Showing posts with label സാത്താന്റെ സ്വന്തം നാട്. Show all posts
Showing posts with label സാത്താന്റെ സ്വന്തം നാട്. Show all posts

Monday, October 19, 2009

അസംഭവ്യമല്ലാത്തത്...

അന്ന്,
അന്നെന്നു പറഞ്ഞാല്‍ ഒരു പത്തിരുപത് വര്‍ഷം മുന്നേ. പഞ്ചാബില്‍ ഖാലിസ്ഥാന്‍ വാ‍ദികളുടെ വെടിയുണ്ടെയ്ക്കിരയാകേണ്ടി വന്നിരുന്നത് വെറും സാധാരണക്കാര്‍. ഭീകരവാദികളുടെ പൈശാചികമായ കശ്ശാപ്പുകള്‍ക്ക് വിധേയരാകുന്ന സാധുക്കളുടെ ചിത്രങ്ങളും വാര്‍ത്തകളും ഇല്ലാതെ അക്കാലത്ത് ഒരു പത്രവും നമ്മുക്ക് മുന്നിലേയ്ക്കെത്തിയിട്ടില്ല. കൊലചെയ്യപ്പെടുന്നത് എന്തിനു വേണ്ടി എന്നു പോലും അറിയാതെ എപ്പോഴും കടന്നു വരാവുന്ന വെടിയുണ്ടയ്ക്ക് മുന്നില്‍ ദിനേന അവിടെ പിടഞ്ഞ് വീണത് നൂറുകണക്കിനാള്‍ക്കാരായിരുന്നു.

ജിഹാദിന്റെ പേരില്‍ കാശ്മീരില്‍ അന്നും ഇന്നും കശ്ശാപ്പ് തുടരുന്നു. ഭാരതത്തിന്റെ കണ്ണീരായി കാശ്മീര്‍ മാറിപ്പോയിരിയ്ക്കുന്നു. ഒരു തേങ്ങല്‍ പോലും ബാക്കി വെയ്ക്കാതെ, നിസ്സാഹയ ജന്മങ്ങള്‍ അതിര്‍ത്തി കടന്നു വരുന്ന കൂലി പട്ടാളത്തിന്റെ തോക്കിന്‍ മുനമ്പില്‍ പിടഞ്ഞു വീഴുന്നു. ഭീകരവാദത്തിനു മതമോ ഭീകരവാദിയ്ക്കു ദൈവമോ ഇല്ലാ എന്ന തിരിച്ചറിവ് ലോകത്തിനുണ്ടെങ്കിലും ആവശ്യത്തിനെപ്പോഴും എടുത്തുപയോഗിയ്ക്കാന്‍ തക്കപാകത്തില്‍ തീവ്രവാദത്തേയും ഭീകരവാദത്തേയും കരുതി വെയ്ക്കുന്നവര്‍ അന്നും ഇന്നും എന്നും എപ്പോഴും കൊടുങ്കാറ്റു കൊയ്തു കൊണ്ടേയിരിയ്ക്കുന്നു.

ആന്ധ്രയിലും ജാര്‍ക്കണ്ടിലും ആസാമിലും ഒറീസയിലും ബംഗാളിലും ബീഹാറിലും ഒക്കെയും ആരും എപ്പോഴും പ്രാകൃതമായി കൊല ചെയ്യപ്പെടാം. ഒരിടത്ത് അതിര്‍ത്തി കടന്നു വരുന്ന ഭീകരരെങ്കില്‍ മറ്റൊരിടത്ത് രജ്യത്തിനകത്തുള്ള തീവ്രവിഭാഗങ്ങളാണ് കശ്ശാപ്പുകള്‍ ഒരുക്കുന്നത് എന്ന വ്യത്യാസം മാത്രം. തലയറ്റു വീഴുന്നത് എപ്പോഴും ഒന്നും അറിയാത്ത സാധുക്കള്‍ തന്നെ. രാജ്യത്തോടോ ജനതയോടോ കൂറില്ലാത്ത ഭരണ കര്‍ത്താക്കള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തിയതിന്റെ അനന്തരഫലമാണ് നാമിന്ന് അനുഭവിയ്ക്കുന്നത്. കൊലയും കൊള്ളയും കുലത്തൊഴിലായി കൊണ്ടു നടക്കുന്നവര്‍ ഭരണ സിരാകേന്ദ്രത്തില്‍ എത്തുന്നതിനെ തടയാന്‍ നമ്മുടെ പുകള്‍ പെറ്റ ജനാധിപത്യത്തിനു കഴിയാത്തത് നാടിനെ കുട്ടിച്ചോറാക്കി കൊണ്ടേയിരിയ്ക്കുന്നു. ശത്രുക്കള്‍ തന്നെ രാജ്യം ഭരിയ്ക്കുന്ന കാലഘട്ടത്തില്‍ തലച്ചോറില്‍ അണുബാധയേറ്റ ഏതൊരുവനും ഒരായുധം പോലുമില്ലാതെ ആരേയും കൊലപ്പെടുത്താം. ഒരുവന്‍ നിശ്ചയിച്ച് ഇറങ്ങണം എന്നു മാത്രം.

പക്ഷേ നമ്മള്‍...പ്രബുദ്ധരായവര്‍ കരുതിയത് അതൊക്കെ അങ്ങ് അകലെയല്ലേ? നമ്മള്‍ ഇവിടെ ദൈവത്തിന്റെ സ്വന്തം കരങ്ങളിലല്ലേ? നമ്മളെ അതൊന്നും ബാധിയ്ക്കുകയില്ലല്ലോ എന്നാണ്. നമ്മള്‍ സുഖ സുഷുപ്തിയിലായിരുന്നു. ഭാരതത്തിന്റെ ഇതര ഗ്രാമാന്തരങ്ങളില്‍ ചോരപ്പുഴയൊഴികിയപ്പോള്‍ ചാനലുകളില്‍ തത്സമയം അതൊക്കെയും കണ്ട് നാം സായൂജ്യമടയുകയായിരുന്നു.

പക്ഷേ ഇന്ന്.

ചാവുകള്‍ നമ്മെയും തേടിയെത്തിയിരിയ്ക്കുന്നു. രാവിലെ പശുവിനെ കറക്കാന്‍ പോകുന്നവന്‍, ഒടിച്ചു കെട്ടിയ ചായപ്പീടികയില്‍ ചായ കച്ചോടം നടത്തി അന്നം തേടുന്നവന്‍, വീട്ടില്‍ നിന്നും യാത്രയ്ക്കായി ഒരുങ്ങി ഇറങ്ങിയവന്‍, പഠിയ്ക്കാനായി വീടു വിട്ടിറങ്ങുന്ന കുഞ്ഞുങ്ങള്‍, വീട്ടമ്മമാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ആരും എപ്പോഴും മരിച്ചു വീഴാം. അസംതൃപ്തരായ ചെറുപ്പക്കാരുടെ എണ്ണം നമ്മുടെ നാട്ടിലും കൂടുകയാണ്. അസംതൃപ്തര്‍ക്ക് പണവും പരിവാരവും ഒരുക്കാന്‍ ദേശവിരുദ്ധ ശക്തികള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിയ്ക്കുന്നു. രാവെന്നോ പകലെന്നോ വ്യത്യസമില്ലാതെ ഗ്രാമാന്തരങ്ങള്‍ തോറും കള്ളപ്പണവുമായി കയറിയിറങ്ങുന്നു. അത്താഴ പഷ്ണിക്കാരന്‍ കള്ളപ്പണത്തിന്റെ മായികലോകത്തിലേയ്ക്ക് എത്തിപ്പെടാന്‍ മനസ്സാക്ഷിയെ ഒരു നിമിഷം മറന്നാല്‍ മതി എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിയ്ക്കുന്നു.

എന്താണ് അസംഭവ്യം?

പുലര്‍ച്ചേ പിഞ്ചു കുഞ്ഞുങ്ങളേയും കൊണ്ട് സ്കൂളുകളിലേയ്ക്ക് പോകുന്ന സ്കൂള്‍ ബസ്സുകള്‍ ഒരു കത്തിമുനയുടെ മുന്നില്‍ തട്ടിയെടുക്കപ്പെടാം.

റെയില്‍ പാളങ്ങളില്‍ പടക്കം പൊട്ടുന്ന ലാഘവത്തില്‍ ബൊംബുകള്‍ പൊട്ടാം.

നിന്നു തിരിയാനിടമില്ലാത്ത ചന്തകളിലും ബസ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും മറച്ചു വെയ്ക്കപ്പെട്ട ആര്‍.ഡി.എക്സ് എപ്പോള്‍ വേണമെങ്കിലും ആയിരങ്ങളെ കൊന്നൊടുക്കാം.

പാ‍ലങ്ങള്‍ക്ക് ബോംബുവെയ്ക്കാന്‍ ഒരുവന്‍ ഒരുമ്പെട്ടാല്‍ അവനത് ചെയ്യാന്‍ എന്താണ് തടസ്സമാകുന്നത്?

സര്‍ക്കാര്‍ കാര്യാലയങ്ങളോ കോടതികളോ കളക്ട്രേറ്റുകളോ എന്തിനു സെക്രട്ടറിയേറ്റുപോലും എപ്പോള്‍ വേണമെങ്കിലും അക്രമിയ്ക്കപ്പെടാം.

ശുദ്ധജലവിതരണ ശൃംഗലകളില്‍ വിഷം കലര്‍ത്തപ്പെടാം. എന്ത് സുരക്ഷയാണ് നമ്മുടെ ശുദ്ധജല വിതരണ സംവീധാനങ്ങള്‍ക്കുള്ളത്?

വൈദ്യുതി വിതരണ സംവീധാനം അട്ടിമറിയ്ക്കപ്പെടാം. വൈദ്യുതി ടവറുകള്‍ക്ക് ക്ഷതം വരുത്തുവാന്‍ എന്തു ബുദ്ധിമുട്ടാണ് ഒരിമ്പിട്ടിറങ്ങുന്ന ഒരുവനുള്ളത്?

ആശുപത്രികള്‍ അക്രമിയ്ക്കപ്പെടാം. ജീവനു കേഴുന്ന രോഗികള്‍ പോലും ബന്ധിയാക്കപ്പെടാം.

പത്തു നാല്പതു ലക്ഷം ജീവനുകളെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ മുല്ലപ്പെരിയാര്‍ ലക്ഷ്യമാക്കപ്പെടാം. ആര്‍ക്കാണ് തടയാന്‍ കഴിയുക? ഡാമുകളെ തകര്‍ത്ത് മടങ്ങുവാന്‍ ഒരുമ്പെട്ടിറങ്ങുന്ന ആര്‍ക്കാണ് ലക്ഷ്യ പൂര്‍ത്തീകരണം അസ്സാധ്യമാകുന്നത്? നമ്മുടെ ഡാമുകള്‍ക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്?

എന്താണ് അസംഭവ്യം?

ആയിരക്കണക്കിനു ചെറുപ്പക്കാര്‍ ആയുധം എടുക്കണ്ട - മലയാള മണ്ണില്‍ മരണം വിതയ്ക്കാന്‍. വിരലിലെണ്ണാവുന്നവര്‍ വിധ്വംസകര്‍ക്ക് വിധേയരായാല്‍ നിമിഷങ്ങള്‍ അധികമാണ് ഭൂമിമലയാളം ശവപ്പറമ്പാകാന്‍.

