന നിലപാടും.

ഏറ്റവും ഒടുവില്‍ കൊല്ലത്തെ പ്രശസ്തമായ ശങ്കേഴ്സിലും കൊച്ചിയിലെ അമൃതയിലും നേഴ്സുമാര്‍ ആക്രമിക്കപ്പെട്ടു - പട്ടാപകല്‍ പരസ്യം ആയി. ചാനലുകളില്‍ കൂടി ലൈവായി നാം അത് കണ്ടു ആസ്വാദിച്ചു. ദില്ലിയിലും മുംബയിലും കല്‍ക്കട്ടയിലും മലയാളീ നഴ്സുമാര്‍ അക്രമിക്കപെട്ടപ്പോള്‍ ഇരയുടെ പക്ഷം പിടിച്ചു നിരന്തര ചര്‍ച്ചകളും വിശകലങ്ങളും നടത്തിയ ദ്രിശ്യ ശ്രവ്യ  മാധ്യമങ്ങള്‍ എല്ലാം ഒരേ പോലെ അക്രമങ്ങളെ കണ്ടില്ല എന്ന് നടിച്ചു സുഖം ആയി ഉറങ്ങുന്നു. ചാനലുകള്‍ അടിക്കുന്ന വഴിയെ മാത്രം ചരിക്കുന്ന നമ്മളും ഇതൊന്നും കാണുന്നേയില്ല.


അമ്മ നടത്തുന്ന ഇറച്ചി കടയില്‍ ആണെങ്കിലും അമ്മാമമാര്‍  നടത്തുന്ന അറവു ശാലകളില്‍ ആണെങ്കിലും ഉപ്പാപ്പമാര്‍ നടത്തുന്ന പീടികകളില്‍ ആണെങ്കിലും പീഡിപ്പിക്ക പെടുന്ന നഴ്സുമാര്‍ സമൂഹത്തിന്റെ സഹതാപവും സ്നേഹവും ആദരവും അര്‍ഹിക്കുന്നുണ്ട്. ഡോക്ടറന്മാരുടെ കഴുത്തറപ്പന്‍ സമരം പോലെ അല്ല ഇത്. ഇവരുടെ സമരം അതിജീവനത്തിനു വേണ്ടിയുള്ളതാണ്. ലക്ഷങ്ങള്‍ എണ്ണി വാങ്ങുന്ന ഡോക്ടറന്മാരുടെ സമരം ജനദ്രോഹവും ഇവരുടെ സമരം ജനപക്ഷവും ആയിട്ടാണ് കണക്കാക്കേണ്ടുന്നത്. വേട്ടക്കാരന്റെ അത്യാഗ്രഹവും ഇരയുടെ പ്രാണ വേദനയും തമ്മിലുള്ള വ്യത്യാസം ഇരു സമരങ്ങളിലും തൊട്ടറിയാം.

ശങ്കേഴ്സിലും അമൃതയിലും തുടങ്ങിയിട്ടേ ഉള്ളൂ എന്നാണ് തോന്നുന്നത്. ജൂബിലിയിലും അസീസിയായിലും അമലയിലും തുടങ്ങി ഭൂമിമലയാളത്തിലെ സ്വകാര്യ ആശുപത്രികള്‍ എന്ന ഇറച്ചി കടകളിലെ നഴ്സുമാര്‍ കൂട്ട സമരത്തിന്റെ പാതയിലാണെന്നാണ് പിന്നാമ്പുറം. അതി ജീവനത്തിനു വേണ്ടിയുള്ള ഈ സഹന സമരത്തെ അടിച്ചമര്‍ത്താന്‍  പച്ചയിറച്ചി വ്യാപാരികള്‍ക്കു അധികാരത്തിന്റെ കൂട്ടുണ്ടാവും എന്നുറപ്പ്.  അറവു ശാലയില്‍ നിന്നും എറിഞ്ഞു കൊടുക്കുന്ന ഉച്ചിഷ്ടം നക്കി വാലും കാലിന്റിടയില്‍ തിരുകി യജമാന ഭക്തിയോടെ മുരളുന്ന ചാനലുകലുക്കും മാധ്യമങ്ങള്‍ക്കും ഈ സമരം ഒരു വാര്‍ത്തയും ആകില്ല. അപ്പോഴും പ്രതീക്ഷയുള്ളത് നവീന മാധ്യമങ്ങളില്‍ ആണ്.

അടിമ കച്ചവടത്തിന് തുല്യം ആയ കേരളത്തിലെ നഴ്സിംഗ് മേഖലയിലെ അതിജീവനത്തിനു വേണ്ടിയുള്ള  സമരത്തിന്‌ കേരള സമൂഹത്തിന്റെ പിന്തുണ അനിവാര്യം ആണ്. കിരാത ഭരണ കൂടങ്ങളെ മറിക്കാന്‍ തക്ക ശേഷിയുള്ള നവീന മാധ്യമങ്ങളിലെ ആശയ സംവാദങ്ങള്‍ക്ക് സമൂഹത്തിന്റെ ശ്രദ്ധ അര്‍ഹിക്കുന്ന നഴ്സുമാരുടെ സമരത്തിന്‌ പിന്തുണ നല്‍കാന്‍ കഴിയണം. അത് ഈ സമൂഹം നില നില്‍ക്കേണ്ടുന്നതിനു ആവശ്യം ആണ്.

സാമൂഹ്യ  മനസാക്ഷി ഉണരണം. അല്ലെങ്കില്‍ ഇവര്‍ അടിച്ചു ഒതുക്ക പെട്ടേക്കാം...