Saturday, March 29, 2014

സിസ്റ്റർ അഭയാ കേസിന്റെ നാൾ വഴികളിലൂടെ - ഭാഗം 1
സിസ്റ്റര്‍ അഭയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിട്ട് ഇന്ന്  ഇരുപത്തി രണ്ടു  വര്‍ഷം പിന്നിടുന്നു. ലോക്കല്‍ പോലീസിന്റെ കാഴ്ചപ്പാടില്‍ ആത്മഹത്യ. ലോക്കല്‍ പോലീസിന്റെ അനുമാനത്തിന്റെ കീഴെ ക്രൈംബ്രാഞ്ച് ഒപ്പു വെച്ചു. നാട്ടുകാര്‍ ഒച്ച വെച്ചു. സി.ബി.ഐ കളത്തിലിറങ്ങി.

മരണം ആത്മഹത്യ തന്നെയെന്ന് ആദ്യം സി.ബി.ഐ. പിന്നെ ആത്മഹത്യ അല്ല കൊലപാതകമാകാമെന്നായി. കൊലപാതകം തന്നെ പക്ഷേ കൊലപാതകി ആരെന്നറിയില്ല - തുടര്‍ന്ന്.

സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തതല്ല, കൊലചെയ്യപ്പെട്ടതാണ്, കൊലപാതകിയെ അറിയുകയും ചെയ്യാം പക്ഷേ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്ന നാണംകെട്ട നിലപാടില്‍ ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്വോഷണ ഏജന്‍സിയായ സി.ബി.ഐ ഇന്ന് എത്തിനില്‍ക്കുമ്പോള്‍ ഇരുപത്തി രണ്ടു വര്‍ഷം പ്രായമുള്ള സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ, മരണത്തേക്കാള്‍ ദുരൂഹമായ അന്വേഷണ പ്രഹസനങ്ങളിലൂടെ ഒന്നു കടന്നു പോകാം....

ആദ്യം ആത്മഹത്യ ചെയ്ത അഭയ പിന്നെ കൊലപാതകിയില്ലാതെ കൊല്ലപ്പെട്ട ചരിത്രത്തിന്റെ നാള്‍ വഴികളിലേയ്ക്ക്...

അഭയമരണപ്പെട്ടത് : 1992 മാര്‍ച്ച് 27ന്
അന്നത്തെ സർക്കാർ : യൂ.ഡീ.എഫ് നേതൃത്വത്തില്‍.
മുഖ്യമന്ത്രി : ശ്രീ. കെ. കരുണാകരന്‍.
ആഭ്യന്തരമന്ത്രി : മുഖ്യമന്ത്രി തന്നെ.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍‌സ്പെക്ടര്‍ : ശ്രീ. പി.വി.അഗസ്റ്റിന്‍

1992 മാര്‍ച്ച് 27:
കത്തോലിക്കാ സഭയുടെ കീഴിലുള്ള കോട്ടയത്തെ സെന്റ് പയസ് ടെന്ത് കോണ്‍‌വെന്റിനോട് ചേര്‍ന്നുള്ള കിണറ്റില്‍ നിന്നും അതേ കോണ്‍‌വെന്റില്‍ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയുടെ (21 വയസ്സ്) മൃതദേഹം കണ്ടെത്തി. കോട്ടയം ജില്ലയിലെ അരീക്കര സ്വദേശി ശ്രീ. തോമസ് എ. മത്തായിയുടേയും ലീലാമ്മയുടേയും ഏക പുത്രിയായ അഭയ, മരിയ്ക്കുമ്പോള്‍ കോട്ടയം ബി.സി.എം. കോളേജിലെ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു.