തലച്ചോറില്‍ വിധ്വംസനത്തിന്റെ വിഷബാധയേറ്റ അസംതൃപ്തരായ ചെറുപ്പക്കാര്‍ നമ്മുടെ തെരുവുകളില്‍ അശ്ശാന്തി വിതച്ചു തുടങ്ങിയിരിയ്ക്കുന്നത് നാമിന്ന് തിരിച്ചറിയുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളായി അധഃപതിയ്ക്കുമ്പോള്‍ അശ്ശരണരുടെ എണ്ണം കൂടും. അപ്പോള്‍ അവര്‍ തങ്ങള്‍ക്ക് തണലാകുന്നവരുടെ ചൊല്‍പ്പടിയ്ക്കു തുള്ളാന്‍ ബാധ്യസ്ഥരാകും.


വിപ്ലവ ബോധം സിരകളെ ബാധിച്ച ഒരു യുവ സമൂഹമാണ് നമ്മുടേത്. തിളയ്ക്കുന്ന ആ ചിന്തകളെ ഇന്ന് നേര്‍ വഴിയ്ക്ക് നയിയ്ക്കാന്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നതേയില്ല. അധികാരം എന്ന ഒരൊറ്റ പൊതുമിനിമം പരിപാടിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എത്തി നില്‍ക്കുന്നു. ഫലമോ? ആര്‍ക്കും ആയുധമെടുക്കാം എന്ന നിലയ്ക്ക് കാര്യങ്ങള്‍ എത്തിയിരിയ്ക്കുന്നു.

പത്തിരുപത് ചെറുപ്പക്കാര്‍ ആയുധമെടുക്കാന്‍ തീരുമാനിച്ചാല്‍.... മരിച്ചു വീഴുന്നത് ആയിരങ്ങളാകാം. അത് ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുന്നു. നക്സലുകള്‍, ഗുണ്ടകള്‍, ഭീകരവാദികള്‍,സിമി, ജിഹാദികള്‍, അയ്യംങ്കാളി പട പേരെന്തു തന്നെയുമാകാം. അവര്‍ എപ്പോഴും കടന്നു വരാം. നാം ചാവിനു കാത്തിരിയ്ക്കുക...കരുതിയിരുന്നിട്ടിനി കാര്യമൊന്നുമില്ല. മരണം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചിറക് വിരിച്ച് കഴിഞ്ഞു. മസ്തിഷ്കത്തില്‍ പുഴുക്കുത്തു വീണ യുവതയുടെ ഭ്രാന്തിനു വളം വെച്ചു കൊടുക്കുകയാണ് നമ്മുടെ ഭരണ കൂടം. അധികാരം എന്ന ഒറ്റ അജണ്ടയില്‍ ജനതയെ മറക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നാടിനെ കൊലക്കളമാക്കിയിരിയ്ക്കുന്നു.

ഭീകരത നമ്മുടെ നാടിനും അന്യമല്ല. അല്ലെങ്കില്‍ ഭീകരര്‍ക്ക് ആരും അന്യരല്ല. കൊല ചെയ്യപ്പെടാന്‍ പാകത്തില്‍ നിന്നു കൊടുക്കുക എന്നതാണ് നമ്മുടെ ധര്‍മ്മം. കശ്ശാപ്പുചെയ്യുക എന്ന അവരുടെ ധര്‍മ്മം അവര്‍ തെല്ലിട വൈകാതെ ചെയ്തുകൊള്ളും. എപ്പോള്‍ ചാവു വിതയ്ക്കണം എന്നതില്‍ മാത്രമേ തീരുമാനമാകാനുള്ളു. അതവരുടെ തീരുമാനം. എപ്പോള്‍ വേണമെങ്കിലും അതു സംഭവിയ്ക്കാം. അതിനെ മറികടക്കാന്‍ നമ്മുടെ സര്‍ക്കാര്‍ സംവീധാനങ്ങള്‍ക്ക് കഴിയില്ല. സംഭവ ശേഷം ജൂഡിഷ്യല്‍ അന്വേഷണം നടത്തുക എന്ന സര്‍ക്കാര്‍ കാര്യം മുറപോലെ നടക്കുമെന്നു മാത്രം.

വിധ്വംസകരുടെ വിരലില്‍ കെട്ടിയ കളിപ്പാവകളായി നമ്മുടെ യുവത്വം അധഃപതിയ്ക്കാന്‍ കാരണം പിടുപ്പുകെട്ട ഭരണകൂടങ്ങളാണ്. രാജനീതിയറിയാത്ത രാജാക്കന്മാര്‍ രാജ്യം ഭരിയ്ക്കുമ്പോള്‍ പ്രജകള്‍ക്ക് ചെയ്യാനുള്ളത് ചാവുകള്‍ക്ക് തലചായിച്ചു കൊടുക്കുക എന്നതുമാത്രമാണ്!

Wednesday, February 11, 2009

പാര്‍ട്ടിയ്ക്ക് വേണ്ടാത്ത മുഖ്യമന്ത്രിയാല്‍ നാഥനില്ലാക്കളരിയാകുന്ന കേരളം!

ഒരു ജനാധിപത്യ സംവീധാനത്തില്‍ വ്യക്ത്യാധിഷ്ടിത രാഷ്ട്രീയം അക്ഷന്തവ്യമായ തെറ്റോ അല്ലെങ്കില്‍ സംഭവിയ്ക്കാന്‍ പാടില്ലാത്ത ഒരു പ്രതിഭാസമോ അല്ല. ഭാരതത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ വ്യക്ത്യാധിഷ്ടിത രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവരാണ്. വ്യക്തിയില്‍ നിന്നും വിമുക്തമാക്കപ്പെട്ട ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഭാരത ദേശത്ത് ഉണ്ടോ എന്ന് ഒരുവന്‍ പരതിയിറങ്ങിയാല്‍ അങ്ങിനെയല്ലാത്ത ഒന്നിനെ കണ്ടെത്തുക അത്രയെളുപ്പം ആയിരിയ്ക്കുകയും ഇല്ല.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കോണ്‍ഗ്രസ് ചരിത്രം തന്നെ വ്യക്തിയില്‍ അധിഷ്ടിതമായിരുന്നു. ജവഹര്‍ലാല്‍ നെഹ്രു കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ബാറ്റണ്‍ ഇന്ദിരാഗാന്ധിയ്ക്കു കൈമാറി, ഇന്ദിരാഗാന്ധിയെന്ന വ്യക്തി കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായി. പിന്നെ രാജീവ് ഗാന്ധി വന്നു. ഇപ്പോള്‍ കോണ്‍ഗ്രസെന്നാല്‍ മാഡമെന്നായി വ്യക്തി രാഷ്ട്രീയം കോണ്‍ഗ്രസില്‍ പൊടി പൊടിയ്ക്കുന്നു. ഇടയ്ക്കെപ്പോഴൊക്കെ വ്യക്തിയില്‍ നിന്നും കോണ്‍ഗ്രസ് രാഷ്ട്രീയം വിമുക്തമാക്കപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെയും ചരട് പൊട്ടിയ പട്ടം പോലെ കോണ്‍ഗ്രസ് ദിശയറിയാതെ വട്ടം കറങ്ങിയിട്ടുമുണ്ട്.

പവാറില്ലാതെ എന്‍.സി.പിയുണ്ടോ? ലാലുപ്രസാദ് യാദവ് ഇല്ലാത്ത ആര്‍.ജെ.ഡി എങ്ങിനെയിരിയ്ക്കും? പോയ കാലത്ത് എ.ഐ.ഡി.എം.കെ എന്നാല്‍ എം.ജീ.ആര്‍ എന്നായിരുന്നു അര്‍ത്ഥം. അതു പിന്നെ ജയലളിതയെന്നായി മാറി. തെലുങ്കു ദേശം എന്‍.ഡി.രാമറാവുവായിരുന്നത് ഇപ്പോള്‍ ചന്ദ്രബാബുനായിഡു. ഡി.എം.കെ എന്നാല്‍ അന്നും ഇന്നും കലൈഞ്ജര്‍ കരുണാനിധി തന്നെ. സാമാജ് വാ‍ദി പാര്‍ട്ടിയും, ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും, എണ്ണിയാലൊടുങ്ങാത്ത ജനതാദള്ളുകളും എല്ലാം വ്യക്തികളെ ചുറ്റിപ്പറ്റി ഭരണത്തിന്റെ ഇടനാഴികളില്‍ വട്ടം കറങ്ങുന്ന പ്രസ്ഥാനങ്ങള്‍ തന്നെ.

അങ്ങിനെ വന്നു വന്നു നമ്മള്‍ രാഷ്ട്രീയപ്രബുദ്ധ കേരളത്തിലേയ്ക്കെത്തിയാലോ ഒരോ രാഷ്ട്രീയ പാര്‍ട്ടിയിലേയും വ്യക്തികള്‍ അതാതു പാര്‍ട്ടികള്‍ക്കുള്ളിലെ തന്നെ മഹാ പ്രസ്ഥാനങ്ങളാണ്! പാര്‍ട്ടിയേയും പാര്‍ട്ടിക്കുള്ളിലെ വ്യക്തിപ്രസ്ഥാനങ്ങളേയും തിരിച്ചറിയുക കഠിന പ്രയത്നം തന്നെ. മാണിസാര്‍ ഒരു പ്രസ്ഥാനം. പിള്ള സാറോ മറ്റൊരു പ്രസ്ഥാനം. ജേക്കബ്ബ് സാറും പ്രസ്ഥാനമല്ലാതെ മറ്റെന്താണ്? ഗൌരി സഖാവ് ഒരു പ്രസ്ഥാനം. എം.വി. രാഘവന്‍ സഖാവ് വേറൊരു വിപ്ലവ പ്രസ്ഥാനം. ശിഹാബ് തങ്ങളില്ലാതെ എന്തോന്ന് മുസ്ലീം ലീഗ്. പീ.ജേ.ജോസഫ് തന്നെയല്ലേ പ്രസ്ഥാനമെങ്കില്‍ പ്രസ്ഥാനം? കെ.ടി.ജലീല്‍ ഒറ്റയ്ക്കൊരു പ്രസ്ഥാനം. വെളിയം ഭാര്‍ഗ്ഗവന്‍ മുഴുത്ത മറ്റൊരു വിപ്ലവ പ്രസ്ഥാനം. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഭരണം കിട്ടും വരെ കാത്തിരിയ്ക്കണം കോണ്‍ഗ്രസില്‍ എത്ര പ്രസ്ഥാനങ്ങള്‍ ഉണ്ട് എന്നു തിരിച്ചറിയണം എങ്കില്‍. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി, ഏ.കെ. ആന്റണി, കരുണാകരന്‍, അങ്ങിനെ എത്ര പ്രസ്ഥാനങ്ങള്‍ ഉണ്ടാകാനും സാധ്യത തള്ളിക്കളയാന്‍ തരമില്ല.

