Tuesday, November 13, 2007

തലതിരിഞ്ഞ കര്‍ഷക താല്പര്യ സംരക്ഷണം.

ഭാരതത്തില്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ കേരള സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും നക്സലുകളുമൊക്കെ സമരങ്ങളുമായി വരുന്നതിനെ ന്യായീകരിക്കാന്‍ കഴിയുമോ? കുതിച്ചുകയറുന്ന കര്‍ഷക ആത്മഹത്യ നിരക്കിനെ കണ്ടില്ലാ എന്ന് നടിച്ചല്ല ഇങ്ങിനെ ഒരു സംശയം ഉന്നയിക്കുന്നത്. ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് കേരളത്തിലെ കേര കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടില്‍ ചോദ്യം ചെയ്യപ്പെടേണ്ട ചില വരട്ടു വാദങ്ങളുണ്ട്.

കേരളത്തിലെ കേരകര്‍ഷകരുടെ വിളവിന് നല്ല വില ലഭിക്കില്ല എന്നതാണല്ലോ ഇറക്കുമതിയെ എതിര്‍ക്കുന്നവര്‍ മുന്നോട്ട് വെക്കുന്ന ധാര്‍മ്മിക പ്രശ്നം. കര്‍ഷകരുടെ വിളവിന് നല്ല വില ലഭിക്കില്ലാ എന്ന് പറയുന്നിടത്ത് ഉപഭോക്താവ് അന്യായ വില കൊടുത്ത് കര്‍ഷകന്റെ ഉല്പന്നം വാങ്ങണം എന്നും വായിക്കണം. ഇറക്കുമതിയിലൂടെ ജനങ്ങള്‍ക്ക് സ്വദേശീ ഉല്പന്നത്തേക്കാള്‍ വില കുറച്ച് ഭക്ഷ്യ എണ്ണ ലഭിക്കും എന്നും മനസ്സിലാക്കണമല്ലോ. വിലകയറ്റം കൊണ്ട് നട്ടെല്ലൊടിഞ്ഞ ഉപഭോത്കൃ സംസ്ഥാനത്തെ പ്രജകള്‍ക്ക് ഇറക്കുമതിയിലൂടെ വില കുറഞ്ഞ ഉല്പന്നങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും എന്ന നന്മയെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സമരങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിക്കരുത്. അതായത് കേരളാ കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് ഉപഭോക്താക്കളുടെ ചിലവിലാകരുത് എന്ന് നല്ല മലയാളം.

കേരളത്തിലെ തകരുന്ന കാര്‍ഷിക മേഖലയെ സംരക്ഷിക്കേണ്ടത് ഇറക്കുമതി നിരോധിച്ചു കൊണ്ടല്ല. യൂണിയനുകളുടെ നീരാളി പിടുത്തത്തില്‍ പെട്ടു താറുമാറായ കാര്‍ഷിക സംസ്കാരം തിരിച്ചു കൊണ്ട് വന്ന് ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ വില കുറച്ച് ഉല്പാദനം നടത്തി സ്വദേശീ ഉല്പന്നങ്ങളിലേക്ക് ഉപഭോക്താവിന്റെ താല്പര്യം പിടിച്ചു നിര്‍ത്തി ഇറക്കുമതിയെ അകറ്റുകയാണ് വേണ്ടത്. കാര്‍ഷിക മേഖല തകര്‍ന്നത് ഇറക്കുമതി എന്ന ദുര്‍ഭൂതം കേരളത്തില്‍ താണ്ഡവ നൃത്തം ആടിയതു കൊണ്ടല്ലാ എന്ന് ഏവര്‍ക്കും അറിയാം. അടിസ്ഥാന തൊഴില്‍ മേഖലയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് ബാങ്കുകള്‍ ഉടലെടുത്തതാണ് കേരളത്തിലെ കാര്‍ഷിക മേഖല തകരാനുള്ള പ്രധാന കാരണം. ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലഘട്ടത്തില്‍ ഉല്പാദനാനുകൂല സാഹചര്യങ്ങള്‍ ഉണ്ടാക്കി കേരളാ കാര്‍ഷിക മേഖലയെ ലോക വിപണിയോട് കിടപിടിക്കാന്‍ തക്ക കെല്പുണ്ടാക്കി നമ്മുടെ ഉല്പന്നങ്ങള്‍ക്ക് വിദേശത്ത് നിലവിലുള്ള ചോദനത്തെ വേണ്ടവിധം ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടുന്നത്.

