Sunday, December 30, 2018

സുപ്രീം കോടതിയുടെ ഉണർത്ത് പാട്ട്.

ശബരിമല യുവതീപ്രവേശന സുപ്രീം കോടതി വിധി:

എല്ലാം തികഞ്ഞ സ്ത്രീ സമൂഹം ആണ് പ്രബുദ്ധ കേരളത്തിലേത് എന്ന മിഥ്യാ ധാരണ അടപടലം പൊളിച്ച സംഭവം. അബലയും അശുദ്ധയും ആയി പുരുഷാധിപത്യത്തിന്റെ പാരതന്ത്ര്യം പേറി ആലസ്യത്തിൽ ആണ്ട പെൺ സമൂഹത്തെ അടിച്ചുണർത്തി യാഥാർഥ്യ ബോധത്തിലേക്ക് മടക്കി കൊണ്ട് വരാൻ സഹായിച്ചു എന്നിടത്താണ് സുപ്രീം കോടതി വിധി പ്രസക്തമാകുന്നത്. ഇങ്ങിനെ ഒരു കോടതി വിധിയും അതേകുറിച്ചുള്ള ചർച്ചയും ആണ് എല്ലാം തികഞ്ഞത് എന്നിടത്ത് നിന്നും ഒന്നും ഇല്ലായ്മയെ നാം തിരിച്ചറിയുന്നത്. നടകയറുക എന്നതിനും അപ്പുറം നാടിനൊപ്പം ആയിരിക്കാൻ പോരടിക്കുക എന്നതാണ് അനിവാര്യം ആയതു എന്ന് പെണ്ണ് തിരിച്ചറിയുന്ന ദിവസങ്ങളിലൂടെ ആണ് നാം കടന്നു പോകുന്നത്.

വനിതാ മതിൽ:
എല്ലാം തികഞ്ഞു എന്ന് അഹങ്കരിച്ചിരുന്ന നാം ഒന്നും ആയിട്ടില്ല എന്നിടത്ത് എത്തി നിൽക്കുമ്പോൾ എന്തെങ്കിലും ആകാൻ ഉള്ള പ്രതിരോധം. നടകയറുക എന്നതിനും അപ്പുറം നാടിനൊപ്പം ജീവിക്കാൻ പെണ്ണിന് ഒരു ഐക്യദാർഢ്യം.

നമ്മുടെ പെൺ സമൂഹം നാം അറിയാത്ത പാരതന്ത്ര്യത്തിൽ ആണ്. അറിഞ്ഞോ അറിയാതെയോ നമ്മൾ സ്നേഹപൂർവ്വം ഒരുക്കിയ പാരതന്ത്ര്യത്തിൽ. അത് തിരിച്ചറിയാൻ നമുക്ക് ഒരു സുപ്രീം കോടതി വിധി വേണ്ടി വന്നു.

പോരാടുക പെണ്ണെ... നിനക്ക്  തുണ  നീ മാത്രം എന്നറിയുക.

Friday, March 16, 2018

വയൽക്കിളികൾ.

  

രു ശതമാനം മാത്രം ആണ് ശൈശവ മരണം എന്ന ഒരു സ്റ്റാറ്റിസ്റ്റിക്‌സ് വന്നു എന്നിരിക്കട്ടെ. പഠനം നടത്തുന്നവർക്ക് തൊണ്ണൂറ്റി ഒമ്പതു ശതമാനം ശിശുക്കളും രക്ഷപെടുന്നു എന്ന കണക്ക് കൂട്ടി എല്ലാം ശെരിയാണ് എന്ന് കുറിപ്പെഴുതി പുസ്തകം അടയ്ക്കാം. പക്ഷേ മരണപ്പെടുന്ന ആ ഒരു ശിശുവിന്റെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം മരണനിരക്ക് നൂറു ശതമാനം ആണ്.
.
ഭൂരിപക്ഷവും അനുകൂലിക്കുമ്പോഴും അഞ്ചു കുടുംബങ്ങൾക്ക് എതിർപ്പുണ്ടു എങ്കിൽ ആ അഞ്ചു പേരെയും അനുഭാവ പൂർവം കേൾക്കാൻ സർക്കാരും അധികാരികളും തയ്യാറാകണം. അവസാനത്തെ ആളെയും അനുരഞ്ജനത്തിലേക്ക് എത്തിക്കുമ്പോൾ മാത്രമേ രാജ്യനീതി പൂർണം ആകുള്ളൂ.
.
ഭൂരിപക്ഷത്തിന്റെ അടിച്ചേൽപ്പിക്കപ്പെടുന്ന തീരുമാനം ശിരസ്സാ വഹിച്ചുകൊള്ളണം എന്ന് വാശിപിടിക്കുമ്പോൾ പശുവിനെ മാതാവായും ബീഫ് ഹറാം ആയും കാണേണ്ടി വരും.
.
അസതൃപ്തരെ സൃഷ്ടിക്കാൻ ഭരണകൂടത്തിന് എളുപ്പം ആണ്. കർഷകരെ അസംതൃപ്തരാക്കി ഒരു ഭരണകൂടത്തിനും മുന്നോട്ടു പോകാൻ കഴിയില്ല. ആ അഞ്ചു കുടുംബങ്ങൾ അനേകരെ അസംതൃപ്തരാക്കും. ജാഗ്രത വേണം.