പിന്നെന്തു കൊണ്ട് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ വ്യക്ത്യാധിഷ്ടിത രാഷ്ട്രീയം പാടില്ല. വി.എസ്. അച്യുതാനന്ദന്‍ സഖാവ് എന്ന വ്യക്തി ഒരു പ്രസ്ഥാനമായി മാറുന്നതില്‍ എന്തു ഭംഗികേടാണ് ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഉള്ളത്? ഒരു തെറ്റുമില്ല. പക്ഷേ തെറ്റിയതു മുഴുവനും സഖാവ് അച്യുതാനന്ദനാണ്.

കോണ്‍ഗ്രസ് മുതല്‍ മുരളീധരന്‍ വരെയുള്ളവരുടെ വ്യക്തിധിഷ്ടിത രാഷ്ട്രീയത്തില്‍ നിന്നും അച്യുതാനന്ദന്‍ വേറിട്ടു നില്‍ക്കുന്നത് എന്തുകൊണ്ടാണ്? ഒരോ വ്യക്തിയും പ്രസ്ഥാനമായി മാറുമ്പോള്‍ അതാത് പാര്‍ട്ടിയിലെ ഏറ്റവും ചെറിയ ഒരു വിഭാഗത്തിന്റെ എങ്കിലും പിന്തുണ പരസ്യമായി ആര്‍ജ്ജിയ്ക്കുവാന്‍ പ്രസ്ഥാനമായി വളര്‍ന്നു കൊണ്ടിരുന്ന ഒരോ വ്യക്തിയ്ക്കും കഴിഞ്ഞിട്ടുണ്ട് എന്നുള്ളിടത്താണ് അച്യൂതാനന്ദന്‍ ഒരു മഹാ അബദ്ധമായി മാറുന്നത്. അച്യുതാനന്ദന്‍ പരാജയപ്പെടുന്നതും അവിടെയാണ്. സ്വന്തം പാര്‍ട്ടിയിലെ ആരും പിന്തുണയ്ക്കാത്ത ഒരാള്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായാല്‍ എന്ത് നാശമാണോ ഒരു സംസ്ഥാനത്ത് ഉണ്ടാകുന്നത് എന്നതിന്റെ നാളത്തെ ഉദാഹരണം കൂടിയായിരിയ്ക്കും നമ്മുടെ കുഞ്ഞു കേരളം.

ഭരണ പക്ഷത്തുള്ള നൂറ് എം.എല്‍.ഏ. മാരില്‍ ഒരാളായിട്ടാണ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായത്. എന്തൊക്കെ പറഞ്ഞാലും ആ നൂറുപേരില്‍ ഒരാളാകാന്‍ അദ്ദേഹത്തെ സഹായിച്ചത് എണ്ണയിട്ടപോലെ പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടീ സംവീധാനമാണ്. ഒരു സര്‍ക്കാര്‍ മാറി മറ്റൊരു സര്‍ക്കാര്‍ വരുന്നത് ഒരു വ്യക്തിയുടെ നയങ്ങള്‍ മാറി പുതിയൊരു വ്യക്തിയുടെ നയങ്ങള്‍ വരുന്നതിനു തുല്യമല്ല. ഭാരതത്തിലെ വ്യക്ത്യാധിഷ്ട്രിത രാഷ്ട്രീയം എല്ലായിപ്പോഴും പേരിനെങ്കിലും ഒരു പാര്‍ട്ടിയുടേയും നയത്തിന്റേയും പ്രാതിനിധ്യം അവകാശപ്പെടാറുണ്ട്. ഏറ്റവും കുറഞ്ഞത് നയപരമായ തീരുമാനങ്ങള്‍ എങ്കിലും വ്യക്ത്യാധിഷ്ടിത രാഷ്ട്രീയത്തിലും പാര്‍ട്ടിയാണ് എടുക്കാറുള്ളത്.

സഖാവ് അച്യുതാനന്ദന്റെ കാര്യത്തില്‍ ഇന്നു അദ്ദേഹത്തിനു പാര്‍ട്ടിയില്ല. പിന്നെയെങ്ങിനെ നയം രൂപീകരിയ്ക്കും? ഇപ്പോള്‍ അദ്ദേഹത്തിന്റേതായ നയങ്ങള്‍ രൂപപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയല്ല. അദ്ദേഹം പോലുമല്ല. അത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലില്ലാത്ത അദ്ദേഹത്തിന്റെ മാത്രം വിശ്വസ്തരാണ്. ആ വിശ്വസ്തര്‍ അദ്ദേഹത്തിന്റെ ഇന്നലെകളില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവര്‍ അല്ലായിരുന്നു. ഇന്നി നാളെ അദ്ദേഹം മുഖ്യമന്ത്രിയല്ലാതായാല്‍ അദ്ദേഹത്തോടൊപ്പം ഇവര്‍ ഉണ്ടാവുകയും ഇല്ല. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ചങ്ങാതിമാര്‍ ആരാണെന്ന് പൊതു ജനത്തിനും അറിയില്ല. എന്തായാലും അവര്‍ പാര്‍ട്ടിക്കാരല്ല. ജനമറിയുന്ന ഉദ്യോഗസ്ഥരുമാകാന്‍ വഴിയില്ല. ഘടകകക്ഷികള്‍ ആരും ഇപ്പോള്‍ വി.എസ്സിനു ഓശാന പാടാന്‍ തയ്യാറാകും എന്നും തോന്നുന്നില്ല. ആരാണ് കൂടെയുള്ളതെന്ന് മുഖ്യമന്ത്രിയ്ക്ക് മാത്രം അറിയാവുന്ന അരമന രഹസ്യം. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇതൊട്ടും അഭികാമ്യമല്ല തന്നെ.

ഒന്നുകില്‍ പാര്‍ട്ടിയെ അനു‍സരിച്ച് പാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക് അനുസൃതമായി ഭരിയ്ക്കുക. അല്ലെങ്കില്‍ പാര്‍ട്ടിയെ തന്റെ വരുതിയ്ക്ക് കൊണ്ടു വരുക. എന്നിട്ട് പാര്‍ട്ടിയെ കൊണ്ട് തന്റെ നയങ്ങള്‍ അംഗീകരിപ്പിയ്ക്കുക. ഇതു രണ്ടും വി.എസ്സിനു ഇന്നി കഴിയില്ല. ആദ്യത്തേതിനു ഉള്ള സാധ്യതകള്‍ അദ്ദേഹം തന്നെ കൊട്ടിയടച്ചു. പാര്‍ട്ടിയ്ക്ക് ഇന്നി വീണു കിട്ടുന്ന ആദ്യാവസരത്തില്‍ തന്നെ സഖാവ് വി.എസ്സ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരന്‍ അല്ലാതാകും. മറ്റൊരു സഖാവ് എം.വി.രാഘവനോ സഖാവ് കെ.ആര്‍. ഗൌരിയോ കേരളത്തില്‍ ഉദയം ചെയ്യാന്‍ ഏതാനും മാസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതിയാകും.

പാര്‍ട്ടിയെ തന്റെ വരുതിയ്ക്ക് കൊണ്ടു വരണമെങ്കില്‍ വി.എസ്സ് ആദ്യം പാര്‍ട്ടിക്കാരന്‍ ആകണം. ഇന്നി ഒരു നല്ല പാര്‍ട്ടിക്കാരന്‍ സഖാവ് ആകാന്‍ അദ്ദേഹത്തിനു കഴിയുമെന്നും തോന്നുന്നില്ല. അല്ലെങ്കില്‍ എപ്പോഴാണ് അദ്ദേഹം കറകളഞ്ഞ കമ്യൂണിസ്റ്റായിട്ടുള്ളത്? എന്നും എപ്പോഴും വി.എസ്സ്. പ്രതിപക്ഷ നേതാവ് ആയിരുന്നു. അത് പാര്‍ട്ടിയിലായാലും ഭരണത്തിലായാലും. പാര്‍ട്ടിയില്‍ ഇ.എം.എസ്സിന്റെ കാലം മുതല്‍ അദ്ദേഹം എപ്പോഴും ഒരു ഭാഗത്തിനു എതിരായിരുന്നു. ഈ.കെ.നായനാര്‍ക്ക് ഇദ്ദേഹം വെച്ച കെണികള്‍ ഭുമിമലയാളം അത്ര പെട്ടെന്ന് മറക്കും എന്നു തോന്നുന്നില്ല. അന്ന് പിണറായി ആയിരുന്നു കൂട്ടിന്. എം.വി.രാഘവന്റെയും ഗൌരിയമ്മയുടേയും അപചയങ്ങളുടേയും ആണിക്കല്ല് ഒരു പക്ഷേ വി.എസ്സ്. ആയിരിയ്ക്കും. അതായത് എപ്പോഴും അദ്ദേഹത്തിനു ആരെയെങ്കിലും എതിര്‍ത്ത് കൊണ്ടിരിയ്ക്കണം. പ്രതിപക്ഷത്താണെങ്കില്‍ ഭരണപക്ഷത്തെ ശക്തിയുക്തം എതിര്‍ത്തു കൊണ്ടേയിരിയ്ക്കാം. ഭരണപക്ഷത്താ‍യപ്പോള്‍ പക്ഷേ കേരളത്തില്‍ ഒരു പ്രതിപക്ഷം ഇല്ലാത്തതു കൊണ്ട് എതിര്‍ക്കാന്‍ ഒരു പക്ഷമില്ല. അതുകൊണ്ട് സ്വന്തം പാര്‍ട്ടിയെ എതിര്‍പക്ഷത്താക്കി അതിനെ അങ്ങ് എതിര്‍ക്കുന്നു എന്നു മാത്രം.

ജനം കൂടെയുണ്ട് എന്ന വി.എസ്സിന്റെ വിശ്വാസവും തെറ്റാണ്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അദ്ദേഹം ഉയര്‍ത്തി വിട്ട കൊടുങ്കാറ്റുകള്‍ ഭരണക്കാരനായപ്പോള്‍ വാ പൊളിച്ച് അദ്ദേഹത്തിനു തന്നെ വിഴുങ്ങേണ്ടി വന്നതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകളെ ജനം എങ്ങിനെ ഇന്നി വിശ്വാസത്തില്‍ എടുക്കും എന്ന് കണ്ടു തന്നെ അറിയണം. അതായത് കൂടെ പാര്‍ട്ടിയില്ല, പൊതു ജനവും ഇല്ല. പിന്നെയുള്ളത് ഇന്നലെവരെ കൂടെയില്ലായിരുന്ന ഇന്നി നാളെയും കൂടെയുണ്ടാകാന്‍ സാധ്യതയൊന്നും കാണാത്ത ഒരു ഗ്രൂപ്പാണ്. ആ ഗ്രൂപ്പ് സഖാവ് വി.എസ്സിനെ എവിടെ കൊണ്ടു ചെന്നെത്തിയ്ക്കും എന്ന് കാത്തിരുന്നു കാണാം. അപ്പോഴേയ്ക്കും പാര്‍ട്ടിയ്ക്ക് വേണ്ടാത്ത മുഖ്യമന്ത്രി കേരളം ഭരിച്ച് ഒരു പരുവത്തിലാക്കിയിട്ടുണ്ടാകും.

