Thursday, April 26, 2012

കടലിലെ കൊല സമവായത്തില്‍ എത്തുമ്പോള്‍....

കടലിലെ കൊല ഒത്തു തീര്‍പ്പാവുക തന്നെയാണ് രാജ്യത്തിനു മൊത്തത്തിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക് പ്രത്യകിച്ചും നല്ലത്. എന്തെന്നാല്‍:

1 . കുടുങ്ങി പോയ തങ്ങളുടെ രണ്ടു പൌരന്മാരുടെ മോചനത്തിന് വേണ്ടി ഇറ്റാലിയന്‍ സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രത ബഹുമാനം അര്‍ഹിക്കുന്നു. ഭാരതത്തിന്റെ ഏറ്റവും പ്രധാന പെട്ട കയറ്റുമതി ഉല്പന്നം ആയ   ഭാരത പൌരന്‍ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ചെന്ന് കെണിഞ്ഞു പോയാല്‍  ഉള്ള ഗതി ഓര്‍ത്താല്‍ മതി ഇറ്റാലിയന്‍ സര്‍ക്കാര്‍ തങ്ങളുടെ പ്രജകളോട് കാട്ടുന്ന ഉത്തരവാദിത്തം മനസ്സിലാക്കാന്‍.

2 . കൊലപാതകം നടത്തണം എന്ന ഉദ്ദേശമോ പൂര്‍വ്വ വൈരാഗ്യമോ ഇറ്റാലിയന്‍ നാവികര്‍ക്ക് ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെ മനപൂര്‍വം അല്ലാത്ത നരഹത്യക്ക് കേസെടുത്തു കുറെ നാള്‍ വിചാരണ നടത്തിയിട്ട് ആര്‍ക്കു എന്ത് ഗുണം? അതിലും നല്ലത് നാഥന്‍ ഇല്ലാതായ കുടുംബത്തിനു ഒത്തു തീര്‍പ്പിന്റെ പേരില്‍ ഒരു തുക കിട്ടുക തന്നെയാണ്.

3 . ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നത്തിന്റെ ഇടയിലേക്ക് ചൈനയും പാകിസ്താനും ഒക്കെ അഭിപ്രായം പറഞ്ഞു തുടങ്ങിയിരിക്കുന്നു. അത് രാജ്യത്തിനു ഗുണ പരം അല്ല.

4 . വെടിവെച്ചിട്ടു കടന്നു കളയാതെ  നിയമ നടപടികള്‍ക്ക് തയ്യാറായ നാവികരുടെ  നിലപാട് മാനിക്കണം. വല്ല പാകിസ്താന്‍ കപ്പലില്‍ നിന്നും ആയിരുന്നു വെടിയെങ്കില്‍ അവര്‍ നേരെ കറാച്ചിയിലേക്ക് മുങ്ങിയേനെ. പിന്നെ എന്ത് നഷ്ട പരിഹാരം എന്ത് കേസ് എന്ത് ഒത്തു തീര്‍പ്പ്.

5. ഇറ്റാലിയന്‍ നാവികര്‍ക്ക് ജയിലില്‍ നല്‍കേണ്ട പ്രത്യക പരിരക്ഷക്കുള്ള ചിലവും നികുതി പണം കൊണ്ട് തന്നെ വഹിക്കണം. വിചാരണയിലേക്കും വിധിയിലെക്കും നീണ്ടു ഒടുവില്‍ ഇരുവരെയും വെറുതെ വിടാന്‍ ആയിരിക്കും മിക്കവാറും വിധി വരിക. കാരണം എവിടെ വെച്ചാ വെടി വെപ്പുണ്ടായത് എന്ന് സംശയ ലേശമന്യ പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. മാത്രം അല്ല കൊലപാതകം കരുതി കൂട്ടി അല്ലാത്തതും ആണ്. പിന്നെന്തിനാ ഈ ചിലവുകള്‍ ജനങ്ങള്‍ വഹിക്കുന്നത്?

6 . രാജ്യത്തിന്റെ പരമാധികാരം? രാജ്യ സ്നേഹം? ആര്‍ക്കും കേറി മേയാമോ? തുടങ്ങിയ ചോദ്യങ്ങള്‍.. ഇതൊക്കെ വെറും ചോദ്യങ്ങള്‍ മാത്രം. വെറും നാട്യങ്ങള്‍. ഒരിക്കലും ഉത്തരം കിട്ടാത്ത വെറും തോന്നലുകള്‍... ചൊറി കുത്തി ഇരിക്കുമ്പോള്‍ ബോറടിക്കാതിരിക്കാന്‍ ഓരോ ഭാരതീയനും സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍. അതിനു ഇറ്റലിക്കാര്‍ എന്നാ പിഴച്ചു?