തെലുങ്ക് ദേശം പാർട്ടി ദേശീയ ജനാധിപത്യ സഖ്യം വിടുമ്പോൾ...





"എൻ ഡി ഏയിൽ നിന്നും ടീ ഡി പി വിട്ടു. മോഡി സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം വരും" : വാർത്ത.
.
ആദ്യത്തെ വാർത്ത ആഘോഷിക്കണം. രണ്ടാമത്തെ സൂചന അബദ്ധം ആകും.
.
എൻ ഡി എയ്ക്ക് ഇപ്പോൾ സ്പീക്കർ ഉൾപ്പടെ 330 പേരുടെ പിന്തുണ ഉണ്ട്. തെലുങ്ക് ദേശത്തിന്റെ 16 എം പി മാർ പോയാലും പിന്നെയും 314 പേരുടെ പിന്തുണ സർക്കാരിന് ഉണ്ടാകും. ഇടഞ്ഞു നിൽക്കുന്ന ശിവസേനയുടെ 18 എംപി മാരും കൂടി സർക്കാരിന് എതിരെ തിരിഞ്ഞാലും സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടില്ല. പിന്നെയും 25 അംഗങ്ങളുടെ ഭൂരിപക്ഷം ഫാസിസ്റ്റ് സർക്കാരിന് ഉണ്ടാകും.
.
ആകെ മൊത്തം വിയർത്തു പൊരിഞ്ഞു കുഴഞ്ഞു നിൽക്കുന്ന സർക്കാരിനെതിരെ വെറുതെ കൊണ്ട് വരുന്ന അവിശ്വാസ പ്രമേയത്തിന്റെ പരാജയം അവർക്ക് പുതുജീവൻ നൽകും. അവിശ്വാസത്തെ അതിജീവിച്ച മോദിക്ക് അഗ്നിശുദ്ധി വരുത്തിയ പ്രതിശ്ചായ ഉണ്ടാക്കും. സംഘ പരിവാർ ഐറ്റി സെൽ അവിശ്വാസ പ്രമേയത്തിന്റെ പരാജയത്തെ യുഗപുരുഷൻ മോദിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ മറ്റൊന്ന് കൂടി എന്ന രീതിയിൽ പ്രചണ്ഡ പ്രചാരണം നടത്തും.
.
എൻ ഡി ഏ ഉലഞ്ഞു തുടങ്ങി. വെറും വെറുതെ ഒരു അവിശ്വാസ പ്രമേയം കൊണ്ട് വന്നു ആ ഉലച്ചിലിനെ ഉറപ്പിക്കരുത്. പ്രതിപക്ഷ നിര എപ്പോഴും കാട്ടുന്ന അബദ്ധം ഇപ്പോഴും തുടരരുത്.
.
റ്റീ ഡീ പിയുടെ നിലപാട് പക്ഷേ കൂടുതൽ ആഹ്ലാദം പകരുന്നത് രാജ്യസഭയിലെ അവരുടെ 6 എംപി മാരുടെ സാനിദ്ധ്യം കൊണ്ട് ആണ്. രാജ്യസഭയിൽ കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന എൻ ഡി ഏ യ്ക്ക് ഇനി ഈ സർക്കാർ കാലാവധിയിൽ ഭൂരിപക്ഷം തികയ്ക്കാൻ കഴിയില്ല. ഫാസിസം ചുട്ടെടുക്കാൻ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധ, ജനവിരുദ്ധ, മാനവ വിരുദ്ധ നിയമ നിർമ്മാണങ്ങൾ രാജ്യസഭയുടെ കാവൽ ഉണ്ടായത് കൊണ്ടാണ് നിയമം ആകാതെ പോകുന്നത്. രാജ്യത്തെ രക്ഷപെടുത്തി നിലനിർത്തുന്നത് രാജ്യസഭയിലെ എൻ ഡി ഏ വിരുദ്ധ പ്രതിരോധ നിരയാണ്. ആ ആറു പേരും കൂടി പ്രതിപക്ഷത്തേക്ക് എത്തുമ്പോൾ രാജ്യസഭയിലെ കേവല ഭൂരിപക്ഷം എന്ന സംഘീ സ്വപ്നം ആണ് അസ്തമിക്കുന്നത്.
.
ജനാധിപത്യത്തിലെ ഏറ്റവും മനോഹരം ആയ നിമിഷങ്ങളും കാഴ്ചകളും ചലനങ്ങളും ആയിട്ടാണ് ഈ വാരം കടന്നു പോകുന്നത്. ജനാധിപത്യം ജനതയെ ചതിക്കില്ല. പ്രകാശം അകലെയല്ല. പ്രതീക്ഷകൾ ബാക്കി ആവുന്നു.