കേരളത്തിനു ഇന്ന് നാഥനില്ല. മന്ത്രിമാരെല്ലാം അവരവര്‍ക്ക് തോന്നിയ വഴിയില്‍. മുഖ്യമന്ത്രി വിമത വഴിയില്‍. പാര്‍ട്ടി സെക്രട്ടറി ജയില്‍ വഴിയില്‍. പാര്‍ട്ടി പടു കുഴിയില്‍. പൊതുജനമോ പെരുവഴിയിലും. പെരുവഴിയാണെങ്കിലോ കുണ്ടിലും കുഴിയിലും!

Tuesday, January 06, 2009

സിസ്റ്റര്‍ അഭയാ കേസിലെ തെറ്റും തിരുത്തും.

ആദ്യം തെറ്റിയത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് മാര്‍ച്ച് മാസം ഇരുപത്തി ഏഴാം തീയതി രാവിലെ പയസ് ടെന്ത് കോണ്‍‌വെന്റിന്റെ കിണറ്റിന്‍ കരയില്‍ വെച്ച് എ.എസ്.ഐ ശ്രീമാന്‍ വി.വി. അഗസ്റ്റിന്‍ സാറിനാണ്. അടുക്കളയില്‍ വെച്ച് കോടാലി എടുത്ത് മൂന്ന് വട്ടം തലയ്ക്കടിച്ച് കിണറ്റിലിറങ്ങിയിരുന്ന് വെള്ളം കുടിച്ച് ആത്മഹത്യ ചെയ്ത സിസ്റ്റര്‍ അഭയയുടെ മൃതശരീരം പുറത്തെടുത്ത സമയം പ്രഥമ വിവര റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തപ്പോള്‍ ചെറിയൊരു പിശക്. രാവിലെ പത്ത് മുപ്പതിനാണ് സിസ്റ്ററിനെ പുറത്തെടുത്ത്. പക്ഷേ അദിയാന്റെ റിപ്പോര്‍ട്ടില്‍ എട്ട് മുപ്പതിനേ അഭയയുടെ ശരീരം പുറത്തെടുത്തിരുന്നു. പോലീസല്ലേ? കന്യാസ്ത്രീ മഠമല്ലേ? കിണറ്റിന്‍ കരയല്ലേ? ചെറിയൊരു അബദ്ധമൊക്കെ പറ്റാതെ തരമില്ലല്ലോ?

തൊട്ടടുത്ത് തെറ്റിയത് ആര്‍ക്കാണെന്നുള്ള തര്‍ക്കം ഇന്നും തര്‍ക്കമായി തന്നെ നിലനില്‍ക്കുന്നു. മൃതശരീരം പുറത്തെടുത്ത റഷീദെന്ന ഫയര്‍മാന്‍ പറയുന്നു അഭയാ സഹോദരി വെറും നൈറ്റി മാത്രമേ ധരിച്ചിരുന്നുള്ളു, അടിവസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന്. മഹസ്സര്‍ എഴുതിയ വി.വി. അഗസ്റ്റിന്‍സാറ് മഹസ്സറില്‍ സഹോദരി ധരിച്ചിരുന്ന അടിവസ്ത്രങ്ങളുടെ ബ്രാന്റ് വരെ രേഖപ്പെടുത്തിയിരുന്നു. തെറ്റിയത് ആര്‍ക്കാണെന്ന് ആര്‍ക്കറിയാം? പോലീസും ഫയര്‍മാനുമല്ലേ? കന്യാസ്ത്രീ മഠമല്ലേ? കിണറ്റിന്‍ കരയല്ലേ? ചെറിയൊരു അബദ്ധമൊക്കെ ഏതു പോലീസിനും ഫയര്‍മാനും പറ്റാമല്ലോ?

പിന്നെ തെറ്റിയത് സാക്ഷാല്‍ ശ്രീമാന്‍ വര്‍ഗ്ഗീസ് പി. തോമസിനാണ്. അദിയാനെ അറിയില്ലേ? നമ്മുടെ സി.ബി.ഐയുടെ മുന്‍ ജോയിന്റ് ഡയറക്ടര്‍. അത് തന്നേന്ന്. പ്രമാദമായ പോളക്കുളം കേസ് പുഷ്പം പോലെ ഡമ്മിയിട്ട് തെളിയിച്ച ശ്രീമാന്‍ വര്‍ഗ്ഗീസ് പി. തോമസ്. അദ്ദേഹത്തിനു തെറ്റിയത് കേവലം മൂന്ന് വര്‍ഷം. സി.ബി.ഐയുടെ ഡയറിയില്‍ അദ്ദേഹം എഴുതി ചേര്‍ത്തത് സിസ്റ്റര്‍ അഭയയുടെ മൃതശരീരം കിണറ്റില്‍ കണ്ടത് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഒമ്പത് മാര്‍ച്ച് മാസം ഇരുപത്തി ഏഴാം തീയതി ആണെന്നായിരുന്നു. സി.ബി.ഐ ആണെങ്കിലും പോലീസ് തന്നെയല്ലേ? തെറ്റാതെ തരമില്ലല്ലോ?

കെ.റ്റി. മൈക്കിള്‍ സാറിന്റെ കാര്യമാണ് പരമ കഷ്ടം. സിസ്റ്റര്‍ അഭയയുടെ കുടുംബക്കാര്‍ ഒന്നടങ്കം മാനസികരോഗികളായിരുന്നു എന്ന് തെറ്റായൊന്നു പറഞ്ഞു പോയി. അതിനു വേണ്ടി മൂന്ന് മാസം അകത്തു കിടക്കുകയും രൂപ ഇരുപത്തയ്യായിരം അഭയാ സഹോദരിയുടെ പിതാവിനു നഷ്ടപരിഹാരം നല്‍കേണ്ടിയും വന്നത് മെച്ചം. തെറ്റുകള്‍ ധന നഷ്ടം വരുത്തുമെന്നും മനസ്സിലായില്ലേ?

കോട്ടയം ആര്‍.ഡി.ഓ. ആയിരുന്ന കിഷോര്‍ സാറിനാണ് പിന്നെ പിഴവ് പറ്റിയത്. അഭയാ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട സര്‍വ്വ സാധനങ്ങളും തെളിവുകളും കത്തിച്ചു കളഞ്ഞേയ്ക്കട്ടയോ എന്ന കെ.റ്റി. മൈക്കിള്‍ സാറിന്റെ നിര്‍ദ്ദോഷമായ ഒരു ചോദ്യത്തിനു അറിയാതെ “കത്തിച്ചോളൂ” എന്ന് പറഞ്ഞതൊരു തെറ്റാണോ? ആര്‍ക്കു സംശയമുണ്ടായിരുന്നെങ്കിലും കെ.റ്റിയ്ക്ക് ഒരു സംശയവുമില്ലായിരുന്നു അഭയാ സഹോദരി ആത്മഹത്യ ചെയ്തതാണെന്ന്. ആത്മഹത്യ ചെയ്തൊരാളുടെ സ്ഥാവര ജംഗമം വെറുതേ എന്നാത്തിനാ ആര്‍.ഡി.ഓ ഓഫീസില്‍ കൂട്ടി വെച്ച് ആള്‍ക്കാര്‍ക്ക് ഭയമുണ്ടാക്കുന്നത്. തെറ്റു തെറ്റല്ലങ്കിലും തെറ്റിയെന്ന് കിഷോര്‍ സാറിനു മൊഴിയാന്‍ വര്‍ഷം പതിനാറു വേണ്ടി വന്നു എന്നു മാത്രം.

അടയ്ക്കാരാജുവിനെ അറിയില്ലേ? സ്ഥലത്തെ പ്രധാന മോഷ്ടാവായിരുന്നു. അന്നേദിവസം കമ്പി മോഷ്ടിയ്ക്കാന്‍ മഠത്തിലെത്തിയതായിരുന്നു പാവം. ആകെ ഗുലുമാലിലായി. പോലീസ് പൊക്കിയപ്പോള്‍ അറിയാതെ പറഞ്ഞു പോയതാണ് താനാണ് അഭയയെ കൊന്നതെന്ന്. മോഷണ ശ്രമത്തിനിടയില്‍ പറ്റിയൊരബദ്ധമായിരുന്നു പോലും. അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന ക്രൈംബ്രാഞ്ചിലെ ബിനു സാറിനോട് മാത്രമാണ് അടയ്ക്ക ഈ വിവരം പറഞ്ഞത്. ഇപ്പോള്‍ ബിനു സാറാകട്ടെ കര്‍ത്താവിങ്കലഭയവും പ്രാപിച്ചു. അടയ്ക്കയാകട്ടെ അന്ന് അറിയാതങ്ങനെ പറഞ്ഞ് പോയതാണെന്നുമായി. പോലീസിന്റെ കയ്യില്‍ കിട്ടിയ കള്ളനല്ലേ? ലോക്കപ്പല്ലേ? പാവം. ഹോ..പറഞ്ഞ് പോകും... പറഞ്ഞ് പോകും.

മഠത്തിന്റെ അയല്‍ക്കാരന്‍ ജോയിയ്ക്ക് പറ്റിയ തെറ്റു പോലൊന്നു ആര്‍ക്കും പറ്റാതിരിയ്ക്കട്ടെ. അഭയാ സഹോദരിയെ കിണറ്റില്‍ നിന്നും എടുത്തപ്പോഴേ അദ്ദേഹത്തിനു പേടി. തന്നെയെങ്ങാനും പോലീസു പൊക്കുമോയെന്ന്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവരെ കട്ടവനാക്കുന്നവരല്ലേ നമ്മുടെ പോലീസ്. ജോയിച്ചായന്‍ പിന്നെ ഒന്നും ആലോചിച്ചില്ല. കത്തിയെടുത്തു കൈത്തണ്ടയിലെ ഞരമ്പങ്ങ് മുറിച്ചു വിട്ടു. രക്തം ചീറ്റിയൊഴികിയെങ്കിലും അരിയെത്താത്തതു കൊണ്ടു പ്രാണന്‍ ബാക്കിയായി. ചെയ്തത് തെറ്റാണെന്നറിഞ്ഞ ജോയിച്ചായന്‍ അന്ന് മുങ്ങിയതാണ്. പതിനാറു വര്‍ഷത്തിനിപ്പുറവും- ങേ...ഹെ. ജോയിച്ചായന്റെ പൊടിപോലുമില്ല കണ്ടു പിടിയ്ക്കാന്‍. കന്യാസ്ത്രീമഠമല്ലേ? അയല്‍ക്കാരനായ ചുള്ളനല്ലേ? തെറ്റുകള്‍ ഇങ്ങിനേയും സംഭവിയ്ക്കാം!