1992 മാര്‍ച്ച് 31 :
ദുരൂഹ സാഹചര്യത്തിലുള്ള അഭയയുടെ മരണം കൊലപാതകമാണെന്നും കൊലപാതകികളെ ഉടന്‍ പിടികൂടണം എന്നും കാണിച്ച് ശ്രീ. ലോനപ്പന്‍ നമ്പാടന്‍ എം.എല്‍.ഏ ചെയര്‍മാനായും ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍‌വീനറായും സിസ്റ്റര്‍ അഭയ കേസ് ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിയ്ക്കപ്പെട്ടു. ലോക്കല്‍ പോലീസിന്റെ കേസന്വേഷണം വസ്തുതകളെ വളച്ചൊടിയ്ക്കുന്ന തരത്തിലായതിനാല്‍ കേസ് ക്രൈം ബ്രാഞ്ചിന് വിടണമെന്ന ആക്ഷന്‍ കൌണ്‍സിലിന്റെ വാ‍ദം സര്‍ക്കാര്‍ അംഗീകരിച്ചു. ലോക്കല്‍ പോലീസിന്റെ നിഗമനം സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തത് ആണെന്നായിരുന്നു. മാനസിക വൈകല്യം ഉണ്ടായിരുന്ന സിസ്റ്റര്‍ അഭയ അപകര്‍ഷതാ ബോധം പിടികൂടപ്പെട്ട ഒരു നിമിഷം മരണം സ്വയം വരിയ്ക്കുകയായിരുന്നു എന്നതായിരുന്നു കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍‌സ്പെക്ടര്‍ ശ്രീ. പി.വി.അഗസ്റ്റിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷിച്ച ലോക്കല്‍ പോലീസിന്റെ കണ്ടെത്തല്‍. (അനുമാനം - ഒന്ന്)

1992 ഏപ്രില്‍ ഏഴ്.
ആക്ഷന്‍ കൌണ്‍സിലിന്റേയും കേരള പൊതു സമൂഹത്തിന്റേയും ആരോപണങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് പതിനേഴു ദിവസത്തെ ലോക്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ച് അഭയയുടെ ദുരൂഹ മരണത്തിന്റെ അന്വേഷണ ചുമതല കരുണാകരന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ഏല്പിച്ചു. ലോക്കല്‍ പോലീസിന്റെ നിഗമനങ്ങളില്‍ കൂടുതല്‍ ഒന്നും തന്നെ കണ്ടെത്താന്‍ ശ്രീ. കെ.ടി.മൈക്കിളിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിനും കഴിഞ്ഞില്ല.

1993 ജനുവരി 30.
സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കരുണാകരന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ചിന്റെ നിഗമനങ്ങള്‍ ലോക്കല്‍ പോലീസിന്റേതില്‍ നിന്നും തുലോം വിത്യസ്തമായിരുന്നില്ല. അഭയയുടെ മരണം ആത്മഹത്യ തന്നെയെന്ന് അടിവരയിട്ട് ക്രൈംബ്രാഞ്ചും ഫയല്‍ മടക്കി. തുടര്‍ന്ന് പതിവു പോലെ ആക്ഷന്‍ കൌണ്‍സില്‍ അഭയയുടെ മരണ കാരണം തേടാന്‍ സി.ബി.ഐയുടെ സഹായം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചു.

1993 മാര്‍ച്ച് 29.
ഇത് സി.ബി.ഐ അഭയയുടെ ദുരൂഹമരണം അന്വേഷണത്തിനായി ഏറ്റെടുത്ത മഹത്തായ ദിനം. സി.ബി.ഐ കേസന്വേഷണത്തിന് നേതൃത്വം നല്‍കാനായി സി.ബി.ഐയുടെ ഡെപ്പ്യൂട്ടി സൂപ്രണ്ടായിരുന്ന ശ്രീ. വര്‍ഗ്ഗീസ് പി.തോമസിനെയായിരുന്നു നിയോഗിച്ചത്. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുമ്പോഴേയ്ക്കും കേസിന്റെ പ്രധാനപ്പെട്ട തെളിവുകള്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ പക്കല്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. പ്രാഥമിക ശവപരിശോധനാ റിപ്പോര്‍ട്ട് കോട്ടയം ആര്‍.ഡി.ഓ ഓഫീസില്‍ നിന്നും പിന്നെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും നഷ്ടപ്പെട്ട അവസ്ഥയിലാണ് കേസ് സി.ബി.ഐയുടെ കൈകളില്‍ എത്തുന്നത്. എങ്കിലും പ്രസിഡന്റിന്റെ വിശിഷ്ട സേവാ പുരസ്കാരം നേടിയിട്ടുള്ള വര്‍ഗ്ഗീസ് പി.തോമസിന്റെ കഴിവിലുള്ള വിശ്വാസത്തില്‍ കേസ് തെളിയിയ്ക്കപ്പെടും എന്ന് തന്നെ കേരളാ പൊതുസമൂഹം ഉറപ്പിച്ചു. ആ വിശ്വോസം ശരിവെച്ചു കൊണ്ട് ലോക്കല്‍ പോലീസിന്റേയും ക്രൈംബ്രാഞ്ചിന്റെയും നിഗമനങ്ങളില്‍ നിന്നും വ്യത്യസ്തമായി അഭയ കൊല്ലപ്പെട്ടതാണ് എന്ന് ആദ്യം പറഞ്ഞതും വര്‍ഗ്ഗീസ് പി.തോമസ് ആണ്.