കഴിഞ്ഞ രണ്ടു മൂന്നു  ദിവസം ആയി നടക്കുന്ന ചാനല്‍ ചര്‍ച്ചകളിലും സൈബര്‍ ചര്‍ച്ചകളിലും മുഴങ്ങി കേട്ട ചില വാചകങ്ങള്‍ ആണ് താഴെ കൊടുക്കുന്നത്:

1 . ഏതൊരു വിദേശിക്കും കേറി ആരെയും കൊന്നിട്ട് നഷ്ട പരിഹാരം കൊടുത്തു രക്ഷ പെടാമോ?
2 . നഷ്ട പരിഹാരം കൊടുത്താല്‍ ഇല്ലാതായ രണ്ടു ജീവന്‍ തിരികെ കിട്ടുമോ?
3 . ഭാരത പൌരന്റെ ജീവന് ഒരു വിലയും ഇല്ലേ?
4 . ഇറ്റലിയുടെ മുന്നില്‍ ഭാരതത്തിന്റെ ആത്മാഭിമാനം പണയ പെടുത്തിയില്ലേ.
5 . സോണിയാ ഗാന്ധിയും ആര്‍ച്ച് ബിഷപ്പും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നില്ലേ?

ഈ നാലഞ്ചു  പോയിന്റുകളില്‍ ആണ് ചര്‍ച്ചകള്‍ കിടന്നു വട്ടം കറങ്ങുന്നത്. അപ്പോള്‍ സ്വാഭാവികം ആയും ചില മറു  ചോദ്യങ്ങള്‍  ഉയര്‍ന്നു വരുന്നു. അത് ഇതൊക്കെയാണ്.

1 . മരണത്തിന്റെ ഹെതുവിനു വിദേശീ സ്വദേശീ വ്യത്യാസം ഉണ്ടോ? ഇങ്ങിനെ ഒരു ചോദ്യത്തിന്റെ പ്രസക്തി നാട്ടില്‍ സ്വദേശീ കൊലപാതകീകളാള്‍ കൊല്ലപ്പെടുന്ന നിരപരാധികളുടെ കൊലകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതി  നിഷ്ടൂരം ആയ കൊല പാതകങ്ങളില്‍ പോലും  പ്രതികള്‍ പിടിക്ക പെടാറില്ല.  പിടിക്ക പെട്ടാല്‍ തന്നെ നല്ലൊരു വക്കീലും പത്തിരുപതു ലക്ഷം  രൂപയും ഉണ്ടെങ്കില്‍ ഏതു കൊല കേസില്‍ നിന്നും പുട്ട് പോലെ ഊരി പോരാം. കൊലപാതകം ആണ് എന്ന് കണ്ടെത്തി പക്ഷെ  തെളിയിക്കാന്‍ കഴിയുന്നില്ല എന്ന കുറിപ്പോടെ കേസ് എഴുതി തള്ളുന്നതും ഒട്ടും  പുതുമ അല്ലാതായി മാറിയിരിക്കുന്നു. അങ്ങിനെ ഓരോ നിമിഷവും നിരപരാധികള്‍ വെറുതെ കൊല്ലപ്പെടുന്നിടത്ത് ഒന്നും തന്നെ  ഇപ്പോള്‍ കാണുന്ന ആദര്‍ശത്തിന്റെയും രാജ്യ സ്നേഹത്തിന്റെയും ഒലിപ്പീരു കാണാറില്ല. കൊല്ലപ്പെട്ടവന്റെ കുടുംബം എങ്ങിനെ കഴിയുന്നു എന്ന് ആരും തിരക്കാറില്ല.

ചിന്താ വിഷ്ടയായ ശ്യാമളയില്‍ ശ്രീനിവാസനോട് സ്വാമി പറയുന്ന പോലെ "ഭാര്യ സുന്ദരി ആണെങ്കില്‍ സഹായിക്കാന്‍ ആരെങ്കിലും ഒക്കെ ഉണ്ടാകും." അത്ര തന്നെ!