ആത്മഹത്യ ആണെന്നതില്‍ ഒരു തര്‍ക്കവുമില്ല എന്ന ക്രൈംബ്രാഞ്ചിന്റെ ശരി അതേ പോലെ ശരി വെച്ചാ‍ണ് സി.ബി.ഐ തെറ്റുകള്‍ തുടങ്ങിയത്. മാസം പന്ത്രണ്ട് കഴിഞ്ഞപ്പോള്‍ ആദ്യം പറഞ്ഞത് തങ്ങള്‍ക്ക് പറ്റിയൊരു തെറ്റായിരുന്നു എന്നായി തെറ്റുകള്‍ ഒരിയ്ക്കലും സംഭവിയ്ക്കാത്ത സി.ബി.ഐ. ആത്മഹത്യ ചെയ്ത അഭയാ സഹോദരി സി.ബി.ഐയിലൂടെയാണ് കൊലചെയ്യപെട്ടതെങ്കിലും കൊന്നതാരാണെന്നറിയില്ല എന്നായിരുന്നു അവരുടെ തന്നെ തെറ്റായ പ്രസ്ഥാവന. വര്‍ഷം പന്ത്രണ്ടേ വേണ്ടി വന്നുള്ളു കൊല ചെയ്തത് ഏതോ കൊലപാതകിയാണെന്ന് സി.ബി.ഐയ്ക്ക് കണ്ടെത്താന്‍. പക്ഷേ വീണ്ടും അവര്‍ക്ക് തെറ്റി. കൊലപാതകിയെ അറിയാം പക്ഷെ ഉശിരു പോയാലും അറസ്റ്റ് ചെയ്യില്ല എന്ന ഇമ്മിണി ബല്യ തെറ്റ് കോടതിയില്‍ വിളിച്ച് പറഞ്ഞ് സി.ബി.ഐ എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചു.

പറ്റെങ്കില്‍ പറ്റ് സി.ബി.ഐ യ്ക്ക് പറ്റിയ പോലൊരു പറ്റാണ്. അഭയാ സഹോദരിയെ കൊന്നത് ആരാണെന്ന് തനിയ്ക്കറിയാമെന്ന് നമ്മുടെ ശ്രീധരന്‍ ചേട്ടന്‍ ഫോണിലൂടെ സി.ബി.ഐയ്ക്ക് വിളിച്ചു പറഞ്ഞു. പോരെങ്കില്‍ കവലയില്‍ പലരോടും പറഞ്ഞു. പിന്നെയും പോരാഞ്ഞ് പത്രമാധ്യമങ്ങള്‍ക്കും കൊടുത്തു മെസ്സേജ്. സി.ബി.ഐ പാഞ്ഞു വന്നു. ശ്രീധരന്‍ ചേട്ടനെ പൊക്കി ജീപ്പിലിട്ടു. ഒരു തടവ് ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോഴാ മനസ്സിലായത് ശ്രീയേട്ടന്റെ പിരികള്‍ ആകെ അയഞ്ഞു കിടക്കുകയാണെന്ന്. പറ്റിയ തെറ്റ് മാധ്യമങ്ങളെ വിളിച്ചു വരുത്തി തിരുത്തി മുഖമേ നഷ്ടപ്പെട്ട സി.ബി.ഐ മുഖമില്ലാത്ത ഉടല്‍ കഴിച്ചിലാക്കി.

നമ്മുടെ പാവം ചിത്ര ചേച്ചിയ്ക്കും ഗീത ചേച്ചിയ്ക്കും പറ്റിയ തെറ്റാണ് തിരുത്തിയിട്ടും തെറ്റായ തെറ്റ്. അത് തന്നേന്ന്. തിരുവനന്തപുരം അനലിറ്റിയ്ക്കല്‍ ലാബിലെ ചീഫ് അനലിസ്റ്റ് ആര്‍.ഗീതയും അസിസ്റ്റന്റ് അനലിസ്റ്റ് ചിത്രയും. അഭയാ സഹോദരിയുടെ മൃതശരീരത്തില്‍ പുരുഷ സാനിദ്ധ്യം ഉണ്ടായിരുന്നുവോ എന്ന ചോദ്യത്തിനുത്തരമായി ആദ്യം ഉണ്ടായിരുന്നു എന്നു തെറ്റായി എഴുതി ചേര്‍ത്തത് തിരുത്തി ഇല്ലായിരുന്നു എന്ന് തെറ്റായി ചേര്‍ത്തത് ഒരു തെറ്റാണോ? ഉണ്ടായിരുന്നുവോ ഇല്ലായിരുന്നുവോ എന്നത് ഇന്നും തെറ്റാണോ ശരിയാണോ എന്നു ശരിയ്ക്കും ശരിയാകാത്തൊരു തെറ്റ് തന്നെ. എന്തേലും മനസ്സിലായോ. ഒന്നും മനസ്സിലായില്ല അല്ലേ. അത് തന്നെ. ആ തെറ്റ് ശരിയായിരുന്നോ അതോ ആ ശരി തെറ്റായിരുന്നോ എന്ന് ആര്‍ക്കും ശരിയ്ക്കും അറിയാത്തൊരു തെറ്റ് തന്നെയായിരുന്നു ആ തെറ്റും തുടര്‍ന്നു വന്ന തിരുത്തും.

ദേണ്ടെ വീണ്ടും അനലിറ്റിയ്ക്കല്‍ ലാബ് തന്നെ. നേരത്തേ തെറ്റിയത് തിരുവനന്തപുരത്താണെങ്കില്‍ ഇപ്പോള്‍ തെറ്റിയിരിയ്ക്കുന്നത് ബാംഗ്ലൂരിലാണ്. കുറ്റക്കാരാണെന്ന് സി.ബി.ഐയും അല്ലെന്ന് സഭയും ആണയിടുന്ന വൈദികരായ കോട്ടൂരിനേയും പുതൃക്കയേയും സെഫീ മാഡത്തേയും നാര്‍ക്കോ അനാലിസിസിനു വിധേയമാക്കിയ ലാബിലിനാണ് ഇപ്പോള്‍ അടിമുടി തെറ്റിയത്. മൂവരേയും മരുന്നു കുത്തി വെച്ച് ബോധം കെടുത്തി സത്യം പറയിച്ച് ഷൂട്ട് ചെയ്ത് ബംഗലരുവില്‍ നിന്നും എറണാകുളത്തേയ്ക്കയച്ചത് സിഡികള്‍ മൂന്നെണ്ണം. എറണാകുളത്തെത്തിയപ്പോള്‍ സിഡികള്‍ മൂന്നെണ്ണം ശുഷ്കിച്ച് ഒന്നായി മാറിപ്പോയെന്ന ചെറിയൊരു തെറ്റേ പറ്റിയുള്ളു. തെറ്റിയത് തെറ്റി. പക്ഷേ പറ്റിയത് ആര്‍ക്കാണെന്ന തര്‍ക്കം മാത്രം തെറ്റിയും തെറിച്ചും ഇപ്പോഴും തുടരുന്നു. പറ്റിയത് പറ്റി. പോട്ടെ...പാവം മാലിനി മാഡത്തിന്റെ പണി തെറ്റാതിരിന്നാല്‍ മതിയായിരുന്നു.

ഇതൊക്കെ ചെറിയ ചെറിയ തെറ്റുകള്‍. ഇതിലും ബല്യ തെറ്റല്ലേ നാം ദിനേന ചാനലുകളില്‍ കാണുന്നത്. അഭയാ കേസ് എവിടെയുണ്ടോ അവിടെയൊക്കെയും ഉള്ളയാളാണല്ലോ നമ്മുടെ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. അതേന്ന്. അഭയാ കേസ് ആക്ഷന്‍ കൌണ്‍സില്‍ കണ്‍‌വീനര്‍ ശ്രീമാന്‍ പുത്തന്‍പുരയ്ക്കലിന്റെ കാര്യമാണ് പറഞ്ഞ് വരുന്നത്. ദേ ഇത്തിരി മുമ്പേയും ഏഷ്യാനെറ്റിലെ നമ്മുടെ വേണു, പുത്തന്‍ പുരയ്ക്കലിനെ സംബോധന ചെയ്തത് കേട്ടില്ലേ? അഭയാ കേസ് ആക്ഷന്‍ കൌണ്‍സില്‍ ക‌ണ്‍‌വീനര്‍ ശ്രീമാന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന്. കംമ്പ്ലീറ്റ് തെറ്റി. അഭയാ കേസ് ആക്ഷന്‍ കൌണ്‍സില്‍ പിരിച്ചു വിട്ടിട്ട് വര്‍ഷം നാലഞ്ചു കഴിഞ്ഞു. ശരിയ്ക്കും പറഞ്ഞാല്‍ രണ്ടായിരത്തി നാല് ഏപ്രില്‍ മൂന്നാം തീയതി ആപ്പീസ് പൂട്ടിയതാണ്. പിരിച്ചു വിട്ടതോ - ഇപ്പോഴും കണ്‍‌വീനര്‍ ആയി തുടരുന്ന ശ്രീമാന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കലും. പിരിച്ചു വിടാനുള്ള അര്‍ഹത ചെയര്‍മാനല്ലേ എന്നൊന്നും ചോദിയ്ക്കരുത്. ലോനപ്പന്‍ നമ്പാടന്‍ മാഷ് ആദ്യമേ പിരിഞ്ഞു പോയതിനാല്‍ പിന്നെ ജീവാത്മാവും പരമാത്മാവും എല്ലാം നമ്മുടെ പുത്തന്‍പുരയ്ക്കല്‍ ആയിരുന്നല്ലോ? അതു കൊണ്ട് പിരിച്ചു വിട്ടത് ആര് എന്ന ചോദ്യത്തിനു പ്രസക്തിയൊന്നുമില്ല. പക്ഷേ പിരിച്ചു വിടപ്പെട്ട പ്രസ്ഥാനത്തിന്റെ പിരിഞ്ഞു പോകാത്ത കണ്‍‌വീനര്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ഇന്നും അഭയാ കേസ് ആക്ഷന്‍ കൌണ്‍സിലിന്റെ കണ്‍‌വീനറായി തന്നെ അഭിമുഖങ്ങള്‍ നല്‍കുന്നു, ചാനല്‍ ചര്‍ച്ചകള്‍ നല്‍കുന്നു, മാണിസാറിനെ ചീത്ത വിളിയ്ക്കുന്നു. തെറ്റിയത് ആര്‍ക്കാണെങ്കിലും സാക്ഷാല്‍ ശ്രീമാന്‍ പുത്തന്‍ പുരയ്ക്കല്‍ എപ്പോഴും ഇപ്പോഴും ശരി തന്നെ.

അങ്ങിനെ തെറ്റുകളില്‍ നിന്നും തെറ്റുകളിലേയ്ക്ക് തെറ്റിയും തെന്നിയും നീങ്ങുന്ന സിസ്റ്റര്‍ അഭയാ കേസില്‍ ഇന്നിയും തെറ്റുകളെത്ര കടന്നു വരാന്‍ ബാക്കി. പ്രിയപ്പെട്ട തെറ്റുകളേ .... നിങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ സിസ്റ്റര്‍ അഭയാ കേസ് എങ്ങിനെ ഇത്രയും ശരിയാകുമായിരുന്നു. ശരികളെ നിങ്ങള്‍ സിസ്റ്റര്‍ അഭയാ കേസിന്റെ ഏഴയലത്ത് വരരുത്. അഥവാ വന്നാല്‍ ഭാരതീയ നീതിന്യായ വ്യവസ്ഥയുടെ ഏറ്റവും വല്യ ശരിയായ ജസ്റ്റിസ് ഹേമ നിങ്ങളെയെല്ലാം മുച്ചൂടും ശരിയാക്കിക്കളയും. ജാഗ്രതൈ!

Thursday, January 01, 2009

സിസ്റ്റര്‍ അഭയാ കേസ് : ചെരുപ്പിനൊപ്പം മുറിയുന്ന കാലുകള്‍!