1993 ഡിസംബര്‍, 30.
അഭയയുടെ മരണത്തിന്റെ കാരണം എന്തെന്ന് അറിയാന്‍ കാത്തിരുന്ന കേരള ജനതയ്ക്ക് ഞെട്ടല്‍ സമ്മാനിച്ചു കൊണ്ട് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ശ്രീ. വര്‍ഗ്ഗീസ് പി. തോമസ് ഏഴ് വര്‍ഷത്തെ സേവനം ബാക്കി നില്‍ക്കേ തന്റെ ജോലി രാജി വെച്ചു. സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണം കൊലപാതകമാണ് എന്ന് ആദ്യം വിളിച്ച് പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന് തന്റെ ജോലി തന്നെ നഷ്ടപ്പെടുന്നിടം മുതല്‍ ആരംഭിയ്ക്കുന്നു അഭയ കൊലക്കേസിലെ അദൃശ്യ ശക്തികളുടെ ഇടപെടലുകള്‍. ഒരു രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തന്നെ തകിടം മറിയ്ക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഡിസംബര്‍ 30, 1993 മുതല്‍ ഉണ്ടായി‍ക്കൊണ്ടിരിയ്ക്കുന്നത്. കേവലമൊരു സാധു സന്യാസിനിയുടെ കൊലപാതകം തെളിയിയ്ക്കപ്പെടാതിരിയ്ക്കാന്‍ ഭാരതത്തിന്റെ ഏറ്റവും പ്രബലമായ കുറ്റാന്വോഷണ ഏജന്‍സിയെ സ്വാധീനിയ്ക്കാന്‍ കഴിയുന്ന നാട്ടില്‍ കൊടും ക്രൂരതകളും കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും തമസ്കരിയ്ക്കാനും കൊടും പാതകികള്‍ക്കൊപ്പം സി.ബി.ഐ കൂട്ടുനില്‍ക്കില്ലേ?

1994 ജനുവരി, 19
വര്‍ഗ്ഗീസ് പി. തോമസ് കൊച്ചിയില്‍ പത്ര സമ്മേളനം വിളിച്ചു. സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണ കേസ് ആ പത്ര സമ്മേളനം മുതലാണ് സിസ്റ്റര്‍ അഭയാ കൊലക്കേസ് ആയി മാറുന്നത്. അഭയ ആത്മഹത്യ ചെയ്തു എന്ന് വരുത്തി തീര്‍ക്കാന്‍ അന്വേഷണ ഉദ്യാഗസ്ഥമാരുടെ മേല്‍ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്ന വാദം ശരിവെയ്ക്കുന്നതായിരുന്നു ശ്രീ.വര്‍ഗ്ഗീസ് പി. തോമസിന്റെ പത്ര സമ്മേളനം. സി.ബി.ഐ. കൊച്ചി മേഖലാ സൂപ്രണ്ട് വി.ത്യാഗരാജന്‍ കേസിന്റെ ഗതി തിരിയ്ക്കാന്‍ നിര്‍ബന്ധിച്ചതിലുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഏഴ് വര്‍ഷം സേവനം ബാക്കി നില്‍ക്കേ താന്‍ സേവനം മതിയാക്കുന്നത് ശ്രീ. വര്‍ഗ്ഗീസ് പി. തോമസ് പത്ര സമ്മേളനത്തില്‍ തുറന്നടിച്ചു. അഭയയുടെ മരണം ആത്മഹത്യ ആക്കി നിലനിര്‍ത്താനാണ് സി.ബി.ഐയുടെ ഉന്നത നേതൃത്വവും ശ്രമിച്ചത് എന്ന് വര്‍ഗ്ഗീസ് പി.തോമസിന്റെ പത്ര സമ്മേളനം വെളിപ്പെടുത്തുന്നു.