2 . നഷ്ട പരിഹാരം കൊടുത്താല്‍ നഷ്ട പെട്ട ജീവന്‍ തിരികെ കിട്ടുമോ എന്ന ചോദ്യം. ഇത് വെറുതെ ഒരു വെറും ചോദ്യം. സംഭവിക്കാനുള്ളതു നിര്‍ഭാഗ്യ വശാല്‍ സംഭവിച്ചു പോയി. അതിനുള്ള പരിഹാരം നിരാലംബരായ ഒരു കുടുംബത്തിനു പിടിച്ചു നില്‍ക്കാന്‍ കിട്ടുന്ന ഏതു കാച്ചി തുരുമ്പും ആശ്രയം തന്നെ ആണ്. മറവി മനുഷ്യന്റെ മഹാ ഭാഗ്യം ആണ്. മരണ പെട്ടയാള്‍ മറവിയിലേക്ക് പോകും. പക്ഷെ ജീവിച്ചിരിക്കുന്നവര്‍ക്ക് ജീവിച്ചേ കഴിയുള്ളൂ. എങ്ങും എത്താത്ത കോടതി നടപടികള്‍ക് ഒടുവില്‍ "മനപൂര്‍വം അല്ലാത്ത കൊലപാതകം ആയതിനാല്‍ പ്രതിള്‍ക്ക് ആറു മാസം കഠിന തടവ്‌" എന്ന് കേള്‍ക്കുമ്പോള്‍ ആശ്വാസം കൊണ്ടിട്ടു എന്ത് കാര്യം? അല്ലെങ്കില്‍ തന്നെ കേസ് തള്ളി പോകാനും സാധ്യതകള്‍ നിരവധി. ആര്‍ക്കും ഒരു ഗുണവും ഉണ്ടാകാന്‍ സാധ്യത ഇല്ലാത്ത ഒരു കേസും കൂട്ടവും ആയി കുറെ നാള്‍ കൂടി ചര്‍ച്ചിക്കാം അത്ര തന്നെ.

3 . ഭാരത പൌരനു ഒരു വിലയും ഇല്ലേ?
ഈ ചോദ്യം ചോദിക്കേണ്ടത്‌ ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെ നാട്ടിലേക്ക് പോകാന്‍ ക്ലിയറണ്‍സിനു വേണ്ടി മോര്‍ചറികളില്‍   കാത്തു കെട്ടി കിടക്കുന്ന നിര്‍ഭാഗ്യരായ ശവ ശരീരങ്ങളോട് ആണ്. എന്ത് വിലയാണ് ഭാരത പൌരനു ഉള്ളത് എന്ന് തിരിച്ചറിയണം എങ്കില്‍ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എമ്പസികളിലും കോണ്‍സുലേറ്റുകളിലും കുറച്ചു നേരം പോയി നിന്നാല്‍ മതി. നമ്മുടെ സര്‍ക്കാര്‍ നമ്മുക്കിട്ടിരിക്കുന്ന വില എന്തെന്ന് അറിയാം. വിദേശി കൈവെക്കുമ്പോള്‍ മാത്രം ഉയരുണ്ണ്‍ വ്യാജ മാര്‍ക്കറ്റ് വിലയാണ് നമുക്കുള്ളത്. വ്യാജ എട്ടു മുട്ടലുകളിലും ക്വോട്ടേഷന്‍ സംഘങ്ങളുടെ ആക്രമങ്ങളിലും ഒക്കെ കൊല്ലപ്പെടുന്ന സാധുക്കള്‍ക്ക് നമ്മുടെ നാട് ഇട്ടിരിക്കുന്ന വില എത്രയാണ്?   

4 . ഇറ്റലിയുടെ മുന്നില്‍ ഇന്ത്യയുടെ ആത്മാഭിമാനം പണയ പെടുത്തി.
തെറ്റ്. ഇറ്റലി ചില പാഠങ്ങള്‍ ഭാരതത്തെ പഠിപ്പിച്ചു. അതാ ശരി. സ്വന്തം പ്രജയോടു എങ്ങിനെ കൂറ് ഉണ്ടാകണം എന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ നമ്മെ നന്നായി തന്നെ ബോധിപ്പിച്ചു. കേസ് എന്താണെന്ന് നേരെ ചൊവ്വേ കോടതിയുടെ മുന്നില്‍ പോലും അവതരിപ്പിക്കാന്‍ കഴിയാത്ത നമ്മുടെ നിയമ പാലകര്‍ ഇറ്റലിയുടെ മുന്നില്‍ മാത്രം അല്ല ലോകത്തിന്റെ മുന്നില്‍ തന്നെ ആത്മാഭിമാനം കുഴിച്ചു മൂടി. അതാണ്‌ സംഭവിച്ചത്.