സിസ്റ്റര്‍ അഭയാ കേസിലെ പ്രതികള്‍ എന്ന് സംശയിയ്ക്കപ്പെടുന്നവര്‍ക്ക് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരിയ്ക്കുന്നു. പ്രതികള്‍ എന്ന് സംശയിയ്ക്കുപ്പെടുന്നവരുടെ ജാമ്യ ഹര്‍ജ്ജിയിന്മേല്‍ വാദം കേട്ട ജസ്റ്റിസ് ഹേമ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ ഒരു പരിധി വരെ ശരി വെച്ചു കൊണ്ടാണ് ഇന്ന് വിധി പുറപ്പെടുവിച്ചിരിയ്ക്കുന്നത്. ഒരേ നിയമ വ്യവസ്ഥ പിന്തുടരുന്ന രണ്ടു കോടതികളുടെ ഒരേ കേസിലുള്ള നിലപാടുകള്‍ പരസ്പര വിരുദ്ധമാകുന്നത് ഇന്ന് ഒരു പുതുമയേ അല്ലാതായി മാറിയിരിയ്ക്കുന്നു.

എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതി സിസ്റ്റര്‍ അഭയാ കേസില്‍ എടുത്തിരിയ്ക്കുന്ന നിലപാട് ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ തന്നെയാണ് യഥാര്‍ത്ഥ പ്രതികള്‍ എന്ന നിലയ്ക്കാണ്. എന്നാല്‍ ജാമ്യ ഹര്‍ജ്ജി പരിഗണിയ്ക്കവേ പോലും ഹൈക്കോടതി എടുത്തിരിയ്ക്കുന്ന നിലപാട് സി.ബി.ഐ യ്ക്ക് പിഴച്ചു എന്ന രീതിയിലുമാണ്. അതു കൊണ്ട് തന്നെ സിസ്റ്റര്‍ അഭയാ കേസിന്റെ വിചാരണാനന്തരം കോടതിയില്‍ സംഭവിയ്ക്കാന്‍ പോകുന്നത് എന്തായിരിയ്ക്കമെന്ന് ഊഹിയ്ക്കാന്‍ ആറാമിന്ദ്രീയത്തിന്റെ ആവശ്യമൊന്നുമില്ല.

സിസ്റ്റര്‍ അഭയാ കേസില്‍ സി.ബി.ഐയ്ക്ക് പിഴച്ചുവോ?

പിഴച്ചു എന്നത് തന്നെയല്ലേ വസ്തുത. സി.ബി.ഐയ്ക്ക് മാത്രമല്ല പിഴച്ചിട്ടുള്ളത്. ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസിനും ക്രൈംബ്രാഞ്ചിനും മാധ്യമങ്ങള്‍ക്കും പിന്നെ പൊതു സമൂഹത്തിനും സിസ്റ്റര്‍ അഭയാകേസ് വിലയിരുത്തുന്നതില്‍ പിഴവ് സംഭവിച്ചിട്ടുണ്ട്. യഥാര്‍ത്ഥ കുറ്റവാളികള്‍ പടച്ചെടുത്ത തിരക്കഥയില്‍ നിന്നും ഒട്ടും വ്യതി ചലിയ്ക്കാതെയാണ് സിസ്റ്റര്‍ അഭയാ കേസിന്റെ അന്വേഷണം പതിനാറു വര്‍ഷത്തിനു ശേഷവും പുരോഗമിയ്ക്കുന്നത്. ഇതൊക്കെ കണ്ടും കേട്ടും സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയവര്‍ ഇപ്പോഴും മറഞ്ഞിരുന്നു ചിരിയ്ക്കുന്നുണ്ടാകാം.

പഠിയ്ക്കുന്നതിനായി അലാറം വെച്ച് പുലര്‍ച്ചേ ഉറക്കമുണര്‍ന്ന സിസ്റ്റര്‍ അഭയ വെള്ളം എടുക്കാനായി അടുക്കളയിലേയ്ക്ക് എത്തിയപ്പോള്‍ “അരുതാത്തത്” കണ്ടു നിലവിളിച്ചു. “അരുതാത്തത്” ചെയ്ത് കൊണ്ടിരുന്ന സിസ്റ്റര്‍ സെഫി, സിസ്റ്റര്‍ അഭയയെ കോടാലി കൊണ്ട് തലയ്ക്ക് മൂന്ന് പ്രാവശ്യം അടിച്ചു. ബോധം കെട്ടു വീണ സിസ്റ്റര്‍ അഭയയെ “അരുതാത്തതില്‍” പങ്കാളികള്‍ ആയിരുന്ന ഫാദര്‍ കോട്ടൂരും ഫാദര്‍ പിതൃക്കയും ചേര്‍ന്ന് വലിച്ച് കിണറ്റില്‍ ഇട്ടു. കിണറ്റില്‍ വീഴുമ്പോഴും ജീവന്‍ ബാക്കിയായിരുന്ന സിസ്റ്റര്‍ അഭയ വെള്ളം കുടിച്ചു മരിച്ചു. ഇതാണല്ലോ ഏറ്റവും പുതിയ സി.ബി.ഐ ഭാഷ്യം.

ഈ കഥയില്‍ ചില പൊരുത്തക്കേടുകള്‍ ഇല്ലേ? ഒരു കന്യാസ്ത്രീമഠത്തില്‍ ലൈംഗികാസക്തിയുള്ളവര്‍ ഉണ്ടാകാം. സന്യാസിനീ വേഷം ധരിച്ചതുകൊണ്ട് മാത്രം മനുഷ്യ സഹചമായ ലൈംഗിക തൃഷ്ണകള്‍ അടയ്ക്കിവെയ്ക്കാന്‍ കഴിയാത്തവര്‍ ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദ ഫലമായി സന്യാസിനീ സമൂഹത്തില്‍ വന്നു പെട്ടിട്ടുമുണ്ടാകാം. ഇവിടെ സിസ്റ്റര്‍ സെഫി അത്തരക്കാരി ആയിരുന്നു എന്നും ഫാദര്‍ കോട്ടൂരും ഫാദര്‍ പിതൃക്കയും സിസ്റ്റര്‍ സെഫിയുമായി വഴിവിട്ട അടുപ്പം പുലര്‍ത്തിയിരുന്നവര്‍ ആയിരുന്നു എന്നും ഇരിയ്ക്കട്ടെ. ലൈംഗികത അങ്ങേയറ്റം പാപമായോ ഒഴിഞ്ഞു നില്‍ക്കേണ്ട ഒന്നായോ കാണുന്ന കന്യാസ്ത്രീ മഠത്തിന്റെ ആര്‍ക്കും എപ്പോഴും വെള്ളമെടുക്കാന്‍ കടന്നു വരാന്‍ തക്കവണ്ണം തുറന്നിട്ട അടുക്കളയില്‍ വെച്ച് “അരുതാത്തത്” ചെയ്യാന്‍ മാത്രം വിഡ്ഡികളായിരുന്നുവോ ഇവര്‍ മൂന്ന് പേരും?

മാധ്യമ വിചാരണകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് മഠത്തിലെ അടുക്കളയോട് ചേര്‍ന്ന റൂമിലാണ് സിസ്റ്റര്‍ സെഫി താമസിച്ചിരുന്നത് എന്നാണ്. അല്ലാതെ അടുക്കളയില്‍ അല്ലായിരുന്നു. സിസ്റ്റര്‍ സെഫിയും ഫാദര്‍ പിതൃക്കയും ഫാദര്‍ കോട്ടൂരും “അരുതാത്തത്” ചെയ്തിട്ടുണ്ട് എങ്കില്‍ അത് മിക്കവാറും സിസ്റ്റര്‍ സെഫിയുടെ അടച്ചിട്ട മുറിയില്‍ ആയിരിയ്ക്കണമല്ലോ? അതല്ലാതെ ആര്‍ക്കും എപ്പോഴും കടന്നു വരാന്‍ കഴിയുന്ന അടുക്കളയില്‍ വെച്ച് “അരുതാത്തത്” ഒരുമിച്ച് ചെയ്യാന്‍ ഇവര്‍ പോണ്‍ സ്റ്റാറുകള്‍ ഒന്നുമായിരുന്നില്ലല്ലോ? അങ്ങിനെയെങ്കില്‍ സിസ്റ്റര്‍ അഭയ കണ്ടിരിയ്ക്കാന്‍ വഴിയുള്ളത് രണ്ട് കാര്യങ്ങളാണ്.

ഒന്ന്. സിസ്റ്റര്‍ സെഫിയുടെ റൂമില്‍ നിന്നും ഇറങ്ങി വരുന്ന ഫാദര്‍ പിതൃക്കയും ഫാദര്‍ കോട്ടൂരും.

രണ്ട്. സിസ്റ്റര്‍ സെഫിയുടെ റൂമിലേയ്ക്ക് കയറി പോകുന്ന ഫാദര്‍ പിതൃക്കയും ഫാദര്‍ കോട്ടൂരും.

ഇത് രണ്ടും സിസ്റ്റര്‍ അഭയ നിലവിളിയ്ക്കത്തക്ക തരത്തിലുള്ള “അരുതായ്ക്മകള്‍” ആണോ? ഒരു കന്യാസ്ത്രീമഠത്തിലെ ഉത്തരവാദപ്പെട്ട ഒരു സന്യാസിനിയുടെ റൂമിലേയ്ക്ക് അതേ പ്രസ്ഥാനത്തിലെ രണ്ടു പേര്‍ കടന്നു പോകുന്നതോ പുറത്തേയ്ക്ക് വരുന്നതോ കണ്ട് സിസ്റ്റര്‍ അഭയ നിലവിളിയ്ക്കുമോ? അല്ല അങ്ങിനെ നിലവിളിച്ചാല്‍ തന്നെ ഒരു കൊലപാതകത്തിലേയ്ക്ക് അത് എത്തിചേരാനുള്ള സാധ്യത എത്രമാത്രമാണ്? ഒരു സ്വാഭാവിക സംഭവമായി അത് മാറുകയും സിസ്റ്റര്‍ അഭയ വെള്ളമെടുത്ത് തിരിച്ച് തന്റെ മുറിയിലേയ്ക്ക് പോവുകയും വൈദികര്‍ അവരുടെ പാട്ടിനും സെഫി അവരുടെ കിടപ്പറയിലേയ്ക്കും പോകുകയും ചെയ്യാമായിരുന്ന ഒരു സംഗതി കൊലപാതകത്തിലേയ്ക്ക് എത്തിച്ചേരുകയും പതിനാറു വര്‍ഷത്തിനു ശേഷവും തീരുമാനത്തില്‍ എത്തി ചേരാതിരിയ്ക്കുകയും ചെയ്യുന്നത് എന്തു കൊണ്ട്?

