Thursday, October 10, 2013

നവാബിന് സ്മരണാഞ്ജലികൾ...

  
 
നവാബ് രാജേന്ദ്രന്‍ കടന്നു പോയിട്ട് ദശാബ്ദം പിന്നിടുന്നു.
നീതി നിഷേധങ്ങള്‍ക്കും തീവെട്ടി കൊള്ളകള്‍ക്കും പകല്‍ മാന്യതയ്ക്കും എതിരേ ഒറ്റയാള്‍ പോരാട്ടം നടത്തി ഭരണകൂടങ്ങളുടേയും അഭിനവ മാടമ്പിമാരുടേയും ഉറക്കം കെടുത്തി മലയാളിയുടെ രോഷത്തിന്റെ പരിഛേദമായി വെട്ടിയൊതുക്കാത്ത താടിയും മുടിയും നീട്ടി വളര്‍ത്തി ഭരണകൂട ഭീകരത പല്ല് പറിച്ചെടുത്ത മോണയും ചുണ്ടില്‍‍ എരിയുന്ന ബീഡിയുമായി നമ്മുടെ നീതി പീഠങ്ങളില്‍ അവസാന ശ്വാസം വരെ പോരടിച്ച് നവാബ് രാജേന്ദ്രന്‍ എന്ന നിസ്സാര മനുഷ്യന്‍ നമ്മളില്‍ നിന്നും പിരിഞ്ഞിട്ട് ഇന്ന് ഒരു ദശാബ്ദം തികയുന്നു.

ആയിരത്തി തൊള്ളായിരത്തി അമ്പതില്‍ പയ്യന്നൂരില്‍ പിറന്ന് വീണ രാജേന്ദ്രന്‍ അഴിമതിക്കും ഭരണകൂട ഭീകരതകള്‍ക്കും എതിരേ “നവാബ്” പത്രത്തിലൂടെ പോരാട്ടം തുടങ്ങിയത് ഇരുട്ടിന്റെ ശക്തികളുടെ ഉറക്കം കെടുത്തി. “നവാബ്” അനീതികള്‍ക്കെതിരെ ആഞ്ഞടിച്ചപ്പോള്‍ രാജേന്ദ്രനെ “നവാ‍ബ് രാജേന്ദ്രന്‍” ആയി മലയാളം ഹൃദയത്തിലേറ്റു വാങ്ങി.

ശല്യക്കാരനായ വ്യവഹാരിയാക്കി മാറ്റാന്‍ ശല്യക്കാരുടെ കൂട്ടായ്മയായ കേരള സര്‍ക്കാറിന്റെ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ കെട്ടിയ കേസ് ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളികൊണ്ട് ഹൈകോടതി ജഡ്ജി സുകുമാരന്‍ നായര്‍ പുറപ്പെടുവിപ്പിച്ച ഉത്തരവ് നവാബ് രാജേന്ദ്രന്റെ മനുഷ്യസ്നേഹത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന് കിട്ടിയ നിയമസാധുതയായിരുന്നു. പൊതു താല്പര്യ ഹര്‍ജ്ജി എന്ന് കേട്ടു കേള്‍വി പോലും ഇല്ലാതിരുന്ന ഒരു കാലത്ത് സമൂഹത്തിലെ തിന്മകള്‍ക്കെതിരേ നവാബ് രാജേന്ദ്രന്‍ തൊടുത്തു വിട്ട മിക്ക പോരാട്ടങ്ങളും വിജയം കണ്ടു. പൊതു തല്പര്യങ്ങള്‍ക്ക് വേണ്ടി പോരാടിയ നവാബ് എന്ന എളിയ മനുഷ്യനെ തെരുവില്‍ നേരിട്ടാണ്‍ ഭരണകൂടവും ഇരുട്ടിന്റെ ശക്തികളും പകല്‍ മാന്യതയും നിശ്ശബ്ദനാക്കാന്‍ ശ്രമിച്ചത്. പണത്തിനും പ്രലോഭനങ്ങള്‍ക്കും ഒരിക്കലും വഴങ്ങിയിട്ടില്ലാത്ത നവാബ് അഭിനവ പൊതുതാല്പര്യ ഹര്‍ജ്ജിക്കാരില്‍ നിന്നും വ്യത്യസ്തനാകുന്നതും അതു കൊണ്ട് തന്നെ. ഭീഷണിക്കും പച്ചനോട്ടുകള്‍ക്കും പ്രലോഭനങ്ങള്‍ക്കും നവാബിനെ തന്റെ പ്രവൃത്തി പഥത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. പച്ച നോട്ടുകള്‍ നവാബ് രാജേന്ദ്രന്റെ വൈകല്യമായിരുന്നു എങ്കില്‍ മുഷിഞ്ഞ ഒറ്റ ജൂബയില്‍ ജീവിതം നയിക്കേണ്ടി വരില്ലായിരുന്നു ആ മനുഷ്യ സ്നേഹിക്ക്.