1994 ജൂണ്‍ 3
വര്‍ഗ്ഗീസ് പി.തോമസിന്റെ പത്ര സമ്മേളനത്തോടെ അഭയ കേസിന്റെ ശ്രദ്ധ മുഴുവന്‍ സി.ബി.ഐ. കൊച്ചീ മേഖലാ ഡയറക്ടര്‍ ശ്രീ. വി. ത്യാഗരാജനിലേയ്ക്കായി. കേസ് തെളിയിയ്ക്കുക എന്നതിലുപരി തമസ്കരിയ്ക്കുക എന്ന നിലപാടെടുത്ത ശ്രീ. വി. ത്യാഗരാജനെ തത്സ്ഥാനത്ത് നിന്നും മാറ്റണം എന്ന് മുറവിളി ഉയര്‍ന്നു. കേരളത്തിലെ എല്ലാ പാര്‍ലമെന്റംഗങ്ങളും ചേര്‍ന്നു കൊണ്ട് സി.ബി.ഐ കേന്ദ്ര നേതൃത്വത്തോട് വി.ത്യാഗരാജനെ അഭയക്കേസില്‍ ഇടപെടുന്നതില്‍ നിന്നും വിലക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് നിവേദനം സമര്‍പ്പിച്ചു. അതോടെ എം.എല്‍. ശര്‍മ്മയിലേയ്ക്ക് അഭയ കേസിന്റെ അന്വേഷണ ചുമതല മാറ്റപ്പെടുകയും വി.ത്യാഗരാജനെ കേരളത്തില്‍ നിന്നും തന്നെ ഒഴിവാക്കി ചെന്നൈയിലേയ്ക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു.

1995 മാര്‍ച്ച് 16:
മുഖ്യമന്ത്രി ശ്രീ. കെ.കരുണാകരന്‍ ചാരക്കേസില്‍ കുടുങ്ങി രാജി വെച്ചു.

1995 മാര്‍ച്ച് 22:
ശ്രീ. ഏ.കെ.ആന്റണി കേരളാ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

1995 ഏപ്രില്‍ 7:
സി.ബി.ഐയുടെ പ്രമാദമായ ഡമ്മി ടെസ്റ്റ്. കേസ് വെളിച്ചത്ത് കൊണ്ടു വരുവാനുള്ള ഏ.കെ.ആന്റണിയുടെ സമ്മര്‍ദ്ദ ഫലമായാണ് സി.ബി.ഐ കേസന്വേഷണത്തില്‍ കൂടുതല്‍ കാര്യക്ഷമമായത് എന്നാണ് അന്ന് ചര്‍ച്ചകള്‍ വന്നത്. എവിടെ കേസുണ്ടായാലും ഡമ്മി സി.ബി.ഐയ്ക്ക് ഒരു വീക്ക്നെസ് ആണല്ലോ. ഇവിടേയും അതു ഒരു മുടക്കവും കൂടാതെ നടന്നു. സിസ്റ്റര്‍ അഭയയുടെ അതേ തൂക്കത്തിലും വലുപ്പത്തിലും ഉള്ള ഒരു ഡമ്മി പലവിധത്തില്‍ കിണറ്റിലേയ്ക്കിട്ട് പരിശോധന നടത്തി.

1995 ഏപ്രില്‍ 17:
ഡമ്മി പരിശോധനകളുടേയും നിരീക്ഷണങ്ങളുടേയും സി.ബി.ഐ ശ്രീ. വര്‍ഗ്ഗീസ് പി. തോമസിന്റെ നിഗമനങ്ങള്‍ ശരിവെച്ചു. അഭയ കൊല്ലപ്പെട്ടത് തന്നെ! പ്രതികള്‍ അറസ്റ്റിലാകുന്ന ദിനത്തിനായി ലോകം കാത്തിരുന്നു തുടങ്ങിയത് അന്നു മുതലാണ്. അഭയക്കേസിന്റെ അന്വേഷണത്തിന് സഹായിയ്ക്കുന്ന തെളിവുകള്‍ നല്‍കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ സി.ബി.ഐ പാരിതോഷികം പ്രഖ്യാപിച്ചു. മൂന്നു ലക്ഷത്തിനുമേലേ മൂന്നു കോടിയോ മുന്നൂറ് കോടിയോ ഒഴുക്കി വിടാന്‍ പ്രാപ്തരായവര്‍ പ്രതികളായ കേസായതിനാലായിരിയ്ക്കും പക്ഷേ മൂന്ന് ലക്ഷം വാങ്ങാനായി ആരും തെളിവുകളുമായി മുന്നോട്ട് വന്നില്ല. കൊലപാതകികളെ തേടിയുള്ള അന്വേഷണം സമാനതകളില്ലാതെ ഇഴഞ്ഞു നീങ്ങാന്‍ തുടങ്ങി. സി.ബി.ഐയ്ക്ക് അഭയ കൊലക്കേസിലെ താല്പര്യമില്ലായ്മയ്ക്ക് ലോകം സാക്ഷ്യം വഹിച്ചു. സഹികെട്ട ആക്ഷന്‍ കൌണ്‍സില്‍ സമരങ്ങളുമായി രംഗത്ത് വന്നു.