ഇവിടെയാണ് യഥാര്‍ത്ഥ പ്രതികള്‍ ചിരിയ്ക്കുന്നത്. സിസ്റ്റര്‍ അഭയാ കേസിലെ ഏറ്റവും ശക്തമായ മറയാണ് “കന്യാസ്ത്രീമഠത്തിലെ ലൈംഗികത”. ആദ്യം ആത്മഹത്യയാക്കാന്‍ ശ്രമിച്ചവര്‍ പിന്നെ സിസ്റ്റര്‍ അഭയയുടെ മരണത്തിനു ഹേതുവായത് കന്യാസ്ത്രീമഠത്തിലെ ലൈംഗികതയാണ് എന്ന് വരുത്തി തീര്‍ത്തതോടെ യഥാര്‍ത്ഥ കുറ്റവാളികള്‍ ഒരിയ്ക്കലും പിടിയ്ക്കപ്പെടുവാന്‍ സാധ്യതയില്ലാത്ത തലത്തിലേയ്ക്ക് കേസ് എത്തപ്പെടുകയാണ് ചെയ്തിട്ടുള്ളത്. സിസ്റ്റര്‍ അഭയയുടെ ദുര്‍മരണത്തിനു ഹേതുവായ സംഭവം അല്ലെങ്കില്‍ വ്യക്തികള്‍ കൃതൃമമായി സൃഷ്ടിച്ച ഈ ലൈംഗിക മറ വെട്ടിപ്പൊളിച്ചെങ്കില്‍ മാത്രമേ അന്ന് രാത്രി പയസ് ടെന്ത് കോണ്‍‌വെന്റില്‍ സംഭവിച്ച ദുരന്തത്തിന്റെ ഏഴു അയലത്തു പോലും എത്തിച്ചേരാന്‍ അപസര്‍പ്പകര്‍ക്ക് കഴിയുള്ളൂ.

സിസ്റ്റര്‍ അഭയ ആകസ്മികമായി കൊല്ലപ്പെട്ടതായിരിയ്ക്കണമെന്നില്ല. അവര്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ തക്കവണ്ണം ദുരൂഹമായ മറ്റെന്തോ സംഭവം അവരുടെ ദുരൂഹമരണത്തിനും പിന്നില്‍ ഉണ്ട് എന്നതാണ് വസ്തുത. ആ വസ്തുതയിലേയ്ക്ക് എത്തിച്ചേരാന്‍ അന്വേഷകര്‍ക്ക് കഴിയാത്തത് “കന്യാസ്ത്രീമഠത്തിലെ ലൈംഗികത” എന്ന മറയുള്ളത് കൊണ്ടാണ്.

പ്രധാനമന്ത്രിയുടെ ഓഫീസിനെ വരെ സ്വാധീനിയ്ക്കാന്‍ കഴിയുന്നവര്‍ ഉള്‍പ്പെട്ട എന്തോ ദുരൂഹത മറയ്ക്കപ്പെടാന്‍ വേണ്ടിയാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. അത് കേവലം ലൈംഗിക വൈകൃതങ്ങളില്‍ തളച്ചിട്ട് കേസിനെ അട്ടിമറിയ്ക്കാന്‍ കൊലപാതകികള്‍ക്ക് കഴിഞ്ഞിരിയ്ക്കുന്നു. സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് പിടിയ്ക്കപ്പെട്ടവര്‍ കുറ്റവാളികള്‍ ആണെന്ന് സ്ഥാപിയ്ക്കാന്‍ പ്രതികളാണെന്ന് ആരോപിയ്ക്കപ്പെട്ടവരെ കസ്റ്റഡിയില്‍ രണ്ടുമാസമായി ലഭിച്ചിട്ടും സിബിഐയ്ക്ക് കഴിയാത്തത് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നിരപരാ‍ധികളാണെന്ന ധാരണ പ്രചരിയ്ക്കപ്പെടാന്‍ കാരണമാകുന്നില്ലേ? അല്ലെങ്കില്‍ അവര്‍ നിരപരാധികള്‍ തന്നെയാണോ? ഈ മൂവരും കേസില്‍ സംശയിയ്ക്കപ്പെടുന്നവരായിരിയ്ക്കാം. സംശയിയ്ക്കപ്പെടുന്നവരെല്ലാവരും കുറ്റവാളികള്‍ ആകുന്നില്ലല്ലോ?

ഒമ്പത് വര്‍ഷം വിചാരണ തടവുകാ‍രനായി മാതാവിന്റെ മയ്യിത്ത് പോലും കാണാന്‍ പരോളോ ജാമ്യം പോലുമോ ലഭിയ്ക്കാതെ സേലം ജയിലില്‍ കിടന്ന് നരകിച്ച വികലാംഗന്‍ നിരപരാധിയാണെന്ന് ഒമ്പത് വര്‍ഷത്തിനു ശേഷം കോടതി കണ്ടെത്തിയപ്പോള്‍ ഭാരതത്തിന്റെ പുകള്‍പെറ്റ നീതിന്യായ വ്യവസ്ഥിതിയാണ് പരാജയപ്പെട്ടത്. ഒരു കലാപത്തിന്റെ പേരില്‍ പ്രതി ചേര്‍ക്കപ്പെട്ട് തുറങ്കിലടയ്ക്കപെട്ട എഴുപത്തി ആറു ചെറുപ്പക്കാര്‍ നാലുവര്‍ഷത്തെ കാരാഗൃഹ വാ‍സത്തിനു ശേഷം കുറ്റക്കാരല്ലാതായി മാറിയത് കഴിഞ്ഞ ദിവസമാണ്. അതുപോലെ ചെയ്യാത്ത തെറ്റിനാണ് സിസ്റ്റര്‍ സെഫിയും ഫാദര്‍ കോട്ടൂരും ഫാദര്‍ പിതൃക്കയും സമൂഹത്തിന്റെ പരിഹാസത്തിനും നിയമ നടപടികള്‍ക്കും പാത്രമായതെങ്കില്‍ അത് ആ സന്യാസിനിയോടും വൈദികരോടും ചെയ്ത തുല്യതയില്ലാത്ത ക്രൂരതയാണ്. അതല്ല അവരാണ് കുറ്റവാളികള്‍ എങ്കില്‍ അതിനു യുക്തിസഹമായ വസ്തുതകകള്‍ നിരത്തി ഇവരെ വിചാരണയ്ക്കായി കോടതിയിലെത്തിയ്ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയണം.

സിസ്റ്റര്‍ അഭയ കേസില്‍ സി.ബി.ഐ ഇപ്പോള്‍ എടുത്തിട്ടുള്ള നിലപാടുകളും നടപടികളും ചെരുപ്പിനൊപ്പം കാലു മുറിയ്ക്കുന്നതു പോലെയാണ്. അഭയയുടെ മരണം ആത്മഹത്യ അല്ല അത് കൊലപാതകമായിരുന്നു എന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിച്ചേര്‍ന്നകാലം മുതല്‍ അന്വേഷണത്തെ വഴിതിരിച്ചു വിടാന്‍ ശ്രമിച്ചവര്‍ ഉണ്ടാക്കി കൊടുത്ത ചെരുപ്പിനൊപ്പം വെയ്ക്കാന്‍ കഴിയുന്ന കാലുകള്‍ തപ്പിയലഞ്ഞവര്‍ അത് ലഭിയ്ക്കാതെ കിട്ടിയ കാലുകളെ മുറിച്ച് ചെരുപ്പിനൊപ്പമാക്കുന്ന വിദ്യായാണിന്ന് പരീക്ഷിയ്ക്കുന്നത്.

ഒന്നുകില്‍ സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ പിടിയിലായവര്‍ തന്നെയാണെന്ന് സംശയത്തിനിട നല്‍കാതെ തെളിയിയ്ക്കാന്‍ അപസര്‍പ്പകര്‍ക്ക് കഴിയണം. അല്ലെങ്കില്‍ ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിയ്ക്കപ്പെടരുത് എന്ന ഭാരതീയ നീതിന്യായ നിര്‍വ്വഹണ തത്വത്തിന്റെ സത്ത ഉള്‍ക്കോണ്ടു കൊണ്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണ പ്രഹസനം അവസാനിപ്പിച്ച് പിടിയിലായവരെ സമൂഹമദ്ധ്യത്തില്‍ അവഹേളന പാത്രമാക്കുന്നതിന് അവസാനം ഉണ്ടാക്കണം.

ഇപ്പോള്‍ നടക്കുന്ന പൊറാട്ട് അഭയകേസിന്റെ അന്വേഷണത്തെ എങ്ങും എത്തിയ്ക്കില്ല. കാരണം സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത് ആകസ്മികമായല്ല എന്നതു കൊണ്ട് തന്നെ! പിന്നില്‍ പ്രവര്‍ത്തിച്ചത് ഒന്നോരണ്ടോ വൈദികരും ഏതെങ്കിലും സന്യാസിനിയും അല്ല. ഭാരത ഭരണ ചക്രത്തില്‍ എക്കാലവും പിടിമുറുക്കാന്‍ കഴിയുന്നവര്‍ ഉള്‍പ്പെട്ട ഏന്തോ ഒന്ന് ഒളിയ്ക്കപ്പെടുവാന്‍ വേണ്ടിയാണ് സിസ്റ്റര്‍ അഭയ മരണപ്പെട്ടത്. അത് തെളിയിയ്ക്കപ്പെടാതിരിയ്ക്കാനാണ് ആദ്യം ആത്മഹത്യാ ആക്കപ്പെട്ടത്. പിന്നെ തന്ത്രപൂര്‍വ്വം കന്യാസ്ത്രീമഠത്തിലെ ലൈംഗിക വൈകൃതം എന്ന മറ നിര്‍മ്മിയ്ക്കപ്പെട്ടത്. ഇതിനൊക്കെ കഴിയുന്നവര്‍ ഇന്നും ഭരണതലങ്ങളില്‍ ഉണ്ടായതു കൊണ്ട് തന്നെയാണ് രണ്ടുമൂന്ന് പേര്‍ അറസ്റ്റിലാകപ്പെടുകയും ഇവരിലൂടെ കേസന്വേഷണം അവസാനിപ്പിയ്ക്കപ്പെടാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നത്!

Wednesday, September 17, 2008

അമ്മയുടെ കാമവും മകളെന്ന ശല്യവും.

അമ്മമാര്‍ക്ക് കാമുകര്‍ ഉണ്ടാകുന്നതോ ഭര്‍ത്താവിനെ വിട്ട് മക്കളുടെ പ്രായമുള്ള കുഞ്ഞു കാമുകര്‍ക്കൊപ്പം അമ്മ പൊറുതി തുടങ്ങുന്നതോ ഇന്ന് വാര്‍ത്തയല്ല. അതുപോലെ തന്നെ വാത്സല്യ നിധികളായ പിതാക്കന്മാരുടെ കാമപൂരണത്തിനിരയായി യമപുരി പൂകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളും, സ്വന്തം പിതാവിന്റെ തന്നെ കുഞ്ഞുങ്ങളെ പ്രസവിയ്ക്കേണ്ടി വരുന്ന കൌമാരക്കാരികളും ഭൂമിമലയാളത്തില്‍ വാര്‍ത്തയേ ആകുന്നില്ല. നിത്യ സംഭവങ്ങള്‍ അല്ലാത്തവയാണല്ലോ വാര്‍ത്തയാകുന്നത്.