ജീവിതം മുഴുവന്‍ വ്യവഹാ‍രങ്ങള്‍ക്കും നീതിക്കും വേണ്ടി ഉഴിഞ്ഞ് വെച്ച് നവാബ് രാജേന്ദ്രന്‍ രണ്ടായിരത്തി മൂന്ന് ഒക്ടോബര്‍ പത്താം തീയതി വിട പറഞ്ഞപ്പോള്‍ മലയാളിക്ക് നഷ്ടപ്പെട്ടത് മലയാളിയുടെ രോഷത്തിന്റെ അഗ്നി നാളമായിരുന്നു। വ്യവഹാരങ്ങളല്‍ ജീവിക്കാന്‍ മറന്ന മനുഷ്യ സ്നേഹത്തിന്റെ എല്ലിച്ച പ്രതീകത്തിന്റെ അന്ത്യാഭിലാഷം പോലും നിറവേറ്റി കൊടുക്കാതെ കേരള സമൂഹം ആ മനുഷ്യനെ അപമാനിച്ചു. തന്റെ മൃതശരീരം മണ്ണിന്‍‍ നല്‍കാതെ കുട്ടികള്‍ക്ക് പഠിക്കാന്‍ വിട്ടുകൊടുക്കണം എന്ന നവാബ് രാജേന്ദ്രന്റെ ആഗ്രവും ഭരണകൂടം കുഴിച്ചു മൂടി. എല്ലിന്‍ കൂട് തങ്ങള്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട് എന്ന മെഡിക്കല്‍ കോളേജ് അധികാരികളുടെ അവകാശവാദം മറ്റൊരപമാനമായി. എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി പുതുക്കാനായി തനിക്ക് പുരസ്കാരമായി ലഭിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിക്കണം എന്ന നവാബ് രാജേന്ദ്രന്റെ ആഗ്രവും നിവര്‍ത്തിച്ച് കൊടുക്കാന്‍ നമ്മുക്ക് കഴിഞ്ഞില്ല. ഇതൊക്കെ നേടാന്‍ നവാബ് വി.ഐ.പി ആയിരുന്നില്ലല്ലോ? ജീവിച്ചിരുന്നപ്പോള്‍ മരിച്ചവരെ കുറിച്ച് ഓര്‍ത്ത് സഹതപിച്ച നവാബ് രാജേന്ദ്രന്‍ അവിടേയും തന്റെ വേറിട്ട പ്രവര്‍ത്തന ശൈലി സമൂഹവുമായി പങ്കു വെക്കാനാണ് ശ്രമിച്ചത്. പക്ഷേ നവാബ് രാജേന്ദ്രനെ ഉള്‍കൊള്ളാന്‍ നമ്മുടെ ഉപഭോത്കൃ മനസ്സ് ഇപ്പോഴും സജ്ജമായിട്ടില്ല. ഒരു ഓര്‍മ്മകുറിപ്പ് പോലും ഇല്ലാതെ നവാബിന്റെ ചരമ ദിനങ്ങൾ കടന്നു  പോകുന്നത് അത് കൊണ്ടാണ്.

നവാബ് രാജേന്ദ്രന്‍ ഒഴിച്ചിട്ട് പോയ സിംഹാസനത്തില്‍ കയറി കൂടാന്‍ അഭിനവ പൊതു താല്പര്യ വ്യവഹാരികളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടായിട്ടും നവാബിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞ് തന്നെ കിടക്കുന്നു. നവാബ് രാജേന്ദ്രന് പകരം വെക്കാന്‍ മലയാളിക്ക് കത്തുന്ന രോഷം വീണ്ടും ജന്മമെടുക്കുമെന്ന് കരുതുക വയ്യ. അതു കൊണ്ട് നവാബിന്റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ കഴിയാത്ത സമൂഹം അദ്ദേഹത്തിന്റെ എല്ലിന്‍കൂട് നശിപ്പിക്കരുത്. അത് സൂക്ഷിച്ച് വെക്കണം. പ്രതികരണ ശേഷി നഷ്ടപ്പെട്ട് അലസമായി ഉറങ്ങുന്ന നാളെയുടെ പുതു തലമുറക്ക് ഉണര്‍ത്ത് പാട്ടാകാന്‍ ആ എല്ലിന്‍ കൂട് നമ്മുക്ക് കാട്ടി കൊടുക്കാം. എന്നിട്ട് പറയാം ഇങ്ങിനെയും ഒരാള്‍ നമ്മുക്കിടയില്‍ ജീവിച്ചിരുന്നു എന്ന്....