5 . സോണിയാ ഗാന്ധിയും ആര്‍ച്ച് ബിഷപ്പും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നില്ലേ?
ശരിയാണ്. പക്ഷെ തെറ്റ് ആരുടെതാണ്? ഭാരതത്തില്‍ ജനിച്ചു വളര്‍ന്ന ഒരു നേതാവിന് ഭാരതത്തിലെ ഭരണ കക്ഷിയുടെ തലപ്പത്ത് എത്താന്‍ കഴിയാത്തതിന് കാരണം എന്താണ്? ഭാരതത്തിലെ ഏറ്റവും സ്വാധീന ശേഷിയും ശക്തിയും ഉള്ള വ്യക്തി വിദേശ പൌരത്വം ഉള്ള ഒരാളായത് ആരുടെ തെറ്റ്? ജാതി മത സംഘടനകള്‍ക്കും സഭകള്‍ക്കും രാജ്യത്തിന്റെ ഭരണ കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം ഉണ്ടാക്കിയിട്ട് പിന്നെ അലമുറ ഇട്ടിട്ടു എന്ത് കാര്യം?

കൊല്ലപെട്ടവന് തന്റെ മരണത്തിനു  കാരണം ആയതു വിദേശി എന്നോ സ്വദേശി എന്നോ വ്യത്യാസം ഇല്ല. അവന്റെ കുടുംബത്തിനു താങ്ങും തണലും ആകാന്‍ എന്തെങ്കിലും ഉപാധികള്‍ വേണം. ഒരു പരിധി വരെ സര്‍ക്കാര്‍ സഹായം അവര്‍ക്ക് ഉണ്ടാകും എങ്കില്‍ അത് മതി. കൊലപാതകിയുടെ സഹായം കൊണ്ട് ജീവിക്കുന്നതിനേക്കാള്‍ അതാണ്‌ നല്ലതും. ആ വഴിക്ക് ചര്‍ച്ചകള്‍ നടന്നിട്ടില്ല. അങ്ങിനെ ഒരു അഭിപ്രായം എങ്ങും കണ്ടതും ഇല്ല. 

നിര്‍ഭാഗ്യകരം ആയി മരണം സംഭവിച്ചു പോയി. ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും രാര്ഷ്ട്രീയത്തിനും കേസിനും അപ്പുറം ഒരു ദുരന്തം ഏറ്റു വാങ്ങിയ കുടുംബം എന്നൊരു യാഥാര്‍ത്ഥ്യം ഉണ്ട്. അവരെ സംരക്ഷിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം.

ഒന്നിനും ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാത്ത പണം ഉണ്ടെങ്കില്‍ എന്തും ചെയ്യാന്‍ കഴിയുന്ന നമ്മുടെ നീതി വ്യവസ്ഥയില്‍ ഈ കേസ് എങ്ങും എത്ത പെടാതെ  പോകുമ്പോള്‍ കഥ അവസാനിക്കുന്നത് നിരാലംബരായ കുടുംബം പിച്ച ചട്ടിയുടെ  പിറകില്‍ ഇരിക്കുന്ന ചിത്രത്തിനു മുന്നില്‍ ആകില്ല എന്നെങ്കിലും ഈ ഒത്തു തീര്‍പ്പ് കൊണ്ട് ഗുണം ഉണ്ട്.

മരിച്ചവന് ഉള്ളതല്ല ജീവിതം അത് ജീവിച്ചിരിക്കുന്നവന് ഉള്ളതാണ്.

വാക്ക് : "ഒരു കോടി ഉണ്ടെങ്കില്‍ ആര്‍ക്കും കടന്നു വന്നു ഏതൊരു ഭാരതീയനെയും കൊന്നു രസിക്കാമോ?"

മറുവാക്ക് : "കോടിയൊന്നും വേണ്ട. ഒരു പത്തിരുപതു ലക്ഷം രൂപയും നല്ലൊരു വക്കീലും  ഉണ്ടെങ്കില്‍ ഭാരതത്തില്‍ ആര്‍ക്കും ആരെയും കൊല്ലാം. പുട്ട് പോലെ ഊരി പോരാം. മാന്യനായി ജീവിക്കാം. അതാണ്‌ നാട്ടു നടപ്പ്."