ഭര്‍ത്താവ് നഷ്ടപ്പെട്ട മാതാവ് - പഴയ കാലത്ത് വിധവ എന്ന് വിളിച്ചിരുന്നു - ശിഷ്ടകാലം മക്കളെ വളര്‍ത്തി കഴിഞ്ഞു കൂടണം എന്ന ക്രൂരതയൊന്നും ഒരു സ്ത്രീയോടും ചെയ്യാന്‍ പാടില്ല. അതും ഇരുപത്തി ഏഴ് വയസ്സില്‍ കണവന്‍ ഇഹലോക വാസം വെടിഞ്ഞാല്‍ പിന്നെ നല്ലപാതി വെള്ളവസ്ത്രമുടുത്ത് ചമയങ്ങളില്‍ നിന്നും വിട്ട് സമൂഹത്തില്‍ നിന്നും അകന്ന് ഏകാന്ത വാസം നയിയ്ക്കാന്‍ ഇത് എന്താ സ്വാമിജി മനുവിന്റെ കാലഘട്ടമോ?

നാഗരിക മധ്യവര്‍ഗ്ഗത്തിന്റെ ജീവിത ശൈലിയില്‍ കണ്ടു വരുന്ന ലൈംഗിക അരാജകത്വം ഇന്ന് ഗ്രാമങ്ങളിലേയ്ക്ക് പടര്‍ന്നിറങ്ങിയിരിയ്ക്കുന്നു. നഗരങ്ങളിലെ ലൈംഗിക തൃഷ്ണയ്ക്ക് ശമനമേകാന്‍ ഉപാധികള്‍ അനവധിയുള്ളപ്പോള്‍ ഗ്രാമങ്ങളില്‍ പക്ഷേ പരിഹാരത്തിന് തെറ്റിയോ തെറിച്ചോ ഒന്നോ രണ്ടോ ദേവദാസി പുരകള്‍ ഉണ്ടായാല്‍ ആയി. പക്ഷേ അവിടേയും ആണിന് കാമം ഒഴുക്കാനുള്ള സൌകര്യമല്ലേയുള്ളൂ. പെണ്ണെന്തു ചെയ്യും? ഇരുട്ടിന്റെ മറവില്‍ ആരെയെങ്കിലും വിളിച്ച് അകത്ത് കയറ്റിയാല്‍ കയറുന്നവന്‍ തന്നെ പിറ്റേ ദിവസം ബ്ലൂട്യൂത്തുമായി ഇറങ്ങും.ലൈവായി ചാനല്‍ റിപ്പോര്‍ട്ടുകള്‍ വരവാകും. മരത്തില്‍ തൂങ്ങിയാടുകയല്ലാതെ പിന്നെന്തുണ്ട് മാര്‍ഗ്ഗം?

കാമവെറിയ്ക്ക് മാതാവെന്നോ പിതാവെന്നോ വിഭാര്യനെന്നോ വിധവയെന്നോ വിവാഹിതരെന്നോ അവിവാഹിതരെന്നോ വ്യത്യാസമില്ലല്ലോ? കത്തിക്കയറിയാല്‍ ശമിപ്പിയ്ക്കാനുള്ള ഉപാധികള്‍ ഉണ്ടായേ കഴിയുള്ളൂ. ഉപാധികള്‍ ലഭ്യമല്ലാ എങ്കില്‍ സ്വയം കണ്ടെത്താന്‍ ശ്രമിയ്ക്കും. കപട സദാചാരം ജീവിത രീതിയായ മലയാളീ പൊതുസമൂഹത്തില്‍ കത്തുന്ന കാമം ആറ്റിതണുപ്പിയ്ക്കാന്‍ കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും രക്തം മരവിപ്പിയ്ക്കും. ഏറ്റവും ഒടുവില്‍ അഞ്ചുവര്‍ഷം മുന്നേ ഭര്‍ത്താവ് മണ്ണായ ഒരു സാധു സ്ത്രീ തിരുവോണ ദിവസം ചെയ്ത പ്രായോഗികതയും അതു തന്നെ.

പതിനാലും പതിമൂന്നും വയസ്സുള്ള രണ്ടു പെണ്മക്കളുടെ മാതൃത്വത്തിന്റെ നല്ലപാതി അഞ്ചുവര്‍ഷം മുന്നേ മണ്ണടിഞ്ഞു. അപ്പോള്‍ ആ പാവം മാതാവിന് വയസ്സ് ഇരുപത്തി ഏഴ്. നല്ല പ്രായം. ഇന്ന് പതിനാലും പതിമൂന്നും വയസ്സുള്ള ആ പെണ്മക്കള്‍ക്ക് ഭര്‍ത്താവ് പോകുമ്പോള്‍ പ്രായം യഥാക്രമം ഒമ്പതും എട്ടും. വ്യവസ്ഥാപിതമായ രീതിയില്‍ ഒരു പുനര്‍വിവാഹത്തിനു തടസമേതുമില്ലാത്ത ജീവിതക്രമത്തില്‍ പക്ഷേ ഈ മാതാവ് അതിനു മുതിരാതെ തന്റെ കൂട്ടുകാരിയുടെ പത്തൊമ്പതു വയസ്സുകാരനായ മകനുമായി ചങ്ങാത്തം സ്ഥാപിയ്ക്കുന്നു. അമ്മയുടേയും തങ്ങളുടെ കളികൂട്ടുകാരനായ ഇക്കാക്കയുടേയും ഒളിച്ചുകളികള്‍ കണ്ണില്‍ പെട്ട മൂത്തമകളില്‍ നിന്നും രക്ഷപെടുവാന്‍ മാതാവും കാമുകനും ഒളിച്ചോടുന്നു. കൂട്ടത്തില്‍ കാര്യങ്ങളൊന്നും അത്രയ്ക്ക് വശമില്ലാത്ത ഇളയ മകളേയും കൂട്ടുന്നു. സഹായത്തിനൊരാള് വേണമല്ലോ? കൂടെയുള്ളവന്‍ സഹോദരതുല്യനാണെന്ന് മാതാവ് മകളെ പറഞ്ഞ് ധരിപ്പിയ്ക്കുന്നു. പക്ഷേ പന്ത്രണ്ട് വയസ്സുകാരിയ്ക്കു മനസ്സിലാകാത്ത തരത്തില്‍ മാതാവും സഹോദരതുല്യനും കാണപ്പെട്ട നിമിഷം ആ പിഞ്ചു കുഞ്ഞിന്റെ നിമിഷങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു.

മകളെ കൊലപ്പെടുത്തുവാനായി കൊടിയ വിഷം ശേഖരിച്ചു സൂക്ഷിയ്ക്കുക. ദാഹജലം ചോദിച്ച മകള്‍ക്ക് കഞ്ഞിവെള്ളത്തില്‍ വിഷം കലര്‍ത്തി നല്‍കുക. മകളുടെ മരണം മനസ്സക്ഷി കുത്തില്ലാതെ നോക്കി നിന്നു ഉറപ്പ് വരുത്തുക. മരിച്ചു എന്നുറപ്പാക്കിയിട്ട് അലമുറയിട്ട് കരച്ചില്‍ അഭിനയിയ്ക്കുക. മരിച്ച മകളെ രക്ഷപ്പെടുത്തുവാന്‍ അയല്‍ക്കാരെ വിളിച്ചു കൂട്ടുക. പുല്ലു ചെത്താന്‍ പോയ വഴിയ്ക്ക് പൊന്നുമോളെ പാമ്പു കടിച്ചതാണെന്ന കള്ളം പറഞ്ഞ് നാട്ടുകാ‍രെയും ആശുപത്രി ജീവനക്കാരേയും പോലീസിനേയും കബളിപ്പിയ്ക്കുക. ഇളയ മകളെ മൂത്തമകളായി അവതരിപ്പിയ്ക്കുക. ഒടുവില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണം നടന്നത് എന്ന് ശവപരിശോധനയില്‍ തെളിഞ്ഞ് പിടിയ്ക്കപ്പെടുമ്പോള്‍ ആ മാതാവ് കൂസലന്യാ നടന്ന സംഭവം പോലീസിനോട് വെളിപ്പെടുത്തുക.

പന്ത്രണ്ട് വയസ്സുകാരിയായ സ്വന്തം മകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയിട്ട് ശവശരീരത്തെ പോലും കാമപൂരണത്തിനുപയോഗിച്ച പിതാവിന്റെ നാട്ടില്‍, പതിനാലു വയസ്സുകാരിയെ തന്റെ ഇംഗിതത്തിന് ഇരയാക്കിയിട്ട് ഹോട്ടലുകള്‍ തോറും കൊണ്ടു നടന്ന് വില്പന നടത്തിയ പിതാവിന്റെ കേരളത്തില്‍‍, നാടുവിട്ട് പോയി തിരിച്ചു വന്ന പിതാവിന്റെ പിതൃസ്നേഹത്താല്‍ കൊലചെയ്യപ്പെട്ട് തെയിലതോട്ടത്തില്‍ ചീഞ്ഞളിയേണ്ടി വന്ന പന്ത്രണ്ട് വയസ്സുകാരിയുടെ നാട്ടില്‍ - മാതാവ് എന്തിന് കുറയ്ക്കണം?

ആ അമ്മയ്ക്ക് വ്യവസ്ഥാപിതമായ രീതിയില്‍ പുനര്‍ വിവാഹം നടത്തി തന്റെ പെണ്‍കുഞ്ഞിനെ ജീവിയ്ക്കാന്‍ അനുവദിയ്ക്കാമായിരുന്നു. ജീവിത സുഖം ഉറപ്പ് വരു‍ത്തുവാനായി ശല്യമായ മകളെ വകവരുത്തുവാന്‍ കഞ്ഞിവെള്ളത്തില്‍ വിഷം കലര്‍ത്തി ദാഹിച്ച മകള്‍ക്ക് നല്‍കിയ ആ മാതാവിനെ വിഷം കലര്‍ത്തിയ നിമിഷം ഭരിച്ച വികാരം എന്തായിരിയ്ക്കും? പെണ്മക്കളുള്ള വിധവ പുനര്‍വിവാഹം കഴിച്ചാല്‍ ഇളയച്ഛന്റെ കാമവെറിയില്‍ നിന്നും പെണ്മക്കളെ രക്ഷപെടുത്തുവാന്‍ ഇന്നത്തെ കപട സദാചാര കേരളത്തില്‍ ആ മാതാവിനു കഴിയുമായിരുന്നോ? അമ്മയുടെ ക്രൂരതയില്‍ നിന്നും ഭാഗ്യം കൊണ്ടു മാത്രം രക്ഷപെട്ട മൂത്തമകള്‍, ഗുരുതരമായ മനോരോഗത്തിനടിപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്ന കേരളീയ പൊതു സമൂഹത്തില്‍ ഇന്നി എങ്ങിനെ ജീവിയ്ക്കും?

കേരളം അതി സങ്കീര്‍ണ്ണമായ ലൈംഗികാരജകത്വത്തിലേയ്ക്ക് വഴുതി വീഴുകയാണ്. പെണ്‍കുഞ്ഞുങ്ങള്‍ ഭ്രൂണാവസ്ഥമുതല്‍ പീഡിപ്പിയ്ക്കപ്പെടുന്നു. പിതാവിനാല്‍, അയല്‍‌വാസിയാല്‍, ഗുരുക്കന്മാരാല്‍, സഹപാഠിയാല്‍, സഹോദരനാല്‍ ഇപ്പോള്‍ ഇതാ മാതാവിനാലും.