1996 ജൂലൈ 1:
ആക്ഷന്‍ കൌണ്‍സില്‍ സി.ബി.ഐയ്ക്കെതിരേ കേരളാ ഹൈക്കോടതില്‍ റിട്ട് ഹര്‍ജ്ജി ഫയല്‍ ചെയ്തു. അഭയാ കൊലക്കേസില്‍ സി.ബി.ഐ പുലര്‍ത്തുന്ന നിസ്സംഗത പരക്കേ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.

1996 ആഗസ്റ്റ് 20:
ഹൈക്കോടതി അഭയക്കേസില്‍ നേരിട്ട് ഇടപെട്ടു തുടങ്ങിയ ദിനം. അഭയ കൊലക്കേസിന്റെ സമ്പൂര്‍ണ്ണ അന്വേഷണ റിപ്പോര്‍ട്ട് ആഗസ്റ്റ് ഇരുപത് മുതല്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി സി.ബി.ഐയോട് നിര്‍ദ്ദേശിച്ചു.

1996 ഡിസംബര്‍ 6.
മൂന്ന് മാസം കൊണ്ട് അഭയ കൊലക്കേസിന്റെ മുഴുവന്‍ വിവരങ്ങളും സമര്‍പ്പിയ്ക്കണം എന്ന് ആവശ്യപ്പെട്ട ഹൈക്കോടതിയിലേയ്ക്ക് മൂന്ന് മാസങ്ങള്‍ക്ക് ശേഷം സി.ബി.ഐ. കടന്ന് വന്നത് ഏവരേയും അമ്പരിപ്പിയ്ക്കുന്ന ഒരു അഭ്യര്‍ത്ഥനയുമായിട്ടാണ്. തെളിവുകളുടെ അഭാവത്തില്‍ അഭയക്കേസുമായി മുന്നോട്ട് പോകാന്‍ കഴിയില്ല, കേസ് മരവിപ്പിയ്ക്കാന്‍ ദയവുണ്ടാകണം എന്ന അപേക്ഷ സി.ബി.ഐ ഡെപ്യൂട്ടി സൂപ്രണ്ട് ഏ.കെ. ഓഹ്രി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ യാതൊരുവിധ ഇളുപ്പും ഇല്ലാതെ സമര്‍പ്പിച്ചു.

1997 ജനുവരി 18.
മകളുടെ കൊലക്കേസ് എഴുതി തള്ളാന്‍ ശ്രമിയ്ക്കുന്ന അന്വേഷണ ഏജന്‍സിയുടെ നീക്കത്തിനെതിരേ സിസ്റ്റര്‍ അഭയയുടെ പിതാവ് ശ്രീ. തോമസ് എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.

1997 മാര്‍ച്ച് 20.
സിസ്റ്റര്‍ അഭയയുടെ പിതാവ് ശ്രീ. തോമസിന്റെ പരാതി ഫയലില്‍ സ്വീകരിച്ചു കൊണ്ട് സി.ബി.ഐയോട് കൊലക്കേസ് പുനരന്വേഷണത്തിന് എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അഭയ കൊലക്കേസില്‍ സി.ബി.ഐയുടെ നിലപാടുകള്‍ക്കെതിരേ അതി നിശിതമായ വിമര്‍ശനമാണ് ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ട് എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതി നടത്തിയത്. കൊലപാതകമാണെങ്കില്‍ പ്രതികളെ കണ്ടെത്തി കോടതി മുമ്പാകെ ഹാജരാക്കാന്‍ സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു.