തേങ്ങയുടെ തറവില നാലു രൂപ മുപ്പത് പൈസയെന്ന് മുഖ്യമന്ത്രി അഭിമാനം അലതല്ലുന്ന ശരീരഭാഷയിലൂടെ പ്രഖ്യാപിച്ചപ്പോള്‍ യൂ.ഏ.യീല്‍ ശ്രീലങ്കയില്‍ നിന്നും വരുന്ന തേങ്ങയൊന്നിന് വില രണ്ടു ദിര്‍ഹമാണ്. അതായത് ഏകദേശം ഇരുപത്തിരണ്ടു രൂപ. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് വില പന്ത്രണ്ട് ദിര്‍ഹം. (ഏകദേശം നൂറ്റി ഇരുപത്തി അഞ്ച് രൂപ). അമേരിക്കാവില്‍ തേങ്ങയൊന്നിന് രണ്ടര ഡോളര്‍ (രൂപയില്‍ പറഞ്ഞാല്‍ നൂറ് രൂപ). വെളിച്ചെണ്ണ വില ലിറ്ററിന് ആറ് ഡോളര്‍ (രൂപയില്‍ ഇരുന്നുറ്റി നാല്പത്). ഒരു കിലോ പച്ച കപ്പക്ക് യൂ.ഏ.യില്‍ വില ആറര ദിര്‍ഹം. (എഴുപത്തി അഞ്ച് രൂപ) ഉണക്ക കപ്പ കിലോക്ക് പതിനാലു ദിര്‍ഹം. (നൂറ്റി അമ്പത് രൂപയോളം) കപ്പയും തേങ്ങയും കൂടുതലും വരുന്നത് ശ്രീലങ്കയില്‍ നിന്നും ഫിലിപ്പൈനില്‍ നിന്നും ഒക്കെയാണ് എന്നത് അവിടുത്തെ സര്‍ക്കാരുകളുടെ മിടുക്ക്. ദോഷം പറയരുതല്ലോ കേരഫെഡിന്റേതായ വെളിച്ചെണ്ണ എത്തുന്നുണ്ട്. വേണ്ടത്ര വിപണന സൌകര്യങ്ങളോ തന്ത്രങ്ങളോ ഇല്ലാത്തതു കൊണ്ട് മലയാളികള്‍ പോലും അത് വാങ്ങാറില്ലാന്ന് മാത്രം. കര്‍ഷകന്റെ കയ്യില്‍ നിന്നും നേരിട്ട് തേങ്ങയും കപ്പയും ഒക്കെ ശേഖരിച്ച് വിദേശ വിപണികളിലേക്ക് കയറ്റി വിട്ട് നമ്മുടെ കാര്‍ഷിക വിളകളുടെ ഉല്പാദകര്‍ക്ക് അവരുടെ അദ്ധ്വാനത്തിന് തക്ക പ്രതിഫലം വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കാതെ ഇറക്കുമതി നിരോധിച്ചു കൊണ്ട് മാത്രം കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കാം എന്ന് കരുതുന്നത് മൂഢത്വമാണ്. അല്ലെങ്കില്‍ കടം കൊണ്ടു പൊറുതി മുട്ടുന്ന കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം.

കേരളത്തിന്റെ കാര്‍ഷിക വിളകളുടെ വിപണനത്തില്‍ നിന്നും ഇടനിലക്കാരെ പരമാവധി ഒഴിവാക്കി സര്‍ക്കാര്‍ തലത്തില്‍ വിളകള്‍ സംഭരിക്കുക. സംഭരണത്തിന് ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലമ്പിക്കുക. കയറ്റി അയക്കാനായി തയ്യാറാക്കുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരവും പാക്കിങ്ങും ആഗോള നിലവാരത്തിലാണെന്ന് ഉറപ്പ് വരുത്തുക. കേരളത്തിന്റെ കാര്‍ഷിക വിളകള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ആഗോളവിപണിയിലേക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ യഥാസമയം എത്തിക്കുക എന്നതില്‍ കവിഞ്ഞ് ഉല്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്നമൊന്നും ആരും ചെയ്യേണ്ടതില്ല. നമ്മുടെ ഉല്പന്നങ്ങള്‍ക്ക് തരക്കേടില്ലാത്ത ആവശ്യക്കാര്‍ ആഗോള വിപണിയില്‍ എന്നും ഉണ്ടായിട്ടുണ്ട്. ഇന്നി ഉണ്ടാവുകയും ചെയ്യും. ആ വിപണി ശ്രിലങ്കക്കും ഫിലിപ്പൈനും മലേഷ്യക്കും ഒക്കെ പണയം വെച്ചിട്ട് നാട്ടിലെ വിലക്കയറ്റത്തിന് ഒരു പരിധി വരെയെങ്കിലും തടയിടാന്‍ കഴിയുന്ന ഇറക്കുമതിയെ നിരോധിച്ച് കാര്‍ഷിക മേഖലയെ സംരക്ഷിക്കാമെന്നാണ് കരുതുന്നതെങ്കില്‍ ഇറക്കുമതിക്കനുകൂലമായി ഉപഭോക്താക്കള്‍ സമര രംഗത്തേക്കിറങ്ങണം. അസംഘടിതരുടെ ജീവിത ചിലവുയര്‍ത്തി സംഘടിതരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ഇപ്പോള്‍ തന്നെ ദുഷ്കരമായിരിക്കുന്ന കേരളാ ജീവിത സാഹചര്യങ്ങളെ കൂടുതല്‍ കലുഷിതമാക്കും എന്നതിന് യാതൊരു സംശയവും വേണ്ട.