1997 മെയ് 30.
അഭയ കൊലക്കേസ് എങ്ങുമെത്തിയില്ല. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണത്തിന്റെ പുരോഗതി അറിയിയ്ക്കാന്‍ ഹൈക്കോടതി സി.ബി.ഐയ്ക്ക് വീണ്ടും നിര്‍ദ്ദേശം നല്‍കി. പക്ഷേ സി.ബി.ഐ. കണ്ണടച്ചുണ്ടാക്കിയ ഇരുട്ടില്‍ സ്വയം തപ്പുകയായിരുന്നു.

1997 ജൂണ്‍ 10
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണ് പക്ഷേ പ്രാഥമിക തെളുവുകളുടെ അഭാവത്തില്‍ കേസ് അന്വേഷണം ദുഷ്കരമാണ് എന്ന പഴയ പല്ലവി തന്നെയാണ് പത്തു ദിവസങ്ങള്‍ക്ക് ശേഷം സി.ബി.ഐ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചത്. കേസ് മരവിപ്പിയ്ക്കണമെന്ന നിലപാടില്‍ തന്നെ സി.ബി.ഐ ഉറച്ച് നിന്നു. പക്ഷേ സി.ബി.ഐയുടെ നിലപാടുകള്‍ പാടേ തള്ളികൊണ്ട് സിസ്റ്റര്‍ അഭയ കൊലക്കേസ് അന്വേഷിയ്ക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘം ഉണ്ടാക്കാന്‍ ഹൈക്കോടതി സി.ബി.ഐയോട് നിര്‍ദ്ദേശിച്ചു. അങ്ങിനെ സി.ബി.ഐ സൂപ്രണ്ട് പി.ഡി.മീനയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം സിസ്റ്റര്‍ അഭയ കൊലക്കേസ് തെളിയിയ്ക്കാന്‍ നിലവില്‍ വന്നു.

ഒരു മാസത്തിന് ശേഷം ഈ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലായിരുന്നു “സിസ്റ്റര്‍ അഭയ കൊലചെയ്യപ്പെട്ടതാണ് പക്ഷേ തെളിവുകളുടെ അഭാവം മൂലം കൊലപാതകി ആരാണെന്നറിയാന്‍ കഴിയുന്നില്ല” എന്ന പ്രമാദമായ സി.ബി.ഐ നിലപാടുണ്ടായിരുന്നത്. തെളിവുകളുടെ അഭാവത്തില്‍ കൊലപാതകിയെ വെറുതേ വിടണമെന്നും സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസ് എഴുതി തള്ളണമെന്നുമുള്ള സി.ബി.ഐയുടെ നിലപാടുകള്‍ക്കെതിരേ ഹൈക്കോടതി അതി ശക്തമായാണ് പ്രതികരിച്ചത്. സി.ബി.യുടെ അഭ്യര്‍ത്ഥന ഹൈക്കോടതി തള്ളി.

ഹൈക്കോടതിയുടെ നിര്‍ദ്ദേശ്ശാനുസരണം കോടതിയ്ക്ക് വേണ്ടി മാത്രം സി.ബി.ഐ അന്വേഷണവുമായി മുന്നോട്ട് പോകുന്ന ദാരുണമായ കാഴ്ചയ്ക്കാണ് പിന്നെ കേരളം സാക്ഷ്യം വഹിച്ചത്. എങ്ങിനേയും അന്വേഷണം വലിച്ചു നീട്ടുക എന്നതായിരുന്നു സി.ബി.യുടെ തന്ത്രമെന്ന് തോന്നും.

1998 സെപ്റ്റംബര്‍ 28
അന്വേഷണ പുരോഗതി അറിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷന്‍ കൌണ്‍സില്‍ ക‌ണ്‍‌വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജ്ജി ഫയലില്‍ സ്വീകരിച്ചു കൊണ്ട് ഹൈക്കോടതി സി.ബി.ഐയോട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട് ഒക്ടോബര്‍ പന്ത്രണ്ടിനു മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുവാന്‍ ഉത്തരവിട്ടു.

സിസ്റ്റര്‍ അഭയ എന്ന കര്‍ത്താവിന്റെ മണവാട്ടിയുടെ ദുരൂഹ മരണത്തിന്റെ അന്വേഷണ പര്‍വ്വം ഒന്നാം ഘട്ടം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടില്‍ അവസാനിയ്ക്കുന്നു. പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണത്തിന്റെ പുരോഗതി അറിയിയ്ക്കാനുള്ള കോടതിയുടെ ഉത്തരവിനുമേല്‍ ഞൊടുക്കു ന്യായങ്ങള്‍ പറഞ്ഞ് കൂടുതല്‍ ദിവസങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സി.ബി.ഐ കേസ് വലിച്ചു നീട്ടി കൊണ്ടിരുന്നു. സിസ്റ്റര്‍ അഭയയെയും പതിവുപോലെ മാധ്യമങ്ങള്‍ കൈയൊഴിഞ്ഞു. രക്തം മരവിപ്പിയ്ക്കുന്ന പുതിയ പുതിയ സെന്‍സേഷനുകളിലേയ്ക്ക് കേരളത്തിന്റെ ശ്രദ്ധ തിരിഞ്ഞു. ഗവണ്മെന്റുകള്‍ മാറി മറിഞ്ഞു. തിരഞ്ഞെടുപ്പു വിഷയങ്ങളില്‍ പോലും സിസ്റ്റര്‍ അഭയ കടന്നു വരാതെയായി. അഭയക്കേസ് പതുക്കെ പതുക്കെ ഇരുട്ടിലേയ്ക്ക് മറഞ്ഞു പോകുകയായിരുന്നു....

തൊണ്ണൂറ്റി ഒമ്പതില്‍ കെ.മധു സംവീധാനം ചെയ്ത ക്രൈം ഫയല്‍ എന്ന കുറ്റാന്വേഷണ ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ ചിത്രത്തിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക് ഭീഷണി ഉണ്ടായെന്നും സിസ്റ്റര്‍ അഭയയുടെ മരണത്തെ അവലംബിച്ച് നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരുന്ന ചിത്രത്തിന്റെ ഇതിവൃത്തം അഭയയുടെ ദുരൂഹ മരണത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന തരത്തിലായിരുന്നു എന്നും ആ ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകളാലാണ് ചിത്രത്തിന്റെ തിരക്കഥയില്‍ മാറ്റം വന്നതെന്നും ചിത്രീകരണം പൂര്‍ത്തിയായ രംഗങ്ങള്‍ വരെ പുനര്‍ ചിത്രീകരിയ്ക്കേണ്ടി വന്നതെന്നും ക്ളൈമാക്സ്  മാറ്റി മറിയ്ക്കപ്പെട്ടതെന്നും ആരോപണം ഉണ്ടായിരുന്നു. ചിത്രത്തിന്റെ തുടക്കവും ഒടുക്കവും മോരും മുതിരയും പോലെയായിരുന്നു എന്നത് ഈ ആരോപണങ്ങളെ ശരി വെയ്ക്കുകയും ചെയ്യുന്നു. തൊണ്ണൂറ്റി എട്ടിനു ശേഷം അഭയാ കൊലക്കേസ് അല്പമെങ്കിലും വീണ്ടും ചര്‍ച്ചകളിലേയ്ക്ക് കൊണ്ടു വന്നത് “ക്രൈം ഫയല്‍” എന്ന ചിത്രം ആയിരുന്നു എന്നത് ശ്രദ്ദേയമാണ്.

ആ ചിത്രം തിയേറ്ററുകളില്‍ നിന്നും ഒഴിഞ്ഞതോടേ അഭയക്കേസ് വീണ്ടും ഇരുട്ടിലേയ്ക്ക് മറഞ്ഞു.

തമസ്കരണത്തിന്റെ പത്തു വര്‍ഷങ്ങള്‍. തൊണ്ണൂറ്റി എട്ടില്‍ പത്തുദിനത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ നിയോഗിയ്ക്കപ്പെട്ട സി.ബി.ഐ, കേസു കെട്ടുമായി പലായനം ചെയ്തു-കുറ്റവാളികള്‍ക്ക് ഓശാനപാടികൊണ്ട്.

കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരാന്‍‍ ഉത്തരവാദപ്പെട്ടവര്‍ കൊലപാതകികള്‍ക്ക് ചൂട്ടു പിടിച്ച ദശാബ്ദത്തിനു ശേഷം തന്റെ കൊലപാതകികളെ തേടി സിസ്റ്റര്‍ അഭയയുടെ ആത്മാവ് നേരിട്ട് കോടതികളിലേയ്ക്ക് കടന്നു വരുന്നതാണ് പിന്നെ കണ്ടത്. അത്ഭുതങ്ങളാണ് വാഴ്ത്തപ്പെടുവാന്‍ ഹേതുവെങ്കില്‍ ഭൂമിമലയാളത്തില്‍ വാഴ്ത്തപ്പെടാനര്‍ഹതയുള്ള ഏക സന്യാസിനി സിസ്റ്റര്‍ അഭയയാ‍ണ്. ഏറ്റവും ഉന്നതമായ ഭരണകേന്ദ്രങ്ങളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടും തമസ്കരണത്തിന്റെ പത്താണ്ടുകള്‍ക്ക് ശേഷവും ഉയര്‍ത്തെഴുന്നേല്‍ക്കപ്പെട്ട സിസ്റ്റര്‍ അഭയാകേസ് വെളിപ്പെടുത്തുന്നത് അത്ഭുതം അല്ലെങ്കില്‍ പിന്നെന്താണ്? സിസ്റ്റര്‍ അഭയ എന്ന സന്യാസിനിയുടെ വിശുദ്ധിയാണ് പത്താണ്ടുകള്‍ക്ക് ശേഷം വെളിപ്പെടുന്നത്. എല്ലാ അര്‍ത്ഥത്തിലും വാഴ്ത്ത പെടേണ്ടവള്‍....

നീണ്ട പത്തു വര്‍ഷത്തെ തമസ്കരണത്തിനു ശേഷം കേസില്‍ വഴിത്തിരുവ് ഉണ്ടാകുന്നതും വീണ്ടും സിസ്റ്റര്‍ അഭയാകേസ് സജീവമാകുന്നതും രണ്ടായിരത്തി ഏഴില്‍ ആണ്. കൊല്ലപ്പെട്ടതിനു ശേഷം ആത്മഹത്യ ചെയ്ത സിസ്റ്റര്‍ അഭയാകേസിന്റെ രണ്ടാം ഘട്ടത്തിന്റെ നാള്‍വഴികള്‍ അടുത്ത ഭാഗത്തില്‍.

(തുടരും...)

അനുമാനം ഒന്ന്:
സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണം അന്വേഷിച്ച ലോക്കല്‍ പോലീസിന്റേയും ക്രൈംബ്രാഞ്ചിന്റേയും അനുമാനം ഒന്നു തന്നെയായിരുന്നു.

സിസ്റ്റര്‍ അഭയയ്ക്ക് മാനസിക രോഗമുണ്ടായിരുന്നു. മരണ ദിവസം രാത്രി അതായത് 1992 മാര്‍ച്ക് മാസം ഇരുപത്തി ഏഴാം തീയതി രാത്രി ശക്തമായ ഡിപ്രഷനില്‍ ആയ സിസ്റ്റര്‍ അഭയ, വസ്ത്രങ്ങള്‍ പോലും നേരാം വണ്ണം ധരിയ്ക്കാന്‍ കഴിയാത്തത്ര ഗുരുതരമായ മാനസിക വിഭ്രാന്തിയില്‍ കോണ്‍‌വെന്റിന്റെ നടുത്തളത്തിലേയ്ക്ക് എത്തുകയും വെള്ളം കുടിയ്ക്കണമെന്ന തോന്നലില്‍ റഫ്രിജറേറ്റര്‍ തുറന്ന് വെള്ളകുപ്പിയെടുത്ത് കുടിയ്ക്കാന്‍ ശ്രമിച്ചിട്ട് കുപ്പി വലിച്ചെറിഞ്ഞ് ശിരോവസ്ത്രവും പറിച്ചെറിഞ്ഞ് പുറത്തേയ്ക്ക് ഓടിയിറങ്ങുകയും ചെയ്തു. തുടര്‍ന്ന് സിസ്റ്റര്‍ അഭയയുടെ മൃതശരീരം കാണപ്പെട്ട കിണറ്റിന്റെ തിട്ടയില്‍ കയറി കുറച്ച് നേരം ഇരുന്നു. ആ ഇരുന്ന ഇരുപ്പില്‍ തന്നെ സിസ്റ്റര്‍ അഭയ കിണറ്റിലേയ്ക്ക് നിരങ്ങിയിറങ്ങി വീണു. ഇരുന്ന രീതിയില്‍ തന്നെ മൃതദേഹം കാണപ്പെടാനുണ്ടായ കാരണം ഇതാണ്.

ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ യൂണിഫോമിട്ടു കൊണ്ട് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ അനുമാനമാണിത്.